2017, ഒക്‌ടോബർ 23, തിങ്കളാഴ്‌ച

വേഷങ്ങൾ


ഗ്രാമത്തിലെ എൽ പി സ്കൂളിൽ തലേ വർഷം വിരമിച്ച ടീച്ചറമ്മ..

ഈ വർഷമിതാ മകന്റെ മക്കളെ ഇംഗ്ലീഷ് മീഡിയം ബസിൽ കയറ്റി വിടാൻ റോഡിൽ കാവൽ നിൽക്കുന്നു

ശിവപ്രസാദ് പാലോട്

ത്രികാലം


പാതയോരത്ത് പൊട്ടിയൊലിച്ചിരിക്കുന്ന
പിച്ചക്കാരൻ രണ്ടും കണ്ടു

കുതിച്ചു വരുന്നഎ സി ക്കാറിൽ
പരസ്പരം മിണ്ടാതെ മോന്ത വീർപ്പിച്ചിരിക്കുന്ന ഒന്നാം കുടുംബം

അരിച്ചു വന്ന ഓട്ടോറിക്ഷയിൽ
ചിരികൾ കൊണ്ട് ചേർന്നിരിക്കുന്ന രണ്ടാം കുടുംബം

ഹമ്പിൽ കുടുങ്ങിയ വേഗങ്ങളെ നോക്കി തകരപ്പാട്ട ഒന്നു രണ്ടാവർത്തി കുലുങ്ങിച്ചിരിച്ചു... ശ്രദ്ധ നഷ്ടപ്പെട്ട കുറച്ചീച്ചകൾ
പിച്ചക്കാരനെ വട്ടംചുറ്റി..

2017, ഒക്‌ടോബർ 18, ബുധനാഴ്‌ച

ഫാമലി ട്രിപ്പ്



അമ്മക്കെത്ര വയസായി??
30
അച്ഛന് എത്ര വയസായി???
42
പന്ത്രണ്ട് വർഷം വ്യത്യാസം. അമ്മയെന്തിനാ സെക്കൻറ് ഹാൻഡിനെ കല്യാണം കഴിച്ചത്....?

ഉദ്യാനത്തിലിരിക്കുമ്പോൾ മകൾ അവളോട് ചോദിക്കുകയായിരുന്നു..

എന്റെ നോട്ടത്തിൽ
പരുങ്ങൽ പതുങ്ങിക്കളിക്കുന്നത് കണ്ടാവണം ഭാര്യയുടെ മുഖത്ത് ഒരു മത്സരം ജയിച്ചുവരുന്ന കുട്ടിയുടെ ഭാവമുണ്ടായിരുന്നു...


*ശിവപ്രസാദ് പാലോട്*

2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

രഹസ്യങ്ങൾ


അച്ഛൻ കാണാതിരിക്കാൻ
അമ്മ മൊബൈൽ അരിച്ചാക്കിന്റെ ഉള്ളിലാ വയ്പ്... കുളിമുറിയിലേക്കു വരെ കയറിപ്പോകും ടച്ച് സ്ക്രീൻ..

അമ്മ കാണാതിരിക്കാൻ അച്ഛന്റെ ഫോൺ  പഴയ പത്രം അടുക്കി വച്ചതിന്റെ ഉള്ളിലേക്ക് നുഴഞ്ഞു കയറും

ഇവരു രണ്ടും കാണാതിരിക്കാൻ ഞാൻ എന്റെ ഫോൺ ഞാനെന്റെ ശരീരത്തിന്റെ ഒരവയവമാക്കി മാറ്റിയിരിക്കുകയാണ്

*ശിവപ്രസാദ് പാലോട്*

2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

ശ്വാനം



ബന്ധത്തിൽ പെട്ട ഒരാളുടെ മരണവാർത്ത  വന്നപ്പോളാണ് നേരത്തെ നടത്താമെന്നേറ്റ ശില്പശാല ഞാൻ സുഹൃത്തായ ഒരു' അധ്യാപികയെയും മറ്റൊരു സുഹൃത്തിനെയും ഏൽപ്പിച്ചു പോയത്...

മരണവീട്ടിൽ മൂകമാക്കി വച്ച ഫോൺ വിറച്ചുകൊണ്ട് വിളിയറിയിച്ചു.. അങ്ങേത്തലക്കൽ ശില്പശാല നയിക്കുന്ന ടീച്ചർ
പ്രസാദ് വിട്ടിൽ നിന്നും ബാബുവേട്ടൻ വിളിച്ചു ഇപ്പോ... മോനൂട്ടൻ വല്ലാതെ കരയുന്നത്രെ.. ഡോക്ടറെ കാണിക്കണം... ഞാൻ മനോജിനെ ഏൽപ്പിച്ചു മടങ്ങുകയാണ് ... വളരെ അർജന്റ് ആയതോണ്ടാ....

വിട്ടിൽ കുട്ടിയെ നോക്കുന്ന അച്ഛൻ... നിറുത്താതെ കരയുന്ന കുട്ടി... ഇതൊക്കെ മനസിൽ വന്നപ്പോൾ ടീച്ചറോട് മറുത്തൊന്നും പറയാൻ തോന്നിയതുമില്ല... വൈകിട്ട് മടങ്ങിയെത്തുമ്പോൾ ടീച്ചറെക്കണ്ട് മോനുട്ടന്റെ സുഖവിവരം അന്വേഷിക്കാമെന്ന് കരുതി അവരുടെ വീട്ടിലെത്തി

ടീച്ചറേ മോനൂ ന് എങ്ങനെ? ഡോക്ടർ എന്തു പറഞ്ഞു???

