മനസ്സിന്റെ കനം അങ്ങോട്ട് വിടുന്നില്ല.. നാടകീയമായ സംഭവങ്ങളാണ് ഓരോ ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്നത്.. അല്ലെങ്കില്‍ എന്ത് കൊണ്ടാണ് ടോമി തനി മോളെ കടിച്ചത് ..?അത് കൊണ്ടല്ലേ ഇങ്ങിനെയെല്ലാം ഉണ്ടായത് ..
പരിചയപ്പെട്ട അന്ന് മുതല്‍ അവര്‍ തമ്മില്‍ നല്ല കൂട്ടായിരുന്നല്ലോ ..എന്നും ഒപ്പം കളിക്കുന്നവര്‍ ..ഇതിലേറെ വഴക്കടിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടും തനി മോളില്‍ നിന്നും കടുത്ത പ്രതികരണങ്ങള്‍ ഉണ്ടായിരുന്നിട്ടും ടോമി ഇത്ര കാലം ആക്രമണകാരി ആയിട്ടില്ല ..ടോമി എത്ര കുറുമ്പ് കാണിച്ചാലും തനി ഒരു തൂവാല കൊണ്ട് പോലും അവന്റെ നേരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ഇല്ല .. ഒരു പക്ഷെ അവര്‍ രണ്ടു പേരും ഒപ്പമാണ് വളര്‍ന്നത് എന്ന് പോലും പറയാം. ജോലി തിരക്ക് കാരണം തനിയുടെ ഒപ്പം ചിലവഴിക്കാന്‍ വേണ്ടത്ര സമയം കിട്ടിയിട്ടില്ല എന്നതൊരു പച്ച പരമാര്‍ത്ഥമാണ്. ടോമി ആയിരുന്നു അവളുടെ കളിക്കൂട്ടുകാരന്‍, വിശ്വസ്തന്‍.
അതിനെ കൊണ്ട് വന്ന അന്ന് ആദ്യം ഒന്നറച്ചു നിന്നെങ്കിലും കുഞ്ഞിക്കണ്ണ്‍ മിഴിക്കാന്‍ പോലും ആകാത്ത അതിനെ പിന്നെ അവള്‍ കൗതുകം കൊണ്ട് പിന്‍തുടരുകയായിരുന്നു. അതിനു പാത്രത്തില്‍ പാല് വച്ച് കൊടുക്കുമ്പോള്‍ പാതി കണ്ണടച്ച് അത് പാല് നക്കി നക്കി കുടിക്കുന്നത് കാണുന്നത് തനിമോള്‍ക്ക് ഒരു ഹരമായിരുന്നു. ഗ്ലാസില്‍ പാലുകുടിക്കുന്നതിനു പകരം തനിയും പ്ലേറ്റില്‍ പാലൊഴിച്ച് അവനെ അനുകരിച്ച് നക്കി കുടിക്കാന്‍ ശ്രമിച്ചത് വീട്ടില്‍ വളരെ ഒച്ചപ്പാടുണ്ടാക്കിയ സംഭവം തന്നെ ആയിരുന്നു .. പിന്നെ അവള്‍ നടക്കുന്നതിനു ഒപ്പം അതും നടന്നു പഠിച്ചു. വളര്‍ത്തുമ്പോള്‍ എന്തിനും ഒരു പേര് വേണമല്ലോ ..തിരക്കൊഴിഞ്ഞ ഒരു സായാഹ്നത്തില്‍ കുറെ ഏറെ പേരുകള്‍ ഒരു പാത്രത്തിലിട്ട് അതില്‍ നിന്നും ഒന്ന് നറുക്കിട്ട് എടുക്കാം എന്ന ആശയം ആദ്യം പറഞ്ഞത് ശ്രീമതിയായിരുന്നു. അങ്ങിനെ അവനു ടോമി എന്ന പേര് കിട്ടി.
