2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

                                    ഇടങ്ങള്‍ 


പുതിയ വീടിന്റെ  പണി കഴിഞ്ഞപ്പോള്‍ ഗോവണിക്ക്  താഴെ ഒഴിഞ്ഞു കിടന്ന സ്ഥലം രണ്ടായി ഭാഗിച്ചു.


ഒന്ന് പൂജ മുറിക്കും ഒന്ന്  യുറോപ്യന്‍ ക്ലോസ്സറ്റിനും


.ഇപ്പോള്‍ ഭഗവാനും കക്കൂസും കോണി ചുവട്ടില്‍ പരാതിയില്ലാതെ കഴിഞ്ഞു പോരുന്നു.

2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

പാറക്കടവ്

                    പാറക്കടവ്




മണല്‍ വാരുന്നത് തടയാന്‍ 
കടവില്‍ പോലിസ്‌ എത്തിയപ്പോഴുണ്ട് 
ഒരുത്തന്‍ പുഴയില്‍ നിന്ന് ഒരു നിറകൊട്ടയുമായി പൊങ്ങി വരുന്നു.
.ഒരു കുട്ട  നിറയെ പുഴ കിനിയുന്ന 
കുഞ്ഞു കഥകള്‍ മാത്രം 

കലഹം

             കലഹം




അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പതിവ് കലഹം മൂക്കുന്നതിനു
ഇടയിലാണ് ഉണ്ണിക്കുട്ടന്‍ മുറ്റത്തെ മൂച്ചി കൊമ്പത്തെ
കടന്നാല്‍ കൂടിനു കല്ലെറിഞ്ഞത്. 
പിന്നെ.....

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

                                       കലികാലം


പാട്ടറിയുന്നവന്റെ മക്കള്‍ റിയാലിറ്റി ഷോയില്‍ പാട്ട് പാടി വന്നാല്‍ .....
താരം ..
ഫ്ലാറ്റ് സമ്മാനം,
.സ്വീകരണം, ആഘോഷം.....

അമ്മി കൊത്തുന്നവരുടെ മക്കള്‍ തെരുവില്‍ അമ്മി കൊത്താന്‍ ഇരുന്നാല്‍..

ബാലവേല ,
പൊതു താല്പര്യ ഹര്‍ജി,
കോടതി ,
റെസ്ക്യു ഹോം..
                                                       വീടിന്റെ വേര്



നാട്ടിന്‍ പുറത്തെ വീടുവിട്ടു ടൌണില്‍ ഫ്ലാറ്റ് വാങ്ങിയത് ആദ്യം എതിര്‍ത്തത് കുട്ടികള്‍ തന്നെ ആയിരുന്നു.
                                   ഇരിക്കാന്‍ കൊമ്പില്ല കൂടാന്‍ കൂട്ടില്ല

ഒരു ദിവസം സ്കൂള്‍ വിട്ടു വരുമ്പോള്‍  പഴയ വീട് അവര്‍ മോഷ്ടിച്ച് കൊണ്ട് വന്നിരിക്കുന്നു. ഫ്ലാറ്റിന്റെ ഏഴം നിലയിലേക്ക് കാപ്പിയും കയറും ഇട്ടു അവരിപ്പോള്‍ വലിച്ചു കാട്ടുകയാണ് പഴയ വീടിനെ..
വീടിന്റെ വേര് മുരിഞ്ഞിട്ടുണ്ടോ എന്ന് ഞാന്‍ താഴെ നിന്നും നോക്കി. ആണി വേരിന്റെ കൂര്‍പ്പ് കണ്ണില്‍ തട്ടിയപ്പോള്‍ ഞാന്‍ അറിയാതെ കണ്ണ് തിരുമ്പി.

