2018 ഓഗസ്റ്റ് 19, ഞായറാഴ്‌ച

കുറ്റം

ഡസ്കിൽ കോമ്പസു കൊണ്ടും പേന കൊണ്ടും കുത്തി വരഞ്ഞതിനാണ്  ഗോമതി ടീച്ചർ രഘുവിനെ ഓഫീസ് റൂമിൽ കയറ്റിയത്


വിചാരണ കഴിഞ്ഞ് പിറ്റേന്ന് രക്ഷിതാവിനെക്കൂട്ടി സ്കൂളിൽ വന്നാൽ മതിയെന്ന് വിധി.

പിറ്റേന്ന് രഘു കയ്യിലെ ഞരമ്പു മുറിച്ചെന്ന വാർത്ത ബെല്ലടിക്കും മുമ്പേ സ്കൂളിൽ പരന്നിരുന്നു…


സ്കൂൾ ഓഫീസിൽ നാട്ടുകാരെത്തി.പൊലീസെത്തി. കുട്ടികളോട് രൂക്ഷമായി പെരുമാറിയതിന് അധ്യാപകരെ പൊലീസ് താക്കീത് ചെയ്യുന്നതിനിടെയാണ് ഗോമതി ടീച്ചർ പിന്നെയും ഒച്ചയുയർത്തിയത്


സാറേ... നിങ്ങള് ആ ഡസ്ക് ഒന്ന് കണ്ടില്ലല്ലോ.. അത് കണ്ടാൽ നിങ്ങളിങ്ങനെയൊന്നും പറയില്ല..


ശിവപ്രസാദ് പാലോട്

2018 ഓഗസ്റ്റ് 18, ശനിയാഴ്‌ച

ദുരന്തം

ഭർത്താവിന്റെ ബുള്ളറ്റിലാണ് സുഗന്ധി ടീച്ചർ ആഗസ്റ്റ് 15 ന് സ്കൂളിലെത്തുന്നത്. അവധി ദിവസങ്ങളിൽ മാത്രം പുറത്തെടുക്കാറുള്ള പച്ച ചുരിദാറും മാച്ചിങ്ങ് ഓർണമെന്റ്സും സർവ്വോപരി കഴിഞ്ഞ ദിവസം പാർലറിൽ പോയതിന്റെ തിള തിളപ്പും..


സ്റ്റാഫ് മുറിയിൽ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിക്ക് നൽകാനുള്ള തീരുമാനമെടുപ്പാണ്..


സുഗന്ധി ടീച്ചറേ... ടീച്ചർക്ക് 1756 ആണ് വരുന്നത്.. എഴുതുകയല്ലേ???


സ്റ്റാഫ് സെക്രട്ടറി തലയുയർത്തി


ആയിരം രൂപ എഴുതിയാ മതി..


ഇത്രേം വല്യ പ്രശ്നല്ലേ ടീച്ചറേ... എല്ലാരും രണ്ടു ദിവസത്തെ എഴുതിട്ടുണ്ട്


കഴിഞ്ഞ ആഴ്ച വാങ്ങിയ ആറു പവൻ മാലയുടെ പതക്കം മാറിലേക്ക് ഒന്നുകൂടി പിടിച്ചിട്ട് സുഗന്ധിട്ടീച്ചർ കട്ടായം പറഞ്ഞു..

അതേയ്... എന്റെ ആയിരം എഴുതിയാ മതിന്ന് പറഞ്ഞില്ലേ... പ്രളയത്തെക്കാൾ വലിയ ദുരിതമാണ് എന്റെ വീട്ടിൽ..

കസേരയിൽ നിന്നും എഴുന്നേറ്റ് ഒരു കൊടുങ്കാറ്റ് പോലെ സുഗന്ധി ടീച്ചർ സ്റ്റാഫ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി..

സ്റ്റാഫ് റൂമിൽ ഒരു മൗനം കുറെ നേരം പരുങ്ങി നിന്ന് ആരുമറിയാതെ ഊർന്നിറങ്ങി.


ശിവപ്രസാദ് പാലോട്

2018 ഓഗസ്റ്റ് 12, ഞായറാഴ്‌ച

പന്തിഭേദങ്ങൾ



കവിതാലാപന മത്സരമായിരുന്നു..

മനപാഠം പഠിച്ചു വന്ന കുട്ടികൾ ഓരോ വരിയും മറന്നു പോകുമോ മറന്നു പോകുമോ എന്ന പേടി പ്രാസത്തിൽ ചൊല്ലിത്തുടങ്ങി

ചിലരൊക്കെ പകുതിയിൽ വരിമുട്ടി കരഞ്ഞു മടങ്ങി
മടങ്ങിയവരെയെല്ലാം ഒപ്പം വന്ന ടീച്ചർമാർ കണക്കറ്റ് ചീത്ത പറഞ്ഞു

എത്ര പറഞ്ഞതാ പഠിക്കാൻ പഠിക്കാൻ..
എല്ലാം കളഞ്ഞു കുളിച്ചില്ലേ..

അടുത്തത് അധ്യാപകർക്കുള്ള കാവ്യാ ലാപനമായിരുന്നു

മാഷന്മാരും ടീച്ചർമാരും നെടുങ്കൻ പേപ്പറുകളിലും ഡയറികളിലും നോക്കിക്കൊണ്ട് ഭാവപ്രാസത്തോടെ കവിത അവതരിപ്പിച്ചു... ചിലർ ഒന്നുകൂടി മുന്നേറി മൊബൈലിൽ നോക്കിപ്പാടി. ചിലർ സ്വന്തം സമാഹാരത്തിൽ നോക്കി ആത്മവിശ്വാസത്തോടെ  വായിച്ചു

ഇതെന്താ ഇങ്ങിനെ... കുട്ടികൾക്ക് ഒരു നിയമം... മാഷന്മാർക്ക് വേറെയും..? കുട്ടികൾ മുഖത്തോട് മുഖം നോക്കി

കൂട്ടത്തിലൊരാൾ ധൈര്യം സംഭരിച്ച് വിധികർത്താക്കളോട് ചോദിച്ചു..

