2020, ജനുവരി 27, തിങ്കളാഴ്‌ച

മയ്യഴിയെ തൊട്ട്, തെയ്യത്തെ അറിഞ്ഞ്



          നാട്ടുകൽ അമ്പത്തിമൂന്നാം മൈലിൽ രാത്രി പത്തുമണിക്ക് ബസ്
കാത്തുനിൽക്കുമ്പോൾ നാട്ടുകാരനായ ഒരു സുഹൃത്ത് എങ്ങോട്ടാണ് രാത്രി
യാത്രയെന്ന് കുശലം ചോദിച്ചു. കണ്ണൂർക്കാണ് തെയ്യം കാണാനാണ്
മണ്ണാർക്കാട്ടുനിന്ന് ഒരു കൂട്ടം മാഷന്മാർ വരുന്നതും കാത്തു നിൽക്കുകയാ
ണെന്ന് പറഞ്ഞപ്പോൾ അവന് വലിയ അത്ഭുതം. പിന്നെ അവന് യു ട്യൂബിൽ തെയ്യം
കാണിച്ചുകൊടുത്തു നിൽക്കുമ്പോൾ മഹാറാണി നാണിച്ചു വരുന്നു. വാതിൽ തുറന്ന്
കാത്തുനിൽക്കുകയാണ് വിദ്യാരംഗം മണ്ണാർക്കാട് കോർഡിനേറ്റർ ഹരിദാസൻ മാഷും
പാലക്കാട് ജില്ലാ കോർഡിനേറ്റർ കേശവൻ മാഷും. ബസിനുള്ളിലെ അരണ്ട
വെളിച്ചത്തിൽ എല്ലാവരെയും കണ്ടപ്പോൾ സന്തോഷമായി. എല്ലാവർക്കും ആവേശം
പകർന്ന പ്രിയപ്പെട്ട എഇഒ അനിൽകുമാർ മാഷും ഒപ്പമുണ്ടെന്നത് സന്തോഷത്തെ
ഇരട്ടിയാക്കി. പിറകിലെ സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചപ്പോഴേക്കും കേശവൻ
മാഷ് മൈക്ക് കയ്യിലെടുത്ത് യാത്രയുടെ ഘട്ടങ്ങൾ പറഞ്ഞുതുടങ്ങി. പിന്നെ ബസ്
മുന്നോട്ടുപോകുമ്പോൾ പിറകിലേക്കോടുന്ന വിളക്കുകാലുകളെയും നോക്കി യിരുന്ന്
എപ്പോളോ ഉറങ്ങിപ്പോയി.

                            പിന്നെ ഉറക്കമുണരുമ്പോൾ കോഴിക്കോടും മാഹിയും
കടന്ന് മഹാറാണി കണ്ണൂർ കീച്ചേരിയിലേക്ക്. അവിടെത്തെ ചിറകുറ്റി പുതിയ
ഭഗവതി ക്ഷേത്രമാണ് ലക്ഷ്യസ്ഥാനം. ബസ് റോഡിനരുകിൽ നിർത്തി സംഘാംഗങ്ങൾ
ക്ഷേത്രത്തിലേക്കുള്ള ഇടവഴിയിലൂടെ നടന്നു തുടങ്ങി. സമയം രാത്രി രണ്ടര.
തെയ്യം നടക്കുന്ന യാതൊരു ലക്ഷണവുമില്ലാതെ ഉറങ്ങിക്കിടക്കുന്ന ക്ഷേത്രം.
നമുക്ക് നേരം വൈകിയോ. അതോ സ്ഥലം മാറിപ്പോയോ എന്നൊക്കെ പരസ്പരം
പറയുന്നതിനിടെ ക്ഷേത്ര പറമ്പിന്റെ ഒരു മൂലയിൽ വെളിച്ചത്തിന്റെ ഒരു തിരി.

അവിടെ ശ്രദ്ധാപൂർവം തെയ്യത്തിന്റെ മേലാപ്പിന് ചായം കൊടുക്കുന്ന
ഒരാൾ..തൊട്ടടുത്തെ ചെറിയ മുറിയിൽ തെയ്യം കെട്ടുന്ന കോലധാരിക്ക്
മുഖത്തെഴുത്ത് നടത്തുന്ന മറ്റൊരു കലാകാരൻ..അവരോട് ചോദിച്ചപ്പോൾ തെയ്യം
തുടങ്ങാൻ പുലർച്ചെ നാലുമണിയാകുമെന്നും അപ്പോഴേക്കെ നാട്ടുകാർ
എത്തിത്തുടങ്ങൂ എന്നും മനസ്സിലായി. പാലക്കാട്ടുനിന്നും തെയ്യം കാണാൻ
എത്തിയവരാണെന്നും അധ്യാപകർ ആണെന്നും പറഞ്ഞപ്പോൾ അവർക്ക് താൽപര്യം കൂടി.
തെയ്യത്തിന്റെ പ്രത്യേകതകളും തോറ്റം പാട്ടും ഐതിഹ്യവുമെല്ലാം
താൽപര്യത്തോടെ പറഞ്ഞു തന്നു. ക്ഷേത്ര പറമ്പിൽ പലയിടത്തായി
കിടന്നുറങ്ങുന്ന കലാകാരന്മാർ. ആശാൻ എന്ന് തോന്നിച്ച പ്രായം ചെന്ന കലാകാരൻ
ഒാരോരുത്തരെയും വിളിച്ചുണർത്തി ഉടയാടകൾ ധരിപ്പിക്കുന്നു. മുഖത്തെഴുത്തു
നടത്തുന്നു. അതുവരെ ഉറങ്ങിക്കിടന്ന പച്ചമനുഷ്യർ ദൈവങ്ങളാകാൻ ഒരുങ്ങുന്നു.

          നേരം നാല് കഴിഞ്ഞപ്പോൾ നേരത്തെ കണ്ട തെയ്യം കലാകാരന്മാരിൽ
ഒരാള്‍ ഒറ്റച്ചെണ്ടയുമായി തോറ്റം പാട്ട് തുടങ്ങി. വരികൾ പലതും
മനസ്സിലായില്ലെങ്കിലും അഭൗമമായ ഏതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന
താളം..
പെട്ടെന്ന് ചിലമ്പിന്റെ താളം കേട്ടു, വേഷമിട്ട തെയ്യം കലാകാരൻ
ക്ഷേത്രത്തിന്റെ മുന്നിലേക്ക് വന്നു. അവിടെ ഇട്ടുകൊടുത്ത ഇരിപ്പിടത്തിൽ
ഇരുന്നു. മറ്റു കലാകാരൻമാർ ചേർന്ന് ദേഹത്ത് ചുവന്ന നിറത്തിലുള്ള കുഴമ്പ്
തേച്ചു പിടിപ്പിക്കുന്നു. അതിനുമുകളിൽ മലർ ഒട്ടിച്ചു വക്കുന്നു. ചുവപ്പു
നിറത്തിലുള്ള മുഖത്തെഴുത്തിലും മാറിടത്തും മലരിന്റെ വെളുത്ത പുള്ളികൾ
..കോലം കെട്ടിയുറപ്പിക്കൽ കഴിഞ്ഞിപ്പോൾ ഒരു കണ്ണാടി കോലധാരിക്ക് നേരെ
നീണ്ടു. കോലധാരി അതിൽ സ്വന്തം പ്രതിബിംബം നോക്കി.പിന്നെ
മറ്റൊരുലോകത്തേക്ക് ആനയിക്കപ്പെട്ടപോലെ ക്ഷേത്രത്തിന്റെ മുന്നിലേക്ക്
ദ്രുത ചലനങ്ങളോടെ നടന്നു. അപ്പോഴേക്കും തോറ്റം പാട്ട് അതിന്റെ
ഉച്ചസ്ഥായിലിയെത്തുകയും  അകമ്പടിയായി ചെണ്ടകൾ താളം കൊട്ടാനും
തുടങ്ങിയതോടെ തെയ്യക്കാവ് ഉണർന്നു. നാട്ടുകാർ ക്ഷേത്രത്തിലേക്ക്
എത്തിത്തുടങ്ങി.
                                     ക്ഷേത്രത്തിൽ നിന്ന് കോമരം ഇറങ്ങി
വന്ന് ഉടവാൾ തെയ്യം കോലധാരിക്ക് നൽകി. പിന്നെ തെട്ടത്തിന്റെ
ഭാവപ്പകർച്ചകൾ..ചെണ്ടകളുടെ കാലങ്ങളും താളങ്ങളും മാറുന്നതിനനുസരിച്ച്
തെയ്യം നിറഞ്ഞാടി. കോലത്തിൽ കുത്തി നിർത്തിയ പന്തങ്ങളുടെ വെളിച്ചത്തിൽ
ഇരുളുംവെട്ടവും ചേർന്ന് സ്വപ്നത്തിലേക്കെന്നപോലെ കൂട്ടിക്കൊണ്ടു പോയി.
നാട്ടുകാരോട് ചോദിച്ച് തെയ്യം തോട്ടുങ്ങൽ ഭഗവതി ആണെന്ന് മനസ്സിലാക്കി.
കുറച്ചു കഴിയുമ്പോൾ ഒരാൾ ഒരു കോഴിയെ തെയ്യത്തിന് സമർപ്പിക്കുന്നു. പിന്നെ
അതിനെ  ഇരു കൈകളും കൊണ്ട് പിടിച്ചുകൊണ്ടുള്ള ചുവടുകൾ. അതിനൊടുവിൽ
തെയ്യം ആളുകൾക്കിടയിലേക്ക് മറ്റൊരു കളത്തിലേക്ക് ഒാടുന്നു. അവിടെ
കോഴിയുടെ കഴുത്തറുത്ത് ചോര രുചിക്കുന്നു. വീണ്ടും ക്ഷേത്രത്തിന്റെ
മുന്നിലേക്ക്..പിന്നെ നാട്ടുകാരോട് തെയ്യത്തിന്റെ അനുഗ്രഹഭാഷണങ്ങൾ..

