2011, നവംബർ 27, ഞായറാഴ്‌ച

                                                           ഐഹികം 



ശമ്പളം, കിമ്പളം കൂടി .... ആറക്കം തികഞ്ഞു.. രണ്ടു കാറായി..വില്ലകള്‍ മൂന്നുണ്ട് ....മുഴുവന്‍ സമയവും എ സിയില്‍ തന്നെ..ഇനി തലയില്‍ രണ്ടു മൂന്നു പേനുകൂടി ഉണ്ടാവണം ..ഇടക്കൊന്നു ചൊറിയാന്‍..അതിനിടയിലെന്തു മുല്ലപ്പെരിയാര്‍ ?...

                      
                                                     സദനം 

അംബികാ സദനത്തില്‍  നിന്നും  മൂത്ത മകന്‍ അമേരിക്കയിലേക്കും, ഇളയവന്‍ ഭാര്യവീടിനടുത്തെക്കും മാറിയപ്പോള്‍ കൃഷ്ണന്‍കുട്ടി  മാഷ്‌ തന്നെയാണ് വീടിന്റെ പേര് വൃദ്ധ സദനം എന്നാക്കി മാറ്റിയത്...

2011, നവംബർ 26, ശനിയാഴ്‌ച

                      സഹജീവി 


ക്ലാസ്സില്‍ സഹജീവികളെ സഹായിക്കേണ്ട  പാറഭാഗം ആയിരുന്നു.
.പെട്ടെന്നാണ് കണ്ടത് മൂന്നാം ബെഞ്ചിലെ അനില്‍ രണ്ടാം ബഞ്ചിലെ രൂപേഷിന്റെ കണ്ണിലേക്ക് ഊതുന്നു...


ക്ലാസ്സില്‍ ശ്രദ്ധിക്കാതെ ഇരുന്നതിന് അവരെ കണക്കിന് ചീത്ത പറഞ്ഞപ്പോഴാണ് പിന്‍ ബഞ്ചില്‍ നിന്നും ആമിനയുടെ ചോദ്യം വന്നത്




സാറേ . രൂപേഷിന്റെ കണ്ണില്‍ കരടു പെട്ടതാ...അനില്‍ ഊതി കൊടുത്തതാ...




മനസ്സിന്റെ നിഘണ്ടു വിലൂടെ സഹജീവിയുടെ അര്‍ഥം ഞാന്‍ തിരഞ്ഞു. 

2011, നവംബർ 19, ശനിയാഴ്‌ച

                                                               നോട്ടെഴുത്ത്


കളഞ്ഞു കിട്ടിയ  നോട്ടു തിരിച്ചും മറിച്ചും നോക്കുന്ന്തിനിടെയാണ് അത് കണ്ടത്.നോട്ടിന്റെ ഒരു വശത്ത് പ്രണയം എന്നെഴുതിയിരുന്നു. മറുപുറത്താകട്ടെ തെറ്റിധാരണ എന്നും..ഒരു അമ്മ പെറ്റ മക്കള്‍....
            ഫേസ് ബുക്ക്‌ കാലത്തെ  ഗാര്‍ഹസ്ഥ്യം



ഭാര്യ ഭര്‍ത്താവിന്റെ ഫേസ് ബുക്കിന്റെ പേജില്‍ മംഗ്ലീഷില്‍  ഇങ്ങനെ എഴുതി.




കുളിക്കാന്‍ സോപ്പ് ഒന്ന്, അലക്കണതു രണ്ട്,   ചായക്ക് തിന്നാന്‍ എന്തെങ്കിലും, കടുക് നൂറ്, കൂറചോക്ക ഒന്ന് ,


പപ്പടം കിട്ടിയാല്‍ അരക്കെട്ട് , മീന്‍ കിട്ടുമോ ?




ഭര്‍ത്താവ് അതിനടിയില്‍ കമന്റ്‌ ഇട്ടു......


