2019, മാർച്ച് 29, വെള്ളിയാഴ്‌ച

ആലശീല


ചെറുകഥ ശിവപ്രസാദ് പാലോട്


കൂട്ടുകാർ ക്രിസ്തുമസ് അവധിക്ക് ഈട്ടിയിലേക്ക് ടൂർ പ്ളാൻ ചെയ്തപ്പോൾ സജൂവിന്റെ ഉള്ളൊന്നു പിടഞ്ഞതാണ്.കൂട്ടത്തിൽ ബാക്കി എല്ലാരും അത്യാവശ്യം പൊടിപ്പുള്ള വീട്ടിൽ നിന്നു വരുന്നവർ. താൻ മാത്രമാണ് അതിൽ ഒരധികപ്പറ്റ്..നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ വീടിന്റെയോ കഥകൾ കൂട്ടുകാരോട് പറയാത്തുകൊണ്ട് അവർക്കെല്ലാം താൻ അവർക്കൊത്തവൻ തന്നെ.
ഊട്ടിയിലെവിടെയോയാണ് അച്ഛന് ജോലിയെന്നറിയാം..ആദ്യം സ്വന്തമായി ടീ ഷോപ്പ് ആയിരുന്നു.അത്യാവശ്യം വരുമാനവും. പിന്നീട് ടീഷോപ്പ് നിന്നിടത്ത് ഒരു റസ്റ്റോറന്റ് വന്നെന്നും മറ്റൊരു കടയിൽ മാനേജർ ആയി കയറിയെന്നുമാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്.രണ്ടു മാസത്തിൽ ഒരിക്കലൊക്കെ വീട്ടിലേക്ക് വന്ന് ധൃതിയിൽ മടങ്ങും അച്ഛൻ. വരുമ്പോൾ കൈ നിറയെ കൊണ്ടുവരുന്ന ചോക്കലേറ്റിനായി അനിയത്തിയുമായി അടികൂടിയിരുന്നത് സജുവിന്റെ ഒാർമയിലെത്തി..പിന്നീട് കോളേജിൽ പഠിക്കാൻ തുടങ്ങിയത് മുതൽ തന്റെ എക്കൗണ്ടിലേക്ക് കാശിടലായി അച്ഛൻ.ഹോസ്റ്റലിൽ താമസമാക്കിയപ്പോൾ താനും അച്ഛനും ഒരുപോലെയായെന്ന് അമ്മയും അനുജത്തിയും പറയും..രണ്ടാളും ഇപ്പോ വരുമ്പോ മുഖം കാണാം..അത്രന്നെ.

വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ പറഞ്ഞു. 
മോൻ അച്ഛനോടൊന്ന് ചോദിക്ക്.. അയ്യായിരം രൂപയൊക്കെ വരുന്നതല്ലേ? ഇവളുടെ ഫീസും അടക്കണം..അമ്മക്കിപ്പോ തുന്നലൊക്കെ കുറവാ..

അപ്പോഴും തുന്നൽ മെഷിന്റെ കട കട ശബ്ദം ഫോണിലൂടെ അമ്മയുടെ ശബ്ദത്തിന് മൂകളിലായിത്തന്നെ കേൾക്കുന്നുണ്ടായിരുന്നു. തനിക്ക് ഒാർമ വച്ച നാളുമുതൽ കേൾക്കാൻ തുടങ്ങിയതാണ് അമ്മയോടൊപ്പം ആ തുന്നൽ മെഷീന്റെ ഒച്ച .

അച്ഛനെ വിളിച്ചപ്പോൾ.പതിവുത്തരം..

മോൻ പോകാതിരിക്കണ്ട.കൂട്ടുകാരൊക്കെ എന്തു കരുതും..അല്ലെങ്കിലും കടോം കള്ളീം ഒതുങ്ങി ഒരു സ്ഥലവും കാണാൻ കഴിയില്ല.. ഇത്ര കാലായിട്ടും അച്ഛൻ മക്കളെയോ അമ്മയേയോ കൊണ്ടുവന്നു കാണിച്ചിട്ടില്ലല്ലോ..മോൻ വന്ന് കാണ്.കൂട്ടുകാരോട് മുടക്കമൊന്നും പറയണ്ട..ഞാൻ പൈസ എക്കൗണ്ടിൽ ഇടാം..


