2018 ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

പ്രളയ കഥകൾ

ലാഭം

ഓണം ഓഫർ
ഒരു പട്ടുസാരി വാങ്ങുമ്പോൾ
ഒരു റിവർഫ്രണ്ടേജ് വില്ല സൗജന്യം

അവതാരം

പ്രളയത്തിൽ കുറെ അവതാരങ്ങളും വിഗ്രഹങ്ങളും ഒലിച്ചുപോയി.. പ്രളയം കഴിഞ്ഞപ്പോഴോ പുതിയ പുതിയ അവതാരങ്ങളും വിഗ്രഹങ്ങളും ലക്ഷ്യങ്ങളും

വഴി

വെള്ളമിറങ്ങിയപ്പോൾ
മടങ്ങിപ്പോകാൻ വഴിയറിയാതെ
കരയുടെ ഭാഷയറിയാത്ത
കുറെ മീനുകൾ
മാർബിൾ തറകളിൽ
ശ്വാസം പിടിച്ച് കിടന്നു


ലിപി

എല്ലാരും വീട് ഇട്ടെറിഞ്ഞ് പോയപ്പോൾ വീട്ടിലെ പൂച്ചയും കൂട്ടിലെ തത്തയും ഒറ്റക്കായി

കൂട്ടിലിരുന്ന് താഴെക്ക് നോക്കുമ്പോൾ
ആൾപ്പൊക്കം വെള്ളവും പൂച്ചയും ഒപ്പം
പൊങ്ങി വരുന്നു..

മരണഭയം കൊണ്ട പൂച്ച എങ്ങിനെയോ കൂടിൽ പിടിച്ചു കയറി.. അന്നോളം ആരും ഉപയോഗിക്കാത്ത ലിപിയിൽ തത്തയും പൂച്ചയും സംസാരിച്ചു..
കാണാതെ പഠിച്ച ഭാഷകൾ മറന്ന് അവർ
പുതിയൊരു ഭാഷയുണ്ടാക്കിയപ്പോൾ വെള്ളം താണു തുടങ്ങി


ഒരുമ

ദുരിതാശ്വാസ ക്യാമ്പായി മാറിയിരുന്നു ഒഴിഞ്ഞ വീട്ടിലെ പൂജാമുറി..
ഒരെലി
ഒരു പൂച്ച
ഒരു കീരി
ഒരു പാമ്പ്
ഒരു കോഴി
ഒരു കുറുക്കൻ

പോര്

വെള്ളത്തിലായിപ്പോയ അവരെ രക്ഷിക്കാൻ ഒരു കയർ ഇട്ടു കൊടുത്താൽ മതിയായിരുന്നു..

പക്ഷെ എന്റെ കയ്യിലുള്ളത് ഒരു നൂലുണ്ടയായിരുന്നു... അപ്പുറത്തെ വീട്ടുകാരൻ കയർ നീട്ടി വിളിക്കുന്നുണ്ട്.. പക്ഷെ വാങ്ങിയാൽ എനിക്കതൊരു കുറച്ചിലാവില്ലേ… പിന്നെ അവൻ അതും പറഞ്ഞ് മേനി നടിക്കും... വേണ്ട

ഞാൻ തട്ടുമ്പുറത്തിട്ട ചകിരിപ്പൊളി തല്ലി
കയറു പിരിക്കാൻ ഓടി..

സന്ദേഹം

വെള്ളത്തിൽ മുങ്ങിപ്പൊങ്ങുകയാണ് സുഹൃത്ത്..
രക്ഷിക്കണമെന്നുണ്ട്..

പക്ഷെ അവൻ പറയാതെങ്ങിനെ..?

ശിവപ്രസാദ് പാലോട്

2018 ഓഗസ്റ്റ് 22, ബുധനാഴ്‌ച

*പ്രളയകഥകൾ*/ *ശിവപ്രസാദ് പാലോട്*



കടപ്പാട്. കവിമൊഴി മാസിക 

*മതം*


വള്ളത്തിൽ കയറിയ എല്ലാരോടും

വെള്ളം ചോദിച്ചു


നിങ്ങളുടെ മതം ..ജാതി…?


