2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ആതുരലായം



അച്ഛന് തലവേദന.. ഒന്നു കാണിക്കാൻ ക്ലിനിക്കിൽ കൂട്ടുപോയതാണ് ഞാൻ.

ഡോക്ടറെക്കണ്ട് ഗുളിക വാങ്ങി ഇറങ്ങുകയായിരുന്നു.

സാർ സൗജന്യമായി ന്യൂറോ ടെസ്റ്റ് നടത്താം

വർണക്കുടക്ക് കീഴേ ഇരിക്കുകയായിരുന്ന

ഒരേജൻറ് ഓടി വന്നു


രണ്ടു മിനിട്ടിനകം റിസൾട് വന്നു

നാഡിക്ക് കാര്യമായ കുഴപ്പമുണ്ട്


സാർ സൗജന്യമായി ഷുഗർ നോക്കാം

മറ്റൊരു കുടയിൽ നിന്ന്
മറ്റൊരേജന്റ്..

ഷുഗറിത്തിരി അധികമാണ്

സാർ... പ്രഷർ... കൊളസ്ട്രോൾ... എല്ലാം സൗജന്യമാണ്.
മൂന്നാം കുടക്കാരൻ


പ്രഷർ കൂടുതൽ, കൊളസ്ട്രോൾ ക്രമാതീതം

ഇപ്പാൾ ഞാനിവിടെ അഡ്മിറ്റാണ്.. ഡോക്ടർമാർ മാറി മാറി പരിശോധിക്കുന്നു.

അച്ഛൻ എനിക്ക് കൂട്ടിരിക്കുകയാണ്

ശിവപ്രസാദ് പാലോട്

2018, സെപ്റ്റംബർ 19, ബുധനാഴ്‌ച

കടം



     കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പാടത്തിനരുകിലാണ് ആ വീട്.
വരമ്പുകളിൽ വരിയായി വച്ച തെങ്ങുകൾ... ദൂരെ നിന്ന് നോക്കിയാൽ തെങ്ങിൻ
തോട്ടമെന്ന് തോന്നിപ്പിക്കുന്നത്ര കുലച്ചു ഭാരം തൂങ്ങിയ
പാണ്ടിത്തെങ്ങുകൾ. വാൾച്ചാമി എന്ന ജന്മിയുടെ കളമായിരുന്നു ആ വീട്.. പാടം
കൊയ്ത്തും മെതിയും നടത്താനാവുമ്പോൾ മൂപ്പർക്ക് താമസിക്കാനും പണിക്കാരുടെ
സൗകര്യത്തിനുമായി കെട്ടിയിട്ട ഒരു ഓടിട്ട ഒറ്റപ്പുര.. ഒരടുക്കള,
ഒരിടനാഴി, മച്ച്, അത്രമാത്രം.. തന്റെ മുത്തച്ചൻ പേരുകേട്ട
വാൾപ്പയറ്റുകാരനായിരുന്നെന്നും കാരണവരുടെ വാളും പരിചയും ഇന്നും
സൂക്ഷിക്കുന്ന കഥയും നാട്ടുകാരോട് പറഞ്ഞു പറഞ്ഞു സമ്പാദിച്ചപേരാണ്
വാൾച്ചാമി എന്നത്.. കളം നിൽക്കുന്ന അമ്പാട്ടു പാളയത്തെ അലച്ചൻകോട് എന്ന
സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്ററെങ്കിലും ദൂരമുള്ള കച്ചേരിമേട്ടിലാണ്
വാൾച്ചാമിയാരുടെ താമസം..
          കാലാകാലങ്ങളായി ഞങ്ങളുടെ ടി ടി ഐ യിലെ ആൺകുട്ടികളുടെ
ഹോസ്റ്റലാണ് ഈ കെട്ടിടം.’സീനിയേഴ്സ് പോകുമ്പോൾ ജൂനിയേഴ്സിന് കൈമാറുന്ന
പാരമ്പര്യ സ്വത്ത്.
ഇവിടെന്ന് പാടം വഴി നടന്നു പോയാലോ തെക്കെ ഗ്രാമം വഴി റോഡിനു പോയാലോ പത്തു
മിനിട്ടു കൊണ്ട് ടി ടി ഐ യിലെത്താം. ആഴ്ചയിലൊരിക്കലും ഒന്നിച്ചുള്ള അവധി
ദിവസങ്ങളിലും മാത്രം വീട്ടിലേക്ക് മടക്കം.കൂടെ ഷാജിയും ഫിറോസും.. പത്താം
തരവും പ്രീഡിഗ്രിയും കഴിഞ്ഞു നിൽക്കുന്ന സമയത്ത് അധ്യാപക പരിശീലനത്തിന്
അഡ്മിഷൻ കിട്ടി വന്നവർ... ഏതെങ്കിലും ഒരു സ്കൂളിലെ സ്ഥിരം ജോലി വിദൂര
സ്വപ്നമായി കൊണ്ടു നടക്കുന്നവർ.. വൈകുന്നേരങ്ങളിൽ ഞങ്ങൾ
നടക്കാനിറങ്ങും... മുറ്റത്ത് കോലമൊക്കെ വരച്ച് സന്ധ്യാനാമം ചൊല്ലുന്ന
വീടുകളുള്ള തെക്കെ ഗ്രാമത്തിലേക്കോ, പൊന്ത പിടിച്ചു കിടക്കുന്ന
പുഴയോരത്തേക്കോ, ചിലപ്പോഴൊക്കെ ഒഴുക്കു കുറഞ്ഞ ഭാഗം നോക്കി അപ്പുറം
കടന്ന് പ്രതിഷ്ഠയേ തെന്ന് തിരിച്ചറിയാത്ത ആ ക്ഷേത്രത്തിന്റെ പടവിലോ വരെ.
പലപ്പോഴും ശവഘോഷയാത്രകൾക്ക് പിന്നണിയായി ചുടുകാട്ടിലേക്ക്.. തണ്ടിൽ
കെട്ടിയുറപ്പിച്ച കസേരയിൽ സർവ്വാഭരണ വിഭൂഷിതനായി ഇരിക്കുന്ന പരേതൻ...
മുമ്പിൽ സദിരു കൊട്ടി കുഴലൂതി നടക്കുന്ന സംഘം.. ശവമടക്കിനുള്ള യാത്രക്ക്
ചെറിയ ഒരുത്സവത്തിന്റെ ഭാവമുണ്ടാകും
       ഒരു ദിവസത്തെ യാത്രയിൽ ഒരു ചായക്കടയിൽ കയറി.. അവിടെ പത്രം
വായിച്ച് നേപ്പാളിലെ വിശേഷങ്ങൾ ഘോര ഘോരം ചർച്ച ചെയ്യുന്ന നാട്ടുകാർ..
അങ്ങിനെ ആ സ്ഥലത്തിന് ഞങ്ങളിട്ട പേരാണ് കാഡ്മണ്ഡു. നേപ്പാളിന്റെ
തലസ്ഥാനം.
        വീടിന്റെ അയൽപ്പക്കത്ത് ഒരു കുടിലുണ്ട്.. ഓല മേഞ്ഞ കൂരയിൽ
കഴിയുന്ന കുടുംബം.. ,കുട്ടികളായ രുക്കുവും ഭാമയും കൃഷ്ണദാസും ദേവദാസും
എപ്പോഴും ഞങ്ങളുടെ വീട്ടിലെ നിത്യ സന്ദർശകരാണ്..ആൺ കുട്ടികൾ രണ്ടും എൽപി
സ്കൂളിലും ഭാമ പത്താംതരത്തിലും പഠിക്കുന്നു. പഠിക്കാൻ മോഹമുണ്ടായിട്ടും
പണമില്ലാത്തതിനാൽ പ്രിഡിഗ്രി പകുതിയിൽ പതറി നിർത്തി രുക്കു.
ആ വ്യസനം കൊണ്ടായിരിക്കണം ഞങ്ങളുടെ റിക്കോർഡ് വർക്കിലും
നോട്ടെഴുത്തിലുമൊക്കെ താൽപര്യത്തോടെ വന്നു സഹായിക്കുമായിരുന്നു അവൾ. ഭാമ
കല്ലിച്ചുപോയൊരു പെണ്ണാണ്.. വയസു പതിനഞ്ചായെങ്കിലും  ഉയരം നന്നേ കുറഞ്ഞ്
മെല്ലിച്ച് ഒരു ബോൺസായ് രൂപം. ഞങ്ങൾ മാഷമ്മാരാവാൻ പഠിക്കുന്നവരായതുകൊണ്ട്
പാഠഭാഗത്തെ സംശയങ്ങൾ ചോദിക്കാൻ മിക്കപ്പോഴും അവളെത്തും…
          കഞ്ഞിയും മുട്ട പുഴുങ്ങിയതിനും അപ്പുറത്തുള്ള പാചകമോ കടയിൽ
നിന്നും വാങ്ങുന്ന പാക്കറ്റ് അച്ചാറിനപ്പുറം വിഭവങ്ങളോ ഇല്ലാത്ത ഹോസ്റ്റൽ
ജീവിതത്തിലെ ആൺപിറപ്പുകൾക്ക് ചിലപ്പോളൊക്കെ ചേമ്പുകറിയും രസവുമൊക്കെ വേലി
ചാടിയെത്തും. അന്തിയാകുമ്പോൾ മുമ്പിലെ ഏതെങ്കിലും ഒരു തെങ്ങിൽ കയറി
ഇളനീരോ തേങ്ങയോ കട്ടുപറിക്കും... ഭൂമിയുടെ അവകാശികൾ