അച്ഛനെന്നും അങ്ങിനെയാണ്..ഒന്നും ആരെയും അറിയിക്കില്ല.തന്റെയോ അനുജത്തിയുടെയോ ഒരാഗ്രഹത്തിനും എതിരുനിൽക്കില്ല..മക്കളെ ചീത്തയാക്കിയത് അച്ഛനാണെന്ന അമ്മ കൊറുവാക്ക് പറയും..

കുട്ട്യോള് വായെടുത്തു മിണ്ട്യാ അമ്പിളിമാമനെ പിടിച്ചു കൊട്ക്കണ ഒരച്ഛൻ..രണ്ടിനും ഒരു കാര്യ ഗൗരവോം ആലശീലേം ഇല്ലാതെയായി ഇപ്പോ..കണ്ടതും കടീം ഒക്കെ വേണം..ആരാന്നാ നിങ്ങടെ ഒക്കെ വിചാരം..കോലോത്തെ ഒന്നുമല്ല നമ്മള്..ഒാളം കണ്ടത് മുഴുവൻ മീനാണെന്ന് കരുതണ്ട..തടി ചന്ദനരച്ച കാശാ..ചിലവാക്കുമ്പോ ഒാർമ വേണം..

എടീ കുട്ട്യോളല്ലേ...അവര് നമ്മളോടല്ലാതെ ആരോടാ ചോദിക്കാ..നമ്മക്കോ ചെറുപ്പത്തിൽ ഒന്നും കിട്ടീട്ടില്ല..അവരെങ്കിലും നന്നായി വളരട്ടെ..

ഒാ പിന്നെ പിന്നെ...തണല് പിള്ളക്കേ ദാഹറിയൂ..ങ്ങളായി കുട്ട്യോളായി..ഞാനൊന്നും പറഞ്ഞില്ലേ..ന്റെ ഭഗോതീ..

അപ്പോൾ സജുവും അനുജത്തിയും അച്ഛനെ പാളിനോക്കും..കണ്ണിനു താഴെ ഒരു പുഞ്ചിരി ഒളിപ്പിച്ച് അച്ഛൻ ഇങ്ങോട്ടും നോക്കുന്നുണ്ടാകും അപ്പോൾ.

ടൂർ പോകാനുള്ളതിന്റെ തലേന്നു തന്നെ എക്കൗണ്ടിൽ പണമെത്തി.പറഞ്ഞതിലും ഇത്തിരി കൂടുതൽ.സമീറിന്റെ കാറിലാണ് യാത്ര. അവന്റെ ബാപ്പക്ക് തടിമില്ലാണ്..കൂട്ടത്തിലെ മുതലാളിയാണവൻ.പുലർച്ചെ കണ്ണൂരിൽ നിന്നും വിട്ട് ദേവർ ചോല എത്തുമ്പോഴും മൂടൽ മഞ്ഞിന്റെ കുളിര് വിട്ടിരുന്നില്ല..ഗൂഡല്ലൂർ എത്തിയപ്പോഴേക്കും വെയിലിന്റെ പാമ്പുകൾ തേയിലത്തോട്ടങ്ങൾക്കു മീതേ ഇഴഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു.

പാട്ടും ഫോട്ടോ എടുക്കലുമായി അർമാദിച്ചുള്ള യാത്രയിൽ അച്ഛനെ വിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഒാഫ് ആയിരുന്നു.വളവുകളും കയറ്റങ്ങളും പിന്നട്ടപ്പോൾ കോയമ്പത്തൂർ ഗുണ്ടൽപേട്ട റോഡ് മുന്നിൽ നീണ്ടു പോകുന്ന കറുത്തപാമ്പായി കിടന്നു. ഇടക്ക് നിർത്തി ചായകുടിച്ച് പിന്നെയും യാത്ര..

