2015, ഡിസംബർ 21, തിങ്കളാഴ്‌ച

                           പുളിമുക്ക്
ടൌണില്‍ കറങ്ങിത്തിരിഞ്ഞ്‌ നടക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഓമനക്കുട്ടന്‍ ഒരു ജാഥക്കിടയില്‍ പെട്ടു.അവരില്‍ ഒരാളായി ഓമനക്കുട്ടനും നടന്നു, അങ്ങിനെ നടക്കുമ്പോള്‍ അന്നത്തോളം അനുഭവിക്കാത്ത ഒരു ഒരു സുരക്ഷിതത്വം അയാളെ പൊതിഞ്ഞു, താനും ഇപ്പോള്‍ ഒരാളായ പോലെ, തണുപ്പുകാലത്ത് ഉടുമുണ്ട് കൊണ്ട് തലവഴി മൂടിപ്പുതക്കുന്ന പോലെ ജാഥ കൊണ്ട് ഓമനക്കുട്ടന്‍ തന്നെ പുതച്ചു .
ഇപ്പോള്‍ എന്നും തന്നോട് വഴക്കടിക്കുന്ന മദ്യപാനിയായ കൂട്ടുകാരന്‍ തനിക്കു വിഷയമല്ല, അതിര്‍ത്തി തുരക്കുന്ന അയല്‍ക്കാരന്‍ തനിക്കു പ്രശ്നമല്ല , തനിക്കും നാലാള്‍ കൂടെ ഉണ്ട് എന്ന തോന്നല്‍ ..

എല്ലാ ഷര്‍ട്ടുകളും കീറിക്കഴിഞ്ഞപ്പോള്‍ അലമാരയില്‍ അവശേഷിച്ച കല്യാണക്കുപ്പായമാണ് ഒമാനക്കുട്ടന്റെ വേഷം. അതാകട്ടെ ജാഥയില്‍ അയാള്‍ക്ക്‌ ഒരു സവിശേഷ വ്യക്തിത്വം തന്നെ നല്‍കുകയും ചെയ്തിരുന്നു
ഒരു വളവില്‍ വച്ച് ജാഥയില്‍ നിന്നും ഒന്ന് തെറ്റി നടന്ന ഓമനക്കുട്ടന്‍ ഓശാരത്തിനു കയ്യില്‍ കിട്ടിയ കൊടി ഉയര്‍ത്തി ഒന്ന് തിരിഞ്ഞു നോക്കി,ജാഥയുടെ ഒരു ഭാഗം ഇതാ തന്റെ ഒപ്പം നടക്കുന്നു .ഓമനക്കുട്ടന് വിശ്വസിക്കാന്‍ ആയില്ല.പിറകില്‍ നിന്നും ഒരാള്‍ തന്റെ പേര് ചോദിച്ചപ്പോള്‍ നല്ല ഉശിരില്‍ തന്നെ അയാള്‍ തന്റെ പേര് പറഞ്ഞു കൊടുത്തു .

ഓമനക്കുട്ടന്‍
ഓമനക്കുട്ടന്‍കീ ജയ്‌
ധീരാ വീരാ നേതാവേ
ധീരതയോടെ നയിച്ചോളൂ
ലക്ഷം ലക്ഷം പിന്നാലെ

ഓമനക്കുട്ടന് കോരിത്തരിച്ചു .താനും ഒരു നേതാവായി,നടന്നു നടന്നു ജാഥ നഗരം പിന്നിട്ടു .ഇതിനിടെ തനിക്ക് വായില്‍ തോന്നിയതൊക്കെ ഓമനക്കുട്ടനും വിളിച്ചു പറഞ്ഞു .ഒപ്പം ഉളവര്‍ അതേറ്റു പാടി, തനിക്കും കുറെ കാര്യങ്ങള്‍ അറിയാം എന്നയാള്‍ക്ക് ബോധ്യമായി .

       ഇടവഴി കടന്നു തിരിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ പെട്ടെന്ന് തന്റെ വീട് തിരിച്ചറിഞ്ഞു, വയസ്സായ അച്ഛന്‍,പൂമുഖത്തെ അമ്മയുടെ ചില്ലിട്ടു തൂക്കിയ ചിത്രം ,കെട്ടിച്ച കടം തീരും മുമ്പേ പൊറുതി മതിയാക്കിയ പെങ്ങള്‍ ,കെട്ടിയ കടം തീരും മുമ്പേ പിണങ്ങിപ്പോയ ഭാര്യ, നാടുവിട്ട അനുജന്‍ ...ഓമനക്കുട്ടന്‍ അത്താണി കടന്നു വീട്ടിലേക്കു കയറി ..

        ചൊക്ലിപ്പട്ടി കുരച്ചത് കൊണ്ടാകണം ജാഥ നിന്നു.പൊടുന്നനെ നേതാവിനെ നഷ്ടപ്പെട്ട ജനം അത്താണിക്ക് അപ്പുറം ചുറ്റിത്തിരിഞ്ഞു, കൂട്ടത്തില്‍ ഒരുവന്‍ വഴിയരികിലെ പുളിമരത്തില്‍ കയറി ഇരുന്നു. പതിയെ പതിയെ മൂളലും ചീറലും ചിറകടിയുമായി ബാക്കി ഉള്ളവരൊക്കെ അയാളെ പൊതിഞ്ഞു .

