2019, മാർച്ച് 24, ഞായറാഴ്‌ച
നിയന്ത്രണരേഖ
പതിവ് സ്റ്റാഫ് മീറ്റിങ്ങിലാണ് അനസൂയ ടീച്ചർ മാധവൻ മാഷ്ക്കെതിരെ വാളെടുത്തത്
മാഷ്ക്ക് ക്ലാസ് കൺട്രോൾ തീരെയില്ല... കുട്ടികളും മാഷും കൂടി എപ്പോളും കളിയും ചിരിയും വർത്തമാനവും.. ഇപ്പുറത്ത് ക്ലാസെടുക്കാനേ പറ്റുന്നില്ല...
ശരിയാ.. ശരിയാ..
അനസൂയ ടീച്ചർക്ക് നിരവധി വായ്ത്താരികൾ പിന്താങ്ങി
ഹെഡ്മിസ്ട്രസ് മാധവൻ മാഷെ ഒന്നു കനപ്പിച്ചു നോക്കി..
മാഷെ.. കേട്ടില്ലേ..ശ്രദ്ധിക്കണം.. അച്ചടക്കമാണ് നമ്മുടെ സ്ഥാപനത്തിന്റെ മുഖമുദ്ര.
ക്ലാസ് കൺട്രോൾ നിർബന്ധം.. നിശബ്ദമാക്കപ്പെട്ട ഒരിടത്തേ നമുക്ക് നമ്മുടെ കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയൂ.. നിശബ്ദരാക്കിയേ പറ്റൂ..
മാധവൻ മാഷ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ അനസൂയ വിഭാഗം ഒന്നിളകി ഇരിപ്പ് ശരിയാക്കി..
പിറ്റേന്ന് മാധവൻ മാഷ് ക്ലാസിലെത്തി. നീണ്ട ഒരു തുകൽ ബാഗിന്റെ സിബ്ബഴിച്ച് അത് പുറത്തെടുത്തു.. പിന്നെ ക്ലാസിന്റെ മൂലയിലേക്ക് നീങ്ങി നിന്ന് ഉന്നം പിടിച്ചു.
കുട്ടികൾ കൈകൾ മേലോട്ടുയർത്തി നിശബ്ദമായി.. ക്ലാസ് കൺട്രോൾ സ്ഥാപിക്കപ്പെട്ടോ എന്നുറപ്പു വരുത്താൻ ജനാലയിലൂടെ പാളി നോക്കിയ ഹെഡ്മിസ്ടസും അപ്പുറത്തെ ക്ലാസിൽ നിന്നും എത്തിനോക്കിയ അനസൂയ ടീച്ചറും ഒപ്പം കണ്ണടച്ചു
സമ്പൂർണ ക്ലാസ് കൺട്രോൾ
ശിവപ്രസാദ് പാലോട്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