സാറേ... സാറന്മാർക്ക് കാണാപാഠം വേണ്ടേ..?

ചോദിച്ച കുട്ടിയെ ഒന്നമർത്തി നോക്കി പ്രധാന വിധികർത്താവ് മുരണ്ടു

അതേയ്.. കുട്ട്യോൾക്ക് നിർബന്ധാ... മാന്വലിൽ പറഞ്ഞിട്ടുണ്ട്.. അധ്യാപകർക്ക് മനപാഠം ചൊല്ലണമെന്ന് മാന്വലിൽ പറഞ്ഞിട്ടുമില്ല... ഞങ്ങൾക്കങ്ങനെ ഒരു നിർദ്ദേശം കിട്ടീട്ടുമില്ല…

രണ്ടാമത്തെ വിധികർത്താവ് ചിലച്ചു

അധ്യാപകർക്കൊക്കെ വയസായില്ലേ... ചിലർക്കൊന്നും കാണാപാഠം പഠിച്ചാ മനസിൽ നിൽക്കില്ല... അതുമല്ല ഇന്നലെയോ മറ്റോ എഴുതിയ കവിതയൊക്കെ ആയിരിക്കും…

എന്നാലും കാണാപാഠം കിട്ടാത്തതിന് ഞങ്ങളെ പുറത്താക്കുമ്പോൾ…

കുട്ടി പിന്നെയും

അതേയ്... സംഘാടക സമിതി ഇടപെട്ടു..

മോൻ പോ... മോന്റെ മത്സരം കഴിഞ്ഞില്ലേ... വലിയവർക്ക് ചില ആനുകൂല്യങ്ങൾ ഒക്കെയുണ്ട്.. അതൊന്നും കുട്ടികൾക്ക് കിട്ടീന്നു വരില്ല... പലരും പല സംഘടേലും പെട്ട ആളുകളൊക്കെയാ...

ഒന്നും മനസിലാവാതെ നിന്നപ്പോൾ കുട്ടിക്ക് താൻ സ്റ്റേജിൽ വച്ചു മറന്നു പോയ കവിതയുടെ ഭാഗം പെട്ടെന്ന് ഓർമ്മ വന്നു..
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…
ഒരു സംഘടനയും ഇല്ലാത്തതു കൊണ്ട് അവനത് ഒറ്റക്ക് ഉറക്കെച്ചൊല്ലി ഹാൾ വിട്ടു.

*ശിവപ്രസാദ് പാലോട്*

2018 ജൂലൈ 29, ഞായറാഴ്‌ച

അശ്വമേധം



ശാപം കിട്ടിയ കുതിരകൾ
മേഘങ്ങളായും
മേഘങ്ങൾ മനുഷ്യരായുമായിരിക്കണം
പൊക്കിൾക്കൊടിമുറിച്ചത്

കവിത കൊണ്ട് കെട്ടിയ
കുരുക്കുകൊണ്ട്
ഒരു കുതിരയുടെ കഴുത്തിൽ
ഞാൻ കയറിട്ടു പോകുന്നു

ആ കയറിൽ പിടിച്ച്
മുകളിലേക്ക് കയറുമ്പോളൊക്കെ
കുതിര ചിനച്ചു കൊണ്ട് പായുന്നു
തൂങ്ങിക്കിടന്ന്
താഴെ മാമലകളെക്കാണുമ്പോൾ
അവയുടെ നരച്ച മുടിയിൽ
കാടു കൂട്ടിയപേനുകളുടെ
മഹാപ്രസ്ഥാനങ്ങൾ കാണുന്നു
ജട പിടിച്ച മുടിയഴിച്ചിട്ട്
ഭ്രാന്തിയായ ഒരു കാറ്റ്
പട്ടങ്ങളെ മുലയൂട്ടുന്നു.
പക്ഷാഘാതം വന്ന് ചിറി കോടിയ
പുഴ വികൃതമായി
പാടാൻ ശ്രമിക്കുന്നു

തല പോയതെങ്ങുകൾ
ഭൂമിയുടെ ഗർഭപാത്രത്തിലേക്ക്
നീളുന്ന കുഴലുകളാകുന്നു
ശരിക്കും ഭൂമിയാണ് അമ്മ
ഭൂമി പെറ്റിട്ട കുട്ടിയാണാകാശം
ഓരോ മരവും
പൊക്കിൾക്കൊടികളാണ്

നട്ടുച്ചക്ക്
കാണാമറയത്തുള്ള
കുതിരയുടെ കഴുത്തിൽ നിന്നും
തൂങ്ങിക്കിടന്ന്
തലങ്ങും വിലങ്ങും കാഴ്ച കാണുന്നൊരാളെ
എല്ലാ പുസ്തകങ്ങളിലും
ഭ്രാന്തനെന്നേ വരച്ചു വെച്ചിട്ടുണ്ടാകൂ

കാരണം
കടലെന്നാൽ
ഈ കറുമ്പൻ കുതിരകളുടെ
സ്രവങ്ങൾ കെട്ടി നിന്നുണ്ടായതാണ്
ഓരോ തിരയിലും
കരയടുപ്പിക്കാനുള്ള
പല കപ്പലുകളുടെ പ്രേതങ്ങളുണ്ട്

കയറിലൂടെ പിടിച്ചു കയറുന്നതാണ് ചരിത്രം
പിടി വിട്ടാൽ വീണുടയുന്നതാണ്
അതിന്റെ ധനതത്വശാസ്ത്രം

കുതിരയുടെ പുറത്തിരുന്ന്
കടിഞ്ഞാണും ചാട്ടയും
വലിച്ചെറിയുന്നവരാണ് ഭീരുക്കൾ
ഓടിക്കുന്നവന്റെ ഇഷ്ടത്തിന് പായുന്ന കുതിരകളെ അവർക്ക് ഭയമായിരിക്കും..
ഭ്രാന്തൻ കുതിരയുടെ
കുഞ്ചിരോമങ്ങൾ കൊണ്ടാണ്

മഴവില്ല് തുന്നിയുണ്ടാക്കുന്നത്
ഭ്രാന്തില്ലെങ്കിൽ
അതൊരു കഴുത പോലെ
വിധേയനാകും
മഴവില്ലു പോയിട്ട്
തെരുവു വേശ്യയുടെ
വെട്ടിയൊതുക്കിയ പുരികം പോലും
ഉണ്ടാകാനിടയുമില്ല...

