2018 ജൂലൈ 29, ഞായറാഴ്‌ച
ചിരിക്കാൻ പഠിക്കുന്നവർ
പുതിയ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ആദ്യം മനസ്സിൽ
ഒരാന്തലായിരുന്നു. പറിച്ചു നട്ട ചെടിയെപ്പോലെ പുതിയ മണ്ണിനോട്
പാകപ്പെടാത്ത ഒരു വാട്ടം. വീട്ടിൽ നിന്നും ഏറെ ദൂരം. പുതിയസഹപ്രവർത്തകർ.
കുട്ടികൾ.ഇനിസമരസപ്പെടേണ്ട പുതിയ ബെല്ലടികൾ
പുതിയ ടീച്ചറെ വരവേൽക്കുമ്പോൾ കുട്ടികളുടെ
കുസൃതിക്കണ്ണുകൾ ഗോട്ടികൾ പോലെ തിളങ്ങി. പുതിയ അതിഥിയെ കൂട്ടത്തിൽ
ചേർക്കാനെടുക്കുന്ന അദൃശ്യമായ സമയപുസ്തകം ഒാരോരുത്തരുടെയും
മുഖത്തുണ്ടായിരുന്നു.
ആദ്യ ദിവസം തന്നെ മൂന്നാം ബഞ്ചിലെ അവന്റെ ചിരിവട്ടം തന്റെ മനസ്സിൽ
പതിഞ്ഞിരുന്നു. എത്രയോകാലെ പരിചയമുള്ള ഒരു ചിരിയുടെ കുശലാന്വേഷണം പോലെ
എവിടെയോ കണ്ടുമറന്ന ഒരു മുഖം അന്നേ മനസ്സിൽ വരഞ്ഞു കിടന്നു.
അവനോട് എന്തു ചോദിച്ചാലും ചിരിക്കേ ഉള്ളൂ ടീച്ചർ ഒന്നും പറയില്ല
എന്തോ ഒരു ചോദ്യം അവനോടായി ചോദിച്ചപ്പോൾ അടുത്തിരുന്നവന്റെ മറുപടി.
അതെന്താ അങ്ങിനെ എന്ന ഭാവത്തിൽ അവനെ നോക്കിയപ്പോളൊക്കെ
എന്തിനുവേണ്ടിയെന്നറിയാത്ത ഒരു ചിരിതന്നെയായിരുന്നു മറുപടി.
പതുക്കെ പതുക്കെ പുതിയ ക്ളാസ് പരിചിതമായി തുടങ്ങി.കളർ
പെൻസിൽ കൊണ്ട് ചുവരുകളിൽ വരച്ചുവച്ച ഗുഹാചിത്രങ്ങളുടെ അർഥങ്ങൾ
പിടികിട്ടിത്തുടങ്ങി.പുതിയ ടീച്ചറോട് അവർ വിശേഷങ്ങൾ പങ്കിടാൻ തുടങ്ങി.
രാവിലെത്തെ ഗുഡ് മോർണിങ്ങിന്റെ യാന്ത്രികത വിട്ട് അതിലേക്ക് ഇത്തിരി
സ്നേഹമൊക്കെ കലരാൻ തുടങ്ങി.
പലപ്പോഴും അവനെ ഇണക്കാനായി അടുത്തു ചെന്നു.
വള്ളിയും പുള്ളിയുമില്ലാത്ത ഗൃഹപാഠങ്ങൾ കാണിച്ചു തരുമ്പോൾ അവൻ
ചിരിക്കുകയല്ലാതെ ഒന്നും പറയാറില്ല.വായിക്കാൻ പറഞ്ഞാലും അതേ ചിരി.
ടീച്ചറേ പഴയ ടീച്ചർ അവനെ നുള്ളീട്ടും കൂടി അവൻ മിണ്ടീട്ടില്ല.. അപ്പളും ചിരിക്കും
അടുത്തിരുന്നവന്റെ മുൻവിധി കലർന്ന വാക്കുകൾ താനെത്രമാത്രം
കേൾക്കുന്നുണ്ടെന്ന് അവനൊരു ചിരിയിലൂടെ അളവെടുക്കുന്നുണ്ടായിരുന്നു.
സ്റ്റാഫ് മുറിയിൽ മറ്റു ടീച്ചർമാരോട് ചോദിച്ചപ്പോഴും അവനെക്കുറിച്ചുള്ള
സംശയം മാറിയതുമില്ല.
ആകുട്ടി ചെറിയ ക്ളാസ് മുതൽക്കേ അങ്ങിനെയാണ്. പ്രത്യേകിച്ച് ശല്യം
ഒന്നുമില്ല. അല്പ സ്വല്പം എഴുതും വരക്കൂം ഒക്കെ ചെയ്യും. എന്താ ചെയ്യാ
അതിന്റെ അവസ്ഥ അങ്ങിനെയാ..
ഒരെത്തും പിടിയും തരാത്ത കുട്ടി.
വനജ ടീച്ചറാണ് അത്രയെങ്കിലും പറഞ്ഞത്.
അങ്ങനെയിരിക്കെ ഇന്ന് രാവിലെ വന്ന് ഏറെക്കഴിഞ്ഞ്
നോക്കിയപ്പോൾ അവനുണ്ട് വാടിയ ചിരിയുമായി ഇരിക്കുന്നു, തൊട്ടു
നോക്കിയപ്പോൾ പൊള്ളുന്ന പനി.
എടാ നിനക്ക് നന്നായി പനിക്കുന്നുണ്ടല്ലോ..
ഉത്തരമായി വിറയ്ക്കുന്ന ഒരു ചിരി. ഒാഫീസിൽ പറഞ്ഞപ്പോൾ അവനെ വീട്ടിൽ
കൊണ്ടുപോയി ആക്കാൻ തീരുമാനമായി. അവന്റെ അടുത്തിരിക്കുന്നവനെയും
കൂടെക്കൂട്ടി ഒാട്ടോയിൽ കയറി. ഇത്തിരി ദൂരം പോയപ്പോൾ ഇനി ഒാട്ടോ പോകില്ല.
നടന്നു പോകണം അവന്റെ വീട്ടിലേക്ക്.ഒാട്ടോയിൽ നിന്നും ഇറങ്ങുമ്പോൾ
അപ്രതീക്ഷിതമായി അത് സംഭവിച്ചു.
ടീച്ചർ ഞാനിവിടന്ന് ഒറ്റക്ക് പോയിക്കോളാം..ടീച്ചർ പൊയ്ക്കോ..
അപരിചിതമായ അവന്റെ ശബ്ദം ഏതു കാട്ടുപക്ഷിയുടെതാണെന്ന്
ഒാർത്തുകിട്ടുന്നുണ്ടായിരുന്നില്ല. ആദ്യമായിട്ടല്ലേ അവൻ സംസാരിച്ചു
കേൾക്കുന്നത്.
അല്ല..ഇങ്ങിനെ പനിക്കുന്ന നിന്നെ ഒറ്റക്കു വിടാൻ പറ്റില്ല. അല്ല അപ്പോ
നിനക്ക് മിണ്ടാൻ ഒക്കെ അറിയാം അല്ലേ,,,? അവനോട് അല്പം കയർക്കേണ്ടിയും
വന്നു, കൂടെയുള്ള കുട്ടിക്ക് മുമ്പിലായി അവൻ നടന്നു.
ഒറ്റ വരമ്പ് കടന്ന് തോടിനിട്ട തെങ്ങുതടിയിൽ ചവിട്ടി അപ്പുറത്തേക്ക്. ഈ
ദൂരം മുഴുവൻ നടന്നാണല്ലോ ഇവൻ വരുന്നതെന്ന് മനസ്സിൽ ഒാർത്തപ്പോള്‍ നേരം
വൈകിയതിന് പുറത്തുനിർത്തിയ കുട്ടികളുടെ മുഖങ്ങൾ അറിയാതെ വന്നുപോയി.
വരിയൊലിച്ചുണ്ടായ ചാലുപോലെയുള്ള വഴി ചെന്നെത്തിയത് പൊളിഞ്ഞ വീടിന്റെ
ഉമ്മറത്ത്. ഒരു ഭാഗം മുഴുവനായി ഇടിഞ്ഞു വീണിട്ടുണ്ട്. ബാക്കി ഭാഗം മുകളിൽ
ടാർപോളിൻ പൊതിഞ്ഞു കെട്ടിയിരിക്കുന്നു. മുറ്റത്ത് ആൾപ്പെരുമാറ്റം
കേട്ടിട്ടാകണം ഉള്ളിൽ നിന്നും ഒരു ശബ്ദം
ആരാത്..?
അച്ഛാ ഞാനാ..പനി അധികമായപ്പോൾ ടീച്ചർ കൊണ്ടു വന്നതാ..
പൊട്ടിയ ഒാടുകഷണങ്ങൾ പതറിക്കിടന്ന മുറ്റത്ത് അവിടിവിടെ കണ്ണീരുറവപോലെ
കെട്ടിക്കിടക്കുന്ന ഇറവെള്ളം.തൊടിയിൽ ചുവന്നു ചിരിക്കുന്ന
ഭ്രാന്തൻപൂക്കൾ.
വാതിൽ അവൻ ഒന്നു തൊട്ടപ്പോളേക്കും തുറന്നു.
ടീച്ചർ പൊയ്ക്കോളൂ..
പിന്നെയും കാട്ടു പക്ഷിയുടെ ചിലമ്പൽ. അവന്റെ സമ്മതത്തിന് വഴികൊടുക്കാതെ
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ അസ്ഥി പഞ്ജരമായി ഒരു മനുഷ്യൻ പായിൽ
കിടക്കുന്നു.
അഛ്ചനാ..തെങ്ങിൽ നിന്നും വീണതാ..
അതു പറയുമ്പോൾ അവന്റെ ചിരി മാഞ്ഞുപോയിരുന്നു.
പനിച്ചുകിടന്നാലും നോക്കാൻ ആരുമില്ല. ടീച്ചറേ അതാ സ്കൂളിൽ വിട്ടത്.
പായിൽ നിന്നും ശബ്ദം വിറച്ചു പൊന്തി.
അമ്മ..അമ്മയെവിടെ..?
അവള് എനിക്കും ഇവനും മരുന്നു വാങ്ങാൻ പോയിരിക്കുകയാണ്.
ഈ സമയം അവന്‍ ബാഗ് മൂലക്ക് ചാരി വച്ചു. മണ്ണടർന്ന നിലത്ത് പലയിടത്തും
കുഴികളിൽ നനവുണ്ടായിരുന്നു.
എന്നാ ടീച്ചറ് പൊയ്ക്കോളൂ..
അവന്റെ ശബ്ദത്തിൽ എന്തോ ഒരു നിർബന്ധത്തിന്റെ കനം. പടിക്കലെത്തിയപ്പോൾ
പിറകില്‍ നിന്ന് ഒരു വിളി കേട്ടു..
ടീച്ചറേ..
ടീച്ചർ ചോദിക്കാറില്ലേ എന്നാ ഒരു ചോദ്യത്തിനും
ഉത്തരമില്ലാത്തെതെന്ന്..എന്തിനാ എപ്പളും ചിരിക്കണേ എന്ന്..?
ഈ കുട്ടി എന്താണിങ്ങനെ പെട്ടെന്ന് ചോദിക്കുന്നത് എന്ന ഭാവത്തോടെ ഞാനും
ഒപ്പം വന്ന കുട്ടിയും ഒന്ന് പിറകിലേക്ക് നിന്നു.
ടീച്ചറേ ഞാനെന്തിനാ ടീച്ചറേ ചിരിക്കുന്നത്..? ടീച്ചർ കണ്ടില്ലേ
കരഞ്ഞിട്ടെന്താ കാര്യം ടീച്ചറേ..
അവന്റെ ചോദ്യത്തിന് പെട്ടൊന്നൊരു ഉത്തരം പറയാൻ കഴിയാത്തതിനാൽ ഞാൻ അവനെ
നോക്കി ചിരിച്ചു. ഒന്നിനും ഒരുതീർപ്പുമില്ലാത്ത വെറും ചിരി. അപ്പോൾ അവനും
ചിരിക്കുന്നണ്ടായിരുന്നു. മടക്കയാത്രയിൽ കൂടെ വന്ന കൂട്ടിയെ ഞാൻ വല്ലാതെ
ചേർത്തുപിടിച്ചു. അവനും ചിരിക്കുന്നുണ്ടായിരുന്നോ..?
ശിവപ്രസാദ് പാലോട്
2018 ജൂലൈ 25, ബുധനാഴ്‌ച
മൂന്ന് സത്യ കഥകൾ
*അയിഷാബിയുടെ*
*ഏഴുറുപ്പിക*
ഗ്രാമത്തിലെ ആ എൽ പി സ്കൂളിൽ നിന്നും പ്രമേഷൻ ലഭിച്ച് പോയി പിന്നെ ഒന്നരക്കൊല്ലം കഴിഞ്ഞാണ് ദിനേശൻ മാഷ് മറ്റൊരാവശ്യത്തിനായി സ്കൂളിലേക്ക് ഒന്നു വന്നത്.
അപ്പോൾ ഇന്റർവെൽ ആയിരുന്നു.. സ്കൂൾ മുറ്റത്ത് കലപില കൂട്ടി നടന്ന കുട്ടികൾ മാഷിന്റെ നിഴൽ വെട്ടം കണ്ടതോടെ ഓടി വന്ന് വട്ടം പിടിച്ചപ്പോൾ ദിനേശൻ മാഷിന്റെ ഉള്ളം കുതിർന്നു.. കുട്ടികൾ തന്നെ ഇപ്പോളും ഓർക്കുന്നുണ്ടല്ലോ..
അവരോടൊക്കെ വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴേക്കും ബെല്ലടിച്ചു. എല്ലാ കുട്ടികളും ക്ലാസിൽ കയറിയപ്പോഴും ഒരു കുട്ടി മാത്രം ദിനേശൻ മാഷിന്റെ ഒപ്പം നടന്നു..
മാഷ് ഓഫീസ് മുറിയിലേക്ക് കയറിയപ്പോൾ അവൾ താഴ്മയോടെ പുറത്തു കാത്തു നിന്നു.. മാഷ് പഴയ സഹാധ്യാപകരെ കാണാൻ ഓരോ ക്ലാസിലേക്കും നടന്നപ്പോൾ അവൾ മൗനമായി മാഷെ അനുഗമിച്ചു…
ഒരു കുട്ടി തന്നെ പിന്തുടർന്ന് നടക്കുന്നത് കണ്ടപ്പോൾ ദിനേശൻ മാഷ്ക്ക് മനസ് തളിർത്തു.. എന്തൊരു സ്നേഹമാണ് കുട്ടികൾക്ക് തന്നോട്..
... മോൾടെ പേരെന്താ??
