2017, മേയ് 21, ഞായറാഴ്‌ച

കറിക്കത്തി...



                                                    ഒപ്പം ജോലി ചെയ്തിരുന്ന പീതാംബരന്റെ വീട് നഗരത്തിനടുത്തുള്ള ഹൌസിംഗ് കോളനിയിലാണ് .പെൻഷൻ പറ്റിയതിൽ പിന്നെ കൂടി ക്കാഴ്ചകൾ കുറഞ്ഞു... അവൻ നഗരത്തിന്റെ തിരക്കിലും താൻ ഗ്രാമത്തിന്റെ ഉള്ളൊതുക്കത്തിലേക്കും ചുരുണ്ടു... ഇന്ന് സമയമുണ്ട്.. അവനെ ഒന്ന് കാണണം..

             സ്റ്റോപ്പില്‍ നിന്നും ഏറെ അകലത്തില്‍ അല്ലെന്നും ഏതു ഓട്ടോക്കാരനോട് അവന്റെ പേര്‍ പറഞ്ഞാലും കൊണ്ട് എത്തിക്കുമെന്നും അവന്‍ മുമ്പ് പറഞ്ഞിരുന്നു ..ഓട്ടോ പിടിക്കണ്ട ..നടക്കാം എന്ന് വച്ചു ..ടാറിട്ട റോഡ് ആണ് തലങ്ങും വിലങ്ങും ..മുറ്റങ്ങള്‍ ഒക്കെ ടൈല്‍ വിരിച്ചു കൂറ്റന്‍ ഗെയിറ്റുകള്‍ ഒക്കെ ഉള്ള ഒരേ മുഖച്ഛായ തോന്നിപ്പിക്കുന്ന വീടുകള്‍ ..അവന്റെ വീട്ടുപേര് ധനശ്രീ എന്നാണ്.. ഒരു ബാങ്കില്‍ കാഷ്യര്‍ ജോലി ചെയ്യുന്ന  ഒരാള്‍ വേറെ എന്ത് പേരിടാന്‍ ആണ് എന്നാണത്രേ പുതിയ വീട് വാങ്ങിച്ചു മാറുമ്പോള്‍ അവന്റെ മകന്‍ അവനോടു ചോദിച്ചത് ...
                                   
                          ചില വീടുകളില്‍ നന്നേ ചെറുപ്പം ഉള്ള മാവുകള്‍ ..നിറയെ മാങ്ങയും ..ഒട്ടുമാവുകള്‍ ആയിരിക്കണം ..പഴേ പോലെ പടര്‍ന്നു പന്തലിച്ചു നിക്കുന്ന മാവുകളൊക്കെ ഒക്കെ ഇത്തിരി സ്ഥലത്ത് എങ്ങിനെ വളര്‍ത്താന്‍ പറ്റും ..പക്ഷെ ആ മാങ്ങകളുടെ രുചി ഒട്ടു മാങ്ങകള്‍ക്ക് കിട്ടില്ല ..തെങ്ങുകളും ഉണ്ട് ..വലിയ സ്കൂള്‍ ബാഗും തൂക്കി നില്‍ക്കുന്ന കുട്ടികളെപ്പോലെ ..തേങ്ങ കൊണ്ട് തെങ്ങിനെ കാണാത്ത പോലെ ..ഒക്കെ പുതിയ ഇനങ്ങള്‍ ആയിരിക്കണം .ചില വീടിന്റെ ഒക്കെ മുകളില്‍ വലിയ പന്തലും ചട്ടികളും ഒക്കെ കാണാം ..പച്ചക്കറി കൃഷി .മട്ടുപ്പാവിലെ കൃഷി അല്ലെ ഇപ്പോളത്തെ ഫാഷന്‍  ..
                            എതിരെ ഒരു മോട്ടോര്‍ സൈക്കിള്‍ വരുന്നത് കണ്ടു അല്പം വശമൊതുങ്ങിയായി നടപ്പ് .അതിശയമായിപ്പോയി .ഒരു പെണ്‍കുട്ടി ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു വരികയാണ് .പിറകില്‍ മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ട് .പെണ്‍കുട്ടികള്‍ സാധാരണ ചെറിയ വണ്ടികള്‍ ഒക്കെ ഓടിക്കുന്നത് കണ്ടിട്ടുണ്ട് .ഇത് ആദ്യമായായിരുന്നു ..വഴിയില്‍ ഒരിടത്ത് കരാട്ടെ പരിശീലത്തിന്റെ ബോര്‍ഡ് കണ്ടു .പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം ക്ലാസ്സുകള്‍ എന്ന് വലിയ അക്ഷരത്തില്‍ ..
                                    നടന്നു നടന്നു ധനശ്രീ എന്ന ബോര്‍ഡു വച്ച ഗെറ്റ് കണ്ടു ..എങ്ങിനെ നോക്കിയിട്ടും തുറക്കാന്‍ പറ്റുന്നില്ല ..കുറെ ശ്രമിച്ചപ്പോളാണ് ഗേറ്റിന്റെ നടുവിലെ പാളിയില്‍ ഒരാള്‍ക്ക്‌ കടക്കാന്‍ പാകത്തില്‍ ഒരു ചതുരവും തണ്ടും വേറെ കണ്ടത് ..ഓരോ വീടിനും എന്തെല്ലാം രഹസ്യങ്ങള്‍ ..അത് തുറന്നു .ചരല്‍ വിരിച്ച മുറ്റത്തേക്ക്‌ കടന്നു ..ഒന്ന് രണ്ടു മുരടനക്കി ..എത്തിപ്പാളി നോക്കി ..നായയൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തി ..പണ്ടൊക്കെ വീടുകളില്‍ ചെല്ലുമ്പോള്‍ ഉള്ള ശീലം ആണ് ..വിളിച്ചു ചെന്നില്ലെങ്കില്‍ വളര്‍ത്തുനായുടെ കടി ഉറപ്പാണ് ..ഓരോ വീട്ടിലും കാണും ഒന്നോ രണ്ടോ എണ്ണം ...