വാട്ടര്‍ എന്ന വെള്ളം

                                         വാട്ടര്‍ എന്ന വെള്ളം


മരിക്കാന്‍ കിടക്കുകയാണ് മുത്തശ്ശന്‍..കോട്ടും ടയ്യും കെട്ടി ലാപ്‌ ടോപ്പില്‍ കൊട്ടി കളിച്ചു കാത്തിരിക്കുകയാണ് മക്കളും പേരക്കുട്ടികളും. തൊണ്ട വരണ്ടപ്പോള്‍ മക്കള്‍ക്ക്‌ കുറച്ചില്‍ ആകെന്ടെന്നു കരുതി മുത്തശ്ശന്‍.. ഇങ്ങിനെ തിരുത്തി.


                              വാട്ടര്‍   .....വാട്ടര്‍

2011, സെപ്റ്റംബർ 24, ശനിയാഴ്‌ച


               മക്കള്‍ 



ഏറെ കാലം  ബോര്‍ഡിങ്ങില് നിന്ന് പഠിച്ച 
 മകള്‍ ഇന്നലെയാണ് തിരിച്ചു എത്തിയത്.
വീട്ടിലെത്തിയിട്ടിപ്പോള്‍ അവള്‍ മിണ്ടുന്നുമില്ല കേള്‍ക്കുന്നുമില്ല

അവളുടെ യുസര്‍ നൈമും പാസ് വോര്‍ഡും
 ഞാന്‍ മറന്നു പോകുകയും ചെയ്തല്ലോ 
 എന്റെ ദൈവമേ ?.

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

                                മാന്ദ്യം 

ഒരിടത്ത്  ഒരു രാജ്യത്തെ ചുട്ടെരിച്ചു. മറ്റൊരിടത്ത്  മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ചു.
 ചോര കുടിച്ചു. മാല പടക്കത്തിനും ഓല പടക്കത്തിനും പുതിയ വിപണികള്‍ തേടി. 
ഒക്കെയും കഴിഞ്ഞു 
ലോക പോലിസ് തന്റെ വിമാന താവളത്തില്‍ ഇറങ്ങിയപ്പോള്‍ ചായ കുടിച്ചു ചില്ലറ നല്‍കാന്‍ 
കോട്ടിന്റെ പോക്കെറ്റില്‍ കയ്യിട്ടു. പോക്കെറ്റ്‌ കാലിയായിരുന്നു.കാശ് പോക്കറ്റടിച്ചു പോയി
.ലോക പോലീസ് കൊട്ടും പപ്പാസും ഊരി തട്ടുകടയില്‍ പൊറോട്ട അടിക്കാന്‍  കൂടി.  .

2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

                               ബ്യൂട്ടി പാര്‍ലര്‍

മുഖക്കുരു പോലെ അങ്ങിങ്ങ്  ഉണ്ടായിരുന്ന    കുന്നുകളെ ജെ സി ബി കൊണ്ട് പ്ലാക്ക് ചെയ്തു.കൊണ്ക്രീട്ടു കൊണ്ട് ഒരു ഫേസ് പാക്. ചുറ്റുമുള്ള കരിന്മ്പനകളെ ഒക്കെബ്ലീചിങ്ങിലും  ട്രിമ്മിങ്ങിലും ഒഴിവാക്കി,മാവും പിലാവും പ്ലാക്ക് ചെയ്തു. റെഡ് ഇനാമാലും പൂശി ടാര്‍ കൊണ്ടൊരു ജീന്‍സും ഇട്ടു പുറത്തു    ഇറങ്ങിയപ്പോള്‍  അയമുട്ടി കാക്ക അത്ഭുതം കൂറി

 ദ് ആരാ പ്പോ ദ് ? ഞമ്മടെ ചെമ്പന്‍ കുന്നല്ലേ ?

കുറുംകഥകള്‍:                                            സീതായണം...

