2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച
ശ്വാനം
ബന്ധത്തിൽ പെട്ട ഒരാളുടെ മരണവാർത്ത വന്നപ്പോളാണ് നേരത്തെ നടത്താമെന്നേറ്റ ശില്പശാല ഞാൻ സുഹൃത്തായ ഒരു' അധ്യാപികയെയും മറ്റൊരു സുഹൃത്തിനെയും ഏൽപ്പിച്ചു പോയത്...
മരണവീട്ടിൽ മൂകമാക്കി വച്ച ഫോൺ വിറച്ചുകൊണ്ട് വിളിയറിയിച്ചു.. അങ്ങേത്തലക്കൽ ശില്പശാല നയിക്കുന്ന ടീച്ചർ
പ്രസാദ് വിട്ടിൽ നിന്നും ബാബുവേട്ടൻ വിളിച്ചു ഇപ്പോ... മോനൂട്ടൻ വല്ലാതെ കരയുന്നത്രെ.. ഡോക്ടറെ കാണിക്കണം... ഞാൻ മനോജിനെ ഏൽപ്പിച്ചു മടങ്ങുകയാണ് ... വളരെ അർജന്റ് ആയതോണ്ടാ....
വിട്ടിൽ കുട്ടിയെ നോക്കുന്ന അച്ഛൻ... നിറുത്താതെ കരയുന്ന കുട്ടി... ഇതൊക്കെ മനസിൽ വന്നപ്പോൾ ടീച്ചറോട് മറുത്തൊന്നും പറയാൻ തോന്നിയതുമില്ല... വൈകിട്ട് മടങ്ങിയെത്തുമ്പോൾ ടീച്ചറെക്കണ്ട് മോനുട്ടന്റെ സുഖവിവരം അന്വേഷിക്കാമെന്ന് കരുതി അവരുടെ വീട്ടിലെത്തി
ടീച്ചറേ മോനൂ ന് എങ്ങനെ? ഡോക്ടർ എന്തു പറഞ്ഞു???
വാടിയ മുഖത്തോടെ ടീച്ചർ പറഞ്ഞു..
അവനോ ഒരു മിണ്ടാട്ടവും ഇല്ല... ഒരേ കിടപ്പാ... പാലു പോലും കുടിച്ചില്ല.. ബിസ്കറ്റ് പോലും കഴിച്ചില്ല.. ഡോക്ടർ തന്ന മരുന്ന് കൊടുത്തിട്ടുണ്ട്...
എവിടെ അവൻ... ഞാൻ കണ്ടിട്ടു പോകാമെന്ന് കരുതി... ഞാൻ സിറ്റ് ഔട്ട് കടന്ന് ഹാളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ
ടീച്ചർ പുറത്തിറങ്ങി മുറ്റത്തേക്ക് വിരൽ ചൂണ്ടി...
അവിടെയാ ...മോനൂ... മോനൂ. ഇതാരാ നിന്നെ കാണാൻ വന്നിരിക്കുന്നത്... കവിയാ... ചിലപ്പോ നിന്നെപ്പറ്റിയും കവിത എഴുതും...
കൂട്ടിൽ ചുരുണ്ടുകൂടിക്കിടന്ന നായ്ക്കുട്ടി പതിയെ തല ഉയർത്തി നോക്കി... പിന്നെ കുഞ്ഞുവാൽ ചെറുതായി ആട്ടി..
മോനുട്ടന് തിരെ വയ്യാഞ്ഞിട്ടാ... അല്ലെങ്കിൽ പ്രസാദ് വന്നാൽ അവൻ അറിയാതിരിക്കില്ലായിരുന്നു.....
ടീച്ചറുടെ നനഞ്ഞ വാക്കുകൾ ചെവിയിൽ വന്നു നിറഞ്ഞപ്പോൾ ഞാൻ ആ നായ്ക്കൂടി നെ മുഴുവൻ മനസിലൊളിപ്പിച്ച് വെറുതെ മൂളി സൗഹൃദപ്പെട്ടു.
*ശിവപ്രസാദ് പാലോട്*
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