2020, ഏപ്രിൽ 2, വ്യാഴാഴ്‌ച

കൊറോണക്കാലത്തെ കഥകൾ (ശിവപ്രസാദ് പാലോട് )




1തിരിച്ചറിവ്

ലോക്ക് ഡൗൺ തുടങ്ങിയതോടെ റോഡുകളിൽ നിന്നും പുക ഒഴിഞ്ഞു. കിളികൾ
എല്ലായിടത്തും പാറി നടന്നു. വന പാതകളിൽ മൃഗങ്ങൾ സ്വൈരമായി വിഹരിച്ചു.
ഫാക്ടറികൾ നിന്നതോടെ വിഷപ്പുക കുറഞ്ഞു. വായു ശുദ്ധമായി. പ്രകൃതി ഒന്നു
ദീർഘമായി നെടുവീർപ്പിട്ടു. ഇനിയെങ്കിലും മനുഷ്യൻ പഠിച്ചിരുന്നെങ്കിൽ ..

2. സമ്പർക്ക വിലക്ക്

രാജ്യം അടച്ചിട്ടിട്ട് നാലു ദിവസം പിന്നിട്ടു. ഗേറ്റിന്
പുറത്തേക്കൊന്നിറങ്ങാൻ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ, കൈ വീശി ഒന്നു
നടക്കാൻ, സുഹൃത്തുക്കളെ കാണാൻ അയാൾക്ക് വലിയ കൊതിയായി. പല പ്രാവശ്യം
ഗേറ്റിൽ പോയി തിരിച്ചുവന്നപ്പോൾ വളർത്തു തത്ത ചിലച്ചു. കോവിഡ്,
കോവിഡ്..അയാൾ കൂടിന്നരികിലെത്തി അതിനെ അരുമയോടെ തുറന്നു വിട്ടു. അത്
സമ്പർക്ക വിലക്ക് വിട്ട് ആകാശത്തെ പുൽകി.

3ഒടുക്കം

സർക്കാർ സ്കൂളിൽ കുട്ടിയെ ചേർക്കാൻ അയാൾക്ക് മടിയായിരുന്നു. സിലബസ്
മഹാമോശം. സ്റ്റാറ്റസിന് കുറവ്.
അയാളൊരിക്കലും സർക്കാർ ബസിൽ പോയില്ല. വൃത്തി കുറവ്, എസി ഇല്ല.
സർക്കാർ ആശുപത്രിയിൽ പോയതേ ഇല്ല..അവിടെ നല്ല ഡോക്ടർമാരില്ല, മരുന്നില്ല,
സൗകര്യമില്ല.
                          കോവിഡ് വന്നപ്പോൾ മുതൽ സർക്കാർ ആശുപത്രി അയാളെ
സ്വാഗതം ചെയ്തു. സർക്കാർ ഡോക്ടർമാർ അയാളെ പരിചരിച്ചു. ഡിസ്ചാർജ് ചെയ്തു
പോരുമ്പോൾ അയാളുടെ തല വല്ലാതെ കുനിഞ്ഞു പോയിരുന്നു.

4. ശാസ്ത്രം

              വൈറസ് പടരാൻ തുടങ്ങിയതോടെ മനുഷ്യർ ആരാധനാലായങ്ങൾക്ക്
മുമ്പിൽ ചെന്ന് കരഞ്ഞു.

മക്കളേ ഇത് നിങ്ങൾ തന്നെ വരുത്തിയ വിനകൾ.ഞങ്ങൾക്കിതിൽ പങ്കില്ല

ദൈവങ്ങൾ ഒാരോരുത്തരായി മാസ്ക് ധരിച്ച് പുറത്തിറങ്ങി മാറി നിന്നു.

മനുഷ്യർ ധൃതിയിൽ മത ഗ്രന്ഥങ്ങളുടെ ഏടുകൾ മറിക്കാൻ തുടങ്ങിയപ്പോൾ
മതങ്ങൾ കിട്ടിയ പഴുതിന് മുങ്ങി.  അവനവന്റെ ഒളിയിടങ്ങളിൽ സമ്പർക്ക
വിലക്കിൽ ഇരുന്നു.
മനുഷ്യനോട് സഹവസിച്ചാലേ രോഗം പകരും രോഗം ഭേദമായി വരാമെന്ന് അവർ ഉറപ്പിച്ചു.
ശാസ്ത്രം മാത്രം മനുഷ്യരെ അടുത്തു വിളിച്ച് സാന്ത്വനിപ്പിച്ചു. രോഗം
വന്നവരെ പരിചരിച്ചു.


5.ചിത്രം

കുട്ടി ചിത്രം വരക്കാനിരുന്നു.
എന്തിന്റെ ചിത്രം വരക്കും.

കുട്ടി ദൈവത്തിന്റെ ചിത്രം വരക്കാൻ തുടങ്ങി.
നിരവധി കൈകൾ
ഒാരോ കയ്യിലും ഒാരോ ആയുധങ്ങൾ. ഒരു കയ്യില്‍ സോപ്പ്. ഒരു കയ്യിൽ
സാനിറ്റൈസർ, ഒരു കയ്യിൽ മരുന്നും , ഒന്നിൽ സിറിഞ്ച്,
ദൈവത്തിന്റെ വാഹനമായി എന്തു വരക്കും? കുട്ടി ആലോചിച്ചു.
പിന്നെ തൂവെള്ള നിറത്തിൽ ഒരു ആംബുലൻസ് വരച്ചു.

ദൈവത്തിന്റെ പ്രധാന പൂജ എന്തായിരിക്കും.? കുട്ടി വീണ്ടും ആലോചനയിലായി.

പിന്നെ അവനെഴുതി കൈ കഴുകൽ..

നിന്റെ ദൈവത്തിന്റെ പേരെന്താ..? അമ്മ ചോദിച്ചു.

മനുഷ്യൻ..കുട്ടി സംശയമില്ലാതെ പറഞ്ഞു.

