അയ്യപ്പന് കഥകള്‍
(ആറ്റക്കര അയ്യപ്പന്‍ ഒരു സാധാരണ ജീവിതമാണ് .അങ്ങിനെത്തന്നെ ആണ് ജനിച്ചതും ജീവിച്ചതും മരിച്ചതും.അതിശയോക്തി തീരെ ഇല്ലാത്ത അയ്യപ്പന് മാത്രം പറയാനും ചെയ്യാനും പറ്റുന്ന ജീവിതം .കഥകള്‍ അല്ല ഇതൊക്കെയും സംഭവിച്ചത് തന്നെ .ഒരു പക്ഷെ വികലമായ ഒരു രേഖപ്പെടുത്തല്‍ ആയി പോകുമോ എന്ന ഭയവും ഇല്ലാതില്ല .എങ്കിലും ഒരു സാധാരണക്കാരനെ അടയാളപ്പെടുത്തി വക്കുക അത്രമാത്രം ഈ സൈബര്‍ ഗുഹയുടെ ചുവരുകളില്‍ )
വിവാഹം
അയ്യപ്പന്‍ ജാതകം നോക്കി പൊരുത്തം കണക്കാക്കിതന്നെ ആണ് രണ്ടു വിവാഹങ്ങള്‍ കഴിച്ചത് .ആദ്യത്തേത് പരമ്പരാഗത രീതിയില്‍ യൌവനകാലത്ത് തന്നെ .അയ്യപ്പന് മാത്രം കഴിയുന്ന ജീവിത രീതികളില്‍ പൊരുത്തപ്പെടാന്‍ കഴിയാത്തത് കൊണ്ടാവണം ആദ്യ ഭാര്യ അയല്‍പക്കത്തെ ഒരു കുഞ്ഞന്‍ മൂത്താന്റെ ഒപ്പം വയനാടിലേക്ക് ഒളിച്ചോടി .
മടിച്ചില്ല .അയ്യപ്പന്‍ രണ്ടാമതും വിവാഹം കഴിച്ചു .ഒരു വര്ഷം തികഞ്ഞില്ല .രണ്ടാം വേളി അയല്‍പക്കത്തെ കൃഷ്ണന്‍ മൂത്താനോപ്പം കുടകിലേക്ക് ഒളിച്ചോടി .
മൂന്നാമതൊരു വിവാഹത്തിനു നാട്ടുകാര്‍ അയ്യപ്പനെ പ്രേരിപ്പിച്ചപ്പോള്‍ അയ്യപ്പന്‍റെ മറു പടി ഇങ്ങിനെ
" ഇനി മൂത്താന്മാര് സ്വന്തം ആയി പെണ്ണ് അന്വേഷിച്ചു കെട്ടട്ടെ .ഞാന്‍ പെണ്ണ് തിരഞ്ഞു കൊണ്ട് വന്നു അവര്‍ അങ്ങിനെ ചുളുവില്‍ കല്യാണം കഴിക്കണ്ട., മൂത്താന്‍മാര്‍ക്ക് കൊണ്ട് പോകാന്‍ ആയി കെട്ടില്ല
അയ്യപ്പന്‍ ഇനി പെണ്ണ് .അയ്യപ്പനോടാ കളി ?
തൊപ്പിക്കുട
അയ്യപ്പന് അറിയാവുന്ന തൊഴില്‍ കൃഷിപ്പണിയാണ് .കന്നുപൂട്ടും ,വരമ്പ് വയ്ക്കും അങ്ങിനെ എല്ലാ പണിയും വശം .അങ്ങിനെ ഒരു മഴക്കാലത്തെ പാടത്ത് പണിയെ പറ്റി അയ്യപ്പന്‍റെ തന്നെ വാക്കുകള്‍ ..