                              ഓമനക്കുട്ടന്റെ വീട്ടിന്റെ മുമ്പിലെ പുളിയില്‍ കാട്ടുകടന്നലുകളുടെ കൂടുണ്ടെന്നും അതുവഴി സ്കൂളിലേക്ക് പോകരുത് എന്നും അമ്മമാര്‍ കുട്ടികളെ വിലക്കി തുടങ്ങി . അക്കാലത്ത് ഗ്രാമത്തിലേക്ക് സര്‍വീസ് ആരംഭിച്ച ഒറ്റ ബസ്സിനു പുളിമുക്ക് എന്നാ പുതിയ സ്റ്റോപ്പുകൂടി  ആരംഭിക്കുകയും ചെയ്തു 
                      ഫെമിനിസ്റ്റ് 
അവന്‍ ചിറക് ഒരു വശത്തേക്ക് ചരിച്ചു തന്റെ ശരീരത്തോട് ഉരുമ്മിയപ്പോള്‍ പിടക്കോഴിക്കു കാര്യം മനസ്സിലായി .ഇനി അവര്‍ തന്റെ പിന്നാലെ ഓടും .ഒരാക്രമണം പോലെ പിറകില്‍ നിന്നും തന്റെ പുറത്ത് കയറും.കാലുകള്‍ ഉണ്ട് അള്ളിപ്പിടിച്ചു തലയുടെ മധ്യത്തില്‍ കൊക്ക് കൊണ്ട് അവന്‍ അമര്ത്തി ചുംബിക്കുമ്പോള്‍ ഭാരം കൊണ്ട് താന്‍ അമരും .ഇന്നെങ്കിലും കാര്യസാധ്യത്തിനു മുമ്പ് എന്തെങ്കിലും ഒരു നിബന്ധന വക്കണം .പിട ഉറച്ചു .
പ്രണയ ചേഷ്ടകള്‍ക്കിടയില്‍ പിടയുടെ പതിവില്ലാത്ത ഒഴിഞ്ഞു മാറലുകളും തെറ്റി നടത്തവും കണ്ടു പൂവന്‍ ചോദിച്ചു
പറയു പ്രിയേ എന്താണ് നിനക്ക് വേണ്ടത് ? എന്ത് ആഗ്രഹവും ഞാന്‍ സാധിച്ചു തരാം

പിട പൂവന്റെ ചെവിയില്‍ എന്തോ പറഞ്ഞു .പിന്നെ നൈമിഷികമായ സുരതത്തിന്റെ രസാവേഗങ്ങളിലേക്ക് അവരോന്നിച്ചു ഒതുങ്ങി .

പിറ്റേന്ന് രാവിലെ പൂവന്‍ കോഴി കൂക്കിയില്ല.,കൂവല്‍ കേള്‍ക്കാഞ്ഞതിനാല്‍ സൂര്യന്‍ കിഴക്ക് ഉദിച്ചില്ല.കാവിലെ പാട്ട്,പള്ളിമണി ,ബാങ്ക് വിളി , അഞ്ചരക്കുള്ള വണ്ടി ,പാല്‍ക്കാരന്‍ ,പലിശക്കാരന്‍ തമിഴന്‍ എന്നിവരുടെ വണ്ടികളുടെ ഹോണുകള്‍ ഒന്നുമുണ്ടായില്ല .
സൂര്യന്‍ കിഴക്ക്  ഉദിച്ചതെയില്ല ..

വിജയത്തിന്റെ തെല്ലു ഗര്‍വോടെ കൂട്ടില്‍ പിടക്കോഴി പൂവനോട് ഒന്ന് കൂടി ചേര്‍ന്ന് കിടന്നു .
നേരം വെളിച്ചായിട്ടില്ലല്ലോ 
                 കുരുക്ഷേത്രം 

കുന്തം കൊടുക്കയും ഇല്ല കുത്തുകയും ഇല്ല എന്നായിരുന്നു അയാളെപ്പറ്റി മറ്റുള്ളവരുടെ പരാതി .ഗതി കെട്ടു അയാള്‍ കുന്തം ഒരു ദിവസം അവര്‍ക്ക് കൈമാറി .
കുന്തത്തിന്റെ തലയെത് മുരടെത് അന്നരിയാതെ അവര്‍ ഉഴലുന്നത് കണ്ടു അയാള്‍ ഊറിയൂറി ചിരിച്ചു .
               
         ഗ്ലോബലിസം 

ഒന്നിനും സമ്മതം ഇല്ലാഞ്ഞിട്ടും എല്ലാം അനുസരിക്കേണ്ടി വരുന്നു .

