2018, ഫെബ്രുവരി 27, ചൊവ്വാഴ്ച

ടാര്‍ജറ്റ്

കുറച്ചു ദിവസത്തെ ഇടവേളക്കു ശേഷം അവൾ ഇന്ന് ജോലിക്കിറങ്ങിയതായിരുന്നു . അച്ഛന്റെ മരണശേഷം കുറെ ദിവസങ്ങള്‍ അവധിയിലായിരുന്നു . ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ബന്ധുക്കള്‍ ഒക്കെ പിരിഞ്ഞു പോയപ്പോള്‍ അമ്മ തന്നെയാണ് അവളോട്‌ ചോദിച്ചത് മോള്‍ ഇനി ജോലിക്ക് പൊയ്ക്കോളൂ ...കുറെ ദിവസം ലീവ് ആയാല്‍ പിന്നെ ചെന്നാല്‍ അവര്‍ എടുത്തില്ലെങ്കിലോ .. അമ്മ ചോദിച്ചതിനും കാരണമുണ്ട് . അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ പുകച്ചില്‍ നില്‍ക്കുന്ന അടുപ്പാണ് അമ്മയുടെ നെഞ്ചില്‍ അപ്പോള്‍ എരിഞ്ഞിട്ടുണ്ടാകുക.അമ്മയുടെ കണ്ണില്‍ നഗരത്തിലെ പ്രമുഖ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ അസിസ്റ്റന്റ്‌ ബിസിനസ് മാനെജര്‍ ആണല്ലോ അവള്‍ . ആ വിശ്വാസം അങ്ങിനെ തന്നെ ഇരിക്കാന്‍ അവള്‍ ഏറെ സൂക്ഷിച്ചു പോന്നിരുന്നു . വാക്കിലും നോക്കിലും . പിറ്റേന്ന് രാവിലെതന്നെ തിടുക്കത്തില്‍ ഒരുങ്ങി വീണ്ടും ജോലിസ്ഥലത്തേക്ക് . ബാഗില്‍ കുത്തിനിറച്ച നിറം മങ്ങിയ ചുരിദാറുകള്‍ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് , കവിളില്‍ ഉരുണ്ടു കൂടി താഴേക്കൊഴുകുന്ന മഹാനദിയില്‍ മുക്കി തുവരാനിട്ട് ആരോടും യാത്രപറയാതെ ബസ് സ്റൊപ്പിലേക്ക് നടക്കുമ്പോള്‍ തെക്കേ തൊടിയിലെ ചുവന്ന മണ്ണിലേക്ക് ഒന്നെത്തിപ്പാളി നോക്കി . കുറെ കാലത്തെ വലിവിന്റെ ക്ഷീണം മാറ്റാന്‍ അച്ഛന്‍ അവിടെ സ്വസ്ഥമായി ഉറങ്ങുകയാണ് . പത്രത്തിലെ പരസ്യം കണ്ടാണ്‌ അവള്‍ ജോലിക്ക് അപേക്ഷിക്കുന്നത് . പ്രമുഖ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ മാനെജര്‍ മാരുടെ ഒഴിവുണ്ട് . താമസം ഭക്ഷണം യാത്ര ബത്ത , ആദ്യം ട്രെയിനിംഗ് .മികവിനനുസരിച്ച് ആറു മാസത്തിനുള്ളില്‍ പ്രമോഷന്‍ . ഇന്റര്‍വ്യൂവിനു മൂന്നാലു ബസ്സുകള്‍ മാറിക്കയറി കിതച്ചാണ് എത്തിയത് . ആദ്യമായാണ് ഒരു ഇന്റെര്‍വ്യൂ .സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന ആളുടെ മുഖത്ത് അനാവശ്യമായ ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ ഒരാന്തല്‍ വരാതിരുന്നില്ല .