6.ഐസോലേഷൻ

എല്ലാരും വീടിനകത്തായപ്പോൾ വീടുകൾ അവരോട് സംസാരിക്കാൻ തുടങ്ങി.

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ..? ഒറ്റുപ്പെടൽ എന്താണെന്ന്. നിങ്ങൾ എന്നെ
അടച്ചു പൂട്ടി രാവിലെ പോയാല്‍ പിന്നെ ഞാനൊറ്റക്കായിരുന്നു.
നിങ്ങൾ തിരിച്ചു വരും വരെ എനിക്ക് ആധിയായിരുന്നു..

ഇത്ര വലിപ്പത്തിൽ എന്നെ നിർമിച്ചിട്ട് നിങ്ങൾ എന്റെ എല്ലാ മുറികളിലും
ഒന്ന് കയറി നോക്കിയിട്ട് എത്ര നാളായി. മാസത്തിലൊരിക്കലല്ലേ അടിക്കലും
തുടക്കലും. നിങ്ങളെ എല്ലാരേം ഒന്നിച്ചു കണ്ടപ്പോൾ എനിക്കെന്തു
സന്തോഷമായെന്നോ..

ഇനി എനിക്ക് ഒരു കാര്യം കൂടി നിങ്ങളോട് പറയാനുണ്ട്?

അതെന്താ?

ആ വൃദ്ധസദനത്തിലാക്കിയ ആളുകളെ എത്രയും പെട്ടെന്ന് കൂട്ടിക്കൊണ്ടു വന്ന്
ഒപ്പം താമസിപ്പിക്കണം..

‌7. ലോക്ക്

ലോക്ക് ഡൗൺ ആയ ദിവസം വീട്ടുകാർ വളർത്തു നായെയ ഒന്നുകൂടി ചങ്ങല
മുറുക്കിക്കെട്ടി. അഥവാ പൊട്ടിച്ചു പോയാൽ പുറത്തിറങ്ങി പിടിക്കാൻ കൂടി
പറ്റില്ലല്ലോ..

അപ്പോഴാണ് പുറത്ത് ജീപ്പിൽ ഉച്ചഭാഷിണി വിളിച്ചു പറയുന്നത്..

ബ്രീക്ക് ദി ചെയിൻ ,,എല്ലാവരും ചേർന്ന് കണ്ണി മുറിക്കുക..

നായ് ചേദ്യഭാവത്തിൽ ഉടമസ്ഥനെ നോക്കി...|
അത് ഞങ്ങൾ മനുഷ്യർക്ക്...നിനക്ക് ടൈറ്റ് ദി ചെയിൻ ആണ്. ഒന്നു കൂടി
മുറുക്കിക്കെട്ടൽ.

8. ശക്തം

അതു വരെ മനുഷ്യൻ ചിന്തിച്ചിരുന്നത് താനില്ലെങ്കിൽ ഈ ലോകമി്ല്ല
എന്നായിരുന്നു. താനാണ് ശക്തൻ എന്നായിരുന്നു

ആദ്യദിവസം വീട്ടിൽ അടച്ചിരിക്കേണ്ടി വന്നപ്പോൾ അവൻ കണ്ടു. എല്ലാ കിളികളും
പാറിപ്പറക്കുന്നു. എല്ലാ മൃഗങ്ങളുെ പതിവുപോലെ നടക്കുന്നു. സൂര്യൻ
ഉദിക്കുന്നു. പ്രകാശം പരക്കുന്നു. നിഴലുകൾ ഉണ്ടാവുന്നു. കാറ്റടിക്കുന്നു.
സൂര്യൻ അസ്തമിക്കുന്നു. രാത്രിയാവുന്നു. ചന്ദ്രനുദിക്കുന്നു. നിലാവ്
പരക്കുന്നു...എല്ലാം നടക്കുന്നു. ഒരു സൂക്ഷ്മജീവിക്കുമുമ്പിൽ താൻ
കീഴടങ്ങിയിരിക്കേണ്ടി വന്നിരിക്കുന്നു...

അന്ന് കണ്ണാടി നോക്കുമ്പോൾ മനുഷ്യൻ തന്റെ പ്രതിബിംബത്തോട് സങ്കടത്തോടെ പറഞ്ഞു..

അശക്തൻ..

9.പ്രകൃതിയുടെ വിളി

          ലോക്ക് ഡൗൺ രണ്ടാഴ്ചയായി..മാളിൽ നിന്നും വാങ്ങി വച്ച പച്ചക്കറി
തീർന്നു. മുന്തിയ വിലയുടെ അരി തീർന്നു. ചിക്കനും മീനുമുണ്ടായിരുന്ന എല്ലാ
ദിവസങ്ങളും തീർന്നു പോയി. ഡൈനിങ് ടേബിൾ മൂകമായി..

 കുബേരൻ അപ്പോൾ  ഒരു വിളി കേട്ടു,,

തെക്കേത്തൊടിയിലെ പിലാവിൽ നിന്നാണ്..

കുബേരാ വന്നോളൂ...നിനക്കുള്ള ഭക്ഷണം ഞാൻ എന്നോ കരുതിയിട്ടുണ്ട്.


മുറ്റത്ത് ഇല വീഴുമെന്ന് പറഞ്ഞ വെട്ടിക്കുറ്റിയാക്കിയ തൈമാവ് വിളിച്ചു..

വരൂ..എത്ര വേണമെങ്കിലും എടുത്തോളൂ...

ചെടികളെല്ലാം അയാളെ വിളിച്ചു...കുബേരന്  വല്ലാതെ കരച്ചിൽ വന്നു.

10. പരിഹാരം

വിരോധ്.കെ.ആഭാസൻ അവസാനം ജോത്സ്യനെ കാണാൻ തീരുമാനിച്ചു. ഇതിൽ നിന്ന്
എന്തെങ്കിലും മോചനം ഉണ്ടോ എന്നറിയാമല്ലോ..

