2018 ഫെബ്രുവരി 27, ചൊവ്വാഴ്ച

ടാര്‍ജറ്റ്

കുറച്ചു ദിവസത്തെ ഇടവേളക്കു ശേഷം അവൾ ഇന്ന് ജോലിക്കിറങ്ങിയതായിരുന്നു . അച്ഛന്റെ മരണശേഷം കുറെ ദിവസങ്ങള്‍ അവധിയിലായിരുന്നു . ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ബന്ധുക്കള്‍ ഒക്കെ പിരിഞ്ഞു പോയപ്പോള്‍ അമ്മ തന്നെയാണ് അവളോട്‌ ചോദിച്ചത് മോള്‍ ഇനി ജോലിക്ക് പൊയ്ക്കോളൂ ...കുറെ ദിവസം ലീവ് ആയാല്‍ പിന്നെ ചെന്നാല്‍ അവര്‍ എടുത്തില്ലെങ്കിലോ .. അമ്മ ചോദിച്ചതിനും കാരണമുണ്ട് . അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ പുകച്ചില്‍ നില്‍ക്കുന്ന അടുപ്പാണ് അമ്മയുടെ നെഞ്ചില്‍ അപ്പോള്‍ എരിഞ്ഞിട്ടുണ്ടാകുക.അമ്മയുടെ കണ്ണില്‍ നഗരത്തിലെ പ്രമുഖ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ അസിസ്റ്റന്റ്‌ ബിസിനസ് മാനെജര്‍ ആണല്ലോ അവള്‍ . ആ വിശ്വാസം അങ്ങിനെ തന്നെ ഇരിക്കാന്‍ അവള്‍ ഏറെ സൂക്ഷിച്ചു പോന്നിരുന്നു . വാക്കിലും നോക്കിലും . പിറ്റേന്ന് രാവിലെതന്നെ തിടുക്കത്തില്‍ ഒരുങ്ങി വീണ്ടും ജോലിസ്ഥലത്തേക്ക് . ബാഗില്‍ കുത്തിനിറച്ച നിറം മങ്ങിയ ചുരിദാറുകള്‍ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് , കവിളില്‍ ഉരുണ്ടു കൂടി താഴേക്കൊഴുകുന്ന മഹാനദിയില്‍ മുക്കി തുവരാനിട്ട് ആരോടും യാത്രപറയാതെ ബസ് സ്റൊപ്പിലേക്ക് നടക്കുമ്പോള്‍ തെക്കേ തൊടിയിലെ ചുവന്ന മണ്ണിലേക്ക് ഒന്നെത്തിപ്പാളി നോക്കി . കുറെ കാലത്തെ വലിവിന്റെ ക്ഷീണം മാറ്റാന്‍ അച്ഛന്‍ അവിടെ സ്വസ്ഥമായി ഉറങ്ങുകയാണ് . പത്രത്തിലെ പരസ്യം കണ്ടാണ്‌ അവള്‍ ജോലിക്ക് അപേക്ഷിക്കുന്നത് . പ്രമുഖ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ മാനെജര്‍ മാരുടെ ഒഴിവുണ്ട് . താമസം ഭക്ഷണം യാത്ര ബത്ത , ആദ്യം ട്രെയിനിംഗ് .മികവിനനുസരിച്ച് ആറു മാസത്തിനുള്ളില്‍ പ്രമോഷന്‍ . ഇന്റര്‍വ്യൂവിനു മൂന്നാലു ബസ്സുകള്‍ മാറിക്കയറി കിതച്ചാണ് എത്തിയത് . ആദ്യമായാണ് ഒരു ഇന്റെര്‍വ്യൂ .സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന ആളുടെ മുഖത്ത് അനാവശ്യമായ ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ ഒരാന്തല്‍ വരാതിരുന്നില്ല .അത്രയ്ക്ക് ആവശ്യമായിരുന്നല്ലോ ജോലി . അച്ഛന്റെ ചികിത്സ , താഴെയുള്ള മൂന്നാളുടെ പഠിത്തവും ചിലവുകളും . കണ്ണാടി നോക്കുമ്പോള്‍ തനിക്കു ഒരു വണ്ടിക്കാളയുടെ ഛായ തോന്നിത്തുടങ്ങിയിട്ട് ഏറെ നാളുകള്‍ ആയി . കേട്ടിട്ടുണ്ട് ചെറുപ്പത്തില്‍ അച്ഛന് പണ്ട് കാളവണ്ടി ഉണ്ടായിരുന്ന കഥ. ചെയ്യേണ്ട ജോലി അയാള്‍ വിശദീകരിക്കുമ്പോള്‍ ലോകത്തിലെ എല്ലാ നിര്‍വികാരതകളും ഒന്നിച്ചൊരു സമുദ്രമായി മനസ്സില്‍ ആവാഹിക്കുന്നതില്‍ അവള്‍ വിജയിച്ചിരുന്നു . താനിനി ഒരു ഡോര്‍ ടു ഡോര്‍ സെയില്‍സ് ഗേള്‍ ആണ് . വീടുകള്‍ തോറും സാധനങ്ങള്‍ നടന്നു വില്‍ക്കണം . കമ്പനി പറയുന്ന ടാര്‍ജറ്റ് തികക്കും വരെ .അത് കഴിഞ്ഞാല്‍ പിന്നെ മാനെജര്‍ . സമ്മതമാണെങ്കില്‍ ജോയിന്‍ ചെയ്യാം . താമസം കമ്പനി ഏര്‍പ്പെടുത്തുന്ന റൂമില്‍ . തനിക്കു ജോലി കിട്ടാന്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചിരിക്കുന്ന നാല് ജോഡി കണ്ണുകളെ ഓര്‍ത്തപ്പോള്‍ എങ്ങിനെ സമ്മതിതിക്കാതിരിക്കും .തിരിച്ചു മടങ്ങിച്ചെന്നപ്പോള്‍ അവരെ സങ്കടപ്പെടുത്താതിരിക്കാന്‍ ചെയ്യേണ്ട ജോലിയുടെ വിവരങ്ങള്‍ അവരോടു പറഞ്ഞില്ല . അടുത്ത ദിവസം തന്നെ കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്തു . ഒരു വീടാണ് താമസസ്ഥലം .അവിടെ ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന കുറെ പേര്‍ . തിക്കും തിരക്കും തന്നെ . പുതിയ ഒരാള്‍ കൂടി ചെല്ലുമ്പോള്‍ ഉണ്ടാകുന്ന എല്ലാ മുറുമുറുപ്പുകളും തെളിഞ്ഞു കത്തുന്ന കണ്ണുകള്‍ . എങ്കിലും രണ്ടു ദിവസം കൊണ്ട് അവരില്‍ ഒരാള്‍ ആയി മാറിയപ്പോള്‍ എല്ലാവരും ഒരേ നൂല്‍ക്കമ്പിയില്‍ കൂടി തന്നെ നടക്കുന്നവര്‍ . അവരാരും ഇതുവരയൂം മാനേജര്‍ ആയിട്ടില്ല . വര്‍ഷങ്ങള്‍ ആയി ജോലി ചെയ്യുന്നവര്‍ ഉണ്ട് . ഓരോ ഇടവേളകളില്‍ കമ്പനി വയ്ക്കുന്ന ടാര്‍ജറ്റ് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ട്രെയിനികള്‍ ആയി ഇപ്പോഴും തുടരുന്നവര്‍ .അല്ലെങ്കിലും ജീവിതം എന്ന് പറയുന്നത് തന്നെ ഒരു ട്രെയിനിംഗ് പിരിയഡ് ആണല്ലോ ..