അത്രയ്ക്ക് ആവശ്യമായിരുന്നല്ലോ ജോലി . അച്ഛന്റെ ചികിത്സ , താഴെയുള്ള മൂന്നാളുടെ പഠിത്തവും ചിലവുകളും . കണ്ണാടി നോക്കുമ്പോള്‍ തനിക്കു ഒരു വണ്ടിക്കാളയുടെ ഛായ തോന്നിത്തുടങ്ങിയിട്ട് ഏറെ നാളുകള്‍ ആയി . കേട്ടിട്ടുണ്ട് ചെറുപ്പത്തില്‍ അച്ഛന് പണ്ട് കാളവണ്ടി ഉണ്ടായിരുന്ന കഥ. ചെയ്യേണ്ട ജോലി അയാള്‍ വിശദീകരിക്കുമ്പോള്‍ ലോകത്തിലെ എല്ലാ നിര്‍വികാരതകളും ഒന്നിച്ചൊരു സമുദ്രമായി മനസ്സില്‍ ആവാഹിക്കുന്നതില്‍ അവള്‍ വിജയിച്ചിരുന്നു . താനിനി ഒരു ഡോര്‍ ടു ഡോര്‍ സെയില്‍സ് ഗേള്‍ ആണ് . വീടുകള്‍ തോറും സാധനങ്ങള്‍ നടന്നു വില്‍ക്കണം . കമ്പനി പറയുന്ന ടാര്‍ജറ്റ് തികക്കും വരെ .അത് കഴിഞ്ഞാല്‍ പിന്നെ മാനെജര്‍ . സമ്മതമാണെങ്കില്‍ ജോയിന്‍ ചെയ്യാം . താമസം കമ്പനി ഏര്‍പ്പെടുത്തുന്ന റൂമില്‍ . തനിക്കു ജോലി കിട്ടാന്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചിരിക്കുന്ന നാല് ജോഡി കണ്ണുകളെ ഓര്‍ത്തപ്പോള്‍ എങ്ങിനെ സമ്മതിതിക്കാതിരിക്കും .തിരിച്ചു മടങ്ങിച്ചെന്നപ്പോള്‍ അവരെ സങ്കടപ്പെടുത്താതിരിക്കാന്‍ ചെയ്യേണ്ട ജോലിയുടെ വിവരങ്ങള്‍ അവരോടു പറഞ്ഞില്ല . അടുത്ത ദിവസം തന്നെ കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്തു . ഒരു വീടാണ് താമസസ്ഥലം .അവിടെ ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന കുറെ പേര്‍ . തിക്കും തിരക്കും തന്നെ . പുതിയ ഒരാള്‍ കൂടി ചെല്ലുമ്പോള്‍ ഉണ്ടാകുന്ന എല്ലാ മുറുമുറുപ്പുകളും തെളിഞ്ഞു കത്തുന്ന കണ്ണുകള്‍ . എങ്കിലും രണ്ടു ദിവസം കൊണ്ട് അവരില്‍ ഒരാള്‍ ആയി മാറിയപ്പോള്‍ എല്ലാവരും ഒരേ നൂല്‍ക്കമ്പിയില്‍ കൂടി തന്നെ നടക്കുന്നവര്‍ . അവരാരും ഇതുവരയൂം മാനേജര്‍ ആയിട്ടില്ല . വര്‍ഷങ്ങള്‍ ആയി ജോലി ചെയ്യുന്നവര്‍ ഉണ്ട് . ഓരോ ഇടവേളകളില്‍ കമ്പനി വയ്ക്കുന്ന ടാര്‍ജറ്റ് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ട്രെയിനികള്‍ ആയി ഇപ്പോഴും തുടരുന്നവര്‍ .അല്ലെങ്കിലും ജീവിതം എന്ന് പറയുന്നത് തന്നെ ഒരു ട്രെയിനിംഗ് പിരിയഡ് ആണല്ലോ ..