വാടിയ മുഖത്തോടെ ടീച്ചർ പറഞ്ഞു..

അവനോ ഒരു മിണ്ടാട്ടവും ഇല്ല... ഒരേ കിടപ്പാ... പാലു പോലും കുടിച്ചില്ല.. ബിസ്കറ്റ് പോലും കഴിച്ചില്ല.. ഡോക്ടർ തന്ന മരുന്ന് കൊടുത്തിട്ടുണ്ട്...

എവിടെ അവൻ... ഞാൻ കണ്ടിട്ടു പോകാമെന്ന് കരുതി... ഞാൻ സിറ്റ് ഔട്ട് കടന്ന് ഹാളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ
ടീച്ചർ പുറത്തിറങ്ങി മുറ്റത്തേക്ക് വിരൽ ചൂണ്ടി...
അവിടെയാ ...മോനൂ... മോനൂ. ഇതാരാ നിന്നെ കാണാൻ വന്നിരിക്കുന്നത്... കവിയാ... ചിലപ്പോ നിന്നെപ്പറ്റിയും കവിത എഴുതും...

കൂട്ടിൽ ചുരുണ്ടുകൂടിക്കിടന്ന  നായ്ക്കുട്ടി പതിയെ തല ഉയർത്തി നോക്കി... പിന്നെ കുഞ്ഞുവാൽ ചെറുതായി ആട്ടി..

 മോനുട്ടന് തിരെ വയ്യാഞ്ഞിട്ടാ... അല്ലെങ്കിൽ പ്രസാദ് വന്നാൽ അവൻ അറിയാതിരിക്കില്ലായിരുന്നു.....

ടീച്ചറുടെ നനഞ്ഞ വാക്കുകൾ ചെവിയിൽ വന്നു നിറഞ്ഞപ്പോൾ ഞാൻ ആ നായ്ക്കൂടി നെ മുഴുവൻ മനസിലൊളിപ്പിച്ച് വെറുതെ മൂളി സൗഹൃദപ്പെട്ടു.