ഇവിടെ എത്രമാത്രം കുതിരകാണെന്നോ
കുളമ്പടികളിൽ നിന്ന്
മിന്നലുണ്ടാക്കി
ഓരോ നിശ്വാസത്തിൽ നിന്നും
വാൽനക്ഷത്രങ്ങളുണ്ടാക്കി
ലഹരിയുടെ കുരുക്ഷേത്രത്തിൽ
തേരുകളെ മറിച്ചിടുന്നത്..

വരൂ
വിശപ്പ് , ദാഹം ,
കെട്ട പ്രണയങ്ങൾ,
വഴുക്കുന്ന കാമം വലിച്ചെറിഞ്ഞ്

നിങ്ങൾക്ക് മാത്രം കഴിയുന്ന
ഈ അശ്വമേധത്തിൽ
ശാപം കിട്ടിയ ഒരു മേഘമാവൂ


*ശിവപ്രസാദ് പാലോട്*

ചിരിക്കാൻ പഠിക്കുന്നവർ



പുതിയ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ  ആദ്യം മനസ്സിൽ
ഒരാന്തലായിരുന്നു. പറിച്ചു നട്ട ചെടിയെപ്പോലെ പുതിയ മണ്ണിനോട്
പാകപ്പെടാത്ത ഒരു വാട്ടം. വീട്ടിൽ നിന്നും ഏറെ ദൂരം. പുതിയസഹപ്രവർത്തകർ.
കുട്ടികൾ.ഇനിസമരസപ്പെടേണ്ട പുതിയ ബെല്ലടികൾ
               പുതിയ ടീച്ചറെ വരവേൽക്കുമ്പോൾ കുട്ടികളുടെ
കുസൃതിക്കണ്ണുകൾ ഗോട്ടികൾ പോലെ തിളങ്ങി. പുതിയ അതിഥിയെ കൂട്ടത്തിൽ
ചേർക്കാനെടുക്കുന്ന അദൃശ്യമായ സമയപുസ്തകം ഒാരോരുത്തരുടെയും
മുഖത്തുണ്ടായിരുന്നു.

ആദ്യ ദിവസം തന്നെ മൂന്നാം ബഞ്ചിലെ അവന്റെ ചിരിവട്ടം  തന്റെ മനസ്സിൽ
പതിഞ്ഞിരുന്നു. എത്രയോകാലെ പരിചയമുള്ള  ഒരു ചിരിയുടെ കുശലാന്വേഷണം പോലെ
എവിടെയോ കണ്ടുമറന്ന ഒരു മുഖം അന്നേ മനസ്സിൽ വരഞ്ഞു കിടന്നു.

അവനോട് എന്തു ചോദിച്ചാലും ചിരിക്കേ ഉള്ളൂ ടീച്ചർ ഒന്നും പറയില്ല

എന്തോ ഒരു ചോദ്യം അവനോടായി ചോദിച്ചപ്പോൾ അടുത്തിരുന്നവന്റെ മറുപടി.
അതെന്താ അങ്ങിനെ എന്ന ഭാവത്തിൽ അവനെ നോക്കിയപ്പോളൊക്കെ
എന്തിനുവേണ്ടിയെന്നറിയാത്ത ഒരു ചിരിതന്നെയായിരുന്നു മറുപടി.
                 പതുക്കെ പതുക്കെ പുതിയ ക്ളാസ് പരിചിതമായി തുടങ്ങി.കളർ
പെൻസിൽ കൊണ്ട് ചുവരുകളിൽ വരച്ചുവച്ച ഗുഹാചിത്രങ്ങളുടെ അർഥങ്ങൾ
പിടികിട്ടിത്തുടങ്ങി.പുതിയ ടീച്ചറോട് അവർ വിശേഷങ്ങൾ പങ്കിടാൻ തുടങ്ങി.
രാവിലെത്തെ ഗുഡ് മോർണിങ്ങിന്റെ യാന്ത്രികത വിട്ട് അതിലേക്ക് ഇത്തിരി
സ്നേഹമൊക്കെ കലരാൻ തുടങ്ങി.
                             പലപ്പോഴും അവനെ ഇണക്കാനായി അടുത്തു ചെന്നു.
വള്ളിയും പുള്ളിയുമില്ലാത്ത ഗൃഹപാഠങ്ങൾ കാണിച്ചു തരുമ്പോൾ അവൻ
ചിരിക്കുകയല്ലാതെ ഒന്നും പറയാറില്ല.വായിക്കാൻ പറഞ്ഞാലും അതേ ചിരി.

ടീച്ചറേ പഴയ ടീച്ചർ അവനെ നുള്ളീട്ടും കൂടി അവൻ മിണ്ടീട്ടില്ല.. അപ്പളും ചിരിക്കും

അടുത്തിരുന്നവന്റെ മുൻവിധി കലർന്ന വാക്കുകൾ താനെത്രമാത്രം
കേൾക്കുന്നുണ്ടെന്ന് അവനൊരു ചിരിയിലൂടെ അളവെടുക്കുന്നുണ്ടായിരുന്നു.
സ്റ്റാഫ് മുറിയിൽ മറ്റു ടീച്ചർമാരോട് ചോദിച്ചപ്പോഴും  അവനെക്കുറിച്ചുള്ള
സംശയം മാറിയതുമില്ല.