കുറുംകഥകള്‍: സീതായണം...: സീതായണം അടുപ്പിനും ചിമ്മിനി വിളക്കിനും കൊടുക്കാതെ കരുതി വച്ച മണ്ണെണ്ണ കന്നാസിന്റെ മൂടി ...
                                           സീതായണം 


 അടുപ്പിനും  ചിമ്മിനി വിളക്കിനും കൊടുക്കാതെ കരുതി വച്ച മണ്ണെണ്ണ കന്നാസിന്റെ മൂടി 
അവള്‍ അരുമയോടെ തുറന്നു.  കൊഞ്ചിക്കാനായി കുഞ്ഞിനെ എടുക്കും  പോലെ കന്നാസിനെ മുകളിലേക്ക് ഉയര്‍ത്തി. 
തലയിലൂടെ നനവ്‌ താഴോട്ടു ഇറങ്ങിയിറങ്ങി വന്നപ്പോള്‍ പുലര്ചെക്കുള്ള കുളി പോലെ കുളിര്‍ കൊണ്ടു 
നിന്ന നില്‍പ്പില്‍ നിന്ന് തന്നെ ചുമര്‍ കൂട്ടില്‍ നിന്നും സിംഹം മാര്‍ക് തീപ്പെട്ടി കൈ നീട്ടി എടുത്തു.
പിന്നെ നിലവിളക്കിന്റെ തിരി പോലെ തോന്നിച്ച സാരി തുമ്പിലേക്ക്‌   കൈക്കുമ്പിളുകൊണ്ട്‌ പൊത്തി കെടാതെ കൊള്ളി കത്തിച്ചു കാണിച്ചു.

തലേന്ന് കുടിച്ചു വന്നു പാതി രാത്രി വരെ തന്നെ തല്ലി ഒതുക്കിയ ശ്രീരാമന്‍ ചതിച്ചോ ദൈവമേ എന്ന് പറഞ്ഞു രാവിലെ  പല്ല് തേക്കുന്ന ബ്രഷോടെ ഓടി എത്തിയപ്പോള്‍ 
കൂട്ടം തെറ്റിയ കുട്ടിയെ തിരിച്ചു കിട്ടിയ അമ്മയുടെ വാത്സല്യത്തോടെ
സീത അയാളെ പൊതിഞ്ഞു.
          പേടികള്‍ 

             ഒടുക്കം ഉറുമ്പ്‌ തീക്കട്ടക്ക്
                  മീതെ നടക്കാനിറങ്ങി 
                 തീക്കട്ട ഞെട്ടി തരിച്ചു
          ഉറുമ്പിനെ തുറിച്ചു നോക്കി
            അന്ന് അന്തിക്ക് തീക്കട്ടക്ക്
    പേടി പനിയെന്നു പതം പറഞ്ഞു 
          ചരട് ജപിക്കാനായി അടുപ്പ് 
                    അടുക്കള വിട്ടിറങ്ങി 
          പാട്ടിന്റെ വഴി

 
 
റിയാലിറ്റി ഷോയില്‍ പാട്ടിന്റെ പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞു    
 
               ഇങ്ങനെ റിപ്പോര്‍ട്ട് എഴുതി:   
 നെഞ്ചില്‍ ആഴമേറിയ മുറിവും ആതാമാവിനെറ്റ  ക്ഷതവും കാരണമാണ് മരണം സംഭവിച്ചത്.
 
             പാട്ട് പുറത്തിറങ്ങി ഒരു തെരുവ് പട്ടിയുടെ
                   മോങ്ങലില്‍ പുനര്‍ ജനിച്ചു 
.

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച


രുചിവഴികള്‍ 


വരന്റെ വീട്ടില്‍ മരുമകള്‍ വച്ച എല്ലാ കറികള്‍ക്കും കിടിലന്‍ സ്വാദ്. അമ്മായി അമ്മ പോലും അയല്പക്കക്കാരോട് രഹസ്യമായി സമ്മതിക്കുന്നുണ്ടായിരുന്നു മരുമകളുടെ കൈ പുണ്യം
പാചക വിദഗ്ദനായ അച്ഛന്‍ വരന്റെ വീട്ടിലേക്കു യാതയാക്കുംപോള്‍ കൈയ്യില്‍ നല്‍കിയ അജീണോമോട്ടോയുടെ പൊതി നെഞ്ചില്‍ ചേര്‍ത്ത് വച്ച് മരുമകള്‍ ഒരുനിമിഷം കണ്ണടച്ചു. 
എന്നിട്ട് മനസ്സില്‍ പറഞ്ഞു 

