നാട്ടുകൽ അമ്പത്തിമൂന്നാം മൈലിൽ രാത്രി പത്തുമണിക്ക് ബസ്
കാത്തുനിൽക്കുമ്പോൾ നാട്ടുകാരനായ ഒരു സുഹൃത്ത് എങ്ങോട്ടാണ് രാത്രി
യാത്രയെന്ന് കുശലം ചോദിച്ചു. കണ്ണൂർക്കാണ് തെയ്യം കാണാനാണ്
മണ്ണാർക്കാട്ടുനിന്ന് ഒരു കൂട്ടം മാഷന്മാർ വരുന്നതും കാത്തു നിൽക്കുകയാ
ണെന്ന് പറഞ്ഞപ്പോൾ അവന് വലിയ അത്ഭുതം. പിന്നെ അവന് യു ട്യൂബിൽ തെയ്യം
കാണിച്ചുകൊടുത്തു നിൽക്കുമ്പോൾ മഹാറാണി നാണിച്ചു വരുന്നു. വാതിൽ തുറന്ന്
കാത്തുനിൽക്കുകയാണ് വിദ്യാരംഗം മണ്ണാർക്കാട് കോർഡിനേറ്റർ ഹരിദാസൻ മാഷും
പാലക്കാട് ജില്ലാ കോർഡിനേറ്റർ കേശവൻ മാഷും. ബസിനുള്ളിലെ അരണ്ട
വെളിച്ചത്തിൽ എല്ലാവരെയും കണ്ടപ്പോൾ സന്തോഷമായി. എല്ലാവർക്കും ആവേശം
പകർന്ന പ്രിയപ്പെട്ട എഇഒ അനിൽകുമാർ മാഷും ഒപ്പമുണ്ടെന്നത് സന്തോഷത്തെ
ഇരട്ടിയാക്കി. പിറകിലെ സീറ്റിൽ ഇരിപ്പിടം ഉറപ്പിച്ചപ്പോഴേക്കും കേശവൻ
മാഷ് മൈക്ക് കയ്യിലെടുത്ത് യാത്രയുടെ ഘട്ടങ്ങൾ പറഞ്ഞുതുടങ്ങി. പിന്നെ ബസ്
മുന്നോട്ടുപോകുമ്പോൾ പിറകിലേക്കോടുന്ന വിളക്കുകാലുകളെയും നോക്കി യിരുന്ന്
എപ്പോളോ ഉറങ്ങിപ്പോയി.
പിന്നെ ഉറക്കമുണരുമ്പോൾ കോഴിക്കോടും മാഹിയും
കടന്ന് മഹാറാണി കണ്ണൂർ കീച്ചേരിയിലേക്ക്. അവിടെത്തെ ചിറകുറ്റി പുതിയ
ഭഗവതി ക്ഷേത്രമാണ് ലക്ഷ്യസ്ഥാനം. ബസ് റോഡിനരുകിൽ നിർത്തി സംഘാംഗങ്ങൾ
ക്ഷേത്രത്തിലേക്കുള്ള ഇടവഴിയിലൂടെ നടന്നു തുടങ്ങി. സമയം രാത്രി രണ്ടര.
തെയ്യം നടക്കുന്ന യാതൊരു ലക്ഷണവുമില്ലാതെ ഉറങ്ങിക്കിടക്കുന്ന ക്ഷേത്രം.
നമുക്ക് നേരം വൈകിയോ. അതോ സ്ഥലം മാറിപ്പോയോ എന്നൊക്കെ പരസ്പരം
പറയുന്നതിനിടെ ക്ഷേത്ര പറമ്പിന്റെ ഒരു മൂലയിൽ വെളിച്ചത്തിന്റെ ഒരു തിരി.
അവിടെ ശ്രദ്ധാപൂർവം തെയ്യത്തിന്റെ മേലാപ്പിന് ചായം കൊടുക്കുന്ന
ഒരാൾ..തൊട്ടടുത്തെ ചെറിയ മുറിയിൽ തെയ്യം കെട്ടുന്ന കോലധാരിക്ക്
മുഖത്തെഴുത്ത് നടത്തുന്ന മറ്റൊരു കലാകാരൻ..അവരോട് ചോദിച്ചപ്പോൾ തെയ്യം
തുടങ്ങാൻ പുലർച്ചെ നാലുമണിയാകുമെന്നും അപ്പോഴേക്കെ നാട്ടുകാർ
എത്തിത്തുടങ്ങൂ എന്നും മനസ്സിലായി. പാലക്കാട്ടുനിന്നും തെയ്യം കാണാൻ
എത്തിയവരാണെന്നും അധ്യാപകർ ആണെന്നും പറഞ്ഞപ്പോൾ അവർക്ക് താൽപര്യം കൂടി.