*ശിവപ്രസാദ് പാലോട്*

2017, സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

മാറാപ്പ്

ആ കുട്ടിക്ക് ഇപ്പോള്‍ എത്ര വയസ്സുണ്ടാകും ? ഭാര്യ ഇടയ്ക്കു ചോദിച്ചു
ഇവനോളം തന്നെ പ്രായം വരും ..ലീല എന്നായിരുന്നു പേര് ..ലീലയെ ഒക്കത്തിരുത്തി ഏച്ചുട്ടി നാട് മുഴുവന്‍ നടന്നു പിച്ച എടുക്കുമായിരുന്നു ..
പാറുവേടത്ത്യെ ഒരഞ്ചുരുപ്പ്യ ഒരു കഷണം സോപ്പ് എന്നൊക്കെ പറഞ്ഞു എത്രയോ തവണ നമ്മുടെ വീട്ടില്‍ വന്നിട്ടുണ്ട് ..അകന്ന ബന്ധത്തിലെ അനുജത്തി ആയതിനാല്‍ ഞാന്‍ എന്തെങ്കിലും ഒക്കെ കൊടുക്കുമായിരുന്നു ..
സാധാരണ അവള്‍ അമ്മയുടെ പഴങ്കഥ കേള്‍ക്കാന്‍ ഇരിക്കാറില്ല .ഇന്നെന്തോ ഒരു സ്ത്രീയെ കുറിച്ച് അതും ഭ്രാന്തിയായ ഒരു സ്ത്രീയെ കുറിച്ച് ആയതു കൊണ്ടാണ് അവള്‍ക്കിത്ര താല്പര്യം എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു. അവള്‍ എച്ചുട്ടിയെ ആദ്യം കാണുകയല്ലേ .. ഏച്ചുട്ടിയെ അറിയാത്തവരായി നാട്ടില്‍ ആരുമില്ല ..എപ്പോളും മഴയത്തും വെയിലത്തും രാത്രി പകല്‍ ഭേദമില്ലാതെ നാട്ടുവഴികള്‍ ഏച്ചുട്ടിക്ക് മുമ്പില്‍ ഉണര്‍ന്നു കിടക്കും .
മരുതലക്കുന്നിന്റെ അവിടെയായിരുന്നു അവളുടെ വീട് ..നാല് ആങ്ങളമാരുടെ പെങ്ങളായിട്ടാണ് അവളെ പെറ്റത്. ലക്ഷ്മിക്കുട്ടി എന്നാ ശരിക്കും ഉള്ള പേര് .ചെറുപ്പത്തിലെ അല്പം ഒരു അന്തം വിടല് ഉണ്ടായിരുന്നുത്രേ ..അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .അവളെ കാണാന്‍ എന്ത് ചന്തമായിരുന്നു അറിയോ ..ചുരുണ്ട മുടീം വട്ട മുഖവും തെളങ്ങണ കണ്ണുകളും ഒക്കെ ആയിരുന്നു ..അതൊക്കെ തന്നെ അവളെ നാശമാക്കിയതും .. സ്കൂളില്‍ പഠിപ്പോന്നും ഉണ്ടായിട്ടില്ല .അവളുടെ അമ്മ അടുത്ത വീട്ടുകളിലോക്കെ അടിച്ചു വാരാനും പാത്രം കഴുകാനും തുണി അലക്കാനും നെല്ല് കുത്തി കൊടുക്കാനും ഒക്കെ പോകും ..അതിന്റെ ഒക്കെ ഒപ്പം ഇവളും പോകും .ലച്ചൂട്ടി എന്നായിരുന്നു വിളിപ്പേര് .വീട്ടിലൊക്കെ വല്യദാരിദ്ര്യം തന്നെ ആയിരുന്നു .വല്യ വീട്ടുകളിലെ വല്ല ചടങ്ങിനും ആണ് അന്ന് നാലും കൂട്ടി ഒരു ശാപ്പാട് ഉണ്ടാകുക . .അങ്ങിനെ തിന്നും തിന്നാതെയും ഒക്കെ ആയി അവള്‍ വളര്‍ന്നു .പത്തോ ഇരുപതോ പ്രായം എന്നറിയില്ല .അന്ന് ഇന്നത്തെ പോലെ ജനന തിയ്യതിയും പിറന്നാളും ഒന്നും അങ്ങിനെ പതിവില്ല ..ചില വീട്ടിലെ ജാതകം കൂടി എഴുതൂ ..ഇവള്‍ക്കും എനിക്കും ആയാല്‍ അധികം ഏറില്ല..കുളിക്കാന്‍ അന്ന് അമ്പലക്കുളത്തിലേക്ക് പെണ്ണുങ്ങളുടെ ഒരു പട തന്നെ ഉണ്ടാകും ..ഇവളും അമ്മയോടൊപ്പം കുളിക്കാന്‍ വരാറുണ്ട് .അന്ന് ആണ് പെണ്ണ് എന്നൊന്നും ഇല്ല നാട്ടില്‍ .കുളം തുറസ്സാ..ഒരു കടവ് ..അതിനു പാലക്കടവ് എന്നാണു ഞങ്ങള്‍ പറഞ്ഞിരുന്നത് അവിടെ വല്യ വീട്ടിലെ പെണ്ണുങ്ങള്‍ ആണ് കുളിക്കാര് ..വടക്കേ കടവിലെ ഒരു ഭാഗത്ത് ആണുങ്ങളും ഒരു ഭാഗത്ത് പെണ്ണുങ്ങളും കുളിക്കും ..തെക്കേ കടവ് പണിക്കാര്‍ക്ക് ഉള്ളതാണ് ..അന്ന് തീണ്ടലും അയിത്തോം ഒക്കെ ഉള്ള കാലോം .പടിഞ്ഞാറേ കടവിലും പെണ്ണുങ്ങള്‍ ഇറങ്ങും .തിരക്ക് എവിടെയാ കുറവ് അവിടെ ഇറങ്ങുക അതന്നെ ..ചെറുപ്പത്തില്‍ ഞങ്ങള്‍ കുളം അക്കരെ ഇക്കരെ നീന്തും .വയസ്സറിയിച്ചു പിന്നെ നീന്തിക്കളിക്കാന്‍ അമ്മ സമ്മതിക്കാറില്ല .