ഉച്ചയോടടുത്താണ് ഊട്ടിയെത്തുന്നത്.കൂട്ടത്തിൽ സമീർ തീറ്റപ്രാന്തനാണ്. ഏതു യാത്രയിലും ആ യാത്രയുടെ രുചികൾ നാവിലെത്തുന്നതാണ് അവന്റെ സന്തോഷം..കാണുന്ന ഹോട്ടൽ ബോർഡുകൾക്ക് മുന്നിലൊക്കെ കാറിന് വേഗം കുറഞ്ഞുതുടങ്ങി.ജീവതത്തിന്റെ തന്നെ വേഗം ഇത്തിരി കുറക്കുന്നത് വിശപ്പാണല്ലോ എന്ന് സജൂ ആലോചിച്ചു.വിശപ്പില്ലെങ്കിൽ മനുഷ്യൻ സഞ്ചരിച്ചതിലും എത്രയോ ഇരട്ടി ദൂരം ചരിത്രത്തിൽ താണ്ടുമായിരുന്നല്ലോ..

വല്ലതും കണ്ടിട്ട് തിന്നാൻ പോകാം അളിയാ..

ദിനില്‍ സമീറിനോട് പറഞ്ഞു..മുതലാളി സമീർ ആണെങ്കിലും ഫൈവ് സ്റ്റാർസ് എന്ന ഗാങിന്റെ ക്യാപ്റ്റൻ ദിനിലാണ്.

അതു കളി വേറെ..തിന്നിട്ടേ സമീറിന് കാഴ്ചയുള്ളൂ..കാഴ്ച പിന്നേം കാണാം..എന്റെ തടി എനിക്ക് നോക്കിയേ പറ്റൂ..

സമീർ വിട്ടുകൊടുക്കുന്നില്ലായിരുന്നു,,വഴി നീളെ ഹോട്ടലുകൾ ഉണ്ടായിരുന്നിട്ടും സമീറിന് പിടിച്ച ഹോട്ടൽ കിട്ടാനായി കാർ പിന്നെയും ഒാടിക്കൊണ്ടിരുന്നു.അങ്ങിനെ ആ മൾട്ടി ക്രൂയിസിൻ റസ്റ്റോറന്റിന് മുന്നിൽ വണ്ടി ഒന്നു സംശയച്ചു പതുങ്ങി. ഹോട്ടലിന് മുന്നിലെ ബദാം മരത്തിന് ചുവട്ടിൽ നിന്നു വർണക്കുടയുമായി ഒരാൾ റോഡിലേക്ക് ചാടിയിറങ്ങി വിസിലടിച്ചു..അയാൾക്ക് പിന്നിൽ പല നിറത്തിലുള്ള കൊടികൾ പാറിയ ഹോട്ടലിന്റെ റിസപ്ഷന് മുന്നിലേക്ക് കാർ സമാധാനപ്പെട്ട് നിന്നു.

മേശക്കരുകിലേക്ക് വെയിറ്റർ മെനു കാർഡുമായി വന്നു.ഒാരോരുത്തരും അവർക്കിഷ്ടമുള്ള വിഭവങ്ങൾ പറയാൻ തുടങ്ങി. 

എന്താന്ന് വച്ചാ ഇഷ്ടത്തിന് കഴിച്ചോളണം..ഭക്ഷണത്തിന് മുന്നിൽ എനിക്ക് ഫ്രണ്ട്ഷിപ്പ് ഇല്ലളിയാ...മനുഷ്യനേ ജീവിക്കണത് ഭക്ഷണത്തിന് വേണ്ടിയാ..
സമീർ ഭക്ഷണത്തിന്റെ തത്വ ശാസ്ത്രം വെയിറ്റർക്ക് മുമ്പേതന്നെ വിളമ്പിത്തുടങ്ങിയിരുന്നു. ചൂടോടെ വന്ന ചിക്കനിൽ അവൻ ഇറങ്ങിപ്പോയതോടെ കുറച്ചുനേരം നിശബ്ദമായിരുന്നു മേശ. 