ആരാണ് ഇന്നുവരെ അതിന്റെ മാനേജര്‍ ആയിട്ടുള്ളത് ? കുറെ പ്രോഡക്ട്സ് ഉണ്ട് കമ്പനിക്ക്‌. പ്ലാസ്റിക് മേശവിരി , ചൂടാറാപ്പാത്രം , നോണ്‍ സ്ടിക് അപ്പച്ചട്ടി , ഫൈബര്‍ പിടിയിട്ട പപ്പടം കുത്തി , ആവിപിടിക്കാനുള്ള പാത്രം , പച്ചക്കറി അരിയാനുള്ള യന്ത്രം മുതല്‍ ചായപ്പൊടി , കാപ്പിപ്പൊടി വരെ . ഓരോ വീട്ടിലും പയറ്റെണ്ട തന്ത്രങ്ങള്‍ക്കു പരിശീലനം ഉണ്ട് . വന്‍കിട കമ്പനി ഉല്‍പ്പന്നങ്ങളുടെ പ്രചരണത്തിനായി നേരിട്ട് വീടുകളില്‍ എത്തുകയാണ് . എല്ലാം വിലക്കുറവില്‍ . വിലകൂടിയ ചരക്കെ ആദ്യം പരിചയപ്പെടുത്താവൂ . അപ്പോഴേ ടാര്‍ജറ്റ് വേഗം തികയൂ .അതില്‍ വീണില്ലെങ്കില്‍ അടുത്തത് . ഏതെങ്കിലും ഒന്ന് എടുപ്പിക്കാതെ മടങ്ങരുത് . അതിനു എന്ത് മാര്‍ഗവും സ്വീകരിക്കാം . തങ്ങളുടെ കദനകഥകള്‍ മുതല്‍ കണ്ണീരും പുഞ്ചിരിയും കടാക്ഷവും വരെ ചൂണ്ടകള്‍ ആണ് . വില കൂട്ടിപ്പറഞ്ഞു കമ്പനിയുടെ ഓഫര്‍ ആയി പറഞ്ഞു കുറച്ചു കൊടുക്കണം . മൊത്തം വില്‍പ്പനയുടെ നാല് ശതമാനം കമ്മിഷന്‍ . കച്ചവടം കൂടിയാല്‍ കമ്മിഷന്‍ കൂടും. ആരെയും വശീകരിക്കുന്ന പുഞ്ചിരിയും സംസാരവും ആണ് ഒന്നാം പാഠം. പുരുഷന്മാരെ ചിരിച്ചും സ്ത്രീകളെ കരഞ്ഞും സ്വാധീനിക്കണം. വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ കൊഞ്ചിക്കണം. കച്ചവടത്തിന്റെ നൂറ്റിയെട്ടു വിജയമന്ത്രങ്ങള്‍ എന്ന കമ്പനി കൈപ്പുസ്തകം ഒഴിവുള്ളപ്പോള്‍ ഒക്കെ എഞ്ചുവടി പോലെ ജപിക്കണം വലിയ ബാഗ് മുതുകത്തും , ചെറിയ രണ്ടെണ്ണം കൈകളിലും ആയി ഉള്ള നടത്തം ആദ്യം ഭാരമായിരുന്നു . സ്കൂളില്‍ പഠിപ്പിക്കുമ്പോള്‍ അമ്മിണി ടീച്ചര്‍ നിത്യാഭ്യാസി ആനെയെ എടുക്കും എന്ന ശൈലി നിരവധി തവണ വിശദീകരിച്ചിരുന്നതിനാല്‍ പിന്നീട് എല്ലാം ഭാരം കുറഞ്ഞു .അല്ലെങ്കിലും ജീവിതം വലിക്കുന്ന വണ്ടിക്കാളക്ക് അതിന്റെ തന്നെ ദേഹം ഒരു ഭാരം അല്ലല്ലോ ഒരാഴ്ച കഴിഞ്ഞു നാട്ടില്‍ പോകുമ്പോള്‍ കമ്മിഷന്‍ തുകയില്‍ നിന്നും തന്നെ വില പിടിച്ചു കമ്പനി നല്‍കിയ ഉപഹാരങ്ങള്‍ മാനേജര്‍ കയ്യില്‍ തന്നു .ആദ്യം വീട്ടില്‍ പോകുകയല്ലേ .വീട്ടുകാര്‍ സന്തോഷിക്കട്ടെ .ശരിയായിരുന്നു .