സംവത്സരത്തോട് സംവത്സരം ചേർന്ന് ഇന്ന് നമുക്ക് കണ്ടു കൂടിപ്പിരിയാൻ
ഇടവന്നിരിക്കുന്നു. എന്റെ മക്കൾക്കും കുഞ്ഞിമക്കൾക്കും ഗുണം വരുത്തും..

നാട്ടുകാരിൽ പലരും ഭക്തിപൂർവം നൽക്കുന്ന ദക്ഷിണകൾ. പ്രസാദമായി
അരിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർന്ന കുറി കൊടുക്കുന്നതോടെ ഒരു
തെയ്യത്തിന്റെ ചടങ്ങുകൾക്ക് അവസാനമായി.

  പിന്നീട് അല്പസമയം കഴിഞ്ഞപ്പോളേക്കും അടുത്ത തെയ്യത്തിന്റെ വരവായി.
വീരഭദ്രകാളി തെയ്യം. വാമൊഴിയിൽ വീരാളിത്തെയ്യം. വീണ്ടും തോറ്റവും,
ചെണ്ടയും. മുഖത്തെഴുത്തിലും കോലത്തിലും, മുടിയിലും   രണ്ടു തെയ്യങ്ങളും
തമ്മിൽ വേർതിരിച്ചറിയാം. ചടങ്ങുകളിൽ സൂക്ഷ്മാംശത്തിൽ വ്യത്യാസം
കണ്ടേക്കാമെങ്കിലും ആദ്യം തെയ്യം കാണുന്നവർക്ക് വ്യത്യാസങ്ങൾ
മനസ്സിലായെന്നും വരില്ല.

  വീര ഭദ്രകാളിക്ക് ശേഷം പുതിയ ഭഗവതി തെയ്യമായി. ക്ഷേത്രമുറ്റത്ത്
വിറകുകത്തിച്ച് കനൽകൂട്ടിയതിലൂടെ പുതിയ ഭഗവതിതെയ്യവും പൂജാരികളും
നടന്നുപോയി.  മറ്റു തെയ്യങ്ങളെക്കാള്‍ ചടങ്ങുകൾ ദീർഘമാണ് പുതിയ
ഭഗവതിക്ക്.



























                        അപ്പോഴേക്കും നേരം ആറുമണിയായിക്കഴിഞ്ഞിരുന്നു.
തെയ്യം കാണാനെത്തിയവർക്ക് ചുക്കുകാപ്പിയുമായി ക്ഷേത്രത്തിലെ ആളുകൾ എത്തി.
തന്തക്കും തറവാട്ടിനും
മേലാക്കത്തിനും
മേൽഗൃഹത്തിനും
ഗുണം വരണം, ഗുണം വരണം
തെയ്യം അപ്പോളും നാട്ടുകാർക്ക് അരുളപ്പെടുകയാണ്.

       തെയ്യം നടക്കുന്ന കീച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ പ്രധാനിയായ
അജിത് കുമാർ തെയ്യത്തിന്റെ ഐതിഹ്യവും ചടങ്ങളുകളും വിശദീകരിച്ചു തന്നു.
ഒാരോ തെയ്യത്തെക്കുറിച്ചും ആധികാരികമായ അറിവുകൾ സംഘാംഗങ്ങൾക്ക് പുതിയ
അനുഭവമായി. ശ്രീ മഹാദേവന്റെ മൂന്നാം കണ്ണിൽ നിന്നും ഉത്ഭവിച്ച ദേവതമാരാണ്
ചിറുമ്പമാർ. രണ്ട് പൊന്മക്കളെയും വാരിയെടുത്ത് ദേവൻ അവർക്ക്
വസൂരിക്കുരിപ്പ് നൽകി. ആ മക്കളെ ഇനി മേൽലോകത്ത് നിർത്താനാകില്ലെന്നതിലാൽ
പൊൻ ചിലമ്പും തേരും നൽകി കീഴ് ലോകത്തേക്ക് അയക്കുന്നു. മേൽ ലോകത്ത്
മഹാദേവന്റെ കുരിപ്പ് വർദ്ധിച്ചപ്പോൾ 40 ദിവസം ഹോമം കഴിച്ച് സമയം പുതിയ
ഭഗവതി എന്ന പൊന്മകൾ ഹോമകുണ്ഠത്തിൽ നിന്നും പൊടിച്ചുയരുന്നു. കോഴിയും
കുരുതിയും കൊടുത്ത് ദാഹം തീർക്കുന്നു. കീഴ്ലോകത്ത് ചിറുമ്പമാർ
വാരിവിതറിയ വസൂരി ഇല്ലാതാക്കാൻ പൊന്മകളെക്കൂടി ഭൂമിയിലേക്ക് അയക്കുന്നു.
അജിത് കുമാർ തെയ്യത്തിന്റെ ഐതിഹ്യകഥ പറയുമ്പോൾ
നേരം പുലരുന്നു.. കഴിഞ്ഞ മണിക്കൂറുകളിൽ മുന്നിലൂടെ ആടി മറഞ്ഞുപോയ
തെയ്യക്കോലങ്ങൾ കണ്ണിൽ അപ്പോഴും മായാതെ നിൽക്കുകയായിരുന്നു. വീണ്ടും
ബസിലേക്ക്. കണ്ണൂർ ശിക്ഷക് സദനിൽ അല്പസമയം വിശ്രമം. കോഫി ഹൗസിലെ പ്രഭാത
ഭക്ഷണം. പിന്നീട് പയ്യാമ്പലത്തേക്ക്.

സുകുമാർ അഴീക്കോട്, ഇകെ.നായനാർ തുടങ്ങി കേരളം കണ്ട മഹാമനുഷ്യർ
ഉറങ്ങിക്കിടക്കുന്ന ചരിത്ര ഭൂമിക.  കടലിലേക്ക് ഇറങ്ങാതെ പയ്യാമ്പലം
ബീച്ച് ദൂരെ നിന്നും കണ്ട് വീണ്ടും അടുത്ത ബീച്ചിലേക്ക്. കേരളത്തിലെ ആദ്യ
ഡ്രൈവിങ്ങ് ബീച്ചായ മുഴുപ്പിലങ്ങാടിലേക്ക്.




















കടലിനെ തൊട്ടുരുമ്മി നീങ്ങുകയാണ് ബസ്. തീരത്ത് നിർത്തിയിട്ടിരിക്കുന്ന
തോണിയിൽ സംഘാംഗങ്ങൾ എല്ലാവരും ഇരുന്ന് ഫോട്ടോ എടുത്ത്
മുഴുപ്പിലങ്ങാടിനോട് വിടപറയുമ്പോൾ നേരം പത്തര.

                       തീരത്തോട് തലോടുന്ന പോലെയുള്ള തിരകളാണ്
മുഴുപ്പിലങ്ങാടിന്റെ പ്രത്യേകത. ശാന്തമായ കടൽ. ഉറച്ചുകിടക്കുന്ന
മണൽപ്പരപ്പ്.