ഇവന്‍ ആള് പുലിയാണ് കേട്ടോ 
             കാക്ക 


ഫ്ലാറ്റില്‍ അയല്‍പക്കക്കാര്‍ ആഘോഷിക്കാത്ത എന്തെങ്കിലും പുതുമയുള്ളത് ആവട്ടെ എന്ന് കരുതിയാണ് മുത്തശ്ശിയുടെ ശ്രാദ്ധം ആയിക്കളയാമെന്നു വച്ചത്.ചടങ്ങുകള്‍ എടുക്കാന്‍ വിഡിയോ ക്കാരെയും ഏര്‍പ്പാട് 
ചെയ്തിരുണ്ണ്‍.രാവിലെ തന്നെ ഞാനും പദ്മവും കുളിച്ചു ഈറനായി വന്നു .സര്‍വന്റ് ജാനമ്മ ഏസ് എ ഏസ് പേപ്പര്‍ വാഴയിലയില്‍ ഉരുട്ടിവച്ച പാലക്കാടന്‍ മട്ടയുടെ ഉരുളകളും ഡിസ്പോസിബിള്‍ ഗ്ലാസ്സില്‍ വെള്ളവും കിട്ടവുന്നതെല്ലാം ഒരുക്കി വച്ചിരുന്നു. ഒരു വിധം ഒപ്പിച്ചു കൈകൊട്ടാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്നം തുടങ്ങിയത്. ഒരു കാക്കയെപ്പോലും കാണാനില്ല. 
 
കാക്കയ്ക്ക് തീരെ റേഞ്ച് ഉണ്ടായിരുന്നില്ല.
 
ഫ്ലാറ്റിന്റെ ജനല്‍ ഗ്ലാസ്‌ കൊതി പൊട്ടിക്കുന്നു എന്ന് പറഞ്ഞു ഫ്ലാറ്റിനു ചുറ്റും വൈദ്യത വേലി കെട്ടിയ നിമിഷത്തെ അപ്പോള്‍ ഞാന്‍ ശപിച്ചു. 

തലേന്ന് ഒരു കാക്കയെ മാര്‍ക്കറ്റില്‍  നിന്നും വിലക്ക് കിട്ടുമോ എന്ന് അന്വേഷിക്കെണ്ടാതായിരുന്നു എന്നും, 
അന്തെങ്ങനെ വേണ്ടത് നിങ്ങള്ക്ക് തോന്നില്ലല്ലോ 
ഞാനിനി അയല്പക്കക്കാരുറെ മുഖത്ത് എങ്ങനെ നോക്കുമെന്നും 

പദ്മം കരയുന്നതുകെട്ടുകൊണ്ടാനുഞ്ഞാനിപ്പോള്‍ ഇരിക്കുന്നത് .
                          ക്രഞ്ചി ക്രഞ്ചി 
പുല്ലാനി  കാടുകളുടെ പച്ചപ്പ്‌ മുട്ടിയ കുന്നിനു നേരെ ജെ സി ബി ആര്‍ത്തിയോടെ  നോക്കി.
പിന്നെ കൂര്‍ത്ത നഖങ്ങള്‍ നിറഞ്ഞ ഒറ്റക്കയ്യുകൊണ്ട് 
കുന്നിന്റെ ഹൃദയം പറിച്ചു എടുത്തത് ച്ചുടുചോരയോടെ വായിലേക്കിട്ടു. 
സീല്‍ക്കാരത്തോടെ പിന്നെയും കുന്നിനെ നോക്കി
 ജെ സി ബി മുരണ്ടു. 