            ഗംഭീരന്‍ വീടാണ് ..ഇരുനില .കോളിങ്ങ് ബെല്ലടിച്ചപ്പോൾ ആദ്യം ഒരനക്കവും ഉണ്ടായില്ല ..ആളില്ലേ എന്ന് സംശയിച്ചു പുരക്കു ചുറ്റും ഒരാവൃത്തി നടന്നു ..ജനാലയില്‍ ഒക്കെ ഒന്ന് മുട്ടി നോക്കി ..പിന്നെയും കോളിംഗ് ബെല്‍ അമര്‍ത്തിഅടിച്ചു ...ആളില്ലേ എന്നൊരു ചോദ്യം വെറുതെ എറിഞ്ഞു .കുറച്ചു കഴിഞ്ഞു  ഒരു പെൺകുട്ടി വാതിൽ പാതി  തുറന്നു...

പീതാംബരൻ ഇല്ലേ..?

മുത്തഛനും മുത്തശിയും  പുറത്തു പോയല്ലോ... ഇപ്പൊ വരുമെന്ന് പറഞ്ഞു.

എന്നാൽ ഞാനിവിടെ ഇരുന്നോട്ടെ...? പീതാംബരന്റെ ഒപ്പം ജോലി ചെയ്തയാളാ....... അവൻ വന്ന് കണ്ടിട്ടേ പോകുന്നുള്ളൂ...
ആ സ്വാതന്ത്ര്യത്തോടെ അവളുടെ സമ്മതമില്ലാതെ തന്നെ വാതിലൂടെ കയറി  സോഫയിൽ ഇരുന്നു.. അവൾക്കറിയില്ലല്ലോ പീതാംബരനും ഞാനും തമ്മിലുള്ള ബന്ധം...

വിരാമം പോലെ നിന്നിരുന്ന അവള്‍ വാതിലിന്റെ അടുത്തുനിന്നും മാറി വിസിറ്റിംഗ് റൂമിനെയും ഡൈനിംഗ് ഹാളിനെയും വേര്‍തിരിക്കുന്ന കര്‍ട്ടനുപിറകിലേക്ക്  ചോദ്യചിഹ്നം പോലെ മായാന്‍ ശ്രമിച്ചു .

മോളുടെ പേരെന്താ ?