 ഇനി മാഹി പാർക്കിലേക്കാണ്. മയ്യഴിയുടെ രാജകുമാരനെ നേരിൽക്കാണാൻ.
സംഘാഗങ്ങൾ മയ്യഴി പാർക്കിൽ പുഴയെ ചേർന്നു നടന്നു. ദൂരെ വെള്ളിയാങ്കല്ലിൽ
ആത്മാവുകൾ തുമ്പികളായി പറന്നു നടക്കുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങൾ
നോവലിലെ വിവിധ കഥാ സന്ദർഭങ്ങള്‍ ശില്പങ്ങളായി കൊത്തിവച്ചിരിക്കുന്നത്
മാഹി പാർക്കിനെ അക്ഷരങ്ങളോട് അത്രമേൽ ചേർത്തുപിടിക്കുന്നു.

 അല്പസമയം കഴിഞ്ഞപ്പോഴേക്കും എം.മുകുന്ദൻ മാഹി പാർക്കിൽ എത്തി.
മണ്ണാർക്കാട് എഇഒ ഒ.ജി.അനിൽകുമാർ എം.മുകന്ദനെ പൊന്നാടയണിയിച്ച്
മണ്ണാർക്കാടിന്റെ ആദരം നൽകി.
                                   തുടർന്ന് സംഘാംഗങ്ങളുമായി
അദ്ദേഹത്തിന്റെ സ്നേഹ വർത്തമാനങ്ങൾ. സമകാലീന ദേശീയ, അന്തർദേശീയ
സാഹചര്യങ്ങളെക്കുറിച്ച് സംഘാങ്ങളുടെ ചേദ്യങ്ങൾക്കെല്ലാം നിലപാടുകളോടെ
ഉത്തരങ്ങൾ. സാഹിത്യത്തിൽ വന്ന മാറ്റങ്ങൾ, പുതിയ എഴുത്തുകളുടെ സാമൂഹ്യ
പ്രതിബദ്ധത എന്നിവയെല്ലാം ചർച്ചകളിൽ നിറഞ്ഞു. പൗരത്വ ബില്ലിനെതിരായി
ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളെ ലോകം ഏറ്റെടുത്തതായി എഴുത്തുകാരൻ
എം.മുകുന്ദൻ. വിദ്യാരംഗം കലാസാഹിത്യവേദി അധ്യാപകർക്കായി നടത്തിയ സാഹിത്യ
സാംസ്കാരിക യാത്രാംഗങ്ങളുമായി മയ്യഴി പാർക്കിൽ വച്ചു നടന്ന മുഖാമുഖത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഎൻയുവിനെയും കേന്ദ്രസാഹിത്യ
അക്കാദമിയെയും തകർക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
   നോവലിന്റെ കുലപതിയായ എം.മുകുന്ദന് ഞാൻ എഴുതിയ മണ്ണേ നമ്പി എന്ന നോവൽ
നേരിട്ടു നൽക്കാനായത് വിലപിടിച്ച അനുഭവമായി .കാരാകുർശി സ്കൂൾ വിദ്യാർഥിനി
ആർച്ചയുടെ മരണക്കട എന്ന കവിതയും മുകുന്ദന്റെ പ്രശംസ പിടിച്ചുപറ്റി.


കേരളത്തിൽ വളർന്നു വരേണ്ട പുതിയ തൊഴിൽ പെരുമാറ്റ
സംസ്കാരത്തെക്കുറിച്ചും, പ്രത്യയശാസ്ത്രങ്ങള്‍ക്ക് കാലീകമായി വേണ്ട
മാറ്റിയെഴുത്തുകൾ സംബന്ധിച്ച പ്രതീക്ഷകളും അദ്ദേഹം പങ്കുവച്ചു.
സംഘാംങ്ങളുമൊത്ത് ഗ്രൂപ്പ് ഫോട്ടോക്കിരുന്ന് മയ്യഴിയുടെ കഥാകാരൻ
വെള്ളിയാങ്കല്ലിനും മാഹിക്കും വന്ന മാറ്റങ്ങളിലെ വ്യസനം പങ്കിട്ടു.



മാഹിയിൽ നിന്നും വടകരയിലേക്ക്. ഊരാളുങ്ങൽ ലേബർ സൊസൈറ്റിയുടെ സർഗാലയം
കാണാനായിരുന്നു അടുത്ത യാത്ര. ഒരിക്കൽ പാറക്കെട്ടായി കിടന്നിരുന്ന
സ്ഥലത്തെ പാറ പൊട്ടിച്ചെടുത്തപ്പോൾ ബാക്കിയായ മടയെ മഴവെള്ള സംഭരണിയാക്കി
മാറ്റിയിരിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത ഇടം തന്നെ പ്രകൃതി
സംരക്ഷണത്തിന്റെ മാതൃകയായി മാറ്റിയത് കൗതുകകരമാണ്.

വിവിധ കരകൗശലകേന്ദ്രങ്ങൾ സന്ദർശിച്ചു. കൊത്തുപണികൾ, മരപ്പണികൾ, കൈത്തറി,
മുള അലങ്കാരപ്പണികൾ, തുണിത്തരങ്ങൾ എന്നിവയെല്ലാം ആകർഷണീയമാണ്. മുറ്റത്ത്
നമ്മളെ സ്വാഗതം ചെയ്യുന്നത് ഒറ്റത്തടിയിൽ തീർത്ത ഒരു കോടി വിലയുള്ള
ആനയുടെ ദാരു ശില്പമാണ്.

















യാത്രയിൽ എല്ലാവരുമായി രഹസ്യമാക്കിവച്ച പദ്ധതി അപ്പോഴാണ് കേശവന്‍
മാസ്റ്റർ പ്രഖ്യാപിക്കുന്നത്.വിരമിക്കുന്ന പ്രധാനാധ്യാപകരായ
ടി.വി.പ്രസന്ന, എ.ജയമുകുന്ദൻ എന്നിവർക്ക് വിദ്യാരംഗം നൽകുന്ന യാത്രയയപ്പ്
എന്ന അവിസ്മരണീയ മുഹൂർത്തം.  വിദ്യാരംഗം പാലക്കാട് ജില്ലാ കോർഡിനേറ്റർ
പി.ഒ. കേശവൻ, മണ്ണാർക്കാട് എഇഒ ഒ.ജി.അനിൽകുമാർ, മണ്ണാർക്കാട് വിദ്യാരംഗം
കോർഡിനേറ്റർ ജി.എൻ.ഹരിദാസ്, വി.എസ് ഹരീഷ്, എം.കൃഷ്ണദാസ്, പിഎം.മധു,
സിദ്ദീഖ് പാറക്കോട്ട്, സുധീർ, എ.ജയചന്ദ്രൻ എന്നിവരുടെ ചെറു പ്രസംഗങ്ങൾ.
പറളി സബ്ജില്ലയിൽ നിന്നും പങ്കെടുത്ത സുധീർ, ഗിരീഷ്, മണ്ണാർക്കാട് അൻസാരി
പ്രസ് ഉടമ ഗോപകുമാർ, പ്രദീപ് വേർക്കാട്ടിൽ, ചന്ദ്രൻ, ആർച്ച തുടങ്ങിയ
സംഘാംഗങ്ങളുടെ സ്നേഹ ഭാഷണങ്ങൾ. വിദ്യാരംഗത്തിന് മാത്രം കഴിയുന്ന
സർഗാത്മകയാത്ര.

       വീണ്ടും മഹാറാണിയിലേക്ക് കയറുമ്പോൾ നേരം അഞ്ചര. പിന്നീട്
തിരിച്ചുള്ള യാത്രയിൽ സംഘാങ്ങളുടെ കലാപരിപാടികളും , പരിചയപ്പെടുത്തലുകളും
നിറഞ്ഞ് സമയമറിയാതെയുള്ള യാത്ര. ഇടക്ക് രാമനാട്ടുകര നിന്നും മുൻ ഡിഇഒ
വേണു പുഞ്ചപ്പാടവും ബസിൽ കയറിയത്  ഇരട്ടി മധുരമായി.  തിരിച്ചുള്ള
യാത്രയിൽ ഒാരോ നിമിഷത്തിലും എല്ലാവരും ചിന്തിച്ചത് ഈ യാത്ര
അവസാനിക്കാതിരുന്നെങ്കിൽ എന്നായിരിക്കണം. അതാണല്ലോ, അതാണല്ലോ എല്ലവാരും
മണ്ണാർക്കാട് അടുക്കും തോറും മൗനികളായി മാറിയത്..


ശിവപ്രസാദ് പാലോട്

2020, ജനുവരി 11, ശനിയാഴ്‌ച

പാലക്കൊമ്പ് (ചെറുകഥ ശിവപ്രസാദ് പാലോട്)


ഞാൻ ജീവിച്ചിരിക്കേ ഇത് നടക്കുംന്ന് നീ വിചാരിക്കണ്ട..ഒാനെക്കൊണ്ട്
അന്നെക്കെട്ടിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല..