അവന്‍ വലുതായി തുടങ്ങി ..അവളും. ടോമിക്ക് കഴുത്തില്‍ ഒരു ചെറിയ ബെല്‍റ്റ് ഒക്കെ കെട്ടിക്കൊടുത്തത് തനിമോള്‍ തന്നെ ആയിരുന്നു. സ്ഥിരമായി കെട്ടി ഇടാറില്ലെങ്കിലും വീട്ടിലുള്ളവര്‍ പുറത്ത് പോകുമ്പോള്‍ അവന്‍ ഗേറ്റിലൂടെ പുറത്ത് പോകാതിരിക്കാന്‍ ബെല്‍ട്ടില്‍ ഒരു ചെറിയ ചങ്ങല കൊളുത്തി പോര്‍ച്ചിന്റെ തൂണില്‍ തടഞ്ഞിടുമായിരുന്നു ആദ്യകാലത്ത്. വരുന്നത് വരെ അവന്‍ നേര്‍ത്ത ശബ്ദത്തില്‍ മോങ്ങിക്കൊണ്ടിരിക്കും. ടോമി കരയുകയായിരിക്കും എന്ന് പറഞ്ഞു പോയ ഇടത്ത് നിന്നും ധൃതി പിടിച്ചു മടങ്ങാന്‍ തനിമോള്‍ക്ക് എന്നും ഒരു കാരണവും ആയിരുന്നു. അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചിലപ്പോളൊക്കെ പാര്‍ക്കില്‍ അവനെയും കൊണ്ട് പോയിട്ടുമുണ്ട്. ഒരു ദിവസം അവളെ കൂട്ടാതെ വീട്ടിലിരുത്തി അയല്‍പ്പക്കത്ത് പോയി തിരിച്ചു വന്നപ്പോള്‍ ടോമിയുണ്ട് ഗേറ്റില്‍ ..ഉമ്മറത്ത് പോയപ്പോള്‍ ടോമിയുടെ ബെല്‍റ്റ് അഴിച്ചു തനിമോള്‍ കഴുത്തില്‍ കെട്ടിയിരുന്നു. ടോമി യെ കെട്ടി ഇടുന്നപോലെ ചങ്ങല ബെല്‍ട്ടില്‍ ബന്ധിച് പോര്‍ച്ചിന്റെ തൂണിനോട് ചേര്‍ന്ന് തനി മോള്‍ കിടക്കുന്നു ..ആകെ അന്ധാളിച്ചു പോയ അന്ന് രാത്രിയാണ് ടോമിക്ക് ഒരു കൂട് പണിയണം എന്ന പദ്ധതി വന്നത്. അങ്ങിനെ മുറ്റത്ത് ഒരു ചെറിയ വീട് കൂടി ..അങ്ങിനെയാണ് തനി പറയുക ..ടോമിയുടെ വീട് ..ഉയര്‍ന്നത്. പിന്നെ അവളുടെ ഭാഷ അങ്ങിനെയായി..ടോമിയുടെ വീട്ടില്‍ നിറയെ അഴുക്കാണ്..ടോമിയുടെ വീട്ടില്‍ ഉറുമ്പ് വന്നിരിക്കുന്നു ..ടോമിയുടെ വീട്ടിലേക്കു വെയില്‍ അടിക്കുന്നു ..മഴ കൊള്ളുന്നു അങ്ങിനെയങ്ങിനെ .. ടോമിയില്‍ നിന്നും തനിയാണോ തനിയില്‍ നിന്നും ടോമിയാണോ പഠിക്കുന്നത് എന്ന് സംശയമായിരുന്നു. അവള്‍ ഒരു പന്ത് തൊടിയിലേക്ക് വലിച്ചെറിഞ്ഞാല്‍ ടോമി ഓടിപ്പോയി അത് കടിച്ചെടുത്ത് കൊണ്ട് വരും.. അവനെപ്പോലെ മണത്തു മണത്തു അവള്‍ അടുക്കളയിലെ പാത്രങ്ങള്‍ തിരയും. അവളുടെ സ്കൂള്‍ വണ്ടി തിരിവ് തിരിഞ്ഞാല്‍ അവന്‍ അറിയും. അപ്പോള്‍ തുടങ്ങി അവള്‍ വന്നു കൂട് തുറക്കും വരെ അവന്‍ കൂട്ടില്‍ കിടന്നു പൊരിയും .. അവളുടെ ഡയറി മുഴുവന്‍ ടോമിയെ കുറിച്ചുള്ള കാര്യങ്ങള്‍ ആയിരുന്നു, സ്കൂളില്‍ ടീച്ചര്‍മാര്‍ അവളെ അതും പറഞ്ഞു കളിയാക്കുമായിരുന്നു.
മിനിഞ്ഞാന്ന് എന്താണ് ഉണ്ടായത് എന്നറിയില്ല ..അവര്‍ രണ്ടും കൂടി പതിവ് പന്തെറിയലും കടിച്ചു കൊണ്ടുവരലും നടക്കുന്നതിനിടെയാണ് തനിയുടെ കരച്ചില്‍ കേട്ടത് ..നോക്കിയപ്പോള്‍ അവളുടെ ഫ്രോക്കിന്റെ പാതി ടോമിയുടെ വായിലാണ് ..ഫ്രോക്കുകീറിപ്പോയ അവളുടെ പിന്‍ ഭാഗത്ത് രണ്ടു മൂന്നിടങ്ങളിലായി ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു .. കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു.
