2019, മാർച്ച് 24, ഞായറാഴ്‌ച

ടാക്സിവാല


ഡൽഹി കേരളഹൗസിൽ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം ‍ഡോർമെറ്ററിയിലേക്ക് പോകാൻ ഒാട്ടോ വിളിക്കാൻ നിൽക്കുമ്പോഴാണ് അയാൾ പ്രത്യക്ഷപ്പെട്ടത്

സർ കിതർ ജാനേ ചാഹിയേ മേം ചലൂംഗാ..

തികച്ചും അന്യമായ ഒരു സ്ഥലത്ത് എത്തിപ്പെട്ടതിന്റെ എല്ലാ പേടിയോടെയുമായിരുന്നു ഭാര്യയും മക്കളും. അതു വരെ ഇത്ര ദൂരേക്ക് യാത്ര ചെയ്തിട്ടില്ലാത്തതിനാൽ അടയിരിക്കുന്ന കോഴിയെപ്പാലെ അവൾ കുട്ടികളെ പൊതിഞ്ഞു പിടിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്നിറങ്ങി വിളിച്ച ടാക്സിക്കാരൻ ഡൽഹിയിലെ അറിയാത്ത വഴികളിലൂടെ ഒാടിച്ചുവരുമ്പോഴും അവൾ ഇതേ സംശയത്തോടെ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ച് ചോദിച്ചിരുന്നു.

ഇയാൾ നമ്മളെ പറഞ്ഞ സ്ഥലത്ത് എത്തിക്കും എന്ന് എന്താ ഉറപ്പ്..പത്രങ്ങളിൽ എന്തൊക്കെ വായിക്കുന്നതാ..

ഉള്ളിൽ ഇതേ ആന്തൽ സൂക്ഷിച്ചിട്ടാണെങ്കിലും കുടുംബനാഥൻ അധൈര്യനാകാൻ പാടില്ലല്ലോ..ആ പ്രാചീന ധൈര്യം അവളിലേക്ക് പകരുമ്പോഴും തെല്ലൊരാശങ്കയുടെ മൂടൽ മഞ്ഞ് ഡൽഹിയുടെ മഞ്ഞ വിളക്കുകൾ നിറഞ്ഞ വഴികളെപ്പോലെ എന്നെയും മൂടിയിരുന്നു..

തലപ്പാവ് കെട്ടി, കയ്യിൽ സ്റ്റീൽ വളയണിഞ്ഞ്, നെഞ്ചോളം നീണ്ട നരച്ച താടിയുമായി അയാൾ പിന്നെയും ചോദിച്ചപ്പോൾ

ഡോർമെറ്ററി ജാനേ ചാഹിയേ..ചാർജ് കിതനാ ഹേ എന്ന് ഹൈസ്കൂൾ ക്ള്സിൽ പഠിച്ച ഹിന്ദിയുടെ പ്രേതത്തോടെ ഞാൻ പറഞ്ഞൊപ്പിച്ചു..

സാർ ഏക് സൗ രൂപയേ..

വേഗം റൂമിലെത്തി തണുപ്പിൽ നിന്നും രക്ഷപ്പെടാനുള്ള തിടുക്കം കാരണം അവൾ പിന്നിൽ നിന്നും പോകാം എന്നു പറഞ്ഞു..ഒരു പഴയ എസ്റ്റീം കാർ ആണ്..വണ്ടിയിൽ കയറിയ ഉടനെ മകൻ ചോദിച്ചു..

അച്ഛാ ഇതാണോ മല്ലു സിങ്ങ്..?

ടിവിയിൽ പലതവണ കണ്ട സിനിമയിലെ കഥാപാത്രത്തെ അവൻ ഒാർത്തെടുത്തതാണ്..അയാൾ വണ്ടി മുന്നോട്ടെടുക്കുന്നതിനിടയിൽ ചിരിച്ചുകൊണ്ട് ചോദിച്ചു..

തും കേരൾ സെ ആയാഹേ സാർ..?

യെസ്..

കിതനാ ദിൻ ഇദർ ഹോഗാ..

മകൾക്ക് ഡൽഹി ഐഐടിയിൽ ഒരു മത്സരം ഉണ്ടെന്നും അതിനായി വന്നതാണെന്നും രണ്ടു ദിവസം ഡൽഹിയിൽ ഉണ്ടാകുമെന്നും പറഞ്ഞപ്പോൾ അയാൾ എന്റെ നേരെ നോക്കി..

സേഠ്ജീ..മേരാ നാം ശിംസീർ സിങ്..ടാക്സിവാലാ..തും കൊ മേം സർവീസ് കരൂംഗാ..മേരാ നമ്പർ നോട്ട് കീജിയേ..മേം തും സെ ജാസ്തി ചാർജ് നഹി ബോലൂംഗാ..കിലോമീറ്റർ ചാർജ് ഒാൺലി..

അയാൾ പറഞ്ഞ നമ്പർ ഞാൻ മൊബൈലിൽ സേവ് ചെയ്തു..ഒരു പരിചയവുമില്ലാത്ത അന്യനാട്ടിൽ ഒരു പരിചയം ഇരിക്കട്ടെയെന്ന നാട്ടുസൂത്രം. കാർ മെയിൽ റോഡിൽ നിന്നും ഗേറ്റിലേക്ക് തിരിഞ്ഞു.കേരള ഹൗസിന്റെ തന്നെ ഡോർമെറ്ററിയുടെ പറമ്പിൽ ഇരുട്ടിൽ അവിടിവിടെ വെളിച്ചത്തിന്റെ പിശുക്കിലും വൻമരങ്ങൾ..കുരച്ചുകൊണ്ട് പിറകേ വരുന്ന നായ്ക്കൾ..

ഇപ്പൊ നമ്മൾ പിന്നെയും കേരളത്തിൽ എത്തിയോ അച്ഛാ....നമ്മുടെ അമ്പലപ്പറമ്പിൽ നിന്നും നമുക്ക് പിറകേ ഒാടിവരാറുള്ള അതേ നായയെപ്പോലെ..

അതു ശരിയാണെന്ന് എനിക്കും തോന്നി. കാർ ‍ഡോർമെറ്ററിയുടെ വാതില്‍ക്കൽ എത്തി. അയാൾ ഇറങ്ങി ഡോറുകൾ തുറന്നു നൽകി. ഞങ്ങളുടെ ബാഗുകളെല്ലാം എടുത്തു പുറത്തേക്ക് വക്കാൻ സഹായിച്ചു..പൈസ കൊടുക്കുന്നതിനിടെ അയാൾ അപ്പോഴും മല്ലുസിങ്ങിനെ കൗതുകത്തോടെ നോക്കി നിന്ന മകനെ വാരിയെടുത്തു..

ബച്ചാ തുമാരാ നാം ക്യാഹെ..?
അവൻ സംശയത്തോടെ എന്നെ നോക്കി..

ആദിത്യൻ..

അയാൾ അവന്റെ മുതുകിൽ തട്ടി പറഞ്ഞു..

അച്ഛാ...ഗുഡ് നേം..

ബേട്ടീ തുമാരാ നാം ക്യാഹെ..?

ഏഴാം തരത്തിൽ പഠിച്ച ഹിന്ദി പരീക്ഷിക്കാൻ ഒരവസരം കിട്ടിയ സന്തോഷത്തിൽ അവൾ പറഞ്ഞു.

