2018, ഓഗസ്റ്റ് 12, ഞായറാഴ്‌ച
പന്തിഭേദങ്ങൾ
കവിതാലാപന മത്സരമായിരുന്നു..
മനപാഠം പഠിച്ചു വന്ന കുട്ടികൾ ഓരോ വരിയും മറന്നു പോകുമോ മറന്നു പോകുമോ എന്ന പേടി പ്രാസത്തിൽ ചൊല്ലിത്തുടങ്ങി
ചിലരൊക്കെ പകുതിയിൽ വരിമുട്ടി കരഞ്ഞു മടങ്ങി
മടങ്ങിയവരെയെല്ലാം ഒപ്പം വന്ന ടീച്ചർമാർ കണക്കറ്റ് ചീത്ത പറഞ്ഞു
എത്ര പറഞ്ഞതാ പഠിക്കാൻ പഠിക്കാൻ..
എല്ലാം കളഞ്ഞു കുളിച്ചില്ലേ..
അടുത്തത് അധ്യാപകർക്കുള്ള കാവ്യാ ലാപനമായിരുന്നു
മാഷന്മാരും ടീച്ചർമാരും നെടുങ്കൻ പേപ്പറുകളിലും ഡയറികളിലും നോക്കിക്കൊണ്ട് ഭാവപ്രാസത്തോടെ കവിത അവതരിപ്പിച്ചു... ചിലർ ഒന്നുകൂടി മുന്നേറി മൊബൈലിൽ നോക്കിപ്പാടി. ചിലർ സ്വന്തം സമാഹാരത്തിൽ നോക്കി ആത്മവിശ്വാസത്തോടെ വായിച്ചു
ഇതെന്താ ഇങ്ങിനെ... കുട്ടികൾക്ക് ഒരു നിയമം... മാഷന്മാർക്ക് വേറെയും..? കുട്ടികൾ മുഖത്തോട് മുഖം നോക്കി
കൂട്ടത്തിലൊരാൾ ധൈര്യം സംഭരിച്ച് വിധികർത്താക്കളോട് ചോദിച്ചു..
സാറേ... സാറന്മാർക്ക് കാണാപാഠം വേണ്ടേ..?
ചോദിച്ച കുട്ടിയെ ഒന്നമർത്തി നോക്കി പ്രധാന വിധികർത്താവ് മുരണ്ടു
അതേയ്.. കുട്ട്യോൾക്ക് നിർബന്ധാ... മാന്വലിൽ പറഞ്ഞിട്ടുണ്ട്.. അധ്യാപകർക്ക് മനപാഠം ചൊല്ലണമെന്ന് മാന്വലിൽ പറഞ്ഞിട്ടുമില്ല... ഞങ്ങൾക്കങ്ങനെ ഒരു നിർദ്ദേശം കിട്ടീട്ടുമില്ല…
രണ്ടാമത്തെ വിധികർത്താവ് ചിലച്ചു
അധ്യാപകർക്കൊക്കെ വയസായില്ലേ... ചിലർക്കൊന്നും കാണാപാഠം പഠിച്ചാ മനസിൽ നിൽക്കില്ല... അതുമല്ല ഇന്നലെയോ മറ്റോ എഴുതിയ കവിതയൊക്കെ ആയിരിക്കും…
എന്നാലും കാണാപാഠം കിട്ടാത്തതിന് ഞങ്ങളെ പുറത്താക്കുമ്പോൾ…
കുട്ടി പിന്നെയും
അതേയ്... സംഘാടക സമിതി ഇടപെട്ടു..
മോൻ പോ... മോന്റെ മത്സരം കഴിഞ്ഞില്ലേ... വലിയവർക്ക് ചില ആനുകൂല്യങ്ങൾ ഒക്കെയുണ്ട്.. അതൊന്നും കുട്ടികൾക്ക് കിട്ടീന്നു വരില്ല... പലരും പല സംഘടേലും പെട്ട ആളുകളൊക്കെയാ...
ഒന്നും മനസിലാവാതെ നിന്നപ്പോൾ കുട്ടിക്ക് താൻ സ്റ്റേജിൽ വച്ചു മറന്നു പോയ കവിതയുടെ ഭാഗം പെട്ടെന്ന് ഓർമ്മ വന്നു..
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…
ഒരു സംഘടനയും ഇല്ലാത്തതു കൊണ്ട് അവനത് ഒറ്റക്ക് ഉറക്കെച്ചൊല്ലി ഹാൾ വിട്ടു.
*ശിവപ്രസാദ് പാലോട്*
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