ഡാഡീ ഈ ടോമിയെന്നെ കടിച്ചു ..ഞാന്‍ വാലില്‍ അറിയാതെ ഒന്ന് ചവിട്ടിയതെ ഉള്ളൂ.
ടോമി എന്ത് പറ്റിയെന്നറിയാതെ പതിവ് ഭാവത്തില്‍ ഫ്രോക്കിന്റെ ഭാഗം അവളുടെ മുന്നില്‍ കൊണ്ട് പോയി ഇട്ടു കൂട്ടില്‍ കയറി കിടന്നു .. തനിയേയും കൊണ്ട് ആശുപത്രിയിലേക്ക് പായുമ്പോള്‍ ഉള്ളില്‍ തീ ആയിരുന്നു. പെണ്ണിനെ നായക്ക് കൂടെ കളിക്കാന്‍ വിടുന്നതിനെ അയല്‍ക്കാര്‍ പലരും വിമര്‍ശിച്ചിരുന്നതായിരുന്നു വണ്ടി ഓടിക്കുമ്പോള്‍ മനസ്സില്‍ .. ആശുപത്രിയില്‍ ചെന്നപ്പോളാണ് പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലായത്. കടിച്ചത് വീട്ടിലെ നായയാണെങ്കിലും വാക്സിന്‍ നിര്‍ബന്ധം. പിന്നെ അതിനായി ജില്ല ആശുപത്രിയിലേക്ക് ഓട്ടം.. വണ്ടിയില്‍ ഒപ്പം കയറിയവരുടെ ഉപദേശങ്ങള്‍ ..തനി തലനാരിഴക്ക് രക്ഷപ്പെട്ടതാണ്. ടോമിയെ ഒഴിവാക്കണം എന്ന ചിന്ത അപ്പോള്‍ തുടങ്ങിയതാണ് ..
എന്തുകൊണ്ടോ പേടികൊണ്ടു തന്നെ ആകണം ആശുപത്രി വിട്ടു വന്നു പിന്നെ തനിമോള്‍ ടോമിയെ നോക്കാനും കൂടി പോയിട്ടില്ല. കൂട്ടില്‍ നിന്ന് അവനെ ആരും പുറത്തിറക്കിയതും ഇല്ല. ചത്തു പോകണ്ട എന്ന് കരുതി ഇടയ്ക്കു അവന്റെ കൂട്ടിലേക്ക് ഇത്തിരി കഞ്ഞിവെള്ളം വച്ച് കൊടുത്തത് പോലും താനാണ്.. രാത്രി കിടക്കുമ്പോള്‍ ടോമിയെ ഒഴിവാക്കാന്‍ ഉള്ള പദ്ധതി തയ്യാറായി. അടുത്ത് എവിടെയെങ്കിലും കൊണ്ട് പോയി വിടാം എന്ന് വച്ചാല്‍ അവന്‍ മണം കൊണ്ട് പിറകെ വരും ..വിഷം കൊടുത്തു കൊല്ലാന്‍ മനസ്സ് വന്നതുമില്ല. അപ്പോള്‍ പിന്നെ ഒരു വഴിയെ കണ്ടുള്ളൂ ..രാവിലെ ജോലിക്ക് പോകുമ്പോള്‍ അതിരാവിലെ ഇറങ്ങുക ..കാറില്‍ കയറ്റി നഗരത്തിനടുത്ത് ഇറക്കി വിടുക.. ഇത്ര അകലത്തേക്ക് മണം പിടിച്ചു വരില്ലല്ലോ ..പിന്നെ എന്താണ് ഉണ്ടാവുന്നതെങ്കില്‍ ആയിക്കോട്ടെ ..തനിയോടു ഇതൊന്നും പറഞ്ഞില്ല.