ജോത്സ്യന്റെ ഉമ്മറത്ത് ഒരുക്കി വച്ച വെള്ളും സാനിറ്റൈസറും.
കൈ കഴുകുക എന്നെഴുതിയ കടലാസും..

മാസ്കിട്ട് ഇരിക്കുന്നു ജോത്സ്യൻ ഉദരനിമിത്തം.
അയാൾ അടുത്തേക്ക് ചെന്നപ്പോൾ ജോത്സ്യൻ മാറി നിന്ന് പറഞ്ഞു..

ഒരു മീറ്റർ അങ്ങോട്ട് മാറി നിക്കാ..  രാശി വിശദമായി പരിശോധിച്ച് ജോത്സ്യൻ
ഉദരനിമിത്തം വിരോധ് കെ ആഭാസനോട് പറഞ്ഞു

അതേയ്..സമ്പർക്ക് വിലക്കും ഏകാന്തവാസവും അനുഭവിക്കാൻ നിമിത്തം കാണുന്നു..

ഇതിന് പരിഹാരം ഒന്നുമില്ലേ ജോത്സ്യരേ

ഉണ്ടല്ലോ.. ഇടക്കിടക്ക് ഹസ്തധാവനം അങ്ങോട്ട് ചെയ്യാ..പുറത്ത് വല്ലാതെ
ഇറങ്ങാതിരിക്കാ..വീട്ടിനുള്ളിൽ അടച്ചിരുന്നോളൂ.. പോണ പോക്കിൽ തന്നെ ഒരു
സാനിറ്റൈസർ വാങ്ങി വച്ചോളൂ...കുടുംബത്തോട് ചേര്‍ന്നിരിക്കാനുള്ള
അപൂർവയോഗവും കാണുന്നുണ്ട്...

വിരോധ് കെ ആഭാസന് സംശയം തീർന്നു. പുറത്തിറങ്ങുമ്പോൾഅയാൾ  കൈ ഒന്നുകൂടി കഴുകി.

11.വില

ഹിൽ വ്യൂ നഗറിലെ എല്ലാവരും പച്ചക്കറി വാങ്ങിയിരുന്നത് ആമസോണിൽ കൂടിയായിരുന്നു.

റിവർ വ്യൂ ഹൗസിങ്ങ് കോളനിക്കാർ അരി വാങ്ങിയിരുന്നത് ഫ്ളിപ്പ് കാർട്ടില്‍

റെയിൻബോ അപ്പാർട്മെന്റിൽ എല്ലാരും പലചരക്ക് വാങ്ങിയത് ഒാൺലൈനിൽ

ലോക്ക് ഡൗൺ വന്നപ്പോൾ മുക്കിലെ അയമുട്ട്യാക്കയുടെ പലചരക്കുപീടികയും
പച്ചക്കറിത്തട്ടും അവരെ മാടി വിളിച്ചു..

വരീം കൂട്ടരെ..ഉള്ളത് കൊണ്ടു പോയ്ക്കോളിൻ..എല്ലാരുടെം വിശപ്പ്
തീരട്ടെ..ഇതാ സകായ വില, സകായ വില..



12. രഹസ്യം

കോവിഡ് പരന്നു പിടിച്ചപ്പോൾ ഇരുപത്തിനാല് മണിക്കൂറും തുറന്നു
പ്രവർത്തിക്കുന്ന അത്യാഹിത യൂണിറ്റുള്ള സൂപ്പർ ,സ്പെഷ്യാലിറ്റി ആശുപത്രി
പൂട്ടി .

അൾട്രാ സൗണ്ട് സ്കാനിങ്ങുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുറന്നതേയില്ല..

സൗജന്യ കണ്ണുപരിശോധനയില്ല
ഫുൾബോഡി ചെക്കപ്പില്ല
മെഡിക്കൽ ക്യാമ്പില്ല.
മുക്കിന് മുക്കിന് കെണിതുറന്നു വച്ചിരുന്ന ആരെയും പുറത്തുകണ്ടിസ്സ

അപ്പോളും തുരുമ്പുപിടിച്ച ഗേറ്റോടെ, മഞ്ഞയടിച്ച ചുമരോടെ ചിരിച്ചു
നിൽക്കുന്നുണ്ടായിരുന്നു സർക്കാർ ആശുപത്രി.

13. അവശ്യ സർവീസ്

       ആളുകൾ പുറത്ത് പോകുന്നത് നിരോധിച്ചു. കടകൾ ഒന്നും തുറന്നില്ല.
ഒാഫീസുകൾ അടഞ്ഞു കിടന്നു. ഫാക്ടറികൾ അടച്ചു. തൊഴിലാളികൾ പണിക്കു
പോകുന്നത് നിർത്തി. സ്കൂളുകൾ അടച്ചു..

എല്ലാവരും വീടുകളിലായി

അമ്മേ എനിക്ക് വിശക്കുന്നു.. കുട്ടികൾ

എന്റെ ചായ എവിടെ..?.ഭർത്താവ്

അമ്മേ വൈകിട്ട് ബിരിയാണി വച്ചു തരുമോ?

വൈകിട്ട് ഇന്നെന്താ...?

അമ്മേ ഏട്ടൻ വികൃതിയടിക്കുന്നു....
അമ്മേ ഇവളെന്റെ പുസ്തകം എടുത്തു കീറി...

അമ്മക്ക് ലോക്ക് ‍ഡൗൺ ബാധകമല്ലായിരുന്നു..അടുക്കള അവശ്യ സർവീസ് ആയിരുന്നല്ലോ.

14 ബേബി ബൂം..

എടീ..നീയിത് വായിച്ചോ?   സുലു അവളുടെ മൊബൈലിലെ ഒരു വാർത്ത എടുത്ത്
സുജാതയുടെ അടുത്തേക്ക് ഒാടി..