മേരാ നാം ആതിര ഹെ..

ആതിര, ആദിത്യൻ ..അഛാ ജോഡി..അഛാ ഹെ ബേട്ടി..സർ തും സുബഹ് കിതനെ ബജെ ഐഐടി ജാനെ ചാഹിയെ? തും റെഡി ഹോനെകെ ബാദ് മുഛെ ഫോൺ കീജിയെ. മേം ചലൂംഗാ..


വീണ്ടും മകനെ ഒന്നുകൂടി മുതുകിൽ തട്ടി അയാൾ വണ്ടി തിരിച്ച് അകന്നു.. അപ്പോൾ ഇരു കൈയുടെയെും ചൂണ്ടുവിരലുകൾ മുകളിലേക്ക് ഉയർത്തി ഇടുപ്പു കുലുക്കി ആദിത്യൻ ആ തണുപ്പിലും സിക്ക് ഗാനത്തെ അനുകരിച്ച് ടിങ്ക്ള് ടിങ്ക്ള് ലിറ്റിൽ സ്റ്റാറ് എന്ന പാട്ട് പാടാൻ തുടങ്ങി..മല്ലുസിങ്ങിനെ അത്രകണ്ട് കൂതുകമായിരിക്കുന്നു അവന്..

ഡോർമെറ്ററിയിലെ മുറിയിൽ പുതിയവീട്ടിൽ വീടുകുടിയിരിക്കുന്ന മരുമകളുടെ ഉത്സാഹത്തോടെ ഭാര്യ എല്ലാം അടുക്കിപ്പെറുക്കി വയ്ക്കുകയാണ്..തണുപ്പിൽ താടി കൂട്ടിയിടിച്ചപ്പോൾ

അതേയ് നാളെ ഒരു സ്വറ്റർ വാങ്ങിത്തന്നില്ലെങ്കിൽ നാലു ദിവസം കഴിയുമ്പോഴേക്കും ഞാൻ ചത്തുപോകും..യാത്രയുടെ ക്ഷീണം കാരണം വാതിൽ അടച്ചിട്ട് ഹീറ്റർ ഒാൺ ചെയ്ത് ഡൽഹിയുടെ രാത്രിയിലേക്ക് ഞങ്ങള്‍ പുതപ്പ് വലിച്ചിട്ടു..

പിറ്റേന്ന് രാവിലെ ഒരുങ്ങിയതിനുശേഷം ഞാൻ ശിംസീർ സിങ്ങിന്റെ നമ്പറിലേക്ക് വിളിച്ചു..ഒരു അപരിചിതത്വവുമില്ലാതെ അയാൾ അഭീ ആയേഗാ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു...പുറത്ത് അപ്പോഴും മഞ്ഞു പെയ്യുന്നുണ്ടായിരുന്നു..നേരം പുലരാത്ത പോലെ..പറമ്പിലെ പല മരങ്ങളും മലയാളം സംസാരിക്കുന്നപോലെ.. സാമാന്യത്തിലധികം വലിപ്പമുള്ള തത്തകൾ തണുപ്പുനോക്കാതെ പറന്നുകളിക്കുന്നു. ഡോർമെറ്ററിയുടെ വാതിൽക്കൽ ചുരുണ്ടുകൂടിക്കിടക്കുന്ന നായ ഏതോ സ്വപ്നത്തിലെന്നപോലെ വാലാട്ടിക്കൊണ്ടിരുന്നു..

അഛാ അതാ മല്ലുസിങ്ങിന്റെ വണ്ടി..

കറുപ്പും മഞ്ഞയും അടിച്ച പഴഞ്ചൻ ടാക്സി മുന്നിൽ വന്നു നിന്നു.അയാളെപ്പോലെ തന്നെ പതിഞ്ഞ ഇരുത്തം വന്ന അതിന്റെ വരവിൽ തന്നെ വല്ലാതെ കിതപ്പുണ്ടായിരുന്നു..പച്ചത്തലപ്പാവും നീല മുഴുക്കയ്യൻ ഷർട്ടും പുറമേ ഒരു കറുത്ത കോട്ടും വെള്ള ഷൂവുമൊക്കെയായി ഏതോ പഴയ സിനിമയിൽ നിന്നിറങ്ങി വന്ന പോലെ.

നമസ്തേ ജീ..ആയിയേ

അയാൾ പുറത്തിറങ്ങി ഡോറുകൾ തുറന്നു.ഞങ്ങളുടെ ലഗേജുകൾ കാറിന്റെ ഡിക്കിയിൽ ഒതുക്കി വച്ചു..കുട്ടികൾ കയറി എന്നുറപ്പാക്കി ഡോറുകൾ പുറമേ നിന്നും തള്ളിയടച്ചു..

കാർ വീണ്ടും സ്റ്റാർട് ആക്കി.

സേഠ്ജീ..ഗ്ളാസ് ഥോടാ ഒാപ്പൺ കരൊ..മുൻ ഗ്ളാസിലെ മൂടൽ തൂവാലകൊണ്ട് തുടക്കുന്നതിനിടെ അയാൾ എന്നോട് പറഞ്ഞു.|

സർ യഹ് ഹെ രവീന്ദ്രോമാർഗ്..ഹം കൊ ജന്തർ മന്ദിർ റൂട്ട് മേം ചൽമേ ചാഹിയേ.

കാർ മെയിൽ റോഡിലേക്ക് കടന്നപ്പോൾ അയാൾ ഞങ്ങളോട് പറഞ്ഞു..കാർ ഒാടിക്കൊണ്ടിരിക്കുമ്പോൾ ദൂരെ ഇന്ത്യ ഗേറ്റ് കണ്ടു..വഴിക്കിരുവശവും വല്ലാതെ തലകുനിച്ചു നിൽക്കുന്ന വേപ്പുമരങ്ങൾ..ഇടക്കുവന്ന ജംക്‍ഷനിൽ റോഡിനു നടുവിൽ ഒരുക്കിയ പൂന്തോട്ടവും ഇരിപ്പിടങ്ങളും..വഴി നിറയെ കാറുകളും ഒാട്ടോകളും മറ്റു വാഹനങ്ങളും..ഡൽഹി ഒരിടത്തും നിൽക്കാതെ ഒാടിക്കൊണ്ടിരിക്കുന്ന പട്ടണമാണ്..ആരു ആരോടും ഒന്നും പറയാതെ തിരക്കിൽ പെട്ട് ഒാടുന്ന പോലെ..

ഭായി തുമാരാ ഘർ ഡൽഹി മേം ഹോതാ ഹെ?
ഞാൻ അയാളോട് ഒരു കുശലം ചോദിച്ചു..

നഹീ ഭായി..മേം പഞ്ചാബ് സെ..ജലന്തർ സെ..

തുമാരാ ഏജ്

തും കിതനാ സോച്താ ഹും ബായ്

സിക്സറ്റി..?

മുൻ വശത്തെ കൊഴിഞ്ഞുപോയ പല്ലുകൾക്കിടയിലൂടെ ചിരിച്ച് അയാൾ പറഞ്ഞു..

ഫിഫ്റ്റി ഫോർ..

തുമാരാ ഫാമിലി..

വൈഫ് കാ നാം ജസ്‌വീൻ കൗർ..

