2017 മേയ് 21, ഞായറാഴ്‌ച

കറിക്കത്തി...



                                                    ഒപ്പം ജോലി ചെയ്തിരുന്ന പീതാംബരന്റെ വീട് നഗരത്തിനടുത്തുള്ള ഹൌസിംഗ് കോളനിയിലാണ് .പെൻഷൻ പറ്റിയതിൽ പിന്നെ കൂടി ക്കാഴ്ചകൾ കുറഞ്ഞു... അവൻ നഗരത്തിന്റെ തിരക്കിലും താൻ ഗ്രാമത്തിന്റെ ഉള്ളൊതുക്കത്തിലേക്കും ചുരുണ്ടു... ഇന്ന് സമയമുണ്ട്.. അവനെ ഒന്ന് കാണണം..

             സ്റ്റോപ്പില്‍ നിന്നും ഏറെ അകലത്തില്‍ അല്ലെന്നും ഏതു ഓട്ടോക്കാരനോട് അവന്റെ പേര്‍ പറഞ്ഞാലും കൊണ്ട് എത്തിക്കുമെന്നും അവന്‍ മുമ്പ് പറഞ്ഞിരുന്നു ..ഓട്ടോ പിടിക്കണ്ട ..നടക്കാം എന്ന് വച്ചു ..ടാറിട്ട റോഡ് ആണ് തലങ്ങും വിലങ്ങും ..മുറ്റങ്ങള്‍ ഒക്കെ ടൈല്‍ വിരിച്ചു കൂറ്റന്‍ ഗെയിറ്റുകള്‍ ഒക്കെ ഉള്ള ഒരേ മുഖച്ഛായ തോന്നിപ്പിക്കുന്ന വീടുകള്‍ ..അവന്റെ വീട്ടുപേര് ധനശ്രീ എന്നാണ്.. ഒരു ബാങ്കില്‍ കാഷ്യര്‍ ജോലി ചെയ്യുന്ന  ഒരാള്‍ വേറെ എന്ത് പേരിടാന്‍ ആണ് എന്നാണത്രേ പുതിയ വീട് വാങ്ങിച്ചു മാറുമ്പോള്‍ അവന്റെ മകന്‍ അവനോടു ചോദിച്ചത് ...
                                   
                          ചില വീടുകളില്‍ നന്നേ ചെറുപ്പം ഉള്ള മാവുകള്‍ ..നിറയെ മാങ്ങയും ..ഒട്ടുമാവുകള്‍ ആയിരിക്കണം ..പഴേ പോലെ പടര്‍ന്നു പന്തലിച്ചു നിക്കുന്ന മാവുകളൊക്കെ ഒക്കെ ഇത്തിരി സ്ഥലത്ത് എങ്ങിനെ വളര്‍ത്താന്‍ പറ്റും ..പക്ഷെ ആ മാങ്ങകളുടെ രുചി ഒട്ടു മാങ്ങകള്‍ക്ക് കിട്ടില്ല ..തെങ്ങുകളും ഉണ്ട് ..വലിയ സ്കൂള്‍ ബാഗും തൂക്കി നില്‍ക്കുന്ന കുട്ടികളെപ്പോലെ ..തേങ്ങ കൊണ്ട് തെങ്ങിനെ കാണാത്ത പോലെ ..ഒക്കെ പുതിയ ഇനങ്ങള്‍ ആയിരിക്കണം .ചില വീടിന്റെ ഒക്കെ മുകളില്‍ വലിയ പന്തലും ചട്ടികളും ഒക്കെ കാണാം ..പച്ചക്കറി കൃഷി .മട്ടുപ്പാവിലെ കൃഷി അല്ലെ ഇപ്പോളത്തെ ഫാഷന്‍  ..
                            എതിരെ ഒരു മോട്ടോര്‍ സൈക്കിള്‍ വരുന്നത് കണ്ടു അല്പം വശമൊതുങ്ങിയായി നടപ്പ് .അതിശയമായിപ്പോയി .ഒരു പെണ്‍കുട്ടി ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു വരികയാണ് .പിറകില്‍ മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ട് .പെണ്‍കുട്ടികള്‍ സാധാരണ ചെറിയ വണ്ടികള്‍ ഒക്കെ ഓടിക്കുന്നത് കണ്ടിട്ടുണ്ട് .ഇത് ആദ്യമായായിരുന്നു ..വഴിയില്‍ ഒരിടത്ത് കരാട്ടെ പരിശീലത്തിന്റെ ബോര്‍ഡ് കണ്ടു .പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം ക്ലാസ്സുകള്‍ എന്ന് വലിയ അക്ഷരത്തില്‍ ..
                                    നടന്നു നടന്നു ധനശ്രീ എന്ന ബോര്‍ഡു വച്ച ഗെറ്റ് കണ്ടു ..എങ്ങിനെ നോക്കിയിട്ടും തുറക്കാന്‍ പറ്റുന്നില്ല ..കുറെ ശ്രമിച്ചപ്പോളാണ് ഗേറ്റിന്റെ നടുവിലെ പാളിയില്‍ ഒരാള്‍ക്ക്‌ കടക്കാന്‍ പാകത്തില്‍ ഒരു ചതുരവും തണ്ടും വേറെ കണ്ടത് ..ഓരോ വീടിനും എന്തെല്ലാം രഹസ്യങ്ങള്‍ ..അത് തുറന്നു .ചരല്‍ വിരിച്ച മുറ്റത്തേക്ക്‌ കടന്നു ..ഒന്ന് രണ്ടു മുരടനക്കി ..എത്തിപ്പാളി നോക്കി ..നായയൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തി ..പണ്ടൊക്കെ വീടുകളില്‍ ചെല്ലുമ്പോള്‍ ഉള്ള ശീലം ആണ് ..വിളിച്ചു ചെന്നില്ലെങ്കില്‍ വളര്‍ത്തുനായുടെ കടി ഉറപ്പാണ് ..ഓരോ വീട്ടിലും കാണും ഒന്നോ രണ്ടോ എണ്ണം ...


            ഗംഭീരന്‍ വീടാണ് ..ഇരുനില .കോളിങ്ങ് ബെല്ലടിച്ചപ്പോൾ ആദ്യം ഒരനക്കവും ഉണ്ടായില്ല ..ആളില്ലേ എന്ന് സംശയിച്ചു പുരക്കു ചുറ്റും ഒരാവൃത്തി നടന്നു ..ജനാലയില്‍ ഒക്കെ ഒന്ന് മുട്ടി നോക്കി ..പിന്നെയും കോളിംഗ് ബെല്‍ അമര്‍ത്തിഅടിച്ചു ...ആളില്ലേ എന്നൊരു ചോദ്യം വെറുതെ എറിഞ്ഞു .കുറച്ചു കഴിഞ്ഞു  ഒരു പെൺകുട്ടി വാതിൽ പാതി  തുറന്നു...

പീതാംബരൻ ഇല്ലേ..?

മുത്തഛനും മുത്തശിയും  പുറത്തു പോയല്ലോ... ഇപ്പൊ വരുമെന്ന് പറഞ്ഞു.

എന്നാൽ ഞാനിവിടെ ഇരുന്നോട്ടെ...? പീതാംബരന്റെ ഒപ്പം ജോലി ചെയ്തയാളാ....... അവൻ വന്ന് കണ്ടിട്ടേ പോകുന്നുള്ളൂ...
ആ സ്വാതന്ത്ര്യത്തോടെ അവളുടെ സമ്മതമില്ലാതെ തന്നെ വാതിലൂടെ കയറി  സോഫയിൽ ഇരുന്നു.. അവൾക്കറിയില്ലല്ലോ പീതാംബരനും ഞാനും തമ്മിലുള്ള ബന്ധം...

