2016, ഡിസംബർ 25, ഞായറാഴ്‌ച

അദൃശ്യം

സര്‍വേ ചങ്ങല മുറ്റത്ത് കിലുകിലാന്നു അഴിഞ്ഞു വീഴുന്ന ഒച്ച കേട്ടു ചാവടയില്‍ ചുരുണ്ട് കിടന്നിരുന്ന നായ ഒന്ന് ഞെട്ടി പിന്നെ ഒന്നും മനസ്സിലാകാതെ കുരച്ചുതുടങ്ങി.
ഒരു പാട് നാളത്തെ കൂടി ആലോചനക്കും നാട്ടു മധ്യസ്ഥതക്കും ഒടുവിലാണ് തറവാട് ഭാഗം പിരിയാനുള്ള തീരുമാനം ഉരുത്തിരിഞ്ഞത്. നാട്ടുമ്പുറത്തെ വസ്തുവില്‍ ആര്‍ക്കും അത്ര ഇന്‍റെറെസ്റ്റ്‌ ഉണ്ടായിട്ടല്ല. എന്നാലും എന്തും അതിന്റെ ഒരിതില്‍ ചെയ്തു തീര്‍ക്കുന്നതാണ് നാട്ടു നടപ്പ് എന്ന അശരീരിക്ക് ആര്‍ക്കും എതിര്‍ വാക്കുണ്ടായില്ല.
മൂത്ത മകന് മകളുടെ കല്യാണം, രണ്ടാമത്തവള്‍ക്കും മകന്റെ ജോലിക്കാര്യം, പട്ടണത്തിന്റെ പ്രേതം ആവേശിച്ച മുക്കിലങ്ങാടിയില്‍ ഫാന്‍സി നടത്തുന്ന ഇളയവന് അതൊന്നു പരിഷ്കരിക്കണം എന്ന മോഹം. ചിറകിനുള്ളില്‍ കാക്കക്കും പരുന്തിനും കൊടുക്കാതെ വളര്‍ത്തിയവരെ ഒരു പ്രായം ചെന്നാല്‍ കൊത്തിയാട്ടണമെന്ന ചിന്ത പലരും പറഞ്ഞു ബോധിപ്പിച്ചെങ്കിലും മീനാക്ഷിയമ്മക്ക് അതിന്റെ ഗുട്ടന്‍സ് ഇപ്പോളും പിടി കിട്ടിയിട്ടില്ല.
പത്ത് മുപ്പത് വര്‍ഷം മുമ്പ് ഒരു മൂവന്തിക്ക്‌ കൊടിത്തെങ്ങില്‍ നിന്നും ഊര്‍ന്നു വീണതേങ്ങ പെറുക്കാന്‍ പോകുമ്പോള്‍ അതിനി രാവിലെ എടുത്താല്‍ പ്രേ എന്ന പിന്‍വിളി മീനാക്ഷി ഉയര്‍ത്തിയെങ്കിലും
“നട്ടു നനച്ചു ഉണ്ടാക്കീതാ മീനാക്ഷിയെ രാവിലേക്ക് അത് വല്ലോരും പെറുക്കി കൊണ്ട് പോയാലോ എന്നും പറഞ്ഞു തൊടിയിലേക്ക്‌ ഇറങ്ങിയതാണ് നാരായണന്‍ നായര്‍. കാലില്‍ എന്തോ തട്ടിയെന്ന സന്ദേഹവും ഒരു വിളഞ്ഞ തേങ്ങയും ഒരേ പോലെ മുഴങ്കൈയ്യില്‍ എടുത്ത് കോലായ കേറി വന്നപ്പോള്‍ മീനാക്ഷിയും ആദ്യം അത് കാര്യമാക്കിയില്ല.
അന്തിക്കറുപ്പ് തൊടിയിലേക്ക്‌ പതിയെ പടര്‍ന്ന് പോലെ കാലിലെ ചെറിയ രണ്ടു കടിപ്പാടില്‍ നിന്നും നാരായണന്‍ നായരുടെ ദേഹത്തേക്ക് നീലിമ പടര്‍ന്നതും നിലക്കാത്ത വിയര്‍പ്പും അതിനൊടുവില്‍ മീനാക്ഷിയെ എന്ന വിളിയിലെ തണുപ്പും പടി കയറി വന്ന ആള്‍ക്കൂട്ടവും എന്തിനെന്നറിയാതെ പകച്ച മൂന്നു കുഞ്ഞി കണ്ണുകളും മീനാക്ഷിയമ്മക്ക് ഇന്നത്തെ പോലെ മുന്നില്‍. തെക്കേ തൊടിയിലേക്ക്‌ എടുത്തു കൊണ്ട് പോകുമ്പോള്‍ നാട്ടുകാരണവര്‍ ചുരുട്ടി തന്ന ഒറ്റ മുണ്ടിനുള്ളില്‍ ഒരു കാലു തെല്ലു പൊട്ടിയ കണ്ണട ഉണ്ടായിരുന്നത് അന്ന് തൊട്ടും മീനാക്ഷിയമ്മ ഇടക്കെടുത്ത് വച്ച് നോക്കാറുണ്ട്. ചില നേരത്ത് കാഴ്ച വല്ലാതെ മങ്ങുന്നു എന്ന് തോന്നുമ്പോള്‍ അത് ഒരു സമാധാനം ആണെന്ന് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ പോകാന്‍ ഉള്ള ഊര് ചുറ്റലിനിടയില്‍ എത്തിയ വേലുവിനോട്‌ പറയുകയും ചെയ്തു.
മക്കളെയൊക്കെ പിന്നെ ഒരു വിധം നന്നായി വളര്‍ത്തി. പെട്ടയോ ചെവാലോ എന്ന് തിരിയാത്ത പ്രായത്തിലുള്ള കുട്ടികള്‍ക്ക് പിന്നെ എന്തിനും ഏതിനും അമ്മ മാത്രം. പലപ്പോളും രണ്ടു കണ്ണും രണ്ടു കാതും പോരായിരുന്നു. ആയിരം കണ്ണും കാതുമായി മീനാക്ഷിയമ്മ കുട്ടികള്‍ക്ക് കാവലിരുന്നു. ഈറ്റ് പാമ്പിന്റെ ശ്രദ്ധയോടെ. അന്നൊന്നും ഒരു ഭാഗം, പിരിച്ചില്‍ മനസ്സില്‍ എവിടെയും ഉണ്ടായിരുന്നില്ല.
“ഞങ്ങള്‍ ഇങ്ങിനെ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അമ്മ എതിര്‍ നില്ക്കരുത്”
മൂത്തവന്റെ വാക്കുകള്‍ ആദ്യം കോലായ കേറി വന്നത് ഒരു പകപ്പോടെ മീനാക്ഷിയമ്മ കേട്ട് നിന്നു.
“അമ്മേടെ ഒരു കാര്യത്തിനും മുടക്ക് വരില്ല, മകളുടെ വയ്ക്കുകല്‍ പൊടിഞ്ഞ കണ്ണീര്‍ ഇടതു കൈ കൊണ്ട് തുടച്ചു മീനാക്ഷിയമ്മ പതറി
അമ്മെക്കു ഇനി വയ്യാത്ത കാലാ.. ആരടെ കൂടെ വേണം എങ്കിലും നിക്കാലോ..ഞങ്ങള്‍ തയ്യാറാ മൂന്നാമന്റെ ശബ്ദത്തിന് തറവാട്ടു തെങ്ങില്‍ നിന്നും ഒരു പട്ട ശരേന്നു താഴേക്കു വീഴുന്ന താളം പോലെ തോന്നിച്ചപ്പോള്‍ അമ്മ കണ്ണുകള്‍ ദൂരേക്ക്‌ പായിച്ചു. നിങ്ങള്‍ എന്താ എന്ന് വച്ചാ ഒന്ന് വേഗം തീരുമാനിക്ക്.. എനിക്ക് വേറെ ജോലിയുണ്ട്..
സര്‍വേക്കാരന്റെ വാക്കുകളിലൂടെ തെല്ലിട നാലുപേര്‍ക്കിടയില്‍ ഒതുങ്ങി നിന്ന കാലം പുറത്തേക്ക് കുതറിചാടി.. അമ്മ ഒരു നെടുവീര്‍പ്പോടെ ഉള്ളിലേക്ക് പോകുന്നത് മൗനം സമ്മതം ആയി എടുത്തു മക്കള്‍ മുറ്റത്തേക്ക്‌ ഇറങ്ങി.. അല്ല അമ്മയെ ആരുടെ കൂടെ നിക്കാനാ ഭാവം ? നിങ്ങള്‍ ആരാച്ചാ നിര്‍ത്തിക്കോ, എന്റെ ഒപ്പം ടൗണിലെ രീതിയൊന്നും അമ്മക്ക് പിടിക്കില്ല.. മൂത്തയാളുടെ മുന്‍‌കൂര്‍ ജാമ്യം കോലായ കടന്നു ഇടനാഴിയിലെ ഉമ്മറപ്പടിയില്‍ എത്തി.
“എനിക്കൊന്നും നടക്കില്ലട്ടോ, മൂപ്പര്‍ക്കും എനിക്കും ജോലിക്ക് പോകേണ്ടതാ.. നീ നിര്‍ക്കോടാ…
മകള്‍ ഒരു പന്തുകളിക്കാരന്റെ കനിഷത്ത്തോടെ തന്നെ മൂന്നാമന് തട്ടി കൊടുക്കുന്നത് മച്ചിലേക്ക് കയറുമ്പോള്‍ മീനാക്ഷിയമ്മയുടെ ചങ്കില്‍ തടഞ്ഞു.,, അമ്മക്കെ വയസായി വരികയാ, എനിക്കാണെങ്കില്‍ മൂക്കറ്റം കടവും..നിങ്ങള്‍ രണ്ടാളും നല്ല സ്ഥിതി ഉള്ളവരാ…നിങ്ങള്‍ വേണം അമ്മയെ നോക്കാന്‍ മൂന്നാമന്റെ വാക്കുകള്‍ക്കോപ്പം പച്ചച്ചു നിന്ന തൈത്തെങ്ങു വേനലിലെ ഒരു ഇടിക്കു നിന്ന് കത്തുന്നത് മീനാക്ഷിയമ്മ കണ്ടു.
പുറത്ത് ചങ്ങലയുടെ കിലുക്കം പല തവണ ഉയര്‍ന്നു താണ്‌ വന്നു. ചെറിയ ഒച്ചയുയര്‍ത്തലുകള്‍, സമാധി തറ എന്ത് ചെയ്യണം,? തെക്കേ തൊടിയിലെ പുളിമാവ് ആരുടെ ഭാഗത്തില്‍ വരും എന്നൊക്കെയുള്ള ചര്‍ച്ചകള്‍. കണ്ണീര്‍ മുഴുവനായി വറ്റി എന്ന് ഉറപ്പായപ്പോള്‍ മീനാക്ഷിയമ്മ പതുക്കെ എഴുനേറ്റു, പുറത്തെ ബഹളങ്ങള്‍ എല്ലാം ഒതുങ്ങി. മച്ചിലെ പത്തായത്തിന്റെ മൂലയില്‍ മടക്കി വച്ച ഒറ്റമുണ്ടും അതിന്റെ മടക്കിനുള്ളിലെ പഴഞ്ചന്‍ കണ്ണടയും മെല്ലിച്ച കൈകള്‍ കൊണ്ട് പതിയെ തപ്പിയെടുത്ത് കണ്ണീരു കൊണ്ട് നനഞ്ഞ ഉടുമുണ്ടിന്റെ കോന്തല കൊണ്ട് രണ്ടു ചില്ലും തുടച്ചു. പഴകിയ മുണ്ട് നാലായി മടക്കി ചുമലില്‍ ഇട്ടു. കണ്ണടയുടെ കാലുകള്‍ പതുക്കെ നിവര്‍ത്തി മൂക്കത്ത് വച്ചുറപ്പിച്ചു കോലായ കടന്നു ഉമ്മറത്തിണ്ണയില്‍ കാലിന്‍മേല്‍ കാലും കയറ്റി വച്ച് മീനാക്ഷിയമ്മ മുറ്റത്തേക്ക്‌ നോക്കി
ഒന്നും കാണാന്‍ ആവുന്നില്ലല്ലോ. തൊടിയും പാടവും ഒക്കെ എവിടെയോ മറഞ്ഞ പോലെ. കണ്ണട ഒന്ന് കൂടി എടുത്തു തുടച്ചു വച്ച്.. പിന്നെയും പിന്നെയും നോക്കി.
ഒരു കണ്ണടക്കും കാണാന്‍ ആവാത്തത് ചിലതുണ്ടല്ലോ എന്ന് സമാധാനിച്ചു ചാവടിയിലേക്ക് കയറി. മീനാക്ഷിയമ്മ തല തെക്കോട്ട തന്നെ അല്ലെ എന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി മലര്ന്നു നീണ്ടു നിവര്ന്നു കിടന്നു…