കുട്ട്യോൾടെ തന്തക്ക് കിട്ടുന്നത് കുടിക്കാൻ തികയില്ല
        അവരുടെ അമ്മക്ക് ഭർത്താവിനെപ്പറ്റിപ്പറയാൻ കുറച്ചു വാക്കുകളേ
വേണ്ടു.. അതിലപ്പുറം അയൽപ്പക്കത്തെ അന്തിത്തർക്കങ്ങളിൽ കുട്ടികളുടെ
കരച്ചിലിനൊപ്പം വേലി കടന്നെത്താറുണ്ടല്ലോ.കുട്ടികൾക്ക് ചിലപ്പോഴൊക്കെ
എന്തെങ്കിലും ഞങ്ങൾ വാങ്ങിക്കൊടുക്കും.. ഒരു പേന കടലാസുപെൻസിൽ,, മിഠായി
ഒക്കെ.കുട്ടികളുടെ പുന്നാരത്തിന് നിന്നു കൊടുക്കാറുള്ള കൊണ്ട് അവർക്ക്
തന്നോടൊരിത്തിരി ഇഷ്ടം കൂടുതലുമുണ്ട്

എടാ കോഴ്സ് കഴിഞ്ഞാലും നീയിവിടെ നിക്കേണ്ടി വരുന്ന ലക്ഷണമാണ്…
     കൂട്ടുകാരുടെ കളിയാക്കലുകൾ.. പത്താംതരമായതോടെ ഭാമസംശയം ചോദിച്ചു
വരവ് അധികമായി .. അസൈൻമെൻറ് പേപ്പർ വാങ്ങാൻ, റബ്ബർ വാങ്ങാൻ, പേന വാങ്ങാൻ,
മൈലാഞ്ചി വാങ്ങാൻ എന്നൊക്കെപ്പറഞ്ഞ് അഞ്ചും പത്തുമായി വാങ്ങാൻ തുടങ്ങി

ചേട്ടാ കടമായിട്ട് മതി.. വാൾ ചാമ്യാർ തേങ്ങയിടാൻ വന്നാ മടക്കിത്തരാ…
      വാൾച്ചാമി തേങ്ങയിടീക്കാൻ തുടങ്ങിയാൽ വാരിക്കൂട്ടാനും, കുട്ട
നിറയ്ക്കാനുമൊക്കെ കുട്ടികൾ കൂടും.. രണ്ടുറുപ്പികയും ചില്ലറയുമൊക്കെ അയാൾ
കൊടുക്കുന്നത് കൂട്ടി വച്ച് ചില ദിവസം അവൾ കടം കുറശേ വീട്ടിയിട്ടുമുണ്ട്…

കടം കൊടുക്കലൊക്കെ നിർത്തിക്കോ... നമ്മള് ഒരു മാസം കഴിഞ്ഞാ
പോകേണ്ടവരാ...വേണ്ടാത്ത അടുപ്പമുണ്ടാക്കണ്ട... പതുക്കെ അകറ്റാൻ
നോക്കിക്കോ…

കൂട്ടുകാർ ഉപദേശിക്കാൻ തുടങ്ങി. രാത്രി വൈകിയും കുട്ടികൾ ഞങ്ങളോടൊപ്പം
ഇരിക്കുന്നതിൽ മറ്റയൽപക്കക്കാർ ഗോസിപ്പ് പറയാൻ തുടങ്ങിയതും അവർ
ഓർമ്മിപ്പിച്ചു.കുട്ടികളെ അകറ്റാൻ കാര്യമില്ലാതെ അവരോട് ദേഷ്യപ്പെടാനും
തിരക്കു നടിക്കാനുമൊക്കെ തുടങ്ങി. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു.ഒരു
ദിവസം അവരുടെ അമ്മ വന്ന് ഓരോന്നു പറഞ്ഞു കരയാൻ തുടങ്ങി…

നിങ്ങളും പോവാണല്ലേ... വഴിപോക്കൻമാരെ സ്നേഹിക്കാൻ പാടില്ല… അവര്
ഒരിക്കപ്പോകും. പോയാൽ പിന്നെ ആ വിഷമം കാണും.

ഭാമയോട് ഒരു ദിവസം ഇത്തിരി കടുപ്പിച്ച് പറഞ്ഞു..

പിന്നേ.. കടം കൂടിക്കൂടി ഇപ്പോ നൂറ്റി നാൽപ്പന്തഞ്ചുമായി.. ഞങ്ങൾക്കിനി
ഇവിടെ ഒരു മാസേ ഉള്ളൂ... അതിന് മുമ്പ് തന്നു വീട്ടണം…

വീട്ടാം ചേട്ടാ... ചാമ്യാർ തേങ്ങയിടാൻ വരട്ടെ.

പിന്നേ... അയാൾ തന്നാ പരമാവധി അഞ്ചു രൂപ കിട്ടും... അതൊന്നും
എനിക്കറിയണ്ട.. എനിക്കെന്റെ കാശു കിട്ടണം…

ചേട്ടൻ ഇങ്ങനെയൊന്നും ഇതുവരെ എന്നോട് പറഞ്ഞിട്ടല്ലല്ലോ…. ഞാൻ കടം
വീട്ടിക്കൊള്ളാം….അന്നവൾ കരഞ്ഞുകൊണ്ടാണ് മടങ്ങിയത്.
പിന്നെ പിന്നെ ഭാമ പഴയതുപോലെ വരാതായി.. ഇടക്കൊരു ദിവസം കണ്ടപ്പോൾ താൻ
വീണ്ടും നൂറ്റിനാൽപ്പത്തിയഞ്ചു രൂപയുടെ കണക്കെടുത്തിട്ടു.. അവൾ ഒന്നും
പറയാതെ തല കുമ്പിട്ട് നടന്നു പോയി..
എടാ... അതിനെ വല്ലാതെ മെരട്ടണ്ട ട്ടോ... അത് വല്ലതും ചെയ്താ നീ സമാധാനം
പറയേണ്ടി വരും…

കൂട്ടുകാരുടെ ഭീഷണി.പണം തിരിച്ചു കിട്ടാനായിരുന്നില്ല.. അത് ‘ അവൾക്ക്
തിരിച്ചു തരാനാകില്ലെന്നുമറിയാം.ചോദിക്കുമ്പോൾ അവൾ വിഷമിച്ച് അകന്നു
പോകട്ടെ എന്ന് കരുതിയായിരുന്നു.
        അങ്ങിനെ കോഴ്സ് തീരാനായി.. ഞങ്ങളുടെ പരീക്ഷ അടുത്തു.. ഓരോ
വിഷയത്തിന്റേയും റിക്കോർഡുകൾ ഹാജരാക്കേണ്ട സമയമായി.തിരക്കോട് തിരക്കായി.
ആഴ്ചയിയിലൊരിക്കൽ വീട്ടിലേക്കുള്ള പോക്ക് മുടങ്ങി... രാപകൽ ഒഴിവില്ലാത്ത
വെട്ടലും ഒട്ടിക്കലും...
       അന്ന് കൂട്ടുകാരെല്ലാരും ഇടക്കൊരു ചായ കുടിക്കാൻ പുറത്തു പോയ
വൈകുന്നേരം സമയം.. ഒരു റെക്കോർഡ് ബുക്ക് തീർക്കാൻ വേണ്ടി താൻ
വീട്ടിൽത്തന്നെ ഇരുന്നു. വെട്ടാനും ഒട്ടിക്കാനുമുള്ള പേപ്പറും കത്രികയും
പശയുമായി മല്ലയുദ്ധം നടത്തലാണ് ഒരു ശരാശരി അധ്യാപക വിദ്യാർത്ഥിയുടെ
ജീവിതം
         പെട്ടെന്ന് ഭാമ മുറിയിലേക്ക് കയറി വന്നപ്പോൾ താൻ ഷർട്
തപ്പിയെടുത്ത് ഇടാൻ ഓടി.. അർധ നഗ്നനായി ഒരു പെൺകുട്ടിയുടെ മുമ്പിൽ
നിൽക്കേണ്ടി വരുന്ന ഒരു കൗമാരക്കാരന്റെ ജാള്യത പൊതിഞ്ഞു
ബട്ടൻസിട്ടപ്പോളെക്കും അവൾ മുറിയുടെ ഉള്ളിലേക്ക് കയറി ചുമരിന് മറഞ്ഞു
നിന്നു.. ഇപ്പോൾ പുറമെ നിന്ന് നോക്കുന്ന ഒരാൾക്ക് ഭാമയെ കാണാൻ കഴിയില്ല.
ഒറ്റക്ക് ഒരു മുറിയിൽ ഭാമയോടൊപ്പം ഇരിക്കേണ്ടി വന്ന സമയം മുതൽ
തന്റെയുള്ളിൽ നുരയുന്ന പേടിയോട് മത്സരിച്ചു കൊണ്ടിരുന്നു..ഒപ്പം പഠിച്ച
പെൺകുട്ടികൾ അടുത്തു പെരുമാറുമ്പോൾ പോലും ഹൃദയമിടിപ്പുയരുന്നതാണ്...
സംസാരിക്കുമ്പോൾ അവരുടെ മുഖത്തു നോക്കുമ്പോൾ വല്ലാത്ത ആഴത്തിലുള്ള തന്റെ
തന്നെ ഉള്ളിലേക്ക് ഇഴയുന്ന ഒരു പാമ്പുണ്ടായിരുന്നു ഒപ്പം…


വിക്കി വിക്കിക്കൊണ്ട് അവളോട് ചോദിച്ചു

ഭാമ എന്തിനാ വന്നത്..?

ചേട്ടാ... ചേട്ടന് ഞാൻ നൂറ്റിനാൽപ്പത്തിയഞ്ചു രൂപ തരാനുണ്ട്... ചേട്ടൻ
തന്നെയല്ലേ പറഞ്ഞത്..? നിങ്ങടെ ക്ലാസ് കഴിയാനായി... അടുത്ത ദിവസം വീട്
ഒഴിയണം.. അതിന് മുമ്പെ കടം വീട്ടണമെന്ന്….?
അതിനിപ്പോൾ ഇവിടെ? എന്താ പണം കൊണ്ടുവന്നിട്ടുണ്ടോ??
അത്... ചേട്ടാ...