ആരാണ് ഇന്നുവരെ അതിന്റെ മാനേജര്‍ ആയിട്ടുള്ളത് ? കുറെ പ്രോഡക്ട്സ് ഉണ്ട് കമ്പനിക്ക്‌. പ്ലാസ്റിക് മേശവിരി , ചൂടാറാപ്പാത്രം , നോണ്‍ സ്ടിക് അപ്പച്ചട്ടി , ഫൈബര്‍ പിടിയിട്ട പപ്പടം കുത്തി , ആവിപിടിക്കാനുള്ള പാത്രം , പച്ചക്കറി അരിയാനുള്ള യന്ത്രം മുതല്‍ ചായപ്പൊടി , കാപ്പിപ്പൊടി വരെ . ഓരോ വീട്ടിലും പയറ്റെണ്ട തന്ത്രങ്ങള്‍ക്കു പരിശീലനം ഉണ്ട് . വന്‍കിട കമ്പനി ഉല്‍പ്പന്നങ്ങളുടെ പ്രചരണത്തിനായി നേരിട്ട് വീടുകളില്‍ എത്തുകയാണ് . എല്ലാം വിലക്കുറവില്‍ . വിലകൂടിയ ചരക്കെ ആദ്യം പരിചയപ്പെടുത്താവൂ . അപ്പോഴേ ടാര്‍ജറ്റ് വേഗം തികയൂ .അതില്‍ വീണില്ലെങ്കില്‍ അടുത്തത് . ഏതെങ്കിലും ഒന്ന് എടുപ്പിക്കാതെ മടങ്ങരുത് . അതിനു എന്ത് മാര്‍ഗവും സ്വീകരിക്കാം . തങ്ങളുടെ കദനകഥകള്‍ മുതല്‍ കണ്ണീരും പുഞ്ചിരിയും കടാക്ഷവും വരെ ചൂണ്ടകള്‍ ആണ് . വില കൂട്ടിപ്പറഞ്ഞു കമ്പനിയുടെ ഓഫര്‍ ആയി പറഞ്ഞു കുറച്ചു കൊടുക്കണം . മൊത്തം വില്‍പ്പനയുടെ നാല് ശതമാനം കമ്മിഷന്‍ . കച്ചവടം കൂടിയാല്‍ കമ്മിഷന്‍ കൂടും. ആരെയും വശീകരിക്കുന്ന പുഞ്ചിരിയും സംസാരവും ആണ് ഒന്നാം പാഠം. പുരുഷന്മാരെ ചിരിച്ചും സ്ത്രീകളെ കരഞ്ഞും സ്വാധീനിക്കണം. വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ കൊഞ്ചിക്കണം. കച്ചവടത്തിന്റെ നൂറ്റിയെട്ടു വിജയമന്ത്രങ്ങള്‍ എന്ന കമ്പനി കൈപ്പുസ്തകം ഒഴിവുള്ളപ്പോള്‍ ഒക്കെ എഞ്ചുവടി പോലെ ജപിക്കണം വലിയ ബാഗ് മുതുകത്തും , ചെറിയ രണ്ടെണ്ണം കൈകളിലും ആയി ഉള്ള നടത്തം ആദ്യം ഭാരമായിരുന്നു . സ്കൂളില്‍ പഠിപ്പിക്കുമ്പോള്‍ അമ്മിണി ടീച്ചര്‍ നിത്യാഭ്യാസി ആനെയെ എടുക്കും എന്ന ശൈലി നിരവധി തവണ വിശദീകരിച്ചിരുന്നതിനാല്‍ പിന്നീട് എല്ലാം ഭാരം കുറഞ്ഞു .അല്ലെങ്കിലും ജീവിതം വലിക്കുന്ന വണ്ടിക്കാളക്ക് അതിന്റെ തന്നെ ദേഹം ഒരു ഭാരം അല്ലല്ലോ ഒരാഴ്ച കഴിഞ്ഞു നാട്ടില്‍ പോകുമ്പോള്‍ കമ്മിഷന്‍ തുകയില്‍ നിന്നും തന്നെ വില പിടിച്ചു കമ്പനി നല്‍കിയ ഉപഹാരങ്ങള്‍ മാനേജര്‍ കയ്യില്‍ തന്നു .ആദ്യം വീട്ടില്‍ പോകുകയല്ലേ .വീട്ടുകാര്‍ സന്തോഷിക്കട്ടെ .ശരിയായിരുന്നു .മാനേജര്‍ ആയി നഗരത്തില്‍ ജോലി ചെയ്യുന്ന മകള്‍ ആദ്യവരവില്‍ കൈ നിറയെ സാധനങ്ങള്‍ കൊണ്ട് വന്നപ്പോള്‍ അവരുടെ മുഖത്തെ സന്തോഷത്തിനു പകരം വച്ചത് വിണ്ടു പൊട്ടിപ്പോയ തന്റെ കാലുകളുടെ വേദനകള്‍ തന്നെ ആയിരുന്നല്ലോ . ചീന്തിപ്പോയ ശീലക്കുടയുടെ കമ്പി വലിച്ചെരിഞ്ഞു അമ്മ ആദ്യമായി ഹൈറ്റെക് പപ്പട് പിക്കര്‍ കൊണ്ട് പപ്പടത്തിന്റെ പൊള്ളങ്ങളില്‍ കുത്തിയെടുത്തു. അച്ചന്‍ കിടക്കുന്നത് ഇപ്പോള്‍ കമ്പനിയുടെ പൂക്കള്‍ വരച്ച ബെഡ് ഷീറ്റില്‍ . ആവി പിടിക്കുന്ന യന്ത്രത്തില്‍ നിന്നും മുഖമുയര്‍ത്തി നല്ല സുഖമുണ്ട് മോളെ എന്ന് എന്ന് അച്ഛന്‍ ചുമച്ചു പറഞ്ഞപ്പോള്‍ ലോകം പിടിച്ചടക്കിയപോലെ. കുട്ടികള്‍ ഇലട്രിക് ബാറ്റു കൊണ്ട് കൊതുകളെ വേട്ടയാടുകയായിരുന്നു . വലിച്ചു കൊണ്ട് വന്നിട്ട ഭാരത്തെ നിര്‍നിമേഷം നോക്കി നില്‍ക്കുന്ന വണ്ടിക്കാളക്കു കണ്ണ് എരിയുന്നുണ്ടായിരുന്നു.. ബാക്കിയുണ്ടായിരുന്ന തുക അച്ചനു മരുന്നു വാങ്ങാനും വീടുചിലവിനും കൊടുത്ത് തിരിച്ചു വണ്ടി കയറുമ്പോള്‍ വണ്ടിയില്‍ നിന്നും അല്പം മാറ്റിക്കെട്ടി വിശപ്പിനെ അയവെട്ടി മറന്നു കിടക്കുന്ന കാള വല്ലാതെ ഉള്ളില്‍ കിതച്ചു .ഇടയ്ക്കു വീട്ടില്‍ നിന്നും വിളിക്കുമ്പോള്‍ താമസസ്ഥലത്തെ സൌകര്യങ്ങളെ കുറിച്ചു വാചാലയായി . എല്ലാരും കൂടി ചേര്‍ന്നുണ്ടാക്കുന്ന കഞ്ഞി ഊതിക്കുടിക്കുംപോള്‍ രുചിയെ കുറിച്ച് വര്‍ണ്ണിച്ചു .പിന്നെ ഉറക്കം വരുന്നത് വരെ കരഞ്ഞു .അപ്പോള്‍ എല്ലാറ്റിനും ഒരു സമാധാനം പോലെ . ഇരുട്ടിലാണ് കരയാന്‍ സുഖം. അപ്പോള്‍ അദൃശ്യമായ കൈകള്‍ വന്നു കവിളുകളെ തലോടി ഉറക്കിക്കളയും . ഓരോ ദിവസവും ഓരോ ഇടങ്ങളിലാണ് ബിസിനസ് പ്രമോഷന്‍ .അപരിചിതമായ വഴികളിലൂടെ നടക്കുമ്പോള്‍ പേടി ഉറുമ്പടക്കം കെട്ടിപ്പിടിച്ചു. കാലുകള്‍ ആരോ കീ കൊടുത്ത യന്ത്രം പോലെ ചലിച്ചു കൊണ്ടേയിരുന്നു .ടാര്‍ജറ്റ് തികക്കണം . ബാഗില്‍ നിന്നും സാധനങ്ങള്‍ എടുക്കുമ്പോള്‍ ചില വീട്ടില്‍ നിന്നും കൊത്തിവലിക്കുന്ന കണ്ണുകള്‍ കണ്ടില്ലെന്നു നടിച്ചു ചിരിച്ചു . അകത്തേക്ക് ക്ഷണിക്കുന്ന ചിരികളില്‍ ഒരു വരാല്‍ മീനിന്റെ വഴക്കത്തോടെ നീന്തി മാറി .അടുക്കളപ്പുറങ്ങളില്‍ കണ്ണീരിന്റെ മേമ്പൊടിയോടെ വിലപേശി .ചൂളം വിളികളോടും , ദ്വയാര്‍ത്ഥ കുശലങ്ങളോടും എതിരൊന്നും പറഞ്ഞില്ല . കൈപ്പുസ്തകത്തില്‍ മുഖം കറുപ്പിക്കല്‍ നിശിതമായി വിലക്കിയിരുന്നു . വണ്ടിക്കാളക്ക് ഇടം വലം കണ്ണുപാടില്ല . അത്രയ്ക്ക് നീണ്ടുകിടക്കുന്നുണ്ട് വഴികള്‍ . അച്ഛന് ഇത്തിരി അധികം ആണെന്ന് വീട്ടില്‍ നിന്നും വിളി വന്ന് ധൃതി പിടിച്ചു ഓടുമ്പോള്‍ പല ചിത്രങ്ങളും മിന്നി മറിഞ്ഞു .ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു പിറകിലേക്ക് പായുന്ന മരങ്ങളെ നോക്കി ചിന്തകളെ ശിഥിലമാക്കി . അച്ഛന്‍ ആശുപത്രിയില്‍ ആയിരുന്നു . രണ്ടാം ദിവസം ആംബുലന്‍സില്‍ വീട്ടിലേക്കു തിരിച്ചെത്തുമ്പോള്‍ സ്വയം കരച്ചില്‍ അടക്കാന്‍ പാടുപെട്ടു . നമുക്ക് എന്ത് തോന്നിയാലും ഒന്നും മുഖത്ത് കാണിക്കരുത് എന്ന കൈപ്പുസ്തകത്തിലെ വാക്കുകള്‍ പേര്‍ത്തും പേര്‍ത്തും ഓര്‍ത്തു . ചുട്ടു പൊള്ളുന്ന പനിയോടെ ബലി കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ ഈറനായ കണ്ണുകളാണ് അല്പം കുളിരേകിയത്. വിഷയം മരണം ആയതു കൊണ്ട് അവധി എടുത്തതിനു കമ്പനിയില്‍ വലിയ പ്രതിഷേധമില്ല .പതിവ് പോലെ നീക്കിവച്ച സാധനങ്ങള്‍ ബാഗില്‍ കുത്തിനിറച്ചു. പോകേണ്ട ഇടങ്ങള്‍ മനസ്സില്‍ ഇട്ടു വട്ടം കറക്കി .ഒരിക്കല്‍ പോയിടത്ത് പിന്നെ കുറെ നാള്‍ കഴിഞ്ഞേ പോകാവൂ എന്നാണു ചട്ടം . നഗരം വിട്ടു ഇന്ന് അല്പം ഉള്ളിലേക്ക് പോകാം എന്ന് തീരുമാനിച്ചു . അവിടെക്കുള്ള ബസ്സില്‍ കയറുമ്പോള്‍ കഴിഞ്ഞ തവണ പോയ വീടുകളെയും ആളുകളെയും വെറുതെ ഓര്‍ത്തു നോക്കി പി എസ് സി പരീക്ഷക്ക്‌ പോകും പോലെ ഉറപ്പുവരുത്തി ബസ്സിറങ്ങി തോളത്തു സാധനങ്ങൾ നിറച്ച ബാഗുമായി ഏന്തി വലിച്ച് നടക്കുമ്പോൾ പതിവില്ലാത്ത വിധം ആളുകൾ തുറിച്ചു നോക്കുന്നുണ്ടായിരുന്നു . വഴികള്‍ പിടി തരാതെ മാറുകയാണ് . കൈകളില്‍ പിടിച്ച ബാഗുകളുടെ വള്ളികള്‍ വിയര്‍പ്പു കൊണ്ട് വഴുതിപ്പോകുന്നു. കയറിയ വീടുകളിൽ നിന്നെല്ലാം ഇവിടെ സാധനങ്ങൾ വേണ്ടെന്ന മറുപടി. നിരാശ കൈപ്പുസ്തകത്തില്‍ പറഞ്ഞിട്ടില്ല .പ്രതീക്ഷ മാത്രമാണ് അതിന്റെ എല്ലാ പേജിലും . ചില വീടുകളില്‍ കയറുമ്പോള്‍ വല്ലാത്ത കൂര്‍ത്ത നോട്ടം . ചെറിയ കുട്ടികള്‍ വന്നു മൊബൈലില്‍ ഫോട്ടോ എടുക്കുന്നു . നടന്നു നടന്നു കവലയിൽ എത്തിയപ്പോള്‍ ഒരു ഫ്ലക്സ് ബോർഡ് കണ്ടു. വലിയ അക്ഷരത്തില്‍ കനപ്പിച്ച എഴുത്ത് . വാ മൂടിപ്പിടിച്ച ഒരു കുട്ടി . കയ്യില്‍ ഒരു കത്തിയുമായി ഒരു മുഖംമൂടി .
ഭിക്ഷാടനവും വീടുകയറി കച്ചവടവും ഈ ഗ്രാമത്തിൽ നിരോധിച്ചിരിക്കുന്നു. മേമ്പൊടിക്ക് ലോക്കൽ പൊലീസ് സ്റ്റേഷന്റെ നമ്പറും.യാചകര്‍ നമുക്ക് വേണ്ടേ വേണ്ട . സാധനങ്ങള്‍ കടകളിലൂടെ മാത്രം .. ഒന്ന് രണ്ടാവര്‍ത്തി വായിച്ചപ്പോള്‍ അസാധാരണമായ ഒരു ഭയം പൂച്ചയെ പ്പോലെ മാന്തി . വീടു കയറി കച്ചവടം ചെയ്യുന്നവര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്രേ . മോഷ്ടാക്കളുടെ എജെന്റുമാര്‍ ആണത്രേ . വീടുകളില്‍ അവര്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നുണ്ടാത്രേ ..വഴി നീളെ പല വക ബാനറുകള്‍ .
നേരം ഉച്ചയായിട്ടും ഒരു പ്രോഡക്റ്റ് പോലും വിറ്റിട്ടില്ല എന്ന ചിന്തയില്‍ ഉള്‍വസ്ത്രങ്ങള്‍ വരെ വിയർത്തൊലിച്ചപ്പോൾ പിന്നെയും ഏന്തി വലിച്ചു നടന്നു . ഇന്ന് ടാര്‍ജറ്റ് തികയില്ല ..പിന്തിരിഞ്ഞു കൂടാ .വിറ്റുപോയില്ലെങ്കില്‍ വണ്ടിക്കൂലി കയ്യില്‍ നിന്ന് പോകും . ആവശ്യം തന്റെതാണ് . ട്രെയിനിംഗ് പിരിയഡ് കഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെട്ടു .പിന്നെ ഓഫീസ് ജോലിയാണ് . വീടിനടുത്തെ പട്ടണത്തില്‍ കമ്പനി അതിന്റെ അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നാണ് മാനേജര്‍ പറഞ്ഞത് . കാലുകള്‍ മുന്നോട്ടു വലിക്കുന്നത്‌ തടയാന്‍ കഴിഞ്ഞില്ല . ദൂരെ എവിടെയോ തണല്‍ ഉള്ളപോലെ . നടക്കുമ്പോള്‍ തന്നെ കടന്നു പോകുന്ന മുരളന്‍ ബൈക്കുകളില്‍ നിന്നും അളിഞ്ഞ ചിരികള്‍ പൊട്ടിയൊലിക്കുന്നത് തികട്ടിവന്ന തുപ്പലോടെ ഇറക്കി . വഴിയുടെ അറ്റത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഉമ്മറത്ത് ബാഗ് ഇറക്കിവച്ച് നടുനിവർത്തിയപ്പോളാണ് പലയിടത്തു നിന്നായി ബൈക്കുകൾ പിറകെ മൂളിയെത്തിയതും ചില കൈകൾ വാ പൊത്തി, ചില കൈകൾ എടുത്തുയർത്തി, ചിലവ ഞരിച്ചും കുഴച്ചും അവളെപിടിച്ചു കൊണ്ടു പോയത്.പച്ചമുള കീറുന്ന ഒച്ച ആദ്യം തെല്ലുറക്കെയും പിന്നെ നേര്‍ത്ത് ഇല്ലാതാവുകയും ചെയ്തു . ബലി കൊത്തിയ കാക്കകളെ പോലെ കുറെ കഴിഞ്ഞു ബൈക്കുകള്‍ ഓരോന്നായി പറന്നു പോയി .
കൈപ്പുസ്തകത്തില്‍ നിര്‍വചിക്കാത്ത പലതും വരികള്‍ക്കിടയില്‍ ഉണ്ടാകുമെന്നും ചിലതിനൊന്നും ഒരു ഭൂപടത്തിലും നിരോധനമില്ലെന്നും ധ്യാനിച്ച് ബാഗുകള്‍ മാത്രം കുറെ നേരമായി അവളെക്കാത്ത് ടാര്‍ജറ്റ് പൂര്‍ത്തീകരിക്കാന്‍ വേണ്ടി മാത്രം കിടക്കുകയാണ്.വണ്ടിക്കാളക്കളെപ്പോലെ.