ലോക്ക് ഡൗൺ കാലഘട്ടത്തില്‍ ഇന്ന് എല്ലാവരും വീടുകളിലാണ്. ഇത് ഭാര്യാ
ഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുകയും ഇതിന്റെ അനന്തരഫലമായി
അടുത്ത വർഷം ജനിക്കാൻ പോകുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്
ഉണ്ടാകുമെന്നും ബേബിബൂമിന് കാരണമാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു...

സുലുവിന്റെ വായനയിൽ നാണം കലർന്ന ചിരിയുണ്ടായിരുന്നു..

ഒന്നു പോടി..അവർക്കതൊക്കെ പറയാം .ഇവിടെ മൂപ്പർക്ക് ജോലിയും കൂലിയും
ഇല്ലാതായി. മൂപ്പർക്കാണെങ്കിൽ പുറത്തേക്കിറങ്ങണം..അതിനിപ്പോ
പറ്റുകയുമില്ല.,അതു കാരണം തൊട്ടതിനും പിടിച്ചതിനും ഒക്കെ
വഴക്കാ..എപ്പോഴും കണ്ണുപൊട്ടണ ചീത്തയാ...ഇക്കാലം കഴിയുമ്പോഴേക്കും
ഡൈവേഴ്സ് ആകുമോ എന്നാണ് എന്റെ പേടി. അപ്പോഴാ അവളുടെ ഒരു ബേബി ബൂം..

15. സമത്വം

                          നാട്ടിലെ തുണിക്കടകളെല്ലാം
അടച്ചു...സ്വർണക്കടകളിലെ തിരക്കൊഴിഞ്ഞു..പത്രങ്ങളിലെവിടെയും
മോഷണത്തിന്റെ വാർത്തകളില്ല..വീടിന്റെ ഗേറ്റ് ഇപ്പോൾ അടക്കാറില്ല.
എന്നിട്ടും പകലൊരു വിരുന്നുകാരനോ രാത്രി ഒരു കള്ളനോ പടികയറി
വന്നില്ല..ജനാല തുറന്നിട്ട് ഉറങ്ങിയിട്ടും മാല പൊട്ടിക്കലുണ്ടായില്ല .
നാട്ടിലെ സമൂഹ അടുക്കളയിൽ നിന്നായിരുന്നു മുതലാളിക്കും തൊഴിലാളിക്കും
ഭക്ഷണം..

പേരക്കുട്ടിയെ മടിയിലിരുത്തി മുത്തശി ഒരു പാട്ട് മൂളി

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ
കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം..

പല്ലില്ലാത്ത മോണകൾ കാട്ടി കുട്ടിയും മുത്തശിയും തമ്മിൽ ചിരിച്ചു.

16. വൈരുധ്യം

         നിരത്തുകളിൽ പൊലീസ് സജീവമാണ്.  വാഹനങ്ങളുമായി
നിരത്തുകളിലെത്തുന്നവരെയും നഗരത്തിലെ കടകളിലെത്തിയവരെയും പൊലീസ്
വിരട്ടിയോടിച്ചു. ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ പൊലീസ് നിർണായക പങ്കു
വഹിക്കുകയാണ്..

 ടിവിയിൽ വാർത്ത കാണുകയായിരുന്നു ലോക്കൽ നേതാവ്. മൊബൈലെടുത്ത് അയാൾ ഫേസ്
ബുക്കിൽ പോസ്റ്റിട്ടു.

പൊലീസിന്റെ നടപടി സ്വാഗതാർഹം..കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്
എല്ലാവരും വീടുകളിൽ കഴിയണം. പൊലീസ്  പൊരിവെയിലിൽ നമുക്ക് വേണ്ടിയാണ്
പ്രവർത്തിക്കുന്നത്..

അപ്പോഴാണ് ഭാര്യ പറയുന്നത്..

ചേട്ടാ സാധനങ്ങളെല്ലാം കഴിഞ്ഞു..കുറച്ചെന്തെങ്കിലും വാങ്ങിച്ചു വരാമോ?

നേതാവാണല്ലോ എന്ന ബലത്തിൽ അയാൾ കാറുമായി പുറത്തിറങ്ങി. തൊട്ടടുത്തെ
കടയിൽ നിന്നും വാങ്ങിയാൽ മതി. പക്ഷേ നഗരത്തിൽ തന്നെ പോകുവാൻ അയാൾ
തീരുമാനിച്ചു.

വഴിയിൽ പൊലീസ് തടഞ്ഞു. നേതാവാണെന്ന് പറഞ്ഞിട്ടും പൊലീസ് വകവച്ചില്ല.
അയാളെ തടഞ്ഞു വച്ചു. വണ്ടി സ്റ്റേഷനിൽ പിടിച്ചിട്ടു..തിരിച്ചെത്തിയ
നേതാവ് ഫേസ് ബുക്കിൽ പോസ്റ്റിട്ടു..

രാജ്യത്ത് പൊലീസ് രാജ്, പൊതുജനങ്ങളെ വേട്ടയാടുന്ന പൊലീസ്
നടപടിക്കെതിരെ ജന രോഷം ഉയര്‍ന്നു വരേണ്ട സമയമായിരിക്കുന്നു..

കണ്ണാടിയിലെ നേതാവിന്റെ പ്രതിബിംബം അയാളെ നോക്കി വെളുക്കെ ചിരിച്ചു.

17. മോഷണം

രാത്രി വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തു കയറി.
കാത്തിരിക്കാന്‍ സമയമില്ല.  ലോക്ക് ഡൗൺ വന്നു കഴിഞ്ഞാൽ പിന്നെ
പണിക്കിറങ്ങാൻ കഴിയില്ല..അതിനു മുമ്പ് കിട്ടിയത് കക്കുക
തന്നെ...കണ്ടിട്ട് കനപ്പെട്ട വിടുതന്നെ

അനങ്ങിപ്പോകരുത് ..