മാനേജര്‍ ആയി നഗരത്തില്‍ ജോലി ചെയ്യുന്ന മകള്‍ ആദ്യവരവില്‍ കൈ നിറയെ സാധനങ്ങള്‍ കൊണ്ട് വന്നപ്പോള്‍ അവരുടെ മുഖത്തെ സന്തോഷത്തിനു പകരം വച്ചത് വിണ്ടു പൊട്ടിപ്പോയ തന്റെ കാലുകളുടെ വേദനകള്‍ തന്നെ ആയിരുന്നല്ലോ . ചീന്തിപ്പോയ ശീലക്കുടയുടെ കമ്പി വലിച്ചെരിഞ്ഞു അമ്മ ആദ്യമായി ഹൈറ്റെക് പപ്പട് പിക്കര്‍ കൊണ്ട് പപ്പടത്തിന്റെ പൊള്ളങ്ങളില്‍ കുത്തിയെടുത്തു. അച്ചന്‍ കിടക്കുന്നത് ഇപ്പോള്‍ കമ്പനിയുടെ പൂക്കള്‍ വരച്ച ബെഡ് ഷീറ്റില്‍ . ആവി പിടിക്കുന്ന യന്ത്രത്തില്‍ നിന്നും മുഖമുയര്‍ത്തി നല്ല സുഖമുണ്ട് മോളെ എന്ന് എന്ന് അച്ഛന്‍ ചുമച്ചു പറഞ്ഞപ്പോള്‍ ലോകം പിടിച്ചടക്കിയപോലെ. കുട്ടികള്‍ ഇലട്രിക് ബാറ്റു കൊണ്ട് കൊതുകളെ വേട്ടയാടുകയായിരുന്നു . വലിച്ചു കൊണ്ട് വന്നിട്ട ഭാരത്തെ നിര്‍നിമേഷം നോക്കി നില്‍ക്കുന്ന വണ്ടിക്കാളക്കു കണ്ണ് എരിയുന്നുണ്ടായിരുന്നു.. ബാക്കിയുണ്ടായിരുന്ന തുക അച്ചനു മരുന്നു വാങ്ങാനും വീടുചിലവിനും കൊടുത്ത് തിരിച്ചു വണ്ടി കയറുമ്പോള്‍ വണ്ടിയില്‍ നിന്നും അല്പം മാറ്റിക്കെട്ടി വിശപ്പിനെ അയവെട്ടി മറന്നു കിടക്കുന്ന കാള വല്ലാതെ ഉള്ളില്‍ കിതച്ചു .ഇടയ്ക്കു വീട്ടില്‍ നിന്നും വിളിക്കുമ്പോള്‍ താമസസ്ഥലത്തെ സൌകര്യങ്ങളെ കുറിച്ചു വാചാലയായി . എല്ലാരും കൂടി ചേര്‍ന്നുണ്ടാക്കുന്ന കഞ്ഞി ഊതിക്കുടിക്കുംപോള്‍ രുചിയെ കുറിച്ച് വര്‍ണ്ണിച്ചു .പിന്നെ ഉറക്കം വരുന്നത് വരെ കരഞ്ഞു .അപ്പോള്‍ എല്ലാറ്റിനും ഒരു സമാധാനം പോലെ . ഇരുട്ടിലാണ് കരയാന്‍ സുഖം. അപ്പോള്‍ അദൃശ്യമായ കൈകള്‍ വന്നു കവിളുകളെ തലോടി ഉറക്കിക്കളയും . ഓരോ ദിവസവും ഓരോ ഇടങ്ങളിലാണ് ബിസിനസ് പ്രമോഷന്‍ .അപരിചിതമായ വഴികളിലൂടെ നടക്കുമ്പോള്‍ പേടി ഉറുമ്പടക്കം കെട്ടിപ്പിടിച്ചു. കാലുകള്‍ ആരോ കീ കൊടുത്ത യന്ത്രം പോലെ ചലിച്ചു കൊണ്ടേയിരുന്നു .ടാര്‍ജറ്റ് തികക്കണം . ബാഗില്‍ നിന്നും സാധനങ്ങള്‍ എടുക്കുമ്പോള്‍ ചില വീട്ടില്‍ നിന്നും കൊത്തിവലിക്കുന്ന കണ്ണുകള്‍ കണ്ടില്ലെന്നു നടിച്ചു ചിരിച്ചു . അകത്തേക്ക് ക്ഷണിക്കുന്ന ചിരികളില്‍ ഒരു വരാല്‍ മീനിന്റെ വഴക്കത്തോടെ നീന്തി മാറി .അടുക്കളപ്പുറങ്ങളില്‍ കണ്ണീരിന്റെ മേമ്പൊടിയോടെ വിലപേശി .ചൂളം വിളികളോടും , ദ്വയാര്‍ത്ഥ കുശലങ്ങളോടും എതിരൊന്നും പറഞ്ഞില്ല . കൈപ്പുസ്തകത്തില്‍ മുഖം കറുപ്പിക്കല്‍ നിശിതമായി വിലക്കിയിരുന്നു . വണ്ടിക്കാളക്ക് ഇടം വലം കണ്ണുപാടില്ല . അത്രയ്ക്ക് നീണ്ടുകിടക്കുന്നുണ്ട് വഴികള്‍ . അച്ഛന് ഇത്തിരി അധികം ആണെന്ന് വീട്ടില്‍ നിന്നും വിളി വന്ന് ധൃതി പിടിച്ചു ഓടുമ്പോള്‍ പല ചിത്രങ്ങളും മിന്നി മറിഞ്ഞു .ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു പിറകിലേക്ക് പായുന്ന മരങ്ങളെ നോക്കി ചിന്തകളെ ശിഥിലമാക്കി . അച്ഛന്‍ ആശുപത്രിയില്‍ ആയിരുന്നു . രണ്ടാം ദിവസം ആംബുലന്‍സില്‍ വീട്ടിലേക്കു തിരിച്ചെത്തുമ്പോള്‍ സ്വയം കരച്ചില്‍ അടക്കാന്‍ പാടുപെട്ടു . നമുക്ക് എന്ത് തോന്നിയാലും ഒന്നും മുഖത്ത് കാണിക്കരുത് എന്ന കൈപ്പുസ്തകത്തിലെ വാക്കുകള്‍ പേര്‍ത്തും പേര്‍ത്തും ഓര്‍ത്തു . ചുട്ടു പൊള്ളുന്ന പനിയോടെ ബലി കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ ഈറനായ കണ്ണുകളാണ് അല്പം കുളിരേകിയത്. വിഷയം മരണം ആയതു കൊണ്ട് അവധി എടുത്തതിനു കമ്പനിയില്‍ വലിയ പ്രതിഷേധമില്ല .പതിവ് പോലെ നീക്കിവച്ച സാധനങ്ങള്‍ ബാഗില്‍ കുത്തിനിറച്ചു. പോകേണ്ട ഇടങ്ങള്‍ മനസ്സില്‍ ഇട്ടു വട്ടം കറക്കി .ഒരിക്കല്‍ പോയിടത്ത് പിന്നെ കുറെ നാള്‍ കഴിഞ്ഞേ പോകാവൂ എന്നാണു ചട്ടം . നഗരം വിട്ടു ഇന്ന് അല്പം ഉള്ളിലേക്ക് പോകാം എന്ന് തീരുമാനിച്ചു . അവിടെക്കുള്ള ബസ്സില്‍ കയറുമ്പോള്‍ കഴിഞ്ഞ തവണ പോയ വീടുകളെയും ആളുകളെയും വെറുതെ ഓര്‍ത്തു നോക്കി പി എസ് സി പരീക്ഷക്ക്‌ പോകും പോലെ ഉറപ്പുവരുത്തി ബസ്സിറങ്ങി തോളത്തു സാധനങ്ങൾ നിറച്ച ബാഗുമായി ഏന്തി വലിച്ച് നടക്കുമ്പോൾ പതിവില്ലാത്ത വിധം ആളുകൾ തുറിച്ചു നോക്കുന്നുണ്ടായിരുന്നു . വഴികള്‍ പിടി തരാതെ മാറുകയാണ് . കൈകളില്‍ പിടിച്ച ബാഗുകളുടെ വള്ളികള്‍ വിയര്‍പ്പു കൊണ്ട് വഴുതിപ്പോകുന്നു. കയറിയ വീടുകളിൽ നിന്നെല്ലാം ഇവിടെ സാധനങ്ങൾ വേണ്ടെന്ന മറുപടി. നിരാശ കൈപ്പുസ്തകത്തില്‍ പറഞ്ഞിട്ടില്ല .പ്രതീക്ഷ മാത്രമാണ് അതിന്റെ എല്ലാ പേജിലും . ചില വീടുകളില്‍ കയറുമ്പോള്‍ വല്ലാത്ത കൂര്‍ത്ത നോട്ടം . ചെറിയ കുട്ടികള്‍ വന്നു മൊബൈലില്‍ ഫോട്ടോ എടുക്കുന്നു . നടന്നു നടന്നു കവലയിൽ എത്തിയപ്പോള്‍ ഒരു ഫ്ലക്സ് ബോർഡ് കണ്ടു. വലിയ അക്ഷരത്തില്‍ കനപ്പിച്ച എഴുത്ത് . വാ മൂടിപ്പിടിച്ച ഒരു കുട്ടി . കയ്യില്‍ ഒരു കത്തിയുമായി ഒരു മുഖംമൂടി .