ബച്ചേ കിതനാ..

അതു ചോദിച്ചപ്പോൾ അയാൾ ഒന്നും പറയാതെ മുന്നോട്ടുതന്നെ നോക്കി കുറെ നേരം കാറോടിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു...

ഭായ് തും ക്യാർ കർതാ ഹും കേരൾ മേം..? വിഷയം മാറ്റാനെന്നപോലെ അയാൾ എന്നോടു ചോദിച്ചു..

സ്കൂൾ ടീച്ചർ..

അഛാ..മേം ഒാണ്‍സി സെവൻത് ക്ളാസ്..മേരാ ഇംഗ്ളീഷ് അഛാ നഹിം ഭായി..എബിസിഡി സ്റ്റാർട്സ് ഫ്രം സിക്ത് ക്ളാസ്..മേം സെവൻത് ക്ളാസ് സെ ബാഹർ നികലാ..സൊ മേരാ ഇംഗ്ളീഷ് അഛാ നഹിം..മേരാ ബച്ചാ സിബിഎസ് സി മേം പഠാ ഹെ..ബീബീ പ്ളസ് ടു പാസ് ഹെ

ബച്ചാ അഭീ ക്യാ കർതാ ഹും...

അയാൾ പിന്നെയും ദൈന്യതയോടെ എന്നെ നോക്കി.. ബിഎ പഠാ ഹെ ഭായി.. ജാസ്തി നഹി പൂഛൊ ഭായി....മുഛെ ബോൽ നഹി സക്താ.. വഹ് ജേൽ മേ ഹെ...മേം തുഛെ ദൂസരാ സമയ് മേം ബോലൂംഗാ.. അയാൾ പാതിയിൽ നിർത്തി കണ്ണുകൾ തുടച്ചു.

തും ഐഐടി സെ കബ് റിലിവ് കർതാ ഹും..? വാപസ് ആനേകേലിയേ മുഛെ ഫോൺ കരൊ..മേം ആവൂംഗാ...

കാർ ഐഐടി അടുത്തു കൊണ്ടിരിക്കുകയാണ്..തിരക്കു കുറഞ്ഞിരിക്കുന്നു...

ഭായി വാപസ് ആനേകീ സമയ് മേം തുഛെ സരോജിനി മാർക്കറ്റ് ദിഖാവൂംഗാ..പൂരാ ഡൽഹി ദിഖാവൂംഗാ..

മേം ഫോൺ കരൂംഗാ..ഞാൻ അയാളോടായി പറഞ്ഞു..തും ഇഥർ കഹാം രഹ്താഹും ഭായ്..ഞാൻ പിന്നെയും അയാളിലേക്ക് തിരിഞ്ഞു..എന്തൊക്കെയോ അയാളുടെ നരച്ച മുഖത്തിനപ്പുറം ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു..

മേം ഇഥർ ഏക് ചോഠാ റൂം മേം രഹ്താ ഹെ സേഠ്ജീ.. ഏക് ഏക് മഹീനാ മേം പഞ്ചാബ് ചലൂംഗാ..ദൊ ദിന്‍ സെ വാപസ് ..ദില്ലി ഹെ മേരാ ദേശ്..ദില്ലി ഹെ മേരാ ജീവൻ...തും നെക്സ്റ്റ് ടൈം പഞ്ചാബ് ആയിയേ..കുഷാർപൂർ, ജലന്ദർ, ‍ഗോൾഡൻ ടെമ്പിൾ, വാഗാ ബോർഡർ..ദിഖാനെ കെ ലിയെ ബഹുത് പ്ളസ് ഹോതാഹെ..


ഭായ് യഹ് കാർ തുമാരാ ഹീ ഹെ?

നഹിം ഭായ്..കാർ മേരാ ബ്രദർ കാ ഹെ..മേം ഉസ് കൊ റെന്റ് ദേതാ ഹും..പൂരാ ഇസ്റ്റാൾമെന്റ് മേം കർതാ ഹും..ഉസ് കീ ബാദ് കാർ മുഛ്കൊ മിൽതാഹെ ..

കാറിന്റെ മുന്നിൽ സ്റ്റിയറിങ്ങിനോട് ചേർന്ന് ഒട്ടിച്ചുവച്ച പടം കണ്ട് മകൻ പിറകിൽ നിന്നും ചോദിച്ചു.

അഛാ...അത് മല്ലുസിങ്ങിന്റെ ആരെങ്കിലും ആകു അല്ലേ?

ബേട്ടാ വഹ് ഹെ ഗുരുനാനാക്ക്...മേരാ ജീവൻ, പഞ്ചാബ് കീ ഹിന്ദുസ്ഥാൻ കീ ജീവൻ..
അയാൾ സ്റ്റിയറിങ്ങിൽ നിന്ന് കയ്യെടുത്ത് ഗുരുനാനാക്കിന്റെ ചെറിയ ഫോട്ടോയിൽ തൊട്ട് കണ്ണിൽ വച്ചു..

സേഠ്ജീ..എക്സിബിഷൻ ബേട്ടീ കൊ ഒാർ ബേട്ടാ കൊ?

ബേട്ടി കെ ലിയെ ബായ്..ഞാൻ മത്സരത്തിന്റെ കാര്യങ്ങൾ അയാളോട് പങ്കു വച്ചു..അപ്പോളേക്കും കാർ നളന്ദ ഗ്രൗണ്ടിൽ എത്തിയിരുന്നു...

യു ആർ ജീനിയസ് ആന്റ് ലക്കി ബായ് ..ബേട്ടി തും ഫസ്റ്റ് മിലേഗാ..മേ ഭഗവാൻ സെ പ്രാർഥന കരൂംഗാ..അയാൾ വണ്ടിയുടെ പിറകിലേക്ക് തിരിഞ്ഞ് മകളോട് പറഞ്ഞു..

താങ്ക്സ് ഭായ്...ആതിര അയാളോട് ചിരിച്ചുകൊണ്ട് പറഞ്ഞു.

ഐഐടിയുടെ അടുത്ത് വണ്ടി നിർത്തി അയാൾ ബാഗ് എടുക്കാൻ സഹായിച്ചു..
ഭായി ശാം മേം മുഛെ ഫോൺ കരൊ..മേം ആവൂംഗാ..

അയാൾ അകന്നു പോയി അണമുറിയാതെ ഒഴുകുന്ന പാതയിൽ ലയിച്ചു..

ഇയാൾ നല്ല ആളാണെന്ന് തോന്നുന്നു...അയാളെ കിട്ടിയത് ഭാഗ്യായി..ഭാര്യ പറയുന്നുണ്ടായിരുന്നു..ഞങ്ങൾ ഐഐടിക്കടുത്ത രാജസ്ഥാൻ റസ്റ്റോറന്റിൽ കയറി ചായ കുടിച്ചു. മണ്ണു കൊണ്ടുണ്ടാക്കിയ കപ്പിൽ ഇഞ്ചിയും എന്തോ മസാലയും ഒക്കെ ചേർത്ത ചായ..

എക്സിബിഷൻ തിരക്കുകൾ കഴിഞ്ഞ് വൈകിട്ട് പുറത്തിറങ്ങി റോഡിന് വശത്ത് നിന്ന് ഞാൻ ശിംസീർ സിങ്ങിനെ ഫോണിൽ വിളിച്ചു..