                   ക്രഞ്ചി ക്രഞ്ചി 

ഹൃദയം നഷ്ടപ്പെട്ട പിടയുന്ന കുന്നില്‍ നിന്നും അവസാനത്തെ
 വെള്ള പറവയും പറന്നകന്നു. അപ്പോള്‍ പുല്ലുകള്‍ക്കിടയില്‍ നിന്നും ഒരു പൂമ്പാറ്റ കൌതുകത്തോടെ കുന്നിനോടു ഒട്ടി നിന്നു 
ജെ സി ബിയുടെ ഒറ്റക്കൈ പിന്നെയും കുന്നിനെ നോക്കി........






(ക്രഞ്ചി ക്രഞ്ചി ..മഞ്ചിന്റെ പരസ്യം )


                                              അവധി 

രാവിലെ നട തുറക്കാന്‍ എത്തിയ  പൂജാരി വാതിലിനിടയില്‍ തിരുകി വച്ച ഒരു കുറിപ്പടി കണ്ടു അമ്പരന്നു.
 ഭക്ത ജനങ്ങളെ ....  താലപ്പൊലി കൂരയിട്ടല്ലോ... ഇനി രാവിലെയും വൈകിട്ടുമുള്ള മൈക്ക് വച്ച ഭക്തി ഗാന പ്രക്ഷേപണവും കതീന വെടിയും പോരാത്തതിന് അമ്പല പറമ്പിലെ അശ്ലീല നാടകവും  ഗാന മേളയും കരിമരുന്നു പ്രയോഗവും പൂര്‍വാധികം ഭംഗിയോടെ ഉണ്ടാകുമെന്ന് നോടിസില്‍ വായിച്ചു അറിഞ്ഞു. പാഴായ പോലെ സഹന ശക്തി ഇല്ലാത്തതിനാല്‍ താലപ്പൊലി കഴിയും വരെ എനിക്ക് പനിയുംതല വേദനയും ആയതിനാല്‍ ലീവ് അനുവദിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.
                                                             എന്ന് 
                                                  വിശ്വസ്തയായ ഭഗവതി
                                                                ഒപ്പ് 

                         പണയം 

അന്നാന്നത്തെ അപ്പത്തിനും മീനിനും വീഞ്ഞിനും പണം ഇല്ലാതായപ്പോഴാനു അയ്യപ്പന്‍ തന്റെ കവിതകളുള്ള കറുത്ത ഡയറി പലിശക്കാരന്‍ കുഞ്ഞു വരീതിനെ പണയത്തില്‍ ഏല്‍പ്പിച്ചത്.
പിന്നീടെപ്പോഴോ കടല പൊതിഞ്ഞു കിട്ടിയ പത്ര കടലാസില്‍ അയ്യപ്പന്‍ ഇങ്ങനെ വായിച്ചു  യുവ കവി കോട്ടയം കുഞ്ഞു വരീതിന്റെ പുതിയ കവിതാ സമാഹാരം പണയം വച്ച കവിതകള്‍ സാഹിത്യ അകാദമി ഹാളില്‍ ഇന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പ്രകാശനം ചെയ്യുന്നു.

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

             തിരുത്ത്‌ 



                   മള്‍ട്ടി സ്പെഷ്യാലിറ്റി
 
             ആശുപത്രിയുടെ കവാടത്തിലെ 
 
 
              ഇരുപത്തിനാല് മണിക്കൂറും
 
                 പ്രവര്‍ത്തിക്കുന്ന അത്യാഹിത യുണിറ്റ് 

                        എന്ന ബോര്‍ഡ്  

 
                  ഒരു കുട്ടി കരിക്കട്ട കൊണ്ട്
 
                   ഇങ്ങിനെ മാറ്റി എഴുതി 

 
                  ഇരുപത്തിനാല് മണിക്കൂറും
 
            പ്രവര്‍ത്തിക്കുന്ന അത്യാഗ്രഹ യുണിറ്റ് 
തിരക്കുകള്‍ 


കൂടിയിരിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലേക്ക് 
തന്റെ കുട്ടി കിണറ്റില്‍ വീണു ഒന്ന് രക്ഷിക്കണേ 
എന്ന് പറഞ്ഞു യുവതി ഓടിയെത്തി ആരും മൊബൈല്‍ ഫോണില്‍ നിന്നും
 മുഖം ഉയര്‍ത്തിയില്ല.
എല്ലാവരും റിയാലിറ്റി ഷോ വിലെ ഇഷ്ട നായികക്ക് 
ഏസ് എം ഏസ്   അയക്കുന്ന തിരക്കില്‍ ആയിരുന്നു 