ഉറങ്ങിക്കിടന്ന വീട്ടുകാരെ കത്തി നിവർത്തി കള്ളൻമാരുടെ തലവൻ വിരട്ടി.
അവർ പേടിച്ചുവിറച്ച് കൈകൾ മുകളിലേക്കുയർത്തി നിന്നു..

എടുക്കെടാ പണവും സ്വർണവും..

അതൊക്കെ മകന്റെ കയ്യിലാ... അവന്റെ മുറിയിലാ..

അവനെവിടെ..ഏത് മുറിയിൽ..

കള്ളൻമാർ വീട്ടുകാർ ചൂണ്ടിക്കാണിച്ച മുറിയുടെ വാതിലിൽ തട്ടി വിളിച്ചു.
കുറെ മുട്ടിയിട്ടും അനക്കമില്ല..

അവൻ ഇന്നലെ വന്നതേ ഉള്ളൂ..നല്ല ഉറക്കമായിരിക്കും...അവൻ പുറത്തായിരുന്നു
കുറച്ചു കാലം..വന്നിട്ട് പുറത്തേക്കിറങ്ങിയിട്ടില്ല..

നല്ലൊരു കോളൊത്തു എന്ന സന്തോഷത്തോടെ കള്ളന്മാരുടെ തലവൻ ചോദിച്ചു..

മകൻ എവിടെയായിരുന്നെന്നാ പറഞ്ഞത്..?

ഇറ്റലി..

ഒരു നിലവിളി വീട്ടിൽ നിന്നും ഇറങ്ങി മുറ്റം കടന്ന് പുറത്ത് ഗേറ്റിനടുത്ത്
നിർത്തിയിട്ടിരുന്ന വണ്ടിയിൽ കയറി പാഞ്ഞു പോകുന്നതും കണ്ട് വീട്ടുകാർ
അന്തം വിട്ടു നിന്നു,

18. പേടി

വൈകുന്നേരമായി ആളുകൾ ഒന്നൊതുങ്ങിയപ്പോൾ കൊറോണ വൈറസുകൾ പാത്തും
പതുങ്ങിയും ഇറങ്ങി..
എല്ലായിടത്തും ഹാൻഡ് വാഷ് കോർണറുകൾ, ആളുകൾക്കെല്ലാം മാസ്കുകൾ, എല്ലാ
വീടുകളിലും സാനിറ്റൈസർ...കൊറോണക്ക് നല്ല പേടിയുണ്ടായിരുന്നു..

ഒരു വീട്ടിൽ കുറച്ച് ആളുകൾ ടിവിയുടെ മുന്നിലാണ്. ബാക്കി ആളുകളെല്ലാം
തലയും കുമ്പിട്ടിരുന്ന് മൊബൈലിൽ. ആരും പരസ്പരം മിണ്ടുന്നില്ല.കൊറോണ
ടിവിയിലേക്ക്  നോക്കി. സീരിയലാണ്. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കൊറോണ
അടുത്തിരുന്ന കൊറോണയെ പേടിയോടെ തോണ്ടി വിളിച്ചു..

വാടാ പോകാം..ഇവര് നമ്മളെക്കാൾ വലിയ ദുരന്തങ്ങളെ ദിവസവും
കാണുന്നതാ...നമ്മളെക്കാൾ വലിയ ദുരന്തങ്ങളാടാ ഇവർ.

19.ദൈന്യം

രാജ്യം അടച്ചിട്ടിരിക്കുകയാണ്.  അടുപ്പുകൾ പുകയുന്നില്ല. വിശപ്പുകൾ
കരഞ്ഞ് തളർന്ന് ഉറങ്ങിക്കിടക്കുകയാണ്.

കോടികൾ ചിലവഴിച്ചുണ്ടാക്കിയ പ്രതിമകളുടെ ഹൃദയങ്ങൾ പോലും ഉരുകി ഒലിച്ചു
തുടങ്ങിയിരുന്നു.

20.ഭ്രാന്ത്

ആരും കൂട്ടം കൂടി നിൽക്കരുത്. അകലം പാലിക്കുക,

പീടിക വരാന്തയിലിരുന്ന് ഭ്രാന്തൻ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

സൂപ്പർ ബൈക്കിൽ ചീറി വന്ന ഫ്രീക്കൻ ഭ്രാന്തന് മുന്നിൽ സഡൻ ബ്രേക്കിട്ടു..

ചെക്കാ ..മര്യാദക്ക് വീട്ടിലിരുന്നോ..എന്നാൽ വരുന്ന ഒാണത്തിന് ചോറ്
കുഴച്ച് ഉരുളയാക്കി കഴിക്കാം. അല്ല പുറത്തിറങ്ങി നടന്ന് രോഗം പിടിച്ചാ
കർക്കിടവാവിന് വീട്ടുകാർ ബലിയിട്ട് കൈകൊട്ടുമ്പോ പാത്തും പതുങ്ങിയും
വന്ന് കൊത്തിത്തിന്നേണ്ടിവരും..

ഫ്രീക്കൻ വണ്ടി തിരിച്ച് വീട്ടിലേക്ക് പാഞ്ഞു.