    ഒരു ചോദ്യം കൊണ്ട് അവളെ ഞാന്‍ ചേര്‍ത്തു നിര്‍ത്താന്‍ നോക്കി ..
പീതാംബരന്റെ പേരക്കുട്ടിയാകണം ..നേരെത്തെ കണ്ടിട്ടില്ല ..കണ്ടിട്ട് പതിനാറോ പതിനേഴോ ആയിക്കാണും ..മകന്റെ വിവാഹത്തിനു വര്‍ഷങ്ങള്‍ക്കു മുമ്പ് പോയത് ഓര്‍മയില്‍ വന്നു മിന്നി .


പഞ്ചമി പി എസ് നായര്‍ .

ആഹാ നല്ല പേരാട്ടോ ..

      അതിലെ പി പീതാംബരന്‍ ആകും എന്ന് മനസ്സില്‍ ആലോചിച്ചു .പേരുകള്‍ ഒക്കെ എന്തെല്ലാം തരത്തില്‍ മാറുന്നു എന്നൊരു പിടിയും ഇല്ല ..ഈയിടെ മകന്റെ കുട്ടി വീട്ടില്‍ പറയുന്ന കെട്ടു .അവളുടെ ഒരു കൂട്ടുകാരിയുടെ പേര് അചുന എന്നാണത്രേ ..അവളുടെ അച്ഛന്‍ പാര്‍ടിക്കാരന്‍ ആയതു കൊണ്ട് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നതിന്റെ ചുരുക്കം അവള്‍ക്കു പേരിട്ടതാണത്രേ ..

             തിടുക്കപ്പെട്ടു ഉണ്ടാക്കിയ ഒരു ഇളം ചിരിയോടെ അവള്‍ പിന്നെയും ഉള്ളിലേക്ക് പോകാന്‍ ഒരുങ്ങി ..അവളിട്ട ഉടുപ്പ് അവളെ ഒരു പൂമ്പാറ്റയെ പോലെ തോന്നിപ്പിച്ചു ...അനേകം ഞൊറികളും അലുക്കുകളും തൊങ്ങലും ഒക്കെ ഉള്ള എല്ലാ നിറങ്ങളും കൂടി മറിഞ്ഞ ഒരുടുപ്പ്‌ ..

മോളുടെ ഉടുപ്പ് നന്നായിട്ടുണ്ട് ട്ടോ ..മുത്തശന്‍ എടുത്തു തന്നതാണോ ?

അല്ല അച്ചന്‍ എടുത്തു തന്നതാ ..

അവളുടെ കണ്ണുകളിലൂടെ എന്തൊക്കെയോ ഭാവങ്ങള്‍ മുങ്ങിയും മറിഞ്ഞും പോകുന്നു ..ഇപ്പോളത്തെ കുട്ടികള്‍ ഒക്കെ ഇങ്ങിനെയാ ..ഒരു ചോദ്യവും അവര്‍ ശ്രദ്ധിക്കുന്നുണ്ടാവില്ല ...ഉത്തരങ്ങളും അലക്ഷ്യങ്ങള്‍ ആയിരിക്കും ..നല്ല പൊടിപ്പുള്ള കുട്ടി ..നടക്കുമ്പോള്‍ ഒരു താളം അവള്‍ സൂക്ഷിക്കുന്നപോലെ ..

മോള്‍ നൃത്തം പഠിച്ചിട്ടുണ്ടോ

എന്താ അങ്ങിനെ ചോദിച്ചത് ..?

അല്ല നടക്കുന്ന കണ്ടപ്പോള്‍ തോന്നി ..വീട്ടിലെ കുട്ടിയും നൃത്തം ഒക്കെ പടിക്കുന്നുണ്ടേ ..ഗുരുവായൂര്‍ ആയിരുന്നു അരങ്ങേറ്റം ...ഭയങ്കര ചിലവാ ..ഡാന്‍സ് ടീച്ചര്‍ക്ക് ഇരുപത്തയ്യായിരം ..കൂടാതെ കസവ് സാരി തന്നെ ദക്ഷിണ വേണം എന്ന് നിര്‍ബന്ധവും ..പക്ക മേളക്കാര്‍ക്കും മേയ്ക്കപ്പുകാര്‍ക്കും  ദക്ഷിണ വേറെ ..ചെലവു താങ്ങില്ല കുട്ട്യേ ...അരങ്ങേറ്റം കഴിഞ്ഞതോടെ നിര്‍ത്തി ..