തെയ്യത്തിന്റെ പ്രത്യേകതകളും തോറ്റം പാട്ടും ഐതിഹ്യവുമെല്ലാം
താൽപര്യത്തോടെ പറഞ്ഞു തന്നു. ക്ഷേത്ര പറമ്പിൽ പലയിടത്തായി
കിടന്നുറങ്ങുന്ന കലാകാരന്മാർ. ആശാൻ എന്ന് തോന്നിച്ച പ്രായം ചെന്ന കലാകാരൻ
ഒാരോരുത്തരെയും വിളിച്ചുണർത്തി ഉടയാടകൾ ധരിപ്പിക്കുന്നു. മുഖത്തെഴുത്തു
നടത്തുന്നു. അതുവരെ ഉറങ്ങിക്കിടന്ന പച്ചമനുഷ്യർ ദൈവങ്ങളാകാൻ ഒരുങ്ങുന്നു.
നേരം നാല് കഴിഞ്ഞപ്പോൾ നേരത്തെ കണ്ട തെയ്യം കലാകാരന്മാരിൽ
ഒരാള്‍ ഒറ്റച്ചെണ്ടയുമായി തോറ്റം പാട്ട് തുടങ്ങി. വരികൾ പലതും
മനസ്സിലായില്ലെങ്കിലും അഭൗമമായ ഏതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന
താളം..
പെട്ടെന്ന് ചിലമ്പിന്റെ താളം കേട്ടു, വേഷമിട്ട തെയ്യം കലാകാരൻ
ക്ഷേത്രത്തിന്റെ മുന്നിലേക്ക് വന്നു. അവിടെ ഇട്ടുകൊടുത്ത ഇരിപ്പിടത്തിൽ
ഇരുന്നു. മറ്റു കലാകാരൻമാർ ചേർന്ന് ദേഹത്ത് ചുവന്ന നിറത്തിലുള്ള കുഴമ്പ്
തേച്ചു പിടിപ്പിക്കുന്നു. അതിനുമുകളിൽ മലർ ഒട്ടിച്ചു വക്കുന്നു. ചുവപ്പു
നിറത്തിലുള്ള മുഖത്തെഴുത്തിലും മാറിടത്തും മലരിന്റെ വെളുത്ത പുള്ളികൾ
..കോലം കെട്ടിയുറപ്പിക്കൽ കഴിഞ്ഞിപ്പോൾ ഒരു കണ്ണാടി കോലധാരിക്ക് നേരെ
നീണ്ടു. കോലധാരി അതിൽ സ്വന്തം പ്രതിബിംബം നോക്കി.പിന്നെ
മറ്റൊരുലോകത്തേക്ക് ആനയിക്കപ്പെട്ടപോലെ ക്ഷേത്രത്തിന്റെ മുന്നിലേക്ക്
ദ്രുത ചലനങ്ങളോടെ നടന്നു. അപ്പോഴേക്കും തോറ്റം പാട്ട് അതിന്റെ
ഉച്ചസ്ഥായിലിയെത്തുകയും അകമ്പടിയായി ചെണ്ടകൾ താളം കൊട്ടാനും
തുടങ്ങിയതോടെ തെയ്യക്കാവ് ഉണർന്നു. നാട്ടുകാർ ക്ഷേത്രത്തിലേക്ക്
എത്തിത്തുടങ്ങി.
ക്ഷേത്രത്തിൽ നിന്ന് കോമരം ഇറങ്ങി
വന്ന് ഉടവാൾ തെയ്യം കോലധാരിക്ക് നൽകി. പിന്നെ തെട്ടത്തിന്റെ
ഭാവപ്പകർച്ചകൾ..ചെണ്ടകളുടെ കാലങ്ങളും താളങ്ങളും മാറുന്നതിനനുസരിച്ച്
തെയ്യം നിറഞ്ഞാടി. കോലത്തിൽ കുത്തി നിർത്തിയ പന്തങ്ങളുടെ വെളിച്ചത്തിൽ
ഇരുളുംവെട്ടവും ചേർന്ന് സ്വപ്നത്തിലേക്കെന്നപോലെ കൂട്ടിക്കൊണ്ടു പോയി.