വിരാമം പോലെ നിന്നിരുന്ന അവള്‍ വാതിലിന്റെ അടുത്തുനിന്നും മാറി വിസിറ്റിംഗ് റൂമിനെയും ഡൈനിംഗ് ഹാളിനെയും വേര്‍തിരിക്കുന്ന കര്‍ട്ടനുപിറകിലേക്ക്  ചോദ്യചിഹ്നം പോലെ മായാന്‍ ശ്രമിച്ചു .

മോളുടെ പേരെന്താ ?

    ഒരു ചോദ്യം കൊണ്ട് അവളെ ഞാന്‍ ചേര്‍ത്തു നിര്‍ത്താന്‍ നോക്കി ..
പീതാംബരന്റെ പേരക്കുട്ടിയാകണം ..നേരെത്തെ കണ്ടിട്ടില്ല ..കണ്ടിട്ട് പതിനാറോ പതിനേഴോ ആയിക്കാണും ..മകന്റെ വിവാഹത്തിനു വര്‍ഷങ്ങള്‍ക്കു മുമ്പ് പോയത് ഓര്‍മയില്‍ വന്നു മിന്നി .


പഞ്ചമി പി എസ് നായര്‍ .

ആഹാ നല്ല പേരാട്ടോ ..

      അതിലെ പി പീതാംബരന്‍ ആകും എന്ന് മനസ്സില്‍ ആലോചിച്ചു .പേരുകള്‍ ഒക്കെ എന്തെല്ലാം തരത്തില്‍ മാറുന്നു എന്നൊരു പിടിയും ഇല്ല ..ഈയിടെ മകന്റെ കുട്ടി വീട്ടില്‍ പറയുന്ന കെട്ടു .അവളുടെ ഒരു കൂട്ടുകാരിയുടെ പേര് അചുന എന്നാണത്രേ ..അവളുടെ അച്ഛന്‍ പാര്‍ടിക്കാരന്‍ ആയതു കൊണ്ട് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നതിന്റെ ചുരുക്കം അവള്‍ക്കു പേരിട്ടതാണത്രേ ..

             തിടുക്കപ്പെട്ടു ഉണ്ടാക്കിയ ഒരു ഇളം ചിരിയോടെ അവള്‍ പിന്നെയും ഉള്ളിലേക്ക് പോകാന്‍ ഒരുങ്ങി ..അവളിട്ട ഉടുപ്പ് അവളെ ഒരു പൂമ്പാറ്റയെ പോലെ തോന്നിപ്പിച്ചു ...അനേകം ഞൊറികളും അലുക്കുകളും തൊങ്ങലും ഒക്കെ ഉള്ള എല്ലാ നിറങ്ങളും കൂടി മറിഞ്ഞ ഒരുടുപ്പ്‌ ..

മോളുടെ ഉടുപ്പ് നന്നായിട്ടുണ്ട് ട്ടോ ..മുത്തശന്‍ എടുത്തു തന്നതാണോ ?

അല്ല അച്ചന്‍ എടുത്തു തന്നതാ ..

അവളുടെ കണ്ണുകളിലൂടെ എന്തൊക്കെയോ ഭാവങ്ങള്‍ മുങ്ങിയും മറിഞ്ഞും പോകുന്നു ..ഇപ്പോളത്തെ കുട്ടികള്‍ ഒക്കെ ഇങ്ങിനെയാ ..ഒരു ചോദ്യവും അവര്‍ ശ്രദ്ധിക്കുന്നുണ്ടാവില്ല ...ഉത്തരങ്ങളും അലക്ഷ്യങ്ങള്‍ ആയിരിക്കും ..നല്ല പൊടിപ്പുള്ള കുട്ടി ..നടക്കുമ്പോള്‍ ഒരു താളം അവള്‍ സൂക്ഷിക്കുന്നപോലെ ..

മോള്‍ നൃത്തം പഠിച്ചിട്ടുണ്ടോ

എന്താ അങ്ങിനെ ചോദിച്ചത് ..?

അല്ല നടക്കുന്ന കണ്ടപ്പോള്‍ തോന്നി ..വീട്ടിലെ കുട്ടിയും നൃത്തം ഒക്കെ പടിക്കുന്നുണ്ടേ ..ഗുരുവായൂര്‍ ആയിരുന്നു അരങ്ങേറ്റം ...ഭയങ്കര ചിലവാ ..ഡാന്‍സ് ടീച്ചര്‍ക്ക് ഇരുപത്തയ്യായിരം ..കൂടാതെ കസവ് സാരി തന്നെ ദക്ഷിണ വേണം എന്ന് നിര്‍ബന്ധവും ..പക്ക മേളക്കാര്‍ക്കും മേയ്ക്കപ്പുകാര്‍ക്കും  ദക്ഷിണ വേറെ ..ചെലവു താങ്ങില്ല കുട്ട്യേ ...അരങ്ങേറ്റം കഴിഞ്ഞതോടെ നിര്‍ത്തി ..

അവള്‍ ഉടുപ്പ് ഒന്ന് കൂടി പിടിച്ചിട്ടു ശരിയാക്കി ..ഊര്‍ന്നു പോയിരുന്ന ഷാള്‍ എടുത്തു ശരിക്കിട്ടു ..ഡൈനിംഗ് ഹാളിലെ കസേരയില്‍ കര്‍ട്ടനു പിന്നില്‍ പോയി ഇരുന്നു ..

ഞാന്‍ ടീപ്പോയിയുടെ മുകളില്‍ ഇരുന്ന പത്രവും വാരികകളും എല്ലാം അലസമായി മറിച്ചുനോക്കിക്കൊണ്ടിരുന്നു ..പീതാംബരന്‍ എപ്പോള്‍ വരുമോ ആവോ .

മോളെ അച്ഛനും അമ്മയുമൊക്കെ എവിടെ ?

അവര്‍ ഒരു കല്യാണത്തിനു പോയി ..

മോള്‍ ഒറ്റക്കാ വീട്ടില്‍ അല്ലെ ...

അകത്തു നിന്നും ഉത്തരമുണ്ടായില്ല ...പാദസരങ്ങളിട്ട രണ്ടു കാലുകള്‍ മാത്രമാണ് ഇപ്പോള്‍ കാണാന്‍ പറ്റുന്നത് ..

അതെന്താ മോള്‍ പോകാഞ്ഞത് ..?

പോരണ്ട പറഞ്ഞു ...

അതെന്താ അവര്‍ അങ്ങിനെ പറഞ്ഞത് ..?

ഒന്നൂല്യ ..പോയില്ലാന്നു മാത്രം ...

പോകായിരുന്നു മോളെ ...ഇങ്ങിനെ ഒറ്റയ്ക്ക് ഇരിക്കെണ്ടിയിരുന്നില്ലല്ലോ ?

അകത്തു നിന്നും ഒരു മൂളല്‍ മാത്രം  കേട്ടു..ചിലപ്പോള്‍ പറ്റാത്തോണ്ട് ആയിരിക്കും എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു ..ഇപ്പോളെത്തെ കുട്ടികള്‍ ഒക്കെ നേരെത്തെ മുതിരും ...

മോള്‍ എന്തിനാ പഠിക്കുന്നത് ..?

പ്ലസ് ടു

നല്ല മാര്‍ക്കൊക്കെ ഉണ്ടോ ?

ഉം

വീട്ടിലെ കുട്ടി പത്തിലാ ..കണ്ടമാനം പഠിക്കാന്‍ ഉണ്ടാകും അല്ലെ ?