അവള്‍ ഉടുപ്പ് ഒന്ന് കൂടി പിടിച്ചിട്ടു ശരിയാക്കി ..ഊര്‍ന്നു പോയിരുന്ന ഷാള്‍ എടുത്തു ശരിക്കിട്ടു ..ഡൈനിംഗ് ഹാളിലെ കസേരയില്‍ കര്‍ട്ടനു പിന്നില്‍ പോയി ഇരുന്നു ..

ഞാന്‍ ടീപ്പോയിയുടെ മുകളില്‍ ഇരുന്ന പത്രവും വാരികകളും എല്ലാം അലസമായി മറിച്ചുനോക്കിക്കൊണ്ടിരുന്നു ..പീതാംബരന്‍ എപ്പോള്‍ വരുമോ ആവോ .

മോളെ അച്ഛനും അമ്മയുമൊക്കെ എവിടെ ?

അവര്‍ ഒരു കല്യാണത്തിനു പോയി ..

മോള്‍ ഒറ്റക്കാ വീട്ടില്‍ അല്ലെ ...

അകത്തു നിന്നും ഉത്തരമുണ്ടായില്ല ...പാദസരങ്ങളിട്ട രണ്ടു കാലുകള്‍ മാത്രമാണ് ഇപ്പോള്‍ കാണാന്‍ പറ്റുന്നത് ..

അതെന്താ മോള്‍ പോകാഞ്ഞത് ..?

പോരണ്ട പറഞ്ഞു ...

അതെന്താ അവര്‍ അങ്ങിനെ പറഞ്ഞത് ..?

ഒന്നൂല്യ ..പോയില്ലാന്നു മാത്രം ...

പോകായിരുന്നു മോളെ ...ഇങ്ങിനെ ഒറ്റയ്ക്ക് ഇരിക്കെണ്ടിയിരുന്നില്ലല്ലോ ?

അകത്തു നിന്നും ഒരു മൂളല്‍ മാത്രം  കേട്ടു..ചിലപ്പോള്‍ പറ്റാത്തോണ്ട് ആയിരിക്കും എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു ..ഇപ്പോളെത്തെ കുട്ടികള്‍ ഒക്കെ നേരെത്തെ മുതിരും ...

മോള്‍ എന്തിനാ പഠിക്കുന്നത് ..?

പ്ലസ് ടു

നല്ല മാര്‍ക്കൊക്കെ ഉണ്ടോ ?

ഉം

വീട്ടിലെ കുട്ടി പത്തിലാ ..കണ്ടമാനം പഠിക്കാന്‍ ഉണ്ടാകും അല്ലെ ?

ഉം

അവള്‍ കര്‍ട്ടനു പിറകില്‍ നിന്നും എഴുനേറ്റു വന്നു ..കൈ എത്തിച്ചു ടീപ്പോയിമേല്‍ ഇരുന്ന മൊബൈല്‍ എടുക്കാന്‍ ആഞ്ഞു ...അതവളുടെ കയ്യില്‍ നിന്നും താഴെ വീഴുകയും ചെയ്തു ...ബാറ്ററിയും പുറം കവരും വേര്‍ പിരിഞ്ഞു അത് മൂന്നു കഷണം ആയി മാറിയിരുന്നു ..കവര്‍ വന്നു എന്റെ കാല്‍ച്ചുവട്ടില്‍ വീണു ...

അയ്യോ ഫോണ്‍ കേടായോ മോളെ ..?

അവള്‍ അവളുടെ അരികില്‍ വീണ ബാറ്ററി അടുത്ത കഷണത്തില്‍ ചേര്‍ത്ത് വച്ചു പിന്നെയും അകത്തേക്ക് പോകാന്‍ ഒരുങ്ങി ..

ദാ മോളെ കവര്‍ ..ഞാന്‍ അതെടുത്ത് അവളുടെ അടുത്തേക്ക് നടന്നു ..അവള്‍ അവിടെ നിന്നും എഴുന്നേറ്റു അടുക്കളയുടെ ഭാഗത്തേക്ക് നടന്നു ..അതിനിടയില്‍
അവിടെ വച്ചോളൂ എന്ന് വിളിച്ചു പറഞ്ഞു ..ഞാന്‍ അവള്‍ ഇരുന്ന കസേരയില്‍ കവര്‍ വച്ചു പിന്നെയും  സോഫയില്‍ വന്നിരുന്നു ..കുറെ നേരത്തേക്ക് പിന്നെ ഒച്ചയൊന്നും ഇല്ല ..