പിടച്ചിലുകള്‍


(കെ സ് ടി എ സംസ്ഥാന സമ്മേളനം സാഹിത്യ മത്സരത്തില്‍ ഓണം സ്ഥാനം നേടിയ കഥ )

ഓഫീസ് മുറിയുടെ മൂലയിലെ സ്വിച്ചില്‍ പ്യൂണ്‍ രമേശന്‍ വിരലമര്‍ത്തുന്നതോടെ എല്ലാ ക്ലാസ്സുകളിലെയും ബെല്ലുകള്‍ ഒന്നിച്ചു ചിലച്ചു. അതുവരെ വിവിധ കാട്ടുപക്ഷികളുടെ കലപിലയും കാട്ടരുവികളുടെ കളകളാരവവും ഉണ്ടായിരുന്നിടത്ത് പ്രാചീനമായ ഏതോ ഒരു ചീവീടിന്റെ ശബ്ദം പോലെ. അതോടെ സ്കൂള്‍ പെട്ടെന്ന് നിശബ്ദമായി.
ക്ലാസ്സിലേക്ക് പോകുമ്പോള്‍ അമ്മിണി ടീച്ചറുടെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. ടി ടി സി ക്ക് പഠിക്കുമ്പോള്‍ പരിശീലനത്തിന്റെ ഭാഗമായി ആദ്യം സ്കൂള്‍ മുറ്റത്ത് കയറുമ്പോഴും ഇതേ വിറതന്നെ തനിക്കു ഉണ്ടായിരുന്നല്ലോ എന്ന് ടീച്ചര്‍ ഓര്‍ത്തു പോയി. താന്‍ പഠിച്ച പാഠങ്ങള്‍ക്ക് അപ്പുറം പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടി വരുമ്പോള്‍ താന്‍ തീരെ ചെറുതായി പോകുന്നുണ്ടോ എന്ന സംശയത്തോടെ ടീച്ചര്‍ ക്ലാസിലേക്ക് കയറി.
കഴിഞ്ഞ ദിവസമാണ് സ്കൂളിനെ സ്മാര്‍ട്ട് സ്കൂള്‍ ആക്കി പ്രഖാപിക്കുന്നത്. അത് വരെ ഉണ്ടായിരുന്ന മുക്കാലിയും ബോര്‍ഡും സ്കൂളിനു പിറകിലെ ഷെഡില്‍ തന്നെ പോലെ തന്നെ ചുരുണ്ട് കിടപ്പുണ്ടാകുമെന്നു ടീച്ചര്‍ക്ക് തോന്നി.
ഗ്രാമപ്രദേശത്തെ സ്കൂളില്‍ തനിക്കിനി ഏതാനും മാസങ്ങള്‍ മാത്രം. സ്കൂളിലേക്ക് വരുമ്പോള്‍ പാത കറുത്തിരുന്നില്ല, മുന്നിലെ ഷോപ്പിംഗ്‌ കോംപ്ലക്സിനു പകരം ഗോപാലന്‍ നായരുടെ പുക മണമുള്ള ചായപ്പീടിക മാത്രം. സ്വയംഭൂവായ വിഗ്രഹം പോലെ സ്കൂളില്‍ ഉണ്ടായിരുന്ന പഴയ തീവണ്ടി ചക്രത്തില്‍ ഇരുമ്പു ചുറ്റിക കൊണ്ട് അടിക്കുമ്പോള്‍ ഉണ്ടാകുന്ന മുഴക്കമാണ്‌ അവിടുന്ന് ഇതുവരെ തന്റെ ജീവതത്തിന്റെ താളം.
ഒന്നാം തരം മുതല്‍ ക്ലാസ്സുകള്‍ ഒന്നാന്തരം ആക്കണം. ക്ലാസ് മുറി മുഴുവന്‍ പക്ഷി മൃഗാദികളുടെ ചിത്രങ്ങള്‍ പതിച്ചു. നിലം ടൈല്‍ വിരിച്ചു. കറകറ കരയുന്ന പഴയ മര ബഞ്ചുകള്‍ക്ക് പകരം സ്റ്റീലില്‍ വെല്‍ഡ്‌ ചെയ്തു ഉറപ്പിച്ച പുതിയ കാല ഇരിപ്പിടങ്ങളായി. കീറിപ്പറിഞ്ഞ ഡസ്റ്ററും കൈയ്യില്‍ തൂക്കി നിന്ന ബോര്‍ഡിനു പകരം മിനി സ്ക്രീന്‍. തലയ്ക്കു മുകളില്‍ ലോക സാക്ഷിയെ പോലെ പ്രൊജക്ടര്‍. ഡി വി ഡി, മൈക്ക്, ബോക്സുകള്‍.. അമ്മിണി ടീച്ചറുടെ നാലാം ക്ലാസും അങ്ങിനെ സ്മാര്‍ട്ട് ആയി.
കുട്ടികള്‍ ഒക്കെ വല്ലാണ്ട് മാറിപ്പോയി. എല്ലാ ദാരിദ്ര്യങ്ങളെയും ഒളിച്ചു വയ്ക്കുന്ന പുതിയ യൂണിഫോം. കഴുത്തില്‍ ഫോട്ടോ അടക്കം ഉള്ള ടാഗുകള്‍. കാലില്‍ സോക്സും ഷൂവും. പഴയ കുഞ്ചുവും നീലാണ്ടനും കാര്‍ത്യായനിയും നിറഞ്ഞ ഹാജര്‍ പട്ടിക ഇപ്പോള്‍ അര്‍ച്ചന എസ് വാര്യര്‍, സിനു കെ ഗോപാലന്‍ നായര്‍, ഹേമ നമ്പൂതിരി എന്നൊക്കെ മാറിയിട്ടുണ്ട്. ടീച്ചര്‍ക്ക് ഗസറ്റില്‍ പരസ്യം കൊടുത്ത് ഈ അമ്മിണി എന്ന പേര്‍ അമ്മിണി ഗോപിനാഥ് എന്നോ അല്ലെങ്കില്‍ മറ്റൊരു പേരോ തന്നെയോ ആക്കി മാറ്റിക്കൂടെ എന്നും ഇനി എന്നാണു നമ്മുടെ അമ്മിണി ടീച്ചര്‍ കൂടി സ്മാര്‍ട്ട് ആകുക എന്ന് ചെറുപ്പക്കാരനായ ഹെഡ് മാസ്റര്‍ സ്റ്റാഫ് മീറ്റിങ്ങില്‍ ചോദിച്ച അന്ന് തുടങ്ങിയതാണ്‌ മനസ്സിലെ ഈ പിടച്ചില്‍.
പാഠം ആരംഭിക്കണം. എന്നും പറയാറുള്ള
'നമസ്തേ ടീച്ചര്‍'
എന്നതിന് പകരം ഇന്ന് ആദ്യം ഒറ്റക്കും പിന്നെ ക്രമമില്ലാത്ത കൂട്ടമായും ഉയര്‍ന്ന
'ഗുഡ് മോര്‍ണിംഗ് ടീച്ചര്‍'
ചെവിയില്‍ വന്നലച്ചപ്പോള്‍ ആണ് ടീച്ചര്‍ ചിന്തയില്‍ നിന്നും ഉയര്‍ന്നത്. താനിനി ഗുഡ് മോര്‍ണിംഗ് തിരിച്ചു പറയണം. രക്ഷിതാക്കളും പ്രധാനാധ്യാപകനും പിന്‍ നിരയില്‍ ക്ലാസ് കാണാന്‍ ആയി ഇരിപ്പാണ്.
ഗുഡ് മോര്‍ണിംഗ് ആള്‍ ഓഫ് യു..
തന്റെ ശബ്ദത്തിന് ഇടര്‍ച്ചയില്ലെന്നു വരുത്താന്‍ ഒന്ന് കൂടി ചുമച്ച് ടീച്ചര്‍ തൊണ്ട ശരിയാക്കി.
ഇന്നത്തെ പാഠം പുഴയാണ്. മുമ്പാണെങ്കില്‍ പുഴ എന്ന് ബോര്‍ഡില്‍ കനപ്പിച്ചു ഒരു എഴുത്തും അതിനടിയില്‍ പാലം പോലെ രണ്ടു വരയും മതിയായിരുന്നു. ഇന്നത്‌ പോര. നേരെത്തെ ലാപ് ടോപ്പില്‍ തയാറാക്കി വച്ച പലതും പ്രൊജക്ടര്‍ വച്ചു കാണിക്കണം. സ്റ്റാഫ് റൂമില്‍ വച്ച് എല്ലാവരും ചേര്‍ന്ന് പഠിപ്പിച്ചു വിട്ടതാണ്. ചെന്നയുടന്‍ പുഴയെ കുറിച്ച് ഒരു ആമുഖം പറയണം. പിന്നെ പതുക്കെ കാഴ്ചകളിലേക്ക്. ക്ലാസ് പകര്‍ത്താന്‍ ക്യാമറക്കാരനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതറാന്‍ പാടില്ല എന്ന് ഉള്ളില്‍ ഇരുന്ന് ആരോ പറയുന്നത് കടവിലെ പുഴയുടെ നേര്‍ത്ത മൂളല്‍ പോലെ ചെവിയില്‍ വന്നലയ്ക്കുന്നുണ്ട്.
ക്ലാസ് മുറിയുടെ മൂലയില്‍ നിന്നും ക്യാമറ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ടീച്ചര്‍ എന്താണ് ക്ലാസ് തുടങ്ങാത്തതെന്ന ചോദ്യം പ്രധാനാധ്യാപകന്റെ പുരികക്കൊടിയില്‍ ഉയരുന്നുണ്ട്. രക്ഷിതാക്കള്‍ക്കിടയില്‍ അമര്‍ത്തിയ ചിരികള്‍ ഉണ്ട്. ഇലകള്‍ക്ക് മുമ്പില്‍ വിളമ്പുകാരനെ കാത്ത് ഇരിക്കുന്നവരെ പോലെ തന്റെ കുട്ടികള്‍. താന്‍ ബലിച്ചോറിന്റെ ഒരു ഉരുളയാണെന്നും തനിക്കു ചുറ്റിലും ബലിക്കാക്കകള്‍ ഊഴം കാത്ത് കടുപ്പിച്ചു നോക്കുകയാണെന്നും അമ്മിണി ടീച്ചര്‍ക്ക് തോന്നി.
പ്രിയപ്പെട്ട കുട്ടികളെ ഇന്ന് നമ്മള്‍ പഠിക്കാന്‍ പോകുന്നത് പുഴയെ കുറിച്ചാണ്..
അയ്യോ ഡിയര്‍ സ്റ്റുഡന്റ്സ് ടുഡേ വി ആര്‍ ഗോയിംഗ് ടു സ്റ്റഡി എബൌട്ട്‌ റിവര്‍ എന്നാണല്ലോ തുടങ്ങേണ്ടിയിരുന്നത്?
വിച് റിവര്‍ ടീച്ചര്‍ ഈസ് ഇറ്റ്‌ കല്‍പ്പാത്തി റിവര്‍ ഓര്‍ ഭാരത റിവര്‍.?
ഒന്നാം ബഞ്ചില്‍ നിന്നും ഉയര്‍ന്ന ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ലെറ്റ്‌ അസ് സീ സം വീഡിയോസ് ഓഫ് റിവര്‍ എന്ന് തപ്പിത്തടഞ്ഞു ടീച്ചര്‍ പവര്‍ പ്ലഗിന്റെ ചുകപ്പില്‍ വിയര്‍ക്കുന്ന വിരല്‍ അമര്‍ത്തി. നൂറു വട്ടം പ്രവര്‍ത്തിപ്പിച്ചിട്ടും മെരുങ്ങാത്ത പ്രൊജക്ടര്‍ തന്നെ നോക്കി പല്ലിളിക്കുന്നതും നിവര്‍ത്തി വച്ച ലാപ് ടോപ്‌ ഒരു വലിയ ജലജീവിയുടെ വാ പോലെയും തോന്നുന്നത് മറികടക്കാന്‍ ശ്രമിച്ചു റിമോട്ടില്‍ വിരല്‍ അമര്‍ത്തി. ലാപ് ടോപ്പിന്റെ പാഡില്‍ വിരല്‍ വച്ചപ്പോള്‍ സ്ക്രീനില്‍ ചുറ്റിത്തിരിയുന്ന അമ്പടയാളം തനിക്കു നേരെ എപ്പോളാണ് ബ്രഹ്മാസ്ത്രം പോലെ പാഞ്ഞു വരികയെന്ന് പെന്‍ഷന്‍ ബുക്ക്‌ പൂരിപ്പിച്ചു കൊടുക്കുമ്പോള്‍ ഉള്ള അങ്കലാപ്പോടെ ടീച്ചര്‍ നിയന്ത്രിച്ചു നിര്‍ത്തി.
ലാപ് ടോപ്പിലെ റിവര്‍ എന്ന ഫോള്‍ഡര്‍ രണ്ടു പ്രാവശ്യം അമര്‍ത്തണം. സൈമോന്‍ മാഷിന്റെ വാക്കുകള്‍ ഉണ്ട് ചെവിയില്‍. പ്രൊജക്ടര്‍ ശരിയാവുന്നില്ല, മിനി സ്ക്രീനില്‍ ഉറ്റു നോക്കി ഇരുന്നവരുടെ കണ്ണുകളില്‍ അക്ഷമയുടെ ഒളിയമ്പുകള്‍.. അവിടവിടെ ടീച്ചര്‍ ടീച്ചര്‍ വിളികള്‍.. പിന്നെയും ടീച്ചര്‍ റിമോട്ട് അമര്‍ത്തി. സ്ക്രീനില്‍ എന്തോ ഒരു വെള്ളിവെളിച്ചം മിന്നി മറഞ്ഞു പോയി.
ടീച്ചര്‍ ഇതൊക്കെ നേരെത്തെ പ്രിപയര്‍ ചെയ്തു വയ്ക്കണ്ടേ? എന്താ ഇങ്ങിനെ ഒക്കെ?
പ്രധാനാധ്യാപകനും മറ്റുള്ളവരും മേശക്കരികിലേക്ക് വരുന്നത് അമ്മിണി ടീച്ചര്‍ കണ്ടു. എവിടെ നിന്നോ ഒരുറവ കണ്ണുകളില്‍ പുഴയായി വന്നു മൂടുന്നതും ആ കുത്തൊഴുക്കില്‍ താനും കുട്ടികളും നിലവിളിയോടെ അകന്നു പോകുന്നതും, വലിയ ഒരു മരം കടപുഴി ഒലിച്ചു പോകുന്നതു പോലെ പ്രൊജക്ടര്‍ നീങ്ങി പോകുന്നതും കണ്ടും കേട്ടും അമ്മിണി ടീച്ചര്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ മിനുസമുള്ള നിലത്തേക്കു പൊടുന്നനെ കുഴഞ്ഞു വീണു.