കൂർത്തുനീണ്ട ഏതോ തരം അരികൊണ്ടുള്ള ബിരിയാണി കഴിക്കുമ്പോൾ സജൂ അമ്മ ഇടക്കു വച്ചുതരാറുള്ള തേങ്ങാച്ചോറാണ് ഒാർത്തത്. സവാള അരിയാനൊക്കെ താനും അനുജത്തിയും അമ്മയെ സഹായിക്കും.ഞണുങ്ങിയ അലുമിലിയം ചട്ടിയിൽ അമ്മ നെയ്യും ഓയിലും ഒഴിച്ചു സവാള അരിഞ്ഞതും ഇട്ടു മൂപ്പിക്കും.. ഇഞ്ചിയും വെളുത്തുള്ളിയും അടുക്കളയിൽ ഉള്ള എല്ലാതരം പൊടികളും ഇട്ടിള്ളക്കിക്കഴിയുമ്പോൾ അടുക്കള നിറയുന്ന മണം കൊതിയുടേതായിരുന്നു. അതിലേക്ക് തേങ്ങാപാൽ ഒഴിച്ചു തിളച്ചുകഴിയുമ്പോൾ അരിയിടും. അമ്മയുടെ കൈവിരലുകൾ കൂട്ടിപ്പിടിച്ചാൽ കിട്ടുന്നത്ര ഉപ്പ്. അതാണ് കണക്ക്. കറിവേപ്പില ഇട്ടു മൂടി അടച്ചു വെച്ചു വേവിച്ച് വെള്ളം വറ്റി വന്നാൽ ഇളക്കി കൊടുക്കാനുള്ള ജോലി സജുവിനെ ഏൽപ്പിച്ചായിരിക്കും അമ്മ തയ്ക്കാൻ കിട്ടിയ തുണിക്ക് കുടുക്കു തുന്നാൻ പോകുന്നത്. അച്ഛൻ അവധിക്കുവരുന്ന ദിവസങ്ങളിൽ തേങ്ങാച്ചോറിനൊപ്പം കോഴിക്കറിയുടെ ആർഭാടമുണ്ടാകും.
പത്താം തരം വരെ ബസിൽ പോകുമ്പോൾ വരെ ഛർദ്ദിക്കുമായിരുന്നു താൻ. ഈ ചെക്കൻ എങ്ങിനെ കോളേജിൽ പോകുമെന്നായിരുന്നു അമ്മയുടെ ആശങ്ക.ചിക്കൻ കഴിച്ചാൽ പോലും ദേഹത്ത് കൊടിത്തൂവ കടിച്ചതുപോലെ തിണർത്തു തടിക്കും.ഇറച്ചിയുടെ പരിചയമില്ലാത്ത വേവും ചൂരുമേറ്റ ശരീരം പിന്നെ അതുമായി പൊരുത്തപ്പെട്ടത് കോളേജിലെ ആദ്യ വർഷങ്ങളിലെ കൂട്ടുകെട്ടാണ്.കോളേജിന്റെ മുന്നിലെ ഹോട്ടൽ ജാസിലെ പൊറോട്ടയും ബീഫുമാണ് ശരീരത്തെ മാംസവുമായി അരച്ചുറപ്പിച്ചത്.ഡിഗ്രിക്കു പഠിക്കുമ്പോൾ കിട്ടിയ കോളേജ് ദൂരെയായതിനാൽ ഹോസ്റ്റലിലായി.കാന്റീനിലെ കേവല രുചികൾക്കപ്പുറം മാംസത്തിന്റെ കരിഞ്ഞതും പുകഞ്ഞതും ചുട്ടതും പൊരിച്ചതുമായി അനേകം രുചികള്‍ കൊണ്ട് ദിവസങ്ങൾ ഏമ്പക്കമിട്ടു.