വന്ന സമയം ശരിയായില്ല ..പീതാംബരന്‍ എപ്പോള്‍ വരുമോ ആവോ ? ഈ കുട്ടി ഉണ്ടായത് നന്നായി..കാത്തിരിക്കുന്നതിനു ഇടയില്‍ വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാലോ ..അവള്‍ ചിലപ്പോള്‍ അടുക്കളയില്‍ എനിക്കായി എന്തെങ്കിലും വെള്ളം കലക്കുകയായിരിക്കും ..അല്ലെങ്കില്‍ ചായയോ കാപ്പിയോ ...ഇപ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇതൊക്കെ വല്ലതും അറിയുമോ ആവോ ,,..

അകത്തു നിന്നും ആരോടോ ഫോണില്‍ സംസാരിക്കുന്നത്  അവ്യക്തമായി കേട്ടു..അല്ലെങ്കിലും കുറച്ചു ദൂരെ നിന്നുള്ള ചെറിയ ശബ്ദമൊന്നും ഇപ്പോള്‍ കേള്‍ക്കാതായി ..രണ്ടു ചെവിയും അമ്പത് ശതമാനമേ കേള്‍വി ഉള്ളൂ ..മെഷീന്‍ വക്കേണ്ടി വരും എന്നാണു കഴിഞ്ഞ മാസം പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ..പ്രായമായി വരികയല്ലേ ..പതുക്കേ പതുക്കെ ഒന്നും കേള്‍ക്കാതാകുമായിരിക്കും ..


ഒന്ന് വേഗം വരുന്നുണ്ടോ ...? ഞാന്‍ ഇവിടെ ഒറ്റക്കാ എന്നറിയില്ലേ ..എന്നൊക്കെ അവള്‍ കയര്‍ത്തു പറയുന്നുണ്ട് ..പാവം ..താനിപ്പോള്‍ എത്തിയത് ഒരു കണക്കിന് നന്നായി അവള്‍ക്കും ഒരു കൂട്ടായല്ലോ ..അല്ലെങ്കില്‍ അവള്‍ ഒറ്റയ്ക്ക് ഈ വീട്ടില്‍ പേടിച്ചു ഇരിക്കണ്ടേ ..

മോളെ പേടിക്കണ്ടാ ട്ടോ ..ഞാന്‍ മുത്തശന്‍ വന്നിട്ടേ പോകുന്നുള്ളൂ ...ഒറ്റയ്ക്ക് ഇരിക്കണ്ട ..മോള്‍ക്ക്‌ ആയീച്ചാല്‍ ഊണ് കഴിച്ചോ ട്ടോ ..

ഞാന്‍ അകത്തേക്ക് ഒന്ന് നോക്കി പറഞ്ഞു ...

എനിക്ക് പേടിയൊന്നും ഇല്ലല്ലോ അതിനു ..ഞാന്‍ ചെറിയ കുട്ടി ഒന്നും അല്ലല്ലോ ...

അവളുടെ ഉത്തരത്തില്‍ നേരെത്തെ ഇല്ലാത്ത കനം.പെണ്‍കുട്ടികളായാലും വേണം ധൈര്യം ..ഭാവിയില്‍ ഒരു വീട് കൊണ്ട് നടക്കേണ്ടതല്ലേ ..വീട്ടിലും ഇങ്ങിനെയൊക്കെ തന്നെ ആയിരുന്നില്ലേ ..നാല്പതാം വയസ്സില്‍ ആയിരുന്നു തന്റെ കല്യാണം ..വീടോ ആളൊഴിഞ്ഞ ഒരു പാടത്തിന്‍ വക്കത്ത് ..താന്‍ ജോലി കഴിഞ്ഞു വരും വരെ ദേവകി എങ്ങിനെ പേടിക്കാതെ ഒറ്റയ്ക്ക് ഇരുന്നു കാണും ? അന്ന് ഇന്നത്തെ പോലെ ടി വി യും ഫോണും ഒന്നും ഇല്ലാത്ത കാലം ..