ഒപ്പം വന്നൊരു കുളിച്ചു കയറിയാലും ഞങ്ങളുടെ കുളി കഴിഞ്ഞിട്ടുണ്ടാവില്ല .എന്നാ അമ്മയുടെ സ്ഥിരം പരാതി .അന്ന് ഒരു പ്രായം വരെ അങ്ങിനെ വലിയ ഉടുത്തു കെട്ടൊന്നും ഇല്ല .ഒരു പാവാടയും ജമ്പറും ..മുതിര്‍ന്നാല്‍ പിന്നെ ഒന്നരയും മുണ്ടും ..ബോഡീസ് ഒന്നും അന്ന് അത്രക്കില്ല ..തറവാട്ടു പെണ്ണുങ്ങള്‍ക്ക്‌ മാത്രം അതൊക്കെ കാണാം . ഞാന്‍ നേരത്തെ പറഞ്ഞില്ലേ അവളുടെ ചന്തം തന്നെയാ അവളുടെ ശാപം ആയത് ..അമ്മ പണിക്കു പോയാ അവള് വീട്ടില്‍ ഒറ്റയ്ക്ക് .അന്ന് മരുതല ഒക്കെ പറങ്കിക്കാടാ ..ഇനി പണിക്കു പോയ ഏതോ വീട്ടില്‍ നിന്നും ആണോ എന്നും അറിയില്ല .. അവള്‍ക്കു വയറ്റിലുണ്ടായി ..മൂന്നു മാസം ആയിട്ടാ അറിഞ്ഞത്. അവള് പിഴച്ചു . ആങ്ങളമാരില്‍ മുതിര്‍ന്നവരും ബന്ധുക്കളും ഒക്കെ ചേര്‍ന്ന് പൊതിരെ തല്ലി.കുടുംബത്തിന്റെ മാനം പോയില്ലേ .പട്ടിണിക്കിട്ട് ഭേദ്യം തന്നെ .ഒടുക്കം മൂന്നാം നാള്‍ തീക്കൊള്ളി കൊണ്ട് കുത്തിയപ്പോള്‍ പെണ്ണ് നാട്ടിലെ വല്യ തറവാട്ടിലെ ഒരു ചെറുപ്പക്കാരന്റെ പേര് പറഞ്ഞു .എന്നിട്ടെന്താ കാര്യം ..അവള്‍ക്കു തലയ്ക്കു സോക്കെടായാത് കൊണ്ട് പറയുകയാണെന്നും പറഞ്ഞു പിന്നേം ഭേദ്യം ..അങ്ങിനെ സ്വന്തം അമ്മയുടെ വായില്‍ നിന്ന് തന്നെ ആദ്യത്തെ പുലയാടിച്ചി എന്ന വിളി കേട്ടു..വീട്ടുകാര്‍ക്ക് തല പുറത്തിട്ട് നടക്കാന്‍ പറ്റാതായി പറഞ്ഞാല്‍ മതിയല്ലോ .കണ്ടവരൊക്കെ അവളെ പുലാടിച്ചി എന്ന് വിളിക്കാനും തുടങ്ങി ..അവളെ വീട്ടില്‍ നിന്നും പുറത്താക്കി ..പാവം പെണ്ണ് എങ്ങോട്ട് പോകാന്‍ ..ബുദ്ധീം കുറവ് ..അതങ്ങിനെ കണ്ട വീടുകളില്‍ ഒക്കെ നടക്കാന്‍ തുടങ്ങി ..ബന്ധു വീടുകളില്‍ ഒന്നും ആരും കയറ്റാണ്ടായി ..നാട്ടില് മുഴുവന്‍ പാട്ടായില്ലേ ?
ഞങ്ങള്‍ ഒക്കെ സമപ്രായം ആയതു കൊണ്ടും നമ്മുടെ ചെറിയ ബന്ധം ഉള്ളതോണ്ടും നമ്മുടെ വീട്ടിലും വരും .പടിക്കല്‍ നിന്ന് കുറെ വിളിക്കും .അപ്പോള്‍ അച്ചന്‍ ആദ്യം കുറെ ചീത്ത പറയും പിന്നെ ആ പെണ്ണിന് എന്തെങ്കിലും കൊടുക്ക് എന്ന് പറയും .അങ്ങിനെ ഇത്തിരി കഞ്ഞിയോ മറ്റോ മോന്തി പടിയിറങ്ങും .ഇറങ്ങുമ്പോള്‍ പാറൂ എന്നെന്നെ വിളിക്കും ..ഞങ്ങള്‍ക്കൊക്കെ അപ്പോള്‍ സങ്കടം ആവും ..
അമ്മ ഒന്ന് നിര്‍ത്തി ഉടുത്ത മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് തുടച്ചു അപ്പോളേക്കും എന്റെ കല്യാണവും കഴിഞ്ഞു ..എനിക്കും വിശേഷം ആയിരുന്നു
അങ്ങിനെ കണ്ടിടത്തും കിടന്നും നരകിച്ചും അവള് ഒരീസം പെറ്റ് രണ്ടും രണ്ടിടത്തായി .പേറെടുക്കാന്‍ ഒന്നും ആരും ഇല്ല ..ഏതോ പറമ്പില്.ചുടലേല് ആയിരുന്നുന്നും പറേണ കേട്ടിട്ടുണ്ട് .നിശയല്യ .നല്ലൊരു പെണ്‍കുട്ടി .അവളട പോലെ തന്നെ ..വട്ട മുഖം ഒക്കെ ആയി ..എന്താ ചെയ്യാ ..പെണ്ണിന് എന്താ ചെയ്യേണ്ടേന്നു ഒന്നും അറിയില്ല .വീട്ടുകാരോന്നും തിരിഞ്ഞു നോക്കീതും ഇല്ല .സാധാരണ പെണ്ണുങ്ങള്‍ പ്രസവിച്ചു കിടക്കുക എന്നൊരു ഏര്‍പ്പാടുണ്ട് .ശരീരത്തിലെ എല്ലാ ഞരമ്പും പോട്ടീട്ടാ പ്രസവിക്കണേ ..പിന്നെ അതൊക്കെ കൂടിവരാന്‍ രക്ഷ കഴിക്കണം .ലോകത്തില്‍ വച്ചു ഏറ്റവും വലിയ നോവാ പെറ്റ്നോവ്‌ ..ഈ പെണ്ണിന് ഒട്ടു കിടത്തോം ഇല്ല രക്ഷേം ഇല്ല ..അവള് കുട്ടിയേം എടുത്തു നടത്തം തുടങ്ങി . അവള് പെറ്റ് അധികം താമസിയാതെ ഞാന്‍ ഇവനെ പെറ്റ് കിടന്നു .