"അന്ന് വാരിയത്തോരുടെ കണ്ടത്തിലാ പൂട്ട് .നല്ല മഴെണ്ട് കാറ്റുംണ്ട് ..ഇല്ലാത്ത പൈസയും കൊടുത്തു രണ്ടീസം മുന്നേ വാങ്ങിയ തോപ്പിക്കുടെം വച്ചാ പൂട്ട് .ആദ്യം കാറ്റടിച്ചു.തൊപ്പിക്കുട പാറി.ഞാന്‍ അതെടുത്ത് തലയില്‍ വച്ചു .പിന്നേം കാറ്റെന്നെ.തൊപ്പിക്കുട പാറി, ഞാന്‍ പിന്നേം അതെടുത്ത് തലയില്‍ വച്ചു.ജീവന്‍ ഇല്ലാത്ത ഒരു സാധനല്ലേ .നമ്മള് പൊറുക്കണ്ടേ? മൂന്നാമതും കൊട പാറി.പിന്നെ ഒന്നും നോക്കീല .ചേറില് ചവിട്ടി അങ്ങോട്ട് പൂത്തി (പൂഴ്ത്തി ).മഴ മൊത്തം കൊണ്ട് അങ്ങോട് പൂട്ടി .എത്രയാച്ച്ട്ടാ സഹിക്കാ .ഈ തോപ്പിക്കൊട ണ്ടാവണെനും മുമ്പേ ന്ടായതാ മഴ .".അയ്യപ്പനോടാ കളി ?
പൊട്ടനീച്ച്ച
ചോളില്‍ ഒരു വലിയ മുറിയും ആയാണ് അന്ന് അയ്യപ്പന്‍ അന്തിക്ക് ഷാപ്പില്‍ എത്തിയത് .മുറി എങ്ങിനേ പറ്റി എന്ന് എല്ലാരും ചോദിച്ചു .അയ്യപ്പന്‍റെ തന്നെ വിവരണം .
പുത്യ മടവാള് കരുവാന്റെ ആലയില്‍ നിന്നും ഊട്ടിക്കൊണ്ട് വരുന്ന വരവാണ് .അപ്പൊ കടിച്ചു ചോളില് ഒരു പൊട്ടനീച്ച്ച . ഈച്ച ന്നും പറഞ്ഞാല്‍ പോര .അടക്കോളം പോന്ന ഒരു പൊട്ടനീച്ച .ജീവന്‍ അങ്ങോട്ട് കൊണിച്ചു .ചോള് ഒന്ന് ഇളക്കി നോക്കി .വിട്ണില്ലാ..മേല് മൊത്തം ഒന്ന് കുലുക്കി നോക്കി .വിടണില്ലാ ..പിന്നെ ഒന്നും ആലോചിച്ചില്ലാ .മടാളിന്റെ വായേം കൊണ്ട് ഒന്നങ്ങ്ട് തോണ്ടി .പൊട്ടന്‍ എപ്പൊ പാറിന്നു ചോദിച്ചാല്‍ മതി . നോക്കുമ്പോ അതാ കിടക്ക്നൂ ചോളീന്ന് ഒരു അപ്പപ്പൂള്...അയ്യപ്പനോടാ കളി ?
പത്തുറുപ്പിക
ഒരു കാലം കഴിഞ്ഞപ്പോള്‍ അയ്യപ്പന് വയസായി .പണിക്ക് പോകാന്‍ വയ്യാതായി .ചായ പീടികേല് അങ്ങിനെ കൂനി ഇരിക്കും .ആ സമയം അയ്യപ്പന്‍ ആദ്യകാലത്ത് പണിക്ക് പോയിരുന്ന വീടുകളിലെ കുട്ടികള്‍ പാന്റും ഷര്‍ട്ടും ഷൂവും ഒക്കെ ഇട്ട് കോളേജിലേക്ക് പോകാന്‍ നിക്കുന്നുണ്ടാകും .അവര്‍ ജോലിക്ക് പോകുകയാണ് എന്നാണു അയ്യപ്പന്‍റെ വിചാരം .ചാടി എഴുന്നേറ്റു അയ്യപ്പന്‍ അവര്‍ക്ക് അരികില്‍ എത്തും .
.........ഡാ ഒരു പത്തുറുപ്പിക കാട്ടിക്കാ .നിക്ക് .ഒരു കോപ്പ കള്ളുകുടിക്കാനാ ....
അവരുടെ കയ്യില്‍ എവിടെ നിന്നുണ്ടാകാനാ പത്തുറുപ്പിക.ചെക്കന്മാര്‍ കൈ മലര്‍ത്തും .ഉടനെ വരികയായി അയ്യപ്പന്‍റെ ക്രോധം മുഴുവന്‍ .