... അപ്പോ മാഷ്ക്ക് ന്നെ ഓർമ്മല്ലെ??
ഞാൻ അയിഷാബിയാ… മാഷിന്റെ മൂന്നാം ക്ലാസിൽ.. ഇപ്പ ഞാൻ നാലിലാ...
മോള് ഇനി ക്ലാസിൽ കയറിക്കോ.. ടീച്ചർ ചീത്ത പറയും ട്ടോ... നല്ലോണം പഠിച്ച് വല്യ ആളാവണം... മാഷ് ഇപ്പൊ പോവും.. പിന്നെ കാണാം..
മാഷെ... മാഷ് പോകുമ്പോ സ്റ്റാമ്പിന് പത്തുറുപ്പിക തന്നേന്റെ ബാക്കി
ഏഴുറുപ്പിക എനിക്ക് തരാന്ണ്ട്... അത് കിട്ടാഞ്ഞിട്ട് വീട്ടിൽ നിന്ന് എത്ര ചീത്ത കേട്ടൂ ന്നറിയ്യോ... ഇന്ന് മാഷെക്കണ്ടപ്പോൾ അത് വാങ്ങാനാ ഞാൻ പിന്നാലെ വന്നത്… മാഷെ ന്റെ ഏഴുറുപ്പിക മാഷ് മറന്നോ???
പോക്കറ്റിലേക്ക് കയ്യിട്ട് പൈസ തിരഞ്ഞു കൊടുക്കുമ്പോൾ അയിഷാബി തന്റെ പിറകേ നടന്നതിന്റെ കാരണം പിടികിട്ടി ദിനേശൻ മാഷ് സ്വയം വെളുക്കെ ചിരിച്ചു.
*ശിഷ്ടം കൂട്ടുന്ന പ്രഭാകരൻ*
പഠിത്തം കഴിഞ്ഞ് ജോലി കിട്ടാതെ വന്നപ്പോൾ ഓട്ടോ ഓടിച്ചു കഴിയുകയായിരുന്നു... ഒരിക്കൽ ശീകൃഷ്ണപുരത്തേക്ക് ഓട്ടം പോയി മടങ്ങി വരുമ്പോൾ തിരുവാഴിയോട്ടുനിന്നും പാൻറും ഷർട്ടും ബാഗുമൊക്കെയായി ഒരു ചെറുപ്പക്കാരൻ കൈ കാണിച്ചു…
വണ്ടിയിൽ കയറിയിരുന്ന ആളെ പെട്ടെന്നു പിടി കിട്ടി.. പ്രഭാകരൻ.. ഹൈസ്കൂളിൽ ഒപ്പം പഠിച്ചവൻ.. അവന് തന്നെയും മനസിലായി
എടാ ശിവാ.. നീയെന്താ ഓട്ടോയുമായി.. കണക്കൊക്കെ നല്ലവണ്ണം പഠിച്ചിരുന്ന നീയൊക്കെ വല്ല ഡോക്ടറും ആയിപ്പോയിട്ടുണ്ടാകുമെന്നാ ഞാൻ കരുതിയത്
അവന്റെ ചോദ്യത്തിൽ അമ്പരപ്പിന്റെ ഒരു പരപ്പ്.
പ്രഭാകരാ നീയിപ്പോ എന്തു ചെയ്യുന്നു…
ഞാനിപ്പോ മൂവാറ്റുപുഴയിൽ ബാറിൽ നിൽക്കാണ്
ബാറിലോ?? ശമ്പളമൊക്കെ എങ്ങനെ??
ശമ്പളമൊക്കെ കുറവാ... ടിപ്പ് കിട്ടും.. പിന്നെ ശിഷ്ടം കൂട്ടി ഞാൻ ദിവസേന പത്തഞ്ഞൂറ് ഉണ്ടാക്കും... അതോണ്ട് ഒന്നര ഏക്കർ റബ്ബർ വാങ്ങിയിട്ടു..
ശിഷ്ടം കൂട്ടീട്ട് റബ്ബറോ??
അതേ ടാ.. ബാറിൽ കുടിച്ചിറങ്ങുന്നോർക്ക് വല്യബോധം ഒന്നും ഉണ്ടാവില്ല ബില്ല് കൂട്ടി എഴുതുമ്പോൾ എട്ടും എട്ടും പതിനാറിന് 1 ശിഷ്ടം ആറ് എന്ന് വച്ചാ കൂട്ടുക.. ഒറ്റ ബില്ലിൽ അറുപത് ഇങ്ങോട്ട് പോരും. ഇനി അഥവാ ആരെങ്കിലും ചോദിച്ചാ ശിഷ്ടം കൂട്ടിയപ്പോ തെറ്റിതാ ചേട്ടാ എന്ന് പറഞ്ഞ് തലയൂരും… നീയും വേണങ്കി പോര്...ഓട്ടോ ഓടിച്ച് എന്ത് കിട്ടാനാ…?
എട്ടിന്റെ ഗുണന പട്ടിക കാണാതെ പറയാൻ അറിയാഞ്ഞ് വിജയൻ മാഷെ പേടിച്ച് സ്കൂളിൽ വരാതെ മുങ്ങി നടന്ന പഴയ പ്രഭാകരനെ ഓർമ്മ വന്നപ്പോൾ ഞാൻ വണ്ടി ഓരം ചേർത്തു നിർത്തി അന്തം വിട്ട് അവനെ നോക്കി.
*ബാബുവിന്റെ മട്ടം*
ബാബുവിനെ ഞാൻ പഠിപ്പിച്ചതാണ്. പഠിക്കാൻ മഹാമടിയനായിരുന്നതിനാൽ എട്ടിൽ വച്ച് അവൻ പഠിപ്പു നിർത്തിപ്പോയയാണ്.. പൈതഗോറസ് സിദ്ധാന്തം എത്ര പറഞ്ഞാലും തലയിൽ കയറാത്തവൻ..
പുതിയ വീടിന് തറപ്പണിയെടുക്കാൻ കരാർ കൊടുത്ത രാമകൃഷ്ണേട്ടന്റെ കൂടെ സഹായിയായി വന്നതാണ് അവൻ
ഒഴിവു ദിവസമായതിനാൽ പണി നോക്കി നിൽക്കുകയായിരുന്നു.ബാബു പടവിന് മൂലക്കല്ലു വയ്ക്കുന്നു.. മൂന്നടി ഒരു വശത്തും രണ്ടടി അപ്പുറപ്പത്തും വച്ച് രണ്ടിനേയും ചരടു കൊണ്ട് യോജിപ്പിക്കുമ്പോൾ ഒരു ത്രികോണം കിട്ടുന്നു... കല്ലുകളുടെ സ്ഥാനം അങ്ങോട്ടും ഇങ്ങോട്ടും അല്പസ്വൽപം മാറ്റി ശരിയാക്കുന്നു…
ആഹാ... താൻ പഠിപ്പിച്ച പൈതഗോറസ് സിദ്ധാന്തം.. വച്ചാണ് അവൻ പാദവും ലംബവും വച്ച് കർണം കണക്കുകൂട്ടി മൂല ശരിയാക്കുന്നത്…
ടാ ബാബൂ... ഇതല്ലേടാ അന്ന് ഞാൻ നിന്നെ ക്ലാസിൽ പഠിപ്പിച്ചത്... പൈതഗോറസ് സിദ്ധാന്തം.. ഇത് പഠിക്കാഞ്ഞല്ലേ നീ ചീത്ത കേട്ടത്…??
ഇത് മാഷ് പഠിപ്പിച്ചതൊന്നുമല്ല... രാമഷ്ണേട്ടൻ പഠിപ്പിച്ചതാ... മട്ടം നോക്കാനും വാട്ടർ ലെവൽ നോക്കാനും, കട്ടയും നൂലും പിടിക്കാനുമൊക്കെ…
പാഠപുസ്തകവും ജീവിതവും തമ്മിലുള്ള കോൺ ആലോചിച്ച് ചിന്തയുടെ മട്ടം തെറ്റി
ഞാനവനെ വല്ലാതെ തുറിച്ചു നോക്കി.
*ശിവപ്രസാദ് പാലോട്*
2018 ജൂൺ 10, ഞായറാഴ്‌ച
സോക്കർ
മുക്കട്ടയിൽ ഇന്നലെ മുതൽ അതാണ് ചർച്ച. ബേക്കറിയിലും ബാർബർ ഷോപ്പിലും കലുങ്കുകളിലും എല്ലായിടത്തും.
ഫ്ലക്സുകൾ കാണാതാവുന്നു
ലോകകപ്പ് ഫുട്ബാളിലെ ഇഷ്ട ടീമിനായി കെട്ടിയ ഫ്ലക്സുകൾ കാണാതായതാണ് ചർച്ചക്കും തർക്കത്തിനും പെട്ടെന്നുണ്ടായ കാരണം.. ഒറ്റപ്പെട്ട് മുമ്പും ചില പരസ്യങ്ങളുടെ പോയതിൽ ആരുമിത്ര വേവലാതിപ്പെട്ടിരുന്നില്ല.
രാത്രി കെട്ടിയ ഫ്ലക്സുകൾ രാവിലേക്ക് കാണുന്നില്ല...
അർജൻറീന ഫാൻസുകാർ ബ്രസീൽ ഫാൻസിനെ കുറ്റം പറയുന്നു.. ബ്രസീലിന് അർജൻറീനയെത്തന്നെയാണ് സംശയം. ഇരുകൂട്ടരെയും തമ്മിലടിപ്പിക്കാൻ ഇംഗ്ലണ്ടുകാർ ചെയ്യുന്ന പണിയാണോയെന്നും ജനസംസാരമുരുളുന്നുണ്ട്
മഞ്ഞ ജഴ്സിയണിഞ്ഞവരുടെ പ്രതിഷേധ പ്രകടനം കവലയുടെ വടക്കെ മൂലയിലൂടെ ബൂട്ടുകളിൽ തീ പാറിച്ച് വരുമ്പോൾ തന്നെയാണ് തെക്കേ മൂലയിലൂടെ നീല ജഴ്സി ക്കാരും എത്തിയത്
വാക്കുകൾ വായുവിൽ കുത്തിമറിഞ്ഞ് വലകൾക്കുള്ളിലാവുന്നതിന്റെ പിറകെ കയ്യാങ്കളിയായി..
നാട്ടുകാർ ഏറെപ്പണിപ്പെട്ടാണ് ഇരു ടീമിനെയും സമനിലയിലാക്കിയത്.. എന്നാലും ഇരുട്ടുന്നതോടെ ഒറ്റപ്പെട്ട ചില പെനാൾടി ഷൂട്ടുകൾ ഉണ്ടായേക്കാമെന്ന ഭയം കവലയിൽ ഉരുണ്ടു കളിക്കുന്നുണ്ടായിരുന്നു.
നഷ്ടപ്പെട്ട ഫ്ലക്സുകൾ വീണ്ടും പുനസ്ഥാപിച്ച് രാത്രി വൈകിയാണ് പലരും പവലിയനിലെത്തിയത്.. ഉറങ്ങുമ്പോഴും നിലക്കാത്ത ആരവങ്ങൾ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു... കിനാവുകളിൽ ഗോൾ വലകൾ കലങ്ങിമറിഞ്ഞു. രാവിലെ മുക്കട്ടയിലെത്തിയവർ പിന്നെയും ഞെട്ടി
ഫ്ലക്സുകൾ വീണ്ടും കാണാനില്ല..
സംഗതി ഫൈനൽ മാച്ചിന്റെ ഗൗരവമായി. ഒറ്റപ്പെട്ടു ബൈക്കിൽ വന്ന അർജന്റീനയെ ബ്രസീലിന്റെ പടയാളികൾ അറഞ്ചം പുറഞ്ചം തല്ലി. പകരത്തിന് പകരം നീല ജഴ്സി ക്കാർ ബ്രസീലുകാരനായ ഓട്ടോക്കാരനെ അള്ളുവച്ച് തടഞ്ഞു... കളി കണ്ടു നിന്ന ഇഗ്ലണ്ടുകാരനെ ആരോ ഫൗൾ വച്ചു വീഴ്ത്തി. ഒന്ന് ഒന്നിന് ഒന്നാം പകുതി കഴിഞ്ഞു നിൽക്കുന്ന സ്റ്റേഡിയം പോലെ മുക്കട്ട വീർപ്പുമുട്ടി… പരസ്പരം ചുകപ്പുകാർഡ് കാണിച്ചു നടന്ന യുവാക്കൾ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബുകളായി.
അന്നു വൈകുന്നേരം ചേർന്ന സർവ്വകക്ഷി സമാധാന സമ്മേളനത്തിൽ സമനില വീണ്ടെടുത്ത് പൊതു തീരുമാനത്തിലെത്തി. ഫ്ലക്സുകൾക്ക് രാത്രി കാവൽ ഏർപ്പെടുത്താൻ റഫറിയുടെ ധാരണയായി. കള്ളനെ കണ്ടെത്തുംവരെ വെടിനിർത്തൽ പ്രഖ്യാപിച്ചു.
പെനാൾടി ഷൂട്ടിന് പന്തു കാക്കാൻ നിൽക്കുന്ന ഗോളിയെപ്പോലെ ഒരു പോള കണ്ണടക്കാതെ കാത്തിരുന്നു മുക്കവല.. ഇടക്ക് ഒരു ഫ്രീ കിക്ക്
പോലെ പറന്നു പൊന്തിയ രാപ്പക്ഷി പോലും അവരുടെ കണ്ണിൽപ്പെട്ടു.
പുലർച്ചെയായപ്പോൾ ഒരു നിഴലനക്കം...ബാനർ കെട്ടിയ കാലിന്നരുകിൽ ഒരാൾ പമ്മി നിൽക്കുന്നു. ഇടം വലം നോക്കുന്നു. കാലടക്കത്തിൽ പന്തുമായി എതിരാളികളെ വെട്ടിച്ചു പോകുന്ന കളി വേഗത്തോടെ ഫ്ലക്സിന്റെ കെട്ടഴിച്ച് ധൃതിയിൽ മടക്കി ഇരുട്ടിൽ മറയാനൊരുങ്ങുന്നു…
ഒറ്റയടിക്ക് ഗോളാക്കണ്ടയെന്നും ആളെ പിന്തുടർന്ന് താവളം കണ്ടു പിടിക്കാമെന്നും പോയ ഫ്ലക്സുകൾ കൂടി കണ്ടെടുക്കാമെന്നും റഫറിയുടെ തീരുമാനം അന്തിമമായി.