ഭായ് ...സോറി മേം ദൂസരാ സൈഡ് മേം ഹോതാ ഹെ..തും ടാക്സി മേം ആവൊ..മേം ആനെക്കോലിയേ ദൊ അവർ ആയേഗാ..ഇത്‍നാ സമയ് വെയ്റ്റ് കർനെ അഛാ നഹി..

ദൽഹിയുടെ ഏതൊ അറിയാത്ത കൈവഴികളിൽ ഒഴുകുയാണ് അയാളുടെ ശബ്ദം..രണ്ടു മണിക്കൂർ ഈ കൊടുംതണുപ്പത്ത് അയാളെ കാത്ത് നിന്ന് അയാൾ പിന്നെ വന്നതും ഇല്ലെങ്കിലോ എന്ന ഭാര്യ സംശയം പ്രകടിപ്പിച്ചു. ഒാൺലൈനിൽ ഒരു ടാക്സി വിളിച്ച് ഞങ്ങൾ ഡോർമെറ്ററിയിലേക്ക് മടങ്ങി..

മല്ലു സിങ്ങ് കാഴ്ച കാണിക്കാം എന്ന് പറഞ്ഞതായിരുന്നു...മക്കൾ വല്ലാതെ നിരാശപ്പെട്ടിരുന്നു..അന്ന് രാത്രി കേരള ഹൗസിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ പുറത്ത് കാത്തുകിടന്ന കാറുകളിൽ ഞാൻ അയാളെ തിരഞ്ഞു. കിട്ടിയ കാറിൽ വീണ്ടും ഡോർമെറ്ററിയിലേക്ക് മടങ്ങി. സ്വറ്ററിനുള്ളിലായതുകൊണ്ട് ഭാര്യയും മക്കളും തണുപ്പിനെ കുറിച്ച് വല്ലാതെ പരാതിപ്പെട്ടില്ല...

അഛാ നാളെ രാവിലെ മല്ലുസിങ്ങിന്റെ വണ്ടി മതി..

മക്കൾ അപ്പളേ പറഞ്ഞുറപ്പിച്ചിരുന്നു..രാവിലെ വീണ്ടും അയാളെ വിളിച്ചു..പത്തു മിനിട്ട് കഴിഞ്ഞപ്പോളെക്കും അയാൾ കാറുമായി എത്തി..അതേ ചിരി..

ഭായി കിതർ ജാനെ ചാഹിയേ..?

പിറ്റേന്ന് തിരിച്ചുപോകാനുള്ള ടിക്കറ്റ് എടുത്തിട്ടുള്ളതു കൊണ്ട് ഈ ദിവസം മുഴുവൻ ഡൽഹി ചുറ്റിക്കറങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി..അതു പറഞ്ഞപ്പോൾ വലിയ ഒരു ഒാട്ടം കിട്ടിയ സന്തോഷത്തിൽ അയാൾ ചിരിച്ചു..

ഭായ് മേം തുഛെ പൂരാ ദില്ലീ ദിഖാവൂംഗാ..ജാസ്തി ചാർജ് നഹിം ബോലൂംഗാ..തും മേരാ ഒാൾഡ് കസ്റ്റമർ ഹെ..

ഞങ്ങൾ ഒരുങ്ങുന്നതിനിടെ ഡോർമെറ്ററിയുടെ പിറകിലെ വാഷ് ഏരിയയിൽ പോയി അയാൾ മുഖം കഴുകി വന്നു..

ഭായ് മേം ട്വന്റി ഫോർ ഹവർ സർവീസ് കർതാ ഹും ഭായ്.. അബ് ഫ്രഷ് ഹെ..

കാർ വീണ്ടും ഉറങ്ങാതെ ചലിച്ചുകൊണ്ടിരിക്കുന്ന നഗരത്തിലേക്ക് ഇറങ്ങി..ചില നേരം ഡൽഹി കണ്ടാൽ കേരളം കൊണ്ടു വന്നു വച്ചപോലെ..കുടപ്പനപോലത്തെ മരങ്ങളും, മഞ്ഞരളിയെ ഒാർമിപ്പിക്കുന്ന ചെടികളും പൂക്കളും..

പഹലെ ലോട്ടസ് ടെമ്പിൽ ചലേഗാ ഭായ്..ദിൽ കൊ അഛീ പ്ളേസ് ഹെ..ശബ്ദത്തിന്റെ പ്രതിധ്വനിയാണ് ലോട്ടസ് ടെമ്പിളിന്റെ സൗന്ദര്യമെന്നും എല്ലാ മതക്കാരുടെയും പ്രാർഥനകൾ അവിടെ ഉണ്ടെന്നുമൊക്കെ അയാൾ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു..ലോട്ടസ് ടെമ്പിളിലെ ഒരു പ്രഭാഷകനെപ്പോലെയായിരുന്നു അപ്പോൾ അയാളുടെ ഭാവം.

കുത്തബ് മിനാറിന്റെ ഇടിഞ്ഞു പൊളിഞ്ഞ കവാടങ്ങൾ കാണിച്ചു തന്ന് അയാൾ പറഞ്ഞു..

ഭായി യഹ് പൂരാ മുഗൾ ടൈം കാ ഹെ..ഹമാരാ ഹിന്ദുസ്ഥാൻ കീ ഫ്രീഡം ചോരീ കിയാ പഹലെ കീ പഹലെ..സർ യഥാർത്ഥത്തിൽ ഈ മന്ദിരങ്ങളൊക്കെ ഹിന്ദുസ്ഥാനെ അടക്കി ഭരിച്ചവരുടെ സ്മാരകങ്ങളാണ്... ഈ മിനാരം നോക്കൂ സാർ അതിൽ എത്രയോ ഇന്ത്യക്കാരുടെ ചോരയുടെ ചുകപ്പ് കാണുന്നില്ലേ സാബ്..
ചരിത്രം നമ്മളെ അതിന് വേണ്ടത് മാത്രം കാണിക്കുന്നു.. അതിന് മറയ്ക്കേണ്ടവയെ നമ്മളിൽ നിന്ന് ഒളിച്ചു വക്കുന്നു സാർ…

സാബ് കാണുന്ന ഡൽഹി സൗന്ദര്യവതിയാണ്.. പക്ഷെ ഡൽഹിയുടെ ഉള്ളറകൾ കറുത്ത താണ് സാബ്... ഒരു നേരത്തെ ഭക്ഷണം പോലും ശരിക്കു കിട്ടാത്തവരുടേതും കൂടിയാണ് ദില്ലി.. അധികാരത്തിന്റെ മർമ്മമായിരുന്നിട്ടും ഇപ്പോഴും മനുഷ്യൻ മനുഷ്യനെ ചുമക്കുന്ന റിക്ഷാവാലകളുടെത് കൂടിയാണ് ദില്ലി സാബ്.. ദരിദ്രൻ എന്നും ദരിദ്രൻ തന്നെ സാബ്.. പ്രതീക്ഷയുടെ  ചുവന്ന സൂര്യനെക്കാത്ത് അവരിപ്പോഴും നരകിക്കുന്നു സാർ..