നാവേറ്(വിദ്യാരംഗം അധ്യാപക കലാ സാഹിത്യ മത്സരം 2017 കഥാരചനയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.ലഭിച്ച കഥ )






ഉമ്മറത്ത് പെട്ടെന്ന്  ശബ്ദം കേട്ട് ആതിരയും ആദിത്യനും  ടാബിലെ കാര്‍ റൈസിംങ്ങില്‍ നിന്നും മുഖം പറിച്ചെടുത്ത് സിറ്റ് ഔട്ടിലേക്ക് ഓടി.അടുക്കളയില്‍ ഒഴിവുദിനപാചകങ്ങള്‍ എന്ന പുസ്തകം വച്ച് പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ട സൌമ്യ  ടീച്ചര്‍ കെട്ടിയ എപ്രന്‍ അഴിക്കാതെ ഒപ്പമെത്തി .

എവിടെ കൊറേ കാലായീലോ ഈ വഴിക്കൊക്കെ ..അല്ല ഇതാരാപ്പോ കൂടെ ഒരാള്‍
..?

ശ്രീ മഹാ ദേവൻ തന്ടെ
ശ്രീ പുള്ളോർക്കുടം തന്നിൽ
ഓമന ഉണ്ണീടെ ….നാവോറു പാടുന്നു ..
അമ്മക്ക് കണ്ണാണ് ;അച്ഛന് മുത്താണ് ..
മുത്തശ്ശി അമ്മക്കോ ..കണ്ണിനു കണ്ണാണ് ?


എന്താ തറവാട്ടില് നാവേറ് ഒന്നും പാടണ്ടേ ? പാട്ടിനൊപ്പം ഒരു ചോദ്യം മുറ്റത്ത് തലതല്ലി വീണു


പഴേ പോലെ സഞ്ചാരം ഒന്നുല്യ തമ്പ്രാട്ട്യെ ..മുമ്പേ എത്തീരുന്ന ഇടത്തൊക്കെ ഇടക്കൊന്നു വന്നു പോണൂ ന്നെള്ളൂ ..ഇതന്റെ മകന്റെ കുട്ട്യാ ..ഏഴാം തരത്തില്‍ പഠിക്യാ..നിക്കൊരു കൂട്ടിനു ഓളേം കൂട്ടിപ്പോന്നു ..ഓളടച്ചന്‍ പോയെ പിന്നെ ന്റെ കൂട്ട് തന്നെ

ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി വീണയില്‍ ഒന്നറിയാതെ തൊട്ടപ്പോള്‍ ഒ രു കരച്ചില് പോലെ എന്തോ ഒന്ന് പാറി വീണു
 

ഓളും ഓനും തമ്മില്‍ എന്തിനോ ഒരൂട്ടം പറഞ്ഞു തെറ്റി ..ചെക്കന്‍ പോയി തൂങ്ങി ന്റെ തമ്പ്രാട്ട്യെ ..പേപ്പറില്‍ പോട്ടം ഒക്കെ ണ്ടാര്‍ന്ന് ..ഇങ്ങലോക്കെ കണ്ടിട്ടുണ്ടാവ്വല്ലോ ..ന്താ ചെയ്യാ ന്റെ വിധി ..ആകെണ്ടാര്‍ന്ന ആന്തരി ..ബാക്കില്ലേനെ ഒക്കെ കെട്ടിച്ചു വിട്ടു ഒന്ന് നടു നൂര്ത്തീട്ടെ ഉണ്ടായിരുന്നൊള്ളൂ..ന്റെ പുള്ള്വോന്‍ പോകുമ്പോ ഇവറ്റകളൊക്കെ  പൈതങ്ങള്‍ അല്ലെ ?