ഓരോരുത്തരും മറ്റുള്ളവർ പറയട്ടെ എന്നു വച്ച് മിണ്ടാതിരുന്നപ്പോൾ വെള്ളം കണ്ണുരുട്ടി


എല്ലാവരും ഒന്നിച്ചു പറഞ്ഞു


മനുഷ്യൻ... പ്രളയ മതം..


*ആണത്തം*


ആ നാട്ടിൽ ഒരാളുണ്ടായിരുന്നു. പഴയ തറവാട്ടു കാരനാണ്. കടം കേറി കുത്തുപാളയെടുത്തു നടക്കുകയാണ്


ആരെങ്കിലും അറിഞ്ഞ് പത്തോനൂറോ ദാനമായിക്കൊടുത്താൽ മൂപ്പർ വേണ്ടെന്ന് പറയും


പകരം കടം വാങ്ങും. തിരിച്ചു കൊടുക്കയുമില്ല. അതിലൊരാണത്തമുണ്ടത്രെ..




*സൂക്ഷിപ്പ്*


പുഴ കൊണ്ടു വന്നിട്ട ബോർഡുകൾ നോക്കി

കടൽ തലതല്ലിച്ചിരിച്ചു


പട്ടിയുണ്ട് സൂക്ഷിക്കുക

അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹം

പരസ്യം പതിക്കരുത്

ഇത് പൊതുവഴിയല്ല..

അന്യർക്ക് പ്രവേശനമില്ല

അനുവാദം കൂടാതെ അകത്തു കടക്കരുത്


*ക്യാമ്പ്*


ദുരിതാശ്വാസ ക്യാമ്പിന് സ്ഥലം തിരഞ്ഞു നടക്കുകയായിരുന്നു


മണിച്ചിത്രതാഴിട്ട് പൂട്ടിയിട്ടുണ്ട് ഇന്റർനാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ


ഇരട്ടത്താഴിട്ട് പൂട്ടിയിട്ടുണ്ട് സിബിഎസ് സി സ്കൂൾ


പൂട്ടാത്ത ഗെയിറ്റും മുറികളും കൊണ്ട് മാടി വിളിച്ചു മനുഷ്യ വിലാസം എൽ പി സ്കൂൾ


*ബന്ധങ്ങൾ*


വെള്ളത്തിൽ നിന്ന് അയാളെ വാരിയെടുത്ത യുവാവിനെ അയാൾക്കറിയില്ലായിരുന്നു.. ക്യാമ്പിൽ പുതപ്പുമായെത്തിയ പെൺകുട്ടി അയാളുടെ ആരുമല്ലായിരുന്നു. മൂന്ന് നേരം ഭക്ഷണവും വെള്ളവുമെത്തിച്ച ആളുകളെയൊന്നും അയാൾക്കറിയില്ലായിരുന്നു.. ചുറ്റും വെള്ളത്തിന്റെ ഇരമ്പൽ കേട്ടിരിക്കുമ്പോൾ കാണുന്ന ഓരോരുത്തരും തന്റെ കൂടെപ്പിറപ്പുകളാണെന്ന് ഉള്ള് അയാളോട് പറഞ്ഞു കൊണ്ടേയിരുന്നു


*ശിവപ്രസാദ് പാലോട്*

2018 ഓഗസ്റ്റ് 19, ഞായറാഴ്‌ച

പ്രളയ കഥകൾ/ ശിവപ്രസാദ് പാലോട്


രക്ഷ

ആ ഗ്രാമത്തിലെ എല്ലാവരെയും പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തി ബോട്ടിൽക്കയറ്റി തുഴയാനൊരുങ്ങുകയായിരുന്നു.. അപ്പോളാണ് ഒരു നിലവിളി കേട്ടത്

ഞങ്ങളേം കൂടി കൊണ്ടു പോകണേ

അപ്പുറത്തൊരു കെട്ടിടത്തിന്റെ നിലപ്പുറത്തു നിന്നും കൈയുയർത്തി കേഴുകയായിരുന്നു
പല മതത്തിലും പെട്ട ദൈവങ്ങൾ…