നിഴലനക്കം അടുത്ത ബാനറുമഴിച്ച് നടന്നു തുടങ്ങി.. മുക്കവലക്കപ്പുറം കടന്ന് പാടം കടന്ന് തോടും കടന്ന് ഒരു കെട്ടിടത്തിന് മുമ്പിലെത്തി... ശ്വാസം വിടാതെ പിന്തുടർന്നവർ ഒന്നിച്ച്
ഗോളുറപ്പിച്ച ഗാലറി പോലെ ഇരമ്പി
കള്ളൻ... കള്ളൻ
അതൊരു ചെറുപ്പക്കാരൻ തന്നെയായിരിക്കും എന്നു കരുതി ടോർച്ച് തെളിയിച്ചവരെ അമ്പരപ്പിച്ച് വെളിച്ചത്തിന്റെ അറ്റത്ത് ഒരു സ്ത്രീ കോർണർ എടുക്കാൻ വച്ച പന്തുപോലെ ചൂളി നിന്നു... ഏതു സമയത്തും ഒരടി പ്രതീക്ഷിച്ച്
വലയിൽ കുരുങ്ങാനുറച്ച്..
ഇത് കവലേല് പാട്ട പെറുക്കാൻ വന്നവളാ... നാടോടിയാ… കള്ളത്തമിഴത്തി
ആരോ പ്രതിയെ തിരിച്ചറിഞ്ഞു
ചോദ്യം ചെയ്യലിന്റെ വിസിലുകൾ മുഴങ്ങിയപ്പോൾ അകത്തു നിന്നും കുട്ടികൾ എഴുന്നേറ്റതിന്റെ ബഹളം... ഒരിളം പൈതലിന്റെ കരച്ചിൽ
അതുവരെ മൗനം പൂണ്ട അവൾ ഒരു പൊട്ടിക്കരച്ചിലായി
ചേട്ടമ്മാരെ…. ഈ പെര ഒന്നാകെ ചോർച്ചയാ.. മഴ ഒരു തുള്ളി പുറത്ത് പോവൂല.. ഞാനും രണ്ടു കുട്ട്യോളും ….ഇതിന്റെ മുകളിൽ വിരിക്കാനാണ്... ഞാൻ ഈ പ്ലാസ്റ്റിക് ഷീറ്റ് എടുത്തത്..
ടോർച്ചുകളുടെ വെളിച്ചത്തിൽ ഇടിഞ്ഞു വീഴാറായ ഒരു കൊച്ചു കെട്ടിടം തെളിഞ്ഞു... ഇതു വരെ കാണാതായ ഫ്ലക്സുകളിൽ നിന്ന് താരങ്ങൾ ഓരോരുത്തരായി ഇറങ്ങിവന്ന്
വെളിച്ചത്തിന് മുന്നിൽ ഒരു മാച്ച് തുടങ്ങാനുള്ള പോലെ നിരന്നു നിന്നു..
ചുരുണ്ടു നിന്ന സ്ത്രീരൂപം വാതിൽ തള്ളിത്തുറന്ന് അകത്തു കയറി…. കണ്ണുകൾ തിരുമ്പിയുണരുന്ന ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ച്, മറ്റൊരു കുട്ടിയെ ഒക്കത്തും വച്ച് മൈതാനത്തിന്റെ നടുക്ക് ഒരു പന്തുപോലെ ഇരുന്നു…
എന്താ ചെയ്യണങ്കിൽ നിങ്ങള് ചെയ്തോളൂ.. നനയാണ്ടെ കിടക്കാൻ വേണ്ടീട്ടാ... അല്ലാതെ... അല്ലാതെ…
‘ മഴയത്ത് പാതിയിൽ നിർത്തേണ്ടി വന്ന ഫൈനൽ കളി . കളിക്കാരും കാണികളും മൈതാനത്തിന് പുറത്തേക്ക് ഒന്നും പറയാതെ നടന്നു..
എല്ലാ രാജ്യങ്ങളുടെയും തലകൾ വല്ലാതെ കുമ്പിട്ടിരുന്നതിന്റെ മുകളിലായി കിഴക്ക് പതിവുപോലെ തെളിയാൻ തുടങ്ങി.
ശിവപ്രസാദ് പാലോട്
2018 മാർച്ച് 25, ഞായറാഴ്‌ച
കടത്തുതോണി
കൂയ് അക്കരെ കടവില്‍ നിന്നും ആരോ കൂക്കി .. കൂനന്‍ മൂച്ചിക്ക് താഴെ ഇക്കരെ കടവില്‍ തോണിപ്പടിയില്‍ വെറ്റില പരത്തി വച്ചു മൂസ അതില്‍ ചുണ്ണാമ്പ് തേച്ചു ..വീര്യം പോകാതിരിക്കാന്‍ പ്ലാസ്റിക് കവറില്‍ പൊതിഞ്ഞു വച്ച പോകല ഒരു കഷണം വിരല് കൊണ്ട് മുറിച്ചെടുത്തു. പേനാക്കത്തി കൊണ്ട് അടക്ക നാല് കഷണമാക്കി .ഒരു കഷണത്തെ ഒന്നൂടി നാലാക്കി ..എല്ലാം കൂട്ടി വായിലേക് തിരുകി ഒന്ന് ചവച്ചു .പൊതി പഴയ പോലെ മടിയില്‍ തിരുകി . തോണിയുടെ കെട്ടഴിച്ചു ..തുഴ എടുത്ത് കുത്തി .. കൂ..കൂയ് ...മറുകൂക്ക് കൂക്കി . അക്കരെക്കു തുഴഞ്ഞു .. മുറിയങ്കണ്ണിപ്പുഴയുടെ ഈ കടവില്‍ മൂസ തോണി തുഴയാന്‍ തുടങ്ങി വര്‍ഷം പത്ത് നാല്‍പതായി.രാവിലെ അഞ്ചരക്ക് അക്കരെ പണിക്കു പോകുന്നവര്‍ക്കായി ഇക്കരെ നിന്നും ആദ്യത്തെ കടത്ത് ..അപ്പുറത്തു നിന്നും വെറ്റിലയുമായി എത്തുന്ന തരകന്‍ മാര്‍ക്കും , ചെത്തല്ലൂര്‍ അമ്പലത്തിലേക്ക് തൊഴാന്‍ നേരെത്തെ വരുന്നവര്‍ക്കുമായി അക്കരെ നിന്നും മടക്കക്കടത്ത് .രണ്ടു രൂപയാണ് കൂലി . അപ്പുറവും ഇപ്പുറവും യാത്ര ചെയ്യാന്‍ . പിന്നെ ഇക്കരയും അക്കരയുമായി കാത്തു കിടക്കും ..ആളായാല്‍ അങ്ങോട്ടും ഇങ്ങോട്ടും പല കടത്തുകള്‍ . മൂസക്ക് മുമ്പ് മമ്മു .മൂസയുടെ ബാപ്പയായിരുന്നു തോണിക്കാരന്‍ . അതിനു മുമ്പും കുടുംബത്തിലെ ആരൊക്കെയോ . തോണിക്കടവന്‍ എന്ന വീട്ടു പേരിനു പിമ്പില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് . ഇടവപ്പാതി കഴിഞ്ഞുള്ള പെരുവെള്ളം, പുഴ ഇരു കരയും മുട്ടി ഒഴുകുകയാണ് .ഇന്ന് തോണി ഇറക്കണ്ട എന്ന ബീടരുടെ കരഞ്ഞുള്ള പറച്ചില്‍ കേട്ട് മമ്മു നേരം പുലര്‍ന്നും ഒന്നൂടി കിടന്നു ..കടവില്‍ നിന്നും കൂക്ക് കേട്ടതോടെ ഉറക്കം പോയി .. ഡാ,,മൂസേ ..കിടക്കപ്പായില്‍ ചുരുണ്ട് കിടന്ന മകനെ ഉരുട്ടി ഉണര്‍ത്തി ..നല്ല വെള്ളം കൂടുമ്പോള്‍ മമ്മു മകനെയും ഒപ്പം കൂട്ടും . കരഞ്ഞു വിലക്കിയ പെണ്ണുങ്ങളോട് മമ്മു ചീറി .. മുണ്ടാണ്ടിരുന്നോ അവിടെ ..മമ്മു പോയ കാണാന്‍ തുടങ്ങീത് ഇന്നും ഇന്നലെയുമല്ല ..ബാപ്പ കാര്‍ണോന്‍മ്മാരായി കഴുക്കോല് പിടിച്ച തയമ്പാ കയ്യില്..തോണി നമ്മടെ ചോറാ...പൊയ..അതില് വെള്ളം വരും പോകും ..കടത്ത് മുടക്കാന്‍ പാടില്ല ..കൂക്ക് കേട്ടില്ലേ ..ഓരൊക്കെ നിത്യോം പോണോരാ.. മുമ്പിലെ പടിയില്‍ ചെറിയ തൊഴ പിടിച്ച് ഇരുന്നോ ചെര്‍ക്കാ ..വെള്ളം അത്ര പന്ത്യല്ല...രണ്ടു കരിമ്പന കുണ്ടുള്ള കയാ..കാഴ്ച്ചേം കണ്ടു ഇരിക്കരുത് ..കുത്താന്‍ പറഞ്ഞാ കുത്തിക്കോള.... പൊടിമീശ പിടിക്കണ പ്രായാ അന്ന് മൂസക്ക് .വെള്ളം കുറവുള്ള സമയത്തും മമ്മു മൂസക്ക് ഒറ്റയ്ക്ക് തോണി കൊടുക്കാറില്ല ..നാട്ടാരുടെ പ്രാണന്‍ വച്ചുള്ള കള്യാണ് ..എല്ലോറപ്പ് ഇല്ലാത്ത ചെക്കന്റെ കയ്യിലൊന്നും തോണി കൊടുക്കാന്‍ പറ്റില്ല ..അതാണ് മമ്മുവിന്റെ വേദാന്തം രാവിലെ തൊട്ടു കടത്തില്ലാതിനാല്‍ ആള് കൂടുതലുണ്ട് . പൊയ പന്ത്യല്ല ..നല്ല ഉസിര് ഉള്ളോരു പത്താള് കേറീം...അക്കരെ കല്യാണത്തിനുള്ള ചെക്കന്‍ പാര്‍ടിക്ക് മുഹൂര്‍ത്തം തെറ്റുന്നതിന് മുമ്പ് എത്തണം . ജാതകം കൂട്ടിക്കേട്ടാന്‍ പോണ പണിക്കര്‍ ആദ്യം കയറി . അതെ കല്യാണത്തിനുള്ള ബന്ധുക്കളില്‍ ചിലരും. കൂനം മൂച്ചിയുടെ അടുത്ത് നിന്നും പുഴയുടെ വടക്ക് പനാംതോട് ചേരുന്ന അവിടെന്നും കിഴക്കോട്ട് തുഴയണം ആദ്യം ..പിന്നെ ഒറ്റപ്പിടുത്തം ..കൂലംകുത്തി ഒഴുകുന്ന പുഴ പടിഞ്ഞാട്ടെക്ക് വലിക്കും ..ആ വലിവിന് ഒപ്പം കുത്തി പുഴയെ പറ്റിച്ച് തോണി തെക്കടുപ്പികണം ..അതാണ് തോണിക്കടവന്മാരുടെ ചങ്കുറപ്പ്. കൂട്ടിനു ആയോം നീളോം ഉള്ള കഴുക്കോല് മാത്രം . തോണിയുടെ തല വെട്ടിക്കാന്‍ ആണ് നല്ല ഒഴുക്കുള്ളപ്പോള്‍ മൂസ ..ചെറിയ തുഴ കൊണ്ട് ഇടംവലം തുഴയണം . ആദ്യ കടത്ത് അക്കരെ എത്തിയപ്പോള്‍ അവിടെ പൂരത്തിനുള്ള ആളുണ്ട് . ഇക്കരെ ശങ്കു വൈദ്യരെ കാണാന്‍ , ജോത്സ്യം നോക്കുന്ന ശങ്കരന്‍ മാഷേ കാണാന്‍ , ആറങ്കുണ്ട് ആശാരിയെ കാണാന്‍ , പൂവത്താണി ചന്തയിലേക്ക് കായക്കുലകള്‍ മുറുകിയ കടത്ത്..പൈസ പിരിക്കുന്നത് മൂസയാണ് .പതിവുകാര്‍ക്ക് ഒരു കൂലി ..അല്ലാത്തവര്‍ക്ക് ശകലം കൂട്ടിപ്പിരിക്കണം ...ഉച്ചയായിട്ടും മഴക്കോളുണ്ട്. അക്കരയ്ക്കു പോകുമ്പോള്‍ പതിവില്ലാതെ മമ്മു വിയര്‍ത്തു ..താഴെ നുര കുത്തിയൊഴുകുന്ന വെള്ളം ..എന്നിടും പ്രവേശം .തൊണ്ട ഒരു പാറപ്പുറം പോലെ വറ്റിപ്പോകുന്നു ..കുത്തുന്ന കഴുക്കോല്‍ പാളിപ്പോകുന്നപോലെ . തോണിയും പുഴയും കരയും എല്ലാം വട്ടം ചുറ്റുന്നു.. അപ്പുറത്ത് അടയാളം വച്ച നീര്‍ മരുത് കാണാനില്ല ...കുത്തിയോടത്ത് തോണി നിക്കാതായപ്പോള്‍ ഒരു കൈ കൊണ്ട് നെഞ്ചു പൊത്തി മമ്മു കയര്‍ത്തു ഡാ മൂസേ ..ഇങ്ങോട്ട് വാടാ ..വാപ്പാക്ക് പിടിച്ചാല്‍ കിട്ടുന്നില ..നെഞ്ചിന്റെ ഉള്ളില് ബരാല്‍ മീനു പിടയണ പോലെ ഒരു പിടുത്തം ..നീ നോക്കി നിക്കാതെ വന്നേ കഴുക്കൊല്മ്മേ പിടിയെടാ ..നമ്മളെ വിശ്വസിച്ചു കയറിയോരാ ...ഓലെ മക്കാറാക്കരുത്.. ബാപ്പാന്റെ ഒച്ചയിലെ പതറിച്ച മൂസയെ പിടിച്ചുകുലുക്കി . മുന്നില്‍ നിന്നും പിറകില്‍ എത്തുമ്പോളെക്കും ബാപ്പ തോണിപ്പടിയിലേക്ക് തലകുനിച്ച് ഇരിക്കുകയും വഴുതി പോകുമായിരുന്ന കഴുകോല്‍ ഒരു കാല്‍മടക്കില്‍ അമര്‍ത്തി വച്ചിരിക്കുകയുമായിരുന്നു...എന്താണ് ബാപ്പാ എന്ന് ചോദിച്ചപ്പോള്‍ നായിന്റെ മോനെ ..നിറപ്പൊഴ വെള്ളാ..തോണി പോണ പോക്ക് നോക്കക്കടാ..