നാട്ടുകാരോട് ചോദിച്ച് തെയ്യം തോട്ടുങ്ങൽ ഭഗവതി ആണെന്ന് മനസ്സിലാക്കി.
കുറച്ചു കഴിയുമ്പോൾ ഒരാൾ ഒരു കോഴിയെ തെയ്യത്തിന് സമർപ്പിക്കുന്നു. പിന്നെ
അതിനെ ഇരു കൈകളും കൊണ്ട് പിടിച്ചുകൊണ്ടുള്ള ചുവടുകൾ. അതിനൊടുവിൽ
തെയ്യം ആളുകൾക്കിടയിലേക്ക് മറ്റൊരു കളത്തിലേക്ക് ഒാടുന്നു. അവിടെ
കോഴിയുടെ കഴുത്തറുത്ത് ചോര രുചിക്കുന്നു. വീണ്ടും ക്ഷേത്രത്തിന്റെ
മുന്നിലേക്ക്..പിന്നെ നാട്ടുകാരോട് തെയ്യത്തിന്റെ അനുഗ്രഹഭാഷണങ്ങൾ..
സംവത്സരത്തോട് സംവത്സരം ചേർന്ന് ഇന്ന് നമുക്ക് കണ്ടു കൂടിപ്പിരിയാൻ
ഇടവന്നിരിക്കുന്നു. എന്റെ മക്കൾക്കും കുഞ്ഞിമക്കൾക്കും ഗുണം വരുത്തും..
നാട്ടുകാരിൽ പലരും ഭക്തിപൂർവം നൽക്കുന്ന ദക്ഷിണകൾ. പ്രസാദമായി
അരിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർന്ന കുറി കൊടുക്കുന്നതോടെ ഒരു
തെയ്യത്തിന്റെ ചടങ്ങുകൾക്ക് അവസാനമായി.
പിന്നീട് അല്പസമയം കഴിഞ്ഞപ്പോളേക്കും അടുത്ത തെയ്യത്തിന്റെ വരവായി.
വീരഭദ്രകാളി തെയ്യം. വാമൊഴിയിൽ വീരാളിത്തെയ്യം. വീണ്ടും തോറ്റവും,
ചെണ്ടയും. മുഖത്തെഴുത്തിലും കോലത്തിലും, മുടിയിലും രണ്ടു തെയ്യങ്ങളും
തമ്മിൽ വേർതിരിച്ചറിയാം. ചടങ്ങുകളിൽ സൂക്ഷ്മാംശത്തിൽ വ്യത്യാസം
കണ്ടേക്കാമെങ്കിലും ആദ്യം തെയ്യം കാണുന്നവർക്ക് വ്യത്യാസങ്ങൾ
മനസ്സിലായെന്നും വരില്ല.
വീര ഭദ്രകാളിക്ക് ശേഷം പുതിയ ഭഗവതി തെയ്യമായി. ക്ഷേത്രമുറ്റത്ത്
വിറകുകത്തിച്ച് കനൽകൂട്ടിയതിലൂടെ പുതിയ ഭഗവതിതെയ്യവും പൂജാരികളും
നടന്നുപോയി. മറ്റു തെയ്യങ്ങളെക്കാള്‍ ചടങ്ങുകൾ ദീർഘമാണ് പുതിയ
ഭഗവതിക്ക്.
അപ്പോഴേക്കും നേരം ആറുമണിയായിക്കഴിഞ്ഞിരുന്നു.
തെയ്യം കാണാനെത്തിയവർക്ക് ചുക്കുകാപ്പിയുമായി ക്ഷേത്രത്തിലെ ആളുകൾ എത്തി.
തന്തക്കും തറവാട്ടിനും
മേലാക്കത്തിനും
മേൽഗൃഹത്തിനും
ഗുണം വരണം, ഗുണം വരണം
തെയ്യം അപ്പോളും നാട്ടുകാർക്ക് അരുളപ്പെടുകയാണ്.