രാവിലെ കൂട് തുറക്കുമ്പോള്‍ ടോമി പകച്ചു നോക്കി ..പുറത്തേക്ക് ഇറക്കി ബെല്‍ട്ടില്‍ പിടിച്ചു കാറില്‍ കയറ്റിയപ്പോള്‍ അവന്‍ അനുസരണയോടെ പിറകില്‍ കയറി ..ആരെയോ കാത്തിരിക്കുന്നത് പോലെ വീട്ടിലേക്കു നോക്കി ..ചെവി കൂര്‍പ്പിച്ചു ..ഗ്ലാസ് എല്ലാം കയറ്റിയപ്പോള്‍ അവന്‍ അതില്‍ മാന്തി എന്തൊക്കെയോ വികൃത ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു ..അത്ര വെളിച്ചം ആയിട്ടില്ല ..ഇടയ്ക്കു തെരുവിളക്കുകളുടെ അടിയിലൂടെ പോകുമ്പോള്‍ മുമ്പിലെ കണ്ണാടിയില്‍ നോക്കി പിറകിലെ സീറ്റില്‍ കിടക്കുന്ന ടോമി അവിടെ തന്നെ ഇല്ലേ എന്ന് ഉറപ്പു വരുത്തി. നഗരമെത്താന്‍ രണ്ടു കിലോ മീറ്റര്‍ കൂടിയുണ്ട്. ഇത്തിരി വെളിച്ചക്കുറവുള്ള സ്ഥലത്ത് കാര്‍ നിര്‍ത്തി. ധൃതിയില്‍ പിറകിലെ ഡോര്‍ തുറന്നു ടോമിയെ ബെല്‍ട്ടില്‍ പിടിച്ചു താഴെ ഇറക്കി. ഡോര്‍ അടച്ചു പെട്ടെന്ന് വണ്ടിയില്‍ കയറി മുന്നോട്ടു ഓടിച്ചപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ പിറകെ ഓടി വരുന്ന ടോമിയെ കണ്ടു .. വണ്ടിയുടെ വേഗം കൂട്ടി..കുറെ കഴിഞ്ഞു ഒന്ന് കൂടി പിറകിലേക്ക് നോക്കി ..ഇല്ല ടോമി പിറകില്‍ ഇല്ല. ഒരു യുദ്ധം ജയിച്ച സൈനികന്റെ മനസ്സായി അപ്പോള്‍.
ഇത്ര നേരെത്തെ നഗരത്തിലെത്തി ഇനി ജോലിക്ക് കയറാന്‍ മണിക്കൂറുകള്‍ എത്ര കഴിയണം എന്നാലോചിച്ചു ഒപ്പം ജോലി ചെയ്യുന്ന ക്ലാര്‍ക്കിന്റെ വീട്ടിലേക്കു വണ്ടി പായിച്ചു .. വൈകിട്ട് ജോലി കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ..രാവിലെ ടോമിയെ ഇറക്കിയതിന്റെ ഒരു കിലോമീറ്റര്‍ ഇപ്പുറം ഒരു ആള്‍ക്കൂട്ടം കണ്ടു. വണ്ടി നിറുത്തി. അവിടെ ഒരു പൊന്തയുടെ മുകളിലേക്ക് കല്ലെടുത്ത് എറിയുകയാണ് നാട്ടുകാര്‍. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതൊരു നായയാണ്..ഒരു കൊള്ളിയാന്‍ ഉള്ളിലൂടെ പാഞ്ഞു.. ഏറു കൊണ്ട് അതിന്റെ ദേഹത്തിന്റെ പലയിടങ്ങളിലും വലിയ മുറിവുകള്‍ ഉണ്ട്. കാല്‍ ഒടിഞ്ഞു കാണണം എഴുന്നേല്‍ക്കാനുള്ള ഒരു ശ്രമം പോലും നടത്തുന്നില്ല അത്..
ഏതോ വലിയ വീട്ടിലെ നായാണ് എന്ന് തോന്നുന്നു ..ആരെങ്കിലും ഉപേക്ഷിച്ചു പോയതാകും.. നാട്ടുകാരില്‍ ഒരാളുടെ ഇത്തിരി വലിയ ആത്മഗതം.
ഏതോ വലിയ വീട്ടിലെ നായാണ് എന്ന് തോന്നുന്നു ..ആരെങ്കിലും ഉപേക്ഷിച്ചു പോയതാകും.. നാട്ടുകാരില്‍ ഒരാളുടെ ഇത്തിരി വലിയ ആത്മഗതം.
ഇത്ര ഏറു കിട്ടിയിട്ടും അതൊന്നു മോങ്ങുന്ന പോലും ഇല്ലല്ലോ.. മറ്റൊരാള്‍
എറിഞ്ഞു കൊല്ലണം..മൂന്നു കുട്ടികളെയാ ഇത് കടിച്ചത്.. ആ പെണ്‍കുട്ടിയുടെ കാര്യം സീരിയസാ.. കടിച്ചു പൊളിച്ചില്ലേ അതിനെ ..