കയാണ് ..നാട്ടാരാ തോണീല് ..കഴുക്കോലുംമ്മേ പിടിയെടാ.. അപ്പുറം ചുഴിയാണ് ..പെട്ടാല്‍ കിട്ടൂല...അപ്പോളാണ് ഓന്റെ സ്രുംഗാരം .. പിന്നെ പൊട്ടിവീണ പുളിച്ച തെറികള്‍ക്കിടയിലൂടെ മൂസ കഴുക്കോല്‍ വലം കൈ കൊണ്ട് പിടിച്ചു .ഇടം കൈ കൊണ്ട് ആയം കൊടുത്തു ..പെറ്റിട്ട നാള്‍ മുതല്‍ കണ്ടതാണ് പുഴയെ ..ഓള്‍ടെ ആഴം അറിയാന്‍ ബാപ്പ കാരണവന്മാരെ കൊണ്ട് കഴിഞ്ഞിട്ടില്ല ..തോണി പോകുന്നത് തെക്ക് വിട്ട് പടിഞ്ഞാട്ടാണ് ..കുത്തൊഴുക്കിലേക്ക് ...പെരുംചുഴിയിലേക്ക്..പുഴയുടെ ഗര്‍ഭപാത്രത്തിലേക്ക്.. കഴുക്കോലില്‍ ആഞ്ഞൊരു പിടുത്തം ...ചതിച്ചോ മാപ്പിള കുട്ട്യേ എന്ന് കരഞ്ഞയാളുടെ മുഖത്തേക്ക് നോക്കാതെ മൂസ അടുത്ത കുത്തിനു തോണിയെ തെക്ക് തിരിയിച്ചു ...ബദരീങ്ങളെ , പാപ്പാരെ എന്ന് മനസ്സില്‍ നിലവിളിച്ച് പുഴയുടെ ആഴത്തിലേക്ക് ആഞ്ഞ കഴുക്കോലിനെ വലിച്ചെടുത്ത് പിന്നെയും ആഞ്ഞു കുത്തി ...ബാപ്പ നെഞ്ചു പൊത്തി ഇരുപ്പാണ്...പുഴ നല്ല കലിപ്പിലായിരുന്നു ..ഒലി മൂത്ത് നില്‍ക്കുകയാണ് ..തോണിയിറക്കണ്ട എന്നുമ്മ പറഞ്ഞത് വെറുതെ അല്ല... ഇടംവലം ഒരു പോലെ കുത്തടാ പന്നീ...തോണി തിരിയട്ടെ ...മുമ്പ് തിരിഞ്ഞോണ്ടായില്ല...പുറം തിരിയണം കോടുന്ന ചുണ്ടുകള്‍ക്കിടയിലൂടെ വഴുതി വീഴുന്ന യുദ്ധതന്ത്രങ്ങള്‍ . പ്രേതം കൂടിയ പോലെ മൂസ ചരഞ്ഞു , നിവര്‍ന്നു ...ആഞ്ഞു,,,കാത്തോളണീ തെയ്യോട്ടുചിറ പാപ്പാ ... പനങ്കുര്‍ശി കാവിലമ്മേ .. തോണിപ്പടികളില്‍ നിന്നും നെഞ്ചു പിടയുന്ന പ്രാര്‍ഥനകള്‍ . നടുപ്പുഴയില്‍ നിന്നും തോണി ഗതി വിലങ്ങി തെക്കോട്ട് തല തിരിച്ചു ...ഇനി ആഴം കുറവാണ് ..പിടിച്ചാല്‍ കിട്ടും ...കുത്തുന്ന കഴുക്കോല്‍ അടിയില്‍ തട്ടുന്നുണ്ട് ..തനിക്കു മുമ്പേ തോണിക്കടവന്മാരായ പറഞ്ഞു കേട്ട ബീരാനെയും , പോക്കറിനെയും മനസ്സിലോര്‍ത്തു ..ഇല്ല തോണി വലം തിരിഞ്ഞിട്ടുണ്ട് ..തല കരക്ക് തന്നെ ,,ആളുകള്‍ നെടുവീര്‍പ്പിടുന്നതു പോലും മൂസ കേട്ടു,,കര പിടിച്ചിരിക്കുന്നു .ബാപ്പ അണയ്ക്കുന്ന നീര്‍ മരുതിന്റെ ചുവട്ടില്‍ അരയ്ക്കു വെള്ളം ഉണ്ട് ..ഇനിയും അടുപ്പിച്ചാല്‍ അടി പാറയില്‍ തട്ടും ..തോണിക്ക് കേടാണ് .. ഇറങ്ങീം ..ഇറങ്ങീം .... ബാപ്പ തോണിപ്പടിയില്‍ തല ചായ്ച്ചു കിടക്കുകയാണ് ..ആളുകള്‍ കയറുന്നു ..തിരിച്ചു തുഴയണം ..ബാപ്പ തുഴയുന്നത് കണ്ടിട്ടേ ഉള്ളൂ ,,,നെറ പുഴ വെള്ളാണ്..തിരിച്ചു തുഴയുമ്പോള്‍ ആദ്യം കിഴക്കോട്ട് കയറ്റണം ..പിന്നെ വടക്ക് പടിഞ്ഞാറ് കൂനം മൂച്ചി കണക്കാക്കി പിടിക്കണം ..രണ്ടു കരിമ്പന ആഴമുള്ള അടിയൊഴുക്കുള്ള കയമാണ് ,,, പുഴ പെണ്ണുങ്ങളെ പോലെ ആടാ ..രണ്ടു സ്വഭാവാ ...കണ്ടറിഞ്ഞു നിക്കണം ...ബാപ്പയുടെ പാഠങ്ങള്‍ മൂസ തിരിച്ചു തുഴഞ്ഞു .തോണിപ്പടിയില്‍ കമിഴ്ന്നു കിടക്കുകയാണ് മമ്മു . തിരിച്ചു ചെത്തല്ലൂര്‍ കടവിലേക്ക് തുഴഞ്ഞു ബാപ്പയെ തോണിയില്‍ നിന്നും കോരിയെടുത്ത് ശങ്കു വൈദ്യരുടെ അടുത്തെത്തികുമ്പോള്‍ വല്ലാതെ തണുത്തു പോയിരുന്നു .ഒന്ന് നോക്കി കണ്ണ് മിഴിപ്പിച്ച് കൈത്തണ്ടയില്‍ വിരലമര്‍ത്തി ശങ്കു വൈദ്യര്‍ മൂസയുടെ മുഖത്തേക്ക് നോക്കി .. ആരാ മകനാണോ .? മൂപ്പര് തുഴച്ചില്‍ മതിയാക്കീരിക്കുന്നു...ച്ചാല്‍ ..ഇനി എനിക്ക് ചെയ്യാന്‍ ഒന്നൂല്യ .. ബാപ്പ തുഴച്ചില്‍ നിര്‍ത്തിയടത്തു നിന്നും കഴുക്കോല്‍ പിടിച്ചതാണ് മൂസ ..അങ്ങിനെ ഇളം പ്രായത്തില്‍..കടത്ത് അങ്ങിനെ നീണ്ടു .കാലം കുറെ കുത്തിയൊലിച്ചു.ചിലപ്പോള്‍ ഒരു നീര്‍ച്ചാല് മാത്രമായി ..പണി തീരെ കുറയുമ്പോള്‍ മൂസ ചൂണ്ടലിടാന്‍ ഇറങ്ങും ..പുഴമീന്‍ കടവില്‍ ഇരുന്നു കച്ചവടം ചെയ്യും ..കൈതോല കൊണ്ട് തഴപ്പായ , ചൂല് ഒക്കെ ഉണ്ടാക്കി വില്‍ക്കും . ബാപ്പ മരിച്ചു രണ്ടു കൊല്ലം തികയുമ്പോള്‍ ആണ് മൂസ ബീവാത്തു വിനെ കെട്ടുന്നത് ..മൂസയുടെ ഭാഷയില്‍ ഓരോ തവണ പുഴ ചോക്കുംപോളും ബീവാത്തു പെറ്റു. അങ്ങിനെ കുട്ടികള്‍ നാലായി ..യൌവ്വനം വിട്ടു നരച്ചു .മുറുക്കി ചവച്ച് പല്ലുകള്‍ കൊഴിഞ്ഞു .കാലം ഒലിച്ചു പോയപ്പോള്‍ മൂസ മൂസാക്കയായി .. കടവും കുറെ മാറി ..കൂനം മൂച്ചിക്ക് താഴെ പടവ് കെട്ടി .പുഴയ്ക്കു കരയില്‍ കൂറ്റന്‍ കിണറുകള്‍ രണ്ടെണ്ണം വന്നു . പമ്പ് ഹൌസ് വന്നു .മുറിയങ്കണ്ണിയില്‍ നിന്നും വെള്ളം പൈപ്പ് വഴി കാവുവട്ടത്തെ ടാങ്കില്‍ നിറച്ച് നാട് മുഴുവന്‍ പൈപ്പ് ഇട്ടു .അങ്ങിനെ പുഴവെള്ളം താഴേക്കോട് വരെ നാടുകാര്‍ കുടിച്ചു . ചെറുപ്പക്കാര്‍ പുതിയ പണി കണ്ടു പിടിച്ചു .പുഴയില്‍ നിന്നും മണല്‍ വാരി കരയത്ത് കൂട്ടും .വലിയ ട്യൂബുകളില്‍ കാറ്റ് നിറച്ച് അത് കൊണ്ട് പുഴയുടെ ഏതു ചുഴികളിലും വരെ മുങ്ങി മണലെടുക്കും. ലോറിക്കാര്‍ വന്ന് കയറ്റിക്കൊണ്ടു പോകും .സാമാന്യം കൂലി കിട്ടാന്‍ തുടങ്ങിയപ്പോള്‍ മണല്‍പ്പണിക്ക് ആള് കൂടി .. .. പുഴയുടെ തുരുത്തുകളില്‍ ചാരായം വാറ്റുന്നവര്‍ . വാഷ് കല്‍ക്കി വക്കലും അടുപ്പുകൂട്ടി ചാരായം വാറ്റലും. ചാരായം വലിയ കാനുകളില്‍ കയര്‍ കെട്ടി കയത്തില്‍ താഴ്ത്തി ഇടും . ഇടപാടുകാര്‍ വരുമ്പോള്‍ കയര്‍ വലിച്ച് കാന്‍ പുറത്തെടുക്കും .ഇടയ്ക്കിടയ്ക്ക് പോലിസും എക്സൈസും കടവില്‍ വരും. ചോദ്യം മൂസയോടാകും .. ഞമ്മകൊന്നും അറിയില്ല സാറമ്മാരെ ..ബാപ്പ കാരണോന്‍മാരായി തോണിക്കടവന്മാരാ ..ഒന്നര ലച്ചം ഉരുപ്പികക്ക് ഈ തോണി ചോദിച്ചു ..ഞമ്മക്ക് പുഴയാ ചോറ് ..ഞാന്‍ ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല . മൂസ ചിരിച്ച് ഒഴിയും .മണല്‍ കടത്തുകാരും വാറ്റുകാരും മൂസയുമായി നിരക്കിലല്ല .പോലിസും എക്സൈസും വരുന്നതൊക്കെ മൂസ ഒറ്റിയിട്ടാണ് എന്നാണു അവരുടെ സംസാരം .കാരണം പല പ്രാവശ്യം മണല്‍ കയറ്റാന്‍ തോണി വിളിച്ചിട്ടും മൂസ പോയിട്ടില്ല ..മൂസ തന്നെ നാട്ടുകാരോട് ഈ വിവരം പറയുകയും ചെയ്യും .. മാളോരെ ഇങ്ങക്ക് കേക്കണോ ..ഇവിടെ ചില പുത്തന്‍ പണക്കാരുണ്ട്..മൂസക്ക് വില പറയാന്‍ ..ഒന്നര ലച്ചം ഉരുപ്പികക്ക് ഈ തോണി ചോദിച്ചു ..എന്തിനാ ..മണല് വാരാന്‍ ...ഞമ്മളെ തോണിക്കടവന്മാരാ ..പുഴയാ ഞമ്മടെ ചോറ് ..അതിമേ തൊട്ടുള്ള കളിയില്ല ഒന്നര ലക്ഷം എന്നതൊക്കെ പുളു ആയിരുന്നെങ്കിലും ആരും മൂസയോട് തിരിച്ചു ചോദിക്കാറില്ല ..കാരണം നിറ വെള്ളത്തിലും എപ്പോ വിളിച്ചാലും തോണി ഇറക്കാന്‍ മൂസ വേണം . അങ്ങിനെയിരിക്കെയാണ് കടവില്‍ പുഴയ്ക്കു പാലം നിര്‍മ്മിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ..ഒരു തിരഞ്ഞെടുപ്പുകാലത്ത് പുഴക്കരയില്‍ സ്റ്റെജുകെട്ടി പ്രസംഗം നടക്കുമ്പോള്‍ മുറിയങ്കണ്ണിയില്‍ ഒരു പാലം ആയിരുന്നു പ്രധാന വാഗ്ദാനം ..പ്രസംഗിക്കാന്‍ വന്ന നേതാവിന് പോകാന്‍ മൂസ തന്നെ തോണി ഇറക്കി..അതുവരെ കടവുകാര്‍ക്ക് പുഴയ്ക്കു ഒരു പാലം എന്ന ചിന്തയേ പോയിരുന്നില്ല . രണ്ടു മൂന്നു ദിവസം പിന്നെ കടവത്ത് ആളുകൂടുമ്പോള്‍ പാലം ആയി ചര്‍ച്ച .തോണിയില്‍ ആള് കയറുമ്പോള്‍ പലരും പാലം പണി കാര്യം എടുത്തിടും ..അപ്പോള്‍ വെളുക്കെ ചിരിച്ച് , ഒന്ന് നീട്ടിത്തുപ്പി മൂസ ഒച്ചയുയര്‍ത്തും പിന്നെ രണ്ടു കരിമ്പന കുണ്ടാ ഇവടെ . ഇവടല്ലേ പാലം വരണത് ..ഇങ്ങക്ക് വല്ലിച്ച കാറ്റുണ്ടോ മൂത്താരെ ..ഇനി പാലം വന്നാ തന്നെ അടുത്ത ഇടവത്തില് അത് പൊയ എടുക്കുകയും ചെയ്യും .. എന്നാലും പാലം വരട്ടെ മൂസാക്കാ ..ഭാരതപ്പുഴക്ക് അടക്കം പാലം ഇല്ലേ ? കരിമ്പുഴക്ക് പാലം വന്നിട്ട് കാലം എത്രായി ..? പാലം വരൂല ..ങ്ങക്ക് പോണങ്കി മൂസെന്റെ തോണി മാത്രം ഇവടെ ണ്ടാകും .. നേതാവ് ജയിച്ചു എം എല്‍ എ ആയി ..രണ്ടു മൂന്ന് കൊല്ലം കഴിഞ്ഞു . ഒരു ദിവസം കടവില്‍ കുറെ ഉദ്യോഗസ്ഥര്‍ എത്തി ..