പാവാടക്കാരി പുറം തിരിഞ്ഞു നിക്കുന്നതും കണ്ണുകള്‍ തുടക്കുന്നതും മുറ്റത്തെ തൈത്തെങ്ങിലേക്ക് അന്തമില്ലാതെ നോക്കുന്നതും കണ്ടിട്ടാവണം സൌമ്യ ടീച്ചര്‍ ഉള്ളിലേക്ക് വലിഞ്ഞ കുട്ടികളെ വിളിച്ചു പറഞ്ഞത്
 

ഡീ..അന്റെയൊരു പഴേ പാവാട ഉണ്ടായിരുന്നില്ലേ ..അത് കൊണ്ട് വന്നു ഈ കുട്ടിക്ക് കൊടുക്ക്‌ ..പിന്നെ അടുക്കളയിലെ അളുക്കില്‍ മൈസൂര്‍പാവുണ്ടാകും ..അതില്‍ നിന്ന് രണ്ടെണ്ണം കൊണ്ടുവന്നു ഇവര്‍ക്ക് കൊടുക്ക്
 

 
എന്തായാലും എപ്പോ വന്നാലും ഈ വീടീന്നുള്ളത് അമ്മാളുവിനു ഉണ്ടാകും ..മനസ്സറിഞ്ഞു ഒരു നാവേറ് പാടൂ ..കുട്ട്യോള്‍ക്കും തറവാടിനും വേണ്ടി

ശ്രീ മഹാ ദേവൻ തന്ടെ
ശ്രീ പുള്ളോർക്കുടം തന്നിൽ
ഓമന ഉണ്ണീടെ ….നാവോറു പാടുന്നു ..
ഓമന ഉണ്ണീടെ
….നാവോറു പാടുന്നു
അമ്മക്ക് കണ്ണാണ് ;അച്ഛന് മുത്താണ് ..
മുത്തശ്ശി അമ്മക്കോ ..കണ്ണിനു കണ്ണാണ്

സിറ്റ് ഔടിനിന്റെ തിണ്ണയില്‍ അമ്മാളു കാലു നീട്ടി ഇരുന്നു .കുടത്തിന്റെ സ്ഥാനം ശരിയാക്കി .അമ്മാളു പാടിത്തുടങ്ങിയപ്പോള്‍ കൂടെ വന്ന പെണ്‍കുട്ടി വീണയില്‍ ഒപ്പം മീട്ടുന്നത് കുട്ടികള്‍ കൌതുകത്തോടെ നോക്കി നിന്നു..

അമ്മാളു പാടിത്തുടങ്ങിയപ്പോള്‍ എവിടെ നിന്നോ കടലിന്റെ ഇരമ്പൽ, കാറ്റിന്റെ ചൂളം വിളി വഴിമാറി ഒഴുകുന്ന നദിയുടെ പതംപറച്ചില്‍ .വീണയിലപ്പോള്‍ കൂടി നില്‍ക്കുന്ന കാട്ടുമരങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന മർമ്മരം പോലെ.ചിലപ്പോള്‍ അത്  കിളികളുടെ കൊഞ്ചലും കൂവലുമൊക്കെയായി കൌസ്തുഭം വീടിന്റെ ഉമ്മറത്തെ താളം കൊള്ളിച്ചു
 

ഇടയ്ക്കു വന്ന ഒരു കോട്ടുവായെ പാട്ടിനുള്ളിലൂടെ തിടുക്കത്തില്‍ ഊതിക്കളഞ്ഞു അമ്മാളു ടീച്ചര്‍ക്ക് നേരെ തിരിഞ്ഞു .

കുട്ട്യോള്‍ക്ക് നല്ല നാവെറുണ്ട് തമ്പ്രാട്ട്യെ .

അമ്മാളു നല്ലോണം വിചാരിച്ചു പാടൂ ..ഇനി എന്നെങ്കിലും അല്ലെ ഈ വഴിക്ക് വരവുണ്ടാകൂ

നാവേറ് പാട്ട് കഴിഞ്ഞു .ടീച്ചര്‍ കുട്ടികളുടെ കയ്യില്‍ രണ്ടു പത്ത് രൂപ നോട്ടുകള്‍ കൊടുത്തു അമ്മാളുവിനു കൊടുക്കാന്‍ പറഞ്ഞു .നോട്ടുകള്‍ വാങ്ങി രണ്ടു കണ്ണിലും തൊടുവിച്ചു അമ്മാളു ടീച്ചറുടെ നേരെ കണ്ണ് പായിച്ചു

ണ്ടെങ്കി രണ്ടു സാരീം, ഈ പെണ്ണിന് ഉടുക്കാന്‍ കുട്ട്യോള്‍ടെ പഴേത് എന്തെങ്കിലും ..

സാരിയൊന്നും ഇല്ല അമ്മാളൂ..ന്റെ ശമ്പളം ഒന്നും ഇത് വരെ ശരിയായിട്ടില്ല ...കുട്ടിക്ക് ഒരു പാവാട കൊണ്ടോയിക്കോളൂ ..ആതൂന്റെയാ

അതൊക്കെ അമ്മാളു മനസ്സറിഞ്ഞു പാടി തീര്‍ത്തിട്ടുണ്ട് തമ്പ്രാട്ട്യെ ..ഒക്കെ ഗുണം വരും

ആട്ടെ ഇവള്‍ എത്രേലാ പടിക്കണേ

എഴിലാ തമ്പ്രാട്ട്യെ .

ആഹാ..ഇവിടെത്തെ കുട്ടീം എഴിലാ... ഡീ ആതു ..ഇപ്പോളാ ഒരു കാര്യം ഓര്‍ത്തത് ..നിനക്ക് സബ്ജില്ലക്ക് പാടാന്‍ നാടന്‍പാട്ട് വേണ്ടേ ..പുള്ളുവന്‍ പാട്ട് പാട്യാ നിനക്ക് ഫസ്റ്റ് കിട്ടും.അമ്മാള്ന്റെടുത്ത് നിന്നും എഴുതി എടുത്തോ ..ടാബില് റിക്കോര്ഡ് ചെയ്യും ചെയ്തോ    നാടന്‍കലകളെ പറ്റി കുറിപ്പോ അഭിമുഖമൊ ഒക്കെ വേണം പറഞ്ഞില്ലേ ..എന്തൊക്കെയാച്ചാ അമ്മാളുനോട് ചോദിച്ചോ .

തമ്പ്രാട്ട്യെ നേരല്ല്യ ..വെയില് കനക്കും മുമ്പേ പത്ത് വീടൂടെ കയറണം ..ഈ കുട്ടിയെ വെയില് കൊള്ളിച്ചു കറപ്പിക്കാന്‍ വയ്യ .



നിക്ക് അമ്മാളു ..ഞാന്‍ ഒരു സാരി ണ്ടോന്നു നോക്കട്ടെ ..

കുടം ഒക്കത്ത് ഒതുക്കുകയായിരുന്ന അമ്മാളുവിനെ ടീച്ചര്‍ ഒരു സാരിയില്‍  കുരുക്കിയിട്ടു ..കൂടെ വന്ന കുട്ടി വീണ ശ്രദ്ധാപൂര്‍വ്വം തുനിസഞ്ചിക്കുള്ളിലാക്കുകയായിരുന്നു

 ഈ കുടം എങ്ങേന്യാ ഇങ്ങിനെ ഉണ്ടാക്കണേ ? ആതിര നോട്ട് ബുക്കും എടുത്തു അമ്മാളുവിനോട് ചോദ്യം എറിഞ്ഞു
ഇത് അത്ര വല്യ കാര്യം ഒന്നുല്ല കുട്ട്യേ ഒരു സാധാരണ മണ്‍കുടം. അയിന്റെ  അടിയില്‍ ആദ്യം വട്ടത്തില്‍  ഒരു വലിയ ഓട്ടണ്ടാക്കുന്നു. അയില്‍ ഉടുമ്പിന്റെയോ കാളക്കിടാവിന്റെയോ തോല്‍ ഒട്ടിക്കുന്നു. ഈ തോലിനെ  ചണംകയറുകൊണ്ട്‌ മുറുക്കി വലിച്ചുകെട്ടുന്നുണ്ട്‌. ഒപ്പം തോലിന്റെ മധ്യഭാഗത്ത്‌ രണ്ട്‌ ഓട്ടണ്ടാക്കി അതുവഴി പനങ്കണ്ണിച്ചരട് കോര്‍ക്കും .ചരടിന്റെ തല നീളമുള്ള ഒരു വടിയുടെ ഒരറ്റത്ത്‌ കെട്ടിയുറപ്പിക്കുന്നു. ചരട്‌ കാല്‍ച്ചുവട്ടില്‍ വച്ച്‌ പനങ്കണ്ണിച്ചരട്  വലിച്ചപിടിച്ച്‌ തേറ്‌ എന്നുപറയുന്ന ചെറിയ മുട്ടികള്‍ കൊണ്ട്‌ ചരട്‌ ചലിപ്പിച്ചാണ്‌ മീട്ടുന്നത്‌. സാധാരണഗതിയില്‍ കുടം മീട്ടുന്നത്‌ മ്മള്‍ പെണ്ണുംങ്ങളാ..ആണുങ്ങള് വീണേ മീട്ട്വാ....

പറച്ചിലിനിടയില്‍ വെറ്റിലയില്‍ നൂറു തേച്ച് മുറുക്കി തുപ്പി അമ്മാളു അകത്തേക്ക് വിളിച്ചു ചോദിച്ചു

തമ്പ്രാട്ട്യെ ഉണ്ടെങ്കില്‍ സാരി രണ്ടെണ്ണം ആയിക്കോട്ടെ

ഈ വീണ എങ്ങിനെയാ ഉണ്ടാക്ക്വാ ? ആതിര വിടാന്‍ ഭാവമില്ല

പൊള്ളയായ മുളങ്കമ്പും ചിരട്ടയും ചരടും കൊണ്ടായിരുന്നു  വീണണ്ടാക്കിയിരുന്നത്‌.. ചിരട്ടന്റെ വായ ഉടുമ്പിന്‍തോലുകൊണ്ട്‌ മുറുക്കിക്കെട്ടിയിരിക്കും. പിച്ചളക്കമ്പിയോ നാഗചിറ്റമൃതുവള്ളിയുടെ നാര്‌ പിരിച്ചെടുത്ത ചരടോ ഉപയോഗിച്ചാണ്‌ വീണക്കമ്പി. മുളയോ കവുങ്ങോ ചെത്തിയൊരുക്കിയ ചെറിയ തണ്ടാണ്‌ വീണമീട്ടാന്‍.പ്പോക്കെ പലതും മാറീട്ടോ

കൂടെ വന്ന കുട്ടി ആതിര എഴുതി എടുക്കുന്നതും നോക്കി അടുത്ത് പതറി നിന്നു

ഈ പെണ്ണും കഴിഞ്ഞ ആഴ്ച ഇങ്ങിനെ എന്തൊക്കെയോ ന്നോട് ചോയിചീരുന്നു ..ല്ലേ ഡീ ? അമ്മാളു കുട്ടിയുടെ നേരെ ഒന്ന് നോക്കി ..
കുട്ടി ഉണ്ടെന്ന ഭാവത്തില്‍ തലയാട്ടി ..