                       ഹണിമൂണ്‍  
നാടകത്തിന്റെ ക്ലൈമാക്സ് രംഗത്തിനു ഡ്രസ്സ്‌ ചെയ്യാന്‍ ഇറച്ചിക്കടക്കാരനും കോഴിയും മണിയറയിലേക്ക് നടന്നു
                       പരിണാമം 

മനുഷ്യന്‍ കുരങ്ങനില്‍ നിന്നും പരിണമിച്ചു ഉണ്ടായി എന്ന സിദ്ധാന്തം അവതരിപ്പിച്ചു ഡാര്‍വിന്‍ വേദി വിട്ടപ്പോള്‍ ഒരു പാട് പേര്‍ എതിര്‍ വാദങ്ങള്‍ നടത്തുകയും ചെയ്തു
 ഡാര്‍വിന്‍ തിരിച്ചു സ്റ്റേജിലേക്ക് കയറി കുരങ്ങന്‍ മനുഷ്യനില്‍ നിന്നും പരിണമിച്ചു ഉണ്ടാകുന്നതാനെന്നു സ്ഥാപിക്കാനുള്ള തെളിവുകള്‍ നിരത്തി തുടങ്ങി .
സദസ്സ് പരസ്പരം ഇളിച്ചു കാട്ടിയും പൃഷ്ടം ചൊരിഞ്ഞും ഹാളിലെ കമ്പികളില്‍ ഊഞ്ഞാലാടിയും വാലാടിയും സമ്മതം ചീറ്റിക്കൊണ്ടിരുന്നു
                         കര്‍മ്മകാരകം 
ഉരുട്ടി കയറ്റാന്‍ ഒരു കല്ല്‌ തേടി നാരാണത്തെ ഭ്രാന്തന്‍ നടക്കാന്‍ തുടങ്ങി .കല്ലായ കല്ല്ലിന്മേലോക്കെ പല സംഘടനകളുടെയും ബുക്ട് എഴുത്തുകള്‍ .ഒരു പാറ ക്വാറിയില്‍ ഒത്ത ഒരു കല്ലുണ്ട് .ഭ്രാന്തന്‍ അതിനു അടുത്തേക്ക് നടന്നു .അതിനടുത്ത് എത്ത്തിയപ്പോലെക്കും ഒരു യന്ത്രത്തിന്റെ കൈ നീണ്ടു വന്നു അതിനെ പൊക്കിയെടുത്ത് ലോറിയിലെക്കിട്ടു. ഭ്രാന്തന്‍ പിന്നെയും നടന്നു .ഒരിടത്ത് ഹിന്ദി തൊഴിലാളികള്‍ കല്ലും ചുമന്നു നടക്കുന്നത് കണ്ടു ഭ്രാന്തന്‍ അവര്‍ക്ക് ഒപ്പം കൂടി. തനിക്കു ഇത്രയധികം ആരാധകരോ എന്ന് ഉള്ളില്‍ അത്ഭുതം കൂറി .കുറെ നടന്നിട്ടും കുന്നു കാണാഞ്ഞു ഭ്രാന്തന്‍ ചുറ്റും നോക്കി .കുന്നായ കുന്നൊക്കെ നിരന്നിരുന്നു .നിരപ്പ് മാത്രം നോക്കി നടന്നു ഭ്രാന്തന്‍ ലോകാവസാനം വരെ എത്തി .
 അവിടെ എക്സ്പ്രസ്സ്‌വേ യുടെ കരാറുകാരന്‍ കാത്തു നിന്നിരുന്നു .തൊഴിലാളികള്‍ക്ക് ചുമന്നു കൊണ്ട് വന്നു കല്ലിന്റെ തൂക്കം നോക്കി ലോകബാങ്കിന്റെ സീലുള്ള ഒരു പച്ച നോട്ടു നല്കുന്നുണ്ടായിരുന്നു .ഭ്രാന്തന്റെ ഊഴം എത്തിയപ്പോള്‍ അയാള്‍ ബ്രാന്തനും നീട്ടി ഇസ്തിരി വടിവുള്ള ഒരു നോട്ട്..

അന്നാദ്യമായി ഭ്രാന്തന്‍ പൊട്ടിക്കരഞ്ഞു .
                           പിടച്ചിലുകള്‍