തെയ്യം നടക്കുന്ന കീച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ പ്രധാനിയായ
അജിത് കുമാർ തെയ്യത്തിന്റെ ഐതിഹ്യവും ചടങ്ങളുകളും വിശദീകരിച്ചു തന്നു.
ഒാരോ തെയ്യത്തെക്കുറിച്ചും ആധികാരികമായ അറിവുകൾ സംഘാംഗങ്ങൾക്ക് പുതിയ
അനുഭവമായി. ശ്രീ മഹാദേവന്റെ മൂന്നാം കണ്ണിൽ നിന്നും ഉത്ഭവിച്ച ദേവതമാരാണ്
ചിറുമ്പമാർ. രണ്ട് പൊന്മക്കളെയും വാരിയെടുത്ത് ദേവൻ അവർക്ക്
വസൂരിക്കുരിപ്പ് നൽകി. ആ മക്കളെ ഇനി മേൽലോകത്ത് നിർത്താനാകില്ലെന്നതിലാൽ
പൊൻ ചിലമ്പും തേരും നൽകി കീഴ് ലോകത്തേക്ക് അയക്കുന്നു. മേൽ ലോകത്ത്
മഹാദേവന്റെ കുരിപ്പ് വർദ്ധിച്ചപ്പോൾ 40 ദിവസം ഹോമം കഴിച്ച് സമയം പുതിയ
ഭഗവതി എന്ന പൊന്മകൾ ഹോമകുണ്ഠത്തിൽ നിന്നും പൊടിച്ചുയരുന്നു. കോഴിയും
കുരുതിയും കൊടുത്ത് ദാഹം തീർക്കുന്നു. കീഴ്ലോകത്ത് ചിറുമ്പമാർ
വാരിവിതറിയ വസൂരി ഇല്ലാതാക്കാൻ പൊന്മകളെക്കൂടി ഭൂമിയിലേക്ക് അയക്കുന്നു.
അജിത് കുമാർ തെയ്യത്തിന്റെ ഐതിഹ്യകഥ പറയുമ്പോൾ
നേരം പുലരുന്നു.. കഴിഞ്ഞ മണിക്കൂറുകളിൽ മുന്നിലൂടെ ആടി മറഞ്ഞുപോയ
തെയ്യക്കോലങ്ങൾ കണ്ണിൽ അപ്പോഴും മായാതെ നിൽക്കുകയായിരുന്നു. വീണ്ടും
ബസിലേക്ക്. കണ്ണൂർ ശിക്ഷക് സദനിൽ അല്പസമയം വിശ്രമം. കോഫി ഹൗസിലെ പ്രഭാത
ഭക്ഷണം. പിന്നീട് പയ്യാമ്പലത്തേക്ക്.
സുകുമാർ അഴീക്കോട്, ഇകെ.നായനാർ തുടങ്ങി കേരളം കണ്ട മഹാമനുഷ്യർ
ഉറങ്ങിക്കിടക്കുന്ന ചരിത്ര ഭൂമിക. കടലിലേക്ക് ഇറങ്ങാതെ പയ്യാമ്പലം
ബീച്ച് ദൂരെ നിന്നും കണ്ട് വീണ്ടും അടുത്ത ബീച്ചിലേക്ക്. കേരളത്തിലെ ആദ്യ
ഡ്രൈവിങ്ങ് ബീച്ചായ മുഴുപ്പിലങ്ങാടിലേക്ക്.
കടലിനെ തൊട്ടുരുമ്മി നീങ്ങുകയാണ് ബസ്. തീരത്ത് നിർത്തിയിട്ടിരിക്കുന്ന
തോണിയിൽ സംഘാംഗങ്ങൾ എല്ലാവരും ഇരുന്ന് ഫോട്ടോ എടുത്ത്
മുഴുപ്പിലങ്ങാടിനോട് വിടപറയുമ്പോൾ നേരം പത്തര.
തീരത്തോട് തലോടുന്ന പോലെയുള്ള തിരകളാണ്
മുഴുപ്പിലങ്ങാടിന്റെ പ്രത്യേകത. ശാന്തമായ കടൽ. ഉറച്ചുകിടക്കുന്ന
മണൽപ്പരപ്പ്.