ആൾ വിചാരിച്ചതിലധികം ചിന്താശാലിയാണല്ലോ എന്ന അത്ഭുതത്തോടെ ഞാനയാൾക്ക് കാതോർത്തു

   മിനാറിന്റെ ഫോട്ടോഎടുക്കാനും ചുറ്റിക്കാണാനും ഫോട്ടോ എടുക്കാനും ഭാര്യയും മക്കളും ധൃതികൂട്ടിയപ്പോൾ അവരെ സ്വതന്ത്രമായി വിട്ട് ഞാനും ശിംസീർ സിങ്ങും മരച്ചുവട്ടിൽ ഇരുന്നു.

 ദില്ലി ദേഖ്നെ കെ ലിയെ നമ്പർ വൺ ഹെ.. ലേകിൻ ക്രൈം കൊ ബീ നമ്പർ വൺ ഹോതാ ഹെ സാബ്… ഫാമിലി കൊ കെയർ കർനേ കൊ ബോലൊ...

ഇടക്കിടെ ഉയർന്നു പറക്കുന്ന പ്രാവുകളുടെ കൂട്ടം, കവാടത്തിലെ പൊത്തിൽ കൂടുകൂട്ടിയ തത്തകൾ..

സാബ് തും താജ് മഹൽ ദേഖേ ന??? താജിന് കാഴ്ചക്ക്മാത്രമേ സൗന്ദര്യമുള്ളൂ സാർ... അതിലെ ഓരോ തൂണിലും ചെവി വച്ചാൽ നൂറ്റാണ്ടുകളുടെ പൊട്ടിക്കരച്ചിൽ കേൾക്കാം സാബ്‌.. താജിനപ്പുറം ആഗ്ര ദരിദ്രമാണ് സാർ... സുന്ദർ നഹി..

കല്ലിൽ കെട്ടിപ്പൊന്തിച്ചുണ്ടായ കൂറ്റൻ കോട്ടകൾ കണ്ടിരിക്കേ എനിക്ക് അയാൾ പറഞ്ഞു നിർത്തിയ കഥയിലെ ജയിൽ ഒാർമവന്നു..

ഭായി..തും നെ കഹാ..തുമാരാ ബേട്ടാ ജേൽ മേം ഹെ..ക്യാ ഹുവാ..

സേഠ്ജീ.. അയാളുടെ കണ്ണുകൾ മിനാരത്തിന്റെ ഏറ്റവും ഉയരത്തിലെത്തി..അവിടെയും സമാധാനം കിട്ടാഞ്ഞ് പഞ്ഞിമേഘങ്ങളിൽ അലഞ്ഞു..സാവധാനം ദൃഷ്ടി പിൻവലിക്കുമ്പോൾ അവ വല്ലാതെ നനഞ്ഞിരുന്നു..

വഹ് ഏക് ബഠാ കഹാനി ഹേ സേഠ്ജീ...മേം ഉസ് കൊ യാദ് കർനീ നഹീം ചാഹിയേ..ലേകിൻ മേം തും കൊ അഭി മേരാ ബ്രദർ സോചതീ ഹെ..മേം ബോലൂംഗാ..

തനിക്ക് തീരെ വിദ്യാഭ്യാസം കിട്ടിയില്ലെന്ന സങ്കടം അയാളുടെ ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നു. അതു മറികടക്കാൻ ഏക മകനെ നന്നായി പഠിപ്പിക്കണമെന്നും വലിയ ജോലിക്കാരനാക്കണമെന്നുമായിരുന്നു അയാളുടെ വലിയ ആഗ്രഹം..അതിനായി മകനെ ചെറിയ ക്ളാസിൽ പഞ്ചാബിലെ തന്നെ സിബിഎസ് സി സ്കൂളിൽ ചേർത്തു..

ഭായി..പഞ്ചാബ് ഘർ മേം ജാനേ കീ സമയ് മേം ബേട്ടാ കൊ സാമനെ രഘകർ ഉസ് കൊ ഇംഗ്ളീഷ് പഠനെ ബോലൂംഗാ..സുൻനെ സമയ് മേം യഹ് മിനാർ കീ ബീ ഊപർ മേ ഹൊ ജായേഗാ..മേരാ ബേട്ടാ..പർവീന്ദർ സിങ്..

മകൻ അമ്മയുടെ കൂടെ വളർന്നതിനാൽ ചെറുപ്പത്തിൽ തനിക്കധികം ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും അതവന്റെ സ്വഭാവത്തെ ബാധിച്ചെന്നും നിരാശയോടെ അയാൾ പറഞ്ഞു..മകനെ അടുത്തിരുത്തി തനിക്ക് പഠിക്കാനാവാത്ത ഭാഷ അവൻ വായിക്കുന്നത് കേട്ടിരിക്കുന്ന ശിംസീർ സിങ്ങിന്റെ ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു..

 ഡൽഹിയിൽ നിന്ന് മകന് വില കൂടിയ വസ്ത്രങ്ങളും പുസ്തകങ്ങളും അയാൾ വാങ്ങിക്കൂട്ടി.. ജലന്തറിലെത്തിയാൽ മകനെ അവ ഉടുപ്പിച്ച് രാജകുമാരനെപ്പോലെ അയാൾ കൊണ്ടു നടന്നു..

ദേഖോ യഹ് ഡ്രസ് കൊ പാഞ്ച് സൗ രൂപയെ കാ ഹൈ... മേം ദില്ലി സെ നയാ ബുക്സ് ഉസ് കൊ ദിയാ ഹെ…. മേം പർവീന്ദർ കൊ ഐഎഎസ് ബനായേഗാ... സബ്’' ഉസ് കൊ സല്യൂട്ട് കരേഗാ..
അയാൾ ബന്ധുക്കളോട് മേനി പറഞ്ഞു..

മെട്രിക്കുലേഷൻ കഴിഞ്ഞപ്പോൾ ശിംസീർ സിങ് കുടുംബത്തെക്കൂടി ഡൽഹിയിലേക്ക് കൊണ്ടു വന്നു. കാൺപൂരിനപ്പുറം മറ്റൊരു സ്ഥലം കാണാത്ത ജസ്‌വീറ്‍ കൗറിനും പർവീന്ദറിനും ഡൽഹി ഒരു മായാലോകമായിരുന്നു. സവാരിക്കിടെ പരിചയപ്പെട്ട ഒരാളുടെ സഹായത്തോടെ കരോൾ ഭാഗിലെ മാർക്കറ്റിനടുത്ത ഒരു ചെറിയ വീട്ടിൽ അയാൾ താമസം ശരിപ്പെടുത്തി..ഡൽഹിയിൽ ആർക്കും സ്ഥിരമായി വീടുകൾ വാടക്കക്ക് കിട്ടില്ലെന്നും തനിക്ക് കുറച്ചു വർഷം താമസിക്കാൻ കിട്ടിയത് തന്റെ നല്ല രീതി കൊണ്ടാണെന്നും അയാൾ പറഞ്ഞു.
മകന് ഡൽഹിയിലെ ഒരു കോളേജിൽ തന്നെ പ്രീ ഡിഗ്രിക്ക് ചേർത്തു..ആ ദിനങ്ങളിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നതിന്റെ സുഖം ശിംസീർ സിങ്ങ് അറിഞ്ഞത്. പഞ്ചാബിലെ ഭക്ഷണം മാത്രം കഴിച്ചു ശീലിച്ച ജസ്‌വീർ പതുക്കെ ഡൽഹിയോട് പൊരുത്തപ്പെട്ടു..