"ആയ കാലത്തൊന്നും അയ്യപ്പന്‍ ആരുടേയും ഓശാരത്ത്തിനു കൈ നീട്ടിയിട്ടില്ല .ഉള്ള കാലം മുഴുവന്‍ വെയിലും മഴേം കൊണ്ട് തടി കൊണ്ട് ചന്ദനം അരചിട്ടെ ഉള്ളൂ .അയ്യപ്പന്‍ പാടത്ത് പണിട്ത്തിട്ടെന്നെണ് അന്ന് നീയൊക്കെ ചോറ്ണ്ടത് .നിനക്ക് അറിയില്ലെങ്കില്‍ നിന്റെ തന്തയോട് ചോദിച്ചു നോക്ക് .അയാള് പറയട്ടെ അല്ലാന്ന് .ന്ന്ട്ട് പ്പോ അയ്യപ്പന് ഒരു പത്തുപ്പിക ചോദിച്ചാ അന്റെട്ത്ത് ഇല്ല. എവുടെത്തെ ധ്വരെടാ യ്യ്. അന്റൊരു പാന്റും കോട്ടും ത്ഫൂ ..നാണം ണ്ടോടാ അനക്കൊക്കെ .പത്തുറുപ്പികല്ലേ ചോദിച്ചോളൂ ..അന്റെ തറവാട് ഭാഗം വക്കണം ന്നൊന്നും പറഞ്ഞിട്ടില്ലല്ലോ .".അയ്യപ്പനോടാ കളി ?
ഇട്ടില്‍
കാലം പെട്ടെന്നാണ് മാറിയത് .പഴയ കുടുസായ ഇട്ടില്‍ വഴികള്‍ ഒക്കെ പഞ്ചായത്ത് റോഡിനു വഴിമാറി. പണ്ട് നടന്നു വന്നിരുന്ന വഴികളില്‍ കൂടി ഒക്കെ വണ്ടികള്‍ ഓടി തുടങ്ങി .വൈകുന്നേരം ഷാപ്പില്‍ നിന്നും ഇത്തിരി മോന്തിയതിന്റെ ലഹരിയില്‍ കാലു വേച്ചു വേച്ചു തട്ടി തടഞ്ഞു നടക്കുകയാണ് അയ്യപ്പന്‍ .അപ്പോളാണ് ഇടവഴിയെ റോഡ് ആക്കി മാറ്റിയ പന്ചായത്ത് മെമ്പര്‍ എതിരെ വരുന്നത് .
" എന്താ അയ്യപ്പാ കാലിനു ഒരു ആട്ടം ..നേരെ നടക്കട്ടെ എന്ന് കരുതി അല്ലെ റോഡുന്ടാക്കീത് ?
ഉടന്‍ വന്നു അയ്യപ്പന്‍റെ ഉത്തരം
ആണ്ടാരെ ങ്ങള് റോഡ് ന്ടാക്കീത് ശര്യന്നെ ..പക്ഷെ ഞാന്നടക്കണത് ആ പഴേ ഇട്ടിളില്‍ കൂട്യെന്നെ ആണ്...അയ്യപ്പനോടാ കളി ?
വെള്ളം
വെള്ളം തിരിച്ചു കൊണ്ട് വരല്‍ പഴയ കാല കൃഷിപ്പണിയുടെ ഒരു ഭാഗമാണ് . മിക്ക പാടങ്ങളുടെയും മുകള്‍ ഭാഗത്ത് ഉള്ള തലക്കുളങ്ങളില്‍ നിന്നോ സമീപത്തെ തോട്ടില്‍ ചിറകെട്ടിയോ ഒക്കെ കണ്ടങ്ങളില്‍ നിന്നും കണ്ടനളിലേക്ക് ചാടിച്ചു ചാടിച്ചു വേണം താഴെ എത്തിക്കാന്‍ .അയ്യപ്പന്‍ അങ്ങിനെ ഒരു രാത്രി മുഴുവന്‍ വെള്ളം തിരിച്ചാണ് തന്റെ പണിക്കണ്ടാത്തില്‍ വെള്ളം എത്തിച്ചത് .അതിനെ പ്പറ്റി ഷാപ്പില്‍ ഇങ്ങിനെ .