ഉം

അവള്‍ കര്‍ട്ടനു പിറകില്‍ നിന്നും എഴുനേറ്റു വന്നു ..കൈ എത്തിച്ചു ടീപ്പോയിമേല്‍ ഇരുന്ന മൊബൈല്‍ എടുക്കാന്‍ ആഞ്ഞു ...അതവളുടെ കയ്യില്‍ നിന്നും താഴെ വീഴുകയും ചെയ്തു ...ബാറ്ററിയും പുറം കവരും വേര്‍ പിരിഞ്ഞു അത് മൂന്നു കഷണം ആയി മാറിയിരുന്നു ..കവര്‍ വന്നു എന്റെ കാല്‍ച്ചുവട്ടില്‍ വീണു ...

അയ്യോ ഫോണ്‍ കേടായോ മോളെ ..?

അവള്‍ അവളുടെ അരികില്‍ വീണ ബാറ്ററി അടുത്ത കഷണത്തില്‍ ചേര്‍ത്ത് വച്ചു പിന്നെയും അകത്തേക്ക് പോകാന്‍ ഒരുങ്ങി ..

ദാ മോളെ കവര്‍ ..ഞാന്‍ അതെടുത്ത് അവളുടെ അടുത്തേക്ക് നടന്നു ..അവള്‍ അവിടെ നിന്നും എഴുന്നേറ്റു അടുക്കളയുടെ ഭാഗത്തേക്ക് നടന്നു ..അതിനിടയില്‍
അവിടെ വച്ചോളൂ എന്ന് വിളിച്ചു പറഞ്ഞു ..ഞാന്‍ അവള്‍ ഇരുന്ന കസേരയില്‍ കവര്‍ വച്ചു പിന്നെയും  സോഫയില്‍ വന്നിരുന്നു ..കുറെ നേരത്തേക്ക് പിന്നെ ഒച്ചയൊന്നും ഇല്ല ..

വന്ന സമയം ശരിയായില്ല ..പീതാംബരന്‍ എപ്പോള്‍ വരുമോ ആവോ ? ഈ കുട്ടി ഉണ്ടായത് നന്നായി..കാത്തിരിക്കുന്നതിനു ഇടയില്‍ വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാലോ ..അവള്‍ ചിലപ്പോള്‍ അടുക്കളയില്‍ എനിക്കായി എന്തെങ്കിലും വെള്ളം കലക്കുകയായിരിക്കും ..അല്ലെങ്കില്‍ ചായയോ കാപ്പിയോ ...ഇപ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇതൊക്കെ വല്ലതും അറിയുമോ ആവോ ,,..

അകത്തു നിന്നും ആരോടോ ഫോണില്‍ സംസാരിക്കുന്നത്  അവ്യക്തമായി കേട്ടു..അല്ലെങ്കിലും കുറച്ചു ദൂരെ നിന്നുള്ള ചെറിയ ശബ്ദമൊന്നും ഇപ്പോള്‍ കേള്‍ക്കാതായി ..രണ്ടു ചെവിയും അമ്പത് ശതമാനമേ കേള്‍വി ഉള്ളൂ ..മെഷീന്‍ വക്കേണ്ടി വരും എന്നാണു കഴിഞ്ഞ മാസം പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ..പ്രായമായി വരികയല്ലേ ..പതുക്കേ പതുക്കെ ഒന്നും കേള്‍ക്കാതാകുമായിരിക്കും ..


ഒന്ന് വേഗം വരുന്നുണ്ടോ ...? ഞാന്‍ ഇവിടെ ഒറ്റക്കാ എന്നറിയില്ലേ ..എന്നൊക്കെ അവള്‍ കയര്‍ത്തു പറയുന്നുണ്ട് ..പാവം ..താനിപ്പോള്‍ എത്തിയത് ഒരു കണക്കിന് നന്നായി അവള്‍ക്കും ഒരു കൂട്ടായല്ലോ ..അല്ലെങ്കില്‍ അവള്‍ ഒറ്റയ്ക്ക് ഈ വീട്ടില്‍ പേടിച്ചു ഇരിക്കണ്ടേ ..

മോളെ പേടിക്കണ്ടാ ട്ടോ ..ഞാന്‍ മുത്തശന്‍ വന്നിട്ടേ പോകുന്നുള്ളൂ ...ഒറ്റയ്ക്ക് ഇരിക്കണ്ട ..മോള്‍ക്ക്‌ ആയീച്ചാല്‍ ഊണ് കഴിച്ചോ ട്ടോ ..

ഞാന്‍ അകത്തേക്ക് ഒന്ന് നോക്കി പറഞ്ഞു ...

എനിക്ക് പേടിയൊന്നും ഇല്ലല്ലോ അതിനു ..ഞാന്‍ ചെറിയ കുട്ടി ഒന്നും അല്ലല്ലോ ...

അവളുടെ ഉത്തരത്തില്‍ നേരെത്തെ ഇല്ലാത്ത കനം.പെണ്‍കുട്ടികളായാലും വേണം ധൈര്യം ..ഭാവിയില്‍ ഒരു വീട് കൊണ്ട് നടക്കേണ്ടതല്ലേ ..വീട്ടിലും ഇങ്ങിനെയൊക്കെ തന്നെ ആയിരുന്നില്ലേ ..നാല്പതാം വയസ്സില്‍ ആയിരുന്നു തന്റെ കല്യാണം ..വീടോ ആളൊഴിഞ്ഞ ഒരു പാടത്തിന്‍ വക്കത്ത് ..താന്‍ ജോലി കഴിഞ്ഞു വരും വരെ ദേവകി എങ്ങിനെ പേടിക്കാതെ ഒറ്റയ്ക്ക് ഇരുന്നു കാണും ? അന്ന് ഇന്നത്തെ പോലെ ടി വി യും ഫോണും ഒന്നും ഇല്ലാത്ത കാലം ..

അവള്‍ പിന്നെയും  ഫോണില്‍ വിളിക്കുന്നുണ്ട് ..വേഗം വരില്ലേ ..എന്നൊക്കെത്തന്നെ ചോദ്യങ്ങള്‍ ..അവള്‍ പിന്നെയും കര്‍ട്ടനു പിറകിലെ കസേരയില്‍ വന്നിരുന്നു ..കര്‍ട്ടന്‍ ചെറുതായി നീക്കി .ഇപ്പോള്‍ എനിക്കവളെ മുഴുവനായും കാണാം .അവള്‍ ഇടയ്ക്കിടെ എന്നെ പാളി നോക്കുന്നുണ്ട് ..ചിലപ്പോള്‍ പീതാംബരന്‍ വരുന്നുണ്ടോ എന്ന് നോക്കുകയാവണം.വീട്ടിലെ കുട്ടിയും ഇങ്ങിനെയാ ..പെന്‍ഷന്‍ വാങ്ങി ചെല്ലുമ്പോള്‍ എപ്പോളും ഒരു പൊതി കയ്യില്‍ കരുതും .അത് അവള്‍ക്കുള്ളതാണ് ..കുട്ടികള്‍ക്ക് അതൊക്കെ അല്ലെ ഒരു സന്തോഷം ..അച്ഛന് ഇപ്പോളും അവള്‍ ഇള്ളക്കുട്ടി ആണെന്നാ വിചാരം എന്നൊക്കെ മകന്‍ തന്നെ കളിയാക്കും ..എന്നാലും പുറത്ത് പോയി വരുമ്പോള്‍ പതിവ് മുടക്കിയിട്ടില്ല ഇതു വരെ .