അപ്പോളേക്കും ടീച്ചര്‍ ഉള്ളില്‍ നിന്നും നരച്ച രണ്ടു സാരിയുമായി വന്നു ..


അമ്മാളൂ ഇതൊന്നും അധികം പഴെതല്ല ട്ടോ ..ആകെ രണ്ടോ മൂന്നോ പ്രാവശ്യെ ഉടുത്തിട്ടുള്ളൂ..നിനക്കാവ്വോണ്ട് തരാന്ന് മാത്രം .

തമ്പ്രാട്ട്യെ നാഗങ്ങള് കാത്തോളും ,,ന്നാ അമ്മാളു പോട്ടെ ..

പാട്ട് പറഞ്ഞു കൊടുത്തോ നീ ആതൂന്...അവള്‍ക്കെ സബ് ജില്ലക്ക് പാടാന്‍ ഉള്ളതാ

അയിനെന്താ കുട്ടി എഴുതി എടുത്തോ
.സാരികള്‍ രണ്ടും മടക്കി സഞ്ചിക്കുള്ളിലേക്ക് ഒതുക്കുന്നതിനിടെ അമ്മാളു പാട്ട് തുടങ്ങി ..

നാഗത്തറയിലെ നാഗത്താന്മാരുടെ മുന്നില്‍
കുടംക്കൊട്ടിയിന്നു ഞങ്ങള്‍ പാടുന്നേന്‍
ഗൃഹദോഷം മാറുവാന്‍ ശനിദോഷം തീരുവാന്‍
നാഗദൈവങ്ങളെ തുണയേകണെ.


അമ്മാളുവിനെ കയ്യോടെ ടാബിലാക്കി ആതിര എഴുനേറ്റു ...

കുട്ട്യേ എടുത്തു ന്റെ ഫോട്ടം പിടിച്ചത് ഒന്ന് കാണട്ടെ ..

ടീച്ചര്‍ ടാബ് വാങ്ങി അമ്മാളു പാടുന്ന വീഡിയോ കാണിച്ചു കൊടുക്കുമ്പോ കുട്ടികള്‍ ചുറ്റും വട്ടം കൂടി ..പടിയിറങ്ങുമ്പോള്‍ കൂടെ വന്ന കുട്ടി കൌസ്തുഭത്തിലെ കുട്ടികളെ പിന്നെയും പിന്നെയും തിരിഞ്ഞു നോക്കി ..

അന്ന് മുതല്‍ ആതിര കേട്ട് പഠിക്കാന്‍ തുടങ്ങിയതാണ്‌ പുള്ളുവന്‍പാട്ട്..

സ്റെജില്‍ കയറുന്നതിനു മുമ്പ് ഒന്നൂടെ പാടി നോക്കാം നമുക്ക് ,മകളുടെ കൈ പിടിച്ചു വേദിക്കരികില്‍ നില്‍ക്കുമ്പോള്‍ ടീച്ചര്‍ ആതിരയെ ഓര്‍മിപ്പിച്ചു ..

മത്സരത്തിനുള്ള കുട്ടികള്‍ ഓരോരുത്തരായി വേദിക്ക് പിറകിലേക്ക് എത്താന്‍ തുടങ്ങി ..ഇപ്പൊ ലോട്ട് കൊടുക്കും

അമ്മെ അമ്മെ ..നോക്ക് ദാ ഇന്നാളു നമ്മടെ വീട്ടില്‍ വന്ന കുട്ടി ..നോക്കമ്മേ എന്റെ പഴേ പാവാടയാ ആ കുട്ടി ഇട്ടിരിക്കണേ

ആഹാ അവളും പാടുന്നുണ്ടോ ? മറ്റേ സ്കൂളില്‍ നിന്നാകും..ഈശ്വരാ ഇനി ഇതേ പട്ടാകുമോ അമ്മാളു അവള്‍ക്കും കൊടുത്തത് ? ടീച്ചര്‍ തെല്ലുറക്കെ തന്നെ ആത്മഗതം നടത്തി ..


അങ്ങിനെ വര്വോ അമ്മെ ? എനിക്ക് ഫസ്റ്റ് കിട്ടില്ലേ അപ്പൊ ? ആതിരയുടെ മനസ്സിലും ഒരു വേവലാതി ഇഴയാന്‍ തുടങ്ങി ..

നോക്കാം നമുക്ക് ..ടീച്ചര്‍ വേദിക്ക് പിറകിലേക്ക് ദ്രുതതാളത്തില്‍ നടന്നു .

അഞ്ചാറു കുട്ടികളെ ഉള്ളൂ .
.കുട്ടീ ..നീ അമ്മാളുന്റെ അവിടുത്തെ അല്ലെ ? നോക്ക് നിനക്കെന്നെ ഓര്‍മയുണ്ടോ ? നീ ഈ ഇട്ടിരിക്കണ പാവാട ദാ ഇവള്‍ക്ക് അവള്ടച്ചന്‍ പിറന്നാളിന് എടുത്തു കൊടുത്തതാ ട്ടോ ..ആട്ടെ നിന്റെ പേരെന്താ ..


മീനാക്ഷി ..


നീ ജിയുപി ന്ന് അല്ലെ ?ഒപ്പം ടീച്ചര്‍ ഇല്ലേ ?

ടീച്ചര്‍ എന്നെ ഇവിടാക്കി പോയി ..വേറെ സ്റെജിലും പോയി വരാം പറഞ്ഞു

മീനാക്ഷി എന്ത് പാട്ടാ പാടുന്നത് ..? നിങ്ങള്‍ടെ പാട്ടെന്നെ ആണോ ? വെറുതെ ചോദിച്ചതാ ട്ടോ..ആതു അന്ന് അമ്മാളു പാടിയ പാട്ടാ പാടുന്നത് ..അവള്‍ടെ പാട്ട്മാഷ്‌ അതൊന്നു ചിട്ടപ്പെടുത്തി ..

മീനാക്ഷിയുടെ കണ്ണില്‍ ഭാവഭേദം ഒന്നും കാണുന്നില്ല കണ്ടപ്പോള്‍ ടീച്ചര്‍ പിന്നെയും ചോദിച്ചു

ആ പാട്ടെന്നെ ആണോ കുട്ടീം ?

അവള്‍ അതെ എന്ന് തലയാട്ടി ..ആതിര അമ്മയുടെ സാരിയില്‍ പിടിച്ചു വലിക്കാന്‍ തുടങ്ങി
പാരയായീലോ അമ്മെ ..ഇനി ഇപ്പൊ എന്താ ചെയ്യാ

അതൊന്നും നീ കാര്യാക്കണ്ട ..നീ നന്നായി പാടിയാല്‍ മതി ..ആ അമ്മാളു ഈ ചതി ചെയ്യും എന്ന് കരുതീല ..രണ്ടു സാരിയാ കൊണ്ട് പോയത് എന്നിട്ടും ..നന്ദി ഇല്ലാത്ത വര്‍ഗം .. ടീച്ചറുടെ കണ്ണില്‍ ഏതൊക്കെയോ നാഗങ്ങള്‍ ഫണം വിടര്‍ത്തി

 
മത്സരം ആരംഭിക്കുകയായെന്നു മൈക്കില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു ..കുട്ടികള്‍ക്കൊക്കെ ലോട്ടുകൊടുത്തു ..ആതിരക്കു മൂന്നാം ഊഴം ..മീനാക്ഷിക്ക് രണ്ടാമത്...

മത്സരം ആരംഭിച്ചു .ഒന്നാമത്തെ കുട്ടി പാടി കഴിഞ്ഞു തിരശീല വീണു ..


അടുത്തതായി വേദിയില്‍  കോഡ് നമ്പര്‍ രണ്ട്

മീനാക്ഷി മൈക്കിന്റെ അടുത്തേക്ക്..ഇഴഞ്ഞു


കുട്ടീ മൈക്ക് ശരിയാക്കണോ ? വേദിയില്‍ ഇരുന്ന ഒരാള്‍ ചോദിച്ചു .

അവള്‍ വേണ്ട എന്ന് തലയാട്ടി ..തിരശീല ഉയര്‍ന്നു

അവള്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല .കാരണവന്മാരെ  ഓര്‍ത്തപ്പോള്‍ .മാവില്‍ തൂങ്ങി നിന്ന അച്ചന്റെ മുഖം മനസ്സില്‍ വന്നപ്പോള്‍ എന്നും നാവിലുള്ള വരികള്‍ തന്നെ വിട്ടു പോകുന്നുവോ എന്നവള്‍ക്ക് തോന്നാതിരുന്നില്ല .

മീനാക്ഷിയുടെ പാട്ട് കഴിഞ്ഞു ..ഒറ്റപ്പെട്ട ചില കൈയ്യടികള്‍ സദസ്സില്‍ നിന്നും ഉയര്‍ന്നു ..വിധി കര്‍ത്താക്കള്‍ തങ്ങളുടെ മുമ്പിലുള്ള കടലാസില്‍ എന്തൊക്കെയോ കുരിറിക്കുന്നുണ്ടായിരുന്നു .ഒരാള്‍ മറ്റേ ആളോട് എന്തോ തമാശ പറഞ്ഞത് അവര്‍ മൂന്നുപേര്‍ക്കിടയില്‍ ചെറിയ ഒരു ചിരിയും ഉണ്ടാക്കി .

ആതിരയുടെ പാട്ടു നടക്കുമ്പോള്‍ സൌമ്യ ടീച്ചര്‍ വിധി കര്‍ത്താക്കള്‍ക്കു പിറകിലുള്ള കസേരയില്‍ ഇരിപ്പിടം കണ്ടെത്തി .പാട്ടിന്റെ ഓരോ വരിയും ഒപ്പം മൂളി. മൊബൈലില്‍ വീഡിയോ പകര്‍ത്തി . ടീച്ചറുടെ കണ്ണുകളില്‍ കാളിയന്‍ കുടികൊണ്ടു അപ്പോളോ ക്കെയും

പാട്ട് കഴിഞ്ഞപ്പോള്‍ കയ്യടിയുടെ പ്രളയം ..ടീച്ചര്‍ പതുക്കെ ഒന്ന് തിരിഞ്ഞു നോക്കി ..പെണ്ണ് കലക്കി എന്ന് മനസ്സില്‍ പറഞ്ഞു .വേദിയുടെ പിറകിലേക്ക് ഓടി.