ആകുട്ടി ചെറിയ ക്ളാസ് മുതൽക്കേ അങ്ങിനെയാണ്. പ്രത്യേകിച്ച് ശല്യം
ഒന്നുമില്ല. അല്പ സ്വല്പം എഴുതും വരക്കൂം ഒക്കെ ചെയ്യും. എന്താ ചെയ്യാ
അതിന്റെ അവസ്ഥ അങ്ങിനെയാ..
ഒരെത്തും പിടിയും  തരാത്ത കുട്ടി.
വനജ ടീച്ചറാണ് അത്രയെങ്കിലും പറഞ്ഞത്.

                  അങ്ങനെയിരിക്കെ  ഇന്ന് രാവിലെ വന്ന് ഏറെക്കഴിഞ്ഞ്
നോക്കിയപ്പോൾ അവനുണ്ട് വാടിയ ചിരിയുമായി ഇരിക്കുന്നു, തൊട്ടു
നോക്കിയപ്പോൾ പൊള്ളുന്ന പനി.

എടാ നിനക്ക് നന്നായി പനിക്കുന്നുണ്ടല്ലോ..

ഉത്തരമായി വിറയ്ക്കുന്ന ഒരു ചിരി. ഒാഫീസിൽ പറഞ്ഞപ്പോൾ അവനെ വീട്ടിൽ
കൊണ്ടുപോയി ആക്കാൻ തീരുമാനമായി. അവന്റെ അടുത്തിരിക്കുന്നവനെയും
കൂടെക്കൂട്ടി ഒാട്ടോയിൽ കയറി. ഇത്തിരി ദൂരം പോയപ്പോൾ ഇനി ഒാട്ടോ പോകില്ല.
നടന്നു പോകണം അവന്റെ വീട്ടിലേക്ക്.ഒാട്ടോയിൽ നിന്നും ഇറങ്ങുമ്പോൾ
അപ്രതീക്ഷിതമായി അത് സംഭവിച്ചു.

ടീച്ചർ ഞാനിവിടന്ന് ഒറ്റക്ക് പോയിക്കോളാം..ടീച്ചർ പൊയ്ക്കോ..

അപരിചിതമായ അവന്റെ ശബ്ദം ഏതു കാട്ടുപക്ഷിയുടെതാണെന്ന്
ഒാർത്തുകിട്ടുന്നുണ്ടായിരുന്നില്ല. ആദ്യമായിട്ടല്ലേ അവൻ സംസാരിച്ചു
കേൾക്കുന്നത്.

അല്ല..ഇങ്ങിനെ പനിക്കുന്ന നിന്നെ ഒറ്റക്കു വിടാൻ പറ്റില്ല. അല്ല അപ്പോ
നിനക്ക് മിണ്ടാൻ ഒക്കെ അറിയാം അല്ലേ,,,? അവനോട് അല്പം കയർക്കേണ്ടിയും
വന്നു, കൂടെയുള്ള കുട്ടിക്ക് മുമ്പിലായി അവൻ നടന്നു.

ഒറ്റ വരമ്പ് കടന്ന് തോടിനിട്ട തെങ്ങുതടിയിൽ ചവിട്ടി അപ്പുറത്തേക്ക്. ഈ
ദൂരം മുഴുവൻ നടന്നാണല്ലോ ഇവൻ വരുന്നതെന്ന്  മനസ്സിൽ ഒാർത്തപ്പോള്‍ നേരം
വൈകിയതിന്  പുറത്തുനിർത്തിയ കുട്ടികളുടെ മുഖങ്ങൾ അറിയാതെ വന്നുപോയി.
 വരിയൊലിച്ചുണ്ടായ ചാലുപോലെയുള്ള വഴി ചെന്നെത്തിയത് പൊളിഞ്ഞ വീടിന്റെ
ഉമ്മറത്ത്. ഒരു ഭാഗം മുഴുവനായി ഇടിഞ്ഞു വീണിട്ടുണ്ട്. ബാക്കി ഭാഗം മുകളിൽ
ടാർപോളിൻ പൊതിഞ്ഞു കെട്ടിയിരിക്കുന്നു. മുറ്റത്ത് ആൾപ്പെരുമാറ്റം
കേട്ടിട്ടാകണം ഉള്ളിൽ നിന്നും ഒരു ശബ്ദം

ആരാത്..?

അച്ഛാ ഞാനാ..പനി അധികമായപ്പോൾ ടീച്ചർ കൊണ്ടു വന്നതാ..

പൊട്ടിയ ഒാടുകഷണങ്ങൾ പതറിക്കിടന്ന മുറ്റത്ത് അവിടിവിടെ കണ്ണീരുറവപോലെ
കെട്ടിക്കിടക്കുന്ന ഇറവെള്ളം.തൊടിയിൽ ചുവന്നു ചിരിക്കുന്ന
ഭ്രാന്തൻപൂക്കൾ.

വാതിൽ അവൻ ഒന്നു തൊട്ടപ്പോളേക്കും തുറന്നു.

ടീച്ചർ പൊയ്ക്കോളൂ..

പിന്നെയും കാട്ടു പക്ഷിയുടെ ചിലമ്പൽ. അവന്റെ സമ്മതത്തിന് വഴികൊടുക്കാതെ
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ അസ്ഥി പഞ്ജരമായി ഒരു മനുഷ്യൻ പായിൽ
കിടക്കുന്നു.


അഛ്ചനാ..തെങ്ങിൽ നിന്നും  വീണതാ..

അതു പറയുമ്പോൾ അവന്റെ ചിരി മാഞ്ഞുപോയിരുന്നു.

പനിച്ചുകിടന്നാലും നോക്കാൻ ആരുമില്ല. ടീച്ചറേ അതാ സ്കൂളിൽ വിട്ടത്.

പായിൽ നിന്നും ശബ്ദം വിറച്ചു പൊന്തി.

അമ്മ..അമ്മയെവിടെ..?

