2019, ഫെബ്രുവരി 10, ഞായറാഴ്‌ച

അതുവ്വേ


ആശാരി മാനുവിനെ കുട്ടികൾ എറിഞ്ഞു തല പൊട്ടിച്ചു. ചോരയൊലിക്കുന്നതലയുമായി മാനു സ്കൂൾ ഓഫിസ് മുറിയിലേക്ക് നടന്നു. കുട്ടികൾ പേടിച്ച് ക്ലാസ് മുറികളിലേക്ക് പതുങ്ങി...

ആശാരി മാനു ആരാന്നറിയണ്ടേ..? പഴയ പട്ടാളക്കാരനായിരുന്നത്രേ.. ചെറിയ നൊസ്സുണ്ട്. വലിയ ബട്ടനുള്ള കാക്കി കുപ്പായവും കറു കറുത്ത ബാഗും കൂർത്ത കമ്പി പുറത്തേക്ക് നീണ്ട കുടയും.. കഷണ്ടിയുമൊക്കെയായി നാട്ടിൽ അലയുന്ന മാനു. എന്തു ചോദിച്ചാലും ഉവ്വേ എന്ന മറുപടി മാത്രവും എവിടെ കണ്ടാലും കുട്ടികൾ പിറകെക്കൂടും..

അമ്പലപ്പറമ്പിലൂടെ നടക്കുമ്പോളാണ് സ്കൂൾ തൊടിയുടെ മതിലുകടന്ന് ഏറു കൊണ്ടത്

ഹെഡ് മാഷ് നാരായണൻ നമ്പൂതിരിയുടെ മുന്നിൽ ഹാജരായ മാനുവിനീതനായി

തമ്പ്രാനെ... കുട്ടികള് പാവങ്ങളാണ്... പുത്തി തെളിയാത്തവർ. മാഷ്.. ഓരെ ഒന്നും ചെയ്യര്ത്... അടിയനും ഒന്നും ചെയ്യ്ണില്ല.. കല്ലെടുത്തെറിഞ്ഞവരെ തമ്പ്രാൻ ഒന്ന് കാണിച്ചു തന്നാ മതി... അടിയൻ ഒന്നും ചെയ്യില്ല.. ഈ കൊടേ ടെ പിന്നിലെ കമ്പീം കൊണ്ട് കുത്ത്യങ്ങ്ട്ട് കൊല്ലും... അല്ലാതെ വേറൊന്നും അടിയൻ ചെയ്യില്ല... അതുവ്വേ... അതൊക്കെ ഉവ്വേ...

മാനുവിന്റെ തല പൊട്ടി നിൽക്കണതും മറന്ന് മാഷ് ഉറക്കെ പൊട്ടിച്ചിരിച്ചു

തമ്പ്രാൻ ചിരിക്കാ
അതുവ്വേ...

മാനു മുറി നമ്ക്ക് വെച്ച് കെട്ടാ.. എന്നിട്ട് മാനു കുറച്ച് കഞ്ഞീം കുടിക്ക്.''. ക്ഷീണൊക്കെ മാറി മാനു ഈ കുടക്കമ്പീം കൊണ്ട് എന്നെ മതിയാവും വരെ കുത്തിക്കോളാ... ഞാൻ നിന്നു തരാം...

അതു വ്വേ... തമ്പ്രാനെ ഞാൻ കുത്തേ.. അതിലും നല്ലത് ഞാൻ എന്നെത്തന്നെ കുത്തിക്കോളാ... മതിയാവണ വരെ... അതു വ്വേ... അതൊക്കെ ഉവ്വേ...

മാനു പടി കടന്നു പോയതിന് ശേഷമാണ് സ്കൂൾ ശ്വാസം വിട്ടത്.

ശിവപ്രസാദ് പാലോട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