ഡാ കഴിച്ചോണ്ടിരുന്നാ പോരാ..നിങ്ങക്ക് കാഴ്ച കാണണ്ടേ

തന്റെ പാത്രം കാലിയാക്കി എഴുന്നേറ്റ് കൈകഴുകി ലെമൺ സോഡക്ക് ഒാർഡർ കൊടുത്ത് സമീർ പിന്നെയും ചിലക്കാൻ തുടങ്ങി
വെയിറ്റർ മടക്കിവച്ച പാ‍ഡിൽ ബില്ല് കൊണ്ടു വന്നു വച്ചു.ഇനിയെന്തെങ്കിലും വേണോ എന്ന ചോദ്യത്തോടെ അല്പ നേരം നിന്ന് അയാൾ അപ്പുറത്ത് മാറി കാത്തിരിക്കുകയാണ്
അപ്പോഴാണ് ദിനിൽ അവന്റെ മൊബൈലിൽ ഫേസ് ബുക്കിൽ വന്ന ഒരു പോസ്റ്റ് കാണിച്ചു തന്നത്. അവന്റെ ഏതോ ഫ്രണ്ട് ഇട്ട പോസ്റ്റാണ്..
ഒരു ഹോട്ടലിന് മുന്നിൽ വർണക്കുട പിടിച്ച് നിൽക്കുന്ന ഒരാൾ.കയ്യിൽ ഹോട്ടൽ ഇന്ന ബോർഡ്.. അതിന്റെ താഴെ കുറിച്ച വാക്കുകൾ അവൻ ഉറക്കെ വായിച്ചു..നോക്കൂ..ഭക്ഷണത്തിന് വലിയ ഹോട്ടലുകളിൽ കയറി കഴിച്ചു മടങ്ങുമ്പോൾ വലിയ തുക വെയിറ്റർക്ക് ടിപ്പ് നൽകുന്നവരാണ് നമ്മൾ..ടിപ്പ് കുറഞ്ഞാൽ നാണക്കേടാകുമോ എന്ന് ചിന്തിച്ച് നല്ലൊരു തുക തന്നെ നാം മാറ്റിവക്കാറുണ്ട്.എന്നാൽ ഹോട്ടലിന് പുറത്ത് പൊരിവെയിലത്ത് നിൽക്കുന്ന ഈ തരം തൊഴിലാളികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവർ ഭക്ഷണം കഴിച്ചോ,അവർക്കെത്ര കൂലിയുണ്ട് എന്ന് എന്നെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?മിക്കവരും തുഛമായ കൂലിക്ക് ജോലി ചെയ്യുന്നവരായിരിക്കും.വെയിറ്റർക്ക് ടിപ്പ് കൊടുക്കുന്നതിനു പകരം വിയർത്തു നിൽക്കുന്ന ആ കയ്യിൽ ഒരു പത്തുരൂപ വച്ചുനോക്കൂ..കാണാം ആ കണ്ണിലെ പുഞ്ചിരി..അടുത്ത തവണ ഹോട്ടലിൽ പോയി മടങ്ങുമ്പോൾ ഇവരെക്കൂടി ഒാർക്കുക..ഒരു പാട് ലൈക്കും കമന്റും കിട്ടിയ പോസ്റ്റിലെ വാചകങ്ങൾ അവൻ ഉറക്കെ വായിച്ചു.

ശരിയാണെടാ..നമ്മൾ എന്നും വെയിറ്റർക്ക് ടിപ്പ് കൊടുക്കും. പക്ഷേ ഇവരെയൊന്നും കണ്ട ഭാവം നടിക്കാറില്ല. ഈ ഹോട്ടലിന് മുന്നിലും കണ്ടില്ലേ..ഒരാൾ..പാവം നമുക്ക് ഇന്നൊരു ചേഞ്ചാവട്ടെ..ഇന്ന് പോകുമ്പോൾ അയാക്കെന്തെങ്കിലും കാര്യമായി കൊടുക്കണം 
സമീർ സപ്പോർട് നൽകി.