മോള്‍ക്ക്‌ കോളേജില്‍ കൂട്ടുകാരൊക്കെ ഇല്ലേ ?

പിന്നെ ഒത്തിരി പേരുണ്ട് ..എന്റെ ഫ്രണ്ടിന്റെ പപ്പയാ ഇവിടത്തെ എസ് ഐ .
പിന്നെ വേറെ ഒരാളുടെ മമ്മിയാ പഞ്ചായത്ത് പ്രസിഡന്റ്റ്..ഇവിടെന്നു നാലാമത്തെ വീടുകളാ ..

നന്നായി മോളെ ..കൂട്ടുകാര്‍ ധാരാളം വേണം ..മോള്‍ടെ മുത്തശനും ഞാനും അങ്ങിനെ ആയിരുന്നു ..ഒരു പാത്രത്തില്‍ നിന്നായിരുന്നു ഊണ്..ലവനും കുശനും എന്നൊക്കെ ആയിരുന്നു ഞങ്ങളെ ഓഫീസില്‍ കളിയാക്കിയിരുന്നത് ..ഒക്കെ ഒരു കാലം ..എങ്ങിനെ കഴിഞ്ഞിരുന്ന ആളുകളാ ...ഇപ്പൊ കണ്ട കാലം മറന്നു ..

മോള്‍ടെ കഴുത്തിലെ മാല എത്ര പവനാ ? അച്ചന്‍ വാങ്ങി തന്നതാവും ല്ലേ ..ഞങ്ങളുടെ ഒക്കെ ചെറുപ്പത്തില്‍ സ്വര്‍ണത്തിന് ഒക്കെ ഇന്നത്തെ അപേക്ഷിച്ച് നിസാര വിലയെ ഉള്ളൂ .അന്ന് ശമ്പളവും അങ്ങിനെയാ ട്ടോ ..കുവായിരുന്നു .അന്നത്തെ ഒരു പതിനായിരത്തിനു ഇന്നത്തെ ഒരു ലക്ഷത്തിന്റെ മേല്‍ വിലയുണ്ടാകും ..

  ഇത് ഫാന്‍സിയാ ...അവള്‍ ഉടുപ്പിന്റെ ഷാള്‍ മാല കാണാത്ത വിധം മറച്ചിട്ടു ഇടതു കൈയ്യിലെ വളകള്‍ക്ക് മേല്‍ വലതു കൈ അമര്‍ത്തി വച്ചു .


മുത്തശന്‍ ഒരു പൈസ വെറുതെ കളയില്ല ട്ടോ ..നല്ലപോലെ പണം ഉണ്ടാകും അവന്റെ ബാഗില്‍ ഇപ്പോളും ..അല്ലെ മോളെ ..ഞങ്ങള്‍ ഒക്കെ അങ്ങിനെ വളര്‍ന്നവരാ ..ചെലവക്കുന്നെടത്ത് എന്തിനായാലും ഒരു കണക്കുണ്ടാകും ..

അറിയില്ല ..അതൊക്കെ അവര്‍ക്കന്നെ അറിയൂ ..അവള്‍ പറഞ്ഞു ..ശരിയാ

കുട്ടിക്ക് എങ്ങിനെ അറിയാനാ ..?അതും പെണ്‍കുട്ടി അല്ലെ ...അവര്‍  വരട്ടെ .വീടൊക്കെ ഒന്ന് നടന്നു കാണണം ..

മുത്തശന്‍ ഇപ്പോള്‍ വരും ന്നാ പറഞ്ഞത് ..അച്ഛനും വരും ..എന്റെ ഫ്രണ്ട് പറഞ്ഞില്ലേ എസ് ഐ യുടെ മോന്‍ ..അവനു എന്റെ നോട്ട് എഴുതിയെടുക്കാന്‍ വേണമെത്രേ ..അവനും ഇപ്പോള്‍ വരും ...അവള്‍ ധൃതിയില്‍ പറഞ്ഞു നിര്‍ത്തി ..

മോളേ ഇത്തിരി വെള്ളം കുടിക്കാൻ വേണം..നല്ല ദാഹം .ഉച്ചക്ക് ഒരു ഗുളിക കഴിക്കാനും ഉണ്ട് ..

ഞാന്‍ ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ ഭാവിച്ചു ..
അവൾ ഒന്നു തറപ്പിച്ചു നോക്കി .. ഇടക്കിടെ തിരിഞ്ഞു നോക്കി ഉള്ളിലേക്ക് പോയി.......

. ദാ വെള്ളം

ഇടം കൈ കൊണ്ട് അവൾ ഗ്ലാസ് നീട്ടി... അവൾ ഇട്ടിരുന്ന ഉടുപ്പിന്റെ ഞൊറികൾക്കിടയിൽ വലതു കൈ കൊണ്ട് ഒരു മായാജാലക്കാരന്റെ കയ്യടക്കത്തോടെ അവൾ ഒളിപ്പിച്ചു പിടിച്ച വസ്തു കണ്ട് ഇറക്കുകയായിരുന്ന വെള്ളം എന്റെ തൊണ്ടയിൽ തടഞ്ഞു...അതിന്റെ മിന്നുന്ന വായ്ത്തല എന്നെ നോക്കി അസാമാന്യ ആത്മവിശ്വാസത്തോടെ ചിരിക്കുണ്ടായിരുന്നു..അവളും  ..

കണ്ണും കാതും
-----------------


അച്ചാ
ഇതിലെ ഒരു വണ്ട്‌  ഉംഉംഉം എന്നു ഒച്ചയുണ്ടാക്കി പറന്നു പോയത്
അച്ചന്‍ കണ്ടോ ?

മോബൈലിലെ ചാറ്റ് മുറിഞ്ഞു പോകുന്നതിന്റെ രസക്കേടില്‍
ഇല്ലല്ലോ ...ഞാന്‍ കണ്ടില്ല എന്ന മറുപടിയോടെ ഞാന്‍ അവനെ നോക്കി


അതേയ് അച്ചാ അച്ഛന്റെ കണ്ണും ചെവിയും  വലുതല്ലേ ..അതാ ചെറുതൊന്നും  കാണുകയും കേള്‍ക്കുകയും ചെയ്യാത്തത് ..എന്റെ കണ്ണും ചെവിയും ചെറുതല്ലേ ..അതാ എനിക്കതൊക്കെ കാണാനും കേള്‍ക്കാനും പറ്റണത്...


ഞാന്‍ എന്റെ കണ്ണും ചെവിയും ഒന്ന് തപ്പി നോക്കി .ശരിയാ അവന്റെതിനേക്കാള്‍ വലുതാണ്‌ ..കണ്ണും ചെവിയും വലുതായി പോയത് കൊണ്ട് എനിക്ക് നഷ്ടപ്പെട്ട കാഴ്ചകളുടെയും  ശബ്ദങ്ങളുടെയും ഒരു കണക്ക്  മനസ്സിലൂടെ എഞ്ചുവടി പട്ടിക പോലെ പാഞ്ഞു പോയി .