ഇനി മാഹി പാർക്കിലേക്കാണ്. മയ്യഴിയുടെ രാജകുമാരനെ നേരിൽക്കാണാൻ.
സംഘാഗങ്ങൾ മയ്യഴി പാർക്കിൽ പുഴയെ ചേർന്നു നടന്നു. ദൂരെ വെള്ളിയാങ്കല്ലിൽ
ആത്മാവുകൾ തുമ്പികളായി പറന്നു നടക്കുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങൾ
നോവലിലെ വിവിധ കഥാ സന്ദർഭങ്ങള്‍ ശില്പങ്ങളായി കൊത്തിവച്ചിരിക്കുന്നത്
മാഹി പാർക്കിനെ അക്ഷരങ്ങളോട് അത്രമേൽ ചേർത്തുപിടിക്കുന്നു.
അല്പസമയം കഴിഞ്ഞപ്പോഴേക്കും എം.മുകുന്ദൻ മാഹി പാർക്കിൽ എത്തി.
മണ്ണാർക്കാട് എഇഒ ഒ.ജി.അനിൽകുമാർ എം.മുകന്ദനെ പൊന്നാടയണിയിച്ച്
മണ്ണാർക്കാടിന്റെ ആദരം നൽകി.
തുടർന്ന് സംഘാംഗങ്ങളുമായി
അദ്ദേഹത്തിന്റെ സ്നേഹ വർത്തമാനങ്ങൾ. സമകാലീന ദേശീയ, അന്തർദേശീയ
സാഹചര്യങ്ങളെക്കുറിച്ച് സംഘാങ്ങളുടെ ചേദ്യങ്ങൾക്കെല്ലാം നിലപാടുകളോടെ
ഉത്തരങ്ങൾ. സാഹിത്യത്തിൽ വന്ന മാറ്റങ്ങൾ, പുതിയ എഴുത്തുകളുടെ സാമൂഹ്യ
പ്രതിബദ്ധത എന്നിവയെല്ലാം ചർച്ചകളിൽ നിറഞ്ഞു. പൗരത്വ ബില്ലിനെതിരായി
ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളെ ലോകം ഏറ്റെടുത്തതായി എഴുത്തുകാരൻ
എം.മുകുന്ദൻ. വിദ്യാരംഗം കലാസാഹിത്യവേദി അധ്യാപകർക്കായി നടത്തിയ സാഹിത്യ
സാംസ്കാരിക യാത്രാംഗങ്ങളുമായി മയ്യഴി പാർക്കിൽ വച്ചു നടന്ന മുഖാമുഖത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഎൻയുവിനെയും കേന്ദ്രസാഹിത്യ
അക്കാദമിയെയും തകർക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
നോവലിന്റെ കുലപതിയായ എം.മുകുന്ദന് ഞാൻ എഴുതിയ മണ്ണേ നമ്പി എന്ന നോവൽ
നേരിട്ടു നൽക്കാനായത് വിലപിടിച്ച അനുഭവമായി .കാരാകുർശി സ്കൂൾ വിദ്യാർഥിനി
ആർച്ചയുടെ മരണക്കട എന്ന കവിതയും മുകുന്ദന്റെ പ്രശംസ പിടിച്ചുപറ്റി.
കേരളത്തിൽ വളർന്നു വരേണ്ട പുതിയ തൊഴിൽ പെരുമാറ്റ
സംസ്കാരത്തെക്കുറിച്ചും, പ്രത്യയശാസ്ത്രങ്ങള്‍ക്ക് കാലീകമായി വേണ്ട
മാറ്റിയെഴുത്തുകൾ സംബന്ധിച്ച പ്രതീക്ഷകളും അദ്ദേഹം പങ്കുവച്ചു.
സംഘാംങ്ങളുമൊത്ത് ഗ്രൂപ്പ് ഫോട്ടോക്കിരുന്ന് മയ്യഴിയുടെ കഥാകാരൻ
വെള്ളിയാങ്കല്ലിനും മാഹിക്കും വന്ന മാറ്റങ്ങളിലെ വ്യസനം പങ്കിട്ടു.