പാലം പണിക്കു പാറയുടെ ബലം നോക്കാന്‍ ..മൂസയുടെ തോണിയില്‍ കയറി അക്കര പോയി ..പല തവണ അങ്ങോട്ടും ഇങ്ങോട്ടും ..മൂസക്ക് അന്ന് കാര്യമായ കടത്ത് അവരെ കൊണ്ടായിരുന്നു .പറഞു പറഞ്ഞു സംഗതി വരാന്‍ പോകുന്നു എന്ന് മൂസക്കും തോന്നി ..അവര്‍ പോയപ്പോള്‍ മൂസ നാട്ടുകാരോട് പറഞ്ഞു .. അതേയ് ഓല്‍ക്കു ഇവിടത്തെ സ്ഥിതി അറിയില്ലാ ..വെറുതെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള വരവാ ..പാലം ഒന്നും ബരൂല ... കാവിലെ പൂരത്തിന് വേലയ്ക്കു വന്ന കുംഭാട്ടക്കാരന്‍ പുഴയില്‍ ഇറങ്ങുമ്പോളും മൂസ ഓര്‍മ്മിപ്പിച്ചിരുന്നു അതേയ് അനക്കു ഇവിടത്തെ സ്ഥിതി അറിയില്ലാ...മോന്ത കഴുകി പോകാന്‍ നോക്ക് കുംഭാട്ടക്കാരന്‍ കേട്ടില്ല ..രണ്ടു ദിവസം കഴിഞ്ഞു കയത്തിനു പടിഞ്ഞാറ് പൊന്തുമ്പോള്‍ കണ്ണുകള്‍ മീനുകള്‍ കൊത്തി തിന്നിരുന്നു .പോലീസ് വന്നു കരക്ക് കൊണ്ട് വരാനും മൂസയുടെ തോണി പിടിച്ചു ..അന്ന് എത്ര തവണ തോണി കഴുകിയിട്ടും മൂസക്ക് തൃപ്തി വന്നില്ല . പിന്നെ എല്ലാം പെട്ടെന്നായിരുന്നു..പുഴയുടെ അക്കരയും ഇക്കരയും ഉള്ള പാറകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പാലം വരാന്‍ പോകുന്നത് .കരക്ക് മുട്ടുന്ന ഭാഗത്ത് രണ്ടു കരയിലും റോഡ് വേണം കായ്ക്കുന്ന തെങ്ങും കവുങ്ങും ഉള്ള പുരയിടങ്ങള്‍ ..പഴയ ഓല മേഞ്ഞ കുടിലുകളില്‍ നിന്നും ഓടിട്ട പുരയിലേക്ക് മാറി അധികം ആയിട്ടില്ല .ജീവിതം തെല്ലൊന്ന് മാറിയിട്ടേയുള്ളൂ. സ്വന്തമായുള്ള ഇത്തിരി മണ്ണ് വിട്ടു കൊടുക്കാന്‍ ഉടമകള്‍ തയ്യാറായില്ല ..ഒരാളുടെ പുരയുടെ മുറ്റത്ത് കൂടി പോകും റോഡ് .. അങ്ങിനെ പാലം പണി ഇത്തിരി പരുങ്ങലില്‍ ആയി . പിന്നെ നിത്യവും ചര്‍ച്ചകള്‍, സന്ധി സംഭാഷണങ്ങള്‍ ..സ്ഥലം വിട്ടു നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കും , കുടിയോഴിപ്പിക്കും എന്ന ഭീഷണി .. പാലം വരും എന്നും പറഞ്ഞു ഉള്ള കൂര പൊളിച്ചാലേ ..പിന്നെ പാലത്തിമ്മേ ഇരുന്നു നാട്ടാരോടു കയ്യ് നീട്ടേണ്ട ഗതിയാകും .. നട്ട് നനച്ചുണ്ടാക്കിയ തെങ്ങും കവുങ്ങും കായ്കറീം ഉള്ള സ്ഥലാ ..കാശ് കിട്ടുംന്ന് കരുതി വിട്ടു കൊടുത്തിട്ട് എന്താകാനാ ..? കാശ് തിന്നാനൊന്നും പറ്റൂലല്ലോ
നാടിന് വരുന്ന വികസനം മുടക്കികള്‍ എന്ന ആക്ഷേപം ഒടുക്കം പാതി മനസ്സോടെ ഉടമകളുടെ സമ്മതം .ഒടുവില്‍ നാട്ടുകാര്‍ സ്ഥലം വിട്ടു കൊടുത്തു .സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കുമെന്ന ഉറപ്പില്‍ ...കുല പിടിച്ച തെങ്ങും കവുങ്ങും മണ്ണുമാന്തികള്‍ പുഴക്കിയിടുന്നത് കണ്ടു നെഞ്ചില്‍ കൈ വച്ചു. റോഡ് വന്നതോടെ തറവാട് വീടും മക്കളുടെ വീടും അപ്പുറവും ഇപ്പുറവും ആയി മാറിയപ്പോള്‍ നാണി മുത്തശി പിരാകി ഒടുക്കത്തെ ഒരു പാലം ..ഞ്ഞിപ്പോ കുട്ട്യോളെ ഒന്ന് കാണണം എങ്കില്‍ റോഡ് മുറിച്ചു പോണം ..സമാധി തറയിലും സര്‍പ്പകാവിലും വിളക്ക് വെക്കണങ്കി ഒരാള്‍ക്കുയരം കേറി പോണം ..കലികാലം കലികാലം
ഇതെല്ലാം നടക്കുമ്പോളും മൂസ അക്കരയിക്കരെ തുഴഞ്ഞു . വെള്ളം കുറഞ്ഞ വേനലില്‍ മണ്ണുമാന്തികള്‍ വന്ന് കര ഇടിച്ച് പുഴയ്ക്കു തൂര്‍ച്ചയിട്ടു..അരിശത്തോടെ ആദ്യം ഇട്ട ഒരു ലോറി മണ്ണിനെ ഒറ്റവലിക്കു കയത്തിലാക്കി ..മൂന്നു ദിവസം മണ്ണും എടുത്ത് ഒഴുകിയ പുഴ നാലാം ദിവസം പോകെ പതുക്കെ കീഴടങ്ങി തുടങ്ങി ..രണ്ടു കരയില്‍ നിന്നും മണ്ണ് കൊണ്ടു വന്ന് തൂര്‍ത്തതോടെ ചുവന്ന മണ്ണിന്റെ ഒരു പാലം പുഴ കടന്നു വന്നു ..നാട്ടുകാര്‍ അതിലൂടെ അക്കര ഇക്കരെ നടക്കാന്‍ തുടങ്ങി ..
പിറ്റേന്നു മുതല്‍ തോണിയില്‍ ആള് കുറവായി തുടങ്ങി ..കടവത്ത് കാത്തു നില്‍ക്കാതെ നാട്ടുകാര്‍ മണ്ണ് പാലത്തിലൂടെ കടന്നു പോകാന്‍ തുടങ്ങി .മൂസയുടെ മനസ്സില്‍ ഒരാന്തല്‍ മലവെള്ളം പോലെ കുത്തിത്തിരിഞ്ഞു . നാട്ടുകാര്‍ അതുവരെ കാണാത്ത പലതരം വണ്ടികള്‍ കടവിലെത്തി ..ജോലിക്കാരുടെ ബഹളം ..ഏറെയും ഹിന്ദിക്കാര്‍ ആണ് ..ആദ്യം പുഴയില്‍ പാലത്തിന്റെ കാലുകളുടെ പണി ..പിന്നെ അതിനു മീതെ കൂറ്റന്‍ സ്ലാബുകള്‍..പുതിയ ഒരു ചായക്കട കൂടി കടവില്‍ വന്നു ..ഹിന്ദിക്കാരുടെ കച്ചവടം കോളായി . കടവില്‍ എപ്പോളും ആളായപ്പോള്‍ അലക്കാനും കുളിക്കാനും വന്നിരുന്ന പെണ്ണുങ്ങളും കുടുക്കിലായി .. ഇതിപ്പോ നമ്മടെ രാജ്യം അല്ലാണ്ടായി മക്കളെ ..നാണി പതം പറഞ്ഞു ..പുഴ വിറ്റ കാശാണ് ഈ പാലം..ഇതിപ്പോ നമ്മടെ പുഴയല്ല .
നാല് മാസം കൊണ്ട് പാലം വാര്‍പ്പ് കഴിഞ്ഞു . പാലത്തിന്റെ വീതിയില്‍ രണ്ടു ഭാഗത്ത് നിന്നും പാലത്തിലേക്ക് റോഡു വെട്ടിയതോടെ ചെറിയ വണ്ടികള്‍ വരെ അക്കരെ ഇക്കരെ പോയി തുടങ്ങി. തോണിക്ക് കൂക്കുന്നത് കടവില്‍ കേള്‍ക്കാണ്ടായി ..കൂനന്‍ മൂച്ചിക്ക് കീഴെ രാവിലെ തോണിയുമായി വന്നിരിക്കുന്ന മൂസക്ക് മുറുക്കാന്‍ വാങ്ങാന്‍ പോലും കൂലി കിട്ടാതായി ..എന്നാലും ഇടയ്ക്കിടെ ഒരു കൂക്ക് കേള്‍ക്കുന്ന പോലെ തോന്നി മൂസ തല ഉയര്‍ത്തും ..വെറ്റില വില്‍ക്കാന്‍ വരുന്ന മൂത്താര് മാത്രം മൂസയെ വിളിക്കും ..അയാളെ ഒറ്റയ്ക്ക് കയറ്റി വരുമ്പോള്‍ മൂത്താരും മൂസയും ഒന്നിച്ച് പാലത്തിലേക്ക് നോക്കും ..
എന്താ മൂത്താരെ നോക്കണത്..? ഇത് വന്നെ പിന്നെ പത്തുരുപ്പിക മൂസ തികച്ചു കണ്ടിട്ടില്ല ...ബാപ്പ കാരണോന്‍മാരായി തോണിക്കടവന്മാരാ ...ഇനിയിപ്പോ ഒക്കെ നിര്‍ത്താറായി തോന്നുന്നു.. കാലം വല്ലാത്ത വരവാ മൂസാക്കാ ...ഞാന്‍ എന്നാലും കടവത്ത് വരും ..ഞാന്‍ ഈ പണി നിര്‍ത്തുന്ന വരെ മൂസ വിളിച്ചാ വരണം.. ഒരുദിവസം വൈകിട്ട് പനിക്കുവന്ന ബീഹാറികള്‍ക്ക് തോന്നിയ ഒരു കുസൃതി .കൂനന്‍ മൂച്ചിക്ക് താഴെ കെട്ടിയിടിരുന്ന തോണി അവര്‍ വെള്ളത്തില്‍ ഇറക്കി ..അവര്‍ക്കിഷ്ടമുള്ളത് പോലെ പുഴയില്‍ തലങ്ങും വിലങ്ങും തുഴഞ്ഞു ..ആരോ പറഞ്ഞു കടവിലെത്തിയ മൂസ ബാധ കയറിയ വെളിച്ചപ്പാടായി ..ഉടുത്ത മുണ്ടില്‍ പുഴയിലേക്ക് ചാടി നീന്തി അപ്പുറത്ത് മണ്ണുതിട്ടയില്‍ ഉരുസി നിര്‍ത്തിയ തോണിയില്‍ എത്തി ..ചെറിയ തുഴ എടുത്തു ഹിന്ദിക്കാരെ തലങ്ങും വിലങ്ങും പൂശി .. ഭായി ഭായി വിളികള്‍ നായിന്റെ മക്കളെ ..ഇതുംമേ എങ്ങാനും മേലാ തൊട്ടാല്‍ അന്റെ കൈ ഞമ്മള് വെട്ടും ...തോണിക്കടവന്‍ മൂസേന് പറയണേ ..ഓര്‍ത്തു കളിച്ചാളണ്ടാ, അടികിട്ടി പുറം പൊളിഞ്ഞ ഹിന്ദിക്കാര്‍ പുഴയിലെ ആറ്റുവഞ്ചി ക്കാടിലൂടെ ഓടി അപ്പുറം കയറി .. അവറ്റൊള്‍ക്ക് അങ്ങിനെ തന്നെ വേണം ..മിനിഞ്ഞാന്ന് തെങ്ങിന്റെ ചോട്ടില്‍ വീണ തേങ്ങ അവറ്റ ഒന്ന് ചോദിക്കും കൂടെ ചെയ്യാതെ എടുത്തു കൊണ്ട് പോയൊരാ ...നാണി മൂസയെ പിന്താങ്ങി ഈ കാക്കയ്ക്ക് ഇതെന്തിന്റെ കേടാ ..അവറ്റകള്‍ക്ക് തോണി കണ്ടപ്പോള്‍ ഒന്ന് തുഴയണം എന്ന് തോന്നിക്കാണും...അതിനാ ഈ പുകിലൊക്കെ .. തോണി പഴയ സ്ഥാനത്ത് ഉറപ്പിച്ച് കെട്ടുമ്പോ മൂസ എല്ലാരും കേള്‍ക്കാന്‍ പാകത്തില്‍ കയര്‍ക്കുന്നുണ്ടായിരുന്നു ..
ഒന്നര ലച്ചം ഉരുപ്പികക്ക് ചോദിച്ചിട്ട് കൊടുത്തിട്ടില്ലാ ...മറ്റുള്ളോരു അരി വാങ്ങാന സാധനം കൊണ്ടാ ഓന്റെ കളി ..കെട്ടി പോയെ താഴ്ത്തും ഇനി ഇതുംമേ തൊട്ടാല്‍
അക്കുറി അക്കരെ നിന്നും പൂരത്തിനുള്ള വേലകള്‍ വന്നത് പാലത്തിലൂടെ ആയിരുന്നു .തിറയും പൂതനും. ആനയും ചെണ്ട മേളവും പാലം കടന്നു ഇക്കരെ എത്തിയപ്പോള്‍ ആര്‍പ്പു വിളിയുടെ പൊടിപൂരം ആയിരുന്നു കടവില്‍ . അതിലേറെ ഘോഷമായി പാലത്തിന്റെ ഉത്ഘാടനം...മുഖ്യമന്ത്രി തന്നെ വന്നുള്ള ഉത്ഘാടനത്തിനു നോട്ടിസ് അടിക്കുമ്പോള്‍ നാട്ടിലെ ചെറുപ്പക്കാര്‍ ആരൊക്കെയോ പറഞ്ഞു മൂസാക്കയുടെ പേരും വച്ചു ...കാലങ്ങളോളം കടത്ത് തുഴഞ്ഞ തോണി മൂസക്ക് ആദരം ..