2017 ഏപ്രിൽ 30, ഞായറാഴ്‌ച

കണ്ടുപിടുത്തങ്ങള്‍


അടുക്കളയില്‍
അമ്മ ഒളിപ്പിച്ച
മിഠായിഭരണി

അച്ഛന്‍ എടുത്തുവച്ച
പുതിയ
കളര്‍ പെന്‍സില്‍

എന്തിനേറെ
മുത്തച്ഛന്റെ
കാണാതായ കണ്ണടയും
മുത്തശിയുടെ
തുന്നല്‍ സൂചിയും

ടീച്ചറുടെ പേനയുടെ
അടപ്പും
കൂട്ടുകാരിയുടെ
ഊരിപ്പോയ
കമ്മലും

കിണറ്റിലെ പൊന്മാന്‍,
മരത്തിലെ അണ്ണാന്‍ കൂടും
ചേമ്പിലയിലെ വെള്ളത്തുള്ളിയും
കുലുക്കിത്തുപ്പിയപ്പോള്‍
മഴവില്ലുണ്ടായതും

അയലോക്കത്തെ
രമണി ചേച്ചിയുടെ
കണ്ണിലെ കരടു പോലും
കണ്ടു പിടിച്ചത് ഈ ഞാനാ

എന്നിട്ടോ
ക്വിസ് ബുക്കില്‍
ഒരു ചോദ്യം പോലുമില്ല
എന്നെപ്പറ്റി
എന്റെ കണ്ടുപിടുത്തങ്ങളെപ്പറ്റി

വെച്ചിട്ടുണ്ട് ഞാന്‍
ഇനി ഒറ്റ സാധനം
കണ്ടു പിടിക്കില്ല

അനുഭവിക്കട്ടെ എല്ലാരും ..

2017 മാർച്ച് 30, വ്യാഴാഴ്‌ച

ജല കഥകള്‍

ജല ദിനം


 സഹ്യപർവ്വതം മുതൽ അറബിക്കടലു വരെ നീണ്ട വലിയ കുഴി തോണ്ടി പുഴയെ മറചെയ്ത് നമ്മൾ വർഷാവർഷം ജലദിനം എന്ന് ശ്രാദ്ധ മുട്ടുന്നു 


മറവി
.
അയ്യോ കിണർ പൂട്ടാൻ മറന്നല്ലോ എന്ന നിലവിളിയോടെ അയാൾ ബസ് സ്റ്റോപ്പിൽ നിന്നും വീട്ടിലേക്ക് ഓട്ടോ പിടിച്ച് പാഞ്ഞു


ബാക്കി
.

 ഷവറിൽ നിന്നും രണ്ടു തുള്ളി. അയാളുടെ നെറുകയിൽ വീണു കുളിമുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒരു തേങ്ങൽ പ്രതിധ്വനിച്ചു മകനേ ഇതേ ബാക്കിയുള്ളൂ.