."ഉച്ച തിരിഞ്ഞു നോക്കാം." 


അല്ലാതെ കുടുംബത്തില്‍ എവിടെയാണ് മിണ്ടാനും പറയാനും നേരം .
പേന്‍ കാലം 


പേനുകള്‍ വംശമറ്റ് പോയതാവണം  അയല്‍പക്കത്തെ പെണ്ണുങ്ങള്‍ തമ്മില്‍ വക്കാണം ഉണ്ടാകാന്‍ കാരണം.


പണ്ടൊക്കെ പേനെടുക്കാന്‍ ഉച്ചത്തക്കം നോക്കി പെണ്ണുങ്ങള്‍ ഒന്നിന് പിറകെ ഒന്നായി  കുശലവും പറഞ്ഞു അങ്ങിനീങ്ങിനെ......

2011, നവംബർ 17, വ്യാഴാഴ്‌ച

                                           മധുരങ്ങള്‍ 


ഇട വേള സമയത്ത് കുട്ടികള്‍ മിറായി കൊണ്ട് വരാറുണ്ട്..അത്രയെ കരുതിയുള്ളൂ ഉണ്ണിമായ വന്നപ്പോഴും...


അവള്‍ നീട്ടിയ ഹൃദയത്തിന്റെ ആകൃതിയിലുള്ള മിഠായി പൊതിയഴിച്ചു വായിലെക്കിടവേ വെറുതെ ചോദിച്ചതാണ് 




ഉണ്നിമായെടെ പിറന്നാള്‍  ആണ് അല്ലെ ...?




അല്ല മാഷേ ..ജയിലില്‍ നിന്നും അച്ഛന് പരോള്‍ കിട്ടി...അതിന്റെ വകയാ..


അമ്മയെ വെട്ടിക്കൊന്നു ഉണ്ണിമായയുടെ അച്ഛന്‍ ജയിലിലായ  കാര്യം എന്റെ മനസ്സിലൂടെ പാഞ്ഞു.

മിഠായി  എന്റെ ചങ്കില്‍ കുത്തി തറച്ചു .

2011, നവംബർ 13, ഞായറാഴ്‌ച

                 ഭരണ ഭാഷാ നിഘണ്ടു 


ശുംഭന്‍                         .........വെളുക്കാന്‍ തേച്ചത് പാണ്ടായവന്‍ .
പൊട്ടന്‍                        .......... ഒരു പൊതു സൌഹൃദ പദം .
നികൃഷ്ട ജീവി               ........പാവം പക്ഷെ ദുഷ്ടന്‍  .
വാണം വിടുന്നവന്‍      .......മിസൈല്‍ ശാസ്ത്രകാരന്‍ 
പെണ്ണുപിടിയന്‍           .....ഐസ് ക്രീമുകാരന്‍ 
കള്ളന്‍                          ...........അടക്ക കട്ടവന്‍ 
കുരങ്ങന്‍                     ......സ്വത്വ രാഷ്ട്രീയത്തിന്റെ ഗുരു .
ഒരുത്തി                        .........എതിരാളിയായ സ്ത്രീ 
അത്ഭുത കുട്ടി               ..........നിറം മാറുന്ന ജീവി 
വെറുക്ക പെട്ടവന്‍        ......ഫുട്ബാള്‍ മേളക്ക് പിരിവു നല്‍കുന്നവന്‍ ....
കിങ്ങിണി.ക്കുട്ടന്‍          ....ചക്കയിടുമ്പോള്‍ കിട്ടുന്ന മുയല്‍ 
അമുല്‍ ബേബി               ........ആരാന്റെ ഗ്ലാമറുള്ള കുട്ടി 
അലുമിനിയം പട്ടേല്‍      ....കിട്ടാത്ത മുന്തിരി പുളിക്കും 
ഞെരംപു രോഗി             ....പീഡനം എന്ന വാക്ക് ഉച്ചരിക്കുന്നവന്‍ .
തെണ്ടി                           ........കൊടി വക്കാനുള്ള യോഗ്യത 
പൂച്ചകള്‍                         ......പിന്നിട് എലികള്‍ ആകുന്നവ 

2011, നവംബർ 12, ശനിയാഴ്‌ച


                      തീക്കളികള്‍ 




അമ്മേ....
ഞങ്ങള്‍ ഇനി സൗമ്യയും ഗോവിന്ദ ചാമിയും  കളിക്കട്ടേ....