ഭിക്ഷാടനവും വീടുകയറി കച്ചവടവും ഈ ഗ്രാമത്തിൽ നിരോധിച്ചിരിക്കുന്നു. മേമ്പൊടിക്ക് ലോക്കൽ പൊലീസ് സ്റ്റേഷന്റെ നമ്പറും.യാചകര്‍ നമുക്ക് വേണ്ടേ വേണ്ട . സാധനങ്ങള്‍ കടകളിലൂടെ മാത്രം .. ഒന്ന് രണ്ടാവര്‍ത്തി വായിച്ചപ്പോള്‍ അസാധാരണമായ ഒരു ഭയം പൂച്ചയെ പ്പോലെ മാന്തി . വീടു കയറി കച്ചവടം ചെയ്യുന്നവര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്രേ . മോഷ്ടാക്കളുടെ എജെന്റുമാര്‍ ആണത്രേ . വീടുകളില്‍ അവര്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നുണ്ടാത്രേ ..വഴി നീളെ പല വക ബാനറുകള്‍ .
നേരം ഉച്ചയായിട്ടും ഒരു പ്രോഡക്റ്റ് പോലും വിറ്റിട്ടില്ല എന്ന ചിന്തയില്‍ ഉള്‍വസ്ത്രങ്ങള്‍ വരെ വിയർത്തൊലിച്ചപ്പോൾ പിന്നെയും ഏന്തി വലിച്ചു നടന്നു . ഇന്ന് ടാര്‍ജറ്റ് തികയില്ല ..പിന്തിരിഞ്ഞു കൂടാ .വിറ്റുപോയില്ലെങ്കില്‍ വണ്ടിക്കൂലി കയ്യില്‍ നിന്ന് പോകും . ആവശ്യം തന്റെതാണ് . ട്രെയിനിംഗ് പിരിയഡ് കഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെട്ടു .പിന്നെ ഓഫീസ് ജോലിയാണ് . വീടിനടുത്തെ പട്ടണത്തില്‍ കമ്പനി അതിന്റെ അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നാണ് മാനേജര്‍ പറഞ്ഞത് . കാലുകള്‍ മുന്നോട്ടു വലിക്കുന്നത്‌ തടയാന്‍ കഴിഞ്ഞില്ല . ദൂരെ എവിടെയോ തണല്‍ ഉള്ളപോലെ . നടക്കുമ്പോള്‍ തന്നെ കടന്നു പോകുന്ന മുരളന്‍ ബൈക്കുകളില്‍ നിന്നും അളിഞ്ഞ ചിരികള്‍ പൊട്ടിയൊലിക്കുന്നത് തികട്ടിവന്ന തുപ്പലോടെ ഇറക്കി . വഴിയുടെ അറ്റത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഉമ്മറത്ത് ബാഗ് ഇറക്കിവച്ച് നടുനിവർത്തിയപ്പോളാണ് പലയിടത്തു നിന്നായി ബൈക്കുകൾ പിറകെ മൂളിയെത്തിയതും ചില കൈകൾ വാ പൊത്തി, ചില കൈകൾ എടുത്തുയർത്തി, ചിലവ ഞരിച്ചും കുഴച്ചും അവളെപിടിച്ചു കൊണ്ടു പോയത്.പച്ചമുള കീറുന്ന ഒച്ച ആദ്യം തെല്ലുറക്കെയും പിന്നെ നേര്‍ത്ത് ഇല്ലാതാവുകയും ചെയ്തു . ബലി കൊത്തിയ കാക്കകളെ പോലെ കുറെ കഴിഞ്ഞു ബൈക്കുകള്‍ ഓരോന്നായി പറന്നു പോയി .
കൈപ്പുസ്തകത്തില്‍ നിര്‍വചിക്കാത്ത പലതും വരികള്‍ക്കിടയില്‍ ഉണ്ടാകുമെന്നും ചിലതിനൊന്നും ഒരു ഭൂപടത്തിലും നിരോധനമില്ലെന്നും ധ്യാനിച്ച് ബാഗുകള്‍ മാത്രം കുറെ നേരമായി അവളെക്കാത്ത് ടാര്‍ജറ്റ് പൂര്‍ത്തീകരിക്കാന്‍ വേണ്ടി മാത്രം കിടക്കുകയാണ്.വണ്ടിക്കാളക്കളെപ്പോലെ.