2016 ഡിസംബർ 25, ഞായറാഴ്‌ച

അദൃശ്യം

സര്‍വേ ചങ്ങല മുറ്റത്ത് കിലുകിലാന്നു അഴിഞ്ഞു വീഴുന്ന ഒച്ച കേട്ടു ചാവടയില്‍ ചുരുണ്ട് കിടന്നിരുന്ന നായ ഒന്ന് ഞെട്ടി പിന്നെ ഒന്നും മനസ്സിലാകാതെ കുരച്ചുതുടങ്ങി.
ഒരു പാട് നാളത്തെ കൂടി ആലോചനക്കും നാട്ടു മധ്യസ്ഥതക്കും ഒടുവിലാണ് തറവാട് ഭാഗം പിരിയാനുള്ള തീരുമാനം ഉരുത്തിരിഞ്ഞത്. നാട്ടുമ്പുറത്തെ വസ്തുവില്‍ ആര്‍ക്കും അത്ര ഇന്‍റെറെസ്റ്റ്‌ ഉണ്ടായിട്ടല്ല. എന്നാലും എന്തും അതിന്റെ ഒരിതില്‍ ചെയ്തു തീര്‍ക്കുന്നതാണ് നാട്ടു നടപ്പ് എന്ന അശരീരിക്ക് ആര്‍ക്കും എതിര്‍ വാക്കുണ്ടായില്ല.
മൂത്ത മകന് മകളുടെ കല്യാണം, രണ്ടാമത്തവള്‍ക്കും മകന്റെ ജോലിക്കാര്യം, പട്ടണത്തിന്റെ പ്രേതം ആവേശിച്ച മുക്കിലങ്ങാടിയില്‍ ഫാന്‍സി നടത്തുന്ന ഇളയവന് അതൊന്നു പരിഷ്കരിക്കണം എന്ന മോഹം. ചിറകിനുള്ളില്‍ കാക്കക്കും പരുന്തിനും കൊടുക്കാതെ വളര്‍ത്തിയവരെ ഒരു പ്രായം ചെന്നാല്‍ കൊത്തിയാട്ടണമെന്ന ചിന്ത പലരും പറഞ്ഞു ബോധിപ്പിച്ചെങ്കിലും മീനാക്ഷിയമ്മക്ക് അതിന്റെ ഗുട്ടന്‍സ് ഇപ്പോളും പിടി കിട്ടിയിട്ടില്ല.
പത്ത് മുപ്പത് വര്‍ഷം മുമ്പ് ഒരു മൂവന്തിക്ക്‌ കൊടിത്തെങ്ങില്‍ നിന്നും ഊര്‍ന്നു വീണതേങ്ങ പെറുക്കാന്‍ പോകുമ്പോള്‍ അതിനി രാവിലെ എടുത്താല്‍ പ്രേ എന്ന പിന്‍വിളി മീനാക്ഷി ഉയര്‍ത്തിയെങ്കിലും
“നട്ടു നനച്ചു ഉണ്ടാക്കീതാ മീനാക്ഷിയെ രാവിലേക്ക് അത് വല്ലോരും പെറുക്കി കൊണ്ട് പോയാലോ എന്നും പറഞ്ഞു തൊടിയിലേക്ക്‌ ഇറങ്ങിയതാണ് നാരായണന്‍ നായര്‍. കാലില്‍ എന്തോ തട്ടിയെന്ന സന്ദേഹവും ഒരു വിളഞ്ഞ തേങ്ങയും ഒരേ പോലെ മുഴങ്കൈയ്യില്‍ എടുത്ത് കോലായ കേറി വന്നപ്പോള്‍ മീനാക്ഷിയും ആദ്യം അത് കാര്യമാക്കിയില്ല.
അന്തിക്കറുപ്പ് തൊടിയിലേക്ക്‌ പതിയെ പടര്‍ന്ന് പോലെ കാലിലെ ചെറിയ രണ്ടു കടിപ്പാടില്‍ നിന്നും നാരായണന്‍ നായരുടെ ദേഹത്തേക്ക് നീലിമ പടര്‍ന്നതും നിലക്കാത്ത വിയര്‍പ്പും അതിനൊടുവില്‍ മീനാക്ഷിയെ എന്ന വിളിയിലെ തണുപ്പും പടി കയറി വന്ന ആള്‍ക്കൂട്ടവും എന്തിനെന്നറിയാതെ പകച്ച മൂന്നു കുഞ്ഞി കണ്ണുകളും മീനാക്ഷിയമ്മക്ക് ഇന്നത്തെ പോലെ മുന്നില്‍. തെക്കേ തൊടിയിലേക്ക്‌ എടുത്തു കൊണ്ട് പോകുമ്പോള്‍ നാട്ടുകാരണവര്‍ ചുരുട്ടി തന്ന ഒറ്റ മുണ്ടിനുള്ളില്‍ ഒരു കാലു തെല്ലു പൊട്ടിയ കണ്ണട ഉണ്ടായിരുന്നത് അന്ന് തൊട്ടും മീനാക്ഷിയമ്മ ഇടക്കെടുത്ത് വച്ച് നോക്കാറുണ്ട്. ചില നേരത്ത് കാഴ്ച വല്ലാതെ മങ്ങുന്നു എന്ന് തോന്നുമ്പോള്‍ അത് ഒരു സമാധാനം ആണെന്ന് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ പോകാന്‍ ഉള്ള ഊര് ചുറ്റലിനിടയില്‍ എത്തിയ വേലുവിനോട്‌ പറയുകയും ചെയ്തു.
മക്കളെയൊക്കെ പിന്നെ ഒരു വിധം നന്നായി വളര്‍ത്തി. പെട്ടയോ ചെവാലോ എന്ന് തിരിയാത്ത പ്രായത്തിലുള്ള കുട്ടികള്‍ക്ക് പിന്നെ എന്തിനും ഏതിനും അമ്മ മാത്രം. പലപ്പോളും രണ്ടു കണ്ണും രണ്ടു കാതും പോരായിരുന്നു. ആയിരം കണ്ണും കാതുമായി മീനാക്ഷിയമ്മ കുട്ടികള്‍ക്ക് കാവലിരുന്നു. ഈറ്റ് പാമ്പിന്റെ ശ്രദ്ധയോടെ. അന്നൊന്നും ഒരു ഭാഗം, പിരിച്ചില്‍ മനസ്സില്‍ എവിടെയും ഉണ്ടായിരുന്നില്ല.
“ഞങ്ങള്‍ ഇങ്ങിനെ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അമ്മ എതിര്‍ നില്ക്കരുത്”
മൂത്തവന്റെ വാക്കുകള്‍ ആദ്യം കോലായ കേറി വന്നത് ഒരു പകപ്പോടെ മീനാക്ഷിയമ്മ കേട്ട് നിന്നു.
“അമ്മേടെ ഒരു കാര്യത്തിനും മുടക്ക് വരില്ല, മകളുടെ വയ്ക്കുകല്‍ പൊടിഞ്ഞ കണ്ണീര്‍ ഇടതു കൈ കൊണ്ട് തുടച്ചു മീനാക്ഷിയമ്മ പതറി
അമ്മെക്കു ഇനി വയ്യാത്ത കാലാ.. ആരടെ കൂടെ വേണം എങ്കിലും നിക്കാലോ..ഞങ്ങള്‍ തയ്യാറാ മൂന്നാമന്റെ ശബ്ദത്തിന് തറവാട്ടു തെങ്ങില്‍ നിന്നും ഒരു പട്ട ശരേന്നു താഴേക്കു വീഴുന്ന താളം പോലെ തോന്നിച്ചപ്പോള്‍ അമ്മ കണ്ണുകള്‍ ദൂരേക്ക്‌ പായിച്ചു. നിങ്ങള്‍ എന്താ എന്ന് വച്ചാ ഒന്ന് വേഗം തീരുമാനിക്ക്.. എനിക്ക് വേറെ ജോലിയുണ്ട്..
സര്‍വേക്കാരന്റെ വാക്കുകളിലൂടെ തെല്ലിട നാലുപേര്‍ക്കിടയില്‍ ഒതുങ്ങി നിന്ന കാലം പുറത്തേക്ക് കുതറിചാടി.. അമ്മ ഒരു നെടുവീര്‍പ്പോടെ ഉള്ളിലേക്ക് പോകുന്നത് മൗനം സമ്മതം ആയി എടുത്തു മക്കള്‍ മുറ്റത്തേക്ക്‌ ഇറങ്ങി.. അല്ല അമ്മയെ ആരുടെ കൂടെ നിക്കാനാ ഭാവം ? നിങ്ങള്‍ ആരാച്ചാ നിര്‍ത്തിക്കോ, എന്റെ ഒപ്പം ടൗണിലെ രീതിയൊന്നും അമ്മക്ക് പിടിക്കില്ല.. മൂത്തയാളുടെ മുന്‍‌കൂര്‍ ജാമ്യം കോലായ കടന്നു ഇടനാഴിയിലെ ഉമ്മറപ്പടിയില്‍ എത്തി.
“എനിക്കൊന്നും നടക്കില്ലട്ടോ, മൂപ്പര്‍ക്കും എനിക്കും ജോലിക്ക് പോകേണ്ടതാ.. നീ നിര്‍ക്കോടാ…
മകള്‍ ഒരു പന്തുകളിക്കാരന്റെ കനിഷത്ത്തോടെ തന്നെ മൂന്നാമന് തട്ടി കൊടുക്കുന്നത് മച്ചിലേക്ക് കയറുമ്പോള്‍ മീനാക്ഷിയമ്മയുടെ ചങ്കില്‍ തടഞ്ഞു.,, അമ്മക്കെ വയസായി വരികയാ, എനിക്കാണെങ്കില്‍ മൂക്കറ്റം കടവും..നിങ്ങള്‍ രണ്ടാളും നല്ല സ്ഥിതി ഉള്ളവരാ…നിങ്ങള്‍ വേണം അമ്മയെ നോക്കാന്‍ മൂന്നാമന്റെ വാക്കുകള്‍ക്കോപ്പം പച്ചച്ചു നിന്ന തൈത്തെങ്ങു വേനലിലെ ഒരു ഇടിക്കു നിന്ന് കത്തുന്നത് മീനാക്ഷിയമ്മ കണ്ടു.
പുറത്ത് ചങ്ങലയുടെ കിലുക്കം പല തവണ ഉയര്‍ന്നു താണ്‌ വന്നു. ചെറിയ ഒച്ചയുയര്‍ത്തലുകള്‍, സമാധി തറ എന്ത് ചെയ്യണം,? തെക്കേ തൊടിയിലെ പുളിമാവ് ആരുടെ ഭാഗത്തില്‍ വരും എന്നൊക്കെയുള്ള ചര്‍ച്ചകള്‍. കണ്ണീര്‍ മുഴുവനായി വറ്റി എന്ന് ഉറപ്പായപ്പോള്‍ മീനാക്ഷിയമ്മ പതുക്കെ എഴുനേറ്റു, പുറത്തെ ബഹളങ്ങള്‍ എല്ലാം ഒതുങ്ങി. മച്ചിലെ പത്തായത്തിന്റെ മൂലയില്‍ മടക്കി വച്ച ഒറ്റമുണ്ടും അതിന്റെ മടക്കിനുള്ളിലെ പഴഞ്ചന്‍ കണ്ണടയും മെല്ലിച്ച കൈകള്‍ കൊണ്ട് പതിയെ തപ്പിയെടുത്ത് കണ്ണീരു കൊണ്ട് നനഞ്ഞ ഉടുമുണ്ടിന്റെ കോന്തല കൊണ്ട് രണ്ടു ചില്ലും തുടച്ചു. പഴകിയ മുണ്ട് നാലായി മടക്കി ചുമലില്‍ ഇട്ടു. കണ്ണടയുടെ കാലുകള്‍ പതുക്കെ നിവര്‍ത്തി മൂക്കത്ത് വച്ചുറപ്പിച്ചു കോലായ കടന്നു ഉമ്മറത്തിണ്ണയില്‍ കാലിന്‍മേല്‍ കാലും കയറ്റി വച്ച് മീനാക്ഷിയമ്മ മുറ്റത്തേക്ക്‌ നോക്കി
ഒന്നും കാണാന്‍ ആവുന്നില്ലല്ലോ. തൊടിയും പാടവും ഒക്കെ എവിടെയോ മറഞ്ഞ പോലെ. കണ്ണട ഒന്ന് കൂടി എടുത്തു തുടച്ചു വച്ച്.. പിന്നെയും പിന്നെയും നോക്കി.
ഒരു കണ്ണടക്കും കാണാന്‍ ആവാത്തത് ചിലതുണ്ടല്ലോ എന്ന് സമാധാനിച്ചു ചാവടിയിലേക്ക് കയറി. മീനാക്ഷിയമ്മ തല തെക്കോട്ട തന്നെ അല്ലെ എന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി മലര്ന്നു നീണ്ടു നിവര്ന്നു കിടന്നു…