വീശിയടിച്ചുണ്ടായ കൈപ്പാടുകൾ മകളുടെ കവിളിൽ നെറ്റിയിലെ തഴമ്പുപോലെ
തടിച്ചുകണ്ടപ്പോളും അപ്പുണ്ണിയാശാൻ മകളോടലറി.

കേറിപ്പോടീ അകത്ത്, വിളക്കുകളിച്ചാ അപ്പുണ്ണിയുടെ ജീവിതം ഇങ്ങിനെയായത്.
ഒരു വിളക്കുകാരന് കെട്ടിക്കാനല്ല നിന്നെ ഇത്ര കാലം പഠിപ്പിച്ചത്..

കനലിൽ ചവിട്ടിയെന്നപോലെ പൊള്ളിയ കവിളിൽ വിരലമർത്തി അംബിക ഉള്ളിലേക്ക് വലിഞ്ഞു.

ഒരുത്തി എല്ലാം കണ്ടും കേട്ടും കിടക്കുന്നുണ്ടല്ലോ..വളർത്തു
ദോഷം.,,പെൺമക്കളെ വേണ്ടത് വേണ്ട സമയത്ത് പറഞ്ഞുകൊടുക്കണം..കെട്ടഴിഞ്ഞാൽ
പിന്നെ പെറുക്കിയെടുക്കാൻ പറ്റണതല്ല പെണ്‍കുട്ട്യോളുടെ ജീവിതം..

ആശാൻ അകത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു. അകത്തെ കട്ടിലിൽ നിന്ന്
വികൃതമായൊരു തേങ്ങൽ ഉയർന്നു. അംബിക അമ്മയുടെ നെഞ്ചുഴിഞ്ഞുകൊടുത്ത്
കട്ടിലിൽ ഇരുന്നു കണ്ണുതുടച്ചു.

ഒാനെ ഞാൻ ഒന്നു കാണുന്നുണ്ട്. കുറിച്ച വിളക്ക് ഒന്നു
കഴിഞ്ഞോട്ടെ..പാട്ടും ചുവടും പഠിപ്പിച്ച് ആശാനെത്തന്നെ വേണം ഒാന്
ചതിക്കാൻ. തന്തെല്ലാത്ത ചെക്കനല്ലേന്ന് കരുതി ഒപ്പം കൂട്ടീതാ..ത്ഫൂ..ഒാന്
ആശാന്റെ മകളെത്തന്നെ പ്രേമിക്കണം പോലും.

രണ്ടു തൊടി അപ്പുറത്തെ കുടിലിൽ അണയാതെ ഒരു തിരി കത്തുന്നുണ്ട്.
അവിടെന്ന് നേർത്ത ശബ്ദത്തിൽ എല്ലാരും പോണുമ്മാ പൂമരം കാണാന് ഞമ്മക്കും
പോകുമ്മാ പൂമരം കാണാന് എന്ന പാട്ടു കേൾക്കുന്നു, തനിക്കു മാത്രം
കേൾക്കാവുന്ന താളത്തിൽ ഒരുടുക്ക് മുറകുന്നു.

ആ പൂമരം തനിക്കുവേണ്ടിയാണ് പൂത്തിട്ടുള്ളത്. ഒരു ജീവിതം ഉണ്ടെങ്കിൽ അത് ആ
പൂമരത്തോട് ചേർന്നായിരിക്കും. അംബിക മനസ്സിനെ പിന്നെയും ദൃഢപ്പെടുത്തി,

                        ദേശവിളക്കിന് ദിവസം അടുക്കുകയാണ്. പൊടി
പിടിച്ചു കിടക്കുന്ന ഉടുക്കും വാളുമൊക്കെ മിനുക്കേണ്ടതുണ്ട്.
കോമരങ്ങൾക്ക് ചുറ്റാനുള്ള ഉടുപ്പുകൾക്ക് നിറം മങ്ങിത്തുടങ്ങി.
ഒാട്ടുചിലമ്പിനും , അരമണിക്കും ക്ളാവുപിടിച്ച്  പച്ചപ്പണ്ടമായി
കിടക്കുന്നു. ആളിപ്പോഴും തികഞ്ഞിട്ടുമില്ല.
                         പണ്ടൊക്കെ വൃശ്ചികം പുലർന്നാൽ നിൽക്കാൻ
നേരമില്ലാതെ വിളക്കുകൾ. അഛ്ചനും മുത്തശ്ശനും പേരുകേട്ട വിളക്കുകാർ. ദൂരെ
സ്ഥലങ്ങളിൽ നിന്നുപോലും അപ്പുണ്ണിയാശാനെക്കണ്ട് വിളക്കിന് കാലം കുറിക്കാൻ
ആളുകൾ വരിനിന്ന കാലം. പിന്നെപ്പിന്നെ അയ്യപ്പൻ വിളക്കിന് ആവേശം കുറഞ്ഞു.
ഇപ്പോൾ വഴിപാടിന് വല്ലയിടത്തും നടത്തിയാലായി. കൊട്ടും ചുവടും പഠിപ്പിച്ച
ശിഷ്യന്മാർ വിളക്കിനു പിന്നാലെ നടന്ന് അടുപ്പ് പുകയാതെ വന്നപ്പോൾ
കൊത്തിനും കിളക്കും പോയി. വേറെ ജോലിക്ക് പോയി പത്തുകാശ്
കിട്ടിത്തുടങ്ങിയപ്പോൾ ദേഹത്ത് കൊഴുപ്പുകെട്ടി വഴക്കം പോയി. ഇപ്പോൾ
വിളക്ക് ഏറ്റാൽ തന്നെ പത്തിരുപത് പേരെ തികക്കാൻ നാടുമുഴുവൻ തെണ്ടണം.
പിന്നെ ഏറെ ചെറിയ പ്രായത്തിൽ വിളക്കുപഠിക്കാൻ ജനിച്ചവനെന്ന പോലെ
കാൽച്ചുവട്ടിലെത്തിയവനാണ് വിജയൻ. കൊട്ടിനും പാട്ടിനും അവനോളം പോന്ന
വേറൊരുത്തനില്ല. ചുവടിലും താളത്തിലും കണകണിശം. വെട്ടും തടവും തിരി
ഉഴിച്ചിലും, കനൽച്ചാട്ടവും എല്ലാം പഠിച്ചെടുത്തവൻ.  വിളക്കുകളിൽ വിജയൻ
പാലക്കൊമ്പിന് ഉണ്ടന്നറിഞ്ഞാൽ തന്നെ ആളുകൂടും.
                          ആശാന്റെ ശംഖിൽ നിന്ന് ഒാം കാരം മുഴങ്ങിയാൽ
തട്ടിൽ കർപ്പൂരം ജ്വലിക്കും. ആട്ടക്കാരും ഉടുക്കുകാരും ഒരുങ്ങുകയായി.
തട്ടിൽ തൊട്ടുഴിഞ്ഞ് ആട്ടക്കാർ നെറ്റിയിൽ തൊട്ട് കണ്ണടച്ചു നിൽക്കും.
ഒരു കയ്യിൽ ചിലമ്പും മറുകയ്യിൽ വാളുമായി വിജയൻ നിന്നാൽ പിന്നെ
അവനെയല്ലാതെ മറ്റൊന്നും കാണില്ല.  ഉറച്ചമെയ്യിൽ ഭസ്മത്തിന്റെ വരകൾ
വെള്ളിനാഗങ്ങളായി ചേർന്നുകിടക്കും.
                 ഉടുക്കുകൾ കലമ്പുകയായി, രോമകൂപങ്ങളെ ഉയർത്തുന്ന
ആദിതാളം.പതിഞ്ഞു തുടങ്ങി മുറുകിമുറുകി പെയ്യുന്ന മഴപോലെ ഉടുക്കുകൾ
പൊലിക്കുമ്പോൾ ആട്ടകാരുടെ കാലുകൾ ചലിച്ചു തുടങ്ങും. ചിലമ്പും മണികളും
ഉടുക്കും ചേർന്ന് മെയ്യിൽ പരദൈവങ്ങളെ കുടിയിരുത്തും. താലങ്ങളിൽ നിന്ന്
അരിയും പൂവം വാരിയെറിഞ്ഞ് ആട്ടക്കാർ തുള്ളാൻ തുടങ്ങും..മുന്നിൽ
ആട്ടക്കാരും പിന്നിൽ ഉടുക്കുകാരുമായി ഒരു മുറുകിയാട്ടം..ദാരികവധം
പാട്ടുമുറുകമ്പോൾ ആട്ടകാരുടെ കലിക്കൂക്കുകൾ മുഴങ്ങും..