തന്റെയടുത്തേക്ക് അവൾ ഒന്നുകൂടി നീങ്ങിയിരുന്നപ്പോൾ അവളിൽ നിന്ന് ഒരകലം
പാലിക്കാൻ വേണ്ടി ഞാനും നീങ്ങി..

അത് ചേട്ടാ... എന്റെ കയ്യിൽ പൈസയില്ല... ആരും തരാനുമില്ല... ചേട്ടനറിഞ്ഞൂടെ..

അപ്പോൾ തരില്ലെന്നല്ലേ.. ഇല്ലങ്കിൽ വേണ്ട... പൊയ്ക്കോ…

അതല്ല ചേട്ടാ... ചേട്ടനും ജോലി ഇല്ലല്ലോ... ചേട്ടന്റെ വീട്ടുകാർ തന്ന
പൈസയല്ലേ…? വാങ്ങീട്ട് തരാതിരുന്നത് എനിക്ക് വെഷമമാണ്... അതോണ്ട്…

    അവൾ തന്റെ കയ്യിലേക്ക് കയറിപ്പിടിച്ചപ്പോൾ ഒരട്ടയെ കുടഞ്ഞെറിയും പോലെ
ഞാൻ തട്ടി മാറ്റി...മുറിയുടെ വാതില്കലേക്ക് എല്ലാർക്കും
കാണാവുന്നയിടത്തേക്ക് മാറിയിരുന്നു.. ആരെങ്കിലും കണ്ടു വന്നാലുള്ളതോർത്ത്
ചങ്കിലെ വെള്ളം വറ്റി..അവളാകട്ടെ ചുമരിന്റെ ഭാഗത്തു മറഞ്ഞു നിന്ന്
പിന്നെയും ഉള്ളിലേക്ക് വലിക്കുകയാണ്.

ചേട്ടൻ എന്താന്നു വച്ചാൽ ചെയ്തോളൂ.. അല്ലാണ്ടെ കടം വീട്ടാൻ എനിക്ക് വേറെ വഴീല്ല.

എന്തു ചെയ്യാൻ…??

ചേട്ടന് ഇഷ്ടമുള്ളതൊക്കെ…

അവൾക്കൊരു തരി പോലും ജാള്യതയില്ല.. പതിനഞ്ചു വയസുകാരിയായ ഒരു
പെൺകുട്ടിയുടെ ലജ്ജയില്ല.. എല്ലാം തീരുമാനിച്ചുറച്ച് ആത്മഹത്യ ചെയ്യാൻ
പുറപ്പെട്ടവരുടെ ഭാവം…

ഇഷ്ടമുള്ളതൊക്കെയെന്ന് പറഞ്ഞാൽ? നീ പൈസ തിരിച്ചു തരണ്ട പോയേ.. അല്ലങ്കിൽ
ഞാനിപ്പോ പുറത്തു പോകും…

ചേട്ടാ... വേറെ ഒരു വഴീം ഇല്ലാഞ്ഞിട്ടാ...അവൾ കരച്ചിലിന്റെ വക്കോളമായി
    ബോൺസായ് രൂപം വിട്ട് ഭാമ വലുതാവുകയാണ്.. തന്നെക്കാൾ ഉയരത്തിൽ.. ആകാശം
മുട്ടെ .പതിനഞ്ചു വയസിൽ ജീവിതത്തെക്കുറിച്ച് ഒന്നുമറിയാത്ത പെൺകുട്ടി..
പറയുന്നതോ ചെയ്യുന്നതോ എന്തെന്ന് ആലോചിക്കാനുള്ള കഴിവില്ലാത്തവൾ.. അതോ
എല്ലാം അറിയുന്നവളോ

വേഗം ചേട്ടാ... കുറച്ചു കഴീമ്പളേക്കും വീട്ടിൽ അമ്മ വരും.. അതിന് മുമ്പേ
എനിക്ക് പോണം. ഇവിടേം ചേട്ടന്റെ കൂട്ടുകാര് വരില്ലേ.. വേഗം..

അവൾ പിന്നെയും തന്നെ പിടിച്ചു വലിച്ച് അവളിലേക്ക് അടുപ്പിക്കുകയാണ്..
അഴിഞ്ഞു പോകാൻ നിൽക്കുന്ന അവളുടെ മേൽക്കുപ്പായത്തിനുള്ളിലൂടെ  അവളുടെ
അടിയുടുപ്പുകൾ തെളിയുന്നു. മെല്ലിച്ച കൈകൾക്ക് കാരിരുമ്പിന്റെ ദൃഢത...
തന്റെ ബലം കുറഞ്ഞ് താനവളിലേക്ക് അടുക്കുകയാണോ എന്ന തോന്നലിൽ നിന്ന്  ഞാൻ
‍ഞെട്ടിക്കിതച്ചു..
    ഭാമക്കിപ്പോൾ ഒരു കൂറ്റൻ പക്ഷിയുടെ മുഖമാണ്.. ഭൂമിക്കു മേൽ പറക്കുന്ന
അതിന്റെ കണ്ണുകൾ തന്നെ തിരയുകയാണ്.. ഇറുക്കാൻ വേണ്ടി വിടർത്തിപ്പിടിച്ച
അതിന്റെ കാലുകൾ വല്ലാതെ താഴത്തേക്ക് തൂങ്ങിക്കിടക്കുന്നു. വല്ലാതെ
വെളുത്തു വിളറിപ്പോയ അതിന്റെ അടിഭാഗം എനിക്കുകാണാനുണ്ട്.

ചേട്ടാ.. വേറെ ഒന്നും തരാനില്ലാത്തോണ്ടാ…അവൾ കരഞ്ഞു പോയിരുന്നു
     അവൾ ചാരിനിന്ന ചുവരിൽ നിന്നും അടർന്ന് തന്റെ നേരെ നടക്കുന്നതു കണ്ട്
അറക്കാൻ പിടിച്ചിടത്തു നിന്ന് കുതറിയോടുന്ന പോത്തിനെപ്പോലെ ഞാൻ
മുറിയിറങ്ങി പുറത്തേക്ക് ഓടി.
ഭാമ ഇപ്പോഴും പിറകേയുണ്ട്...

ശിവപ്രസാദ് പാലോട്

2018, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

സ്തന്യം


       
ആശുപത്രിയിലെ ലിഫ്റ്റിൽ തല കറങ്ങി വീണ അയാളെ ലിഫ്റ്റ് ഓപ്പറേറ്റർ ആയ പെൺകുട്ടി പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അവൾക്ക്
അയാളെ ഉയർത്താനായില്ല. കഷ്ടിച്ച് അയാളുടെ മാറുവരെ ഉയർത്തിയപ്പോൾ അവളുടെ
മാറിടം അയാളുടെ മുഖത്തോട് വല്ലാതെ ചേർന്നിരുന്നു. അയാളെ ഉയർത്താനുള്ള
ശ്രമം ഉപേക്ഷിച്ച് മൂന്നാം നിലയിലേക്ക് പായുകയായിരുന്ന ലിഫ്റ്റിനെ അവൾ
രണ്ടാം നിലയിൽ പിടിച്ചു നിർത്തി. ഡോർ തുറന്ന് പുറത്തുണ്ടായിരുന്ന
സെക്യുരിറ്റിയെയും അറ്റൻഡറെയും വിളിച്ചു പറഞ്ഞു

ഒരു വീൽച്ചെയറിലേക്ക് അയാളെ താങ്ങിയിരുത്തി കാഷ്വാലിറ്റിയിലേക്ക്
ഉരുട്ടാൻ തുടങ്ങുമ്പോൾ ലിഫ്റ്റ് ഓപ്പറേറ്റർ പിറകെ ഒരു ടോഫി ബോക്സ് കൊണ്ട്
ഓടി വന്നു. തല തൂങ്ങിയിരിക്കുകയായിരുന്ന അയാളുടെ മടിയിൽ ആ ടോഫി ബോക്സ്
വച്ച് അവൾ അറ്റൻഡറോട് പറഞ്ഞു

ഇത് അയാളുടെതാണ്…


അപ്പോൾ അവൾ അയാളെ ഒന്നുകൂടി നോക്കി. അയാൾ തല ചായ്ച് ഉറങ്ങുകയാണ്. ഒരു
കുഞ്ഞിന്റെ മയക്കം. കടവായിലൂടെ പാൽപ്പതപോലെ എന്തോ ഒലിച്ചു
വരുന്നുണ്ടായിരുന്നു…

ഫിറ്റ്സായിരിക്കണം

അതും പറഞ്ഞ് അവൾ തുറന്നു കിടന്ന ലിഫ്റ്റിന്റെ നെഞ്ചിലേക്ക് ഓടിക്കയറി..
ലിഫ്റ്റടഞ്ഞ് അവൾ ആശുപത്രി കെട്ടിടത്തിന്റെ നാന്ധീചത്വരത്തിലേക്ക്
മറഞ്ഞു.

കാഷ്വാലിറ്റിയിൽ ആ ടോഫി ബോക്സായിരുന്നു അയാളുടെ വിലാസമായി മാറിയത്.
സൗദാമിനി 67 ഒ പി നമ്പർ 436

ആ നമ്പർ ആശുപത്രി രേഖകളുമായി ഒത്തു നോക്കി കാഷ്വാലിറ്റിയിലിരുന്ന
പെൺകുട്ടി തൊട്ടടുത്തുള്ള നഴ്സിനോട് പറഞ്ഞു

സൗദാമിനി, ചുരത്തിങ്കൽ വീട്, വെൺമുല പി ഒ എന്നാ പേഷ്യന്റിന്റെ പേര്..
അവരിപ്പോൾ ഓപ്പറേഷൻ തീയറ്ററിൽ ആണ്. ഇയാൾ.. അവരുടെ കൂടെ വന്ന ആളായിരിക്കണം

ഒ പി കാർഡിൽ പേരിന്റെ സ്ഥാനത്ത് അപ്പോൾ അൺനോൺ എന്നെഴുതണോ??