അവള് എനിക്കും ഇവനും മരുന്നു വാങ്ങാൻ പോയിരിക്കുകയാണ്.

ഈ സമയം അവന്‍ ബാഗ് മൂലക്ക് ചാരി വച്ചു. മണ്ണടർന്ന നിലത്ത് പലയിടത്തും
കുഴികളിൽ നനവുണ്ടായിരുന്നു.

എന്നാ ടീച്ചറ് പൊയ്ക്കോളൂ..

അവന്റെ ശബ്ദത്തിൽ എന്തോ ഒരു നിർബന്ധത്തിന്റെ കനം. പടിക്കലെത്തിയപ്പോൾ
പിറകില്‍ നിന്ന് ഒരു വിളി കേട്ടു..

ടീച്ചറേ..

ടീച്ചർ ചോദിക്കാറില്ലേ എന്നാ ഒരു ചോദ്യത്തിനും
ഉത്തരമില്ലാത്തെതെന്ന്..എന്തിനാ എപ്പളും  ചിരിക്കണേ എന്ന്..?


ഈ കുട്ടി എന്താണിങ്ങനെ പെട്ടെന്ന് ചോദിക്കുന്നത് എന്ന ഭാവത്തോടെ ഞാനും
ഒപ്പം വന്ന കുട്ടിയും ഒന്ന് പിറകിലേക്ക് നിന്നു.

ടീച്ചറേ ഞാനെന്തിനാ ടീച്ചറേ ചിരിക്കുന്നത്..? ടീച്ചർ കണ്ടില്ലേ
കരഞ്ഞിട്ടെന്താ കാര്യം ടീച്ചറേ..
അവന്റെ ചോദ്യത്തിന്  പെട്ടൊന്നൊരു ഉത്തരം പറയാൻ കഴിയാത്തതിനാൽ ഞാൻ അവനെ
നോക്കി ചിരിച്ചു. ഒന്നിനും ഒരുതീർപ്പുമില്ലാത്ത വെറും ചിരി. അപ്പോൾ അവനും
ചിരിക്കുന്നണ്ടായിരുന്നു. മടക്കയാത്രയിൽ  കൂടെ വന്ന കൂട്ടിയെ ഞാൻ വല്ലാതെ
ചേർത്തുപിടിച്ചു. അവനും ചിരിക്കുന്നുണ്ടായിരുന്നോ..?


ശിവപ്രസാദ് പാലോട്

2018 ജൂലൈ 25, ബുധനാഴ്‌ച

മൂന്ന് സത്യ കഥകൾ




*അയിഷാബിയുടെ*
*ഏഴുറുപ്പിക*


ഗ്രാമത്തിലെ ആ എൽ പി സ്കൂളിൽ നിന്നും പ്രമേഷൻ ലഭിച്ച്   പോയി പിന്നെ ഒന്നരക്കൊല്ലം കഴിഞ്ഞാണ് ദിനേശൻ മാഷ് മറ്റൊരാവശ്യത്തിനായി സ്കൂളിലേക്ക് ഒന്നു വന്നത്.

അപ്പോൾ ഇന്റർവെൽ ആയിരുന്നു.. സ്കൂൾ മുറ്റത്ത് കലപില കൂട്ടി നടന്ന കുട്ടികൾ മാഷിന്റെ നിഴൽ വെട്ടം കണ്ടതോടെ ഓടി വന്ന് വട്ടം പിടിച്ചപ്പോൾ ദിനേശൻ മാഷിന്റെ ഉള്ളം കുതിർന്നു.. കുട്ടികൾ തന്നെ ഇപ്പോളും ഓർക്കുന്നുണ്ടല്ലോ..


        അവരോടൊക്കെ വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴേക്കും ബെല്ലടിച്ചു. എല്ലാ കുട്ടികളും ക്ലാസിൽ കയറിയപ്പോഴും ഒരു കുട്ടി മാത്രം ദിനേശൻ മാഷിന്റെ ഒപ്പം നടന്നു..


മാഷ് ഓഫീസ് മുറിയിലേക്ക് കയറിയപ്പോൾ അവൾ താഴ്മയോടെ പുറത്തു കാത്തു നിന്നു.. മാഷ് പഴയ സഹാധ്യാപകരെ കാണാൻ ഓരോ ക്ലാസിലേക്കും നടന്നപ്പോൾ അവൾ മൗനമായി മാഷെ അനുഗമിച്ചു…

  ഒരു കുട്ടി തന്നെ പിന്തുടർന്ന് നടക്കുന്നത് കണ്ടപ്പോൾ ദിനേശൻ മാഷ്ക്ക് മനസ് തളിർത്തു.. എന്തൊരു സ്നേഹമാണ് കുട്ടികൾക്ക് തന്നോട്..

... മോൾടെ പേരെന്താ??

... അപ്പോ മാഷ്ക്ക് ന്നെ ഓർമ്മല്ലെ??

ഞാൻ അയിഷാബിയാ… മാഷിന്റെ മൂന്നാം ക്ലാസിൽ.. ഇപ്പ ഞാൻ നാലിലാ...


മോള് ഇനി ക്ലാസിൽ കയറിക്കോ.. ടീച്ചർ ചീത്ത പറയും ട്ടോ... നല്ലോണം പഠിച്ച് വല്യ ആളാവണം... മാഷ് ഇപ്പൊ പോവും.. പിന്നെ കാണാം..


മാഷെ... മാഷ് പോകുമ്പോ സ്റ്റാമ്പിന് പത്തുറുപ്പിക തന്നേന്റെ ബാക്കി

ഏഴുറുപ്പിക എനിക്ക് തരാന്ണ്ട്... അത് കിട്ടാഞ്ഞിട്ട് വീട്ടിൽ നിന്ന് എത്ര ചീത്ത കേട്ടൂ ന്നറിയ്യോ... ഇന്ന് മാഷെക്കണ്ടപ്പോൾ അത് വാങ്ങാനാ ഞാൻ പിന്നാലെ വന്നത്… മാഷെ ന്റെ ഏഴുറുപ്പിക മാഷ് മറന്നോ???