ഓഫീസ് മുറിയുടെ മൂലയിലെ സ്വിച്ചില്‍ പ്യൂണ്‍ രമേശന്‍ വിരലമര്‍ത്തുന്നതോടെ എല്ലാ ക്ലാസ്സുകളിലെയും ബെല്ലുകള്‍ ഒന്നിച്ചു ചിലച്ചു .അതുവരെ വിവിധ കാട്ടുപക്ഷികളുടെ കലപിലയും കാട്ടരുവികളുടെ കളകളാരവവും  ഉണ്ടായിരുന്നിടത്ത്  പ്രാചീനമായ ഏതോ ഒരു ചീവീടിന്റെ ശബ്ദം പോലെ .അതോടെ സ്കൂള്‍ പെട്ടെന്ന്  നിശബ്ദമായി.
        ക്ലാസ്സിലേക്ക് പോകുമ്പോള്‍ അമ്മിണി ടീച്ചറുടെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു .ടി ടി സി ക്ക് പഠിക്കുമ്പോള്‍ പരിശീലനത്തിന്റെ ഭാഗമായി ആദ്യം സ്കൂള്‍ മുറ്റത്ത് കയറുമ്പോഴും ഇതേ വിറതന്നെ തനിക്കു ഉണ്ടായിരുന്നല്ലോ എന്ന് ടീച്ചര്‍ ഓര്‍ത്തു പോയി .താന്‍ പഠിച്ച പാഠങ്ങള്‍ക്ക് അപ്പുറം പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളെണ്ടി വരുമ്പോള്‍ താന്‍ തീരെ ചയൂതായി പോകുന്നുണ്ടോ എന്നാ സംശയത്തോടെ ടീച്ചര്‍ ക്ലാസിലേക്ക് കയറി .
                      കഴിഞ്ഞ ദിവസമാണ് സ്കൂളിനെ സ്മാര്‍ട്ട് സ്കൂള്‍ ആക്കി പ്രഖാപിക്കുന്നത് .അത് വരെ ഉണ്ടായിരുന്ന മുക്കാലിയും ബോര്‍ഡും സ്കൂളിനു പിറകിലെ ഷെഡില്‍ തന്നെ പോലെ തന്നെ ചുരുണ്ട് കിടപ്പുണ്ടാകുമെന്നു ടീച്ചര്‍ക്ക് തോന്നി .
ഗ്രാമ പ്രദേശത്തെ സ്കൂളില്‍ തനിക്കിനി ഏതാനും മാസങ്ങള്‍ മാത്രം. സ്കൂളിലേക്ക് വരുമ്പോള്‍ പാത കരുത്തിരുന്നില്ല ,മുന്നിലെ ഷോപ്പിംഗ്‌ കോമ്പ്ലക്സിനു പകരം ഗോപാലന്‍ നായരുടെ പുക മണമുള്ള ചായപ്പീടിക മാത്രം .സ്വയം ഭൂവായ വിഗ്രഹം പോലെ സ്കൂളില്‍ ഉണ്ടായിരുന്ന പഴയ തീവണ്ടി ചക്രത്തില്‍ ഇരുമ്പു ചുറ്റിക കൊണ്ട് അടിക്കുമ്പോള്‍ ഉണ്ടാകുന്ന മുഴക്കമാണ്‌ അവിടുന്ന് ഇതുവരെ തന്റെ ജീവതത്തിന്റെ താളം .
                            ഒന്നാം തരം മുതല്‍ ക്ലാസ്സുകള്‍ ഒന്നാം തരം ആക്കണം .ക്ലാസ് മുറി മുഴുവന്‍ പക്ഷി മൃഗാദികളുടെ ചിത്രങ്ങള്‍ പതിച്ചു .നിലം ടൈല്‍ വിരിച്ചു .കറകറ കരയുന്ന പഴയ മര ബഞ്ചുകള്‍ക്ക് പകരം സ്ടീലില്‍ വെല്‍ഡ്‌ ചെയ്തു ഉറപ്പിച്ച പുതിയ കാല ഇരിപ്പിടങ്ങളായി .കീറിപ്പറഞ്ഞ ഡസ്റ്ററും കൈയ്യില്‍ തൂക്കി നിന്ന ബോര്‍ഡിനു പകരം മിനി സ്ക്രീന്‍. തലയ്ക്കു മുകളില്‍ ലോക സാക്ഷിയെ പോലെ പ്രൊജക്ടര്‍ .ഡി വി ഡി , മൈക്ക് , ബോക്സുകള്‍ ..അമ്മിണി ടീച്ചറുടെ നാലാം ക്ലാസും അങ്ങിനെ സ്മാര്‍ട്ട് ആയി
                           കുട്ടികള്‍ ഒക്കെ വല്ലാണ്ടെ മാറിപ്പോയി .എല്ലാ ദാരിദ്ര്യങ്ങളെയും ഒളിച്ചു വയ്ക്കുന്ന പുതിയ യൂണിഫോം .കഴുത്തില്‍ ഫോട്ടോ അടക്കം ഉള്ള ടാഗുകള്‍ .കാലില്‍ സോക്സും ഷൂവും .പഴയ കുഞ്ചുവും നീലാണ്ടനും കാര്ത്യായനിയും നിറഞ്ഞ ഹാജര്‍ പട്ടിക ഇപ്പോള്‍ അര്‍ച്ചന എസ് വാര്യര്‍ ,സിനു കെ ഗോപാലന്‍ നായര്‍ ,ഹേമ നമ്പൂതിരി എന്നൊക്കെ മാറിയിട്ടുണ്ട് . ടീച്ചര്‍ക്ക് ഗസറ്റില്‍ പരസ്യം കൊടുത്ത് ഈ അമ്മിണി എന്ന പേര്‍ അമ്മിണി ഗോപിനാഥ് എന്നോ അല്ലെങ്കില്‍ മറ്റൊരു പേരോ തന്നെയോ ആക്കി മാറ്റിക്കൂടെ എന്നും ഇനി എന്നാണു നമ്മുടെ അമ്മിണി ടീച്ചര്‍ കൂടി സ്മാര്‍ട്ട് ആകുക എന്ന്  ചെറുപ്പക്കാരനായ ഹെഡ് മാസ്റര്‍ സ്റാഫ് മീറ്റിങ്ങില്‍ ചോദിച്ച അന്ന് തുടങ്ങിയതാണ്‌ മനസ്സിലെ ഈ പിടച്ചില്‍ .
              പാഠം ആരംഭിക്കണം .എന്നും പറയാറുള്ള
                             
നമസ്തേ ടീച്ചര്‍

എന്നതിന് പകരം ഇന്ന് ആദ്യം ഒറ്റക്കും പിന്നെ ക്രമമില്ലാത്ത കൂട്ടമായും ഉയര്‍ന്ന

ഗുഡ് മോര്‍ണിംഗ്  ടീച്ചര്‍

ചെവിയില്‍ വന്നലച്ചപ്പോള്‍ ആണ് ടീച്ചര്‍ ചിന്തയില്‍ നിന്നും ഉയര്‍ന്നത് . താനിനി  ഗുഡ് മോര്‍ണിംഗ് തിരിച്ചു പറയണം .രക്ഷിതാക്കളും പ്രധാനാധ്യാപകനും പിന്‍ നിരയില്‍ ക്ലാസ് കാണാന്‍ ആയി ഇരിപ്പാണ് .