മുറ്റത്തുനിന്നും കുട്ടികള്‍ വിളിച്ചു ചോദിക്കുന്നത് കേട്ട് നോക്കിയതാണ് ഞാന്‍
ഒരാള്‍ തലങ്ങും വിലങ്ങും ഓടുന്നു.
മറ്റേ ആള്‍ ഒരു കൈ കുപ്പായത്തിനു ഉള്ളില്‍  ഒളിപ്പിച്ചു ഒറ്റക്കയ്യനായി പിറകെ ഓടുന്നു.......


പിടിവലി... കരച്ചില്‍...... മുരള്‍ച്ച......നിലവിളി ....


ഒടുക്കം ഞാന്‍ ജയിച്ചേ ..എന്ന ചിരി ....


എന്റെ കയ്യിലെ ചായ ഗ്ലാസ്‌ ഞെട്ടി  താഴെ വീണു ഉടഞ്ഞു.

2011, നവംബർ 11, വെള്ളിയാഴ്‌ച

 
                                                       നോക്കുകുത്തികള്‍ 


എന്നും പഴയ പാന്റും  കീറിയ ഷര്‍ട്ടും , വൈക്കോല്‍ കുത്തി നിറച്ച വയറും, പൊട്ടക്കലം കമിഴ്ത്തിയ തലയും, ഉണ്ട കണ്ണും ....നോക്കുകുത്തികളും  മനസ്സ് മടുത്തു ബ്യൂട്ടി പാര്‍ലര്‍ തേടി ഇറങ്ങി......ഇനി എന്തായാലും ഇപ്പണിക്കില്ലെന്നും  ഉറപ്പിച്ചു. അപ്പോള്‍ മുതലാണ്‌ നാം മനുഷ്യര്‍ സ്വയം നോക്കുകുത്തികളായി നട.ക്കാന്‍ തുടങ്ങിയത്

2011, നവംബർ 10, വ്യാഴാഴ്‌ച

                                                     ഇരകള്‍ 

നീര്‍ക്കോലിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു ഓടിയതായിരുന്നു തവള...അപ്പോഴാണ്‌ മുന്നില്‍ ഒരു പുല്‍ച്ചാടിയെ കണ്ടത്.
ഒന്നും ആലോചിച്ചില്ല..ഒറ്റ ചാട്ടം.. പുല്‍ച്ചാടി പിടഞ്ഞു ഒടുങ്ങി..
 ഇരകളെ ഉള്ളു ലോകത്തില്‍..

2011, നവംബർ 9, ബുധനാഴ്‌ച

                     നവ പൂതന 

പൂതന ഓരോ കുട്ടികള്‍ക്കും മുല കൊടുത്തു തുടങ്ങി..


അവസാനം കണ്ണന്റെ ഊഴമായി..അവന്‍ പൂതനയുടെ മുലക്കച്ച പോന്തിച്ചു ഇങ്ങനെ വായിച്ചു 


എന്ടോസള്‍ഫാന്‍ ...
.ഹാന്‍ഡില്‍ വിത്ത് കെയര്‍ .......

2011, നവംബർ 4, വെള്ളിയാഴ്‌ച

ക്ഷമ


ഒടുക്കം നെല്ലിപ്പടിക്കു ചിതല്‍ പിടിച്ചു .




പ്രായം  

ആദ്യം അതിന്റെ ഉടമയായിരുന്നു.ഇപ്പോള്‍ അതിന്റെ അടിമയായി.