എന്ത എന്താ മാളികേ
പന്തല് കുലുങ്ങാത്തേ
ആടുന്നോരാട്ടം കണ്ടാൽ
മയിലാടുന്നത് പോലെ
കൂകൂന്നൊരു കൂകൽ കേട്ടാൽ
കുയിൽ കൂകുന്നത് പോലെ..
        ആശാന്റെ ബീഡിപ്പുകയിൽ കരുവാളിച്ചുപോയ കുരലിൽ നിന്ന്
പാട്ടുപൊന്തുമ്പോൾ വിജയനിൽ ഭൂമിപാതാളം തൊട്ട് അങ്ങാകാശം വരെ വിറകയറും.
പിന്നെ പന്തൽ വിജയന്റേതാണ്. അമ്പലവും പന്തലും അവന്റെ ചുവടിൽ കുലുങ്ങും.
അരമണികളും ചിലമ്പും നിലക്കാതെ കിലുങ്ങും..ഉടവാളിന്റെ വായ്ത്തല
ഇടിവാളുപോലെ പന്തലിന്റെ മേലാപ്പിൽ തൂക്കിയ കുരുത്തോലകളെ തൊട്ടു തലോടും.
ഒാരോ ചാട്ടത്തിലും അവന്‍ ആകാശം തൊടും. പാലക്കൊമ്പിന്
പുറപ്പെടുമ്പോളേക്കും വിജയനാണ് കോമരമെങ്കിൽ നെറ്റി ചുകന്നരിക്കും. കളം
രണ്ടുമൂന്നു വലത്താകുമ്പോഴേക്കും അവന്റെ നില കണ്ടറിയാം. അമ്പലത്തിന്റെ
മുന്നിലെത്തി ചുവടുപിഴക്കാതെ ആടുമ്പോഴും അവന്റെ വാൾ നെറ്റിയിൽ പലവുരു
ചുംബിച്ചിട്ടുണ്ടാകും...നെറ്റിയിൽ നിന്നും ചോര കണ്ണിലൂടെ ഇറങ്ങി
കവിളിലൂടെ ഒലിച്ചിറങ്ങും..ചോരയുടെ ആ പാമ്പ് അവന്റെ അരയാടയിൽ പോയി
പരക്കും. ആ സമയം അവനെ പിടിക്കാൻ ചെന്നാൽ കുരുതിക്ക് പിടിക്കുന്ന ചോപ്പൻ
പൂവന്റെ കരുത്താണ്..കലിമൂത്ത് കോമരം തലവെട്ടിപ്പൊളിക്കാതിരിക്കാൻ വാള്
നെറ്റിക്കുയരുമ്പോഴേ ആശാൻ നിഴൽ പോലെ പിന്നിലെത്തും..വിജയനെ പിടിക്കാൻ
ചെല്ലുമ്പോൾ ആ കലി തന്നെയും ബാധിക്കുന്നുണ്ടോ എന്ന് അപ്പുണ്ണിയാശാന്
തോന്നും..പിടിയൊതുങ്ങാത്ത എന്തോ ഒന്ന് അവനിൽ കുടിയിരിക്കുന്നുണ്ടെന്ന്
തോന്നും. ഒത്ത ശരീരവും വടിവുമുള്ള അവൻ തിമിർത്തുകളിക്കുന്നത് കാണുമ്പോൾ
ആശാന്റെ കണ്ണു നിറയും.. ഇളം പ്രായത്തിൽ തന്റെ കാലിൽ വീണവൻ..ആർക്കും
പഠിപ്പിച്ചുകൊടുക്കാത്ത പാട്ടും ചുവടും തന്നിൽ നിന്ന്
പഠിച്ചവൻ..അരയൊപ്പം മുടിയുമായി അവൻ നിന്നാൽ തന്നെ വിളക്കുപന്തലിന്
അരങ്ങാണ്.

                               സംഗതി വിജയൻ നല്ല കളിക്കാരനാണെങ്കിലും
മകളെ കല്യാണം കഴിച്ച് ഏൽപ്പിക്കാനുള്ള മനസ്സ് അപ്പുണ്ണിയാശാന്
തോന്നിയിരുന്നില്ല. ഒന്നാമതിപ്പോൾ വിളക്കിന് പഴയ ഉഷാറില്ല.
കാണിപ്പാട്ടിനോ ഭജനക്കോ പോലും വിളികുറവായി, വിജയനാകട്ടെ വിളക്കാണ് ആകെ
അറിയാവുന്ന തൊഴിൽ വിളക്കുമാത്രമാണ്.  അരമുട്ടി ജ‍ടപിടിച്ചുകിടക്കുന്ന
മുടിയുമായി നിത്യക്കോമരമായി നടക്കുന്നവൻ. വല്ലപ്പോഴും കാവുകളിൽ
താലപ്പൊലിക്കും വേലക്കും കോമരം കെട്ടിയും ഭജനക്കു നടന്നും കിട്ടുന്ന
ചില്ലറ കൊണ്ട് ഒരു മണ്ഡലം കഴിഞ്ഞാൽ അടുത്ത മണ്ഡലം വരെ നടക്കുന്നവൻ.
അതുവരെ അവൻ മാത്രമുള്ള കൂരയിൽ ഒതുങ്ങിക്കഴിയും

                        വിജയന്റെ അച്ഛൻ ചെത്തുകാരനായിരുന്നു.  വിജയന്
വയസ്സ് എട്ടോ പത്തോ  ഉള്ളപ്പോഴായിരിക്കണം വേലു പനയിൽ നിന്ന്
വീണുമരിക്കുന്നത്. ചെത്തുകാർ തമ്മിലുള്ള തർക്കത്തിൽ ആരോ തളപ്പിന്റെ
ഇഴയറുത്തുവച്ചതാണെന്നും ശ്രുതിയുണ്ടായിരുന്നു. പന കയറി നടുവിലെത്തി
മുകളിലേക്കുള്ള ആയക്കുതിപ്പിൽ കൈത്തളപ്പ് അറ്റ് പിറകിലേക്ക് മലച്ച്
താഴേക്ക് വീണ് വേലുവിനെ കാണാൻ പോകാൻ തോന്നിയില്ല.  പിന്നെ ഒരുപാടുകാലം
ഉറക്കത്തിൽ പനച്ചുവട്ടിൽ ഗുരുതിയുരുളി തട്ടിമറിഞ്ഞ പോലെ കിടന്നു കണ്ട
വേതാളരൂപത്തിന് വേലുവിന്റെ മുഖമുണ്ടായിരുന്നു.
                       വേലു പോയതിൽ പിന്നെ ലക്ഷ്മിയും വിജയനും
മാത്രമായി. അടുത്ത വീടുകളിൽ പണിക്കുപോയും വല്ലപ്പോഴും എത്തിനോക്കുന്ന
ബന്ധുക്കൾ കൊടുക്കുന്ന ചില്ലറക്കാശിലും കൂര കഴിഞ്ഞുപോന്നു.  ലക്ഷ്മിയുടെ
കൂടെ വിജയനും വീട്ടിൽ വരും. ഭാര്യ ഉള്ള കഞ്ഞി പകുത്ത് അവർക്കും
കൊടുക്കും. സീതക്കും വിജയനെ വലിയ കാര്യമായിരുന്നു.

അച്ഛന്റെ തണലില്ലാത്ത കുട്ട്യാ...കണ്ണുപോയാലേ കണ്ണിന്റെ കാഴ്ച അറിയൂ..
അംബികേം അവനും തമ്മിൽ രണ്ടോ മൂന്നോ വയസ്സല്ലേ മാറ്റള്ളൂ..പാവം കുട്ടി..
ലക്ഷ്മിയുടെ കണ്ണുനിറയും .

          ഉള്ളതിൽ നിന്നാ നാഴി അരിയോ ഒരു തേങ്ങയോ ഒക്കെ സീത ലക്ഷ്മിക്ക്
കൊടുക്കും..അങ്ങിനെ കട്ടയിൽ കിടന്ന് കതിരുവന്നതാണവൻ.
അന്നൊക്കെ വിളക്കുകാലമായാൽ ആശാന്റെ വീട്ടിൽ ശിഷ്യന്മാരുടെ തിരക്കാണ്.
ഉടുക്കുകൊട്ടും പാട്ടും പഠിക്കുന്നവർ ഒരിടത്ത്. ചുവടുപഠിക്കുന്നവർ
മുറ്റത്ത്. രാത്രി വൈകിട്ടും കൊട്ടും പാട്ടും കേട്ടാൽ നാട്ടുകാർ
ഉറക്കും.

അത് അപ്പുണ്ണിയാശാന്റെ അവിടന്നാണ്. കാലം മണ്ഡലായിലേ..വിളക്കിന്റെ തിരിക്കാവും.