ശിവപ്രസാദ് പാലോട്

2018, ഫെബ്രുവരി 10, ശനിയാഴ്‌ച

മശകാമഠീയം


വീണ്ടും ഒരു മത്സരം നടക്കുകയാണ് ..

സ്ടാര്‍ട്ടിംഗ് പോയന്റില്‍ ആമയും മുയലും തയാറായി കഴിഞ്ഞു
ഇതാ വിസില്‍ മുഴങ്ങി ..
കയ്യടികളുടെയും ആര്‍പ്പുവിളികളുടെയും ഇടയിലൂടെ അവര്‍ ഓട്ടം തുടങ്ങി .

              അല്‍പദൂരം കഴിഞ്ഞപ്പോള്‍ മുയലിന് പ്രാചീനമായ ആ ഉറക്കം പിടിപെട്ടു . പതിയെ നടന്നു എത്തിയ ആമ മുയലിനെ കണ്ടു ..മുയല്‍ ഉറങ്ങുകയാണ് ..മിണ്ടാതെ പോയാല്‍ തനിക്കു എന്നത്തെയും പോലെ ഒന്നാം സ്ഥാനം ലഭിക്കും .അതിലെ ചരിത്രപരമായ ചതി ആമയുടെ മനസ്സില്‍ ഒരു കരടായി ..

ആമ മുയലിനെ തട്ടി ഉണര്‍ത്തി ...

സുഹൃത്തെ എഴുനേല്‍ക്കു ..നമ്മള്‍ മത്സരത്തിലാണ് ..നിനക്ക് നന്നായി ഓടാനാകും ..എനിക്കാകട്ടെ  ഈ വീടും ചുമന്നു നടക്കുന്നത് കൊണ്ട് ഓടാന്‍ പോയിട്ട് വേഗത്തില്‍ നടക്കാന്‍ പോലും കഴിയുന്നില്ല ..നീ ഓടിക്കോ .അര്‍ഹത നിനക്കാണ്.

മുയല്‍ ഉണര്‍ന്നു ..ഇതെന്തു മായം ..ഈ ആമക്ക്‌ ഇതെന്തു പറ്റി..മത്സരമായിട്ടും താന്‍ ഉറക്കത്തിലായിട്ടും സുഹൃത്ത് തന്നെ വിളിച്ചുണര്‍ത്തിയിരിക്കുന്നു..

സുഹൃത്തെ നിനക്ക് എന്നെ
ഉണര്‍ത്താതെ ഓടിയിരുന്നെങ്കില്‍ ഒന്നാം
സ്ഥാനം ലഭിക്കുമായിരുന്നു ..പക്ഷെ നീ ..

അതിനെന്ത്..ചരിത്രത്തിനു ഒരു മാറ്റം ഉണ്ടാകട്ടെ ..ആമ ഒരു ദാര്‍ശനികനായി .

എനിക്ക് മറൊരു ആശയം
തോന്നുന്നു..നമുക്ക് രണ്ടുപേര്‍ക്കും ഒപ്പം
നടക്കാം ..രണ്ടു പേര്‍ക്കും ഒന്നാം സ്ഥാനം ലഭിക്കട്ടെ ..ആരും ജയിക്കുന്നില്ല ആരും തോല്‍ക്കുന്നുമില്ല എന്ത് പറയുന്നു ? മത്സരമല്ല സഹകരണം ആണ് ജയിക്കേണ്ടത്  മുയല്‍ അതിദാര്‍ശനികനായി
രണ്ടു പേരും ഒരുമിച്ചു ഫിനിഷിംഗ്പോയന്റിലേക്ക് നടന്നു ..
കാഴ്ചക്കാര്‍ അമ്പരന്നു പോയി.

വിജയപീഠത്തില്‍ നില്‍ക്കുമ്പോള്‍ ആമയ്ക്ക് എല്ലാ പ്രാവശ്യത്തെക്കാളും സന്തോഷം തോന്നി..അവന്‍ ഉറക്കെ പറഞ്ഞു 
ശരിക്കുള്ള വിജയം എന്റെ സുഹൃത്തിനാണ് ..അവനാണ് ഓടാന്‍ കഴിയുക , അവന്റെ സന്മനസ്സ് ആണ് എന്റെ വിജയം

മുയല്‍ അതിലേറെ ഉറക്കെ പറഞ്ഞു ..

ശരിക്കും എന്റെ സുഹൃത്തിനാണ് വിജയം ..ഉറങ്ങിപ്പോയ എന്നെ ഉണര്‍ത്തിയത് അവനായിരുന്നു ..

പിന്നെ മുഴങ്ങിക്കേട്ടത് സഹകരണത്തിന്റെ കയ്യടികളും
ആര്‍പ്പുവിളികളുമായിരുന്നു ,