ഗുഡ് മോര്‍ണിംഗ് ആള്‍ ഓഫ് യു ..

തന്റെ ശബ്ദത്തിന് ഇടര്ച്ചയില്ലെന്നു വരുത്താന്‍ ഒന്ന് കൂടി ചുമച്ച് ടീച്ചര്‍ തൊണ്ട ശരിയാക്കി .
                         ഇന്നത്തെ പാഠം പുഴയാണ് .മുമ്പാണെങ്കില്‍ പുഴ എന്ന് ബോര്‍ഡില്‍ കനപ്പിച്ചു ഒരു എഴുത്തും അതിനടിയില്‍ പാലം പോലെ രണ്ടു വരയും മതിയായിരുന്നു .ഇന്നത്‌ പോര .നേരെത്തെ ലാപ് ടോപ്പില്‍ തയാറാക്കി വച്ച പലതും പ്രൊജക്ടര്‍ വച്ചു കാണിക്കണം .സ്റാഫ് റൂമില്‍ വച്ച് എല്ലാവരും ചേര്‍ന്ന് പഠിപ്പിച്ചു വിട്ടതാണ് .ചെന്നയുടന്‍ പുഴയെ കുറിച്ച് ഒരു ആമുഖം പറയണം .പിന്നെ പതുക്കെ കാഴ്ചകളിലേക്ക് .ക്ലാസ് പകര്‍ത്താന്‍ ക്യാമാരക്കാരനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതറാന്‍ പാടില്ല എന്ന് ഉള്ളില്‍ ഇന്ന് ആരോ പറയുന്നത് കടവിലെ പുഴയുടെ നേര്‍ത്ത മൂളല്‍ പോലെ ചെവിയില്‍ വന്നലയ്ക്കുന്നുണ്ട് .
               ക്ലാസ് മുറിയുടെ മൂലയില്‍ നിന്നും ക്യാമറ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട് .ടീച്ചര്‍ എന്താണ് ക്ലാസ് തുടങ്ങാത്തത് ചോദ്യം പ്രധാനാധ്യാപകന്റെ പുരികക്കൊടിയില്‍ ഉയരുന്നുണ്ട്.രക്ഷിതാക്കള്‍ക്കിടയില്‍ അമര്‍ത്തിയ ചിരികള്‍ ഉണ്ട് .ഇലകള്‍ക്ക് മുമ്പില്‍ വിളമ്പുകാരനെ കാത്ത് ഇരിക്കുന്നവരെ പോലെ തന്റെ കുട്ടികള്‍. താന്‍  ബലിച്ചോറിന്റെ ഒരു ഉരുളയാണെന്നും തനിക്കു ചുറ്റിലും ബലിക്കാക്കകള്‍ ഊഴം കാത്ത് കടുപ്പിച്ചു നോക്കുകയാണെന്നും അമ്മിണി ടീച്ചര്‍ക്ക് തോന്നി .

പ്രിയപ്പെട്ട കുട്ടികളെ ഇന്ന് നമ്മള്‍ പഠിക്കാന്‍ പോകുന്നത് പുഴയെ കുറിച്ചാണ് ..

അയ്യോ ഡിയര്‍ സ്ടുടെന്റ്സ് ടുഡേ വി ആര്‍ ഗോയിംഗ് ടോ സ്ടഡി എബൌട്ട്‌ റിവര്‍ എന്നാണല്ലോ തുടങ്ങേണ്ടിയിരുന്നത് ?

വിച് റിവര്‍ ടീച്ചര്‍ ഈസ് ഇറ്റ്‌ കല്‍പ്പാത്തി റിവര്‍ ഓര്‍ ഭാരത റിവര്‍ .?