                      പഠിച്ചു കഴിഞ്ഞവരുടെ അരങ്ങേറ്റമായിരിക്കും
അടുത്തുവരുന്ന വിളക്കുകളിൽ. പല പന്തൽ കയറിക്കളിച്ചാണ് നല്ലൊരു
വിളക്കുകാരൻ പിറക്കുന്നത്. ചിലർ അരങ്ങേറ്റത്തോടെ മോഹം വിടും. കൊട്ടും
പാട്ടും പഠിപ്പിക്കുന്നതു കാണാൻ രാവേറെ ആശാന്റെ വീട്ടിൽ വിജയനുണ്ടാകും.
അക്കാലത്തെന്നോ ആണ്  ലക്ഷ്മി അതിരാവിലെ ഒരു കെട്ടു വെറ്റിലേം അടക്കേം
കറപിടിച്ച ഒറ്റരൂപാ തുട്ടമായി ആശാന്റെ അരികിലെത്തുന്നത്..

ഇക്കൊല്ലം ഇവന്റെ പത്തുകഴിഞ്ഞു കമ്മളാശാനേ..ഇവനാണെങ്കി വിളക്കിന്
പഠിക്കണമെന്ന് പൂതി തുടങ്ങീർക്ക്ണൂ..ഇവിടെ വന്നു കേട്ടുപഠിച്ച
പാട്ടൊക്കെ ഇവൻ പാടിത്തരാറുണ്ട്..ഇവനെക്കൂടി അങ്ങ്ട് കൂട്ടണം .വല്ലതും
ഒരു പിഴപ്പായലോ..ഇവന്റെ അച്ഛന്റെ സ്ഥാനാണ് കമ്മൾക്ക്...ന്റെ
ആളുണ്ടായിരുന്നൂങ്കി...

ലക്ഷ്മിയുടെ കണ്ണുകളിൽ ഇഴപൊട്ടിയ ഒരു തളപ്പ് പൊട്ടിയടർന്നു..

അങ്ങനെ വെറ്റില വാങ്ങികയ്യേറ്റത്താണവനെ..പഠിപ്പുനിർത്തിയതോടെ പിന്നെ
വിജയൻ ആശാനൊപ്പം തന്നെയായി. പുളിമുട്ടിയിൽ കൊട്ടി ഉടുക്കിന് ഉറച്ചു.
മറ്റു കളിക്കാർക്കൊപ്പം കൂടി ചുവടുറച്ചു..അന്നേ തിരിച്ചറിഞ്ഞിരുന്നു
അവന്റെ ചങ്കുറപ്പ്..മറ്റു കളിക്കാരുടേതുപോലെയല്ല അവന്റെ
ചുവടുകൾ..പാടുമ്പോൾ കാട്ടുമുളകൾ അവന്റെ ഉടുക്കിലും ചുണ്ടിലും
കാറ്റുപിടിച്ചു..ഉറച്ച ചുവടുകളിൽ താളം കണിശമായി. അവൻ ചുവട് വയ്ക്കുമ്പോൾ
മുറ്റത്തെ തുളസിയിൽ കാറ്റുപിടിച്ച് രുദ്രകാളി സാന്നിധ്യമറിയിക്കും

ഒരിക്കൽ വെട്ടും തടവും കഴിഞ്ഞ് എല്ലാരും മടങ്ങി വിജയൻ മാത്രം നിഴൽ പോലെ
ബാക്കിയായപ്പോളാണ് ചോദിച്ചത്..

പഠിക്കാൻ പോണ്ട കാലത്ത് നീ വിളക്ക് പഠിക്കാൻ വരാൻ കാരണം?

ചെണ്ടയുടെ മേളപ്പെരുക്കത്തിൽ കൂക്കുന്ന കോമരം പോലെ ഉത്തരം വന്നു

ഒരാളെ കൊല്ലാൻ..

വിളക്കുപഠിച്ച് ആരെക്കൊല്ലാൻ? എന്താ കുട്ടീ നീയി പറേണേ?

അതെ കൈത്തളപ്പിന്റെ നാരു മുറിച്ച് അച്ഛനെ കൊന്നവനെ..

          അവന്റെ ചങ്കിൽ നിന്ന് കാട്ടുമുള കീറുന്ന ഒച്ച പൊന്തി. അടുത്ത
തൊടിയിലെ ഇരുട്ടിലേക്ക് ഒരു പറമെരുകിനെപ്പോലെ അവൻ പാഞ്ഞുപോയി.
              വാളുകൊണ്ടു പയറ്റുമ്പോൾ അവന്റെ കണ്ണുകൾ ആരെയോ തിരയുന്ന
പോലെ തോന്നിത്തുടങ്ങിയപ്പോൾ പിന്നീടൊരവസരത്തിൽ അവനെ ചേർത്തുപിടിച്ച്
പറയേണ്ടി വന്നു,
        കുട്ടീ നമ്മൾ കയ്യാളുന്നത് ഭദ്രകാളിയുടെ ഉടവാളാണ്..അയ്യന്റെ
ചുരികയാണ്.ആരെയും കൊല്ലാനോ പകപോക്കാനോ നമുക്കാവില്ല..നമ്മെ ബാധിക്കുന്ന
കലിക്ക് കഴിയുന്നത് എല്ലാരേം സ്നേഹിക്കാനും കാത്തുരക്ഷിക്കാനും മാത്രം
               ആദ്യമാദ്യം വിളക്കുകളിൽ സാധനങ്ങൾ എടുത്തുകൊടുക്കാനും
അമ്പലം പണിക്ക് വാഴപ്പിണ്ടി എടുക്കാനും ഇലവെട്ടാനും ഒപ്പം. ഒാരോ വിളക്കു
കഴിയുമ്പോഴും അറിഞ്ഞുതന്നെ അവനെന്തെങ്കിലും ഇത്തിരി അധികം
കൊടുക്കുമായിരുന്നു.

ചെക്കന്റെ അരികൊണ്ട് ഒരീസെങ്കിലും കഞ്ഞി കുടിച്ചു കമ്മളേ...കമ്മളായിട്ട്
അവനെ ഒരു പണി പഠിപ്പിച്ചു..അവനെ അതോണ്ട് പിഴപ്പിച്ചോളും അയ്യപ്പൻ..

ലക്ഷ്മിയുടെ ശബ്ദമപ്പോൾ വല്ലാതെ ഇടറിയിരുന്നു. പിന്നീടൊരു ദിവസം
ഞാങ്ങാട്ടിരി വിളക്കിന് അമ്പലപ്പണിയിലിരിക്കുമ്പോളാണ് നാട്ടിൽ നിന്നും
ആളുവന്നത്. ലക്ഷ്മി കുഴഞ്ഞു വീണെന്നും വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും
പറഞ്ഞു വന്നയാളുടെ മുഖലക്ഷണത്തിൽ നിന്നും ഒരു വിളക്കുകെട്ടു.
കുരുത്തോലകൊണ്ട് പൂക്കളുണ്ടാക്കുകയായിരുന്ന വിജയനെ അമ്മക്കിത്തിരി
യെന്തോ അസുഖമുണ്ടെന്നു പറഞ്ഞ് നാട്ടിലേക്ക് മടക്കി.

                  പിന്നെ വീട്ടിലെത്തുമ്പോൾ വേലുവിന്റെ തൊടിയിലേ
തെക്കക്കൂനയിലെക്ക് ഒന്നേ നോക്കിയുള്ളു..അന്ന് കരഞ്ഞുകൊണ്ട് തന്നെ
ചുറ്റിപ്പിടിച്ച് കാൽക്കൽ വീണ വിജയനെ പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ
ഉള്ളിൽ വല്ലാത്തൊരാന്തലായിരുന്നു..

അച്ഛനും അമ്മയും പോയി ..ഇനി ആശാനെ ഉള്ളൂ..എനിക്ക്,,

അവന്റെ ശബ്ദം വെളിപാടുപറയുന്ന കോമരത്തിന്റെ പോലെ മുറിഞ്ഞു
മുറിഞ്ഞായിരുന്നു. പിന്നെ അവന്റെ പകലും രാത്രിയും ആശാന്റെ ഒപ്പമായി.
വേങ്ങരക്കാവിലാണെന്നു തോന്നുന്നു അവനെ പാലക്കൊമ്പിന് അയ്യപ്പനായി
അരങ്ങുകുറിപ്പിച്ചത്. അന്നേ കൂട്ടുകളിക്കാർ ചെവിയിൽ പറഞ്ഞു. ഒത്ത
ചെക്കൻ..ആശാൻ അറിഞ്ഞുകൂട്ടീതാ വിജയനെ..പെണ്ണും വളർന്നു വരികയല്ലേ,,
പാത്തും പതുങ്ങിയും ആ ചൊല്ല് ആശാന്റെ ചെവിയിലും പലവുരു എത്തിയെങ്കിലും
കേട്ടതായി ഭാവിച്ചില്ല..തന്റെ ജീവിതമോ വിളക്കിന്റെ പിന്നാലെ അറ്റം
കൂട്ടിമുട്ടാതെയായി. അംബികയിപ്പോൾ കോളേജിൽ പഠിക്കുകയാണ്. പഠിപ്പിലും
മോശമല്ല. എത്ര കടം പറഞ്ഞാലും അവളുടെ ഒന്നും മുടക്കിയിട്ടില്ല
ഇതുവരെ..അവൾക്കൊരു ജോലികിട്ടി ഏതെങ്കിലും നല്ലൊരു ജോലിക്കാരനെ
ഏല്പ്പിക്കണമെന്ന് ആശയേറെയുണ്ട്..അപ്പോഴാണ് കന്നംതിരിവില്ലാത്തവരുടെ
പോക്കണംപറച്ചിൽ..