വേണ്ട.. തൽക്കാലം ബ്ലാങ്ക് ഇട്ടു വച്ചാൽ മതി.. എന്തായാലും ഈ
പെട്ടിയിലുള്ള വിലാസം തന്നെയായിരിക്കും ഇയാളുടെയും വിലാസം.. ഇത്
ഓപ്പറേഷന് ശേഷം ടെസ്റ്റിനായി ലാബിലേക്ക് കൊടുത്തയക്കുന്നതാണ്. ആയമ്മക്ക്
ബ്രസ്റ്റ് റിമൂവലാ തോന്നുന്നു
ശോ... കഷ്ടം..

ഇതിനിടയിൽ ഡ്യൂട്ടി ഡോക്ടർ വന്ന് അയാളെ പരിശോധിച്ചു.. അയാളുടെ കയ്യിലേ
ഞരമ്പ് തിരിച്ചറിഞ്ഞ് അഡാപ്റ്ററിന്റെ സൂചി കയറ്റിയപ്പോൾ അയാൾ
ഒന്നിളകി..ഗ്ലൂക്കോസ് ബോട്ടിലിന്റെ ട്യൂബിന്റെ തലപ്പത്തെ നീഡിൽ
അഡാപ്റ്ററിലേക്ക് കയറ്റി നഴ്സ് നോബ് അഡ്ജസ്റ്റ് ചെയ്ത് ഫ്ലൂയിഡിന്റെ
പ്രവാഹം തുള്ളി തുള്ളിയാക്കി.. എന്തിനോ വേണ്ടിയെന്ന പോലെ അയാളുടെ
ചുണ്ടുകൾ ഒന്നിളകി നിന്നു. ഇ സി ജി എടുക്കാനുള്ള ഒരുക്കങ്ങളായി..
ദേഹത്തിന്റെ പല ഭാഗത്തായി രോമങ്ങൾ വടിച്ചു കളഞ്ഞ് ജെൽ പുരട്ടി

പ്രഷർ ഡൗൺ ആയതാണ്.. നല്ല ക്ഷീണവുമുണ്ട്.. ഡ്രിപ്പ് തീരുന്നതോടെ
ശരിയാവുന്നതേയുള്ളൂ..

ഗ്ലാസിലൂടെ പുറത്ത് നിലവിളിയോടെ ഇരമ്പി നിന്ന ആംബുലൻസിലേക്ക് കണ്ണു
പായിച്ച് ഡ്യൂട്ടി ഡോക്ടർ പറഞ്ഞു..


ചേർക്കാൻ ഒരു പേര് കിട്ടാഞ്ഞ് കാഷ്യാലിറ്റിയിലെ പെൺകുട്ടി അന്വേഷണം തുടർന്നു..
അയാളുടെ മൊബൈൽ ഉണ്ടോ??അതിലെ കോൺടാക്റ്റ് ബുക്ക് നോക്കിയാ അറിയാം

അപ്പോൾ അയാളുടെ ബെഡിനരുകിലുള്ള സ്റ്റൂളിൽ ഒരു കൂട്ടിരിപ്പുകാരിയെപ്പോലെ ആ
ടോഫി ബോക്സ് ഇരിക്കുന്നുണ്ടായിരുന്നു.. അതിന് മുകളിലായി അയാളുടെ മൊബൈലും.

നഴ്സ് മൊബൈൽ എടുത്ത് ലോക്ക് സ്വിപ്പ് ചെയ്ത് കാൾ ലിസ്റ്റ് എടുത്തു.
ലാസ്റ്റ് കാൾ ഒരു മാലതിക്കാണ്.. വിളിച്ചു നോക്കാം.. രണ്ടു റിങ്ങ്
അടിച്ചപ്പോളേക്കും ഫോൺ എടുത്തു.

എന്താ ഏട്ടാ അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞോ? മാറ്റിയോ.?
ഹലോ ഇത് ആശുപത്രി കാഷ്വാലിറ്റി നിന്നാണ്.. ഈ ഫോൺ കൈവശമുള്ളയാൾ ഇവിടെ
ചെറിയ തലകറക്കമായി അഡ്മിറ്റ് ആണ്... ഒരു സൗദാമിനിയുടെ കൂടെ വന്നതാ…


അയ്യോ... സദാശിവേട്ടനോ ?എന്തു പറ്റി ഏട്ടന്... അമ്മക്ക് ഓപ്പറേഷനാ
ഇന്ന്.. അതിന് വന്നതാ.. ഏട്ടന്….

കരച്ചിലിന്റെ വക്കോളമെത്തിയ ഫോൺ
ഏയ് കുഴപ്പമൊന്നുമില്ല.. ഡ്രിപ്പ് തീരുന്നതോടെ ശരിയാവും എന്ന് പറഞ്ഞ്
നഴ്സ് കട്ട് ചെയ്തു.

എഴുതിക്കോ പേര് സദാശിവൻ വയസ് ഒരു നാൽപ്പത്തിയഞ്ച് ബാക്കി വിലാസം ആ
പെട്ടിപ്പുറത്ത് ഉള്ളതു തന്നെയാ... സൗദാമിനി ഇയാളുടെ അമ്മയാണെന്ന്
തോന്നുന്നു. ഇയാളുടെ ഭാര്യയാ ഫോൺ എടുത്തത്.
ഓ... സമാധാനം.. കാഷ്വാലിറ്റി റജിസ്റ്ററിൽ പേര് ടൈപ്പ് ചെയ്തു കൊണ്ട്
പെൺകുട്ടി യാന്ത്രികമായി മൂളി

  പതുക്കെപ്പതുക്കെ സദാശിവന്റെ ഞരമ്പുകളിലേക്ക് ഗ്ലൂക്കോസ് ബോട്ടിലിൽ
നിന്നും ധാതുക്കൾ ചോരയിൽ ലയിച്ചു കയറി. ഒരു സ്വപ്നത്തിന്റെ അവസ്ഥയിൽ പല
ചിന്തകൾ നിറം കൂടിയും കെട്ടും തലച്ചോറിലൂടെ മിന്നിമറയാൻ തുടങ്ങി.
താൻ എത്ര കാലം മുലകുടിച്ചിട്ടുണ്ട്..? നാലു വയസു വരെ?അഞ്ചു വയസു വരെ?

മക്കളിൽ മൂത്തവനായതുകൊണ്ട് അമ്മ അയാളെ ഏറെ ലാളിച്ചായിരുന്നു വളർത്തിയത്..
തന്റെ മക്കളെല്ലാം ഓരോ വയസിന്റെ വ്യത്യാസമേ ഉള്ളന്നും അവരുടെ നാളുകൾ
തിരുവാതിര, പുണർതം പൂയം ആയില്യം എന്നീ ക്രമത്തിലാണെന്നും അമ്മ
അയൽക്കാരികളോട് അഭിമാനത്തോടെ പറയുമായിരുന്നു

തനിക്ക് നാലു വയസായപ്പോളേക്കും പിറകെ പിഞ്ചു കുട്ടികളായി അനുജത്തിമാരും
അനുജനും പിറന്നിരുന്നു. ചെറിയ കുട്ടികൾക്ക് അമ്മിഞ്ഞ കൊടുക്കുമ്പോൾ താനും
വാശി പിടിക്കുമായിരുന്നെന്നും നാലു വയസുവരെ അങ്ങിനെ മുല തന്നാ നിന്നെ
വളർത്തിയതെന്നും അമ്മ എന്നെ ഇടക്കിടെ ഓർമ്മിപ്പിച്ചിരുന്നു. ഒരു കുട്ടി
മുറ്റത്ത്, രണ്ടെണ്ണം ഒക്കത്ത് ഒന്ന് തൊട്ടിലിൽ എന്നായിരുന്നു തന്റെ
അവസ്ഥയെന്നും പേരിന് പോലും പെറ്റു കിടക്കാൻ തനിക്ക് സാധിച്ചിട്ടെ
ഇല്ലന്നും അതുകൊണ്ടാണ് തനിക്ക് ഈ വിടാത്ത നടുവേദനയെന്നുമാണ് അമ്മയുടെ
വേദം..

നാലാമത്തെ പ്രസവത്തിന് ശേഷം പ്രസവം നിർത്തിയതാണ്.മത്തൻ കീറുന്നതു പോലെ
കീറിയതാണ് തന്റെ വയറെന്ന് ഇടക്ക് പ്രാരാബ്ധം പറയുമ്പോൾ അമ്മ പറഞ്ഞു
കരയും..

 പ്രായം കൂടിയ ചെക്കന് എന്തിനാ ഇനി പാലു കൊടുക്കുന്നതെന്ന് വീട്ടുകാരും
നാട്ടുകാരും അമ്മയെ കളിയാക്കിയിരുന്നെത്രെ.. മുലയിൽ ചെന്നി നായകം
പുരട്ടാനോ അടുത്തേക്കു വരുമ്പോ ചട്ടുകം പഴുപ്പിച്ച് വക്കാനോ ഒക്കെ
അമ്മയോട് പറഞ്ഞിരുന്നത്രേ..

പാവം ന്റെ കുട്ടി... അതിന് മതിയാവോളം കുടിക്കാൻ കൊടുക്കാനോ അതിനെ
ലാളിക്കാനോ ഒന്നും നിയ്ക്ക് സമയം കിട്ടീട്ടില്ല.. താഴെയുള്ള കുട്ട്യോളെ
നോക്കണ്ടേ..