എറിഞ്ഞു കൊല്ലണം..മൂന്നു കുട്ടികളെയാ ഇത് കടിച്ചത്.. ആ പെണ്‍കുട്ടിയുടെ കാര്യം സീരിയസാ.. കടിച്ചു പൊളിച്ചില്ലേ അതിനെ ..
ഇതിനെ ഇവിടെയൊന്നും മുമ്പ് കണ്ടിട്ടില്ല.. ആരോ വണ്ടിയില്‍ കൊണ്ട് വന്നു തട്ടിയതാ.
….അത് പറഞ്ഞ ആള്‍ തന്നെ ഒന്ന് പാളി നോക്കിയ പോലെ തോന്നിയപ്പോള്‍ ഉള്ളൊന്നു ആളി ..രാവിലെ കാറില്‍ നിന്നും നായയെ പുറത്തിറക്കുന്നത് ആരെങ്കിലും കണ്ടോ ആവോ ..
കൊണ്ട് വന്നു വിട്ടവനെ കയ്യില്‍ കിട്ടിയാല്‍ നാല് പെരുമാറാമായിരുന്നു.
കൊണ്ട് വന്നു വിട്ടവനെ കയ്യില്‍ കിട്ടിയാല്‍ നാല് പെരുമാറാമായിരുന്നു.
…മറ്റെയാള്‍ വിടാന്‍ ഭാവമില്ല ..പിന്നെയും പാളി നോട്ടം തുടരുന്നു .. ഇല്ല തനിക്കു ഈ തെരുവ് നായിനോട് യാതൊരു ബന്ധവും ഇല്ല ..അതിനെ ഞാന്‍ മുമ്പ് എവിടെയും കണ്ടിട്ടില്ല ..മൂന്നു കുട്ടികളെ ആക്രമിച്ച അവന്‍ ഒരു പേപ്പട്ടി ആയിരിക്കും.. തീര്‍ച്ചയായും ചാകേണ്ട ഒരു പട്ടി.. ഇതുമായി തനിക്കു ബന്ധമില്ല എന്ന് തെളിയിക്കാന്‍ ഒരു വഴിയെ ഉള്ളൂ..കല്ലെടുത്ത് എറിയുക തന്നെ. പിന്നെ താമസിച്ചില്ല. കിട്ടിയ ഒരു വലിയ കല്ലെടുത്ത് പിഞ്ഞിയ തലയിണ പോലെ കിടന്ന അതിന്റെ ദേഹം നോക്കി ഒറ്റ ഏറുകൊടുത്തു.. തലയിണയുടെ കണ്ണ് ഒന്ന് പതുക്കെ തുറന്നു ..അതുവരെ മോങ്ങാതെ ഇരുന്നിരുന്നു എന്ന് പറഞ്ഞ അത് അപ്പോള്‍ മാത്രം ഒന്ന് ഉറക്കെ മോങ്ങി. പൊന്തിയ തല പതുക്കെ താണ് നിലത്തോട് ഒട്ടി..
ചത്തെന്നു തോന്നുന്നു,അമ്മാതിരി ഏറല്ലേ..നല്ല ഉന്നം..ഇനി ഇതിവിടെ കിടന്നു നാറും.
ആരോ പിറുപിറുത്തു…
ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ വണ്ടിയില്‍ കയറിയപ്പോള്‍ വല്ലാതെ കൈ വിറച്ചിരുന്നു .. വീട്ടിലെത്തിയപ്പോള്‍ തനിമോള്‍ ഉമ്മറത്ത് ഉണ്ടായിരുന്നു. പിറകിലെ മുറിവില്‍ മരുന്ന് മാറ്റി വക്കുകയായിരുന്നതിന്റെ വേദനക്കിടയിലും അവള്‍ ചോദിച്ചു ..
ടോമിയുടെ കൂട് ഇന്നലെ അടച്ചില്ലായിരുന്നു അല്ലെ ഡാഡീ..അതിനെ ഇവിടെയെങ്ങും കാണാനില്ല .. കാര്‍ ലോക്ക് ചെയ്യുന്നതിനിടെ അയാള്‍ പാതി വായില്‍ പറഞ്ഞു ..
ടോമിയുടെ കൂട് ഇന്നലെ അടച്ചില്ലായിരുന്നു അല്ലെ ഡാഡീ..അതിനെ ഇവിടെയെങ്ങും കാണാനില്ല .. കാര്‍ ലോക്ക് ചെയ്യുന്നതിനിടെ അയാള്‍ പാതി വായില്‍ പറഞ്ഞു ..
അത് എങ്ങോട്ടെങ്കിലും പോട്ടെ മോളെ ..പേ പിടിച്ചിരിക്കും..നന്ദി കെട്ട നായ…