         പോക്കറ്റിലേക്ക് കയ്യിട്ട് പൈസ തിരഞ്ഞു കൊടുക്കുമ്പോൾ അയിഷാബി തന്റെ പിറകേ നടന്നതിന്റെ കാരണം പിടികിട്ടി ദിനേശൻ മാഷ് സ്വയം വെളുക്കെ ചിരിച്ചു.




*ശിഷ്ടം കൂട്ടുന്ന പ്രഭാകരൻ*


പഠിത്തം കഴിഞ്ഞ് ജോലി കിട്ടാതെ വന്നപ്പോൾ ഓട്ടോ ഓടിച്ചു കഴിയുകയായിരുന്നു... ഒരിക്കൽ ശീകൃഷ്ണപുരത്തേക്ക് ഓട്ടം പോയി മടങ്ങി വരുമ്പോൾ തിരുവാഴിയോട്ടുനിന്നും പാൻറും ഷർട്ടും ബാഗുമൊക്കെയായി ഒരു ചെറുപ്പക്കാരൻ കൈ കാണിച്ചു…


വണ്ടിയിൽ കയറിയിരുന്ന ആളെ പെട്ടെന്നു പിടി കിട്ടി.. പ്രഭാകരൻ.. ഹൈസ്കൂളിൽ ഒപ്പം പഠിച്ചവൻ.. അവന് തന്നെയും മനസിലായി


എടാ ശിവാ.. നീയെന്താ ഓട്ടോയുമായി.. കണക്കൊക്കെ നല്ലവണ്ണം പഠിച്ചിരുന്ന നീയൊക്കെ വല്ല ഡോക്ടറും ആയിപ്പോയിട്ടുണ്ടാകുമെന്നാ ഞാൻ കരുതിയത്


അവന്റെ ചോദ്യത്തിൽ അമ്പരപ്പിന്റെ ഒരു പരപ്പ്.


പ്രഭാകരാ നീയിപ്പോ എന്തു ചെയ്യുന്നു…


ഞാനിപ്പോ മൂവാറ്റുപുഴയിൽ ബാറിൽ നിൽക്കാണ്


ബാറിലോ?? ശമ്പളമൊക്കെ എങ്ങനെ??


ശമ്പളമൊക്കെ കുറവാ... ടിപ്പ് കിട്ടും.. പിന്നെ ശിഷ്ടം കൂട്ടി ഞാൻ ദിവസേന പത്തഞ്ഞൂറ് ഉണ്ടാക്കും... അതോണ്ട് ഒന്നര ഏക്കർ റബ്ബർ വാങ്ങിയിട്ടു..


ശിഷ്ടം കൂട്ടീട്ട് റബ്ബറോ??


അതേ ടാ.. ബാറിൽ കുടിച്ചിറങ്ങുന്നോർക്ക് വല്യബോധം ഒന്നും ഉണ്ടാവില്ല ബില്ല് കൂട്ടി എഴുതുമ്പോൾ എട്ടും എട്ടും പതിനാറിന് 1 ശിഷ്ടം ആറ് എന്ന് വച്ചാ കൂട്ടുക.. ഒറ്റ ബില്ലിൽ അറുപത് ഇങ്ങോട്ട് പോരും. ഇനി അഥവാ ആരെങ്കിലും ചോദിച്ചാ ശിഷ്ടം കൂട്ടിയപ്പോ തെറ്റിതാ ചേട്ടാ എന്ന് പറഞ്ഞ് തലയൂരും… നീയും വേണങ്കി പോര്...ഓട്ടോ ഓടിച്ച് എന്ത് കിട്ടാനാ…?


  എട്ടിന്റെ ഗുണന പട്ടിക കാണാതെ പറയാൻ അറിയാഞ്ഞ് വിജയൻ മാഷെ പേടിച്ച് സ്കൂളിൽ വരാതെ മുങ്ങി നടന്ന പഴയ പ്രഭാകരനെ ഓർമ്മ വന്നപ്പോൾ ഞാൻ വണ്ടി ഓരം ചേർത്തു നിർത്തി അന്തം വിട്ട് അവനെ നോക്കി.



*ബാബുവിന്റെ മട്ടം*


ബാബുവിനെ ഞാൻ പഠിപ്പിച്ചതാണ്. പഠിക്കാൻ മഹാമടിയനായിരുന്നതിനാൽ എട്ടിൽ വച്ച് അവൻ പഠിപ്പു നിർത്തിപ്പോയയാണ്.. പൈതഗോറസ് സിദ്ധാന്തം എത്ര പറഞ്ഞാലും തലയിൽ കയറാത്തവൻ..


പുതിയ വീടിന് തറപ്പണിയെടുക്കാൻ കരാർ കൊടുത്ത രാമകൃഷ്ണേട്ടന്റെ കൂടെ സഹായിയായി വന്നതാണ് അവൻ


ഒഴിവു ദിവസമായതിനാൽ പണി നോക്കി നിൽക്കുകയായിരുന്നു.ബാബു പടവിന് മൂലക്കല്ലു വയ്ക്കുന്നു.. മൂന്നടി ഒരു വശത്തും രണ്ടടി അപ്പുറപ്പത്തും വച്ച് രണ്ടിനേയും ചരടു കൊണ്ട് യോജിപ്പിക്കുമ്പോൾ ഒരു ത്രികോണം കിട്ടുന്നു... കല്ലുകളുടെ സ്ഥാനം അങ്ങോട്ടും ഇങ്ങോട്ടും അല്പസ്വൽപം മാറ്റി ശരിയാക്കുന്നു…


ആഹാ... താൻ പഠിപ്പിച്ച പൈതഗോറസ് സിദ്ധാന്തം.. വച്ചാണ് അവൻ പാദവും ലംബവും വച്ച് കർണം കണക്കുകൂട്ടി മൂല ശരിയാക്കുന്നത്…


ടാ ബാബൂ... ഇതല്ലേടാ അന്ന് ഞാൻ നിന്നെ ക്ലാസിൽ പഠിപ്പിച്ചത്... പൈതഗോറസ് സിദ്ധാന്തം.. ഇത് പഠിക്കാഞ്ഞല്ലേ നീ ചീത്ത കേട്ടത്…??