ഫാമിലി കൊ ദില്ലി ലാനേ സമയ് ബഹുത് ടർഥാ.. ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കുമെന്ന ഭീതി..എന്നിരുന്നാലും ദില്ലി എന്റെ പ്രിയപ്പെട്ട നാടാണ് സാബ്... എവിടെ പോയാലും എനിക്ക് പരിചയക്കാരുണ്ട്... ചോട്ടാ ആദ്മി സെ ക്രോർ ഹാഥ് മേം ഖേൽനെവാലാ ബടാ സേട്ടോം സെ

സുവർണക്ഷേത്രം ഞങ്ങളുടെ വികാരമാണ് സാബ്.. ഓരോ സിക്ക് കുഞ്ഞിന്റെയും ശിരോരേഖയിൽ ഗുരു കൊത്തിവച്ച ജീവരേഖയാണത്.. സിക്കുകാർ എന്നും രാജ്യസ്നേഹികളായിരുന്നു സാബ്.. ഭൂരിഭാഗം പേരും പൂക്കൾ കൊണ്ട് സംസാരിച്ചപ്പോൾ ചിലർ തിരഞ്ഞെടുത്തത് തോക്കുകളായിപ്പോയി സാബ്... അതാണ് സുവർണക്ഷേത്രത്തിന്റെ കാര്യത്തിലും സംഭവിച്ചത്.. ഇന്ദിരാജിയുടെ ബോഡി ഗാർഡും അത്തരത്തിൽ ചിന്തിച്ചു പോയി. അതിന് സിക്ക് വംശം കൊടുക്കേണ്ടി വന്നത് വൻ വിലയായിരുന്നു സാബ്.. ഞങ്ങൾ നടന്നതൊക്കെയും തീയിലൂടെയായിരുന്നു’' സാബ്... ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും പേടിയോടെയായിരുന്നു സാബ് ഓരോ നിഴലനക്കത്തെയും പേടിച്ചാണ് സാബ് ഞങ്ങളുടെ യുവാക്കളൊക്കെ പെട്ടെന്ന് വൃദ്ധരായി മാറിയത്..


ഇന്ദിര ഗാന്ധിയുടെ മരണത്തോടെ ഡൽഹി സിക്കുകാരോട് മുഖം തിരിച്ചിരുന്നെന്നും എല്ലാവർക്കും സംശയമായിരുന്നെന്നും അയാൾ ആശങ്കയോടെ ആരെങ്കിലും കേൾക്കുന്നുണ്ടോ എന്ന പേടിയിൽ ചുറ്റും നോക്കി പറഞ്ഞു..അന്ന് അതുവരെ ജോലി തന്ന സേഠ് പിരിച്ചുവിട്ടതും കുറെ കാലം ജോലി എല്ലാതെ നിന്നതുമൊക്കെ അയാളുടെ ഒാർമയിൽ കനലായി നിന്നിരുന്നു.

സാബ് മൻമോഹൻ ജി ടോക്കറ്റിവ് നഹിം ഥാ... പി എം ഹോനി സമയ് മേം..
കാലം ഞങ്ങളെ അത്രയേറെ നിശബ്ദരാക്കി സർ... പതുക്കെ പതുക്കെയേ ഞങ്ങൾക്കിനി ശബ്ദം വീണ്ടെടുക്കാൻ കഴിയൂ..

സാബ് യഹ് ദേഖൊ…
അയാൾ നെറ്റിയിലെ പാട് തൊട്ടു കാണിച്ചു..
വിജയ് ചൗക്ക് ഭാഗത്തു കൂടി കാർ ഓടിച്ചു പോകുമ്പോൾ ഏറ് കിട്ടിയതാണ്...



പർവീന്ദർ പക്ഷെ വേറൊരു മട്ടായിരുന്നു... തന്നെ ഭയപ്പെടുത്തിയ ഓരോന്നിനോടും അവന് പകയുള്ളതുപോലെയായിരുന്നു .പെരുമാറ്റംഡൽഹിയിൽ അവന് കുറെ കൂട്ടുകാരുണ്ടായി. കോളേജ് കഴിഞ്ഞു വന്നാൽ അവർ ഡൽഹിയുടെ വലിയ റോഡുകളിലൂടെ നടക്കാനിറങ്ങും..ഡൽഹിയിലെ ഏതെങ്കിലും വലിയ ഒരോഫീസിൽ മകൻ ജോലിക്കാരനായി ഇരിക്കുന്ന വലിയ സ്വപ്നത്തിൽ അലിഞ്ഞ് ശിംസീർ സിങ് പകലും രാത്രിയും ഭേദമില്ലാതെ ഒാടി..മകന് വെക്കേഷൻ വരുമ്പോൾ മാത്രം ജലന്തറിലേക്ക് തിരിച്ചുപോകും..

അങ്ങിനെ പർവീന്ദർ പ്രീ ഡിഗ്രീ കഴിഞ്ഞു. പല സേഠ്മാരെ കണ്ട് കാലുപിടിച്ച് മകന് ഒരു കോളേജിൽ ഡിഗ്രിക്കായി അഡ്മിഷൻ നേടിയെടുത്തു. കരോൾ ബാഗിലെ ആദ്യ വീട് ഇതിനകം ഒഴിഞ്ഞ് മറ്റൊരു ഗലിയിലെ വീട്ടിലേക്ക് മാറി..മകൻ വളർന്ന് ഉയരം വച്ചു..കൈ കാലുകൾ ദൃഢമായി..ഒരൊത്ത സിക്കുകാരൻ..അവന്റെ ആരോഗ്യം കണ്ട് മകന് പൊലീസിലോ തന്നെ ജോലി കിട്ടുമെന്ന് ശിംസീർ സിങ് സ്വപ്നം കണ്ടു..ഡിഗ്രി അവസാന വർഷം ആയപ്പോഴാണ് ആ സംഭവമുണ്ടായത്.തന്റെ ജീവിതത്തെ മാറ്റി മറിച്ച ആ കാര്യം പറയാൻ ആരംഭിക്കുമ്പോളേക്കും ഭാര്യയും മക്കളും കാഴ്ച കണ്ട് തിരിച്ചെത്തിയതോടെ ഞങ്ങൾ സംസാരം നിർത്തി. പിന്നീടുള്ള യാത്രയിൽ ശിംസീർ വല്ലാതെ മൗനിയായി..

ഞങ്ങൾ ഇരുന്ന് മൂപ്പരുടെ കഥ പറയുകയായിരുന്നു..മൂപ്പരുടെ മകനെപ്പറ്റിയൊക്കെ..
ഞാൻ ഭാര്യയോട് പറഞ്ഞു..

കുത്തിക്കുത്തി ചോദിച്ചിണ്ടാകും നിങ്ങൾ..എന്തിനാ അയാളുടെ കാര്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കുന്നത്..? അവളുടെ സ്വരത്തിൽ ദേഷ്യമുണ്ടായിരുന്നു..

ഭായി പാർലിമെന്റ് മന്ദിർ ഗ്രൗണ്ട് ജായേഗാ...ബച്ചോം കൊ പസന്ദ് ഹോഗാ..ഖേൽനേ കേ ലിയെ അഛാ പ്ളേസ് ഹെ..