ശിവപ്രസാദ് പാലോട്

2018 ഫെബ്രുവരി 10, ശനിയാഴ്‌ച

മശകാമഠീയം


വീണ്ടും ഒരു മത്സരം നടക്കുകയാണ് ..

സ്ടാര്‍ട്ടിംഗ് പോയന്റില്‍ ആമയും മുയലും തയാറായി കഴിഞ്ഞു
ഇതാ വിസില്‍ മുഴങ്ങി ..
കയ്യടികളുടെയും ആര്‍പ്പുവിളികളുടെയും ഇടയിലൂടെ അവര്‍ ഓട്ടം തുടങ്ങി .

              അല്‍പദൂരം കഴിഞ്ഞപ്പോള്‍ മുയലിന് പ്രാചീനമായ ആ ഉറക്കം പിടിപെട്ടു . പതിയെ നടന്നു എത്തിയ ആമ മുയലിനെ കണ്ടു ..മുയല്‍ ഉറങ്ങുകയാണ് ..മിണ്ടാതെ പോയാല്‍ തനിക്കു എന്നത്തെയും പോലെ ഒന്നാം സ്ഥാനം ലഭിക്കും .അതിലെ ചരിത്രപരമായ ചതി ആമയുടെ മനസ്സില്‍ ഒരു കരടായി ..

ആമ മുയലിനെ തട്ടി ഉണര്‍ത്തി ...

സുഹൃത്തെ എഴുനേല്‍ക്കു ..നമ്മള്‍ മത്സരത്തിലാണ് ..നിനക്ക് നന്നായി ഓടാനാകും ..എനിക്കാകട്ടെ  ഈ വീടും ചുമന്നു നടക്കുന്നത് കൊണ്ട് ഓടാന്‍ പോയിട്ട് വേഗത്തില്‍ നടക്കാന്‍ പോലും കഴിയുന്നില്ല ..നീ ഓടിക്കോ .അര്‍ഹത നിനക്കാണ്.

മുയല്‍ ഉണര്‍ന്നു ..ഇതെന്തു മായം ..ഈ ആമക്ക്‌ ഇതെന്തു പറ്റി..മത്സരമായിട്ടും താന്‍ ഉറക്കത്തിലായിട്ടും സുഹൃത്ത് തന്നെ വിളിച്ചുണര്‍ത്തിയിരിക്കുന്നു..

