2018, ജൂലൈ 25, ബുധനാഴ്‌ച

മൂന്ന് സത്യ കഥകൾ




*അയിഷാബിയുടെ*
*ഏഴുറുപ്പിക*


ഗ്രാമത്തിലെ ആ എൽ പി സ്കൂളിൽ നിന്നും പ്രമേഷൻ ലഭിച്ച്   പോയി പിന്നെ ഒന്നരക്കൊല്ലം കഴിഞ്ഞാണ് ദിനേശൻ മാഷ് മറ്റൊരാവശ്യത്തിനായി സ്കൂളിലേക്ക് ഒന്നു വന്നത്.

അപ്പോൾ ഇന്റർവെൽ ആയിരുന്നു.. സ്കൂൾ മുറ്റത്ത് കലപില കൂട്ടി നടന്ന കുട്ടികൾ മാഷിന്റെ നിഴൽ വെട്ടം കണ്ടതോടെ ഓടി വന്ന് വട്ടം പിടിച്ചപ്പോൾ ദിനേശൻ മാഷിന്റെ ഉള്ളം കുതിർന്നു.. കുട്ടികൾ തന്നെ ഇപ്പോളും ഓർക്കുന്നുണ്ടല്ലോ..


        അവരോടൊക്കെ വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴേക്കും ബെല്ലടിച്ചു. എല്ലാ കുട്ടികളും ക്ലാസിൽ കയറിയപ്പോഴും ഒരു കുട്ടി മാത്രം ദിനേശൻ മാഷിന്റെ ഒപ്പം നടന്നു..


മാഷ് ഓഫീസ് മുറിയിലേക്ക് കയറിയപ്പോൾ അവൾ താഴ്മയോടെ പുറത്തു കാത്തു നിന്നു.. മാഷ് പഴയ സഹാധ്യാപകരെ കാണാൻ ഓരോ ക്ലാസിലേക്കും നടന്നപ്പോൾ അവൾ മൗനമായി മാഷെ അനുഗമിച്ചു…

  ഒരു കുട്ടി തന്നെ പിന്തുടർന്ന് നടക്കുന്നത് കണ്ടപ്പോൾ ദിനേശൻ മാഷ്ക്ക് മനസ് തളിർത്തു.. എന്തൊരു സ്നേഹമാണ് കുട്ടികൾക്ക് തന്നോട്..

... മോൾടെ പേരെന്താ??

... അപ്പോ മാഷ്ക്ക് ന്നെ ഓർമ്മല്ലെ??

ഞാൻ അയിഷാബിയാ… മാഷിന്റെ മൂന്നാം ക്ലാസിൽ.. ഇപ്പ ഞാൻ നാലിലാ...


മോള് ഇനി ക്ലാസിൽ കയറിക്കോ.. ടീച്ചർ ചീത്ത പറയും ട്ടോ... നല്ലോണം പഠിച്ച് വല്യ ആളാവണം... മാഷ് ഇപ്പൊ പോവും.. പിന്നെ കാണാം..


മാഷെ... മാഷ് പോകുമ്പോ സ്റ്റാമ്പിന് പത്തുറുപ്പിക തന്നേന്റെ ബാക്കി

ഏഴുറുപ്പിക എനിക്ക് തരാന്ണ്ട്... അത് കിട്ടാഞ്ഞിട്ട് വീട്ടിൽ നിന്ന് എത്ര ചീത്ത കേട്ടൂ ന്നറിയ്യോ... ഇന്ന് മാഷെക്കണ്ടപ്പോൾ അത് വാങ്ങാനാ ഞാൻ പിന്നാലെ വന്നത്… മാഷെ ന്റെ ഏഴുറുപ്പിക മാഷ് മറന്നോ???


         പോക്കറ്റിലേക്ക് കയ്യിട്ട് പൈസ തിരഞ്ഞു കൊടുക്കുമ്പോൾ അയിഷാബി തന്റെ പിറകേ നടന്നതിന്റെ കാരണം പിടികിട്ടി ദിനേശൻ മാഷ് സ്വയം വെളുക്കെ ചിരിച്ചു.




*ശിഷ്ടം കൂട്ടുന്ന പ്രഭാകരൻ*


പഠിത്തം കഴിഞ്ഞ് ജോലി കിട്ടാതെ വന്നപ്പോൾ ഓട്ടോ ഓടിച്ചു കഴിയുകയായിരുന്നു... ഒരിക്കൽ ശീകൃഷ്ണപുരത്തേക്ക് ഓട്ടം പോയി മടങ്ങി വരുമ്പോൾ തിരുവാഴിയോട്ടുനിന്നും പാൻറും ഷർട്ടും ബാഗുമൊക്കെയായി ഒരു ചെറുപ്പക്കാരൻ കൈ കാണിച്ചു…


വണ്ടിയിൽ കയറിയിരുന്ന ആളെ പെട്ടെന്നു പിടി കിട്ടി.. പ്രഭാകരൻ.. ഹൈസ്കൂളിൽ ഒപ്പം പഠിച്ചവൻ.. അവന് തന്നെയും മനസിലായി


എടാ ശിവാ.. നീയെന്താ ഓട്ടോയുമായി.. കണക്കൊക്കെ നല്ലവണ്ണം പഠിച്ചിരുന്ന നീയൊക്കെ വല്ല ഡോക്ടറും ആയിപ്പോയിട്ടുണ്ടാകുമെന്നാ ഞാൻ കരുതിയത്


അവന്റെ ചോദ്യത്തിൽ അമ്പരപ്പിന്റെ ഒരു പരപ്പ്.