ആർക്കും എതിരഭിപ്രായം ഉണ്ടായതുമില്ല. പാഡിൽ ഹോട്ടൽ ബില്ല് മാത്രം കൃത്യം വച്ച് , കൗണ്ടറിനു മുമ്പിലെ തളികയിൽ വച്ചിരുന്ന പെരും ജീരകവും കൽക്കണ്ടവും ചവച്ച് ടിഷ്യു പേപ്പർ എടുത്ത് മുഖം തുടച്ച് പുറത്തിറങ്ങുമ്പോൾ അയാൾ റോഡിൽ വരുന്ന വാഹനങ്ങൾക്ക് മുമ്പിൽ ബോർഡ് നീട്ടി വിസിൽ അടിക്കുകയായിരുന്നു..കോട്ടിലും തൊപ്പിക്കും കുടക്കും ഇടയിൽ അയാളുടെ മുഖം വല്ലാതെ ഇരുണ്ടു പോയിരുന്നു. സമീർ പഴ്സിൽ നിന്ന് നൂറു രൂപ എടുത്ത് അയാളുടെ കയ്യിൽ കൊടുക്കാൻ നടന്നു. 

എടാ നമ്മുടെ ഫൈവ് സ്റ്റാർസ് ഗാങ് ഇത്തരം ഒരു കാര്യം ചെയ്തതിന് ഒരു തെളിവ് വേണ്ടേ?നമുക്കും ഒരു പോസ്റ്റിടാം..എല്ലാരും ഒന്ന് ഞെട്ടട്ടെ..നമുക്ക് ഇയാൾക്കൊപ്പം ഒരു സെൽഫി എടുത്താലോ..

ദിനിലിനോട് എല്ലാരും തലകുലുക്കി..

ഏയ്..ചേട്ടാ..ഇതു കയ്യിൽ വക്കൂ..ഞങ്ങളുടെ വക..

ദിനിൽ അയാളോട് പറഞ്ഞു.

എടാ സജു എവിടെ..?അവനെക്കൂടി വിളിക്ക്.സെൽഫി എടുക്കുമ്പോൾ എല്ലാരും വേണ്ടേ?ഇവനിത് എവിടെ പോയി കിടക്കാണ്..?

അയാൾ കുട ഒന്നു താഴ്ത്തി ഒതുക്കിപ്പിടിച്ചു..അമ്പരപ്പിന്റെ വലിയ ആകാശം അയാളുടെ മുഖത്ത് കറുത്തിരുണ്ടിരുന്നു..സജൂ ഒാടിയെത്തിയപ്പോൾ അയാൾ ഊരിവച്ചിരുന്ന തൊപ്പി എടുത്തിട്ട് മുഖത്തിന് മീതെ കർച്ചീഫ് വലിച്ചു കെട്ടുന്ന തിരിക്കിലായിരുന്നു,

എടാ നിൽക്ക് സെൽഫി എടുക്കാം..ദിനിൽ തിരക്കുകൂട്ടി..സജു ഒാടിക്കയറി ഇടയിൽ നിന്നു..ദിനിലിന്റെ ഫോണിന്റെ വലിയ സ്ക്രീനിൽ ഏഴുപേരെയും അയാളെയും ഫ്രേമിൽ കിട്ടാൻ അവൻ ചാഞ്ഞും ചരിഞ്ഞും നിന്നു. സ്ക്രീനിലെ അയാളുടെ മുഖം കണ്ടപ്പോൾ സജുവിന് ശ്വാസം മുട്ടുന്നതു പോലെ തോന്നി.അയാൾ ചുണ്ടിന് മീതെ വിരൽ വച്ച് വിലക്കുന്നതു പോലെ കാണിക്കുന്നുണ്ടായിരുന്നു..

ഹൃദയം ഒന്നടങ്കം ദേഹമായി മാറി സ്പന്ദിക്കുന്നതായി തോന്നിയപ്പോൾ സജു അവർക്കിടയിൽ നിന്ന് മാറി ബദാം മരത്തിന്റെ തണലിലെ അയാളുടെ ഇരിപ്പിടത്തിൽ ഇരുന്നു..കൂട്ടത്തിന് നടുവിൽ നിന്നും മാറി അയാൾ സജുവിന്റെ അടുത്തേക്ക് വന്നു

കഴിച്ചതൊക്കെ എവിടേക്കോ ഇറങ്ങിപ്പോയി വല്ലാതെ വിശന്നു വിശന്ന് സജുവിന്റെ ചങ്ക് വരണ്ടു..നാവ് ഇറങ്ങിപ്പോകുന്നതിന് മുമ്പെ സജുവിന്റെ ചുണ്ടുകൾ പതറി.