ഊഴം


ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണത്തിന് വരിനിൽക്കുകയായിരുന്നു ദിനേശൻ. മൂന്നു നില വീടും കാറുകളും പ്രളയത്തിൽ നശിച്ചുപോയതായിരുന്നു. തന്റെ ഊഴമെത്തിയപ്പോളേക്കും ഭക്ഷണപ്പൊതി തീർന്നു പോയെന്ന് ഒരു ഞെട്ടലോടെ ദിനേശൻ തിരിച്ചറിഞ്ഞു.. നാലു നേരമായി വല്ലതും കഴിച്ചിട്ട്…


നിനക്ക് കിട്ടീല അല്ലേ മോനേ... സാരല്യ ഇതു വച്ചോ…


കേട്ടു പരിചയമുള്ള ശബ്ദം.. തൊണ്ട വറ്റി നിന്ന് ദിനേശൻ തിരിച്ചറിഞ്ഞു

താൻ വൃദ്ധസദനത്തിലാക്കിയ അച്ഛൻ..


അപ്പോൾ വിറക്കുന്ന കൈകൾ കൊണ്ട് ഭക്ഷണപ്പൊതി നീട്ടിപ്പിടിച്ച അച്ഛന്റെ കണ്ണുകളിൽ നിന്ന് ഒരു തിളക്കം പ്രളയമായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു..


ശേഷം

വെള്ളം കയറിയ വീട്ടിലിരുന്ന് പരമേശ്വരൻ മാഷ് വിയർത്തു...

മക്കളൊക്കെ വിദേശത്താണ്.. പഠിപ്പിച്ചു വിട്ട വിദ്യാർഥികളിൽ പലരും വലിയ ഉദ്യോഗക്കാരാണ്. മാഷ് ഓരോരുത്തരെയായി ഫോണിൽ വിളിച്ചു

ബിസി
ഔട്ട് ഓഫ് റേഞ്ച്
സ്വിച്ച്ഡ് ഓഫ്
ഇപ്പോൾ പ്രതികരിക്കുന്നില്ല...

അപ്പോളാണ് വാതിൽക്കൽ ഒരു മുട്ട്... അരക്കൊപ്പം വെള്ളത്തിൽ വാതിൽ തുറന്നപ്പോൾ ഒരു ചെറുപ്പക്കാരൻ

ഇറങ്ങ് മാഷേ വേഗം... ഞാൻ തോണി കൊണ്ടുവന്നിട്ടുണ്ട്...

മങ്ങിത്തുടങ്ങിയ വെളിച്ചത്തിൽ മാഷ് തിരിച്ചറിഞ്ഞു... കേശു. ക്ലാസിൽ കണക്ക് നോട്ടിന്റെ പേജുകീറി തോണിയുണ്ടാക്കിയതിന് തന്റെ കയ്യിൽ നിന്ന് പൊതിരെ തല്ലു വാങ്ങിയ
ഒന്നിനും കൊള്ളാത്തവൻ.

കേശുവിന്റെ ബലിഷ്ഠമായ കൈകളിൽ പിടിച്ച് തോണിയിൽ കയറിയപ്പോൾ ഓർമ്മകൾ ഒരു കുത്തൊഴുക്കായി മാഷെത്തേടി വന്നു

ശിവപ്രസാദ് പാലോട്

കുറ്റം

ഡസ്കിൽ കോമ്പസു കൊണ്ടും പേന കൊണ്ടും കുത്തി വരഞ്ഞതിനാണ്  ഗോമതി ടീച്ചർ രഘുവിനെ ഓഫീസ് റൂമിൽ കയറ്റിയത്


വിചാരണ കഴിഞ്ഞ് പിറ്റേന്ന് രക്ഷിതാവിനെക്കൂട്ടി സ്കൂളിൽ വന്നാൽ മതിയെന്ന് വിധി.