പിടച്ചിലുകള്‍


(കെ സ് ടി എ സംസ്ഥാന സമ്മേളനം സാഹിത്യ മത്സരത്തില്‍ ഓണം സ്ഥാനം നേടിയ കഥ )

ഓഫീസ് മുറിയുടെ മൂലയിലെ സ്വിച്ചില്‍ പ്യൂണ്‍ രമേശന്‍ വിരലമര്‍ത്തുന്നതോടെ എല്ലാ ക്ലാസ്സുകളിലെയും ബെല്ലുകള്‍ ഒന്നിച്ചു ചിലച്ചു. അതുവരെ വിവിധ കാട്ടുപക്ഷികളുടെ കലപിലയും കാട്ടരുവികളുടെ കളകളാരവവും ഉണ്ടായിരുന്നിടത്ത് പ്രാചീനമായ ഏതോ ഒരു ചീവീടിന്റെ ശബ്ദം പോലെ. അതോടെ സ്കൂള്‍ പെട്ടെന്ന് നിശബ്ദമായി.
ക്ലാസ്സിലേക്ക് പോകുമ്പോള്‍ അമ്മിണി ടീച്ചറുടെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. ടി ടി സി ക്ക് പഠിക്കുമ്പോള്‍ പരിശീലനത്തിന്റെ ഭാഗമായി ആദ്യം സ്കൂള്‍ മുറ്റത്ത് കയറുമ്പോഴും ഇതേ വിറതന്നെ തനിക്കു ഉണ്ടായിരുന്നല്ലോ എന്ന് ടീച്ചര്‍ ഓര്‍ത്തു പോയി. താന്‍ പഠിച്ച പാഠങ്ങള്‍ക്ക് അപ്പുറം പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടി വരുമ്പോള്‍ താന്‍ തീരെ ചെറുതായി പോകുന്നുണ്ടോ എന്ന സംശയത്തോടെ ടീച്ചര്‍ ക്ലാസിലേക്ക് കയറി.
കഴിഞ്ഞ ദിവസമാണ് സ്കൂളിനെ സ്മാര്‍ട്ട് സ്കൂള്‍ ആക്കി പ്രഖാപിക്കുന്നത്. അത് വരെ ഉണ്ടായിരുന്ന മുക്കാലിയും ബോര്‍ഡും സ്കൂളിനു പിറകിലെ ഷെഡില്‍ തന്നെ പോലെ തന്നെ ചുരുണ്ട് കിടപ്പുണ്ടാകുമെന്നു ടീച്ചര്‍ക്ക് തോന്നി.
ഗ്രാമപ്രദേശത്തെ സ്കൂളില്‍ തനിക്കിനി ഏതാനും മാസങ്ങള്‍ മാത്രം. സ്കൂളിലേക്ക് വരുമ്പോള്‍ പാത കറുത്തിരുന്നില്ല, മുന്നിലെ ഷോപ്പിംഗ്‌ കോംപ്ലക്സിനു പകരം ഗോപാലന്‍ നായരുടെ പുക മണമുള്ള ചായപ്പീടിക മാത്രം. സ്വയംഭൂവായ വിഗ്രഹം പോലെ സ്കൂളില്‍ ഉണ്ടായിരുന്ന പഴയ തീവണ്ടി ചക്രത്തില്‍ ഇരുമ്പു ചുറ്റിക കൊണ്ട് അടിക്കുമ്പോള്‍ ഉണ്ടാകുന്ന മുഴക്കമാണ്‌ അവിടുന്ന് ഇതുവരെ തന്റെ ജീവതത്തിന്റെ താളം.
ഒന്നാം തരം മുതല്‍ ക്ലാസ്സുകള്‍ ഒന്നാന്തരം ആക്കണം. ക്ലാസ് മുറി മുഴുവന്‍ പക്ഷി മൃഗാദികളുടെ ചിത്രങ്ങള്‍ പതിച്ചു. നിലം ടൈല്‍ വിരിച്ചു. കറകറ കരയുന്ന പഴയ മര ബഞ്ചുകള്‍ക്ക് പകരം സ്റ്റീലില്‍ വെല്‍ഡ്‌ ചെയ്തു ഉറപ്പിച്ച പുതിയ കാല ഇരിപ്പിടങ്ങളായി. കീറിപ്പറിഞ്ഞ ഡസ്റ്ററും കൈയ്യില്‍ തൂക്കി നിന്ന ബോര്‍ഡിനു പകരം മിനി സ്ക്രീന്‍. തലയ്ക്കു മുകളില്‍ ലോക സാക്ഷിയെ പോലെ പ്രൊജക്ടര്‍. ഡി വി ഡി, മൈക്ക്, ബോക്സുകള്‍.. അമ്മിണി ടീച്ചറുടെ നാലാം ക്ലാസും അങ്ങിനെ സ്മാര്‍ട്ട് ആയി.
കുട്ടികള്‍ ഒക്കെ വല്ലാണ്ട് മാറിപ്പോയി. എല്ലാ ദാരിദ്ര്യങ്ങളെയും ഒളിച്ചു വയ്ക്കുന്ന പുതിയ യൂണിഫോം. കഴുത്തില്‍ ഫോട്ടോ അടക്കം ഉള്ള ടാഗുകള്‍. കാലില്‍ സോക്സും ഷൂവും. പഴയ കുഞ്ചുവും നീലാണ്ടനും കാര്‍ത്യായനിയും നിറഞ്ഞ ഹാജര്‍ പട്ടിക ഇപ്പോള്‍ അര്‍ച്ചന എസ് വാര്യര്‍, സിനു കെ ഗോപാലന്‍ നായര്‍, ഹേമ നമ്പൂതിരി എന്നൊക്കെ മാറിയിട്ടുണ്ട്. ടീച്ചര്‍ക്ക് ഗസറ്റില്‍ പരസ്യം കൊടുത്ത് ഈ അമ്മിണി എന്ന പേര്‍ അമ്മിണി ഗോപിനാഥ് എന്നോ അല്ലെങ്കില്‍ മറ്റൊരു പേരോ തന്നെയോ ആക്കി മാറ്റിക്കൂടെ എന്നും ഇനി എന്നാണു നമ്മുടെ അമ്മിണി ടീച്ചര്‍ കൂടി സ്മാര്‍ട്ട് ആകുക എന്ന് ചെറുപ്പക്കാരനായ ഹെഡ് മാസ്റര്‍ സ്റ്റാഫ് മീറ്റിങ്ങില്‍ ചോദിച്ച അന്ന് തുടങ്ങിയതാണ്‌ മനസ്സിലെ ഈ പിടച്ചില്‍.
പാഠം ആരംഭിക്കണം. എന്നും പറയാറുള്ള
'നമസ്തേ ടീച്ചര്‍'
എന്നതിന് പകരം ഇന്ന് ആദ്യം ഒറ്റക്കും പിന്നെ ക്രമമില്ലാത്ത കൂട്ടമായും ഉയര്‍ന്ന
'ഗുഡ് മോര്‍ണിംഗ് ടീച്ചര്‍'
ചെവിയില്‍ വന്നലച്ചപ്പോള്‍ ആണ് ടീച്ചര്‍ ചിന്തയില്‍ നിന്നും ഉയര്‍ന്നത്. താനിനി ഗുഡ് മോര്‍ണിംഗ് തിരിച്ചു പറയണം. രക്ഷിതാക്കളും പ്രധാനാധ്യാപകനും പിന്‍ നിരയില്‍ ക്ലാസ് കാണാന്‍ ആയി ഇരിപ്പാണ്.
ഗുഡ് മോര്‍ണിംഗ് ആള്‍ ഓഫ് യു..