21 വരം
             ചുടുകാട്ടിൽ തപസു ചെയ്ത നാറാണത്ത് ഭ്രാന്തന് മുമ്പിൽ കാളി
പ്രത്യക്ഷപ്പെട്ട് വരം ചോദിച്ചു കൊള്ളാൻ പറഞ്ഞു,,,

എന്റെ ഇടത്തേക്കാലിലെ മന്ത് വലത്തേക്കാലിലേക്കാവാൻ വരം തരണം,,,

അങ്ങനെയാവട്ടെ

                        അപ്പോൾ മദ്യശാലക്ക് മുമ്പിൽ വലിയ
തിരക്കായിരുന്നു,, ആരും അകലം പാലിക്കുന്നില്ല,, മാസ്കില്ല,
സാനിറ്റൈസ്റ്റില്ല,, ലഹരിപിടിച്ച ഒരാൾക്കൂട്ടം
                രോഗം വ്യാപിക്കുമെന്ന് പേടിച്ച് അവസാനം സർക്കാർ
മദ്യശാലയും നിരോധിച്ചു. പലയിടത്തും മദ്യപന്മാർ ആത്മഹത്യ ചെയ്തു,,
സമ്മർദ്ദത്തിലായ സർക്കാർ അടുത്ത ഉത്തരവിറക്കി,,

ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം വാങ്ങാം

               അതോടെ ഡോക്ടർമാരുടെ വീടിനു മുമ്പിൽ മദ്യപന്മാരുടെ വരി
നീണ്ടു,, കുറിപ്പടി എഴുതിയെഴുതി ഡോക്ടർമാർക്ക് മത്തുപിടിച്ചു, കൈവിരലുകൾ
വേദനിച്ചു നീരുവന്നു,,, തഴമ്പായി,,, രാപ്പകലില്ലാതെ രോഗികൾ വന്നു
കൊണ്ടിരുന്നു,,, ക്രമസമാധാനത്തിനായി പൊലീസ് കാവൽ നിന്നു,,
 കുറിപ്പടി കിട്ടിയവർ മദ്യശാലയിലേക്ക് ഓടി,, ചിലർകുറിപ്പടികൾ
കരിഞ്ചന്തയിൽ വിറ്റ് വീണ്ടും വരിയിൽ നിന്നു,,,
     ചിലർ ഡോക്ടറെ ഭീഷണിപ്പെടുത്തി തനിക്കാവശ്യമുള്ള ബ്രാൻഡ് തന്നെ
എഴുതിച്ചു,, എഴുതാതെ വന്നപ്പോൾ ‍ഡോക്ടറുടെ കഴുത്തിന് കുത്തിപ്പിടിച്ചു.
ചിലർ ഉയർന്ന നേതാക്കന്മാരുടെ ശുപാർശ കത്തുകളോടെയാണ് വന്നത്,, ചിലർക്ക്
കൂടുതൽ അളവിൽ നൽകാൻ ഡോക്ടറുടെ മൊബൈലിൽ വൻ ശക്തികളുടെ വിളികൾ വന്നു
കൊണ്ടിരുന്നു,

ഭ്രാന്തൻ പൊട്ടിക്കരഞ്ഞു പോയി,,,

22 പുരാവൃത്തം

കടയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന മാങ്ങ അണുനാശനിയിൽ മുക്കി കഴുകി,
ചുടുവെള്ളത്തിൽ മുക്കിയ കത്തികൊണ്ട് മുറിച്ച് ഗ്ളൗസ് ഇട്ട കൈ കൊണ്ട്
എടുത്ത് തിന്നുകയായിരുന്നു പേരക്കുട്ടികൾ

മുത്തശി പതിവുപോലെ പുരാവൃത്തത്തിലായി

എന്റെ ചെറുപ്പത്തിൽ തൊടിയിൽ തന്നെ മാവുണ്ടായിരുന്നു ..കാറ്റടിച്ചും
അണ്ണാറക്കണ്ണൻ കൊത്തിയും ഒക്കെ താഴെ വീഴണ മാങ്ങ ഞങ്ങൾ കുട്ടികൾ  എടുത്ത്
കടിച്ചീമ്പി തിന്നുമായിരുന്നു..

വിത്ത് ഒൗട്ട് എനി സാനിട്ടേഷൻ...? കുട്ടികൾ അത്ഭുതം കൂറി

അന്ന് നാട്ടിലെ ചായപ്പീടികയിലേക്ക് രാവിലെ ചെന്നാൽ ചില്ലുകൂട്ടിൽ
പരിപ്പുവടയും  ഉണ്ണിയപ്പവുമൊക്കെ ചുട്ടു
കൂട്ടിയിട്ടുണ്ടാകും..ചായക്കടക്കാരൻ കൈ കൊണ്ട് എടുത്തു തരും..അല്ലെങ്കിൽ
നമുക്ക് എടുക്കുകയും ചെയ്യാം.. മുത്തശൻ പുരാവൃത്തത്തിന് കൂട്ടുകൂടി

അയ്യേ..വിത്ത് ഒൗട്ട് ഗ്ളൗസ്,,,ഐ കോണ്ട് ഇമാജിൻ ഇറ്റ്.. കുട്ടി മൂക്കത്ത്
വിരൽ വച്ചു..

തുടങ്ങിയോ പതിവുപോലെ പുരാവൃത്തം..?

ഉള്ളിൽ നിന്നൊരു ചോദ്യം വേഷം മാറി വന്നു.

23. വെന്റിലേറ്റർ

രോഗം ബാധിച്ചവർ ഒരു പാടായിരുന്നു. ആശുപത്രികൾ നിറഞ്ഞുകഴിഞ്ഞിരുന്നു.
ആവശ്യത്തിന് വേണ്ട അത്രയും എണ്ണം വെന്റിലേറ്ററുകളോ മരുന്നോ
ഉണ്ടീയിരുന്നില്ല.അവസാനം അധികാരികൾ ഒരു തീരുമാനം എടുത്തു. നല്ല
പ്രായമായവരെയും അസുഖം മൂർഛിച്ചവരെയും ചികിത്സിക്കേണ്ടതില്ല. കുട്ടികളെയും
ചെറുപ്പക്കാരെയും മാത്രം ചികിത്സിക്കുക. അങ്ങിനെ വെന്റിലേറ്ററും
മരുന്നുകളും ലാഭിക്കാം.
                        അതനുസരിച്ച് ആ വൃദ്ധമാതാവിന്റെ വെന്റിലേറ്റർ
ഊരാനൊരുങ്ങുകയായിരുന്നു നഴ്സ്..