പിറ്റേന്ന് രഘു കയ്യിലെ ഞരമ്പു മുറിച്ചെന്ന വാർത്ത ബെല്ലടിക്കും മുമ്പേ സ്കൂളിൽ പരന്നിരുന്നു…


സ്കൂൾ ഓഫീസിൽ നാട്ടുകാരെത്തി.പൊലീസെത്തി. കുട്ടികളോട് രൂക്ഷമായി പെരുമാറിയതിന് അധ്യാപകരെ പൊലീസ് താക്കീത് ചെയ്യുന്നതിനിടെയാണ് ഗോമതി ടീച്ചർ പിന്നെയും ഒച്ചയുയർത്തിയത്


സാറേ... നിങ്ങള് ആ ഡസ്ക് ഒന്ന് കണ്ടില്ലല്ലോ.. അത് കണ്ടാൽ നിങ്ങളിങ്ങനെയൊന്നും പറയില്ല..


ശിവപ്രസാദ് പാലോട്

2018 ഓഗസ്റ്റ് 18, ശനിയാഴ്‌ച

ദുരന്തം

ഭർത്താവിന്റെ ബുള്ളറ്റിലാണ് സുഗന്ധി ടീച്ചർ ആഗസ്റ്റ് 15 ന് സ്കൂളിലെത്തുന്നത്. അവധി ദിവസങ്ങളിൽ മാത്രം പുറത്തെടുക്കാറുള്ള പച്ച ചുരിദാറും മാച്ചിങ്ങ് ഓർണമെന്റ്സും സർവ്വോപരി കഴിഞ്ഞ ദിവസം പാർലറിൽ പോയതിന്റെ തിള തിളപ്പും..


സ്റ്റാഫ് മുറിയിൽ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിക്ക് നൽകാനുള്ള തീരുമാനമെടുപ്പാണ്..


സുഗന്ധി ടീച്ചറേ... ടീച്ചർക്ക് 1756 ആണ് വരുന്നത്.. എഴുതുകയല്ലേ???


സ്റ്റാഫ് സെക്രട്ടറി തലയുയർത്തി


ആയിരം രൂപ എഴുതിയാ മതി..


ഇത്രേം വല്യ പ്രശ്നല്ലേ ടീച്ചറേ... എല്ലാരും രണ്ടു ദിവസത്തെ എഴുതിട്ടുണ്ട്


കഴിഞ്ഞ ആഴ്ച വാങ്ങിയ ആറു പവൻ മാലയുടെ പതക്കം മാറിലേക്ക് ഒന്നുകൂടി പിടിച്ചിട്ട് സുഗന്ധിട്ടീച്ചർ കട്ടായം പറഞ്ഞു..

അതേയ്... എന്റെ ആയിരം എഴുതിയാ മതിന്ന് പറഞ്ഞില്ലേ... പ്രളയത്തെക്കാൾ വലിയ ദുരിതമാണ് എന്റെ വീട്ടിൽ..

കസേരയിൽ നിന്നും എഴുന്നേറ്റ് ഒരു കൊടുങ്കാറ്റ് പോലെ സുഗന്ധി ടീച്ചർ സ്റ്റാഫ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി..

സ്റ്റാഫ് റൂമിൽ ഒരു മൗനം കുറെ നേരം പരുങ്ങി നിന്ന് ആരുമറിയാതെ ഊർന്നിറങ്ങി.


ശിവപ്രസാദ് പാലോട്

2018 ഓഗസ്റ്റ് 12, ഞായറാഴ്‌ച

പന്തിഭേദങ്ങൾ



കവിതാലാപന മത്സരമായിരുന്നു..

മനപാഠം പഠിച്ചു വന്ന കുട്ടികൾ ഓരോ വരിയും മറന്നു പോകുമോ മറന്നു പോകുമോ എന്ന പേടി പ്രാസത്തിൽ ചൊല്ലിത്തുടങ്ങി

ചിലരൊക്കെ പകുതിയിൽ വരിമുട്ടി കരഞ്ഞു മടങ്ങി
മടങ്ങിയവരെയെല്ലാം ഒപ്പം വന്ന ടീച്ചർമാർ കണക്കറ്റ് ചീത്ത പറഞ്ഞു

എത്ര പറഞ്ഞതാ പഠിക്കാൻ പഠിക്കാൻ..
എല്ലാം കളഞ്ഞു കുളിച്ചില്ലേ..