വിശന്നാ കുട്ടി കരയും അപ്പോള്‍ ഇവള്‍ അതിനെ തല്ലുകയും നുള്ളുകയും ഒക്കെ ചെയ്യും .അത് പാവം ഉറക്കെ കരയും .വീട് വീടാന്തരം നടക്കും .അവള്‍ തന്നെ കുട്ടിക്ക് ഇട്ട പേരാണ് ലീല. വീടിന്റെ മുറ്റത്ത് എത്തുമ്പോള്‍ അവള്‍ കുട്ടിയെ നുള്ളും എന്നൊക്കെ നാട്ടുകാര് പറഞ്ഞിരുന്നു .കുട്ടി കരയുന്നത് കണ്ടു പെണ്ണുങ്ങള്‍ ഒക്കെ അവള്‍ക്കു വല്ലതും തിന്നാന്‍ കൊടുക്കും .പക്ഷെ അവളുടെ ചെറുപ്പത്തിലെ അന്തം വിടല് പ്രസവത്തോടെ കൂടി ..നാട്ടാര് അവളെ പുലയാടിച്ചി എന്ന് സ്ഥിരം വിളിച്ചു കേട്ടിട്ടോ എന്തോ പോല്യാടിച്ചി പോല്യാടിച്ചി എന്ന് നീട്ടി വിളിച്ചായി അവളുടെ നടത്തം ..ഏതെങ്കിലും വീട്ടില്‍ ചെന്ന് ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ അത് അവരുടെ മുന്നില്‍ തന്നെ തട്ടി മറിക്കും.. ആ വീട്ടുകാരെ തന്നെ അവരുടെ പേരും കൂട്ടി പോല്യാടിച്ചി പോല്യാടിച്ചി എന്ന് ഉറക്കെ വിളിക്കും ..ഈ തെറി വിളി പേടിച്ചു പല വീട്ടുകാരും ഒന്നും കൊടുക്കാതെ ആയി .എന്നാലും നമ്മുടെ വീട്ടില്‍ വന്നാല്‍ എന്താച്ചാ കൊടുത്തത് വാങ്ങിക്കഴിക്കും .ഞങ്ങള് വല്ല പഴേ തുണിയോ ഒക്കെ കൊടുത്തത് വാങ്ങിക്കും ..കണ്ട ഇടത്തൊക്കെ ആള്‍ക്കാര്‍ ഇവളെ കണ്ടാല്‍ ആരുടെ കുട്ട്യാ എന്ന് ചോദിക്കും ..അപ്പോള്‍ ഇവള്‍ അവരെ ഫ എന്ന് ആട്ടും ..തെറി വിളിക്കും .നാട്ടുകാര് കുട്ടിക്ക് പലരുടെയും ചായ ഉണ്ടെന്നു പറഞ്ഞു പറഞ്ഞു ചിരിക്കും ..
അക്കാലത്ത് ഇവളും കുട്ടീം ഏതെങ്കിലും പീടികക്കൊലായിലാ കെടക്കാ ..ആ കുട്ടി രാത്രി മുഴുവനും കരയും .അപ്പോള്‍ ഇവള്‍ക്ക് കൂടുതല്‍ ഭ്രാന്തിളകും..ചെലപ്പോള്‍ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതെ വരുമ്പോള്‍ അടുത്ത വീട്ടുകാരൊക്കെ പിരാന്തി അതിനെ കൊന്നിട്ടുണ്ടാകും എന്ന് വിചാരിച്ചിട്ടുണ്ടെത്രേ.നട്ട പാതിരക്ക് ലീല പുലയാടിച്ചീ എന്നൊക്കെ വിളിച്ചു പ്രാകി പറയും കുട്ടിയോട് .അന്നത്തെ കാലത്താണ് നമ്മുടെ നാട്ടിലേക്ക് ഒരു ബസ് ഓടാന്‍ തുടങ്ങിയത് .ബസ്സുകാര് രാത്രി വന്നു കിടക്കുന്ന പീടികയുടെ താഴെയാ ഏച്ചുട്ടിയുടെയും കിടപ്പ് . എന്താ പറയാ ആദ്യം പെറ്റതിന്റെ മുറി ഉങ്ങുന്നതിനു മുമ്പ് ഏച്ചുട്ടിക്ക് പിന്നേം ഗര്‍ഭായി..ബസ്സ് കാരാണ് എന്ന് നാട്ടുകാര്‍ പറഞ്ഞു ..അല്ല വേറെ ചിലര്‍ ആണെന്ന് പല കഥകളും ..പിന്നെ ഒരു ഒക്കത്ത് കുട്ടിയും ഉന്തിയ വയറും ആയി ആ പെണ്ണ് നടന്നു ..കഷ്ടം തോന്നും ..ഞാനും രണ്ടാമത് വിശേഷായിരുന്നു അപ്പോളേക്കും ട്ടോ ..നമ്മളൊക്കെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഇവള്‍ക്ക് മഴയൂല്യാ വെയിലൂല്യാ..മഞ്ഞൂല്യാ ..അങ്ങിനെ ഒരീസം അവളെ കാണാന്‍ ഇല്ലാതായി .ബസ്സുകാര്‍ എങ്ങോട്ടോ കയറ്റിക്കൊണ്ട്പോയി ..അല്ല പോലീസുകാര് പിടിച്ചു എന്നൊക്കെ പല കഥകള്‍ ..എന്തായാലും കുറെ കാലത്തേക്ക് അവളെ കുറിച്ചു ഒരു വിവരവും ഇല്ല ..