സുഹൃത്തെ നിനക്ക് എന്നെ
ഉണര്‍ത്താതെ ഓടിയിരുന്നെങ്കില്‍ ഒന്നാം
സ്ഥാനം ലഭിക്കുമായിരുന്നു ..പക്ഷെ നീ ..

അതിനെന്ത്..ചരിത്രത്തിനു ഒരു മാറ്റം ഉണ്ടാകട്ടെ ..ആമ ഒരു ദാര്‍ശനികനായി .

എനിക്ക് മറൊരു ആശയം
തോന്നുന്നു..നമുക്ക് രണ്ടുപേര്‍ക്കും ഒപ്പം
നടക്കാം ..രണ്ടു പേര്‍ക്കും ഒന്നാം സ്ഥാനം ലഭിക്കട്ടെ ..ആരും ജയിക്കുന്നില്ല ആരും തോല്‍ക്കുന്നുമില്ല എന്ത് പറയുന്നു ? മത്സരമല്ല സഹകരണം ആണ് ജയിക്കേണ്ടത്  മുയല്‍ അതിദാര്‍ശനികനായി
രണ്ടു പേരും ഒരുമിച്ചു ഫിനിഷിംഗ്പോയന്റിലേക്ക് നടന്നു ..
കാഴ്ചക്കാര്‍ അമ്പരന്നു പോയി.

വിജയപീഠത്തില്‍ നില്‍ക്കുമ്പോള്‍ ആമയ്ക്ക് എല്ലാ പ്രാവശ്യത്തെക്കാളും സന്തോഷം തോന്നി..അവന്‍ ഉറക്കെ പറഞ്ഞു 
ശരിക്കുള്ള വിജയം എന്റെ സുഹൃത്തിനാണ് ..അവനാണ് ഓടാന്‍ കഴിയുക , അവന്റെ സന്മനസ്സ് ആണ് എന്റെ വിജയം

മുയല്‍ അതിലേറെ ഉറക്കെ പറഞ്ഞു ..

ശരിക്കും എന്റെ സുഹൃത്തിനാണ് വിജയം ..ഉറങ്ങിപ്പോയ എന്നെ ഉണര്‍ത്തിയത് അവനായിരുന്നു ..

