എടാ രാമ്വോ..
കയ്യിലെ കൂട്ടത്തിൽ നിന്നും ഒരു ചീട്ട് കളത്തിലേക്കിടുമ്പോൾ
അനന്തു രാമകൃഷ്ണന് നേരെ തിരിഞ്ഞു...
ചെവിയിൽ തിരുകി വച്ച ഇലയോടെ രാമു തലയുയർത്തി
എന്താടാ...
ഒരൂട്ടം പറയാനുണ്ട് നെന്നോട്.. കുറെ ദിവസായി പറയാൻ കരുതീതാ
എന്താച്ചാൽ പറയടാ.. നീയെന്താ ഒരു മാതിരി പേറടുത്ത പയ്യിനെപ്പോലെ
അതേയ് ഒന്നും വിചാരിക്കരുത്... നിയ്യ് ഞങ്ങടെ പാർടിടെ കണ്ണിലെ കരടാ... ഇയ്യാ ഞങ്ങടെ അടുത്ത നേർച്ചക്കോയി.. അടുത്തീസം അന്റ വീട്ടിലേക്കുള്ള വഴിയില് ബദാംമരത്തിന് താഴെ വച്ച് അന്നെ ഞങ്ങള് വെട്ടും..
എടാ പണ്ട് നമ്മള് ബദാം കായ കുത്തിപ്പൊട്ടിച്ച് തിന്ന അതേ മരത്തിന്റെവിടെ..?
അതേടാ... എനക്കാണ് ഡ്യൂട്ടി.. നിയ്യ് മറുത്തൊന്നും പറയര്ത്.. പാർടി പറഞ്ഞാ പിന്നെ..
ഇതാപ്പൊ ഇത്ര വല്യ കാര്യം.. സംഗതി ഞാനേറ്റു.. നിയ്യ് വെട്ട്.. ഞാൻ നിന്ന് തരാട്ടാ..
വെട്ടിപ്പിടിച്ച ശീട്ടുകൾ തുടക്ക് താഴേക്ക് ഒതുക്കി വക്കുന്നതിനിടെ രാമകൃഷ്ണൻ അനന്തൂനെ നോക്കി..
ഞാങ്കാരണം അനക്കൊരു ക്ഷീണം വരണ്ട.. വെട്ടുമ്മ ആദ്യവെട്ട് കഴുത്തില് തന്നെ വെട്ടണം ട്ടാടാ.. പിന്നെ എവിടെയാച്ചാ തരം പോലെ.. ആട്ടെ എത്ര വെട്ടെണ്ണമാ ഡ്യൂട്ടി
അറ്പത് ന് മീതെ ഒറ്റസംഖ്യാവണം.. അതിനാ രാശി..
ന്നാ പിന്നെ ഇന്നത്തെ കളി മത്യാക്കാല്ലേ...? കൈ കുത്തി രാമകൃഷ്ണൻ അനന്തുവിന്റെ ചുമലിൽ പിടിച്ച് എഴുന്നേറ്റു..
എന്നാ നാളെ കാണാട്ടാ.. കുറച്ച് ഒരുക്കുമാനണ്ട്.. പിന്നെ മ്മടെ അമ്മമാര് ഇതറിയണ്ട ട്ടോ... ഓര്ക്ക് നമ്മടെ മട്ടൊന്നും തിരിയില്ല.. പഴേ മനസുകളാ.. ലോകവിവരല്യ..
ഞാമ്പറയണില്ല... നിയ്യും പറയണ്ട.. |
നിയ്യെന്തിനാടാ മറ്റേ പാർട്ടിയായത്.. ഇനി ആയാലും അനക്ക് നോക്കീം കണ്ടും നിന്നാ പോരാരുന്നോ??
അനന്തുവിന്റെ വാക്കിൽ ഒരു നനവ് പൊന്തി..
അതൊന്നും സാരല്യന്റനന്തൂ..നിയ്ക്ക് വെഷമല്യ..യ്യ്ങ്ങനെ കരഞ്ഞ് ധൈര്യം കളയണ്ടട്ടടാ.. എപ്പഴായാലും മരിക്കണം.. അതുറപ്പാ.. നിന്റെ കയ്യോണ്ടാവുമ്പം ഒര് രസൊക്കെണ്ട്..
ന്നാ നാളെഞ്ഞി മുണ്ടാനും പറയാനും നേരണ്ടാവില്ലടാ.. നമുക്കാ ബദാംമരത്തിന്റെ ചോട്ടിൽ നിന്ന് ഒരു കുരു പൊട്ടിച്ച് തിന്ന് പിരിയാട്ടാ...
അനന്തു രാമകൃഷ്ണന്റെ കയ്യിൽ നിന്നും ചീട്ടുകെട്ടു വാങ്ങി ഓരോന്നായി നെടുകെ ചീന്തിയിട്ടു..
ഞ്ഞിപ്പോ ദൊക്കെ എന്തിനാടാ...