ഡീ ആതു നീ നന്നായി ചെയ്തു ട്ടോ..കേട്ടില്ലേ ആളുകള്‍ കയ്യടിച്ചത് ..അമ്മാളൂനെ ഇതൊന്നു കേള്‍പ്പിക്കണം ..നിത്യോം പാടണതാ പറഞ്ഞിട്ടെന്താ ആ കുട്ടി പാടീത് കേട്ടില്ലേ ..നിന്റെ നാലയലത്ത് വരുമോ ? ടീച്ചര്‍ ഇണ പാമ്പുപോലെ മകളെ ചുറ്റി വരിഞ്ഞു

അമ്മെ നമുക്ക് റിസള്‍ട്ട്‌ അറിഞ്ഞിട്ടു പോകാം
..ആതിരയുടെ വാക്കുകളില്‍ ഒരു ഇളയ നാഗം ആകാംക്ഷയായി 

മത്സരം അവസാനിച്ചു ..വിധികര്‍ത്താക്കള്‍ കണക്കു കൂട്ടലില്‍ തന്നെ .മീനാക്ഷി സദസ്സിനു പിന്നിലെ പാലമരത്തിന്റെ ചുവട്ടില്‍ ടീച്ചറെയും കാത്തു നില്ക്കുകയായിരുന്നു .ആതിരയും ടീച്ചറും മുമ്പില്‍ തന്നെ .അവരുടെ ഹൃദയങ്ങള്‍ ഒരു പുള്ളുവക്കുടം പോലെ കലമ്പി .

ഇവിടെ ആറു മത്സരാര്‍ഥികളാണ് ഉണ്ടായിരുന്നത് ..നിര്‍ഭാഗ്യവശാല്‍ ഒരു കുട്ടിക്ക് ബി ഗ്രേഡ് ആണ് ലഭിച്ചിരിക്കുന്നത് .പുള്ളുവന്‍ പാട്ട് ആലപിച്ച ഈ കുട്ടി പാടിയപ്പോള്‍ ഒക്കെ ശ്രുതി പോയിരുന്നു ..പിന്നെ ആവശ്യമില്ലാതെ ചിലയിടങ്ങളില്‍ നീട്ടിപ്പാടി ..അക്ഷരശുദ്ധിയും കുറവായിരുന്നു ..നാഗം എന്ന വാക്ക്  അല്പം നീട്ടിയാണ് ഉച്ചരിച്ചത്..പല വരികളും സ്പഷ്ടമായില്ല

ടീച്ചറുടെയും ആതിരയുടെയും ഹൃദയങ്ങള്‍ ഒരു നാഗക്കളം ആയി മാറി ..തങ്ങള്‍ തന്നെ ഇരുന്നു ഏതോ ഒരു നാഗക്കളം മായ്ക്കുകയാണോ എന്നവര്‍ക്ക് തോന്നാന്‍ തുടങ്ങി ..

ബി ഗ്രേഡ് ലഭിച്ചത് കോഡ് നമ്പര്‍ രണ്ട്.
തന്റെ നമ്പര്‍ രണ്ടാണല്ലോ എന്ന് മീനാക്ഷി ഓര്‍ത്തു ..ബി ഗ്രേഡ് കിട്ടിയല്ലോ ..ടീച്ചര്‍ പറഞ്ഞുകൂട്ടിയതല്ലേ  തന്നെ ..ടീച്ചര്‍ വന്നാല്‍ പോകാമായിരുന്നു .എന്നവള്‍ മനസ്സില്‍ ഓര്‍ത്തു .

എ ഗ്രേഡ് കിട്ടിയ നമ്പരുകള്‍ പറഞ്ഞ ശേഷം മൂന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പറഞ്ഞു. വിധി കര്‍ത്താവ് ഒന്ന് നിര്‍ത്തി ..ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത് കോഡ് നമ്പര്‍ മൂന്നിനാണ് ..പുള്ളുവന്‍പാട്ടിനെ തനിമയോടെ ശ്രുതി മധുരമായി ചൊല്ലുകയും ഭാവം ഉള്‍ക്കൊണ്ട് പാടുകയും ചെയ്തു ..നല്ല ശാരീരം ഉണ്ടായിരുന്നു നല്ല അക്ഷരശുദ്ധിയും ഈ കുട്ടിയുടെ പ്രകടനത്തെ ഒന്നാമാതാക്കി .സംഗതികള്‍ എല്ലാം നന്നായി ഇണങ്ങി ..
 വിധികര്‍ത്താവിനു വാക്കുകള്‍ കിട്ടാതായി

അത് കൊണ്ട് ജില്ലാ തലത്തിലേക്ക് മത്സരിക്കുവാന്‍ ഉള്ള യോഗ്യത കോഡ് നമ്പര്‍ മൂന്നു നേടിയിരിക്കുകയാണ്

ഞാന്‍ അപ്പോളെ പറഞ്ഞിലെ ആതു നിനക്കാകും ഒന്നാം സ്ഥാനം എന്ന് ..എന്തൊക്കെയാ ജഡ്ജസ് പറഞ്ഞത് .എനിക്ക് കോരിത്തരിച്ചു ന്റെ ആതു .
പാട്ടുമാഷ്ക്ക് എത്രയാ അമ്മ കൊടുത്തത് എന്നറിയോ നിനക്ക് ..രണ്ടായിരം രൂപ ..ന്നാലും നഷ്ടായില്ല ഫസ്ടായില്ലേ ..ഫസ്റ്റ് കിട്ടും എന്ന് മാഷും ഉറപ്പ് തന്നിരുന്നു ..മാഷ്ക്ക് ചെലവ് വേണം എന്നും പറഞ്ഞിട്ടുണ്ട് .

ടീച്ചര്‍ അനന്തനായി ആതിരക്കുമുകളില്‍ തണല്‍ വിരിച്ചു ...

എന്നാ നമുക്ക് പോകുകയല്ലേ ..വാ ടീച്ചര്‍ മകളുടെ കൈ പിടിച്ചു നടക്കാന്‍ തുടങ്ങി ..
പാട്ടുമാഷേ ഒന്ന് വിളിച്ചു പറയണം ..ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിക്കണം ..സ്കൂളില്‍ അറിയിക്കണം ..ഈ മൈക്കിന്റെ അടുത്തു നിന്ന് ഒന്ന് മാറണം ..
 
അമ്മെ ദാ മീനാക്ഷി നില്‍ക്കുന്നു ..ആതിര അമ്മയെ പിടിച്ചു നിര്‍ത്തി

ആ കുട്ടീ നീ ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നോ ? കേട്ടില്ലേ ആതിരക്കാ ഒന്നാം സ്ഥാനം ..നിനക്ക് ബി ഗ്രേഡ് ആയി അല്ലെ ? സങ്കടപെടേണ്ട ട്ടോ ..അടുത്ത പ്രാവശ്യം നന്നായി പാടൂ ട്ടോ ..അവര്‍ കുറെ കാര്യങ്ങള്‍ വച്ചാണ് മാര്‍ക്കിടുന്നത് ..പാട്ടിനോക്കെ കിട്ടണം എങ്കില്‍ പാട്ട് മാഷന്മാരുടെ അടുത്ത് പഠിക്കണം ..
            
അല്ല കുട്ടീ അമ്മാളുനെ ഇനി അടുത്തൊന്നും കാണല്‍ ഉണ്ടാകില്ല ..ടീച്ചര്‍ പഴ്സ് തുറന്നു ഇരുപതു രൂപയുടെ ഒരു നോട്ടെടുത്ത് മീനാക്ഷിയുടെ കയ്യില്‍ തിരുകി വച്ചു
ഇത് കളയാതെ അമ്മാളുനു കൊടുക്കണം ട്ടോ..തള്ളക്ക് മുറുക്കാന്‍ വാങ്ങിചോട്ടെ ..എത്ര എന്തായാലും അമ്മാളു അല്ലെ ഈ പാട്ട് പറഞ്ഞു തന്നത് ..പിന്നെ ഇവള്‍ക്ക് ഒന്നാം സ്ഥാനം കിട്ടി എന്ന് പ്രത്യേകം പറയണം ട്ടോ..അമ്മാളുന്റെ നാവേറ് പാട്ട് ഫലിച്ചിട്ടുണ്ട് ..

മീനാക്ഷിയുടെ കയ്യിലിരുന്നു ചുരുണ്ട നോട്ട് പതുക്കെ തല ഉയര്‍ത്തി തുടങ്ങുന്നുണ്ടായിരുന്നു .

പിന്നെ അടുത്ത തവണ വരുമ്പോ നീയും ഒപ്പം കൂടിക്കോ ട്ടോ ..ഇവള്‍ടെ ഡ്രെസ്സൊക്കെ അപ്പോളേക്കും പഴയതാകും ..

മീനാക്ഷിയുടെ ഇരുകണ്ണിലും മാണിക്യതുള്ളികള്‍ രൂപപ്പെടുകയും അത് അവളുടെ ഇരുണ്ട കവിളിലൂടെ രണ്ടു നാഗങ്ങള്‍ ആയി ഇഴയുകയും അവയെ അവള്‍ കൈത്തലം കൊണ്ട് തോണ്ടി മാറ്റി ഒരു ഫണം പോലെ നരച്ച പട്ടുപാവാടയില്‍ തുടക്കുകയും ചെയ്തു .