പിന്നെ മുഴങ്ങിക്കേട്ടത് സഹകരണത്തിന്റെ കയ്യടികളും
ആര്‍പ്പുവിളികളുമായിരുന്നു ,

2018 ജനുവരി 28, ഞായറാഴ്‌ച

അവസ്ഥാന്തരങ്ങൾ

മനസ്സിന്റെ കനം അങ്ങോട്ട്‌ വിടുന്നില്ല.. നാടകീയമായ സംഭവങ്ങളാണ് ഓരോ ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്നത്.. അല്ലെങ്കില്‍ എന്ത് കൊണ്ടാണ് ടോമി തനി മോളെ കടിച്ചത് ..?അത് കൊണ്ടല്ലേ ഇങ്ങിനെയെല്ലാം ഉണ്ടായത് ..
പരിചയപ്പെട്ട അന്ന് മുതല്‍ അവര്‍ തമ്മില്‍ നല്ല കൂട്ടായിരുന്നല്ലോ ..എന്നും ഒപ്പം കളിക്കുന്നവര്‍ ..ഇതിലേറെ വഴക്കടിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടും തനി മോളില്‍ നിന്നും കടുത്ത പ്രതികരണങ്ങള്‍ ഉണ്ടായിരുന്നിട്ടും ടോമി ഇത്ര കാലം ആക്രമണകാരി ആയിട്ടില്ല ..ടോമി എത്ര കുറുമ്പ് കാണിച്ചാലും തനി ഒരു തൂവാല കൊണ്ട് പോലും അവന്റെ നേരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ഇല്ല .. ഒരു പക്ഷെ അവര്‍ രണ്ടു പേരും ഒപ്പമാണ് വളര്‍ന്നത് എന്ന് പോലും പറയാം. ജോലി തിരക്ക് കാരണം തനിയുടെ ഒപ്പം ചിലവഴിക്കാന്‍ വേണ്ടത്ര സമയം കിട്ടിയിട്ടില്ല എന്നതൊരു പച്ച പരമാര്‍ത്ഥമാണ്. ടോമി ആയിരുന്നു അവളുടെ കളിക്കൂട്ടുകാരന്‍, വിശ്വസ്തന്‍.
അതിനെ കൊണ്ട് വന്ന അന്ന് ആദ്യം ഒന്നറച്ചു നിന്നെങ്കിലും കുഞ്ഞിക്കണ്ണ്‍ മിഴിക്കാന്‍ പോലും ആകാത്ത അതിനെ പിന്നെ അവള്‍ കൗതുകം കൊണ്ട് പിന്‍തുടരുകയായിരുന്നു. അതിനു പാത്രത്തില്‍ പാല് വച്ച് കൊടുക്കുമ്പോള്‍ പാതി കണ്ണടച്ച് അത് പാല് നക്കി നക്കി കുടിക്കുന്നത് കാണുന്നത് തനിമോള്‍ക്ക് ഒരു ഹരമായിരുന്നു. ഗ്ലാസില്‍ പാലുകുടിക്കുന്നതിനു പകരം തനിയും പ്ലേറ്റില്‍ പാലൊഴിച്ച് അവനെ അനുകരിച്ച് നക്കി കുടിക്കാന്‍ ശ്രമിച്ചത് വീട്ടില്‍ വളരെ ഒച്ചപ്പാടുണ്ടാക്കിയ സംഭവം തന്നെ ആയിരുന്നു .. പിന്നെ അവള്‍ നടക്കുന്നതിനു ഒപ്പം അതും നടന്നു പഠിച്ചു. വളര്‍ത്തുമ്പോള്‍ എന്തിനും ഒരു പേര് വേണമല്ലോ ..തിരക്കൊഴിഞ്ഞ ഒരു സായാഹ്നത്തില്‍ കുറെ ഏറെ പേരുകള്‍ ഒരു പാത്രത്തിലിട്ട് അതില്‍ നിന്നും ഒന്ന് നറുക്കിട്ട് എടുക്കാം എന്ന ആശയം ആദ്യം പറഞ്ഞത് ശ്രീമതിയായിരുന്നു. അങ്ങിനെ അവനു ടോമി എന്ന പേര് കിട്ടി.
അവന്‍ വലുതായി തുടങ്ങി ..അവളും. ടോമിക്ക് കഴുത്തില്‍ ഒരു ചെറിയ ബെല്‍റ്റ്‌ ഒക്കെ കെട്ടിക്കൊടുത്തത് തനിമോള്‍ തന്നെ ആയിരുന്നു. സ്ഥിരമായി കെട്ടി ഇടാറില്ലെങ്കിലും വീട്ടിലുള്ളവര്‍ പുറത്ത് പോകുമ്പോള്‍ അവന്‍ ഗേറ്റിലൂടെ പുറത്ത് പോകാതിരിക്കാന്‍ ബെല്‍ട്ടില്‍ ഒരു ചെറിയ ചങ്ങല കൊളുത്തി പോര്‍ച്ചിന്റെ തൂണില്‍ തടഞ്ഞിടുമായിരുന്നു ആദ്യകാലത്ത്. വരുന്നത് വരെ അവന്‍ നേര്‍ത്ത ശബ്ദത്തില്‍ മോങ്ങിക്കൊണ്ടിരിക്കും. ടോമി കരയുകയായിരിക്കും എന്ന് പറഞ്ഞു പോയ ഇടത്ത് നിന്നും ധൃതി പിടിച്ചു മടങ്ങാന്‍ തനിമോള്‍ക്ക് എന്നും ഒരു കാരണവും ആയിരുന്നു. അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചിലപ്പോളൊക്കെ പാര്‍ക്കില്‍ അവനെയും കൊണ്ട് പോയിട്ടുമുണ്ട്. ഒരു ദിവസം അവളെ കൂട്ടാതെ വീട്ടിലിരുത്തി അയല്‍പ്പക്കത്ത് പോയി തിരിച്ചു വന്നപ്പോള്‍ ടോമിയുണ്ട് ഗേറ്റില്‍ ..ഉമ്മറത്ത് പോയപ്പോള്‍ ടോമിയുടെ ബെല്‍റ്റ്‌ അഴിച്ചു തനിമോള്‍ കഴുത്തില്‍ കെട്ടിയിരുന്നു. ടോമി യെ കെട്ടി ഇടുന്നപോലെ ചങ്ങല ബെല്‍ട്ടില്‍ ബന്ധിച് പോര്‍ച്ചിന്റെ തൂണിനോട് ചേര്‍ന്ന് തനി മോള്‍ കിടക്കുന്നു ..ആകെ അന്ധാളിച്ചു പോയ അന്ന് രാത്രിയാണ് ടോമിക്ക് ഒരു കൂട് പണിയണം എന്ന പദ്ധതി വന്നത്. അങ്ങിനെ മുറ്റത്ത് ഒരു ചെറിയ വീട് കൂടി ..അങ്ങിനെയാണ് തനി പറയുക ..ടോമിയുടെ വീട് ..ഉയര്‍ന്നത്. പിന്നെ അവളുടെ ഭാഷ അങ്ങിനെയായി..ടോമിയുടെ വീട്ടില്‍ നിറയെ അഴുക്കാണ്..ടോമിയുടെ വീട്ടില്‍ ഉറുമ്പ്‌ വന്നിരിക്കുന്നു ..ടോമിയുടെ വീട്ടിലേക്കു വെയില്‍ അടിക്കുന്നു ..മഴ കൊള്ളുന്നു അങ്ങിനെയങ്ങിനെ .. ടോമിയില്‍ നിന്നും തനിയാണോ തനിയില്‍ നിന്നും ടോമിയാണോ പഠിക്കുന്നത് എന്ന് സംശയമായിരുന്നു. അവള്‍ ഒരു പന്ത് തൊടിയിലേക്ക്‌ വലിച്ചെറിഞ്ഞാല്‍ ടോമി ഓടിപ്പോയി അത് കടിച്ചെടുത്ത് കൊണ്ട് വരും.. അവനെപ്പോലെ മണത്തു മണത്തു അവള്‍ അടുക്കളയിലെ പാത്രങ്ങള്‍ തിരയും. അവളുടെ സ്കൂള്‍ വണ്ടി തിരിവ് തിരിഞ്ഞാല്‍ അവന്‍ അറിയും. അപ്പോള്‍ തുടങ്ങി അവള്‍ വന്നു കൂട് തുറക്കും വരെ അവന്‍ കൂട്ടില്‍ കിടന്നു പൊരിയും .. അവളുടെ ഡയറി മുഴുവന്‍ ടോമിയെ കുറിച്ചുള്ള കാര്യങ്ങള്‍ ആയിരുന്നു, സ്കൂളില്‍ ടീച്ചര്‍മാര്‍ അവളെ അതും പറഞ്ഞു കളിയാക്കുമായിരുന്നു.
മിനിഞ്ഞാന്ന് എന്താണ് ഉണ്ടായത് എന്നറിയില്ല ..അവര്‍ രണ്ടും കൂടി പതിവ് പന്തെറിയലും കടിച്ചു കൊണ്ടുവരലും നടക്കുന്നതിനിടെയാണ് തനിയുടെ കരച്ചില്‍ കേട്ടത് ..നോക്കിയപ്പോള്‍ അവളുടെ ഫ്രോക്കിന്റെ പാതി ടോമിയുടെ വായിലാണ് ..ഫ്രോക്കുകീറിപ്പോയ അവളുടെ പിന്‍ ഭാഗത്ത് രണ്ടു മൂന്നിടങ്ങളിലായി ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു .. കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു.
ഡാഡീ ഈ ടോമിയെന്നെ കടിച്ചു ..ഞാന്‍ വാലില്‍ അറിയാതെ ഒന്ന് ചവിട്ടിയതെ ഉള്ളൂ.
ടോമി എന്ത് പറ്റിയെന്നറിയാതെ പതിവ് ഭാവത്തില്‍ ഫ്രോക്കിന്റെ ഭാഗം അവളുടെ മുന്നില്‍ കൊണ്ട് പോയി ഇട്ടു കൂട്ടില്‍ കയറി കിടന്നു .. തനിയേയും കൊണ്ട് ആശുപത്രിയിലേക്ക് പായുമ്പോള്‍ ഉള്ളില്‍ തീ ആയിരുന്നു. പെണ്ണിനെ നായക്ക്‌ കൂടെ കളിക്കാന്‍ വിടുന്നതിനെ അയല്‍ക്കാര്‍ പലരും വിമര്‍ശിച്ചിരുന്നതായിരുന്നു വണ്ടി ഓടിക്കുമ്പോള്‍ മനസ്സില്‍ .. ആശുപത്രിയില്‍ ചെന്നപ്പോളാണ് പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലായത്. കടിച്ചത് വീട്ടിലെ നായയാണെങ്കിലും വാക്സിന്‍ നിര്‍ബന്ധം. പിന്നെ അതിനായി ജില്ല ആശുപത്രിയിലേക്ക് ഓട്ടം.. വണ്ടിയില്‍ ഒപ്പം കയറിയവരുടെ ഉപദേശങ്ങള്‍ ..തനി തലനാരിഴക്ക് രക്ഷപ്പെട്ടതാണ്. ടോമിയെ ഒഴിവാക്കണം എന്ന ചിന്ത അപ്പോള്‍ തുടങ്ങിയതാണ്‌ ..