അവള്‍ പിന്നെയും  ഫോണില്‍ വിളിക്കുന്നുണ്ട് ..വേഗം വരില്ലേ ..എന്നൊക്കെത്തന്നെ ചോദ്യങ്ങള്‍ ..അവള്‍ പിന്നെയും കര്‍ട്ടനു പിറകിലെ കസേരയില്‍ വന്നിരുന്നു ..കര്‍ട്ടന്‍ ചെറുതായി നീക്കി .ഇപ്പോള്‍ എനിക്കവളെ മുഴുവനായും കാണാം .അവള്‍ ഇടയ്ക്കിടെ എന്നെ പാളി നോക്കുന്നുണ്ട് ..ചിലപ്പോള്‍ പീതാംബരന്‍ വരുന്നുണ്ടോ എന്ന് നോക്കുകയാവണം.വീട്ടിലെ കുട്ടിയും ഇങ്ങിനെയാ ..പെന്‍ഷന്‍ വാങ്ങി ചെല്ലുമ്പോള്‍ എപ്പോളും ഒരു പൊതി കയ്യില്‍ കരുതും .അത് അവള്‍ക്കുള്ളതാണ് ..കുട്ടികള്‍ക്ക് അതൊക്കെ അല്ലെ ഒരു സന്തോഷം ..അച്ഛന് ഇപ്പോളും അവള്‍ ഇള്ളക്കുട്ടി ആണെന്നാ വിചാരം എന്നൊക്കെ മകന്‍ തന്നെ കളിയാക്കും ..എന്നാലും പുറത്ത് പോയി വരുമ്പോള്‍ പതിവ് മുടക്കിയിട്ടില്ല ഇതു വരെ .

മോള്‍ക്ക്‌ കോളേജില്‍ കൂട്ടുകാരൊക്കെ ഇല്ലേ ?

പിന്നെ ഒത്തിരി പേരുണ്ട് ..എന്റെ ഫ്രണ്ടിന്റെ പപ്പയാ ഇവിടത്തെ എസ് ഐ .
പിന്നെ വേറെ ഒരാളുടെ മമ്മിയാ പഞ്ചായത്ത് പ്രസിഡന്റ്റ്..ഇവിടെന്നു നാലാമത്തെ വീടുകളാ ..

നന്നായി മോളെ ..കൂട്ടുകാര്‍ ധാരാളം വേണം ..മോള്‍ടെ മുത്തശനും ഞാനും അങ്ങിനെ ആയിരുന്നു ..ഒരു പാത്രത്തില്‍ നിന്നായിരുന്നു ഊണ്..ലവനും കുശനും എന്നൊക്കെ ആയിരുന്നു ഞങ്ങളെ ഓഫീസില്‍ കളിയാക്കിയിരുന്നത് ..ഒക്കെ ഒരു കാലം ..എങ്ങിനെ കഴിഞ്ഞിരുന്ന ആളുകളാ ...ഇപ്പൊ കണ്ട കാലം മറന്നു ..

മോള്‍ടെ കഴുത്തിലെ മാല എത്ര പവനാ ? അച്ചന്‍ വാങ്ങി തന്നതാവും ല്ലേ ..ഞങ്ങളുടെ ഒക്കെ ചെറുപ്പത്തില്‍ സ്വര്‍ണത്തിന് ഒക്കെ ഇന്നത്തെ അപേക്ഷിച്ച് നിസാര വിലയെ ഉള്ളൂ .അന്ന് ശമ്പളവും അങ്ങിനെയാ ട്ടോ ..കുവായിരുന്നു .അന്നത്തെ ഒരു പതിനായിരത്തിനു ഇന്നത്തെ ഒരു ലക്ഷത്തിന്റെ മേല്‍ വിലയുണ്ടാകും ..

  ഇത് ഫാന്‍സിയാ ...അവള്‍ ഉടുപ്പിന്റെ ഷാള്‍ മാല കാണാത്ത വിധം മറച്ചിട്ടു ഇടതു കൈയ്യിലെ വളകള്‍ക്ക് മേല്‍ വലതു കൈ അമര്‍ത്തി വച്ചു .


മുത്തശന്‍ ഒരു പൈസ വെറുതെ കളയില്ല ട്ടോ ..നല്ലപോലെ പണം ഉണ്ടാകും അവന്റെ ബാഗില്‍ ഇപ്പോളും ..അല്ലെ മോളെ ..ഞങ്ങള്‍ ഒക്കെ അങ്ങിനെ വളര്‍ന്നവരാ ..ചെലവക്കുന്നെടത്ത് എന്തിനായാലും ഒരു കണക്കുണ്ടാകും ..