ജസ്റ്റ് ബ്രൌസ് എ ചിക്




ജസ്റ്റ് ബ്രൌസ് എ ചിക്
=======================

അത്രയ്ക്ക് നഗരമൊന്നുമായിട്ടില്ല .എന്നാലും നരച്ച തലമുടി ചായമടിച്ചു കറുപ്പിച്ചു പ്രഭാത സവാരിക്കിറങ്ങുന്ന പരിഷ്കാരിയുടെ എല്ലാ രൂപഭാവങ്ങളും ഉള്ള കെട്ടിടങ്ങള്‍.അവക്കിടയിലാണ് ലവ് ബേര്ഡ്സ് ചിക്കന്‍ സ്ടാല്‍.
ഒരു മാതിരിപ്പെട്ട കോഴിക്കടകള്ക്കൊക്കെ ഇറച്ചിക്കോഴികള്‍ വില്ക്കപ്പെടും എന്ന ബോര്‍ഡ് ഉണ്ടാകുമെങ്കിലും തന്റെ കടക്കു വ്യത്യസ്തമായ എന്തെങ്കിലും വേണമെന്ന് സാലിം അലിക്ക് നിര്ബന്ധമുണ്ടായിരുന്നത് കൊണ്ടാണ് ലവ് ബേര്ഡ്സ് എന്ന് പേരിട്ടത് .
ജസ്റ്റ് ബ്രൌസ് എ ചിക്
എന്ന പരസ്യവാചകവും അങ്ങിനെ പിറന്നതാണ് .ലവ് ബേര്ഡ്സ് എന്ന പേരില്‍ ഫേസ്‌ബുക്കിലും വാട്സപ്പിലും പേജുകള്‍ തുടങ്ങാനും അവന്‍ മറന്നില്ല .അതിലൂടെ ഇടപാടുകാര്ക്ക് വീട്ടിലിരുന്നു ഓര്ഡര്‍ ചെയ്യാനും ആവശ്യമെങ്കില്‍ ഡോര്‍ ഡെലിവറി ചെയ്തു കൊടുക്കാനും സൗകര്യം ഒരുക്കിയിരുന്നു .കടയില്‍ വന്നു ഇറച്ചിക്കായി കാത്തു നില്ക്കു ന്നവര്ക്ക് സൌജന്യ വൈ ഫി സംവിധാനവും ലോവ് ബെര്ഡ്സി ല്‍ ഉണ്ട് .അവന്റെ ഫോണ്‍ എപ്പോളും ഓണ്‍ലൈന്‍ ആയിരിക്കുകയും ചെയ്യും .
നഗരത്തിലെ ഒരു കടയില്‍ നിന്ന് കൊണ്ടാണ് അവന്‍ പണി പഠിച്ചത് .ആദ്യം വെറും കയ്യാള്‍.പിന്നെ കോഴിക്കച്ചവടത്തിന്റെ ബാലപാഠങ്ങള്‍ ഓരോന്നായി ചിക്കിചിനക്കി . നഗരത്തിലെ കടയിലെ ജോലി നിര്ത്തി് സ്വന്തമായി ഒരു കടയെന്ന മോഹം കൂവി വിളിക്കാന്‍ തുടങ്ങിയതും അധികം കോഴിക്കടകള്‍ മുളച്ചു പൊന്താത്ത ഇവിടം തിരഞ്ഞെടുത്ത് ഒരു കട തട്ടിക്കൂട്ടിയതും അങ്ങിനെയാണ്.സഹായികള്‍ ആരുമില്ലാതെ ഒറ്റയ്ക്ക് തന്നെയാണ് സാലിം അലി എല്ലാം ചെയ്തിരുന്നത് .
രാവിലെ കട തുറന്നു ഇതുവരെയായി ആരും എത്താത്തതിനാല്‍ അവന്‍ വാട്സ് അപ്പില്‍ ഇരുന്നു. .കടയില്‍ ഒരാള്‍ വന്നാല്‍ അവരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചു വച്ച് ഗ്രൂപ്പില്‍ ചേര്ക്കല്‍ സാലിമിന്റെ ഒരു രീതിയായിരുന്നു .അങ്ങിനെ കിട്ടിയതാണ് മാധുരിയുമായുള്ള ബന്ധവും . ഒരു ദിവസം കോഴി വാങ്ങാന്‍ വന്നതാണ് മാധുരി .ലവ് ബേര്ഡ്സ് എന്ന പേരും ജസ്റ്റ് ബ്രൌസ് എ ചിക് എന്ന നീക്കുപോക്കും മാധുരിക്കു നന്നായി പിടിച്ചു .ഇത് വരെ പലയിടങ്ങളില്‍ നിന്നും കോഴി വാങ്ങിയിരുന്നെങ്കിലും ഇത്ര നെറ്റ് ഫ്രണ്ട്ലി ആയ ഒരു കട ആദ്യം കാണുകയായിരുന്നത് കൊണ്ടും സാലിം ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ സ്ത്രീ സഹജമായ സംശയം ഇല്ലാതെ തന്നെ അവര്‍ നല്കുകയും ചെയ്തു . അനായാസമായി കലാപരതയോടെ കോഴിയെ ഡ്രസ്സ്‌ ചെയ്യുന്ന സാലീമിനോട് അവള്ക്കൊരു ആരാധനയുടെ തൂവല്‍ മുളക്കുകയും ചെയ്തു .അന്ന് തുടങ്ങിയതാണ്‌ സാലിമുമായി ഉള്ള ചാറ്റ് സൗഹൃദം .മാധുരിക്കു ഒരു പിടക്കോഴിയുടെ എല്ലാ ചന്തവും സാലിമിനും തോന്നിയിരുന്നു .രാവിലെ വാട്സ് അപ്പ് തുറന്നാല്‍ അവനെ ഉണര്ത്തിയിട്ടുണ്ടാകുക മാധുരിയുടെ

ഗുഡ് മോര്ണിം ഗ്

കൂവലായിരുന്നു .ഒരു ഒത്ത പൂവന്റെ ചിറകടിയോടെ അവന്‍ തിരിച്ചും കൂവും .

സ്വീറ്റ് മോര്‍ണിംഗ്

പിന്നെ അതങ്ങിനെ നീളും ..പാതിരാവില്‍

ഗുഡ് നൈറ്റ്‌

പറഞ്ഞു പിരിയും വരെ .ചിലപ്പോള്‍ പുലര്ച്ചെ വരെ നീളുന്ന ചാറ്റ് .അവള്ക്കും ഇഷ്ടം പോലെ സമയം.രാവിലെ കുട്ടികള്‍ സ്കൂളില്‍ പോയാല്‍ മുതല്‍ തനിച്ചിരിക്കുന്നതിന്റെ മടുപ്പ് പോകും .പിന്നെ വിദേശത്ത് ഉള്ള ഭര്ത്താവ് വല്ലപ്പോളും ലൈനില്‍ വന്നാലായി .അതാകട്ടെ ഔപചാരികമായ കുട്ടികള്‍ സ്കൂളില്‍ പോയോ ? ചിട്ടിയുടെ തവണ അടച്ചോ ?ലീവ് കിട്ടിയിട്ടില്ല ,തുടങ്ങിയ നാലോ അഞ്ചോ വാചകങ്ങളില്‍ ഒതുങ്ങി പോകുകയും ചെയ്യും .അത് കൊണ്ട് തന്നെ സാലിമിന്റെ ദീര്‍ഘ നേരമുള്ളചാറ്റ് അവള്ക്കും ഒരു ഹരമായി .ഇടയ്ക്കു ചില ഒഴിഞ്ഞ ദിവസങ്ങളില്‍ വാട്സ് അപ്പുവഴി അവള്‍ കോഴി ഓര്‍ഡര്‍ ചെയ്യും.അപ്പോള്‍ സാലിം കൃത്യമായി ഡോര്‍ ഡെലിവറി നടത്തുകയും ചെയ്യാറുണ്ട് .അങ്ങിനെ മാധുരിയുടെ വീടിന്റെ സകല അഴികളും വലകളും സാലിമിനും കൃത്യമാണ് .കോഴി ഇടപാട് കൂടാതെ ഇടയ്ക്കു ഫോണ്‍ ബാലന്സ് തീരുമ്പോള്‍ റീ ചാര്ജ് ചെയ്യാനും സാലിമിനെ ആശ്രയിക്കാറുണ്ട്.ഒരു മടിയും കൂടാതെ കണക്കുപോലും പറയാതെ സാലിം അത് ചെയ്യുകയും ചെയ്യും .മാധുരി പറഞ്ഞു വേറെ ചില വലിയ ഓര്ഡുറുകളും സാലിമിന് കിട്ടിയിട്ടുമുണ്ട് . മാധുരി അയച്ച ഒരു ദ്വയാര്ത്ഥ തമാശക്ക് ഉരുളക്ക് ഉപ്പേരി ടൈപ്പ് ചെയ്യുന്നതിനിടെയാണ് ഒരു പാര്ടി വന്നു വീണത് .
അവര്ക്കാവശ്യം മൂപ്പില്ലാത്തതാണ് .കോഴിക്കടയില്‍ അളവും തൂക്കവും മൂപ്പും കണ്ണ് കൊണ്ട് അറിയണം .കൂട്ടില്‍ കിതചിരിക്കുന്നവയില്‍ നിന്നും ഒറ്റ നോട്ടത്തില്‍ കണ്ടെത്തണം .കൂടിന്റെ ചെറിയ വിടവിലൂടെ അകത്തേക്ക് കയ്യിടുമ്പോള്‍ ഒരു പരക്കം പാച്ചിലാകും.പണി തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ അത് കാണുമ്പോള്‍ വലിയ ചങ്കിടിപ്പായിയുന്നു .ഒന്നിന്റെ കാലില്‍ പിടിച്ചു പുറത്തേക്ക് എടുത്തപ്പോളെക്കും മാധുരിയുടെ ചാറ്റ് പിന്നെയും .
എവിടെ ഡാ..?
എന്താടാ മിണ്ടാത്തെ ?
എന്തോ വീഡിയോ ഫയല്‍ ആണ് ..അത് ഡൌണ്‍ ലോഡ്കൊടുത്തു ,കോഴിയുടെ ചിറകുകള്‍ പിണച്ചു ത്രാസിന്റെ പലകയിലേക്ക് ഇട്ടു.പാര്ടി്യുടെ ആവശ്യം പത്ത് കിലോയാണ് .പത്ത് കിലോ ഇറച്ചിയായി കിട്ടണമെങ്കില്‍ ചുരുങ്ങിയത് ആറെണ്ണം വേണം ..പിന്നെയും കൂട്ടിലേക്ക് കൈ നീണ്ടു .പഴയ കലമ്പലുകള്‍ പിന്നെയും .എല്ലാറ്റിനെയും തൂക്കി .കോഴിയെ തൂക്കുമ്പോള്‍ ഒട്ടും കുറവ് വരരുത് ..ഇത്തിരി കൂടിയാലും കുഴപ്പമില്ല .അല്ലെങ്കില്‍ തടിക്കു തട്ടും .ഇനി അറവുപലകയിലേക്ക്.ഇപ്പൊ എല്ലാറ്റിന്റെയും കിതപ്പ് ഒതുങ്ങിയിരിക്കുന്നു .മൊബൈലിന്റെ സൈഡ് സ്വിച്ചില്‍ അമര്ത്തി ഇടതു കൈ കൊണ്ട് ലോക്ക് തുറന്നു .മാധുരി പോയിട്ടില്ല ..എങ്ങേനെയുണ്ട് വീഡിയോ ?
കുറെ കാലമായി ചോദിക്കുന്നതല്ലേ .
.ഇന്നാ അയക്കാന്‍ ധൈര്യം വന്നത്
പല വരികളിലായി ചാറ്റ് ഒരു പടി കിടക്കുന്നു ...എന്താകാം മാധുരി അയച്ചത് ..തലേന്നത്തെ രാത്രി ചാറ്റില്‍ ചോദിച്ച മാധുരിയുടെ തന്നെ വീഡിയോ ആകുമോ ...അവന്റെ മനസ്സില്‍ ആകെ ഇളക്കമായി ...പണി പെട്ടെന്ന് തീര്ക്ക്ണം ..പാര്ടി കാത്തു നില്ക്കു കയാണ് ..പണിക്ക് നില്ക്കു മ്പോള്‍ ധരിക്കാന്‍ ഉള്ള കട്ടികൂടിയ തുണി ചുമലിലേക്ക് എടുത്തു കെട്ടി .ചോര തട്ടി തട്ടി നിറം കനത്ത അത് മാറ്റാരായിരിക്കുന്നു കോഴിയെ അറവുമുട്ടിയിലേക്ക് എടുത്തു വച്ചു .ഇടത്തെകൈ കൊണ്ട് കഴുത്തില്‍ തെല്ലൊന്നു അമര്ത്തി യപ്പോള്‍ കൊക്ക് തെല്ലൊന്നു പിളരും . വലതു കൈ കൊണ്ട് അപ്പുറത്തെ തൊട്ടിയില്‍ നിന്നും ഇത്തിരി വെള്ളം എടുത്തു കൊക്കില്‍ ഒഴിച്ചു .അതൊരു കീഴ്വഴക്കമാണ് ..കൊല്ലുന്നതിനു മുമ്പ് വെള്ളം കൊടുത്തിരിക്കണം .മിക്കവാറും കൊടുക്കുന്നത് തൊട്ടു മുന്നേ അറുത്തത്തിന്റെ ചോര പുരണ്ട വെള്ളമായിരിക്കും .കൂടെപ്പിറപ്പിന്റെ രക്തം കലര്ന്ന വെള്ളം കൊണ്ടുള്ള അവസാന ദാഹം.ആദ്യകാലങ്ങളില്‍ ഇത് ചെയ്യുമ്പോള്‍ ആകെ ഒരു ചാഞ്ചാട്ടമായിരുന്നു മനസ്സില്‍ .ഇടതു കൈ കൊണ്ട് തല പിറകിലേക്ക് വലിച്ചു പിടിക്കണം .കത്തി കൊണ്ട് ഒറ്റ വലിക്കു കുരല്‍ പോകണം .ചോര ചിന്തും മുമ്പ് വീപ്പയിലേക്ക് എറിയണം .പിടച്ചിലിന് ഏതോ വന്യ നൃത്തത്തിന്റെ താളമുണ്ടാകും .പതുക്കെ പതുക്കെ പിടച്ചിലിന്റെ ഒച്ച നിലക്കും .വീഡിയോ ഡൌണ്‍ ലോഡ് മുഴുവനാകുന്നില്ല..ഫയലിന്റെ നടുക്ക് വെളുത്ത വട്ടം കറങ്ങിക്കൊണ്ടേ ഇരിക്കുകയാണ്