പിന്നെ ഒരു ദിവസം അവള് പിന്നേം ഇവിടെ എത്തി .കയ്യില് കുട്ടിയില്ലാതെ .കുട്ടിയെ പോലീസുകാര്‍ പിടിച്ചു കൊണ്ട് പോയി എന്നും രണ്ടാമത് പ്രസവിച്ചത് മരിച്ചു പോയീന്നാണ് നഴ്സുമാര്‍ പറഞ്ഞത് എന്നും ഒക്കെ അവള്‍ പറയുന്നുണ്ടായിരുന്നു . ഏകദേശം അങ്ങിനെ ഒക്കെ തന്നെ ആയിരുന്നു ശരിയും .അവളുടെ നാവു കുഴഞ്ഞിരുന്നു ഈ വരവില്‍ .കാരണം പോലീസുകാര്‍ അവളെ ഭ്രാന്ത് മാറാന്‍ കുതിരവട്ടത്ത് കൊണ്ട് പോയി ഷോക്കടിപ്പിച്ചതായിരുന്നു ..രണ്ടാം പ്രസവത്തില്‍ ആണ്‍കുട്ടി ആയിരുന്നു എന്നവള്‍ പറയുന്നു .കുട്ടി മരിച്ചു എന്ന് നഴ്സുമാര്‍ അവളോട്‌ നുണ പറഞ്ഞതാകും എന്നാ എനിക്ക് തോന്നണത് ..അതോടെ ഗര്‍ഭോം നിര്‍ത്തിച്ചു. ലീലക്കുട്ടിയുടെ കാര്യം ഇടയ്ക്കു അവള്‍ വീട്ടില്‍ വരുമ്പോള്‍ പറയും .പാവം അതിന്റെ കണ്ണില്‍ നിന്നും അപ്പോള്‍ തീ ഒഴുകും .എന്തായാലും പെറ്റ വയറല്ലേ ..
അവള് പിന്നേം നാട്ടിലൂടെ നടപ്പായി .കുട്ടികള്‍ ഒക്കെ കല്ലെടുത്ത് ഏറിയും .അപ്പോള്‍ അവള്‍ അവരുടെ കൂടെ ഓടും .തിരിച്ചും ഏറിയും .അങ്ങിനെ അവള്‍ക്കു പിന്നെയും ഭ്രാന്തായി പിന്നെ കുളീം അലക്കും ഒന്നും ഇല്ലാതായി .മുടി ഒക്കെ ജട കെട്ടി .ഇട്ട തുണിയൊക്കെ കീറി .കീറിയ തുണികൊണ്ട് അവളൊരു മാറാപ്പാക്കി ..എവിടെന്നോ പെറുക്കിയ ഒരു പാട്ടയുണ്ടാകും അതില്‍. പാട്ട കാണിച്ചാല്‍ ആരെങ്കിലും അകന്നു നിന്ന് കഞ്ഞിയോ വെള്ളമോ ഒഴിച്ച് കൊടുക്കും .വല്ല സദ്യയും ഒക്കെ ഉണ്ടായാല്‍ അവള്‍ അവിടെ ഇരുന്നു ആര്‍ത്തിയോടെ കഴിക്കുന്നത് കാണാം .മാറാപ്പില്‍ ആരോ വലിച്ചെറിഞ്ഞു കിടന്ന ഒരു പൊട്ടിയ കണ്ണാടിണ്ട് . ഒരു പാവക്കുട്ടീം ..എവിടെന്നോ പൂര പറമ്പീന്ന് കിട്ടീതാവണം,, അതും നോക്കി പോല്യാടിച്ചി എന്ന് വിളിച്ചോണ്ട് ഇരിക്കും . കാലം എത്ര കഴിഞ്ഞു പോയി .ഇവന് ഇപ്പൊ നാല്‍പ്പത്തി രണ്ടായില്ലേ ? ഇവനെ പെരിമ്പോള്‍ എനിക്ക് പതിനേഴു വയസ്സാ ..അപ്പൊ എനിക്കിപ്പോ അറുപതാവാറായി അവള്‍ക്കിപ്പോ എഴുപത് വയസ്സിനടുത്ത് ആയി കാണും .ദേഹോക്കെ മെലിഞ്ഞു .കണ്ണും കാണില്ലാ തോന്നുന്നു .പല്ലൊക്കെ കൊഴിഞ്ഞു ..അവള്‍ കിടന്നിരുന്ന ചുടല ഒക്കെ മാന്തി റബ്ബര്‍ തോട്ടമായി ..അവള്ടെം എന്റെം പ്രായത്തിലുള്ള പലരും മരിച്ചും പോയി . കുറെ കാലത്തിനു ശേഷാ ഇവിടെ കടന്നു വന്നത് ..എന്താ ചെയ്യാ മനുഷ്യന്റെ ഓരോ അവസ്ഥകള്‍ .നല്ല രീതിയില്‍ ആയിരുന്നെങ്കില്‍ എവിടെ എത്തേണ്ട പെണ്ണാ ..അമ്മ ദീര്‍ഘ നിശ്വാസത്തോടെ കഥ നിര്‍ത്തി .. ഭാര്യ കഥ കേട്ടിട്ട് അന്തം വിട്ടു ഇരിക്കുകയാണ്.എന്റെ അത്രേ പ്രായമുള്ള ലോകത്തിന്റെ ഏതോ ഒരു കോണില്‍ ജീവിച്ചിരിക്കാന്‍ ഇടയുള്ള ലീല എന്ന സ്ത്രീയെ ഞാനും മനസ്സിലിട്ടു കൂട്ടിയും പെരുക്കിയും ഇരുന്നു . ചുരുണ്ട മുടീം വട്ട മുഖവും തെളങ്ങണ കണ്ണുകളും ഒക്കെ ഉള്ള സുന്ദരിയായ ഒരു സ്ത്രീ .ഞാന്‍ അവരെ സങ്കല്‍പ്പിച്ചു നോക്കി. അതിനു ഇപ്പോള്‍ അവര്‍ക്ക് ലീല എന്ന് തന്നെ ആകുമോ പേര് ..ആര്‍ക്കറിയാം ..തന്റെ ഊരും പേരും അറിയാതെ പ്രപഞ്ചത്തിന്റെ കോണില്‍ എവിടെയെങ്കിലും ഉണ്ടാകണം ..രണ്ടാമത്തെ കുട്ടി എവിടെ ആയിരിക്കും ? ചുരുണ്ട മുടീം വട്ട മുഖവും കട്ടി മീശയും ഉള്ള അപരിചിതരായ ഒട്ടേറെ ആണുങ്ങളില്‍ ഞാന്‍ അവനെ തിരഞ്ഞു നോക്കി . ആങ്ങളയും പെങ്ങളും ഒരിക്കലും തമ്മില്‍ കാണാതെ ജീവിച്ചു മരിച്ചു പോകേണ്ടി വരികയല്ലേ .. തെക്കേ തൊടിയിലെ റബ്ബര്‍ മരത്തിന്റെ ഫ്ലാറ്റ്ഫോറത്തില്‍ കാലു നീട്ടിയിരുന്നു കണ്ണാടി നോക്കി ഈണത്തില്‍ ഏച്ചുട്ടി ഈ ലോകത്തോടും പരലോകത്തോടും വരെ പോല്യാടിച്യേയ് പോല്യാടിച്ചി എന്ന് ഉറക്കെ മന്ത്രം ജപിച്ചു കൊണ്ടിരുന്നു