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച


സഹന കാണ്ഡം 

വിഴുപ്പു ചുമന്നും നൊന്തും അടികൊണ്ടു നോണ്ടിയും
വിശന്നു തെണ്ടിയും പേടിച്ചു മണ്ടിയും
കാമിച്ചു കരഞ്ഞും മടുത്ത കഴുതക്കൂട്ടംസുദര്‍ശന ക്രിയക്ക്  ഒത്തു ചേര്‍ന്നു
ഒടുവില്‍ ക്ഷമ തെറ്റിയ ദൈവം കണ്‍ തുറന്നു. 
                   കഴുതകള്‍ ചോദിച്ചു തുടങ്ങി 

വിഴുപ്പു  ചുമക്കുന്നതില്‍  നിന്നും     സര്‍വകാല മോചനം ?
ദൈവം:  സാധ്യമല്ല ..
പീഡനങ്ങളില്‍ നിന്നും  ഇടക്കാല ആശ്വാസം?
ദൈവം: നടപ്പില്ല
പൂര്‍വ കാല പ്രാബല്യത്തോടെ സമീകൃത ആഹാരം ?
ദൈവം:  ആ പൂതി വേണ്ട  
പിന്നെ എന്ത് തരും ?(കോറസ്)
അഞ്ചു കൊല്ലത്തില്‍ ഒരിക്കലോ അമ്പലക്കുരങ്ങുകള്‍ക്ക്
സിംഹവാലന്‍ കുരങ്ങുകള്‍
പിന്തുണ പിന്‍ വലിക്കലോ ഏതാണോ  ആദ്യം വരുന്നതെങ്കില്‍

ആ മുറക്ക് പൊട്ട ചട്ടി നിറയെ സമ്മതി ദാന അവകാശം തരാം 
അതോടെ കണ്ട്രോള്‍ റൂമുമായി ദൈവത്തിന്റെ ബന്ധം നിലച്ചു.
സര്‍വമാന കഴുതകളും സുദര്‍ശന ക്രിയയില്‍ നിന്നുംപുറത്തുചാടി
 ഭാരത പുഴയുടെ തീരത്തേക്ക് മണല്‍ ചുമക്കാനായി പോയി.


                           പ്രവചനം

മറ്റുള്ളവരുടെ കയ്യിലെ അന്ന രേഖയും ആയുര്‍ രേഖയും പ്രവചിച്ചു 

നടന്നകുറത്തി ഒരിക്കല്‍ തന്റെ കയ്യിലേക്ക് പാളി നോക്കിയപ്പോള്‍ 
 
നീളെയും കുറുകെ യും കണ്ടത് പ്രവചനത്തില്‍ ഒതുങ്ങാത്ത ദാരിദ്ര്യ 

രേഖകള്‍ മാത്രമായിരുന്നു

കുമ്പസാരം


                          കുമ്പസാരം

            കുമ്പസാരിക്കാനായി കൂട്ടിലേക്ക് കയറിയതാണ്
                              ഞാന്‍. 
             പെട്ടെന്ന് പുരോഹിതന്‍ എന്നോട്                                                 
              കുമ്പസാരിക്കാന്‍ തുടങ്ങി. 
                    ദൈവമേ   ..... 
           എണ്ണിയാല്‍ തീരാത്ത പാപങ്ങള്‍..
                    ഉച്ചയായിട്ടും
           മൂവന്തിയായിട്ടും തീരുന്നുമില്ല...
                          ദൈവമേ .....
            ഒന്ന് കുമ്പസാരിച്ചിട്ട് വേണമല്ലോ 
         എനിക്കെന്റെ നാട്ടിന്‍ പുറത്തേക്കുള്ള
              ലാസ്റ്റ് ബസ്‌ പിടിക്കാന്‍ 