അങ്ങിനെ നാലാം വയസായപ്പോൾ നിപ്പിളുള്ള കുപ്പിയിൽ മുലപ്പാൽ നിറച്ച്
അതായിരുന്നു തനിക്ക് തന്നിരുന്നതെന്ന് വിദൂരമായ ഓർമ്മയുണ്ട്.. അച്ചനൊക്കെ
ശബരിമലക്ക് മാലയിട്ട് പോകുമ്പോൾ അമ്പലത്തിലെ കല്ലിന് ചുറ്റും മൂന്നുരു
ശരണം വിളിച്ച് തേങ്ങ എറിയുന്നതിനെ അനുകരിച്ച് ഒരു മൂവന്തിക്ക്
നടുമിറ്റത്തെ കല്ലിന് ചുറ്റും മുലപാൽ നിറച്ച കുപ്പിയുമായി ശരണം വിളിച്ചു
നടന്ന് താൻ എറിഞ്ഞു പൊട്ടിച്ചതും ഓർമയുണ്ട്.

അന്ന് മുതൽ അമ്മ പിന്നീട് പാൽ തന്നിട്ടില്ല.. താൻ ചോദിച്ചിട്ടുമില്ല.
എന്നാലും ഇളയ കുട്ടികൾക്ക് മുലകൊടുക്കുമ്പോൾ അവിടെ പോയിരുന്ന്  പാതി
തുറന്ന ബ്ളൗസിന്റെ ഇടയിലൂടെ വെളുത്തു കാണുന്ന അമ്മിഞ്ഞയെ
നോക്കിയിരിക്കുന്നത് കണ്ട്
കൊതിയൻ ചെക്കൻ... ഇപ്പളും ഇള്ളക്കുട്ട്യാന്നാ വിചാരം..
പെണ്ണുകെട്ടിക്കേണ്ട പ്രായമായി
എന്നൊക്കെ അയൽപക്കത്തെ അമ്മമാർ പറഞ്ഞിരുന്നു... അമ്മയുടെ അതേ
പ്രായക്കാരെക്കണ്ടാൽ, മറ്റൊരു സ്ത്രീ മുലയൂട്ടുന്നതു കണ്ടാൽ അങ്ങോട്ടു
നോക്കാൻ തോന്നിപ്പിക്കുന്ന ഏതോ ഒരു ദൈവം കൗമാരക്കാലം വരെ തന്നോടൊപ്പം
ഉണ്ടുറങ്ങിയിരുന്നു.

അമ്മാവൻമാരും അമ്മായിമാരുമൊക്കെയായി വലിയ കുടുംബം. അമ്മാവൻമാരുടെ കൂടെ
പാടത്തു പണിയെടുക്കാൻ വരുന്ന സമപ്രായക്കാരും പണിക്കാരത്തികളും ഒക്കെയായി
കൊയ്ത്തും മെതിയുമൊക്കെയാകുമ്പോൾ വീട്ടിൽ ഒരു പൂരത്തിനുള്ള ആളുണ്ടാകും.
പലപ്പോഴും മുതിർന്നയാളുകൾ പറയുന്ന തമാശകളുടെ അർഥം കാലം കുറെ കഴിഞ്ഞാണ്
തനിക്ക് പിടി കിട്ടിയിരുന്നത്.. കല്യാണക്കാര്യങ്ങളും സ്ത്രീ പുരുഷ
ബന്ധങ്ങളുമൊക്കെ ചർച്ചകൾ

മാമാ... എന്റെ കല്യാണം എന്നാ ?

കല്യാണക്കൂട്ടം സംസാരിച്ചിരിക്കുന്നതിനിടെ തന്റെചോദ്യം

ഒരു കൂട്ടച്ചിരിക്കു ശേഷം പണിക്കു വന്ന ആരോ ഒരു ശുപാർശ വച്ചു.. നാട്ടിലെ
പ്രധാന മുതലാളിയാണ് അപ്പുക്കാരണവർ.കാരണവരുടെ ഇളയ മകളാണ് ഇന്ദിര. അന്ന്
പതിനേഴോ പതിനെട്ടോ വയസ് പ്രായം... ഇന്ദിരയെ നമ്മുടെ ചെക്കനെക്കൊണ്ട്
കെട്ടിച്ചാലെന്താ?കാരണവർ സമ്മതിക്കും.. തീർച്ച


അതേതായാലും നന്നായി….
അതേ.. അതേ... അതാവുമ്പോൾ ചെക്കന് ഒക്കത്തിരുന്ന് ഇഷ്ടം പോലെ
മുലകുടിക്കാം.. ഓൾക്കാണെങ്കിൽ ‘ അതു രണ്ടും ഇഷ്ടം പോലെണ്ടേനും..
ഇന്ദിരക്കാണെങ്കിൽ ചെക്കനെ തലയിണയായി വച്ച് ഉറങ്ങുകേം ചെയ്യാം
രണ്ടാൾക്കും സുഖം

ന്താ സമ്മതല്ലേ... എന്നാ റെഡിയായിക്കോ.. മൂപ്പര് ഇപ്പ പാടം നോക്കാൻ വരും..

ഞങ്ങളുടെ കണ്ടത്തിന്റെ തൊട്ട കണ്ടമാണ് കാരണവരുടേത്.. പാടം നോക്കാൻ
മൂപ്പരുടെ ഒരു വരവുണ്ട്.. ഒറ്റമുണ്ട് ഉടുത്ത്.. കുറിയ ഒരു രൂപം...
വല്ലാതെ തടിച്ചു തൂങ്ങിയ മുലകൾ. രോമം നിറഞ്ഞ നെഞ്ചും.. കാരണവരോട് തന്റെ
ചോദ്യവും ഉത്തരവും കേൾക്കാൻ കാതും കൂർപ്പിച്ച് നിൽപ്പാണ് കൊയ്ത്തുകാർ..

അതേയ് ഒരു കാര്യം ചോദിക്കാന്ണ്ട്

എന്താ കുട്ടാ ചോദിച്ചോ

ഇന്ദിരേച്ചിയെ എനിക്ക് കല്യാണം കഴിച്ചു തത്വോ…???

അപ്പുറത്തെ കണ്ടത്തിൽ നിന്നുള്ള ചിരിപ്പടക്കം കേട്ടതോടെത്തന്നെ
കാരണവർക്ക് കാര്യം പിടുത്തം കിട്ടിക്കാണണം. മഹാദേഷ്യക്കാരനായ  കാരണവരുടെ
മുമ്പിൽ ആർക്കും നേർക്കുനേരെ  ചെത്തമുണ്ടാക്കാൻ പോലും ധൈര്യമില്ലാത്ത
കാലത്താണ് ഇത്തിരിപ്പോന്ന ചെക്കന്റെ പെണ്ണു ചോദ്യം

പൊട്ടിച്ചിരിച്ച കാരണവർ തൂവിപ്പോയ മുറുക്കാൻ കൂട്ട് തുടച്ചു കളഞ്ഞ് പറഞ്ഞു..

അയിനെന്താ നീ നാളെ കുളിക്കാൻ അമ്പലക്കുളത്തിലേക്ക് പോകുമ്പോൾ
കളത്തിലേക്കൊന്ന് കയറ്... ഇന്ദിര അവിടെണ്ടാവും.. അപ്പത്തന്നെ കല്യാണം…

കാരണവർ പോയതിന് ശേഷം പാടത്ത് കൂട്ടച്ചിരിയും കൂവിവിളിയുമൊക്കെയായി.
അമ്മയറിഞ്ഞ് വീട്ടിലും.


ന്റെ കുട്ടിയെ ആ കുരുത്തം കെട്ടോമ്മാര് പറ്റിച്ചതാട്ടോ.. ന്റെ കുട്ടി
വലുതായി ജോലിക്കാരൻ ഒക്കെ ആവുമ്പോ ചൂളമടിച്ചാൽ വല്യ വീട്ടിലെ
പെങ്കുട്ട്യോള് എറങ്ങി വര്വല്ലോ... ഇപ്പോ മോൻ ചെറിയ കുട്ട്യല്ലേ..

  നാട്ടിലെ സുന്ദരിയായ ഇന്ദിരയിൽ കണ്ണുവച്ച പണിക്കാരന്റെ
വേലത്തരമായിരുന്നു അതെന്ന്  പിന്നീട് കോളേജിൽ പോകുന്ന കാലത്താണ്
മനസിലായത്.. ഇന്ദിരേച്ചി തന്നെ മുലയൂട്ടുന്ന രംഗം പല തവണ മനസിൽ മിന്നി
മറഞ്ഞു പോയി. പട്ടുപാവാടയും കൂർത്തു നിൽക്കുന്ന ജമ്പറുമൊക്കെയിട്ട്
അമ്പലത്തിലേക്ക് പോകുന്ന ഇന്ദിരേച്ചിയെ കണ്ടാൽ തന്നെ പിന്നീട് നാണിച്ച്
ഒളിക്കുമായിരുന്നു..ഇന്ദിരേച്ചി പിന്നീട് ടീച്ചറായി ഒരു പട്ടാളക്കാരന്
കല്യാണം കഴിഞ്ഞു പോയി. ഒാരോ പ്രാവശ്യം കാണുമ്പോളും പഴയത് ഒാർമ വരുന്നത്
കൊണ്ട് തനിക്ക് നഖം കടിക്കാൻ തോന്നും.

 അമ്പലത്തിൽ കളം പാട്ട് തൊഴുവാൻ പോകുമ്പോളാണ് കുറുപ്പ് ഭഗവതിയുടെ കളം
വരയ്ക്കുന്നത് കണ്ടത്.. അരി കൂമ്പിച്ച് ഇട്ട് അതിന് മുകളിൽ ചുവപ്പ്
പൊടിയിട്ടാണ് ഭഗവതിക്ക് മുലകൾ ഉണ്ടാക്കുന്നത്... പരന്നു കിടക്കുന്ന
കളത്തിൽ നിന്ന് എഴുന്നു നിൽക്കുന്ന മുലകൾ. കളം മായ്കുമ്പോൾ മുലകളിൽ
കുരുത്തോല കൊള്ളാതെ ശ്രദ്ധിക്കും കുറുപ്പ്. കളമഴിച്ചാൽ ആ അരി
കുറുപ്പിനുള്ളതാണ്.