വണ്ടി തിരക്കുകളിലേക്ക് ഊളിയിട്ടു..അയാൾക്ക് ഡൽഹി കൈരേഖകൾ പോലെ പരിചിതമാണ്..തന്റെ വണ്ടിയിൽ കയറുന്നവർക്ക് ഗൈഡ് വേണ്ടെന്നും പലരും സവാരി കഴിയുമ്പോൾ തനിക്ക് ടിപ്പ് തരാറുള്ളതുമൊക്കെ അയാൾ പറഞ്ഞിരുന്നത് ഞാൻ ഒാർത്തു.

കാറ്റാടി മരങ്ങൾക്കടിയിൽ സന്ദർശകരുടെ ചെറു കൂട്ടങ്ങൾ. ഞങ്ങൾ ശിംസീർ സിങ്ങിനെ ഒപ്പം നിർത്തി ഫോട്ടോ എടുത്തു..മകനെ അയാൾ വല്ലാതെ ചേർത്തുപിടിച്ചു നിന്നു. എന്തൊക്കെയോ ഒാർത്തുനിൽക്കുന്നതു പോലെ. അപ്പോളേക്കും മരങ്ങൾക്കടിയിലെ പുൽത്തകിടിയിൽ ഒാടിക്കളിക്കാൻ തുടങ്ങിയ മക്കളെ മേക്കാൻ ഭാര്യയും കൂടെപ്പോയി..
നിങ്ങൾക്ക് കുട്ടികളെ നോക്കണമെന്നാന്നും ഇല്ല. ഒരാളെ കിട്ടിയപ്പോൾ പിന്നെ അയാളുടെ പിന്നാലെയായി..അന്യ നാടാണെന്ന ധാരണയൊന്നുമില്ല..

അവളുടെ ചീത്ത പറച്ചിൽ കേട്ട് ശിംസീർ സിങ്ങ് ചിരിച്ചു..
തുമാരാ ബീവീ ആൻഗർ മേ ഹെ ഭായി..മേ ബീബീ തൊ സേം..
ഇന്ത്യാഗേറ്റിലേക്കുള്ള യാത്രയിൽ അയാൾ പിന്നെയും വചാലനായി. എന്തോ കഥ തുടരുവാൻ ഞാനൊരു ചോദ്യവും ചോദിക്കാതിരുന്നിട്ടുകൂടി വർഷങ്ങൾ മനസ്സിൽ ഭാരമായി കിടന്നത് ഇറക്കി വക്കാൻ ഒരിടം തേടുന്നതുപോലെയായിരുന്നു പിന്നെ അയാൾ..

പർവീന്ദറിന് ഡിഗ്രീ പരീക്ഷ അടുക്കുകയാണ്. അവൻ വീട്ടിലിരുന്ന് പഠിക്കുന്ന സമയം.ഡൽഹിയിലെ കൂട്ടുകെട്ടിൽ പെട്ട് മകന് പല മാറ്റങ്ങളും ശിംസീർ സിങ് കണ്ടിരുന്നു. രാത്രികാലത്തെ ചുറ്റിക്കറങ്ങലും പുകയിലതീറ്റയും മദ്യപാനവുമൊക്കെ കണ്ട് അയാൾ രാത്രിയിൽ ഭാര്യയുമായി വഴക്കിട്ടു..മകനെ പലപ്പോഴും വല്ലാതെ ചീത്ത പറഞ്ഞു. അപ്പോഴൊക്കെ അവൻ ഗുരുവിനെപിടിച്ച് സത്യം ചെയ്തു..

ആ ദിവസം സന്ധ്യക്ക് ഗലിയിൽ ഒരു കോലാഹലമുണ്ടായി..പൂ വിൽക്കുന്ന പെൺകുട്ടിയോട് അടുത്ത ഗലിയിലെ ഒരു ചെറുപ്പക്കാരൻ മോശമായി പെരുമാറിയെന്ന് പറഞ്ഞ് പർവീന്ദറും കൂട്ടരും അവനെ അടിക്കാനായി പിറകെ കൂടിയപ്പോൾ അവൻ ഗലിയിലൂടെ ഒാടി..സംഘം പിറകെയും..അടുത്ത ഗലിയിലെ ഒരു കടയിൽ കയറി ഒളിച്ച ആ ചെറുപ്പക്കാരനെ പർവീന്ദറും കൂട്ടരും ആക്രമിച്ചു..നെഞ്ചിൽ കുത്തേറ്റ അവൻ സംഭവസ്ഥലത്തേ രക്തം വാർന്ന് മരിച്ചു. പിന്നെ പൊലിസ് കേസായി..പർവീന്ദറും കൂട്ടുകാരും ജയിലിലായി. കണ്ണടച്ചു തുറക്കുന്നതിനിടയിൽ അയാൾ പറഞ്ഞു നിർത്തിയ കഥ കേട്ട് തണുപ്പത്തും എനിക്ക് വിയർക്കുന്നതു പോലെ തോന്നി.

ഒന്നു കണ്ണുതുടച്ച് അയാൾ പിന്നെയും പറയാൻ തുടങ്ങി.

ഭായി. അഭീ തും മേരാ ബ്രദർ ഹെ..മേ യഹ് യാദ് കർനീ നഹി ചാഹിയേ ഥാ..മേരാ സപനാ ടൂട് ഗയീ..കിസീ കെ ലിയെ മേം മേരാ പൂരാ മേഹനത് കിയാ വഹ് വേസ്റ്റ് ഹൊ ഗയീ..
മകൻ ജയിലിലായതോടെ ഭാര്യയെ ശിംസീർ സിങ് പഞ്ചാബിൽ കൊണ്ടുപോയാക്കി. തിരിച്ചൊരാക്രമണം ഉണ്ടാകുമെന്ന പേടി കൊണ്ടാണ് വീടൊഴിഞ്ഞത്. പിന്നെ ജണ്ടാവാലൻ എന്ന സ്ഥലത്തെ ഒറ്റമുറിയിലേക്ക് മാറി.ഒാട്ടം കഴിഞ്ഞ് ഉറക്കം വരാതിരുന്ന രാത്രി ശിംസീർ സി്ങ്ങിന്റെ ചിന്തകളെ ആ ചെറുപ്പാക്കാരന്റെ കരച്ചിൽ വേട്ടയാടി.

ഭായി വഹ് ബീ ഏക് ബേചാരെ ആദമീ കാ ബേഠാ ഥാ..ഏക് ഹീ ബേഠാ..ഉസ്കീ പിതാ ഏക് ചോട്ടാ ദൂകാൻ ദാർ ഥാ..ഉസ് കീ മാതാ ബീമാരീം മേം.. ഉസ് കൊ ഏക് ബഹൻ ബീ ഥാ.. മേ ഉസ് ഘർ മേ ഗയാ സാബ്..മേം സബ് കുഛ് ടൂട് ഹൊ  സാബ്...ആരാം രഹ് നെ സമയ് മേം പാഗൽ ഹൊ ഗയാ... നീംദ് മുഛെ ചോട് കിയാ... അങ്ങിനെയാണയാൾ 24 മണിക്കൂറും ടാക്സി ഓടിക്കാൻ തുടങ്ങിയത്..