ഊഴം

പനിച്ചു വിങ്ങി ചുമചിരിക്കുന്ന
രോഗിയുടെ ഊഴം മറികടന്നു
മരുന്ന് വില്പനക്കാരന്‍
ഡോക്ടരുടെ മുറിയിലേക്ക് കയറിപ്പോയി
 
പനിക്കാലം 




സര്‍വാഭരണ വിഭൂഷിതയായി
ഉഷ്ണത്തിന്റെ ദേവത തെരുവുതോറും
നടന്നു വില്‍ക്കുന്നു
ഒന്നര കിലോ പാരസിറ്റാമോള്‍
വില പത്തു രൂപ
 സാമ്പിള്‍ സൌജന്യം 

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഡിസ്പോസിബിള്‍

ഡിസ്പോസിബിള്‍ 


ഇനി പിതാവിനെ കൊണ്ടുവന്നല്ലാതെ ക്ലാസ്സില്‍ കയറ്റില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് ചായക്കടക്കാരന്‍ കണാരേട്ടനെ
പിതാവാക്കി വേഷം കെട്ടിച്ചു ഗോപു കോളെജിലേക്ക് എത്തിച്ചത്.കാര്യം കഴിഞ്ഞു പുറത്തെത്തി, 

നിറഞ്ഞു നിന്ന കോളേജ് കുമാരികള്‍ക്കിടയില്‍ അവന്‍ വിളിച്ചു പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി 
ദിസ്‌ ഈസ്‌ എ ഡിസ്പോസിബിള്‍ ഫാതര്‍  

മ്യുട്ടെഷന്‍

എത്ര പെട്ടന്നാണ് പൂവാലന്മാര്‍ക്ക് കേരളത്തില്‍ മ്യുട്ടെഷന്‍
സംഭവിച്ചു പീഡകന്‍മാരായി  മാറിയത് 

പുരസ്കൃതം 

ഒബാമക്ക് നോബല്‍ സമ്മാനം കിട്ടിയതറിഞ്ഞു
സ്വര്‍ഗത്തില്‍ സുഭാഷ് ചന്ദ്ര ബോസ് ഗാന്ധിജിയോട് പറഞ്ഞു 
ഒബാത്മ  
ഒബാത്മ  

kurumkathakal: പ്രതിഷ്ഠ പുന പ്രതിഷ്ഠ നടക്കുന്ന അമ്പലത്തിന്റെ  മത...

kurumkathakal:
പ്രതിഷ്ഠ
പുന പ്രതിഷ്ഠ നടക്കുന്ന അമ്പലത്തിന്റെ
മത...
: പ്രതിഷ്ഠ പുന പ്രതിഷ്ഠ നടക്കുന്ന അമ്പലത്തിന്റെ മതിലിനു പുറത്ത് പഴയ വിഗ്രഹം ചളി പറ്റി, ചുരുണ്ടുകൂടി കിടന്നു . അകത്തു മേളത്തോടെ പുതിയ വിഗ...

പ്രതിഷ്ഠ

പുന പ്രതിഷ്ഠ നടക്കുന്ന അമ്പലത്തിന്റെ 

മതിലിനു പുറത്ത് പഴയവിഗ്രഹം ചളി പറ്റി,

ചുരുണ്ടുകൂടി കിടന്നു .

അകത്തു മേളത്തോടെ പുതിയ വിഗ്രഹ സ്ഥാപനം.

ഇന്ന് ഞാന്‍ നാളെ നീ ........
പക

കുന്നിന്റെ ചിതാ ഭസ്മം 
കാറ്റ് ഗ്രാമത്തിലെ എല്ലാ വീട്ടിലുംഎത്തിച്ചു.
മഴ എല്ലാ വീട്ടിലും എത്തിച്ചു
.പ്രകൃതിയുടെ  പക .....