ഭഗവതിക്ക് കുട്ട്യോളുണ്ടോ അമ്മേ…

ഭഗവതീടെ കുട്ട്യോളാണ് നമ്മളൊക്കെ

അപ്പോ ഭഗവതി എല്ലാർക്കും മുലകൊടുക്ക്വോ??

ചുറ്റിലെ ആരും കേട്ടില്ലെന്ന് ഉറപ്പു വരുത്തി അമ്മ തന്റെ ചെവിയിൽ കടുത്ത
ഒരു നുള്ളൽ തന്നു…


ഭഗവതിക്കളം നോക്കീട്ട് കുരുത്തക്കേടാ ചെക്കൻ പറയണത്... ആ ഉണ്ണി
എമ്പ്രാന്തിരി എങ്ങാൻ കേട്ടാൽ തൊലി ഉരിയും…
 അന്ന്‌ ആളുകളുടെ കണ്ണിൽ കരടു പെട്ടാൽ കണ്ണിൽ മുലപ്പാൽ ഒഴിക്കുന്നതാണ്
ചികിത്സ..അതിനായി വാതിൽ മറഞ്ഞു നിന്ന് എത്രയോ തവണ അമ്മ മുല പിഴിഞ്ഞ്
പാലെടുത്തു കൊടുത്തിരുന്നു..

അമ്മിണിയാടും പുള്ളിപ്പയ്യും വീർത്ത അകിടുകൾ കൊണ്ട് എത്ര കുട്ടികളെ
ഊട്ടിയിട്ടുണ്ട്... കുട്ടികളുടെ ചേരി വായിൽ മുലപ്പാലിന്റെ പത
തുള്ളിക്കളിക്കുന്നുണ്ടാകും
        പിന്നെ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ബഞ്ചിൽ ഒപ്പമുണ്ടായിരുന്നത്
സന്തോഷായിരുന്നു.. എന്താണ് കാരണം എന്നിപ്പോളും അറിയാതെ ആത്മഹത്യ
ചെയ്തുപോയി സന്തോഷ് പിന്നീട്. ഒപ്പം പഠിക്കുന്ന പെൺകുട്ടികളിൽ പലർക്കും
വലിയ മാറിടങ്ങൾ ഉണ്ടായിരുന്നു.സന്തോഷ് പലപ്പോഴും അതിനെക്കുറിച്ച്
പറയും... മുലയൂട്ടുന്നതിലപ്പുറം മുലകൾക്ക് മറ്റെന്തെങ്കിലും ധർമം
ഉള്ളതായി അന്നറിയാതിരുന്ന താൻ അന്തം വിട്ട് കേട്ടിരിക്കും..

രസതന്ത്രം പഠിപ്പിച്ചിരുന്നത് സുധാദേവി ടീച്ചറായിരുന്നു.. അമ്മയുടെ ഒപ്പം
പഠിച്ചിരുന്നതായിരുന്നു ടീച്ചർ.


യൂണിറ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദ്രവ്യത്തിന്റെ അളവാണ് സാന്ദ്രത
ടീച്ചർ ബോർഡിലെഴുതുമ്പോൾ വശം മാറിയ സാരിപ്പഴുതിലൂടെ ഉയർന്നു നിന്ന ബ്ലൗസ്
ചൂണ്ടി സന്തോഷ് പറഞ്ഞു…
ഡാ... നോക്കടാ.. അങ്ങോട്ടു നോക്കടാ… സാന്ദ്രത..

തന്റെ നോട്ടവും സന്തോഷിന്റെ മുഖഭാവവും കണ്ട് പന്തികേട് തോന്നിയ ടീച്ചർ
സാരി ശരിക്ക് പിടിച്ചിട്ട്.. എന്തിനെന്നു കൂടി ചോദിക്കാതെ വടി മുറിയും
വരെ രണ്ടാളെയും പൊതിരെത്തല്ലി... മുലകളിൽ തനിക്കറിയാത്ത എന്തോ ഒരു പാപം
ഒളിഞ്ഞു കിടപ്പുണ്ടെന്ന് കൈവെള്ളയിലെ തിണർത്ത പാടുകൾ പിന്നെയും പിന്നെയും
നീറി.

  കോളേജിലെ ആദ്യ ദിവസം  റാഗ് ചെയ്യാൻ പിടിച്ച സീനിയേഴ്സ് ന്യൂട്ടന്റ
നിയമം പറയാനാണ് തന്നോട് പറഞ്ഞത്

തപ്പിത്തടഞ്ഞ്ചലന നിയമം പറഞ്ഞപ്പോൾ തന്റെ നോട്ടുപുസ്തകം എടുത്ത് ആദ്യ
പേജിൽ അവർ എഴുതിച്ചു

ദി സൈസ് ഓഫ് ദി ബ്രാ ഈസ് ഡയറക്ട്‌ലി പ്രൊപ്പോഷണൽ ടു ദി സൈസ് ഓഫ് ദി ബ്രസ്റ്റ്


പുതിയ നോട്ടുപുസ്തകത്തിന്റെ ആദ്യ പേജിൽ തന്നെ നിർബന്ധിച്ച് എഴുതിച്ചപ്പോൾ
അവരുടെ മുഖത്തെ ഭാവത്തിന്  ഒരുച്ചപ്പടത്തിന്റെ കുളിരുണ്ടായിരുന്നു.

   മുലകൾ വെറും മുലകളല്ലെന്നും അവ മറ്റെന്തൊക്കെയോ ആണെന്ന് പല
കൂട്ടുകെട്ടുകൾ ആവർത്തിച്ചുറച്ചു. ഇടയ്ക്ക് കൊറിയർ കമ്പനിയിൽ ജോലി
ചെയ്യുമ്പോൾ ഒപ്പം വർക്ക് ചെയ്യുന്ന സുഭദ്ര. ആരും ഇല്ലാതാവുന്ന നേരത്ത്
സദുവിനെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ് ചേർന്നു നിന്നപ്പോൾ ദേഹത്തുരസിയ
അവളുടെ മാറിന് കല്ലിന്റെ ദൃഢതയായിരുന്നു. ഇഷ്ടപ്പെട്ട ആണുങ്ങളെ കാണുമ്പോൾ
പെണ്ണിന്റെ മുലക്കണ്ണുകൾ ദ‍ൃഢമാകുമെന്ന് കൂസലില്ലാതെ പറഞ്ഞ സുഭദ്ര.
അവളോട് ഒരിഷ്ടമൊക്കെ തോന്നിത്തുടങ്ങിയിരുന്നു.
ഒരു നട്ടുച്ചക്ക് പാഴ്സൽ തിരയുകയായിരുന്ന തന്നെ പിറകിലൂടെ വന്ന്
കെട്ടിപ്പിടച്ച് എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ച്  തന്റെ കൈ
പിടിച്ച് അവളുടെ ദൃഢതക്കുമേൽ വയ്പിച്ചയന്നാണ് ആ പണി ഉപേക്ഷിച്ച്
പോരുന്നത്.
      കാലമെത്ര കഴിഞ്ഞുപോയി.. മാലതിയെ കല്യാണം കഴിച്ച ആദ്യരാത്രികളിൽ
ജനൽപ്പഴുതിലൂടെ ഒഴുകി വന്ന നിലാവിൽ നിഴലും വെളിച്ചവുമായി അറിഞ്ഞവയെ
കണ്ടുരുമ്മിയതും അവയുടെ കണ്ണുകളിൽ തന്നെ ഒരു കുട്ടിയാക്കി
ഒളിച്ചുവയ്ക്കുമ്പോളും പവിത്രമായ എന്തിനെയോ ആഴത്തിലറിയുകയായിരുന്നു.
തനിക്കു സ്വന്തമായി കിട്ടിയതിന്റെ ആനന്ദങ്ങൾ.പിന്നെ മാലതി കുട്ടികൾക്ക്
മുലകൊടുക്കുമ്പോൾ നോക്കിയിരുന്നിട്ടുണ്ട്..
ങ്ങളെ പഴയ ശീലം അമ്മ ഇന്നാള് എന്നോട് പറഞ്ഞു…. കള്ളൻ...
ഇള്ളക്കുട്ട്യന്നുമല്ലല്ലോ.. ങ്ങനെ കൊതി കൂട്ടാൻ..