"ന്റെ കൂട്ടരെ ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല ..മൊല്ലയുടെ കൂക്ക് കേക്കണ വരെ വെള്ളം തിരിക്കലെന്നെ .ന്ന്ട്ടോ.കണ്ടത്തിലെത്തി നോക്കുമ്പോ പോടെന്നെ പോട് .ഒന്ന് കെട്ടിയാ അടുത്തത് തുറക്കും .അത് കെട്ടിയാ അപ്പുറത്ത് തുറക്കും .പോടോണ്ട് അങ്ങോട് തോറ്റു.അറ്റ കയ്യിന് വരമ്പിനു ഒരു നാല് കഴായ അങ്ങോട്ട് വെട്ടി .ന്താ വെള്ളത്തിന്റെ ഒരു ഉഷാറ്..അങ്ങോട്ട് പോയിക്കോട്ടേ ..മ്മള് കെട്ടിട്ടാ നിക്കണതല്ലല്ലോ വെള്ളം .ഒലിച്ചു പോട്ടെ അങ്ങോട്ട് ..അയ്യപ്പനോടാ കളി ?
മാറ്റം
ഇടവഴികള്‍ മാറി. മണ്ണ് റോഡ് വന്നു .പിന്നെ കല്ല് പതിച്ചു .പിന്നെ പതുക്കെ റോഡ് ടാറിട്ടു കറുത്തു . നടന്നു പോയിരുന്ന ശീലം മാറി .ആളുകള്‍ ഓട്ടോ പിടിച്ചു വരുന്ന പതിവായി .ആദ്യമാദ്യം അയ്യപ്പന്‍ ഇതൊക്കെ അത്ഭുത കണ്ണുകളോടെ നോക്കിയിരുന്നു .
ഒരിക്കല്‍ ചായക്കടയിലിരിക്കുംപോള്‍ അറവുകാരന്‍ കുഞ്ഞറമ്മു ഒരു പയ്യിനെ ഗൂട്സ് ഓട്ടോയില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു .എല്ലാരും കേള്‍ക്കാന്‍ പാകത്തില്‍ അയ്യപ്പന്‍റെ ആത്മഗതം ഇത്തിരി ഉറക്കെ ആയിപ്പോയി .
"വന്നു വന്നു പയ്യടക്കം വണ്ടി വിളിച്ചു പോകുന്ന കാലം വന്നു ...ന്താ ചെയ്യാ പൊന്ത നടത്തം തുടങ്ങിയാ കുന്നു പകരുക തന്നെ "
എവിടേക്കും നടന്നു പോകുമായിരുന്ന അയ്യപ്പനും പിന്നെ പിന്നെ വണ്ടി കാത്തു നിന്ന് തുടങ്ങി .
അധികാരിയുടെ അമ്മ
അംശം അധികാരിയുടെ അമ്മ പെട്ടെന്ന് മരിച്ചു .വാര്‍ത്ത കേട്ട പാടെ അയ്യപ്പന്‍ അങ്ങോട്ട് പോകാന്‍ റെഡിയായി .അതിനു അയ്യപ്പന്റെതായ കാരണവും ഉണ്ട് .
"അധികാരി മരിച്ചാല്‍ പോകണം എന്നില്ല . പക്ഷെ അധികാരിയുടെ അമ്മ മരിച്ചാല്‍ തീര്‍ച്ചയായും പോകണം ."
ഒന്നലോചിച്ചപ്പോള്‍ ആണ് നാട്ടുകാര്‍ക്ക് ഗുട്ടന്‍സ് പിടി കിട്ടുന്നത് . അമ്മ മരിച്ചു കിടക്കുമ്പോള്‍ ആരൊക്കെ വന്നു പോയി എന്നൊക്കെ അധികാരിക്ക് കാണാന്‍ പറ്റും. ചെന്നവരോട് അല്പം മമത തോന്നാനും മതി .എന്നാല്‍ അധികാരി മരിച്ചാല്‍ പോകണം എന്നില്ല ,. കാരണം ആരെയും ബോധ്യപ്പെടുത്തി ഒന്നും നേടാന്‍ ഇല്ലല്ലോ .