കണ്ടോ?
എങ്ങിനെ ഉണ്ട് ?
ഇഷ്ടമായോ .?
.മാധുരിയുടെ വാക്കുകള്‍ വന്നു ചാറ്റ് ബോക്സ് നിറഞ്ഞിരിക്കുന്നു .കയ്യില്‍ അപ്പടി ചോരയാണ് ..പാര്ടി ഇര കാത്തു നില്ക്കുകയും .നാശം പിടിച്ച സമയത്താണല്ലോ പണി വന്നത് എന്നത് മനസ്സിലോര്ത്തു സാലിം പാര്ടി്യെ ഒന്ന് പാളി നോക്കി.താന്‍ മൊബൈല്‍ നോക്കുന്നത് അയാള്‍ കാണുന്നുണ്ട് എന്ന് മനസ്സിലായപ്പോള്‍ അവന്‍ മൊബൈല്‍ തുണി കൂട്ടിപ്പിടിച്ചു ജനലിന്റെ കവരത്തിലേക്ക് വച്ചു . വീപ്പയിലെ ആറെണ്ണത്തിന്റെയും ചിറകില്‍ കൂട്ടിപ്പിടിച് മുട്ടിപ്പലക്ക് മുകളിലേക്ക് വച്ചു .കോഴിയെ ഡ്രസ്സ്‌ ചെയ്യുന്നത് ഒരു കലയാണ്‌ .ചുരുങ്ങിയ സമയത്തില്‍ കൃത്യതയോടെ ചെയ്യണം .തൂവല്‍ പെടാന്‍ പാടില്ല .അതിനു ചില പ്രത്യേക മുറിക്കലുകള്‍ ആണ്.ഒന്നോ രണ്ടോ കീറലെ വേണ്ടൂ ..തൊലിയും തൂവലും ഒറ്റയടിക്ക് പറിച്ച് എടുക്കാം .രണ്ടു കൈയും യന്ത്രം പോലെ പ്രവര്ത്തിക്കണം .ഒരു വലിക്കു തീറ്റപ്പണ്ടം പുറത്തെടുക്കണം . അതിനിടയില്‍ കയ്പ് കളയണം .

കറിക്കാണോ ?
പൊരിക്കാനാണോ ?

സാലിം പാര്ടിടയോട് ധൃതിയില്‍ ചോദിച്ചു . പകുതി കറിക്ക് പകുതി പൊരിക്കാന്‍ .. കറിക്കും പൊരിക്കും കട്ടിംഗ് വേറെയാണ് .വന്ന പാര്ടി പിന്നെയും വരണമെങ്കില്‍ എല്ലാം നോക്കണം ..മാധുരി ദേഷ്യപ്പെട്ടു പോയോ ആവോ ? വിളറിയ നിറത്തോടെ തികച്ചും നഗ്നമായ ആറെണ്ണം .കട്ടിങ്ങിനുള്ള വലിയ കത്തി അറ്റം തുണികൊണ്ട് ഒന്ന് തുടച്ചു സാലിം പണി തുടങ്ങി ..മുട്ടിയില്‍ വച്ചു പാകത്തിന് കഷണങ്ങള്‍ ആക്കി .കറിക്കുള്ളതും പൊരിക്കാന്‍ ഉള്ളതും വേറെ വേറെ പ്ലാസ്റിക് കൂടുകളിലാക്കി .. സാധാരണ ആറെണ്ണത്തിന് എടുക്കെണ്ടതിന്റെ അധികം സമയം ഇന്നെടുത്തോ എന്ന് അവനു തോന്നി .. കവറുകള്‍ കൊടുത്തു . കാല്ക്കുലെട്ടറില്‍ തുക കൂട്ടി .ചില്ലറ ബാക്കി നല്കി.കൈകള്‍ തൊട്ടിയിലെ വെള്ളത്തില്‍ ഒന്ന് സോപ്പിട്ടു കഴുകി .തോര്ത്ത് കൊണ്ട് ഒന്ന് തുടച്ചു .ചുമലിലെ തുണി അഴിച്ചെടുത്ത് ചുവരിലെ ആണിയില്‍ തൂക്കിയിട്ടു .. വല്ലാത്ത കിതപ്പോടെ മൊബൈല്‍ എടുത്തു .താനിപ്പോള്‍ അറക്കാന്‍ പിടിക്കുന്ന കോഴിയുടെ പോലെ ആയല്ലോ എന്ന് സാലിമിന് ഉള്ളില്‍ തോന്നി .ഹൃദയം അറുത്തു വീപ്പക്കുള്ളിലിട്ട പോലെ പിടയുന്നു ..ധൃതിയില്‍ ലോക്ക് തുറന്നു .. കണ്ടാല്‍ ഉടന്‍ ഡിലിറ്റ് ചെയ്യണം ട്ടോ
സൂക്ഷിക്കരുത്
എനിക്ക് പേടിയുണ്ട് ..
സലിം പ്ലീസ് ..
ഇപ്പൊ രാവിലെ എടുത്തതാ
ആരും അറിയരുത്
നിന്നെ വിശ്വാസം ഉണ്ട് എന്നാലും ..


നീ എന്തെടുക്കുകയാ എവിടെയാ ?
കാണാന്‍ ഇല്ലല്ലോ ?
പേടിയാകുന്നു ...
അയക്കെണ്ടിയിരുന്നില്ല തോന്നുന്നു ..
എവിടെടാ ..?

മാധുരി ഓണ്‍ലൈനില്‍ നിന്നും പോയിരിക്കുന്നു ..
വീഡിയോ ഡൌണ്‍ ലോഡ് ആയിട്ടുണ്ട്. .ചൂണ്ടു വിരല്‍ കൊണ്ട് ഫയലില്‍ അമര്‍ത്തി.. ഹോ അവന്‍ കോരിത്തരിച്ചു പോയി.തലേന്ന് ഒരു ആവേശത്തിന് ചാറ്റില്‍ അങ്ങിനെ ചോദിച്ചപ്പോളെക്കും ഇത്ര പെട്ടെന്ന് അതും ഇങ്ങിനെത്തെ ഒരു വീഡിയോ സ്വയം എടുത്ത് അയക്കുമെന്ന് അവന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല .. കോഴിക്കൂട്ടത്തില്‍ നിന്ന് വേണ്ട തൂക്കമുള്ള ഒന്നിനെ തിരയുന്ന ,തൊലി ഉരിച്ചു കളഞ്ഞു വെട്ടാന്‍ പാകത്തില്‍ മേശയില്‍ നിരത്തിയ ഫ്രെഷ് ചിക്കനെ നോക്കുന്ന തുറുകണ്ണുകളോടെ സാലിം ആ വീഡിയോ മുഴുവന്‍ ഒറ്റയിരുപ്പിനു കണ്ടു .കൂട്ടിലുള്ള എല്ലാ കോഴികളെയും തുറന്നു വിട്ടു റോഡിലേക്ക് ഓടിയാലോ എന്നവനു തോന്നി .. അവള്‍ ലൈനില്‍ ഇല്ലല്ലോ ..നാശം പിടിച്ച നേരത്താ പണി വന്നത് ..കഷ്ടം .

ബിസി ആയി പോയി ..


ഒരു മുടിഞ്ഞ പണി വന്നു


ആറെണ്ണം ഉണ്ടായിരുന്നു ..

സോറി...

പോയോ ?

വിറയ്ക്കുന്ന വിരലുകൊണ്ട് അവന്‍ മറുപടി എഴുതി .

കടയുടെ ബോര്ഡിലെ ലവ് ബെര്ഡിന്റെ ചിത്രത്തില്‍ ഒരു അങ്ങാടിക്കുരുവി രണ്ടു മൂന്ന് പ്രാവശ്യം കൊത്തി പറന്നു പോയി