.ഒന്നാം ബഞ്ചില്‍ നിന്നും ഉയര്‍ന്ന ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ലെറ്റ്‌ ആസ് സീ സം വീഡിയോസ് ഓഫ് റിവര്‍ എന്ന് തപ്പിത്തടഞ്ഞു ടീച്ചര്‍ പവര്‍ പ്ലഗിന്റെ ചുകപ്പില്‍ വിയര്‍ക്കുന്നു വിരല്‍ അമര്‍ത്തി.നൂറു വട്ടം പ്രവര്‍ത്തിപ്പിച്ചിട്ടും  മെരുങ്ങാത്ത പ്രൊജക്ടര്‍ തന്നെ നോക്കി പള്ളിളിക്കുന്നതും നിവര്‍ത്തി വച്ച ലാപ് ടോപ്‌ ഒരു വലിയ ജലജീവിയുടെ വാ പോലെയും തോന്നുന്നത് മറികടക്കാന്‍ ശ്രമിച്ചു റിമോട്ടില്‍ വിരല്‍ അമര്ത്തി. ലാപ് ടോപ്പിന്റെ പാഡില്‍ വിരല്‍ വച്ചപ്പോള്‍ സ്ക്രീനില്‍ ചുറ്റിത്തിരിയുന്ന അമ്പടയാളം തനിക്കു നേരെ എപ്പോളാണ്  ബ്രഹ്മാസ്ത്രം പോലെ പാഞ്ഞു വരികയെന്ന് പെന്‍ഷന്‍ ബുക്ക്‌ പൂരിപ്പിച്ചു കൊടുക്കുമ്പോള്‍ ഉള്ള അങ്കലാപ്പോടെ ടീച്ചര്‍ നിയന്ത്രിച്ചു നിര്‍ത്തി .
                          ലാപ് ടോപ്പിലെ റിവര്‍ എന്ന ഫോള്‍ഡര്‍ രണ്ടു പ്രാവശ്യം അമര്‍ത്തണം .സൈമോന്‍ മാഷിന്റെ വാക്കുകള്‍ ഉണ്ട് ചെവിയില്‍ .പ്രോജകര്‍ ശരിയാവുന്നില്ല, മിനി സ്ക്രീനില്‍ ഉറ്റു നോക്കി ഇരുന്നവരുടെ കണ്ണുകളില്‍ അക്ഷമയുടെ ഒളിയമ്പുകള്‍ ..അവിടിവിടെ ടീച്ചര്‍ ടീച്ചര്‍ വിളികള്‍ ..പിന്നെയും ടീച്ചര്‍ റിമോട്ട് അമര്ത്തി .സ്ക്രീനില്‍ എന്തോ ഒരു വെള്ളിവെളിച്ചം മിന്നി മറഞ്ഞു പോയി

ടീച്ചര്‍ ഇതൊക്കെ നേരെത്തെ പ്രിപയര്‍ ചെയ്തു വയ്ക്കണ്ടേ ? എന്താ ഇങ്ങിനെ ഒക്കെ?

    പ്രധാനാധ്യാപകനും മറ്റുള്ളവരും മേശക്കരികിലേക്ക് വരുന്നത് അമ്മിണി ടീച്ചര്‍ കണ്ടു .എവിടെ നിന്നോ ഒരുറവ കണ്ണുകളില്‍ പുഴയായി വന്നു മൂടുന്നതും ആ കുത്തൊഴുക്കില്‍ താനും കുട്ടികളും നിലവിളിയോടെ അകന്നു പോകുന്നതും , വലിയ ഒരു മരം കടപുഴി ഒലിച്ചു പോകുന്നതു പോലെ പ്രൊജക്ടര്‍ നീങ്ങി പോകുന്നതും കണ്ടും കെട്ടും അമ്മിണി ടീച്ചര്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ മിനുസമുള്ള നിലത്തേക്കു പൊടുന്നനെ കുഴഞ്ഞിരുന്നു .

2015, ഡിസംബർ 9, ബുധനാഴ്‌ച

                     അദൃശ്യം 



       സര്‍വേ ചങ്ങല മുറ്റത്ത് കിലുകിലാന്നു അഴിഞ്ഞു വീഴുന്ന ഒച്ച കേട്ടു ചാവടിയില്‍ ചുരുണ്ട് കിടന്നിരുന്ന നായ ഒന്ന് ഞെട്ടി പിന്നെ ഒന്നും മനസ്സിലാകാതെ കുരച്ചുതുടങ്ങി.

   ഒരു പാട് നാളത്തെ കൂടി ആലോചനക്കും നാട്ടു മധ്യസ്ഥതക്കും ഒടുവിലാണ് തറവാട് ഭാഗം പിരിയാനുള്ള തീരുമാനം ഉരുത്തിരിഞ്ഞത് .നാട്ടുമ്പുറത്തെ വസ്തുവില്‍ ആര്ക്കും അത്ര ഇന്റെറെസ്റ്റ്‌ ഉണ്ടായിട്ടല്ല .എന്നാലും എന്തും അതിന്റെ ഒരിതില്‍ ചെയ്തു തീര്ക്കുതന്നതാണ് നാട്ടു നടപ്പ് എന്ന അശരീരിക്ക് ആര്ക്കും എതിര്‍ വാക്കുണ്ടായില്ല .

       മൂത്ത മകന് മകളുടെ കല്യാണം , രണ്ടാമത്തവള്‍ക്ക് മകന്റെ ജോലിക്കാര്യം ,പട്ടണത്തിന്റെ പ്രേതം ആവേശിച്ച മുക്കിലങ്ങാടിയില്‍ ഫാന്സി നടത്തുന്ന ഇളയവന് അതൊന്നു പരിഷ്കരിക്കണം എന്ന മോഹം.ചിറകിനുള്ളില്‍ കാക്കക്കും പരുന്തിനും കൊടുക്കാതെ വളര്ത്തിയയവരെ ഒരു പ്രായം ചെന്നാല്‍ കൊത്തിയാട്ടണമെന്ന ചിന്ത പലരും പറഞ്ഞു ബോധിപ്പിച്ച്ചെങ്കിലും മീനാക്ഷിയമ്മക്ക് അതിന്റെ ഗുട്ടന്‍സ് ഇപ്പോളും പിടി കിട്ടിയിട്ടില്ല .