അവസാന ശ്വാസത്തിലും അവർ പറഞ്ഞു..

എടുത്തോളൂ മോളേ..പുറത്ത് എന്റെ മക്കള്‍ രോഗം ബാധിച്ച്
കിടക്കുന്നുണ്ടാകും..അവർക്കാർക്കെങ്കിലും നൽകൂ..ഞാൻ അവരിലൂടെ
ജീവിക്കുമല്ലോ..

നഴ്സിന്റെ കൈ വല്ലാതെ വിറച്ചു.

25. ദർശനം

ആരാധനായത്തിന്റെ പടിക്കൽ ഒരു കത്ത് കിടക്കുന്നത് കണ്ട് വിശ്വാസികൾ ഒന്നമ്പരന്നു..

ഇന്നു മുതൽ ദർശനത്തിന് വരുന്നവർ മാസ്ക് ധരിച്ചിരിക്കണം,,സാനിറ്റൈസർ
കൊണ്ട് കൈ കഴുകിയിരിക്കണം, വരിയിൽ ഒരു മീറ്റർ അകലത്തിൽ നിൽക്കണം...

ദൈവം ഏകാന്തവാസത്തിലായിരുന്നു..

രണ്ടു ദിവസം അങ്ങിനെ പോയി. മൂന്നാം ദിനം പിന്നെയും ഒരു കത്ത് കണ്ടു. അതിൽ
ചുകന്ന മഷിയിൽ കനപ്പിച്ച് എഴുതിയിരുന്നു.

ഇന്ന് മുതൽ ദർശനം ഉണ്ടായിരിക്കുന്നതല്ല . സമൂഹ വ്യാപനം തടയാൻ ഞാൻ സമ്പൂർണ
സമ്പർക്ക വിലക്കിലായിരിക്കും..

എന്ന് സ്വന്തം ദൈവം.

26.വാണിഭം

ഒറ്റയടിക്ക് മധുശാലകൾ അടച്ചതോടെ ഡോക്ടർമാർക്ക് മദ്യം മരുന്നായി കുറിച്ചു
കൊടുക്കാമെന്ന് ശാസനം വന്നു.

പിന്നെ മരുന്നുകമ്പനികളെല്ലാം മധു കമ്പനികളായി. ആശുപത്രികളെല്ലാം വിവിധ
ഡോക്ടർമാരെക്കൊണ്ടു നിറഞ്ഞു. വിസ്കി സ്പെഷലിസ്റ്റ്, ബ്രാൻഡി
സ്പെഷലിസ്റ്റ് എന്നിങ്ങനെ. അവയുടെ ഏജന്റുമാർ ഡോക്ടർമാരുടെ മുറികൾക്കു
മുമ്പിൽ സാമ്പിൾ ബോട്ടിലുകളുമായി കാത്തുനിന്നു. വൻതുക കമ്മീഷൻ ഒാഫർ
ചെയ്തു.  ആശുപത്രി വാർഡുകളെല്ലാം ബാർ ഹോട്ടലുകളായി.  നഴ്സുമാരെല്ലാം
സ്പ്ളെയർമാരായി..സിറിഞ്ചും മരുന്നിനും പകരം ടച്ചിങ്സ് പ്രത്യക്ഷപ്പെട്ടു.
തെരുവിലെ എല്ലാചുമരുകളിലും കൊട്ടാരം ചിലവിൽ വലിയ അക്ഷരത്തിൽ എഴുതിവച്ചു.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം.

27. താന്തോന്നികൾ

വീട്ടിൽ ഒരു വസ്തു ഇല്ല. മാധവൻ മാഷ് ശിഷ്യന്മാരെ ഒാരോരുത്തരെയായി
വിളിച്ചു. ആദ്യം മി.എക്സിനെ വിളിച്ചു. അവൻ വലിയ പണക്കാരനാണ്.

അയ്യോ മാഷെ ..ലോക്ക് ഡൗൺ അല്ലേ..എനിക്ക് പുറത്തിറങ്ങുന്നതേ പേടിയാ..

‍‍ഡോക്ടർ വൈ യേയും  എഞ്ചിനീയർ സെഡിനേയും ഒക്കെ വിളിച്ചു. എല്ലാവരും ഒരേ ഉത്തരം.

അപ്പോഴാണ്.,മാഷ് പുറത്തൊരു അനൗൺസ്മെന്റ് കേട്ടത്.

ഈ ലോക്ക് ഡൗൺ കാലത്ത് ആരും പുറത്തിറങ്ങരുത്. നിങ്ങൾക്കത്യാവശ്യമുള്ള സാധനങ്ങൾ
ഞങ്ങൾ വീട്ടിലെത്തിച്ചു തരും..

ആരാണ് ഈ പോസ്റ്റ് ഇട്ടതെന്ന് മാധവൻ മാഷ് കണ്ണട എടുത്തു വച്ച് ചികഞ്ഞു
നോക്കി. അതെ അവർ തന്നെ. തന്റെ ക്ളാസുകളിലെ പിൻ ബഞ്ചുകാർ, താന്തോന്നികൾ.
അവരെപ്പറ്റി അഭിമാനം തോന്നിയപ്പോൾ മാഷ് കണ്ണട എടുത്തുമാറ്റി കണ്ണുകൾ
തുടച്ചു.

28. ജാതി

കൊറോണ വൈറസ് ഒരു ഫാസിസ്റ്റാണ് ..അത് രോഗം നമ്മളിൽ
അടിച്ചേൽപ്പിക്കുകയാണ്.. സോഷ്യലിസ്റ്റ് ഉറക്കെ പറഞ്ഞു

ഒരിക്കലുമല്ല. കൊറോണ ഒരു സോഷ്യലിസ്റ്റാണ്..അത് ലോകത്തെ എല്ലാവരെയും ഒരു
പോലെ ബാധിക്കുന്നു...ഫാസിസ്റ്റ് വടിയുയർത്തി

അത് ആളുകളെ ഭീകരമായി കൊന്നുതള്ളുന്നതിനാൽ ഭീകരവാദി തന്നെ.. മിതവാദി
പതുക്കെ പറഞ്ഞു..