2017, സെപ്റ്റംബർ 6, ബുധനാഴ്‌ച

കോരളം



ആ ദേശമൊട്ടുക്കും കുമ്പിളിൽ കഞ്ഞി കുടിച്ചിരുന്ന കോരന്മാർ മാത്രമായിരുന്നു...

അവർ സ്വപ്നങ്ങൾ കൊണ്ട് പൂവിടുകയും
വിയർപ്പിനെ ആരാധിക്കുകയും
പ്രതീക്ഷകളെ പൂജിക്കുകയും ചെയ്ത ഉത്സവമായിരുന്നു ഓണം

കോരന്റെ അള മായിരുന്നു കോരളം...

പിന്നീടെപ്പോഴോ ചരിത്ര പുസ്തകങ്ങളിൽ കടന്നു കൂടിയ അച്ചടിപ്പിശകാണതിനെ കേരളം എന്നാക്കിയതും
കോരൻ പഴഞ്ചൊല്ലിൽ കുടുങ്ങിപ്പോയതും...

2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

ഫീലിങ്ങ് ഹാപ്പി


ഒരു ക്ലിക്കു കൊണ്ട് വാമനൻ
ബിലിയുടെ വാട്സ് അപ്പ്,
ബാങ്ക് എക്കൗണ്ട്
ഹാക്ക് ചെയ്തു
പിറകെ അടുത്ത ക്ലിക്കിൽ
ഫേസ് ബുക്ക്,ജിമെയിൽ,
മൊബൈൽ...
മൂന്നാമത്തെ ക്ലിക്കിന് സ്ഥലമില്ലാത്തതിനാൽ
ബലി ശിരസുകുനിച്ചു...

താഴുന്നില്ല
എന്തു പറ്റി
ബലി ഇടങ്കണ്ണിട്ടു നോക്കി

വാമനൻ
ബലിയുടെ ഫ്രേമിൽ
സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു...

പിന്നെ എല്ലാം
പതിവുപോലെ....
വാമനന്റെ പുതിയ ഫേസ് ബുക്ക് പോസ്റ്റ്
ഡെലിറ്റഡ് മാവേലി
ഫീലിങ്ങ് ഹാപ്പി

മാവേലിറിസൈക്കിൾ ബിന്നിന്റെ
പാതാളത്തിലേക്കും


ഓണ ഭാഷ്യം


മേരെ പ്യാരി കേരൾ വാസിയോം....

മഹാബലി പറഞ്ഞു തുടങ്ങി

കുമ്പിളിൽ കഞ്ഞി കുടിക്കുകയായിരുന്ന കോരൻ അന്തം വിട്ട് നോക്കി..

കോരാ... ക്ഷമിക്കണം ... ഇപ്പളാണ് മനസിലായത്.. ഇവിടിപ്പോൾ ഹിന്ദിക്കാരല്ലേ കൂടുതൽ... പറഞ്ഞു പറഞ്ഞു  ശീലമായതാ...

രണ്ടാളും മുഖാമുഖം നോക്കി... കണ്ണുകളിൽ മൗനത്തിന്റെ രണ്ടു തുള്ളികൾ മാത്രം...

2017, ജൂൺ 3, ശനിയാഴ്‌ച

സ്വയം പര്യാപ്തം


ഈ വര്‍ഷം ഒന്നാം ക്ലാസ്സിലേക്ക് പോകാന്‍ പുറപ്പെടുകയായിരുന്നു അവന്‍ .എല്‍ കെ ജി യില്‍ ആയിരുന്നപ്പോള്‍ സമയത്തും അസമയത്തും അനുജന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാനായായിരുന്നു ..ഇന്നവന്‍ പറഞ്ഞതാണ് വിശേഷം ..

പിന്നെ ചേച്ചീ ഇക്കൊല്ലം മുതല്‍ സ്കൂളില്‍ ചേച്ചി എന്റെ ഒരു കാര്യവും നോക്കാന്‍ വരണ്ട .ട്ടോ .എന്നെ ഇനി ഞാന്‍ തന്നെ നോക്കിക്കൊള്ളാം ...

ഞാന്‍ അവനെ അടിമുടി നോക്കി ... ശരിയാണല്ലോ
അവന്‍ വളര്‍ന്നു ആകാശം മുട്ടിയിരിക്കുന്നു .

ജലീയം


ജലത്തിന്റെ ഘടന രസത്തിന്റെ തന്ത്രത്തോടെ ഗിരിജ ടീച്ചര്‍ പഠിപ്പിക്കുകയാണ് ..

പിന്‍ ബഞ്ചിലാണ് അപ്പുവും ഞാനും അവന്‍ എന്നോട് പറയുകയായിരുന്നു

എടാ ഇതൊക്കെ എന്നും ഞാന്‍ കാണുന്നതാ

. എന്ത്

വെള്ളമുണ്ടാകുന്നത് ..

അതെങ്ങിനെ ഹൈഡ്രജനും ഓക്സിജനും ചേരുമ്പോള്‍ അല്ലെ ...?

അതേടാ ..അതന്നെ ..

അതെങ്ങിനെ നീ കാണും ..?