അഛ്ചൻ..

കൂട്ടുകാർ ഇത്തിരി അപ്പുറം മാറി സെൽഫിയുടെ ഭംഗി നോക്കി ചിരിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന തിരിക്കിലായിരുന്നു.

പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു..

മോനേ..അവരാരും ഈ വിവരം അറിയണ്ട..എന്റെ മോനു കുറച്ചിലാവും..മോൻ എഴുന്നേറ്റ് അവരോട് ഒപ്പം പൊയ്ക്കോളു..

അപ്പോൾ കയ്യിലിരുന്ന്ചുരുണ്ടുപോയ ആ നൂറുരൂപാ നോട്ട് അയാൾ സജുവിന്റെ പോക്കറ്റിൽ തിരുകി.

മോൻ ഇതു കൂടി കയ്യിൽ വച്ചോ..ഒരു യാത്രയല്ലേ..എന്തൊക്കെ ചിലവുകാണും..?

എടാ സജൂ..നീയെന്താ അയാളോട് കിന്നാരം പറഞ്ഞു നിൽക്കുകയാണോ?നമുക്ക് പോകണ്ടേ? നീ ഈ നേരം കൊണ്ട് അയാളോട് കമ്പനി കൂടിയോ..?

ദിനിൽ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു..

ദാ അവർ വിളിക്കുന്നു..പൊയ്ക്കോളൂ..

പൊട്ടിയടർന്ന ഒരു കരച്ചിലിൽ അവൻ അയാളുടെ കയ്യിൽ നിന്നും കുടയുംബോർഡും വിസിലും പിടിച്ചു വാങ്ങി..അയാൾക്ക് തടയാൻ കഴിയുന്നതിന് മുമ്പേ..അവൻ റോഡിലേക്കിറങ്ങി വന്ന വണ്ടിക്ക് വിസിലടിക്കാൻ തുടങ്ങി..

സജൂ..സജൂ..നീയെന്താ ഈ കാണിക്കണേ..ദിനിൽ റോഡിലേക്ക് ഒാടി വന്നു പറഞ്ഞു..

അവരൊക്കെ അറിയും..വേഗം പൊയ്ക്കോ..അയാൾ സജുവിന്റെ തലയിൽ കൈ വച്ച് പറയുന്നുണ്ടായിരുന്നു..

എടാ...നിങ്ങൾ പൊയ്ക്കോളൂ..ഞാനിനി വരുന്നില്ല...ഇത് ആരാന്നറിയോ നിങ്ങൾക്ക് ...? എന്റെ അച്ഛനാടാ...ഇങ്ങനെ നിന്നുണ്ടാക്കിയ പൈസ കൊണ്ടാണു ഞാൻ....അവന്റെ കരച്ചിൽ അടുത്ത വണ്ടിക്കുള്ള വിസിലിനിടയിൽ പാതിയിൽ മുറിഞ്ഞുപോയി..
സജൂവിനെ കുടയിൽ നിന്നും വിസിലിൽ നിന്നും പിടിച്ചുമാറ്റി ബദാം മരത്തിന്റെ താഴെയുള്ള ഇരിപ്പിടത്തിലേക്ക് ഒടിഞ്ഞിരുന്ന് മുഖം മുട്ടുകാലുകൾക്കുള്ളിലേക്ക് തിരുകി വച്ച് അയാള്‍ പറയുന്നുണ്ടായിരുന്നു.

പോടാ അവരുടെ ഒപ്പം...ഒരു സ്ഥലോം മുഖോം ആലശീലേം ഇല്ലാത്ത ചെക്കൻ....

ശിവപ്രസാദ് പാലോട്, 9249857148
കുണ്ടൂർക്കുന്ന് പി ഒ,മണ്ണാർക്കാട് കോളേജ്,പാലക്കാട് 678583

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