ജീവനുള്ളതിനാൽ അത് എന്റെ മതക്കാരനാണ് ഒരു വിശ്വാസി പറഞ്ഞു.
ജീവനില്ലാത്തതിനാൽ എന്റെ മതക്കാരനാണ്..മറുവിശ്വാസി തിരുത്തി.

             ആളുകൾ ലക്കും ലഗാനുമില്ലാതെ കൂട്ടം കൂടി ഉറക്കെ തുമ്മിയും
ചുമച്ചും പരസ്പരം യുദ്ധം തുടങ്ങിയാപ്പോൾ കൊറോണ ഉറക്കെ
പൊട്ടിച്ചിരിച്ചു.

29 മൂല്യം

കൊറോണക്ക് മുമ്പ് ആ രാജ്യത്തിന്റെ മുദ്രാ വാക്യം പണത്തിന് മീതെ പരുന്തും
പറക്കില്ല എന്നായിരുന്നു. പണത്തിന് മീതെ പറന്ന പരുന്തുകളെ അവർ വേട്ടയാടി
സ്റ്റഫ് ചെയ്ത് വീടുകളിൽ തൂക്കിയിട്ടിരുന്നു.
               കൊറോണക്ക് ശേഷം ആ നഗരത്തിൽ കറൻസി നോട്ടുകൾ
ചിതറിക്കിടന്നു. പൊട്ടിച്ചു വലിച്ചെറിഞ്ഞ പോലെ സ്വർണാഭരണങ്ങൾ
ചീഞ്ഞുകിടന്നു. രമ്യഹർമ്യങ്ങൾ വിജനമായി.ആരും പുറത്തിറങ്ങാതിരുന്നതിനാൽ
വഴികളെല്ലാം കാടുപിടിച്ചു. ചക്രവാളത്തിൽ ആരോ ഇങ്ങിനെ എഴുതിയിട്ടിരുന്നു.
ആരോഗ്യമാണ് ധനം.

30∙അടയാളം

                 സഹായങ്ങൾ നൽകാൻ എല്ലാവരും മത്സരിച്ചു. അരി
കൊടുത്തപ്പോൾ ഗോതമ്പ് കൊടുത്തപ്പോൾ ഒാരോ ധാന്യമണിയിലും അവരവരുടെ
പാർടികളുടെ ചിഹ്നം കൊത്തിവച്ചിരുന്നു,..പൊതിച്ചോറിന്റെ പുറത്ത്
താന്താങ്ങളുടെ നേതാക്കന്മാരുടെ വെളുക്കെച്ചിരിക്കുന്ന പടം പതിപ്പിക്കാൻ
അണികൾ ശ്രദ്ധിച്ചിരുന്നു. മരുന്നുകൾ കൊടുത്ത കവറിൽ അവരവരുടെ
മുദ്യാവാക്യം പതിച്ചിരുന്നു..ഒാരോ സഹായത്തിനും ഫോട്ടോ നിർബന്ധമായിരുന്നു.
                      എല്ലാ ഫോട്ടോയിലും സഹായം വാങ്ങിയിരുന്നത്
എല്ലുംതോലുമായ ഒരേ വർഗം ജീവികളായിരുന്നു. അതായിരുന്നു അവരുടെ അടയാളം.

31.സ്വർഗം

             തീർഥാടനത്തിന് പോയി വന്നപ്പോളാണ് അയാൾക്ക് രോഗം ബാധിച്ചത്.
 ഡോക്ടർമാർ അയാളെ പരിശോധിച്ചു. നഴ്സുമാർ അയാളെ പരിചരിച്ചു. സ്വന്തം
സഹോദരനെയോ അഛനേയൊ കൊണ്ടു പോകുന്നത് പോലെ നഴ്സുമാർ സ്ട്രക്ചറിൽ അയാളെ
ശ്രദ്ധിച്ച് കൊണ്ടുപോയി. സമയാസമയം കുത്തിവയ്പുകൾ എടുത്തു. മരുന്നുകൾ
കൊടുത്തു. രോഗം മാറി പുറത്തിറങ്ങിയ അയാൾ ഭൂമിയെ ആകാശത്തെ നോക്കി
ഉറക്കെപ്പറഞ്ഞു.
ഞാൻ കണ്ടു  മാലാഖമാരെ..ദൈവത്തെ..ഭൂമിയിലെ സ്വർഗത്തിൽ..

32.ആയുധങ്ങൾ

രോഗം പടർന്നു പിടിക്കാൻ തുടങ്ങിയപ്പോൾ രാജാക്കന്മാർ പടക്കോപ്പുകൾ പ്രജകൾക്ക് നൽകി.

ഇതാ ഈ മണിയടിച്ചോളൂ..വൈറസ് പമ്പ കടക്കും..
ഇങ്ങനെ താളാത്മകമായി കയ്യടിച്ചോളൂ..
ഇങ്ങിനെ വിളക്കോ മെഴുകുതിരിയോ കത്തിച്ചോളൂ..
ഇങ്ങിനെയിരുന്ന് പ്രാർഥിച്ചോളൂ..
ഈ വിശുദ്ധപുസ്തകം ഉരുവിട്ടോളൂ...
ഈ വെള്ളം കുടിച്ചോളൂ..
ഈ കുറി തൊട്ടോളൂ..

കഥയിലെ കുട്ടിമാത്രം ഉറക്കെ വിളിച്ചു പറഞ്ഞു..
അരെ ഷഹൻഷാ ആപ് നംഗാ ഹെ
അല്ലയോ രാജാക്കന്മാരെ നിങ്ങളുടെ ആയുധങ്ങൾ തുരുമ്പിച്ചതാണ്.