അടുത്തത് അധ്യാപകർക്കുള്ള കാവ്യാ ലാപനമായിരുന്നു

മാഷന്മാരും ടീച്ചർമാരും നെടുങ്കൻ പേപ്പറുകളിലും ഡയറികളിലും നോക്കിക്കൊണ്ട് ഭാവപ്രാസത്തോടെ കവിത അവതരിപ്പിച്ചു... ചിലർ ഒന്നുകൂടി മുന്നേറി മൊബൈലിൽ നോക്കിപ്പാടി. ചിലർ സ്വന്തം സമാഹാരത്തിൽ നോക്കി ആത്മവിശ്വാസത്തോടെ  വായിച്ചു

ഇതെന്താ ഇങ്ങിനെ... കുട്ടികൾക്ക് ഒരു നിയമം... മാഷന്മാർക്ക് വേറെയും..? കുട്ടികൾ മുഖത്തോട് മുഖം നോക്കി

കൂട്ടത്തിലൊരാൾ ധൈര്യം സംഭരിച്ച് വിധികർത്താക്കളോട് ചോദിച്ചു..

സാറേ... സാറന്മാർക്ക് കാണാപാഠം വേണ്ടേ..?

ചോദിച്ച കുട്ടിയെ ഒന്നമർത്തി നോക്കി പ്രധാന വിധികർത്താവ് മുരണ്ടു

അതേയ്.. കുട്ട്യോൾക്ക് നിർബന്ധാ... മാന്വലിൽ പറഞ്ഞിട്ടുണ്ട്.. അധ്യാപകർക്ക് മനപാഠം ചൊല്ലണമെന്ന് മാന്വലിൽ പറഞ്ഞിട്ടുമില്ല... ഞങ്ങൾക്കങ്ങനെ ഒരു നിർദ്ദേശം കിട്ടീട്ടുമില്ല…

രണ്ടാമത്തെ വിധികർത്താവ് ചിലച്ചു

അധ്യാപകർക്കൊക്കെ വയസായില്ലേ... ചിലർക്കൊന്നും കാണാപാഠം പഠിച്ചാ മനസിൽ നിൽക്കില്ല... അതുമല്ല ഇന്നലെയോ മറ്റോ എഴുതിയ കവിതയൊക്കെ ആയിരിക്കും…

എന്നാലും കാണാപാഠം കിട്ടാത്തതിന് ഞങ്ങളെ പുറത്താക്കുമ്പോൾ…

കുട്ടി പിന്നെയും

അതേയ്... സംഘാടക സമിതി ഇടപെട്ടു..

മോൻ പോ... മോന്റെ മത്സരം കഴിഞ്ഞില്ലേ... വലിയവർക്ക് ചില ആനുകൂല്യങ്ങൾ ഒക്കെയുണ്ട്.. അതൊന്നും കുട്ടികൾക്ക് കിട്ടീന്നു വരില്ല... പലരും പല സംഘടേലും പെട്ട ആളുകളൊക്കെയാ...

ഒന്നും മനസിലാവാതെ നിന്നപ്പോൾ കുട്ടിക്ക് താൻ സ്റ്റേജിൽ വച്ചു മറന്നു പോയ കവിതയുടെ ഭാഗം പെട്ടെന്ന് ഓർമ്മ വന്നു..
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…
ഒരു സംഘടനയും ഇല്ലാത്തതു കൊണ്ട് അവനത് ഒറ്റക്ക് ഉറക്കെച്ചൊല്ലി ഹാൾ വിട്ടു.

*ശിവപ്രസാദ് പാലോട്*

2018 ജൂലൈ 29, ഞായറാഴ്‌ച

അശ്വമേധം



ശാപം കിട്ടിയ കുതിരകൾ
മേഘങ്ങളായും
മേഘങ്ങൾ മനുഷ്യരായുമായിരിക്കണം
പൊക്കിൾക്കൊടിമുറിച്ചത്