                               ഉലച്ചത് സീതക്കുവന്ന പക്ഷാഘാതമാണ്. ഒരു
വിളക്കൊരുക്കത്തിനിടെ കുഴഞ്ഞുവീണ അവളെ താങ്ങിയെടുത്ത് വണ്ടി വരുന്ന വഴി
വരെ കൊണ്ടുവരുമ്പോൾ തനിക്ക് പിറക്കാതെ പോയെ മകനെ വിജയനിൽ കണ്ടു. ആഴ്ചകൾ
കഴിഞ്ഞ് ഒരു വശം കുഴഞ്ഞ് അവളെക്കൊണ്ടുവരും വരെ കൂട്ടിരുന്നതും വിജയനും
അംബികയുമാണ്.

                          ഏറ്റവിളക്ക് മുടക്കാൻ പാടില്ലാത്തതിനാൽ ആ
നോവും ഉള്ളിൽ പേറി അന്നത്തെ വിളക്കുകളിൽ തിരി ഉഴിഞ്ഞു..കനൽച്ചാടുമ്പോൾ
കാൽച്ചുവട്ടിലേക്കാളും ചൂടിൽ ഉള്ള് വെന്തുരുകി. വാവരോടൊപ്പമുള്ള കളിക്ക്
അന്നത്തെ വിളക്കിന് വീറ് പോരായിരുന്നു.
                                കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും
വിജയന് അംബികയെ കെട്ടിച്ചുകൊടുക്കാൻ കഴിയില്ല .ഒന്നാമത് വേറെ ജാതി.
ജോലീം കൂലീം നിത്യവരുമാനോം ഇല്ലാത്തൊരുത്തന് പെണ്ണിനെക്കൊടുത്ത് പിന്നെ
അതിന്റെ കണ്ണീരും കയ്യും കാണാൻ വയ്യ. നല്ല രണ്ടൂമുന്നാലോചനകളായി പെണ്ണിനു
വരുന്നു..ഒന്നും അവൾക്കു പിടിക്കുന്നില്ല.  പിന്നെ അവളേം വിജയനേം ചേർത്ത്
ചില സംസാരങ്ങൾ അയൽപക്കത്തുണ്ടെന്ന് മൂന്നാമൻ കുഞ്ഞിരാമൻ പറഞ്ഞപ്പോൾ
ഉടലാകെ പൊന്തിയതാണ് കലി.

നാട്ടുകാരെക്കൊണ്ട് അതുമിതും പറയിപ്പിക്കണ്ടാ..കാര്യറയാലൊ നിനക്ക്,
അംബിക ഒന്നിനുമാത്രം പോന്ന ഒരു പെണ്ണാണിപ്പോൾ..ജാതീം കൊണ്ടും ചേരില്ല.
ഞാൻ ഒന്നൂണ്ടായിട്ട് പറയല്ല...ഞ്ഞി പഴേ പോലെ അങ്ങോട്ടുള്ള വരവും പോക്കും
ഒന്ന് നിയന്ത്രിച്ചളാ..വിളക്ക് വരുമ്പം ഞാൻ പറയാം അന്നോട്.

ഞാങ്ങാട്ടിരിയിലെ കാണികഴിഞ്ഞ് ഇരുട്ടത്ത് മടങ്ങുമ്പോൾ അപ്പുണ്ണിയാശാൻ
വിജയനോട് പറഞ്ഞിട്ടുമുണ്ട്. ഇരുട്ടിലേ അവനോടത് പറയാൻ പറ്റൂ..അവന്റെ
മുഖത്തേക്ക് നോക്കി വീട്ടിലേക്ക് വരരുത് എന്നെങ്ങിനെ പറയാൻ..അതും
കാലമിന്നോളം തന്നെ കൈവിടാതെ ഒപ്പം നിൽക്കുന്നവൻ, താൻ തന്നെ വെള്ളവും
വളവും കൊടുത്ത് പൊന്തിച്ച ചെന്തെങ്ങ്..പിന്നീട് വല്ലപ്പോഴുമേ അവൻ
വീട്ടിലേക്ക് വരാറുള്ളൂ. അതു പറഞ്ഞ് പിറ്റേന്ന് രാവിലെ വേട്ടേക്കരൻ
കാവിലെ ആലിൻചുവട്ടിൽ കുളിച്ചുതൊഴുതു നിൽക്കുന്ന അവന്റെ നെറ്റിയിൽ ഇന്നലെ
വെട്ടിയൊഴുകിയ ചോരതിണർത്തു കിടക്കുന്നു..കാണികഴിഞ്ഞ് മടങ്ങുമ്പോൾ ഈ
മുറിവില്ലായിരുന്നല്ലോ..അപ്പോൾ രാത്രി..വെള്ളിപൊട്ടിയപ്പോൾ കേട്ട
ചിലമ്പിന്റെ കിലുക്കം നെഞ്ചിൽ പൊന്തി.

വിജയാ നീ
ഒന്നും പറയാതെ ആശാന്റെ കാലിൽ തൊട്ടു നമസ്കരിച്ച് അവനെഴുന്നേറ്റ്
പോയപ്പോൾ വേട്ടേക്കരന്റെ ആലിൽ നിന്ന് ഏതോ പക്ഷി കരഞ്ഞിരുന്നു.

           അവന്റെ കുടിലിൽ നിന്ന് ഉടുക്കിന്റെ മുറുക്കം കേൾക്കുന്നു.
എല്ലാരും പോണുമ്മാ പൂമരം കാണാന്
ഞമ്മക്കും പോകുമ്മാ പൂമരം കാണാന്

ആ നേരം വായിച്ചുകൊണ്ടിരിക്കുന്ന അംബിക എഴുന്നേറ്റു ജനൽപ്പടിയിൽ
നിൽക്കുന്നത് കണ്ട് ആശാൻ ഉറപ്പിച്ചു. പെണ്ണിനെ പറഞ്ഞു മനസ്സിലാക്കണം.സീത
കിടന്നതിൽ പിന്നെ അവൾക്ക് താൻ അമ്മകൂടിയാണ്.
         ദേശവിളക്കിന്റെ കുറ്റിയടിക്ക് പോകുമ്പോൾ അവനോട് പിന്നെയും പറഞ്ഞു.

വിജയാ..നിങ്ങൾ രണ്ടും എന്റെ കുട്ടികളാണ്..അവളെക്കൂടി നീ പറഞ്ഞു
മനസ്സിലാക്കണം..അവൾ പഠിക്കുന്ന കുട്ടിയാണ്..അവളുടെ മനസ്സ്
കലക്കരുത്.എനിക്കാകപ്പാടെ ഒന്നേള്ളൂ...അന്റെ കല്യാണം നല്ലൊരു
കുട്ടിയുമായി ആശാൻ നടത്തിത്തരും..

ഇല്ല..ആശാന് തന്ന വാക്കിനപ്പുറം വിജയന് മറുവാക്കില്ല..ജീവനുള്ളിടത്തോളം..

അവന്റെ വാക്ക് ഉറച്ചതായിരുന്നു.