ആ സംഭവത്തിന് ശേഷം ദിവസവും ഒാട്ടത്തിൽ നിന്നുകിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക് ശിംസീർ ആ വീട്ടിലേക്ക് നൽകി. ആദ്യമൊക്കെ മകന്റെ കൊലപാതകിയുടെ മകനോട് ആ വീട്ടുകാർ കയർത്തു സംസാരിച്ചു..ആ വീട്ടുകാരോടൊപ്പം ശിംസീറും കരഞ്ഞു.. രണ്ടു പേരും മക്കളെ നഷ്ടപ്പെട്ടവർ..അതിപ്പോൾ എത്രയോ വർഷമായി തുടരുന്നു..

ഭായി ഉസ് ബേഠീ കീ ശാദി കീ സമയ് മേം സോനാ ദിയാ..ബേട്ടീ കൊ പൂരാ ക്ളോത്ത് മേം ദിയാ..വഹ് മേരീ ബീ ബേട്ടീ ഹെ....മേരെ ബേട്ടാ കാ ഹാഥ് സെ ഉസ് കീ ബേട്ടാ മർ ഗയാ..

മകന്റെ കൈകൊണ്ട് മരിച്ച ആ ചെറുപ്പക്കാരന്റെ സഹോദരിയുടെ കല്യാണം വരെ നടത്തിക്കൊടുത്ത കഥ പറയുമ്പോൾ നരച്ച താടിക്കുള്ളിലൂടെ അയാളുടെ ചുണ്ടുകൾ വിതുമ്പിപ്പോയി..

ഇന്ത്യഗേറ്റിൽ നിന്നും ലക്ഷ്മി നാരായണ ടെമ്പിളിലേക്ക് പോകുമ്പോൾ അയാൾ കാര്യമായി ഒന്നും സംസാരിച്ചില്ല. നഗരത്തിലെ തിരക്ക് വല്ലാതെ കൂടിയിരുന്നു. അവിടെ നിന്നും തിരിച്ച് ഞങ്ങളെ ഡോർമെറ്ററിയിലേക്ക് എത്തിച്ച് യാത്ര പറയുമ്പോൾ അയാൾ പൊടുന്നനേ പൊട്ടിക്കരഞ്ഞു..

സാബ്..ടുമാരോ ഉസ് കൊ ജേൽ സെ റീലീസ് കർതാ ഹും..തും ബോലൊ....മേം ഉസ് കൊ റിസീവ് കർനേ യാ നഹീ..മേം ഉസ് കൊ ദേഖനാ ബീ നഹി ചാഹ്താ ഹും..മുഛെ ഉസ് തരഹ് ഏക് ബേട്ടാ നഹീ ഭായ്..വഹ് തൊ മർ ഹെ..

മല്ലുസിങ് കരയുകയാണോ അഛാ..
മകൻ എന്നോട് ഒട്ടിനിന്ന് ചോദിച്ചു..

അയാൾ അവനെ കെട്ടിപ്പിടിച്ചു..പിന്നെ ഭ്രാന്തമായി നെറുകയിൽ ചുംബിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു..

ബേട്ടാ തും തുമാരാ ബാപ് കീ സോനാ ഹെ....ബാപ് കീ ബാത് സുൻകർ അഛീ തരഹ് പഠൊ..മേം ജാൻതാ ഹും , മേരാ പ്രാർഥനാ ഹോഗാ തും കീ ബാർ ഗുരു സെ..തും ഏക് ബഠാ ആദ്മീ ഹൊ ജായേഗാ...

അയാളോട് മകനെ കൂട്ടിക്കൊണ്ടു വരാൻ പറയൂ.. അയാൾക്ക് നല്ല വിഷമമുണ്ട്..
ഭാര്യ എന്നോട് പറഞ്ഞു..

ഞാൻ അയാളെ മുതുകത്തു തട്ടി ആശ്വസിപ്പിച്ചു..
ഭായി തും ഘർ മേം ജാവോ..ടുമാരോ ജേൽ മേം ജാകർ ഉസ് കൊ റിസീവ് കരൊ..തുമാരാ ഹീ ബേട്ടാ ഹെ..തുമാരാ സോനാ..

നഹീം ഭായി..മുഛെ നഹി സക്താ...മുഛെ ഉസ്കൊ ദിഖനെ നഹി ചാഹിയെ ഭായി. തൂ മേരാ ബ്രദർ ജൈസാ ഹെ..തുമാരെ അഛാ ബാത് കൊ മേം ദിൽ മേം രക്താഹെ.. ലേകിൻ മേം നഹീ ജാ സക്താ ഭായ്.. തും മോർണിങ് മേം മുഛെ ഫോൺ കരോ..മേം തുഛെ എയർ പോർട് മേം ഡ്രോപ്പ് കരൂംഗാ..

പിറ്റേന്ന് തിരിച്ചു പോകേണ്ടിതിനാൽ ഞങ്ങൾ സാധനങ്ങൾ പാക്ക് ചെയ്യനാൻ തുടങ്ങി..എല്ലാം കെട്ടിപ്പെറുക്കി ഒതുക്കി വയ്ക്കുമ്പോളും ഒരു നീറൽ മനസ്സിൽ നിറഞ്ഞു നിന്നു. അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഭാര്യ പറയുന്നുണ്ടായിരുന്നു

പാവം മനുഷ്യൻ..അയാളാകെ തകർന്നു പോയിട്ടുണ്ട്..
ഉറങ്ങുന്നതിന് മുമ്പ് കുട്ടികൾക്ക് ഭാര്യ ശിംസീർ സി.ങ്ങിന്റെ കഥ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ഉറക്കത്തിൽ ശിംസീർ സിങ്ങിന്റെ മുഖം പലതവണ വന്നു മിന്നി മറിഞ്ഞു. രാവിലെ അലാറം വിളിച്ചുണർത്തിയപ്പോൾ ഞങ്ങൾ മടക്കയാത്രക്ക് ഒരുങ്ങി..

അഛാ മല്ലുസിങ്ങിനെ വിളിക്ക്...മകൻ ധൃതി കൂട്ടി...ഞാൻ അയാളുടെ നമ്പറിലേക്ക് പല തവണ വിളിച്ചു..ആ ഫോൺ സ്വിച്ച് ഒാഫ് ആയിരുന്നു..കിട്ടാതെ വന്നപ്പോൾ മകൻ പിന്നെയും ചോദിച്ചു..

മല്ലു സിങ്ങ് അയാളുടെ മകനെ കൊണ്ടു വരാൻ ജയിലിൽ പോയിക്കാണുമോ അഛാ..?

ഉണ്ടായിരിക്കും...അതാണ് നമുക്ക് വിളിച്ചാൽ കിട്ടാത്തത്..

ജയിലിനു മുമ്പിൽ ശിംസീർ സിങ്ങ് കാത്തുനിൽക്കുന്നത് സങ്കൽപിച്ച് ഞാൻ മറ്റൊരു ടാക്സിക്ക് ഒാൺ ലൈനിൽ പരതി. ഡോർമെറ്ററിയുടെ മുറ്റത്തെ വേപ്പുമരച്ചുവട്ടിൽ ഇലകൾ വല്ലാതെ പഴുത്ത് കൊഴിഞ്ഞു കിടന്നിരുന്നു..
ശിവപ്രസാദ് പാലോട്്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