ഇത് മാഷ് പഠിപ്പിച്ചതൊന്നുമല്ല... രാമഷ്ണേട്ടൻ പഠിപ്പിച്ചതാ... മട്ടം നോക്കാനും വാട്ടർ ലെവൽ നോക്കാനും, കട്ടയും നൂലും പിടിക്കാനുമൊക്കെ…


പാഠപുസ്തകവും ജീവിതവും തമ്മിലുള്ള കോൺ ആലോചിച്ച് ചിന്തയുടെ മട്ടം തെറ്റി

ഞാനവനെ വല്ലാതെ തുറിച്ചു നോക്കി.



*ശിവപ്രസാദ് പാലോട്*

2018 ജൂൺ 10, ഞായറാഴ്‌ച

സോക്കർ




മുക്കട്ടയിൽ ഇന്നലെ മുതൽ അതാണ് ചർച്ച. ബേക്കറിയിലും ബാർബർ ഷോപ്പിലും കലുങ്കുകളിലും എല്ലായിടത്തും.

ഫ്ലക്സുകൾ കാണാതാവുന്നു

ലോകകപ്പ് ഫുട്ബാളിലെ ഇഷ്ട ടീമിനായി കെട്ടിയ ഫ്ലക്സുകൾ കാണാതായതാണ് ചർച്ചക്കും തർക്കത്തിനും പെട്ടെന്നുണ്ടായ കാരണം.. ഒറ്റപ്പെട്ട് മുമ്പും ചില പരസ്യങ്ങളുടെ പോയതിൽ ആരുമിത്ര വേവലാതിപ്പെട്ടിരുന്നില്ല.

രാത്രി കെട്ടിയ ഫ്ലക്സുകൾ രാവിലേക്ക് കാണുന്നില്ല...

അർജൻറീന ഫാൻസുകാർ ബ്രസീൽ ഫാൻസിനെ കുറ്റം പറയുന്നു.. ബ്രസീലിന് അർജൻറീനയെത്തന്നെയാണ് സംശയം. ഇരുകൂട്ടരെയും തമ്മിലടിപ്പിക്കാൻ ഇംഗ്ലണ്ടുകാർ ചെയ്യുന്ന പണിയാണോയെന്നും ജനസംസാരമുരുളുന്നുണ്ട്

മഞ്ഞ ജഴ്സിയണിഞ്ഞവരുടെ പ്രതിഷേധ പ്രകടനം കവലയുടെ വടക്കെ മൂലയിലൂടെ ബൂട്ടുകളിൽ തീ പാറിച്ച് വരുമ്പോൾ തന്നെയാണ് തെക്കേ മൂലയിലൂടെ നീല ജഴ്സി ക്കാരും എത്തിയത്

വാക്കുകൾ വായുവിൽ കുത്തിമറിഞ്ഞ് വലകൾക്കുള്ളിലാവുന്നതിന്റെ പിറകെ കയ്യാങ്കളിയായി..
നാട്ടുകാർ ഏറെപ്പണിപ്പെട്ടാണ് ഇരു ടീമിനെയും സമനിലയിലാക്കിയത്.. എന്നാലും ഇരുട്ടുന്നതോടെ ഒറ്റപ്പെട്ട ചില പെനാൾടി ഷൂട്ടുകൾ ഉണ്ടായേക്കാമെന്ന ഭയം കവലയിൽ ഉരുണ്ടു കളിക്കുന്നുണ്ടായിരുന്നു.

നഷ്ടപ്പെട്ട ഫ്ലക്സുകൾ വീണ്ടും പുനസ്ഥാപിച്ച് രാത്രി വൈകിയാണ് പലരും പവലിയനിലെത്തിയത്.. ഉറങ്ങുമ്പോഴും നിലക്കാത്ത ആരവങ്ങൾ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു... കിനാവുകളിൽ ഗോൾ വലകൾ കലങ്ങിമറിഞ്ഞു. രാവിലെ മുക്കട്ടയിലെത്തിയവർ പിന്നെയും ഞെട്ടി

ഫ്ലക്സുകൾ വീണ്ടും കാണാനില്ല..

സംഗതി ഫൈനൽ മാച്ചിന്റെ ഗൗരവമായി. ഒറ്റപ്പെട്ടു ബൈക്കിൽ വന്ന അർജന്റീനയെ ബ്രസീലിന്റെ പടയാളികൾ അറഞ്ചം പുറഞ്ചം തല്ലി. പകരത്തിന് പകരം നീല ജഴ്സി ക്കാർ ബ്രസീലുകാരനായ ഓട്ടോക്കാരനെ അള്ളുവച്ച് തടഞ്ഞു... കളി കണ്ടു നിന്ന ഇഗ്ലണ്ടുകാരനെ ആരോ ഫൗൾ വച്ചു വീഴ്ത്തി. ഒന്ന് ഒന്നിന്  ഒന്നാം പകുതി കഴിഞ്ഞു നിൽക്കുന്ന സ്റ്റേഡിയം പോലെ മുക്കട്ട വീർപ്പുമുട്ടി… പരസ്പരം ചുകപ്പുകാർഡ് കാണിച്ചു നടന്ന യുവാക്കൾ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബുകളായി.



അന്നു വൈകുന്നേരം ചേർന്ന സർവ്വകക്ഷി സമാധാന സമ്മേളനത്തിൽ  സമനില വീണ്ടെടുത്ത് പൊതു തീരുമാനത്തിലെത്തി. ഫ്ലക്സുകൾക്ക് രാത്രി കാവൽ ഏർപ്പെടുത്താൻ  റഫറിയുടെ ധാരണയായി. കള്ളനെ കണ്ടെത്തുംവരെ വെടിനിർത്തൽ പ്രഖ്യാപിച്ചു.