എന്തുകൊണ്ടോ പേടികൊണ്ടു തന്നെ ആകണം ആശുപത്രി വിട്ടു വന്നു പിന്നെ തനിമോള്‍ ടോമിയെ നോക്കാനും കൂടി പോയിട്ടില്ല. കൂട്ടില്‍ നിന്ന് അവനെ ആരും പുറത്തിറക്കിയതും ഇല്ല. ചത്തു പോകണ്ട എന്ന് കരുതി ഇടയ്ക്കു അവന്റെ കൂട്ടിലേക്ക് ഇത്തിരി കഞ്ഞിവെള്ളം വച്ച് കൊടുത്തത് പോലും താനാണ്.. രാത്രി കിടക്കുമ്പോള്‍ ടോമിയെ ഒഴിവാക്കാന്‍ ഉള്ള പദ്ധതി തയ്യാറായി. അടുത്ത് എവിടെയെങ്കിലും കൊണ്ട് പോയി വിടാം എന്ന് വച്ചാല്‍ അവന്‍ മണം കൊണ്ട് പിറകെ വരും ..വിഷം കൊടുത്തു കൊല്ലാന്‍ മനസ്സ് വന്നതുമില്ല. അപ്പോള്‍ പിന്നെ ഒരു വഴിയെ കണ്ടുള്ളൂ ..രാവിലെ ജോലിക്ക് പോകുമ്പോള്‍ അതിരാവിലെ ഇറങ്ങുക ..കാറില്‍ കയറ്റി നഗരത്തിനടുത്ത് ഇറക്കി വിടുക.. ഇത്ര അകലത്തേക്ക് മണം പിടിച്ചു വരില്ലല്ലോ ..പിന്നെ എന്താണ് ഉണ്ടാവുന്നതെങ്കില്‍ ആയിക്കോട്ടെ ..തനിയോടു ഇതൊന്നും പറഞ്ഞില്ല.
രാവിലെ കൂട് തുറക്കുമ്പോള്‍ ടോമി പകച്ചു നോക്കി ..പുറത്തേക്ക് ഇറക്കി ബെല്‍ട്ടില്‍ പിടിച്ചു കാറില്‍ കയറ്റിയപ്പോള്‍ അവന്‍ അനുസരണയോടെ പിറകില്‍ കയറി ..ആരെയോ കാത്തിരിക്കുന്നത് പോലെ വീട്ടിലേക്കു നോക്കി ..ചെവി കൂര്‍പ്പിച്ചു ..ഗ്ലാസ് എല്ലാം കയറ്റിയപ്പോള്‍ അവന്‍ അതില്‍ മാന്തി എന്തൊക്കെയോ വികൃത ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു ..അത്ര വെളിച്ചം ആയിട്ടില്ല ..ഇടയ്ക്കു തെരുവിളക്കുകളുടെ അടിയിലൂടെ പോകുമ്പോള്‍ മുമ്പിലെ കണ്ണാടിയില്‍ നോക്കി പിറകിലെ സീറ്റില്‍ കിടക്കുന്ന ടോമി അവിടെ തന്നെ ഇല്ലേ എന്ന് ഉറപ്പു വരുത്തി. നഗരമെത്താന്‍ രണ്ടു കിലോ മീറ്റര്‍ കൂടിയുണ്ട്. ഇത്തിരി വെളിച്ചക്കുറവുള്ള സ്ഥലത്ത് കാര്‍ നിര്‍ത്തി. ധൃതിയില്‍ പിറകിലെ ഡോര്‍ തുറന്നു ടോമിയെ ബെല്‍ട്ടില്‍ പിടിച്ചു താഴെ ഇറക്കി. ഡോര്‍ അടച്ചു പെട്ടെന്ന് വണ്ടിയില്‍ കയറി മുന്നോട്ടു ഓടിച്ചപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ പിറകെ ഓടി വരുന്ന ടോമിയെ കണ്ടു .. വണ്ടിയുടെ വേഗം കൂട്ടി..കുറെ കഴിഞ്ഞു ഒന്ന് കൂടി പിറകിലേക്ക് നോക്കി ..ഇല്ല ടോമി പിറകില്‍ ഇല്ല. ഒരു യുദ്ധം ജയിച്ച സൈനികന്റെ മനസ്സായി അപ്പോള്‍.
ഇത്ര നേരെത്തെ നഗരത്തിലെത്തി ഇനി ജോലിക്ക് കയറാന്‍ മണിക്കൂറുകള്‍ എത്ര കഴിയണം എന്നാലോചിച്ചു ഒപ്പം ജോലി ചെയ്യുന്ന ക്ലാര്‍ക്കിന്റെ വീട്ടിലേക്കു വണ്ടി പായിച്ചു .. വൈകിട്ട് ജോലി കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ..രാവിലെ ടോമിയെ ഇറക്കിയതിന്റെ ഒരു കിലോമീറ്റര്‍ ഇപ്പുറം ഒരു ആള്‍ക്കൂട്ടം കണ്ടു. വണ്ടി നിറുത്തി. അവിടെ ഒരു പൊന്തയുടെ മുകളിലേക്ക് കല്ലെടുത്ത്‌ എറിയുകയാണ് നാട്ടുകാര്‍. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതൊരു നായയാണ്‌..ഒരു കൊള്ളിയാന്‍ ഉള്ളിലൂടെ പാഞ്ഞു.. ഏറു കൊണ്ട് അതിന്റെ ദേഹത്തിന്റെ പലയിടങ്ങളിലും വലിയ മുറിവുകള്‍ ഉണ്ട്. കാല്‍ ഒടിഞ്ഞു കാണണം എഴുന്നേല്‍ക്കാനുള്ള ഒരു ശ്രമം പോലും നടത്തുന്നില്ല അത്..
ഏതോ വലിയ വീട്ടിലെ നായാണ്‌ എന്ന് തോന്നുന്നു ..ആരെങ്കിലും ഉപേക്ഷിച്ചു പോയതാകും.. നാട്ടുകാരില്‍ ഒരാളുടെ ഇത്തിരി വലിയ ആത്മഗതം.
ഇത്ര ഏറു കിട്ടിയിട്ടും അതൊന്നു മോങ്ങുന്ന പോലും ഇല്ലല്ലോ.. മറ്റൊരാള്‍
എറിഞ്ഞു കൊല്ലണം..മൂന്നു കുട്ടികളെയാ ഇത് കടിച്ചത്.. ആ പെണ്‍കുട്ടിയുടെ കാര്യം സീരിയസാ.. കടിച്ചു പൊളിച്ചില്ലേ അതിനെ ..
ഇതിനെ ഇവിടെയൊന്നും മുമ്പ് കണ്ടിട്ടില്ല.. ആരോ വണ്ടിയില്‍ കൊണ്ട് വന്നു തട്ടിയതാ.
….അത് പറഞ്ഞ ആള്‍ തന്നെ ഒന്ന് പാളി നോക്കിയ പോലെ തോന്നിയപ്പോള്‍ ഉള്ളൊന്നു ആളി ..രാവിലെ കാറില്‍ നിന്നും നായയെ പുറത്തിറക്കുന്നത് ആരെങ്കിലും കണ്ടോ ആവോ ..
കൊണ്ട് വന്നു വിട്ടവനെ കയ്യില്‍ കിട്ടിയാല്‍ നാല് പെരുമാറാമായിരുന്നു.
…മറ്റെയാള്‍ വിടാന്‍ ഭാവമില്ല ..പിന്നെയും പാളി നോട്ടം തുടരുന്നു .. ഇല്ല തനിക്കു ഈ തെരുവ് നായിനോട് യാതൊരു ബന്ധവും ഇല്ല ..അതിനെ ഞാന്‍ മുമ്പ് എവിടെയും കണ്ടിട്ടില്ല ..മൂന്നു കുട്ടികളെ ആക്രമിച്ച അവന്‍ ഒരു പേപ്പട്ടി ആയിരിക്കും.. തീര്‍ച്ചയായും ചാകേണ്ട ഒരു പട്ടി.. ഇതുമായി തനിക്കു ബന്ധമില്ല എന്ന് തെളിയിക്കാന്‍ ഒരു വഴിയെ ഉള്ളൂ..കല്ലെടുത്ത് എറിയുക തന്നെ. പിന്നെ താമസിച്ചില്ല. കിട്ടിയ ഒരു വലിയ കല്ലെടുത്ത് പിഞ്ഞിയ തലയിണ പോലെ കിടന്ന അതിന്റെ ദേഹം നോക്കി ഒറ്റ ഏറുകൊടുത്തു.. തലയിണയുടെ കണ്ണ് ഒന്ന് പതുക്കെ തുറന്നു ..അതുവരെ മോങ്ങാതെ ഇരുന്നിരുന്നു എന്ന് പറഞ്ഞ അത് അപ്പോള്‍ മാത്രം ഒന്ന് ഉറക്കെ മോങ്ങി. പൊന്തിയ തല പതുക്കെ താണ് നിലത്തോട്‌ ഒട്ടി..
ചത്തെന്നു തോന്നുന്നു,അമ്മാതിരി ഏറല്ലേ..നല്ല ഉന്നം..ഇനി ഇതിവിടെ കിടന്നു നാറും.
ആരോ പിറുപിറുത്തു…
ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ വണ്ടിയില്‍ കയറിയപ്പോള്‍ വല്ലാതെ കൈ വിറച്ചിരുന്നു .. വീട്ടിലെത്തിയപ്പോള്‍ തനിമോള്‍ ഉമ്മറത്ത് ഉണ്ടായിരുന്നു. പിറകിലെ മുറിവില്‍ മരുന്ന് മാറ്റി വക്കുകയായിരുന്നതിന്റെ വേദനക്കിടയിലും അവള്‍ ചോദിച്ചു ..
ടോമിയുടെ കൂട് ഇന്നലെ അടച്ചില്ലായിരുന്നു അല്ലെ ഡാഡീ..അതിനെ ഇവിടെയെങ്ങും കാണാനില്ല .. കാര്‍ ലോക്ക് ചെയ്യുന്നതിനിടെ അയാള്‍ പാതി വായില്‍ പറഞ്ഞു ..
അത് എങ്ങോട്ടെങ്കിലും പോട്ടെ മോളെ ..പേ പിടിച്ചിരിക്കും..നന്ദി കെട്ട നായ…