   അങ്ങിനെയിരിക്കെയാണ് അമ്മക്ക് കലശലായ നെഞ്ചുവേദന വന്നത്. മാറിടത്തിൽ
രണ്ടിലും സൂചികൾ കുത്തിക്കയറുന്ന വേദനയെന്ന് അമ്മ ആദ്യം പറയുമായിരുന്നു.
തൈലം പുരട്ടിയും കയ്പൻ വേപ്പിന്റെ ഇല അരച്ചുപുരട്ടിയും
മഞ്ഞളരച്ചുപുരട്ടിയിട്ടുമൊന്നും വേദന കുറഞ്ഞില്ല.. കടുത്ത ക്ഷീണവും
ചർദ്ദിയുമൊക്കെപിറകേ വന്നു... മെലിഞ്ഞ് വല്ലാതായി തുടങ്ങിയപ്പോളാണ്
ടൗണിലെ ഡോക്ടറെ കാണാൻ അമ്മയെ സമ്മതിപ്പിച്ച് കൊണ്ടു പോയത്. വേദന
നിൽക്കാനുള്ള ഗുളിക മാത്രം നൽകി വലിയ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഗുളിക
കഴിച്ചാൽ അമ്മവേദനയറിയാതെ മയങ്ങും.. വേദന കൂടുന്ന രാത്രികളിൽ
എഴുന്നേറ്റിരുന്ന് മാറിടത്തെ ഉഴിയും

സ്കാനിങ്ങ് കഴിഞ്ഞപ്പോളാണ് തന്നെ വിളിച്ച് ഡോക്ടർ പറയുന്നത്...
അല്പം പ്രശ്നങ്ങളുണ്ട്... ഇത്തിരി വൈകിപ്പോയിട്ടുണ്ട്... റിമൂവ്
ചെയ്യുകയേ നിവൃത്തിയുള്ളൂ... ബ്രസ്റ്റ് ക്യാൻസർ ആണ്... ഇപ്പളേ ചെയ്താൽ
റിക്കവറിയുണ്ടാകും…

   അമ്മയോട് ഇതെങ്ങനെ പറഞ്ഞറിയിക്കുമെന്ന് മാലതിയോട് കുറെ ആലോചിച്ചു.
അവസാനം ധൈര്യം സംഭരിച്ച് ഒരു വൈകുന്നേരം കാര്യങ്ങൾ പറഞ്ഞു... അന്ന് അമ്മ
കുറെ കരഞ്ഞു... മാറിടമില്ലാത്ത അമ്മയെ സങ്കല്പിച്ചു കിടന്നിട്ടാവണം ആകാശം
മുട്ടെ വളർന്ന ഒരു മലയുടെ മുകളിൽ നിന്ന് ആരോ തന്നെ താഴെക്ക്
വലിച്ചെറിയുന്നതായി സ്വപ്നം കണ്ട് ഞെട്ടിയുണർന്നിട്ടുണ്ട് അന്നാളുകളിൽ.

  അമ്മ പക്ഷെ പ്രസന്നവതിയായിരുന്നു പിന്നീട്.. അമ്മ തന്നെ
രോഗത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങുമായിരുന്നു

ഇനി ഇപ്പോ ഈ വയസാംകാലത്ത് എന്തിനാ അല്ലെങ്കിൽ ഇത്... അതിന്റെ പണിയൊക്കെ
അതെടുത്ത് തീർത്തിട്ടുണ്ട്... നാലെണ്ണത്തിന് മതിയാവോളം
കൊടുത്തിട്ടുണ്ട്...നെനക്കൊ കൂടുതൽ തന്നത്.. അതോണ്ടാ കൂട്ടത്തിൽ
നിനക്കിത്ര ചന്തവും ആരോഗ്യോം.. നിനക്കേ കുടി നിർത്തിപ്പിന്നെ കുപ്പീ
ലാക്കീം തന്നിട്ടുണ്ട് കുറെ... അവസാനം നീയന്നെ ശരണം വിളിച്ച് കുപ്പി
നടുമിറ്റത്ത്‌ എറിഞ്ഞ് പൊട്ടിച്ചന്നാ  നിർത്തീത്..

അമ്മ ചിരിക്കുകയാണെങ്കിലും കണ്ണിലെവിടെയോ നനവുണ്ട്... മാറ് ചുരന്ന
മണമുണ്ട്.. അതേറ്റാണ്
തന്റെ കണ്ണിലും വെള്ളം നിറഞ്ഞ് മാലതിയുടെ കണ്ണിലേക്കും പടർന്നത്…
   ഓപ്പറേഷന്റെ തിയ്യതി അടുത്തപ്പോൾ മാത്രം അമ്മ മൂകയായിത്തുടങ്ങി.
വീടും. പൂമുഖത്ത് കെടാവിളക്കിൽ പുഞ്ചിരിച്ചു നിൽക്കുന്ന അച്ഛന്റെ
ഫോട്ടോക്കു മുമ്പിൽ അമ്മ ഏറെ നേരം നോക്കിയിരിക്കുന്നത് പതിവായി

 കുട്ട്യോൾക്കൊക്കെ വേണ്ടോളം കൊടുത്തിട്ടുണ്ടെന്ന് അറിയാലോ.. ഇനി
സൗദാമിനിക്ക് എന്തിനാ ഈ ഭാരം.. ഇതെറക്കിവയ്ക്കാണ്…. ങ്ങക്ക്
സമ്മതല്ലേ….??
ഫോട്ടോയക്കു പിറകിൽ നിന്ന് പല്ലി ചിലക്കും. അമ്മ കണ്ണു തുടയക്കും.

വിവരമറിഞ്ഞ് അന്വേഷണത്തിനെത്തുന്ന അയൽപക്കക്കാരോട് അമ്മ തമാശ പറയും

മാറിലൊക്കെ ചിതലാ മാളുട്ട്യേ..തുരന്ന് തുരന്ന്
ഒാട്ടപ്പെടാറായിരിക്കുണു.. ഇനിപ്പോ ഇത് നിർത്ത്യാ ചെതല് എന്നേ മൊത്തം
കാർന്ന് തിന്നുംന്നാ ഡോക്ടമാര് പറേണേ..അപ്പ അങ്ട് എട്ത്ത് കളയാന്നാ
തീരുമാനം..രണ്ടീസം കൂടി കഴിഞ്ഞാ ഈ ഭാരം പോയി ട്ടോ.
   അമ്മയെന്താ ഇങ്ങിനെയൊക്കെ പറേണത്.. അമ്മേടെ ഉള്ളിൽ നല്ല സങ്കടണ്ട്
ട്ടോ.. നമ്മളെ കാണിക്കാതിരിക്കാൻ ചിരിച്ചു കാണിക്കാണ്... അതിപ്പോ ഏത്
പെണ്ണിനായാലും ഉണ്ടാകും വെഷമം. പെണ്ണിനെ പെണ്ണാക്കുന്നത് അതിന്റെ മാറാ.
മാറില്ലെങ്കിൽ പെണ്ണില്ല..മാറാണ് പെണ്ണിന്റെ ധൈര്യവും അഭിമാനവും.അവനോന്
വന്ന് അനുഭവിക്കുമ്പളേ അതിന്റെ വേദന അറിയൂ…

തന്നെ മുറിയിലേക്ക് മാറ്റി നിർത്തി മാലതി പറയുകയായിരുന്നു…
എന്താപ്പൊ ചെയ്യാ... രോഗം വന്നു പോയിലേ.. ഇപ്പൊ ഇതു ചെയ്താല് അമ്മേ
ജീവനോടെ കുറെക്കാലം കാണാലോ??
എന്താ അച്ഛാ അച്ചമ്മക്ക്... എന്തിനാ ആശുപത്രിക്കൊണ്ടു പോണേ…?

കുട്ടികളുടെ ചോദ്യത്തിന് അമ്മയാണ് ഉത്തരം പറഞ്ഞത്..

കുട്ട്യോള് സങ്കടപ്പെടണ്ട... അച്ചാമ്മക്ക് ഒന്നൂല്ല ട്ടോ… ഒര് പ്രായം
കഴിഞ്ഞാ ചില കളിപ്പാട്ടം കുട്ട്യോള് കളയില്ലേ... അത്രന്നെ…അച്ചമ്മയും ചെല
കളിപ്പാട്ടം അങ്ട് ഉപേക്ഷിക്കാണ്..


ഓപ്പറേഷൻ തിയ്യതിക്ക് രണ്ടു ദിവസം മുമ്പ് അനുജത്തിമാരും അനുജനുമൊക്കെ
വന്നു പോയി.. ജോലിയും താമസവുമൊക്കെ ദൂരെ ആയിരുന്നതിനാൽ അമ്മ തന്നെ അവരോട്
നിൽക്കണ്ട എന്നു പറഞ്ഞു…

ങ്ങള് ഇത്ര ദൂരത്ത് നിന്ന് വന്ന് നിക്കണ്ട കാര്യമൊന്നൂല്ല... ഇവടെ ഇവനും
മാലതിണ്ടല്ലോ..
മാറിലേക്ക് കൈ രണ്ടും വച്ച് അമ്മ തുടർന്നു..
അല്ലങ്കിലും ഈ രണ്ടിലും ഇവനാ കൂടുതൽ അവകാശോം... അവൻ നോക്കിക്കോളും..

      ഓപ്പറേഷന്റെ തലേന്ന് കുറെ ടെസ്റ്റുകൾ ഉണ്ടായിരുന്നതുകൊണ്ട്
നേരത്തേ പോന്നതാണ്.. രാത്രി അമ്മ പതിവിലേറെ ശാന്തയായി ഉറങ്ങി... ബ്ലൗസ്
ഒഴിവാക്കി ഏറെ നേരം കണ്ണാടി നോക്കി.. വിരലുകൾ കൊണ്ട് മാറിടത്തെ തഴുകി
ഉറക്കി. തെട്ടപ്പുറത്തെ കിടക്കയിൽ നേരം പുലരും വരെ താനുറങ്ങാതെ കിടന്നു.
ഒന്നു കണ്ണടച്ചാൽ ചോര കിനിയുന്ന മാറുമായി എഴുന്നേറ്റ് ഒാടുന്ന
അമ്മ..മുലകളുടെ സ്ഥാനത്ത് ചുകന്ന രണ്ടു കുഴികൾ. പിന്നീടെപ്പോഴോ അമ്മയുടെ
കൈകൾ തന്നെ പൊതിയുന്നതായും താൻ ആ നെഞ്ചിൽ    മുഖം പൂഴ്ത്തി
കിടക്കുന്നതായും കണ്ട ആ സ്വപ്നത്തിലൂടെ താൻ ഒന്നു മയങ്ങി.രാവിലെ തന്നെ
വിളിച്ചുണർത്തിയത് അമ്മയാണ്. പതിവിലേറെ നിറഞ്ഞ ചിരി. അന്നുടുത്ത
സാരിയിലും ബ്ളൗസിലും അമ്മ പതിവിലേറെ സുന്ദരിയായിരുന്നു. മാറിടത്തിന്
ഭഗവതിക്കളത്തിലെതെന്നപോലെ ലോകത്തോട് മൊത്തം ചുരത്തുന്ന ഭാവം.