പെനാൾടി ഷൂട്ടിന് പന്തു കാക്കാൻ നിൽക്കുന്ന ഗോളിയെപ്പോലെ ഒരു പോള കണ്ണടക്കാതെ കാത്തിരുന്നു മുക്കവല.. ഇടക്ക് ഒരു ഫ്രീ കിക്ക്

പോലെ പറന്നു പൊന്തിയ രാപ്പക്ഷി പോലും അവരുടെ കണ്ണിൽപ്പെട്ടു.

പുലർച്ചെയായപ്പോൾ ഒരു നിഴലനക്കം...ബാനർ കെട്ടിയ കാലിന്നരുകിൽ ഒരാൾ പമ്മി നിൽക്കുന്നു. ഇടം വലം നോക്കുന്നു. കാലടക്കത്തിൽ പന്തുമായി എതിരാളികളെ വെട്ടിച്ചു പോകുന്ന കളി വേഗത്തോടെ ഫ്ലക്സിന്റെ കെട്ടഴിച്ച് ധൃതിയിൽ മടക്കി ഇരുട്ടിൽ മറയാനൊരുങ്ങുന്നു…

ഒറ്റയടിക്ക് ഗോളാക്കണ്ടയെന്നും ആളെ പിന്തുടർന്ന് താവളം കണ്ടു പിടിക്കാമെന്നും പോയ ഫ്ലക്സുകൾ കൂടി കണ്ടെടുക്കാമെന്നും റഫറിയുടെ തീരുമാനം അന്തിമമായി.

നിഴലനക്കം അടുത്ത ബാനറുമഴിച്ച് നടന്നു തുടങ്ങി.. മുക്കവലക്കപ്പുറം കടന്ന് പാടം കടന്ന് തോടും കടന്ന് ഒരു കെട്ടിടത്തിന് മുമ്പിലെത്തി... ശ്വാസം വിടാതെ പിന്തുടർന്നവർ ഒന്നിച്ച്
ഗോളുറപ്പിച്ച ഗാലറി പോലെ ഇരമ്പി

കള്ളൻ... കള്ളൻ

അതൊരു ചെറുപ്പക്കാരൻ തന്നെയായിരിക്കും എന്നു കരുതി ടോർച്ച് തെളിയിച്ചവരെ അമ്പരപ്പിച്ച് വെളിച്ചത്തിന്റെ അറ്റത്ത് ഒരു സ്ത്രീ  കോർണർ എടുക്കാൻ വച്ച പന്തുപോലെ ചൂളി നിന്നു... ഏതു സമയത്തും ഒരടി പ്രതീക്ഷിച്ച്
വലയിൽ കുരുങ്ങാനുറച്ച്..

ഇത് കവലേല് പാട്ട പെറുക്കാൻ വന്നവളാ... നാടോടിയാ… കള്ളത്തമിഴത്തി


ആരോ പ്രതിയെ തിരിച്ചറിഞ്ഞു

ചോദ്യം ചെയ്യലിന്റെ വിസിലുകൾ മുഴങ്ങിയപ്പോൾ അകത്തു നിന്നും കുട്ടികൾ എഴുന്നേറ്റതിന്റെ ബഹളം... ഒരിളം പൈതലിന്റെ കരച്ചിൽ

അതുവരെ മൗനം പൂണ്ട അവൾ ഒരു പൊട്ടിക്കരച്ചിലായി

ചേട്ടമ്മാരെ…. ഈ പെര ഒന്നാകെ ചോർച്ചയാ.. മഴ ഒരു തുള്ളി പുറത്ത് പോവൂല.. ഞാനും രണ്ടു കുട്ട്യോളും ….ഇതിന്റെ മുകളിൽ വിരിക്കാനാണ്... ഞാൻ ഈ പ്ലാസ്റ്റിക് ഷീറ്റ് എടുത്തത്..

ടോർച്ചുകളുടെ വെളിച്ചത്തിൽ ഇടിഞ്ഞു വീഴാറായ ഒരു കൊച്ചു കെട്ടിടം തെളിഞ്ഞു... ഇതു വരെ കാണാതായ ഫ്ലക്സുകളിൽ നിന്ന് താരങ്ങൾ ഓരോരുത്തരായി ഇറങ്ങിവന്ന്

വെളിച്ചത്തിന് മുന്നിൽ ഒരു മാച്ച് തുടങ്ങാനുള്ള പോലെ നിരന്നു നിന്നു..

ചുരുണ്ടു നിന്ന സ്ത്രീരൂപം വാതിൽ തള്ളിത്തുറന്ന് അകത്തു കയറി…. കണ്ണുകൾ തിരുമ്പിയുണരുന്ന ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ച്, മറ്റൊരു കുട്ടിയെ ഒക്കത്തും വച്ച് മൈതാനത്തിന്റെ നടുക്ക് ഒരു പന്തുപോലെ ഇരുന്നു…

എന്താ ചെയ്യണങ്കിൽ നിങ്ങള് ചെയ്തോളൂ.. നനയാണ്ടെ കിടക്കാൻ വേണ്ടീട്ടാ... അല്ലാതെ... അല്ലാതെ…

‘ മഴയത്ത് പാതിയിൽ നിർത്തേണ്ടി വന്ന ഫൈനൽ കളി . കളിക്കാരും കാണികളും മൈതാനത്തിന് പുറത്തേക്ക്  ഒന്നും പറയാതെ നടന്നു..

എല്ലാ രാജ്യങ്ങളുടെയും തലകൾ വല്ലാതെ കുമ്പിട്ടിരുന്നതിന്റെ മുകളിലായി കിഴക്ക് പതിവുപോലെ തെളിയാൻ തുടങ്ങി.

ശിവപ്രസാദ് പാലോട്