മറ്റൊന്റെ അന്നം മുട്ടിച്ചിട്ട് ഇനി സമ്മാനം തരാഞ്ഞിട്ടാ . ഞാന്‍ ഒന്നും വാങ്ങുല.. നമ്മള് കൊറേ കാലം ഈ പോയെം കൊണ്ട് കഞ്ഞി കുടിച്ചു ..അതന്നെ പെരുത്ത സമ്മാനം ..മൂസ കുലുങ്ങിയില്ല ബലം പിടിച്ച മൂസ അയഞ്ഞത് ..പരിപാടിയുടെ ചുക്കാന്‍ പിടിക്കുന്ന ഇളയ മകന്‍ സിദ്ധി നിര്‍ബന്ധിച്ചപ്പോള്‍ ആണ് .. ഒന്നുല്ലെങ്കി ഇന്റെ മനുസാ ..ങ്ങള് എത്ര കാലം തുഴഞ്ഞ പൊഴേന്റെ പേരില്‍ കിട്ടണ സമ്മാനം അല്ലേ..അതും മന്ത്രീന്റെ കയ്യില്‍ നിന്നും ..ബീവാത്തുവിന്റെ ശിപാര്‍ശയും .. പാലം തുറക്കുന്നതിനു തലേന്നു ടി വി ക്കാരും പത്രക്കാരും കടവില്‍ വന്നപ്പോള്‍ മൂസയുടെ പടം പിടിച്ചു ..അവര്‍ക്ക് വേണ്ടി തോണി കുറെ കാലത്തിനു ശേഷം വെള്ളത്തില്‍ ഇറക്കി ..വെയില് കൊണ്ട് വല്ലാതെ അകന്ന അടിപ്പലകയുടെ വിടവിലൂടെ പുഴ തോണിയിലേക്ക് കയറി വന്നു മൂസയുടെ കാലില്‍ മുട്ടി. പിറ്റേന്ന് മൂസയുടെ പടമുള്ള വാര്‍ത്ത മൂസ കടവത്ത് നാട്ടുകാര്‍ വായിച്ചു കേട്ടു..ഒന്നമര്‍ത്തി മൂളി മൂസ അവിടെ നിന്നും എഴുനേറ്റു പോയി . വേദിയില്‍ കുളിച്ചു വെള്ളക്കുപായത്തില്‍ അത്തറ് പൂശി മൂസ ഇരുന്നു . സമ്മാനം വാങ്ങുമ്പോള്‍ ഊറി വന്ന കണ്ണീര്‍ ആരും കാണാതെ തുടച്ച്..കൂനം മൂച്ചിക്ക് താഴെ കെട്ടിയിട്ട തോണിയില്‍ പോയിരുന്നു മുറുക്കി പുഴയിലേക്ക് തുപ്പി . പിറ്റേന്ന് മുതല്‍ പാലത്തിലൂടെ ചെര്‍പ്പുളശെരിക്കും , പാലക്കാട്ടേക്കും സര്‍ക്കാര്‍ ബസ്സുകള്‍ ഓടിത്തുടങ്ങി ..പാലത്തിലൂടെ ഓട്ടോ റിക്ഷകള്‍ തിരക്ക് പിടിച്ചു പാഞ്ഞു ..നാട്ടുകാര്‍ മൂസയെ പതുക്കെ മറന്നു തുടങ്ങി ..കൂനന്‍മൂച്ചിക്ക് താഴെ തോണി ഒറ്റയ്ക്ക് വെയില് കാഞ്ഞു , മഞ്ഞു കൊണ്ടു..മഴ നനഞ്ഞു ..മൂസ കടവിലേക്ക് വരുന്നത് വല്ലപ്പോഴുമായി .വന്നാല്‍ തന്നെ കടവിലെക്കിറങ്ങാതെ പുതുതായി പൊട്ടിമുളച്ച കൂള്‍ ബാറിനു മുമ്പിലെ കസേരയില്‍ ഒന്നിരിക്കും ..പൊറുതി കിട്ടാതെ എഴുനേറ്റു പോകും കനത്തു പെയ്ത മഴയില്‍ കരിയിലകള്‍ ഒന്നാകെ ഒലിച്ചു വന്നപ്പോള്‍ പഴമക്കാര്‍ പറയാന്‍ തുടങ്ങി.. മലേല് മഴ പിടിച്ചിട്ടുണ്ട് ...പെരുവെള്ളം വരാന്‍ സാധ്യത ഉണ്ട് .. പറഞ്ഞ പോലെ കാണെ കാണെ വെള്ളം പൊന്തി ..കലങ്ങി ചുവന്നു ആര്‍ത്തിരമ്പി പെരുവെള്ളം. അന്നൊരു വെള്ളിയാഴ്ചയായിരുന്നു ...ഇരുകരയും മുട്ടി മറിയുന്ന മുറിയങ്കണ്ണിപ്പുഴ ..പാലത്തില്‍ പുഴ കാണാന്‍ സ്ഥാനം പിടിച്ചു നാട്ടുകാര്‍ .. മാസങ്ങള്‍ മുമ്പേ കൂനന്‍ മൂച്ചിക്കു കെട്ടിയിട്ടിരുന്ന തോണി മൂസാക്ക അഴിച്ചു ..തുഴ എടുത്തു ഒന്നുഴിഞ്ഞു ..ഒരു കഷണം പുകയില കൂടി വായിലേക്ക് തള്ളി ..ആഞ്ഞെന്നു മുറുക്കി ..നിറവെള്ളത്തിലേക്ക് തോണിയിറക്കിയ മൂസാക്കയെ കണ്ടു ജനം പാലത്തില്‍ നിന്നും കൂവി .. ഇയാക്കിതെന്തിന്റെ പ്രാന്താ .. മലവെള്ളം വരുന്നതാ കാക്കായീ ..ഇടങ്ങേറാക്കല്ലേ..പഴേ കാലല്ല,, മൂസ ഒന്നും കേള്‍കുന്നുണ്ടായിരുന്നില്ല.. കലങ്ങി മറിയുന്ന വെള്ളം ..എന്തൊക്കെയോ കാട്ടുപൊന്തകള്‍ കട പറിഞ്ഞു ഒഴുകി വരുന്നുണ്ട് ..നടുപ്പുഴയായി ..തുഴ കൊണ്ട് എന്തോ ഒരു മറിമായം ..തോണി ഒന്നാടി ഉലഞ്ഞു തുഴ വലിച്ചെറിഞ്ഞു മൂസ വെള്ളത്തിലേക്ക് എടുത്തു ചാടി ...തോണി ഒന്ന് ചാഞ്ചാടി ..പുഴ തോണിയിലെക്ക് കയറി..തോണി വെപ്രാളത്തോടെ ഒന്നു രണ്ടാവൃത്തി മുങ്ങിത്താണു ..പിന്നെ അമ്മയുടെ മാറില്‍ ചായുറങ്ങുന്ന കുഞ്ഞിനെ പോലെ പുഴയോട് കമിഴ്ന്നു കിടന്നു .പാലത്തിനു ചുവട്ടിലൂടെ കോണ്ക്രീറ്റ് തൂണുകളെ തൊട്ടുരുമ്മി പടിഞ്ഞാട്ട് ഒഴുകി . ചതിച്ചല്ലോ മൂസാക്കാ ...നാട്ടുകാര്‍ ഒന്നാകെ നിലവിളിച്ചു ..മൂസയെ പലവട്ടം പുഴ അമ്മാനമാടി .... പിന്നേ മൂസാനോടല്ലേ അന്റെ മായം മറിച്ചില്... മൂസ പുഴയെ വാശി പിടിപ്പിച്ചു ..പിന്നെ പുഴയും മൂസയും തമ്മിലുള്ള പയറ്റ്..പതിവുപോലെ പുഴ തോറ്റ് നാണം കെട്ടു..മൂസ കൂനമ്മൂച്ചിയുടെ താഴെ തലപൊന്തിച്ചു..കരയിലേക്ക് പിടിച്ചു കയറി ..പിന്നെ ചവിട്ടു വഴിയിലൂടെ കവുങ്ങിന്‍ തോട്ടത്തിലേക്ക് നെഞ്ചും വിരിച്ചു നടന്നു .. മൂസാക്കാ ..നാട്ടുകാര്‍ നീട്ടി കൂവി .. മൂസ മറുകൂക്ക് കൂക്കി. നനഞ്ഞു കുളിച്ച മൂസ അരയില്‍ കെട്ടിയ ചോപ്പന്‍ തോര്‍ത്ത് എടുത്ത് പിഴിഞ്ഞു..തലയില്‍ കെട്ടി ഉറപ്പിച്ചു .പാലത്തില്‍ നാട്ടുകാരുടെ ഒപ്പം പുഴ കാണാന്‍ നിന്നു..പാലത്തിന്റെ അപ്പുറം തോണി ഒരു പൊട്ടുപോലെ കമിഴ്ന്നു കാണുന്നത് ചൂണ്ടി മൂസ പറഞ്ഞു .. ഓനെ കിട്ടീത് ഈ നടുപ്പോഴെന്നാ ...ഒന്നര ലച്ചത്തിനു ചോയ്ച്ചിട്ടും ഞമ്മള് കൊടുത്തിട്ടില്ലാ ..ഓനെ ഈ പൊയെന്നെ എടുത്തോട്ടെ .. താഴെ മണ്ണാത്തിക്കടവില്‍ നിന്നും ചെക്കന്മാര്‍ ആരൊക്കെയോ ചേര്‍ന്ന് തോണി പുഴയില്‍ നിന്നും കയറ്റി എന്നും അതിപ്പോള്‍ മണല് കോരാന്‍ പോകുന്നുണ്ടെന്നും രണ്ടു ദിവസം കഴിഞ്ഞു കേട്ടപ്പോള്‍ മൂസാക്ക ഒന്നും മിണ്ടാതെ പുഴയില്‍ നിന്നും ഒരു പൊത്ത് വെള്ളം എടുത്ത് മുഖം ഒന്നമര്‍ത്തി കഴുകി പാലത്തിലേക്ക് കുറെ നേരം നോക്കി നിന്നു ..എവിടെന്നോ ഒരു കൂക്ക് കേട്ട പോലെ .. ശിവപ്രസാദ് പാലോട്
2018 മാർച്ച് 1, വ്യാഴാഴ്‌ച
വീട്ടുകണക്ക്
അവൻ ഹോം വർക്ക്
ചെയ്തിട്ടില്ലായിരുന്നു
വേറെയും കുറ്റവാളികൾ,
പിടികിട്ടാപ്പുള്ളികൾ വരെയുണ്ട് .
നിരത്തി നിർത്തി
ചോദ്യം ചെയ്യുകയാണ്
അവന്റെ ഊഴമെത്തിയപ്പോൾ
ഒരു പൊട്ടിക്കരച്ചിലായിരുന്നു
എനിക്ക് ഉമ്മാനെ ഓർമ്മവര്വാണ് ടീച്ചറേ,
ഉമ്മാനെ കാണാൻ തോന്ന്ണ് ടീച്ചറേ..
ഒരാശ്വാസത്തിന് അവനെന്റെ കയ്യിൽ കയറിപ്പിടിച്ചു.
കള്ളൻമാർ ആരും ഇതുവരെ കുറ്റം സമ്മതിച്ച ചരിത്രല്ല... ഇവൻ തന്നെ സെന്റിമെൻറ് ആക്കി രക്ഷപ്പെടാനുള്ള ശ്രമമാണോ..?
അതേയ് ടീച്ചറേ... ഓന്റമ്മ തെറ്റിപ്പൊയ്ക്കാ.. ഓന്റുപ്പാനോട്.. പത്തീസായി... ഓനെപ്പോളും പറയും ടീച്ചറെ ഉമ്മാനെ കാണണംന്ന്... ഉമ്മാനെ കാണണംന്ന്... ഓന് ഭയങ്കര സങ്കടാ ടീച്ചറെ..ഓനതാ ഹോം വർക്ക് ചെയ്യാത്തെ ടീച്ചറെ..
അടുത്ത ഊഴക്കാരനായ കൊടുംഭീകരന്റെ ജാമ്യാപേക്ഷ..
അവൻ പിന്നെയും വിതുമ്പുന്നു..
ടീച്ചർ ഒന്നു പറയ്യോ ഉമ്മാനോട് തിരിച്ചു വരാൻ... നിക്ക് ഉമ്മാനെ കാണാതിരിക്കാൻ പറ്റാഞ്ഞിട്ടാ ടീച്ചറേ..
ടീച്ചറ് വിളിക്കാട്ടോ... ഉമ്മാനെ ഇന്നെന്നെ വിളിക്കാം... കരയണ്ട ട്ടോ..
വിചാരണ നിർത്തി കസേരയിലേക്ക് മടങ്ങുമ്പോൾ അവൻ പിന്നെയും അടുത്തെത്തി...
ടീച്ചറെ... ശരിക്കും ഉമ്മാനെ വിളിക്കില്ലേ... ടീച്ചറ് വെറുതെ പറഞ്ഞതല്ലല്ലോ. ടീച്ചറ് വീട്ടിപ്പോയാ മറക്വോ..?
അവൻ എനിക്ക് തന്ന ഹോം വർക്ക് എങ്ങനെ ചെയ്തു ശരിയാക്കും എന്നാലോചിച്ച് എനിക്ക് ഉത്തരം മുട്ടി. ചില വഴിപിരിഞ്ഞ വീട്ടു കണക്കുകൾ .
ശിവപ്രസാദ് പാലോട്
2018 ഫെബ്രുവരി 27, ചൊവ്വാഴ്ച
ടാര്‍ജറ്റ്
കുറച്ചു ദിവസത്തെ ഇടവേളക്കു ശേഷം അവൾ ഇന്ന് ജോലിക്കിറങ്ങിയതായിരുന്നു . അച്ഛന്റെ മരണശേഷം കുറെ ദിവസങ്ങള്‍ അവധിയിലായിരുന്നു . ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ബന്ധുക്കള്‍ ഒക്കെ പിരിഞ്ഞു പോയപ്പോള്‍ അമ്മ തന്നെയാണ് അവളോട് ചോദിച്ചത്
മോള്‍ ഇനി ജോലിക്ക് പൊയ്ക്കോളൂ ...കുറെ ദിവസം ലീവ് ആയാല്‍ പിന്നെ ചെന്നാല്‍ അവര്‍ എടുത്തില്ലെങ്കിലോ ..
അമ്മ ചോദിച്ചതിനും കാരണമുണ്ട് . അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ പുകച്ചില്‍ നില്‍ക്കുന്ന അടുപ്പാണ് അമ്മയുടെ നെഞ്ചില്‍ അപ്പോള്‍ എരിഞ്ഞിട്ടുണ്ടാകുക.അമ്മയുടെ കണ്ണില്‍ നഗരത്തിലെ പ്രമുഖ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ അസിസ്റ്റന്റ് ബിസിനസ് മാനെജര്‍ ആണല്ലോ അവള്‍ . ആ വിശ്വാസം അങ്ങിനെ തന്നെ ഇരിക്കാന്‍ അവള്‍ ഏറെ സൂക്ഷിച്ചു പോന്നിരുന്നു . വാക്കിലും നോക്കിലും .