പ്രഭാകരാ നീയിപ്പോ എന്തു ചെയ്യുന്നു…


ഞാനിപ്പോ മൂവാറ്റുപുഴയിൽ ബാറിൽ നിൽക്കാണ്


ബാറിലോ?? ശമ്പളമൊക്കെ എങ്ങനെ??


ശമ്പളമൊക്കെ കുറവാ... ടിപ്പ് കിട്ടും.. പിന്നെ ശിഷ്ടം കൂട്ടി ഞാൻ ദിവസേന പത്തഞ്ഞൂറ് ഉണ്ടാക്കും... അതോണ്ട് ഒന്നര ഏക്കർ റബ്ബർ വാങ്ങിയിട്ടു..


ശിഷ്ടം കൂട്ടീട്ട് റബ്ബറോ??


അതേ ടാ.. ബാറിൽ കുടിച്ചിറങ്ങുന്നോർക്ക് വല്യബോധം ഒന്നും ഉണ്ടാവില്ല ബില്ല് കൂട്ടി എഴുതുമ്പോൾ എട്ടും എട്ടും പതിനാറിന് 1 ശിഷ്ടം ആറ് എന്ന് വച്ചാ കൂട്ടുക.. ഒറ്റ ബില്ലിൽ അറുപത് ഇങ്ങോട്ട് പോരും. ഇനി അഥവാ ആരെങ്കിലും ചോദിച്ചാ ശിഷ്ടം കൂട്ടിയപ്പോ തെറ്റിതാ ചേട്ടാ എന്ന് പറഞ്ഞ് തലയൂരും… നീയും വേണങ്കി പോര്...ഓട്ടോ ഓടിച്ച് എന്ത് കിട്ടാനാ…?


  എട്ടിന്റെ ഗുണന പട്ടിക കാണാതെ പറയാൻ അറിയാഞ്ഞ് വിജയൻ മാഷെ പേടിച്ച് സ്കൂളിൽ വരാതെ മുങ്ങി നടന്ന പഴയ പ്രഭാകരനെ ഓർമ്മ വന്നപ്പോൾ ഞാൻ വണ്ടി ഓരം ചേർത്തു നിർത്തി അന്തം വിട്ട് അവനെ നോക്കി.



*ബാബുവിന്റെ മട്ടം*


ബാബുവിനെ ഞാൻ പഠിപ്പിച്ചതാണ്. പഠിക്കാൻ മഹാമടിയനായിരുന്നതിനാൽ എട്ടിൽ വച്ച് അവൻ പഠിപ്പു നിർത്തിപ്പോയയാണ്.. പൈതഗോറസ് സിദ്ധാന്തം എത്ര പറഞ്ഞാലും തലയിൽ കയറാത്തവൻ..


പുതിയ വീടിന് തറപ്പണിയെടുക്കാൻ കരാർ കൊടുത്ത രാമകൃഷ്ണേട്ടന്റെ കൂടെ സഹായിയായി വന്നതാണ് അവൻ


ഒഴിവു ദിവസമായതിനാൽ പണി നോക്കി നിൽക്കുകയായിരുന്നു.ബാബു പടവിന് മൂലക്കല്ലു വയ്ക്കുന്നു.. മൂന്നടി ഒരു വശത്തും രണ്ടടി അപ്പുറപ്പത്തും വച്ച് രണ്ടിനേയും ചരടു കൊണ്ട് യോജിപ്പിക്കുമ്പോൾ ഒരു ത്രികോണം കിട്ടുന്നു... കല്ലുകളുടെ സ്ഥാനം അങ്ങോട്ടും ഇങ്ങോട്ടും അല്പസ്വൽപം മാറ്റി ശരിയാക്കുന്നു…


ആഹാ... താൻ പഠിപ്പിച്ച പൈതഗോറസ് സിദ്ധാന്തം.. വച്ചാണ് അവൻ പാദവും ലംബവും വച്ച് കർണം കണക്കുകൂട്ടി മൂല ശരിയാക്കുന്നത്…


ടാ ബാബൂ... ഇതല്ലേടാ അന്ന് ഞാൻ നിന്നെ ക്ലാസിൽ പഠിപ്പിച്ചത്... പൈതഗോറസ് സിദ്ധാന്തം.. ഇത് പഠിക്കാഞ്ഞല്ലേ നീ ചീത്ത കേട്ടത്…??


ഇത് മാഷ് പഠിപ്പിച്ചതൊന്നുമല്ല... രാമഷ്ണേട്ടൻ പഠിപ്പിച്ചതാ... മട്ടം നോക്കാനും വാട്ടർ ലെവൽ നോക്കാനും, കട്ടയും നൂലും പിടിക്കാനുമൊക്കെ…


പാഠപുസ്തകവും ജീവിതവും തമ്മിലുള്ള കോൺ ആലോചിച്ച് ചിന്തയുടെ മട്ടം തെറ്റി

ഞാനവനെ വല്ലാതെ തുറിച്ചു നോക്കി.



*ശിവപ്രസാദ് പാലോട്*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