തന്റെ ശബ്ദത്തിന് ഇടര്‍ച്ചയില്ലെന്നു വരുത്താന്‍ ഒന്ന് കൂടി ചുമച്ച് ടീച്ചര്‍ തൊണ്ട ശരിയാക്കി.
ഇന്നത്തെ പാഠം പുഴയാണ്. മുമ്പാണെങ്കില്‍ പുഴ എന്ന് ബോര്‍ഡില്‍ കനപ്പിച്ചു ഒരു എഴുത്തും അതിനടിയില്‍ പാലം പോലെ രണ്ടു വരയും മതിയായിരുന്നു. ഇന്നത്‌ പോര. നേരെത്തെ ലാപ് ടോപ്പില്‍ തയാറാക്കി വച്ച പലതും പ്രൊജക്ടര്‍ വച്ചു കാണിക്കണം. സ്റ്റാഫ് റൂമില്‍ വച്ച് എല്ലാവരും ചേര്‍ന്ന് പഠിപ്പിച്ചു വിട്ടതാണ്. ചെന്നയുടന്‍ പുഴയെ കുറിച്ച് ഒരു ആമുഖം പറയണം. പിന്നെ പതുക്കെ കാഴ്ചകളിലേക്ക്. ക്ലാസ് പകര്‍ത്താന്‍ ക്യാമറക്കാരനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതറാന്‍ പാടില്ല എന്ന് ഉള്ളില്‍ ഇരുന്ന് ആരോ പറയുന്നത് കടവിലെ പുഴയുടെ നേര്‍ത്ത മൂളല്‍ പോലെ ചെവിയില്‍ വന്നലയ്ക്കുന്നുണ്ട്.
ക്ലാസ് മുറിയുടെ മൂലയില്‍ നിന്നും ക്യാമറ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ടീച്ചര്‍ എന്താണ് ക്ലാസ് തുടങ്ങാത്തതെന്ന ചോദ്യം പ്രധാനാധ്യാപകന്റെ പുരികക്കൊടിയില്‍ ഉയരുന്നുണ്ട്. രക്ഷിതാക്കള്‍ക്കിടയില്‍ അമര്‍ത്തിയ ചിരികള്‍ ഉണ്ട്. ഇലകള്‍ക്ക് മുമ്പില്‍ വിളമ്പുകാരനെ കാത്ത് ഇരിക്കുന്നവരെ പോലെ തന്റെ കുട്ടികള്‍. താന്‍ ബലിച്ചോറിന്റെ ഒരു ഉരുളയാണെന്നും തനിക്കു ചുറ്റിലും ബലിക്കാക്കകള്‍ ഊഴം കാത്ത് കടുപ്പിച്ചു നോക്കുകയാണെന്നും അമ്മിണി ടീച്ചര്‍ക്ക് തോന്നി.
പ്രിയപ്പെട്ട കുട്ടികളെ ഇന്ന് നമ്മള്‍ പഠിക്കാന്‍ പോകുന്നത് പുഴയെ കുറിച്ചാണ്..
അയ്യോ ഡിയര്‍ സ്റ്റുഡന്റ്സ് ടുഡേ വി ആര്‍ ഗോയിംഗ് ടു സ്റ്റഡി എബൌട്ട്‌ റിവര്‍ എന്നാണല്ലോ തുടങ്ങേണ്ടിയിരുന്നത്?
വിച് റിവര്‍ ടീച്ചര്‍ ഈസ് ഇറ്റ്‌ കല്‍പ്പാത്തി റിവര്‍ ഓര്‍ ഭാരത റിവര്‍.?
ഒന്നാം ബഞ്ചില്‍ നിന്നും ഉയര്‍ന്ന ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ലെറ്റ്‌ അസ് സീ സം വീഡിയോസ് ഓഫ് റിവര്‍ എന്ന് തപ്പിത്തടഞ്ഞു ടീച്ചര്‍ പവര്‍ പ്ലഗിന്റെ ചുകപ്പില്‍ വിയര്‍ക്കുന്ന വിരല്‍ അമര്‍ത്തി. നൂറു വട്ടം പ്രവര്‍ത്തിപ്പിച്ചിട്ടും മെരുങ്ങാത്ത പ്രൊജക്ടര്‍ തന്നെ നോക്കി പല്ലിളിക്കുന്നതും നിവര്‍ത്തി വച്ച ലാപ് ടോപ്‌ ഒരു വലിയ ജലജീവിയുടെ വാ പോലെയും തോന്നുന്നത് മറികടക്കാന്‍ ശ്രമിച്ചു റിമോട്ടില്‍ വിരല്‍ അമര്‍ത്തി. ലാപ് ടോപ്പിന്റെ പാഡില്‍ വിരല്‍ വച്ചപ്പോള്‍ സ്ക്രീനില്‍ ചുറ്റിത്തിരിയുന്ന അമ്പടയാളം തനിക്കു നേരെ എപ്പോളാണ് ബ്രഹ്മാസ്ത്രം പോലെ പാഞ്ഞു വരികയെന്ന് പെന്‍ഷന്‍ ബുക്ക്‌ പൂരിപ്പിച്ചു കൊടുക്കുമ്പോള്‍ ഉള്ള അങ്കലാപ്പോടെ ടീച്ചര്‍ നിയന്ത്രിച്ചു നിര്‍ത്തി.
ലാപ് ടോപ്പിലെ റിവര്‍ എന്ന ഫോള്‍ഡര്‍ രണ്ടു പ്രാവശ്യം അമര്‍ത്തണം. സൈമോന്‍ മാഷിന്റെ വാക്കുകള്‍ ഉണ്ട് ചെവിയില്‍. പ്രൊജക്ടര്‍ ശരിയാവുന്നില്ല, മിനി സ്ക്രീനില്‍ ഉറ്റു നോക്കി ഇരുന്നവരുടെ കണ്ണുകളില്‍ അക്ഷമയുടെ ഒളിയമ്പുകള്‍.. അവിടവിടെ ടീച്ചര്‍ ടീച്ചര്‍ വിളികള്‍.. പിന്നെയും ടീച്ചര്‍ റിമോട്ട് അമര്‍ത്തി. സ്ക്രീനില്‍ എന്തോ ഒരു വെള്ളിവെളിച്ചം മിന്നി മറഞ്ഞു പോയി.
ടീച്ചര്‍ ഇതൊക്കെ നേരെത്തെ പ്രിപയര്‍ ചെയ്തു വയ്ക്കണ്ടേ? എന്താ ഇങ്ങിനെ ഒക്കെ?
പ്രധാനാധ്യാപകനും മറ്റുള്ളവരും മേശക്കരികിലേക്ക് വരുന്നത് അമ്മിണി ടീച്ചര്‍ കണ്ടു. എവിടെ നിന്നോ ഒരുറവ കണ്ണുകളില്‍ പുഴയായി വന്നു മൂടുന്നതും ആ കുത്തൊഴുക്കില്‍ താനും കുട്ടികളും നിലവിളിയോടെ അകന്നു പോകുന്നതും, വലിയ ഒരു മരം കടപുഴി ഒലിച്ചു പോകുന്നതു പോലെ പ്രൊജക്ടര്‍ നീങ്ങി പോകുന്നതും കണ്ടും കേട്ടും അമ്മിണി ടീച്ചര്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ മിനുസമുള്ള നിലത്തേക്കു പൊടുന്നനെ കുഴഞ്ഞു വീണു.