നീയിങ്ങനെ നോക്കണ്ട എനിക്ക് ദിമ്പിടി സങ്കടല്യ..എന്നു പറഞ്ഞ് അമ്മ
പൊട്ടിക്കരയുന്നത് കണ്ട് തനിക്കും സഹിക്കാനായില്ല..തലേന്നു കണ്ട
സ്വപ്നത്തിലെന്ന പോലെ അമ്മയുടെ മാറിൽ മുഖമമർത്തി എത്ര നേരം താനിരുന്നു
എന്നറിയില്ല. വാതില്കൽ ആരോ വന്നു മുട്ടുന്നത് കണ്ടാണ് രണ്ടാളും കണ്ണു
തുറന്നത്. ചീർത്തു പോയ കവിളുകൾ തുടച്ചത്.

അമ്മേ വേഗം റെഡിയായിക്കോളു ട്ടോ..

ഈ കുട്ടി അമ്മേ ന്ന് വിളിക്കണകേട്ടാൽ നമ്മടെ ശകുന്തള വിളിക്കുന്ന പോലെ
തോന്നാടാ..ഞാൻ മുല കൊടുത്തു വളർത്തിയ പോലെ.
അമ്മ അനുജത്തിയുടെ കാര്യമാണ് പറയുന്നത്..
നഴ്സ് തന്നെ നോക്കി ചിരിക്കാൻ വേണ്ടി വെറുതെ ചിരിച്ചു.
    രാവിലെ പത്തു മണിക്ക് ഓപ്പറേഷന് കയറ്റിയതാണ്. ബ്ലഡ് നേരത്തെ തന്നെ
ബ്ലഡ് ബാങ്കിൽ നിന്ന് ഏർപ്പാട് ചെയ്തിരുന്നു. തന്റെയും അമ്മയുടെയും
ഗ്രൂപ്പ് ഒന്നായതാണ് ഒരു സമാധാനം…


‘ അല്ല... താനിതെവിടെയാണ്…? ഓപ്പറേഷൻ തീയറ്ററിൽ കയറി അമ്മയെ
കണ്ടതാണല്ലോ... അമ്മ മയക്കം തെളിയാതെ ഉറങ്ങുന്നുണ്ടായിരുന്നല്ലോ...
മാറിടത്തിന്റെ സ്ഥാനത്ത് ബാൻഡേജിന്റെ പരപ്പായിരുന്നല്ലോ…. റിമൂവ് ചെയ്ത
മുലകൾ അടച്ചു വച്ച ടോഫി ബോക്സ് ലാബിൽ ഏൽപ്പിക്കാൻ വേണ്ടി നഴ്സ്
തന്നതാണല്ലോ.. അതുമായി ലിഫ്റ്റിൽ കയറിയതായിരുന്നല്ലോ... പിന്നീട്
പിന്നിട്… ആ ടോഫി ബോക്സ് തന്റെ കയ്യിൽ തന്നെ
ഉണ്ടായിരുന്നല്ലോ…അതെവിടെപ്പോയി..പിഴ എന്റെ പിഴ ഏറ്റവും വലിയ പിഴ.

   മയക്കം വിട്ട കണ്ണുകൾ തുറന്നിട്ടും സദാശിവന് അമ്പരപ്പ്
വിട്ടുമാറിയില്ല... അയാൾ ഒന്നുകൂടി ഓർത്തെടുക്കാനായി കണ്ണുകൾ ഒന്നുകൂടി
ഇറുക്കിയടച്ചു..

      സൗദാമിനിയുടെ ആളുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇരുമ്പു കസേരയിൽ നിന്ന്
ചാടിപ്പിടഞ്ഞെഴുന്നേറ്റ് സദാശിവൻ ഓപ്പറേഷൻ തീയറ്ററിന്റെ ഗ്ലാസ്
ജാലകത്തിലെ ചുവന്ന കുരിശിലേക്ക് ചെന്നു മുട്ടി…

സർജറി കഴിഞ്ഞു.. ബോധം തെളിഞ്ഞിട്ടില്ല. ചെരുപ്പൂരി വച്ച്
കയറിക്കണ്ടോളൂ... അധിക സമയം നിൽക്കരുത്.


ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ നഴ്സിനെ സദാശിവൻ തറഞ്ഞു നോക്കി. കഴുത്തിന്
താഴെ കാൽ വരെ ഒരേവണ്ണത്തിൽ ഗൗൺ ഇട്ട് സംസാരിക്കാൻ വേണ്ടി മാത്രം അപ്പോൾ
അഴിച്ചിട്ട മാസ്ക് തിരിച്ചു കെട്ടി നടന്നപ്പോൾ സദാശിവന് നേരെത്തെ റൂമിൽ
വന്ന നഴ്സ് ആണോയെന്ന് സംശയം തോന്നി.
     സ്ട്രച്ചറിൽ കഴുത്തിന് താഴേ കാൽ വരെ വലിച്ചിട്ട ആശുപത്രിയുടെ
നീലപ്പുതപ്പിന് താഴെ അമ്മ ഉറങ്ങി കിടപ്പുണ്ടായിരുന്നു.. മാറിടത്തിന്റെ
ഭാഗത്തേക്ക് അടക്കാൻ വയ്യാത്ത ആകാംക്ഷയോടെ സദാശിവൻ തുറിച്ചു നോക്കി.
കനത്ത ബാൻഡേജുകളിൽ അവിടം ആകെ പരന്നു പോയിരുന്നു. സദാശിവൻ അമ്മയുടെ
നെറ്റിയിൽ ഒന്നു തൊട്ടു നോക്കാൻ തുടങ്ങിയപ്പോഴേക്കും നഴ്സ് വന്ന് ഒരു
പ്ലാസ്റ്ററിക് ടോഫി ബോക്സ് കയ്യിലേല്പിച്ചു. പിറന്നാളിന് കൂട്ടുകാർക്ക്
നൽകാൻ അമ്മ ഏൽപിക്കാറുള്ള പെട്ടി പോലെ ഒന്ന്. തിയറ്ററിന്റെ തണുപ്പിൽ
അതിനുള്ളിൽ അവിടവിടെ  വിയർപ്പുതുള്ളികൾ പൊന്തിയിരുന്നു..

ഇതു കൊണ്ടുപോയി ലാബിൽ കൊടുക്കണം.

 നഴ്സിന്റെ കയ്യിൽ നിന്നും ബോക്സ് വാങ്ങിച്ച് തിയറ്ററിൽ നിന്നും
പുറത്തിറങ്ങി സദാശിവൻ ലിഫ്റ്റിന് മുമ്പിൽ കാത്തുനിന്നു. ടോഫി
ബോക്സിനുള്ളിൽ എന്തായിരിക്കും എന്ന ചോദ്യത്തിന് ഉത്തരമായി ലിഫ്റ്റിന്റെ
വാതിൽ തുറന്ന് മുഴച്ചു നിന്ന മാറിടം കൊണ്ട് ഗൗണിട്ട ലിഫ്റ്റ് ഓപ്പറേറ്റർ
പ്രത്യക്ഷപ്പെട്ടു. ആ നിലയിൽ നിന്ന് വേറെ യാത്രക്കാരുണ്ടായിരുന്നില്ല.
ലാബിലേക്ക് പോകേണ്ട മൂന്നാം നില പറഞ്ഞു കൊടുത്ത് ലിഫ്റ്റിനുള്ളിലെ
സ്റ്റൂളിൽ ഇരുന്ന് സദാശിവൻ ടോഫി ബോക്സിന് ഉള്ളിലേക്ക് ഒന്നു നോക്കി.
അപ്പോൾ അയാൾക്ക് തൊണ്ട വരളുന്നതു പോലെയും ദേഹം കുഴയുന്ന പോലെയും തോന്നി.
തന്റെതായ എന്തോ തന്നിൽ നിന്ന് എന്നെന്നേക്കുമായി അകന്നു പോയ പോലെ. ചോര
മുഴുവനും വാർന്നു പോയി തന്റെ കനം കുറഞ്ഞു കുറഞ്ഞു വന്ന് മുകളിലേക്ക്
ഉയരുന്ന പോലെ. മുകളിലേക്ക് നോക്കുമ്പോൾ ഭഗവതിക്കളത്തിൽ കൂമ്പിച്ചിട്ട അരി
പോലെ മേഘങ്ങൾ കാണുന്ന പോലെ. ഒരു ബലത്തിനായി അയാൾ ടോഫി ബോക്സ് നെഞ്ചോട്
ചേർത്തു പിടിച്ചു. പിന്നെയും ദാഹം കൂടിയപ്പോൾ വന്യമായി ടോഫി ബോക്സിന്
മുകളിലേക്ക് ചുണ്ടുകൾ ചേർത്തുവച്ചു. ലിഫ്റ്റ് ഓപ്പറേറ്റർ
ശ്രദ്ധിക്കുന്നുണ്ടോ എന്നു നോക്കാതെ ടോഫി ബോക്സിന് മുകളിൽ അയാളുടെ
ചുണ്ടുകൾ വല്ലാതെ ഉരുമ്മി. അപ്പോൾ  തന്റെ ചുണ്ടുകളിലേക്ക് നേർത്ത
മധുരത്തോടെ അമ്മ ചുരന്നു വരുന്നതായും തന്റെ കണ്ണുകൾ അടഞ്ഞുപോകുന്നതായും
അയാൾക്ക് തോന്നി. അമ്മയുടെ തണുത്ത വിരലുകൾ തനിക്ക് എക്കിൾ
വരാതിരിക്കാനായി മൂർദ്ധാവിൽ ചെറുതായി തട്ടുന്നതായി തോന്നി സദാശിവൻ കുളിർ
കൊണ്ട് വിയർത്ത് ഇരുന്ന സ്റ്റൂളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.


      ( ശിവപ്രസാദ് പാലോട്)