പത്ത് മുപ്പത് വര്ഷം മുമ്പ് ഒരു മൂവന്തിക്ക്‌കോടിത്തെങ്ങില്‍ നിന്നും ഊര്‍ന്നു വീണതേങ്ങ പെറുക്കാന്‍ പോകുമ്പോള്‍ അതിനി രാവിലെ എടുത്താല്‍ പോരെ എന്ന പിന്‍ വിളി മീനാക്ഷി ഉയര്ത്തിതയെങ്കിലും 

"നട്ടു നനച്ചു ഉണ്ടാക്കീതാ മീനാക്ഷിയെ രാവിലേക്ക് അത് വല്ലോരും പെറുക്കി കൊണ്ട് പോയാലോ എന്നും പറഞ്ഞു തൊടിയിലേക്ക്‌ ഇറങ്ങിയതാണ് നാരായണന്‍ നായര്‍ .കാലില് എന്തോ തട്ടിയെന്ന സന്ദേഹവും ഒരു വിളഞ്ഞ തേങ്ങയും ഒരേ പോലെ മുഴങ്കൈയ്യില്‍ എടുത്ത് കോലായ കേറി വന്നപ്പോള്‍ മീനാക്ഷിയും ആദ്യം അത് കാര്യമാക്കിയില്ല .

      അന്തിക്കറുപ്പ് തൊടിയിലേക്ക്‌ പതിയെ പടര്‍ന്ന പോലെ കാലിലെ ചെറിയ രണ്ടു കടിപ്പാടില്‍ നിന്നും നാരായണന്‍ നായരുടെ ദേഹത്തേക്ക് നീലിമ പടര്ന്നടതും നിലക്കാത്ത വിയര്പ്പും അതിനൊടുവില്‍ മീനാക്ഷിയെ എന്ന വിളിയിലെ തണുപ്പും പടി കയറി വന്ന ആള്‍ക്കൂട്ടവും എന്തിനെന്നറിയാതെ പകച്ച മൂന്നു കുഞ്ഞി കണ്ണുകളും മീനാക്ഷിയമ്മക്ക് ഇന്നത്തെ പോലെ മുന്നില്‍ .തെക്കേ തൊടിയിലേക്ക്‌ എടുത്തു കൊണ്ട് പോകുമ്പോള്‍ നാട്ടുകാരണവര്‍ ചുരുട്ടി തന്ന ഒറ്റ മുണ്ടിനുള്ളില്‍ ഒരു കാലു തെല്ലു പൊട്ടിയ കണ്ണട ഉണ്ടായിരുന്നത് അന്ന് തൊട്ടും മീനാക്ഷിയമ്മ ഇടക്കെടുത്ത് വച്ച് നോക്കാറുണ്ട് .ചില നേരത്ത് കാഴ്ച വല്ലാതെ മങ്ങുന്നു എന്ന് തോന്നുമ്പോള്‍ അത് ഒരു സമാധാനം ആണെന്ന് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ പോകാന്‍ ഉള്ള ഊര് ചുറ്റലിനിടയില്‍ എത്തിയ വേലുവിനോട്‌ പറയുകയും ചെയ്തു 


               മക്കളെയൊക്കെ പിന്നെ ഒരു വിധം നന്നായി വളര്ത്തി .പെട്ടയോ ചേവാലോ എന്ന് തിരിയാത്ത പ്രായത്തിലുള്ള കുട്ടികള്‍ക്ക് പിന്നെ എന്തിനും ഏതിനും അമ്മ മാത്രം .പലപ്പോളും രണ്ടു കണ്ണും രണ്ടു കാതും പോരായിരുന്നു .ആയിരം കണ്ണും കാതുമായി മീനാക്ഷിയമ്മ കുട്ടികള്ക്ക് കാവലിരുന്നു .ഈറ്റ് പാമ്പിന്റെ ശ്രദ്ധയോടെ .അന്നൊന്നും ഒരു ഭാഗം, പിരിച്ചില്‍ മനസ്സില്‍ എവിടെയും ഉണ്ടായിരുന്നില്ല .

"ഞങ്ങള്‍ ഇങ്ങിനെ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട് .അമ്മ എതിര് നില്ക്കാരുത് "
മൂത്തവന്റെ വാക്കുകള്‍ ആദ്യം കോലായ കേറി വന്നത് ഒരു പകപ്പോടെ മീനാക്ഷിയമ്മ കേട്ട് നിന്നു.
"അമ്മേടെ ഒരു കാര്യത്തിനും മുടക്ക് വരില്ല ,
മകളുടെ വയ്ക്കുകല്‍ പൊടിഞ്ഞ കണ്ണീര്‍ ഇടതു കൈ കൊണ്ട് തുടച്ചു മീനാക്ഷിയമ്മ പതറി
അമ്മെക്കു ഇനി വയ്യാത്ത കാലാ ..ആരടെ കൂടെ വേണം എങ്കിലും നിക്കാലോ ..ഞങ്ങള്‍ തയ്യാറാ
മൂന്നാമന്റെ ശബ്ദത്തിന് തറവാട്ടു തെങ്ങില്‍ നിന്നും ഒരു പട്ട ശരെന്നു താഴേക്കു വീഴുന്ന താളം പോലെ തോന്നിച്ചപ്പോള്‍ അമ്മ കണ്ണുകള്‍ ദൂരേക്ക്‌ പായിച്ചു.
നിങ്ങള്‍ എന്താ എന്ന് വച്ചാ ഒന്ന് വേഗം തീരുമാനിക്ക് ..എനിക്ക് വേറെ ജോലിയുണ്ട് ..
സര്‍വേക്കാരന്റെ വാക്കുകളിലൂടെ തെല്ലിട നാലുപേര്ക്കി്ടയില്‍ ഒതുങ്ങി നിന്ന കാലം പുറത്തേക്ക് കുതറിചാടി ..
അമ്മ ഒരു നെടുവീര്‍പ്പോടെ ടെ ഉള്ളിലേക്ക് പോകുന്നത് മൌനം സമ്മതം ആയി എടുത്തു മക്കള്‍ മുറ്റത്തേക്ക്‌ ഇറങ്ങി ..