പന്തലിടാനും, അമ്പലപ്പണി തുടങ്ങാനും അവൻ തന്നെ മുന്നിൽ. അവനുണ്ടങ്കിൽ
അമ്പലം പൊന്നമ്പലം തന്നെ..പതിനെട്ടുപടികൾക്ക് മുന്നിൽ നിന്നാൽ അയ്യനെ
മുന്നിൽ കണ്ടപോലെ. കുരുത്തോല കൊണ്ടുള്ള കൈപ്പണിക്ക് അവനെ വെല്ലാൻ
തനിക്കുപോലുമാകില്ല..പഠിച്ചതിനപ്പുറം മനസ്സുകൊണ്ട് പായുന്നവൻ..ഉടുക്കിൽ
അവൻ കൊട്ടുന്ന താളം വേറെ
അറിയാം പൊലിപ്പാട്ടിൽ. അവൻ പാട്ടിനിരുന്നാൽ പാട്ടിന് പൊലി കൂടും.
                   പാലക്കൊമ്പിന് പുറപ്പെടാറായി. ദേശത്തെ തന്നെ
വിളക്കായതിനാൽ നാട്ടുകാരുടെ മുന്നിലാണ് ആട്ടം. ദേശത്തെ
പെണ്ണുങ്ങൾക്കൊപ്പം താലം പിടിച്ച് അംബികയുമുണ്ട്. പന്തലിൽ കയറിയാൽ
പിന്നെ ബന്ധങ്ങളില്ല. ഒാരോ വിളക്കും ഒാരോ സന്യാസമാണ് കളിക്കാർക്ക്.
കാരണവൻമാർക്കും, ഗുരുവിനും ദക്ഷിണകൊടുത്ത് പുറപ്പെട്ടുപോക്കാണ്.
കോമരം വിജയൻ തന്നെ..ചുകന്ന അരയുടുപ്പും അരമണിയും കെട്ടി,
കാൽച്ചിലമ്പിട്ട്, ഭസ്മം പൂശി അവൻ പന്തലും വിട്ട് ആകാശത്തോളം ഉയർന്നു
നിന്നു.
                                ഇളങ്കുന്നമ്പലപ്പറമ്പിലേക്ക്
പാലക്കൊമ്പെടുക്കാൻ യാത്ര. അങ്ങോട്ടു പോകുമ്പോൾ
മേളമില്ല..വിളക്കുകാർക്കുള്ളിൽ വിളക്ക് നന്നായി നടക്കാനുള്ള പ്രാർഥന
മാത്രം. പറമ്പിൽ നാട്ടിയ പാലക്കൊമ്പിന് പൂജ ചെയ്ത് കോമരം ഗുരുതിയുരുളി
കമിഴ്ത്തിക്കഴിഞ്ഞാൽ പിന്നെ ചെണ്ടകൾ താളത്തിലേക്ക്. പാലക്കൊമ്പിനെ വലം
വച്ച് കോമരങ്ങളും അയ്യപ്പനും. കൊട്ടിന്റെ താളത്തിനൊപ്പം മാറിയും
മറിഞ്ഞും ചുവടുകൾ. ഒാരോ കോമരവും വെളിപ്പെട്ടാടും. രണ്ടുകയ്യിലും
ഉടവാളുമായി മെയ്‌വഴങ്ങി തുള്ളും..വിജയന്റെ ദൃഷ്ടികൾ ആകാശത്തിന്റെ
അപ്പുറത്തെവിടെയോ ആണ്. പയറ്റുമ്പോൾ പാലക്കൊമ്പിന്റെ ഇലകൾ ഒപ്പം തുള്ളി.
ഇടയ്ക്ക് നെറ്റിയിലേക്ക് വാളുനീണ്ടുമടങ്ങിയപ്പോൾ ചുവന്നിറങ്ങിയ
നൂലുകൾ..ചിതറിപ്പോയ മുടിയിഴകളെ മാടിയൊതുക്കുമ്പോൾ കലികൊണ്ട ഭദ്രകാളി
ദാരികനെ തിരഞ്ഞു.
                            തിരിച്ച് പന്തലിലെത്തുമ്പോൾ ജനം മുഴുവൻ
പന്തലിന്റെ ചുറ്റുമുണ്ട്. പന്തൽ വലം വച്ചാണിനി അടവും ചുവടും.
ചെണ്ടക്കാരുടെ വീറിൽ ദിക്കുകൾ പന്തലിലെത്തി. മൂവന്തി പിന്നിട്ട് ഇരുട്ട്
അതിന്റെ അമ്പലം പണി തുടങ്ങിക്കഴിഞ്ഞു. പന്തലിൽ ഒാരോ കോമരങ്ങളായി
പയറ്റിത്തുടങ്ങി. പന്തലിൽ പോരുകോഴിയെപ്പോലെ പാഞ്ഞുനടക്കുന്ന വിജയൻ.
കലിയിൽ നിലംതൊടാത്ത കാലുകൾ. അലറുന്ന ചെണ്ടകൾക്കു മുന്നിലേക്ക് വിജയൻ
കലിക്കൂക്കുമായി എത്തി വാൾപ്പയറ്റ് തുടങ്ങി. ചെണ്ടകൾ  താളം മുറുകി മുറുകി
പതിഞ്ഞു നിന്നു താളം മാറ്റി. വിജയന്‍ പന്തൽ ഒാടി വലം വച്ച് അമ്പലത്തിന്
മുന്നിലെത്തി. തടുക്കാനെത്തും മുമ്പെ നെറ്റിയിൽ പലവരു വാൾ
ആഴ്ന്നിറങ്ങി..വിജയന്റെ നെറ്റിയിൽ നിന്നും ചോരയുടെ ഒരു കാട്ടരുവി.
അതൊന്നുമറിയാതെ പിന്നെയും പിന്നെയും നെറ്റിയിലേക്കാഴുന്ന ഉടവാൾ..

            കലിപിടിച്ചൊതുക്കാൻ ആശാൻ രണ്ടടി വച്ചതേയുള്ളൂ..  താലം
വലിച്ചെറിഞ്ഞ് അംബിക കോമരത്തിനടുത്തേക്ക്  നിലവിളിച്ച് ഒാടി.

വിജയേട്ടാ...
‌‌
ഉടവാളിൽ പിടിച്ച അംബികയുടെ കൈപ്പത്തികളിലൂടെ ചോര വാർന്നിറങ്ങി. ഏതോ
ലോകത്തുനിന്നും ലിപിപ്പെട്ടുവരുന്ന വാക്കുകളിലൂടെ കോമരം ഒന്നുമറിയാതെ
വിറവിറച്ചു..
                                   പെണ്ണിനെക്കൊണ്ട് ഇന്നലെ
ഗുരുതികലക്കി സത്യം ചെയ്യിച്ചതാണ്. എല്ലാം മനസ്സിൽ നിന്നും
മായച്ചുകളയാൻ..ദേശ വിളക്കാണ്. ചതിച്ചല്ലോ ഭഗവതീ. അപ്പുണ്ണിയാശാൻ ഒരു
നിമിഷം പതറി. നാട്ടുകാർ പകച്ചു നിൽക്കുകയാണ്..ചെണ്ടക്കാരുടെ താളം
നിലച്ചു.

    വിജയന്റെ ഉടലപ്പോഴും വിറച്ചുകൊണ്ടിരുന്നു. അവന്റെ കാലിൽ
കെട്ടിപ്പിടിച്ച് പന്തലിലിരിക്കുന്ന അംബികയുടെ നെറുകയിലേക്ക്
ഇറ്റുവീഴുന്ന ചോരത്തുള്ളികൾ..
           ആശാൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. എന്തോ അരുളപ്പാടുണ്ടായ
പോലെ  വിജയനേയും അംബികയേയും അമ്പലത്തിന്റെ മുന്നിലേക്ക് നിർത്തി.
താലത്തിൽ നിന്നും ഭസ്മമെടുത്ത് രണ്ടു പേരുടെയും നെറ്റിയിലണിയിച്ചു.
രണ്ടുപേരുടെയും കൈകൾ ചേർത്തുപിടിപ്പിച്ചു. ഒരു നിമിഷം അമ്പലത്തിലേക്ക്
കണ്ണടച്ചു നിന്നു. പിന്നെ കൊട്ടുകാരോട് അലറി..

കൊട്ടടാ താളം..വിളക്ക് കുട്ടിക്കളിയല്ല. വിളക്ക് മുടങ്ങിയാൽ
ദേശമില്ല..അയ്യന്റെം ഭഗോതിയും ദേശം മുടിക്കും.

ആളുകൾ അമ്പരന്നു നിൽക്കേ ചെണ്ടകൾ മുറുകിത്തുടങ്ങി..ചേർന്നു നിന്ന അംബികയെ
തള്ളിയകറ്റി വിജയൻ അട്ടഹസിച്ചുകൊണ്ട് ചെണ്ടക്കാർക്കുമുമ്പിൽ പറന്നെത്തി.
            പന്തലിൽ നാട്ടിയ പാലക്കൊമ്പിന് വേരുമുളച്ചു..പതിയെ തളിരിലകൾ
വന്നു. തുഞ്ചത്ത് പൂക്കൾ വിരിഞ്ഞു. ആ മണം ആവോളം ഉള്ളിലേക്കെടുത്ത്
അപ്പുണ്ണിയാശാൻ  പൂമരം ചാരിയിരുന്നു.