നിഷ്പക്ഷം 

മൂന്ന്‌ സുഹൃത്തുക്കള്‍ 

ഒരാള്‍ ഇടതന്‍ ഒരാള്‍ വലതന്‍,
 
മൂന്നാമന്‍ നിഷ്പക്ഷന്‍ ....

രണ്ടാളെയും തലോടുന്നവന്‍ ...

വിമര്‍ശിക്കുന്നവന്‍ ...

രണ്ടുപേര്‍ക്കും അവന്‍ പൊതു ശത്രു...

വീണു കിട്ടുന്ന ഹര്ത്താലുകള്‍ക്കിടയില്‍ 

എന്നും ..

നിഷ്പക്ഷന്റെ ജനാല ചില്ലുകള്‍ ഉടഞ്ഞു തന്നെ ....

വഴി

രണ്ട്‌ വശത്തും മതില് കെട്ടി  പൊന്തിച്ചു കഴിഞ്ഞപ്പോഴാണ് വീട്ടിലേക്കു വഴിയുണ്ടായത് 

ജീവിതം 

ഒറ്റ വാക്കില്‍ ഒരു ഉത്തരമായിരുന്നു അവള്‍ക്കാവശ്യം 

ഞാന്‍ പക്ഷെ മൂന്ന്‌ പുറത്തില്‍ കവിയാതെ ഉപന്യസിച്ചു
.
                  പേ ചാനല്‍


chitram                 aathira 



ഇന്നലെ വരെ ഞാന്‍ കണ്ട ചാനലിനു 

പേ  പിടിച്ചിരിക്കുന്നു.

ഇന്ന് അടുത്ത് ചെന്നപ്പോളുണ്ട്
അത് കുരച്ചു ചാടി...

മോങ്ങിയമര്‍ന്നു....

  പത തുപ്പി...

പാവം പേ ചാനല്‍ 

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

തടവ് 

സ്കൂളില്‍ കുട്ടികള്‍ ലോക്കപ്പില്‍


.ടീച്ചര്‍മാര്‍ 
ജീവപര്യന്തം തടവില്‍,

ഹെഡ് മാഷും പ്യൂണും 
കഠിന തടവില്‍...

സ്കൂളിനു പുറത്തെ വഴിയിലൂടെ ഭ്രാന്തന്‍ കിട്ടു
 
വിളിച്ചു പറഞ്ഞു ഓടി.

അസംബ്ലി നിര്‍ത്തി ....

അറിവിന്റെ ഭാരം


അറിവിന്റെ ഭാരം



മുതുകില്‍ വലിയ ബാഗുമായി കൂനി നടന്ന കുട്ടിയോട് വഴിപോക്കരിലോരാള്‍  ചോദിച്ചു 

 ഇതിലൊക്കെ എന്താണ് ...?




കുട്ടി ഉത്തരം പറയാന്‍ തിരിഞ്ഞപ്പോഴേക്കും നഗരം വലം 
 വയ്ക്കുന്ന ഭ്രാന്തന്‍
ഉറക്കെ പറഞ്ഞു  

അറിവിന്റെ ഭാരം .....
അറിവിന്റെ ഭാരം .....

ജീവിതം 

രണ്ടറ്റവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടതാണ്.
നടു കീറിപ്പോയി..
ഇനിയിപ്പോള്‍ ധര്‍മ്മക്കാര്‍ക്ക്  കൊടുക്കാം 

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

അറം

അറം 

ഓരോ പ്രാവശ്യം ....തത്തമ്മേ... പൂച്ച .....പൂച്ച ......എന്ന് പറഞ്ഞപ്പോഴും തത്ത സ്വന്തം മരണം പ്രവചിച്ചു. 

ബജറ്റ് 


പേന വാങ്ങാന്‍ വകയിരുത്തി ഫണ്ടിനെക്കാള്‍ എട്ടിരട്ടിയായിരുന്നു പേനാക്കത്തി വാങ്ങാന്‍ വകയിരുത്തിയത്