പിറ്റേന്ന് രാവിലെതന്നെ തിടുക്കത്തില്‍ ഒരുങ്ങി വീണ്ടും ജോലിസ്ഥലത്തേക്ക് . ബാഗില്‍ കുത്തിനിറച്ച നിറം മങ്ങിയ ചുരിദാറുകള്‍ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് , കവിളില്‍ ഉരുണ്ടു കൂടി താഴേക്കൊഴുകുന്ന മഹാനദിയില്‍ മുക്കി തുവരാനിട്ട് ആരോടും യാത്രപറയാതെ ബസ് സ്റൊപ്പിലേക്ക് നടക്കുമ്പോള്‍ തെക്കേ തൊടിയിലെ ചുവന്ന മണ്ണിലേക്ക് ഒന്നെത്തിപ്പാളി നോക്കി . കുറെ കാലത്തെ വലിവിന്റെ ക്ഷീണം മാറ്റാന്‍ അച്ഛന്‍ അവിടെ സ്വസ്ഥമായി ഉറങ്ങുകയാണ് .
പത്രത്തിലെ പരസ്യം കണ്ടാണ് അവള്‍ ജോലിക്ക് അപേക്ഷിക്കുന്നത് .
പ്രമുഖ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ മാനെജര്‍ മാരുടെ ഒഴിവുണ്ട് . താമസം ഭക്ഷണം യാത്ര ബത്ത , ആദ്യം ട്രെയിനിംഗ് .മികവിനനുസരിച്ച് ആറു മാസത്തിനുള്ളില്‍ പ്രമോഷന്‍ . ഇന്റര്‍വ്യൂവിനു മൂന്നാലു ബസ്സുകള്‍ മാറിക്കയറി കിതച്ചാണ് എത്തിയത് . ആദ്യമായാണ് ഒരു ഇന്റെര്‍വ്യൂ .സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന ആളുടെ മുഖത്ത് അനാവശ്യമായ ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ ഒരാന്തല്‍ വരാതിരുന്നില്ല .അത്രയ്ക്ക് ആവശ്യമായിരുന്നല്ലോ ജോലി . അച്ഛന്റെ ചികിത്സ , താഴെയുള്ള മൂന്നാളുടെ പഠിത്തവും ചിലവുകളും . കണ്ണാടി നോക്കുമ്പോള്‍ തനിക്കു ഒരു വണ്ടിക്കാളയുടെ ഛായ തോന്നിത്തുടങ്ങിയിട്ട് ഏറെ നാളുകള്‍ ആയി . കേട്ടിട്ടുണ്ട് ചെറുപ്പത്തില്‍ അച്ഛന് പണ്ട് കാളവണ്ടി ഉണ്ടായിരുന്ന കഥ.
ചെയ്യേണ്ട ജോലി അയാള്‍ വിശദീകരിക്കുമ്പോള്‍ ലോകത്തിലെ എല്ലാ നിര്‍വികാരതകളും ഒന്നിച്ചൊരു സമുദ്രമായി മനസ്സില്‍ ആവാഹിക്കുന്നതില്‍ അവള്‍ വിജയിച്ചിരുന്നു . താനിനി ഒരു ഡോര്‍ ടു ഡോര്‍ സെയില്‍സ് ഗേള്‍ ആണ് . വീടുകള്‍ തോറും സാധനങ്ങള്‍ നടന്നു വില്‍ക്കണം . കമ്പനി പറയുന്ന ടാര്‍ജറ്റ് തികക്കും വരെ .അത് കഴിഞ്ഞാല്‍ പിന്നെ മാനെജര്‍ . സമ്മതമാണെങ്കില്‍ ജോയിന്‍ ചെയ്യാം . താമസം കമ്പനി ഏര്‍പ്പെടുത്തുന്ന റൂമില്‍ .
തനിക്കു ജോലി കിട്ടാന്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചിരിക്കുന്ന നാല് ജോഡി കണ്ണുകളെ ഓര്‍ത്തപ്പോള്‍ എങ്ങിനെ സമ്മതിതിക്കാതിരിക്കും .തിരിച്ചു മടങ്ങിച്ചെന്നപ്പോള്‍ അവരെ സങ്കടപ്പെടുത്താതിരിക്കാന്‍ ചെയ്യേണ്ട ജോലിയുടെ വിവരങ്ങള്‍ അവരോടു പറഞ്ഞില്ല . അടുത്ത ദിവസം തന്നെ കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്തു . ഒരു വീടാണ് താമസസ്ഥലം .അവിടെ ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന കുറെ പേര്‍ . തിക്കും തിരക്കും തന്നെ . പുതിയ ഒരാള്‍ കൂടി ചെല്ലുമ്പോള്‍ ഉണ്ടാകുന്ന എല്ലാ മുറുമുറുപ്പുകളും തെളിഞ്ഞു കത്തുന്ന കണ്ണുകള്‍ . എങ്കിലും രണ്ടു ദിവസം കൊണ്ട് അവരില്‍ ഒരാള്‍ ആയി മാറിയപ്പോള്‍ എല്ലാവരും ഒരേ നൂല്‍ക്കമ്പിയില്‍ കൂടി തന്നെ നടക്കുന്നവര്‍ . അവരാരും ഇതുവരയൂം മാനേജര്‍ ആയിട്ടില്ല . വര്‍ഷങ്ങള്‍ ആയി ജോലി ചെയ്യുന്നവര്‍ ഉണ്ട് . ഓരോ ഇടവേളകളില്‍ കമ്പനി വയ്ക്കുന്ന ടാര്‍ജറ്റ് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ട്രെയിനികള്‍ ആയി ഇപ്പോഴും തുടരുന്നവര്‍ .അല്ലെങ്കിലും ജീവിതം എന്ന് പറയുന്നത് തന്നെ ഒരു ട്രെയിനിംഗ് പിരിയഡ് ആണല്ലോ ..ആരാണ് ഇന്നുവരെ അതിന്റെ മാനേജര്‍ ആയിട്ടുള്ളത് ?
കുറെ പ്രോഡക്ട്സ് ഉണ്ട് കമ്പനിക്ക്. പ്ലാസ്റിക് മേശവിരി , ചൂടാറാപ്പാത്രം , നോണ്‍ സ്ടിക് അപ്പച്ചട്ടി , ഫൈബര്‍ പിടിയിട്ട പപ്പടം കുത്തി , ആവിപിടിക്കാനുള്ള പാത്രം , പച്ചക്കറി അരിയാനുള്ള യന്ത്രം മുതല്‍ ചായപ്പൊടി , കാപ്പിപ്പൊടി വരെ . ഓരോ വീട്ടിലും പയറ്റെണ്ട തന്ത്രങ്ങള്‍ക്കു പരിശീലനം ഉണ്ട് . വന്‍കിട കമ്പനി ഉല്‍പ്പന്നങ്ങളുടെ പ്രചരണത്തിനായി നേരിട്ട് വീടുകളില്‍ എത്തുകയാണ് . എല്ലാം വിലക്കുറവില്‍ . വിലകൂടിയ ചരക്കെ ആദ്യം പരിചയപ്പെടുത്താവൂ . അപ്പോഴേ ടാര്‍ജറ്റ് വേഗം തികയൂ .അതില്‍ വീണില്ലെങ്കില്‍ അടുത്തത് . ഏതെങ്കിലും ഒന്ന് എടുപ്പിക്കാതെ മടങ്ങരുത് . അതിനു എന്ത് മാര്‍ഗവും സ്വീകരിക്കാം . തങ്ങളുടെ കദനകഥകള്‍ മുതല്‍ കണ്ണീരും പുഞ്ചിരിയും കടാക്ഷവും വരെ ചൂണ്ടകള്‍ ആണ് . വില കൂട്ടിപ്പറഞ്ഞു കമ്പനിയുടെ ഓഫര്‍ ആയി പറഞ്ഞു കുറച്ചു കൊടുക്കണം . മൊത്തം വില്‍പ്പനയുടെ നാല് ശതമാനം കമ്മിഷന്‍ . കച്ചവടം കൂടിയാല്‍ കമ്മിഷന്‍ കൂടും. ആരെയും വശീകരിക്കുന്ന പുഞ്ചിരിയും സംസാരവും ആണ് ഒന്നാം പാഠം. പുരുഷന്മാരെ ചിരിച്ചും സ്ത്രീകളെ കരഞ്ഞും സ്വാധീനിക്കണം. വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ കൊഞ്ചിക്കണം. കച്ചവടത്തിന്റെ നൂറ്റിയെട്ടു വിജയമന്ത്രങ്ങള്‍ എന്ന കമ്പനി കൈപ്പുസ്തകം ഒഴിവുള്ളപ്പോള്‍ ഒക്കെ എഞ്ചുവടി പോലെ ജപിക്കണം
വലിയ ബാഗ് മുതുകത്തും , ചെറിയ രണ്ടെണ്ണം കൈകളിലും ആയി ഉള്ള നടത്തം ആദ്യം ഭാരമായിരുന്നു . സ്കൂളില്‍ പഠിപ്പിക്കുമ്പോള്‍ അമ്മിണി ടീച്ചര്‍ നിത്യാഭ്യാസി ആനെയെ എടുക്കും എന്ന ശൈലി നിരവധി തവണ വിശദീകരിച്ചിരുന്നതിനാല്‍ പിന്നീട് എല്ലാം ഭാരം കുറഞ്ഞു .അല്ലെങ്കിലും ജീവിതം വലിക്കുന്ന വണ്ടിക്കാളക്ക് അതിന്റെ തന്നെ ദേഹം ഒരു ഭാരം അല്ലല്ലോ
ഒരാഴ്ച കഴിഞ്ഞു നാട്ടില്‍ പോകുമ്പോള്‍ കമ്മിഷന്‍ തുകയില്‍ നിന്നും തന്നെ വില പിടിച്ചു കമ്പനി നല്‍കിയ ഉപഹാരങ്ങള്‍ മാനേജര്‍ കയ്യില്‍ തന്നു .ആദ്യം വീട്ടില്‍ പോകുകയല്ലേ .വീട്ടുകാര്‍ സന്തോഷിക്കട്ടെ .ശരിയായിരുന്നു .മാനേജര്‍ ആയി നഗരത്തില്‍ ജോലി ചെയ്യുന്ന മകള്‍ ആദ്യവരവില്‍ കൈ നിറയെ സാധനങ്ങള്‍ കൊണ്ട് വന്നപ്പോള്‍ അവരുടെ മുഖത്തെ സന്തോഷത്തിനു പകരം വച്ചത് വിണ്ടു പൊട്ടിപ്പോയ തന്റെ കാലുകളുടെ വേദനകള്‍ തന്നെ ആയിരുന്നല്ലോ . ചീന്തിപ്പോയ ശീലക്കുടയുടെ കമ്പി വലിച്ചെരിഞ്ഞു അമ്മ ആദ്യമായി ഹൈറ്റെക് പപ്പട് പിക്കര്‍ കൊണ്ട് പപ്പടത്തിന്റെ പൊള്ളങ്ങളില്‍ കുത്തിയെടുത്തു. അച്ചന്‍ കിടക്കുന്നത് ഇപ്പോള്‍ കമ്പനിയുടെ പൂക്കള്‍ വരച്ച ബെഡ് ഷീറ്റില്‍ . ആവി പിടിക്കുന്ന യന്ത്രത്തില്‍ നിന്നും മുഖമുയര്‍ത്തി നല്ല സുഖമുണ്ട് മോളെ എന്ന് എന്ന് അച്ഛന്‍ ചുമച്ചു പറഞ്ഞപ്പോള്‍ ലോകം പിടിച്ചടക്കിയപോലെ. കുട്ടികള്‍ ഇലട്രിക് ബാറ്റു കൊണ്ട് കൊതുകളെ വേട്ടയാടുകയായിരുന്നു . വലിച്ചു കൊണ്ട് വന്നിട്ട ഭാരത്തെ നിര്‍നിമേഷം നോക്കി നില്‍ക്കുന്ന വണ്ടിക്കാളക്കു കണ്ണ് എരിയുന്നുണ്ടായിരുന്നു.. ബാക്കിയുണ്ടായിരുന്ന തുക അച്ചനു മരുന്നു വാങ്ങാനും വീടുചിലവിനും കൊടുത്ത് തിരിച്ചു വണ്ടി കയറുമ്പോള്‍ വണ്ടിയില്‍ നിന്നും അല്പം മാറ്റിക്കെട്ടി വിശപ്പിനെ അയവെട്ടി മറന്നു കിടക്കുന്ന കാള വല്ലാതെ ഉള്ളില്‍ കിതച്ചു .ഇടയ്ക്കു വീട്ടില്‍ നിന്നും വിളിക്കുമ്പോള്‍ താമസസ്ഥലത്തെ സൌകര്യങ്ങളെ കുറിച്ചു വാചാലയായി . എല്ലാരും കൂടി ചേര്‍ന്നുണ്ടാക്കുന്ന കഞ്ഞി ഊതിക്കുടിക്കുംപോള്‍ രുചിയെ കുറിച്ച് വര്‍ണ്ണിച്ചു .പിന്നെ ഉറക്കം വരുന്നത് വരെ കരഞ്ഞു .അപ്പോള്‍ എല്ലാറ്റിനും ഒരു സമാധാനം പോലെ . ഇരുട്ടിലാണ് കരയാന്‍ സുഖം. അപ്പോള്‍ അദൃശ്യമായ കൈകള്‍ വന്നു കവിളുകളെ തലോടി ഉറക്കിക്കളയും .
ഓരോ ദിവസവും ഓരോ ഇടങ്ങളിലാണ് ബിസിനസ് പ്രമോഷന്‍ .അപരിചിതമായ വഴികളിലൂടെ നടക്കുമ്പോള്‍ പേടി ഉറുമ്പടക്കം കെട്ടിപ്പിടിച്ചു. കാലുകള്‍ ആരോ കീ കൊടുത്ത യന്ത്രം പോലെ ചലിച്ചു കൊണ്ടേയിരുന്നു .ടാര്‍ജറ്റ് തികക്കണം . ബാഗില്‍ നിന്നും സാധനങ്ങള്‍ എടുക്കുമ്പോള്‍ ചില വീട്ടില്‍ നിന്നും കൊത്തിവലിക്കുന്ന കണ്ണുകള്‍ കണ്ടില്ലെന്നു നടിച്ചു ചിരിച്ചു . അകത്തേക്ക് ക്ഷണിക്കുന്ന ചിരികളില്‍ ഒരു വരാല്‍ മീനിന്റെ വഴക്കത്തോടെ നീന്തി മാറി .അടുക്കളപ്പുറങ്ങളില്‍ കണ്ണീരിന്റെ മേമ്പൊടിയോടെ വിലപേശി .ചൂളം വിളികളോടും , ദ്വയാര്‍ത്ഥ കുശലങ്ങളോടും എതിരൊന്നും പറഞ്ഞില്ല . കൈപ്പുസ്തകത്തില്‍ മുഖം കറുപ്പിക്കല്‍ നിശിതമായി വിലക്കിയിരുന്നു . വണ്ടിക്കാളക്ക് ഇടം വലം കണ്ണുപാടില്ല . അത്രയ്ക്ക് നീണ്ടുകിടക്കുന്നുണ്ട് വഴികള്‍ .