മാഹിയിൽ നിന്നും വടകരയിലേക്ക്. ഊരാളുങ്ങൽ ലേബർ സൊസൈറ്റിയുടെ സർഗാലയം
കാണാനായിരുന്നു അടുത്ത യാത്ര. ഒരിക്കൽ പാറക്കെട്ടായി കിടന്നിരുന്ന
സ്ഥലത്തെ പാറ പൊട്ടിച്ചെടുത്തപ്പോൾ ബാക്കിയായ മടയെ മഴവെള്ള സംഭരണിയാക്കി
മാറ്റിയിരിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത ഇടം തന്നെ പ്രകൃതി
സംരക്ഷണത്തിന്റെ മാതൃകയായി മാറ്റിയത് കൗതുകകരമാണ്.
വിവിധ കരകൗശലകേന്ദ്രങ്ങൾ സന്ദർശിച്ചു. കൊത്തുപണികൾ, മരപ്പണികൾ, കൈത്തറി,
മുള അലങ്കാരപ്പണികൾ, തുണിത്തരങ്ങൾ എന്നിവയെല്ലാം ആകർഷണീയമാണ്. മുറ്റത്ത്
നമ്മളെ സ്വാഗതം ചെയ്യുന്നത് ഒറ്റത്തടിയിൽ തീർത്ത ഒരു കോടി വിലയുള്ള
ആനയുടെ ദാരു ശില്പമാണ്.
യാത്രയിൽ എല്ലാവരുമായി രഹസ്യമാക്കിവച്ച പദ്ധതി അപ്പോഴാണ് കേശവന്‍
മാസ്റ്റർ പ്രഖ്യാപിക്കുന്നത്.വിരമിക്കുന്
ടി.വി.പ്രസന്ന, എ.ജയമുകുന്ദൻ എന്നിവർക്ക് വിദ്യാരംഗം നൽകുന്ന യാത്രയയപ്പ്
എന്ന അവിസ്മരണീയ മുഹൂർത്തം. വിദ്യാരംഗം പാലക്കാട് ജില്ലാ കോർഡിനേറ്റർ
പി.ഒ. കേശവൻ, മണ്ണാർക്കാട് എഇഒ ഒ.ജി.അനിൽകുമാർ, മണ്ണാർക്കാട് വിദ്യാരംഗം
കോർഡിനേറ്റർ ജി.എൻ.ഹരിദാസ്, വി.എസ് ഹരീഷ്, എം.കൃഷ്ണദാസ്, പിഎം.മധു,
സിദ്ദീഖ് പാറക്കോട്ട്, സുധീർ, എ.ജയചന്ദ്രൻ എന്നിവരുടെ ചെറു പ്രസംഗങ്ങൾ.
പറളി സബ്ജില്ലയിൽ നിന്നും പങ്കെടുത്ത സുധീർ, ഗിരീഷ്, മണ്ണാർക്കാട് അൻസാരി
പ്രസ് ഉടമ ഗോപകുമാർ, പ്രദീപ് വേർക്കാട്ടിൽ, ചന്ദ്രൻ, ആർച്ച തുടങ്ങിയ
സംഘാംഗങ്ങളുടെ സ്നേഹ ഭാഷണങ്ങൾ. വിദ്യാരംഗത്തിന് മാത്രം കഴിയുന്ന
സർഗാത്മകയാത്ര.
വീണ്ടും മഹാറാണിയിലേക്ക് കയറുമ്പോൾ നേരം അഞ്ചര. പിന്നീട്
തിരിച്ചുള്ള യാത്രയിൽ സംഘാങ്ങളുടെ കലാപരിപാടികളും , പരിചയപ്പെടുത്തലുകളും
നിറഞ്ഞ് സമയമറിയാതെയുള്ള യാത്ര. ഇടക്ക് രാമനാട്ടുകര നിന്നും മുൻ ഡിഇഒ
വേണു പുഞ്ചപ്പാടവും ബസിൽ കയറിയത് ഇരട്ടി മധുരമായി. തിരിച്ചുള്ള
യാത്രയിൽ ഒാരോ നിമിഷത്തിലും എല്ലാവരും ചിന്തിച്ചത് ഈ യാത്ര
അവസാനിക്കാതിരുന്നെങ്കിൽ എന്നായിരിക്കണം. അതാണല്ലോ, അതാണല്ലോ എല്ലവാരും
മണ്ണാർക്കാട് അടുക്കും തോറും മൗനികളായി മാറിയത്..
ശിവപ്രസാദ് പാലോട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