അറിയില്ല ..അതൊക്കെ അവര്‍ക്കന്നെ അറിയൂ ..അവള്‍ പറഞ്ഞു ..ശരിയാ

കുട്ടിക്ക് എങ്ങിനെ അറിയാനാ ..?അതും പെണ്‍കുട്ടി അല്ലെ ...അവര്‍  വരട്ടെ .വീടൊക്കെ ഒന്ന് നടന്നു കാണണം ..

മുത്തശന്‍ ഇപ്പോള്‍ വരും ന്നാ പറഞ്ഞത് ..അച്ഛനും വരും ..എന്റെ ഫ്രണ്ട് പറഞ്ഞില്ലേ എസ് ഐ യുടെ മോന്‍ ..അവനു എന്റെ നോട്ട് എഴുതിയെടുക്കാന്‍ വേണമെത്രേ ..അവനും ഇപ്പോള്‍ വരും ...അവള്‍ ധൃതിയില്‍ പറഞ്ഞു നിര്‍ത്തി ..

മോളേ ഇത്തിരി വെള്ളം കുടിക്കാൻ വേണം..നല്ല ദാഹം .ഉച്ചക്ക് ഒരു ഗുളിക കഴിക്കാനും ഉണ്ട് ..

ഞാന്‍ ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ ഭാവിച്ചു ..
അവൾ ഒന്നു തറപ്പിച്ചു നോക്കി .. ഇടക്കിടെ തിരിഞ്ഞു നോക്കി ഉള്ളിലേക്ക് പോയി.......

. ദാ വെള്ളം

ഇടം കൈ കൊണ്ട് അവൾ ഗ്ലാസ് നീട്ടി... അവൾ ഇട്ടിരുന്ന ഉടുപ്പിന്റെ ഞൊറികൾക്കിടയിൽ വലതു കൈ കൊണ്ട് ഒരു മായാജാലക്കാരന്റെ കയ്യടക്കത്തോടെ അവൾ ഒളിപ്പിച്ചു പിടിച്ച വസ്തു കണ്ട് ഇറക്കുകയായിരുന്ന വെള്ളം എന്റെ തൊണ്ടയിൽ തടഞ്ഞു...അതിന്റെ മിന്നുന്ന വായ്ത്തല എന്നെ നോക്കി അസാമാന്യ ആത്മവിശ്വാസത്തോടെ ചിരിക്കുണ്ടായിരുന്നു..അവളും  ..

കണ്ണും കാതും
-----------------


അച്ചാ
ഇതിലെ ഒരു വണ്ട്‌  ഉംഉംഉം എന്നു ഒച്ചയുണ്ടാക്കി പറന്നു പോയത്
അച്ചന്‍ കണ്ടോ ?

മോബൈലിലെ ചാറ്റ് മുറിഞ്ഞു പോകുന്നതിന്റെ രസക്കേടില്‍
ഇല്ലല്ലോ ...ഞാന്‍ കണ്ടില്ല എന്ന മറുപടിയോടെ ഞാന്‍ അവനെ നോക്കി


അതേയ് അച്ചാ അച്ഛന്റെ കണ്ണും ചെവിയും  വലുതല്ലേ ..അതാ ചെറുതൊന്നും  കാണുകയും കേള്‍ക്കുകയും ചെയ്യാത്തത് ..എന്റെ കണ്ണും ചെവിയും ചെറുതല്ലേ ..അതാ എനിക്കതൊക്കെ കാണാനും കേള്‍ക്കാനും പറ്റണത്...


ഞാന്‍ എന്റെ കണ്ണും ചെവിയും ഒന്ന് തപ്പി നോക്കി .ശരിയാ അവന്റെതിനേക്കാള്‍ വലുതാണ്‌ ..കണ്ണും ചെവിയും വലുതായി പോയത് കൊണ്ട് എനിക്ക് നഷ്ടപ്പെട്ട കാഴ്ചകളുടെയും  ശബ്ദങ്ങളുടെയും ഒരു കണക്ക്  മനസ്സിലൂടെ എഞ്ചുവടി പട്ടിക പോലെ പാഞ്ഞു പോയി .