അച്ഛന് ഇത്തിരി അധികം ആണെന്ന് വീട്ടില്‍ നിന്നും വിളി വന്ന് ധൃതി പിടിച്ചു ഓടുമ്പോള്‍ പല ചിത്രങ്ങളും മിന്നി മറിഞ്ഞു .ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു പിറകിലേക്ക് പായുന്ന മരങ്ങളെ നോക്കി ചിന്തകളെ ശിഥിലമാക്കി . അച്ഛന്‍ ആശുപത്രിയില്‍ ആയിരുന്നു . രണ്ടാം ദിവസം ആംബുലന്‍സില്‍ വീട്ടിലേക്കു തിരിച്ചെത്തുമ്പോള്‍ സ്വയം കരച്ചില്‍ അടക്കാന്‍ പാടുപെട്ടു . നമുക്ക് എന്ത് തോന്നിയാലും ഒന്നും മുഖത്ത് കാണിക്കരുത് എന്ന കൈപ്പുസ്തകത്തിലെ വാക്കുകള്‍ പേര്‍ത്തും പേര്‍ത്തും ഓര്‍ത്തു . ചുട്ടു പൊള്ളുന്ന പനിയോടെ ബലി കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ ഈറനായ കണ്ണുകളാണ് അല്പം കുളിരേകിയത്.
വിഷയം മരണം ആയതു കൊണ്ട് അവധി എടുത്തതിനു കമ്പനിയില്‍ വലിയ പ്രതിഷേധമില്ല .പതിവ് പോലെ നീക്കിവച്ച സാധനങ്ങള്‍ ബാഗില്‍ കുത്തിനിറച്ചു. പോകേണ്ട ഇടങ്ങള്‍ മനസ്സില്‍ ഇട്ടു വട്ടം കറക്കി .ഒരിക്കല്‍ പോയിടത്ത് പിന്നെ കുറെ നാള്‍ കഴിഞ്ഞേ പോകാവൂ എന്നാണു ചട്ടം . നഗരം വിട്ടു ഇന്ന് അല്പം ഉള്ളിലേക്ക് പോകാം എന്ന് തീരുമാനിച്ചു . അവിടെക്കുള്ള ബസ്സില്‍ കയറുമ്പോള്‍ കഴിഞ്ഞ തവണ പോയ വീടുകളെയും ആളുകളെയും വെറുതെ ഓര്‍ത്തു നോക്കി പി എസ് സി പരീക്ഷക്ക് പോകും പോലെ ഉറപ്പുവരുത്തി
ബസ്സിറങ്ങി തോളത്തു സാധനങ്ങൾ നിറച്ച ബാഗുമായി ഏന്തി വലിച്ച് നടക്കുമ്പോൾ പതിവില്ലാത്ത വിധം ആളുകൾ തുറിച്ചു നോക്കുന്നുണ്ടായിരുന്നു . വഴികള്‍ പിടി തരാതെ മാറുകയാണ് . കൈകളില്‍ പിടിച്ച ബാഗുകളുടെ വള്ളികള്‍ വിയര്‍പ്പു കൊണ്ട് വഴുതിപ്പോകുന്നു. കയറിയ വീടുകളിൽ നിന്നെല്ലാം ഇവിടെ സാധനങ്ങൾ വേണ്ടെന്ന മറുപടി. നിരാശ കൈപ്പുസ്തകത്തില്‍ പറഞ്ഞിട്ടില്ല .പ്രതീക്ഷ മാത്രമാണ് അതിന്റെ എല്ലാ പേജിലും . ചില വീടുകളില്‍ കയറുമ്പോള്‍ വല്ലാത്ത കൂര്‍ത്ത നോട്ടം . ചെറിയ കുട്ടികള്‍ വന്നു മൊബൈലില്‍ ഫോട്ടോ എടുക്കുന്നു .
നടന്നു നടന്നു കവലയിൽ എത്തിയപ്പോള്‍ ഒരു ഫ്ലക്സ് ബോർഡ് കണ്ടു. വലിയ അക്ഷരത്തില്‍ കനപ്പിച്ച എഴുത്ത് . വാ മൂടിപ്പിടിച്ച ഒരു കുട്ടി . കയ്യില്‍ ഒരു കത്തിയുമായി ഒരു മുഖംമൂടി .
ഭിക്ഷാടനവും വീടുകയറി കച്ചവടവും ഈ ഗ്രാമത്തിൽ നിരോധിച്ചിരിക്കുന്നു. മേമ്പൊടിക്ക് ലോക്കൽ പൊലീസ് സ്റ്റേഷന്റെ നമ്പറും.യാചകര്‍ നമുക്ക് വേണ്ടേ വേണ്ട . സാധനങ്ങള്‍ കടകളിലൂടെ മാത്രം ..
ഒന്ന് രണ്ടാവര്‍ത്തി വായിച്ചപ്പോള്‍ അസാധാരണമായ ഒരു ഭയം പൂച്ചയെ പ്പോലെ മാന്തി . വീടു കയറി കച്ചവടം ചെയ്യുന്നവര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്രേ . മോഷ്ടാക്കളുടെ എജെന്റുമാര്‍ ആണത്രേ . വീടുകളില്‍ അവര്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നുണ്ടാത്രേ ..വഴി നീളെ പല വക ബാനറുകള്‍ .
നേരം ഉച്ചയായിട്ടും ഒരു പ്രോഡക്റ്റ് പോലും വിറ്റിട്ടില്ല എന്ന ചിന്തയില്‍ ഉള്‍വസ്ത്രങ്ങള്‍ വരെ വിയർത്തൊലിച്ചപ്പോൾ പിന്നെയും ഏന്തി വലിച്ചു നടന്നു . ഇന്ന് ടാര്‍ജറ്റ് തികയില്ല ..പിന്തിരിഞ്ഞു കൂടാ .വിറ്റുപോയില്ലെങ്കില്‍ വണ്ടിക്കൂലി കയ്യില്‍ നിന്ന് പോകും . ആവശ്യം തന്റെതാണ് . ട്രെയിനിംഗ് പിരിയഡ് കഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെട്ടു .പിന്നെ ഓഫീസ് ജോലിയാണ് . വീടിനടുത്തെ പട്ടണത്തില്‍ കമ്പനി അതിന്റെ അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നാണ് മാനേജര്‍ പറഞ്ഞത് . കാലുകള്‍ മുന്നോട്ടു വലിക്കുന്നത് തടയാന്‍ കഴിഞ്ഞില്ല . ദൂരെ എവിടെയോ തണല്‍ ഉള്ളപോലെ .
നടക്കുമ്പോള്‍ തന്നെ കടന്നു പോകുന്ന മുരളന്‍ ബൈക്കുകളില്‍ നിന്നും അളിഞ്ഞ ചിരികള്‍ പൊട്ടിയൊലിക്കുന്നത് തികട്ടിവന്ന തുപ്പലോടെ ഇറക്കി . വഴിയുടെ അറ്റത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഉമ്മറത്ത് ബാഗ് ഇറക്കിവച്ച് നടുനിവർത്തിയപ്പോളാണ് പലയിടത്തു നിന്നായി ബൈക്കുകൾ പിറകെ മൂളിയെത്തിയതും ചില കൈകൾ വാ പൊത്തി, ചില കൈകൾ എടുത്തുയർത്തി, ചിലവ ഞരിച്ചും കുഴച്ചും അവളെപിടിച്ചു കൊണ്ടു പോയത്.പച്ചമുള കീറുന്ന ഒച്ച ആദ്യം തെല്ലുറക്കെയും പിന്നെ നേര്‍ത്ത് ഇല്ലാതാവുകയും ചെയ്തു . ബലി കൊത്തിയ കാക്കകളെ പോലെ കുറെ കഴിഞ്ഞു ബൈക്കുകള്‍ ഓരോന്നായി പറന്നു പോയി .
കൈപ്പുസ്തകത്തില്‍ നിര്‍വചിക്കാത്ത പലതും വരികള്‍ക്കിടയില്‍ ഉണ്ടാകുമെന്നും ചിലതിനൊന്നും ഒരു ഭൂപടത്തിലും നിരോധനമില്ലെന്നും ധ്യാനിച്ച് ബാഗുകള്‍ മാത്രം കുറെ നേരമായി അവളെക്കാത്ത് ടാര്‍ജറ്റ് പൂര്‍ത്തീകരിക്കാന്‍ വേണ്ടി മാത്രം കിടക്കുകയാണ്.വണ്ടിക്കാളക്കളെപ്പോലെ.
ശിവപ്രസാദ് പാലോട്
2018 ഫെബ്രുവരി 10, ശനിയാഴ്‌ച
മശകാമഠീയം
വീണ്ടും ഒരു മത്സരം നടക്കുകയാണ് ..
സ്ടാര്‍ട്ടിംഗ് പോയന്റില്‍ ആമയും മുയലും തയാറായി കഴിഞ്ഞു
ഇതാ വിസില്‍ മുഴങ്ങി ..
കയ്യടികളുടെയും ആര്‍പ്പുവിളികളുടെയും ഇടയിലൂടെ അവര്‍ ഓട്ടം തുടങ്ങി .
അല്‍പദൂരം കഴിഞ്ഞപ്പോള്‍ മുയലിന് പ്രാചീനമായ ആ ഉറക്കം പിടിപെട്ടു . പതിയെ നടന്നു എത്തിയ ആമ മുയലിനെ കണ്ടു ..മുയല്‍ ഉറങ്ങുകയാണ് ..മിണ്ടാതെ പോയാല്‍ തനിക്കു എന്നത്തെയും പോലെ ഒന്നാം സ്ഥാനം ലഭിക്കും .അതിലെ ചരിത്രപരമായ ചതി ആമയുടെ മനസ്സില്‍ ഒരു കരടായി ..
ആമ മുയലിനെ തട്ടി ഉണര്‍ത്തി ...
സുഹൃത്തെ എഴുനേല്‍ക്കു ..നമ്മള്‍ മത്സരത്തിലാണ് ..നിനക്ക് നന്നായി ഓടാനാകും ..എനിക്കാകട്ടെ ഈ വീടും ചുമന്നു നടക്കുന്നത് കൊണ്ട് ഓടാന്‍ പോയിട്ട് വേഗത്തില്‍ നടക്കാന്‍ പോലും കഴിയുന്നില്ല ..നീ ഓടിക്കോ .അര്‍ഹത നിനക്കാണ്.
മുയല്‍ ഉണര്‍ന്നു ..ഇതെന്തു മായം ..ഈ ആമക്ക് ഇതെന്തു പറ്റി..മത്സരമായിട്ടും താന്‍ ഉറക്കത്തിലായിട്ടും സുഹൃത്ത് തന്നെ വിളിച്ചുണര്‍ത്തിയിരിക്കുന്നു..
സുഹൃത്തെ നിനക്ക് എന്നെ
ഉണര്‍ത്താതെ ഓടിയിരുന്നെങ്കില്‍ ഒന്നാം
സ്ഥാനം ലഭിക്കുമായിരുന്നു ..പക്ഷെ നീ ..
അതിനെന്ത്..ചരിത്രത്തിനു ഒരു മാറ്റം ഉണ്ടാകട്ടെ ..ആമ ഒരു ദാര്‍ശനികനായി .
എനിക്ക് മറൊരു ആശയം
തോന്നുന്നു..നമുക്ക് രണ്ടുപേര്‍ക്കും ഒപ്പം
നടക്കാം ..രണ്ടു പേര്‍ക്കും ഒന്നാം സ്ഥാനം ലഭിക്കട്ടെ ..ആരും ജയിക്കുന്നില്ല ആരും തോല്‍ക്കുന്നുമില്ല എന്ത് പറയുന്നു ? മത്സരമല്ല സഹകരണം ആണ് ജയിക്കേണ്ടത് മുയല്‍ അതിദാര്‍ശനികനായി
രണ്ടു പേരും ഒരുമിച്ചു ഫിനിഷിംഗ്പോയന്റിലേക്ക് നടന്നു ..
കാഴ്ചക്കാര്‍ അമ്പരന്നു പോയി.
വിജയപീഠത്തില്‍ നില്‍ക്കുമ്പോള്‍ ആമയ്ക്ക് എല്ലാ പ്രാവശ്യത്തെക്കാളും സന്തോഷം തോന്നി..അവന്‍ ഉറക്കെ പറഞ്ഞു
ശരിക്കുള്ള വിജയം എന്റെ സുഹൃത്തിനാണ് ..അവനാണ് ഓടാന്‍ കഴിയുക , അവന്റെ സന്മനസ്സ് ആണ് എന്റെ വിജയം
മുയല്‍ അതിലേറെ ഉറക്കെ പറഞ്ഞു ..
ശരിക്കും എന്റെ സുഹൃത്തിനാണ് വിജയം ..ഉറങ്ങിപ്പോയ എന്നെ ഉണര്‍ത്തിയത് അവനായിരുന്നു ..
പിന്നെ മുഴങ്ങിക്കേട്ടത് സഹകരണത്തിന്റെ കയ്യടികളും
ആര്‍പ്പുവിളികളുമായിരുന്നു ,
വിജയപീഠത്തില്‍ നില്‍ക്കുമ്പോള്‍ ആമയ്ക്ക് എല്ലാ പ്രാവശ്യത്തെക്കാളും സന്തോഷം തോന്നി..അവന്‍ ഉറക്കെ പറഞ്ഞു
ശരിക്കുള്ള വിജയം എന്റെ സുഹൃത്തിനാണ് ..അവനാണ് ഓടാന്‍ കഴിയുക , അവന്റെ സന്മനസ്സ് ആണ് എന്റെ വിജയം
മുയല്‍ അതിലേറെ ഉറക്കെ പറഞ്ഞു ..
ശരിക്കും എന്റെ സുഹൃത്തിനാണ് വിജയം ..ഉറങ്ങിപ്പോയ എന്നെ ഉണര്‍ത്തിയത് അവനായിരുന്നു ..
പിന്നെ മുഴങ്ങിക്കേട്ടത് സഹകരണത്തിന്റെ കയ്യടികളും
ആര്‍പ്പുവിളികളുമായിരുന്നു ,
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