അല്ല അമ്മയെ ആരുടെ കൂടെ നിര്ത്താ്ന ഭാവം ? നിങ്ങള്‍ ആരാച്ചാ നിര്ത്തി ക്കോ , എന്റെ ഒപ്പം ടൌണിലെ രീതിയൊന്നും അമ്മക്ക് പിടിക്കില്ല..

മൂത്തയാളുടെ മുന്‍‌കൂര്‍ ജാമ്യം കോലായ കടന്നു ഇടനാഴിയിലെ ഉമ്മറപ്പടിയില്‍ എത്തി .

"എനിക്കൊന്നും നടക്കില്ല ട്ടോ , മൂപ്പര്ക്കും എനിക്കും ജോലിക്ക് പോകേണ്ടതാ ..നീ നിര്ത്തിക്കോടാ...

മകള്‍ ഒരു പന്തുകളിക്കാരന്റെ കനിഷത്ത്തോടെ തന്നെ മൂന്നാമന് തട്ടി കൊടുക്കുന്നത് മച്ചിലേക്ക് കയറുമ്പോള്‍ മീനാക്ഷിയമ്മയുടെ ചങ്കില്‍ തടഞ്ഞു.,,

അമ്മക്കെ വയസായി വരികയാ ,എനിക്കാണെങ്കില്‍ മൂക്കറ്റം കടവും ..നിങ്ങള്‍ രണ്ടാളും നല്ല സ്ഥിതി ഉള്ളവരാ...നിങ്ങള്‍ വേണം അമ്മയെ നോക്കാന്‍

മൂന്നാമന്റെ വാക്കുകള്ക്കൊ പ്പം പച്ചച്ചു നിന്ന തൈത്തെങ്ങു വേനലിലെ ഒരു ഇടിക്കു നിന്ന് കത്തുന്നത് മീനാക്ഷിയമ്മ കണ്ടു .

പുറത്ത് ചങ്ങലയുടെ കിലുക്കം പല തവണ ഉയര്ന്നുന താണ്‌ വന്നു .ചെറിയ ഒച്ചയുയര്ത്തലുകള്‍ , സമാധി തറ എന്ത് ചെയ്യണം ,? തെക്കേ തൊടിയിലെ പുളിമാവ് ആരുടെ ഭാഗത്തില്‍ വരും എന്നൊക്കെയുള്ള ചര്ച്ചലകള്‍ . കണ്ണീര്‍ മുഴുവനായി വറ്റി എന്ന് ഉറപ്പായപ്പോള്‍ മീനാക്ഷിയമ്മ പതുക്കെ എഴുനേറ്റു,പുറത്തെ ബഹളങ്ങള്‍ എല്ലാം ഒതുങ്ങി.മച്ചിലെ പത്തായത്തിന്റെ മൂലയില്‍ മടക്കി വച്ച ഒറ്റമുണ്ടും അതിന്റെ മടക്കിനുള്ളിലെ പഴഞ്ചന്‍ കണ്ണടയും മെല്ലിച്ച കൈകള്‍ കൊണ്ട് പതിയെ തപ്പിയെടുത്ത് കണ്ണീരു കൊണ്ട് നനഞ്ഞ ഉടുമുണ്ടിന്റെ കോന്തല കൊണ്ട് രണ്ടു ചില്ലും തുടച്ചു .പഴകിയ മുണ്ട് നാലായി മടക്കി ചുമലില്‍ ഇട്ടു .കണ്ണടയുടെ കാലുകള്‍ പതുക്കെ നിവര്ത്തി മൂക്കത്ത് വച്ചുറപ്പിച്ചു

കോലായ കടന്നു ഉമ്മറ തിണ്ണയില്‍ കാലിന്‍ മേല്‍ കാലും കയറ്റി വച്ച് മീനാക്ഷിയമ്മ മുറ്റത്തേക്ക്‌
നോക്കി
ഒന്നും കാണാന്‍ ആവുന്നില്ലല്ലോ .തൊടിയും പാടവും ഒക്കെ എവിടെയോ മറഞ്ഞ പോലെ.,കണ്ണട ഒന്ന് കൂടി എടുത്തു തുടച്ചു വച്ച് ..പിന്നെയും പിന്നെയും നോക്കി .
ഒരു കണ്ണടക്കും കാണാന്‍ ആവാത്തത് ചിലതുണ്ടല്ലോ എന്ന് സമാധാനിച്ചു ചാവടിയിലേക്ക് കയറി .മീനാക്ഷിയമ്മ തല തെക്കോട്ട തന്നെ അല്ലെ എന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി മലര്ന്നു് നീണ്ടു നിവര്ന്നു കിടന്നു ...