കവിത കൊണ്ട് കെട്ടിയ
കുരുക്കുകൊണ്ട്
ഒരു കുതിരയുടെ കഴുത്തിൽ
ഞാൻ കയറിട്ടു പോകുന്നു

ആ കയറിൽ പിടിച്ച്
മുകളിലേക്ക് കയറുമ്പോളൊക്കെ
കുതിര ചിനച്ചു കൊണ്ട് പായുന്നു
തൂങ്ങിക്കിടന്ന്
താഴെ മാമലകളെക്കാണുമ്പോൾ
അവയുടെ നരച്ച മുടിയിൽ
കാടു കൂട്ടിയപേനുകളുടെ
മഹാപ്രസ്ഥാനങ്ങൾ കാണുന്നു
ജട പിടിച്ച മുടിയഴിച്ചിട്ട്
ഭ്രാന്തിയായ ഒരു കാറ്റ്
പട്ടങ്ങളെ മുലയൂട്ടുന്നു.
പക്ഷാഘാതം വന്ന് ചിറി കോടിയ
പുഴ വികൃതമായി
പാടാൻ ശ്രമിക്കുന്നു

തല പോയതെങ്ങുകൾ
ഭൂമിയുടെ ഗർഭപാത്രത്തിലേക്ക്
നീളുന്ന കുഴലുകളാകുന്നു
ശരിക്കും ഭൂമിയാണ് അമ്മ
ഭൂമി പെറ്റിട്ട കുട്ടിയാണാകാശം
ഓരോ മരവും
പൊക്കിൾക്കൊടികളാണ്

നട്ടുച്ചക്ക്
കാണാമറയത്തുള്ള
കുതിരയുടെ കഴുത്തിൽ നിന്നും
തൂങ്ങിക്കിടന്ന്
തലങ്ങും വിലങ്ങും കാഴ്ച കാണുന്നൊരാളെ
എല്ലാ പുസ്തകങ്ങളിലും
ഭ്രാന്തനെന്നേ വരച്ചു വെച്ചിട്ടുണ്ടാകൂ

കാരണം
കടലെന്നാൽ
ഈ കറുമ്പൻ കുതിരകളുടെ
സ്രവങ്ങൾ കെട്ടി നിന്നുണ്ടായതാണ്
ഓരോ തിരയിലും
കരയടുപ്പിക്കാനുള്ള
പല കപ്പലുകളുടെ പ്രേതങ്ങളുണ്ട്

കയറിലൂടെ പിടിച്ചു കയറുന്നതാണ് ചരിത്രം
പിടി വിട്ടാൽ വീണുടയുന്നതാണ്
അതിന്റെ ധനതത്വശാസ്ത്രം

കുതിരയുടെ പുറത്തിരുന്ന്
കടിഞ്ഞാണും ചാട്ടയും
വലിച്ചെറിയുന്നവരാണ് ഭീരുക്കൾ
ഓടിക്കുന്നവന്റെ ഇഷ്ടത്തിന് പായുന്ന കുതിരകളെ അവർക്ക് ഭയമായിരിക്കും..
ഭ്രാന്തൻ കുതിരയുടെ
കുഞ്ചിരോമങ്ങൾ കൊണ്ടാണ്

മഴവില്ല് തുന്നിയുണ്ടാക്കുന്നത്
ഭ്രാന്തില്ലെങ്കിൽ
അതൊരു കഴുത പോലെ
വിധേയനാകും
മഴവില്ലു പോയിട്ട്
തെരുവു വേശ്യയുടെ
വെട്ടിയൊതുക്കിയ പുരികം പോലും
ഉണ്ടാകാനിടയുമില്ല...

ഇവിടെ എത്രമാത്രം കുതിരകാണെന്നോ
കുളമ്പടികളിൽ നിന്ന്
മിന്നലുണ്ടാക്കി
ഓരോ നിശ്വാസത്തിൽ നിന്നും
വാൽനക്ഷത്രങ്ങളുണ്ടാക്കി
ലഹരിയുടെ കുരുക്ഷേത്രത്തിൽ
തേരുകളെ മറിച്ചിടുന്നത്..

വരൂ
വിശപ്പ് , ദാഹം ,
കെട്ട പ്രണയങ്ങൾ,
വഴുക്കുന്ന കാമം വലിച്ചെറിഞ്ഞ്

നിങ്ങൾക്ക് മാത്രം കഴിയുന്ന
ഈ അശ്വമേധത്തിൽ
ശാപം കിട്ടിയ ഒരു മേഘമാവൂ


*ശിവപ്രസാദ് പാലോട്*