2018 ജനുവരി 10, ബുധനാഴ്‌ച

കടം

അല്പമെന്തെങ്കിലും ഒരു വിഷമം വന്നാൽ ബീവാത്തുമ്മ ഒറ്റ മകനോട്
കരയാൻ തുടങ്ങും

ബാപ്പുട്ടീ... അന്നെ ഞമ്മള് പത്തു മാസം ഈ വയറ്റില് ചുമന്ന് നടന്നതാ... ജ്ജത് മറക്കണ്ട

മകൻ പെണ്ണു കെട്ടിയപ്പോൾ ഏതു തർക്കവും അവസാനിക്കുന്നത് ഈ കരച്ചിലാകും
ഗതിമുട്ടി ഒരിക്കൽ ബാപ്പുട്ടി പറഞ്ഞു

ഉമ്മാ... ങ്ങള് ദാ ഈ കുട്ടയിലേക്കിങ്ങോട്ട് കയറി ഇരിക്കിം.. ഞാൻ ങ്ങളെ ഒരു ഇരുപതു മാസം തിരഞ്ഞു നടക്കാം... അല്ലാതെ ഈ കടം വീട്ടാൻ ഞാങ്കൂട്ട്യാ കൂടൂല..

ശിവപ്രസാദ് പാലോട്

ഇൻബോക്സ്


ഇയർഫോണിൽ പാട്ടും കേട്ട്
നടന്നു പോകുകയായിരുന്ന
അവനോട് അവൾ ചോദിച്ചു

റീച്ചാർജുണ്ടോ???

അവളുടെ നമ്പറിൽ
റീചാർജ് ചെയ്യാൻ
അവന് തിടുക്കമായി..

ടവറിന് മുകളിലേക്ക് ചൂണ്ടി
അവൾ ചോദിച്ചു

അവിടെ നല്ല റേഞ്ചുണ്ട്,
സെൽഫിയെടുക്കാനും കൊള്ളാം വരുന്നോ???

അവൻ അവൾക്കൊപ്പം
കയറിക്കയറിപ്പോയി

ഊരി വീണ ഇയർഫോൺ വള്ളിയും
ഡിസ്പ്ലേയിൽ ചിലന്തിവല കെട്ടിയ
ഫോണും പിറ്റെന്ന്
അവന്റെ അടയാളമായി..

ശിവപ്രസാദ് പാലോട്

അധിനിവേശങ്ങൾ


നിലാവുണ്ടായിരുന്നു.ജനിതക ഘടനയിൽ കൊത്തിവച്ച പ്രാചീന വഴിയിലൂടെ രാത്രിസഞ്ചാരത്തിനിറങ്ങിയ കുറുക്കൻ കുഞ്ഞിന്റെ കണ്ണു മഞ്ഞളിച്ചു

നിറ വെളിച്ചത്തിൽ
കുളിച്ചു കിടക്കുന്ന കോഴിക്കൂട്ടം..
   പിതാമഹർ വാണ സാമ്രാജ്യങ്ങളെല്ലാം കോഴികൾ കീഴടക്കിയത് കുറുക്കൻ കുഞ്ഞ് തുറു കണ്ണുകളോടെ കണ്ടു.

ആകാശത്ത് ചന്ദ്രനെക്കണ്ട് തൊണ്ടയിലെന്തോ കിരുകിരുപ്പ് തോന്നിയെങ്കിലും വാൽ പിൻ കാലുകൾക്കിടയിൽ തിരുകി അവൻ മൗനത്തിലേക്ക് തല താഴ്ത്തി.

ശിവപ്രസാദ് പാലോട്

2017 ഒക്‌ടോബർ 23, തിങ്കളാഴ്‌ച

വേഷങ്ങൾ


ഗ്രാമത്തിലെ എൽ പി സ്കൂളിൽ തലേ വർഷം വിരമിച്ച ടീച്ചറമ്മ..

ഈ വർഷമിതാ മകന്റെ മക്കളെ ഇംഗ്ലീഷ് മീഡിയം ബസിൽ കയറ്റി വിടാൻ റോഡിൽ കാവൽ നിൽക്കുന്നു

ശിവപ്രസാദ് പാലോട്