അതേയ്.. മോന്തിയാകുമ്പോ നീ എന്റെ വീട്ടിലേക്കു വാ .ഇടയ്ക്കിടെ എന്റെ .അമ്മയുടെ കണ്ണില്‍ ഹൈഡ്രജനും ഓക്സിജനും കൂടിച്ചേരും ...രണ്ടു കണ്ണില്‍ നിന്നും വെള്ളം ഒഴുകിക്കൊണ്ടേ ഇരിക്കും .. ഒരീസം ഞാന്‍ ചോദിച്ചു .. എനിക്ക് ആറുമാസം പ്രായം ഉള്ളപ്പോ ആണത്രേ അച്ഛന്‍ വെള്ളത്തില്‍ വീണു മരിച്ചത് .അച്ഛനെ കണ്ട ഓര്‍മ എനിക്കില്ല ..എന്നാലും എനിക്കും അതോര്‍ത്താല്‍ കരച്ചില്‍ വരും ..


സ്റാന്റ് അപ്പ് , അപ്പു ആന്‍റ് രോഹന്‍ ...

പതറി എഴുനേല്‍ക്കുമ്പോള്‍ അവന്റെ കണ്ണില്‍ ഹൈഡ്രജനും ഓക്സിജനും കൂടിച്ചേരുന്നത് ഞാന്‍ വ്യക്തമായി കണ്ടു ..

2017, മേയ് 21, ഞായറാഴ്‌ച

കറിക്കത്തി...



                                                    ഒപ്പം ജോലി ചെയ്തിരുന്ന പീതാംബരന്റെ വീട് നഗരത്തിനടുത്തുള്ള ഹൌസിംഗ് കോളനിയിലാണ് .പെൻഷൻ പറ്റിയതിൽ പിന്നെ കൂടി ക്കാഴ്ചകൾ കുറഞ്ഞു... അവൻ നഗരത്തിന്റെ തിരക്കിലും താൻ ഗ്രാമത്തിന്റെ ഉള്ളൊതുക്കത്തിലേക്കും ചുരുണ്ടു... ഇന്ന് സമയമുണ്ട്.. അവനെ ഒന്ന് കാണണം..

             സ്റ്റോപ്പില്‍ നിന്നും ഏറെ അകലത്തില്‍ അല്ലെന്നും ഏതു ഓട്ടോക്കാരനോട് അവന്റെ പേര്‍ പറഞ്ഞാലും കൊണ്ട് എത്തിക്കുമെന്നും അവന്‍ മുമ്പ് പറഞ്ഞിരുന്നു ..ഓട്ടോ പിടിക്കണ്ട ..നടക്കാം എന്ന് വച്ചു ..ടാറിട്ട റോഡ് ആണ് തലങ്ങും വിലങ്ങും ..മുറ്റങ്ങള്‍ ഒക്കെ ടൈല്‍ വിരിച്ചു കൂറ്റന്‍ ഗെയിറ്റുകള്‍ ഒക്കെ ഉള്ള ഒരേ മുഖച്ഛായ തോന്നിപ്പിക്കുന്ന വീടുകള്‍ ..അവന്റെ വീട്ടുപേര് ധനശ്രീ എന്നാണ്.. ഒരു ബാങ്കില്‍ കാഷ്യര്‍ ജോലി ചെയ്യുന്ന  ഒരാള്‍ വേറെ എന്ത് പേരിടാന്‍ ആണ് എന്നാണത്രേ പുതിയ വീട് വാങ്ങിച്ചു മാറുമ്പോള്‍ അവന്റെ മകന്‍ അവനോടു ചോദിച്ചത് ...
                                   
                          ചില വീടുകളില്‍ നന്നേ ചെറുപ്പം ഉള്ള മാവുകള്‍ ..നിറയെ മാങ്ങയും ..ഒട്ടുമാവുകള്‍ ആയിരിക്കണം ..പഴേ പോലെ പടര്‍ന്നു പന്തലിച്ചു നിക്കുന്ന മാവുകളൊക്കെ ഒക്കെ ഇത്തിരി സ്ഥലത്ത് എങ്ങിനെ വളര്‍ത്താന്‍ പറ്റും ..പക്ഷെ ആ മാങ്ങകളുടെ രുചി ഒട്ടു മാങ്ങകള്‍ക്ക് കിട്ടില്ല ..തെങ്ങുകളും ഉണ്ട് ..വലിയ സ്കൂള്‍ ബാഗും തൂക്കി നില്‍ക്കുന്ന കുട്ടികളെപ്പോലെ ..തേങ്ങ കൊണ്ട് തെങ്ങിനെ കാണാത്ത പോലെ ..ഒക്കെ പുതിയ ഇനങ്ങള്‍ ആയിരിക്കണം .ചില വീടിന്റെ ഒക്കെ മുകളില്‍ വലിയ പന്തലും ചട്ടികളും ഒക്കെ കാണാം ..പച്ചക്കറി കൃഷി .മട്ടുപ്പാവിലെ കൃഷി അല്ലെ ഇപ്പോളത്തെ ഫാഷന്‍  ..
                            എതിരെ ഒരു മോട്ടോര്‍ സൈക്കിള്‍ വരുന്നത് കണ്ടു അല്പം വശമൊതുങ്ങിയായി നടപ്പ് .അതിശയമായിപ്പോയി .ഒരു പെണ്‍കുട്ടി ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു വരികയാണ് .പിറകില്‍ മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ട് .പെണ്‍കുട്ടികള്‍ സാധാരണ ചെറിയ വണ്ടികള്‍ ഒക്കെ ഓടിക്കുന്നത് കണ്ടിട്ടുണ്ട് .ഇത് ആദ്യമായായിരുന്നു ..വഴിയില്‍ ഒരിടത്ത് കരാട്ടെ പരിശീലത്തിന്റെ ബോര്‍ഡ് കണ്ടു .പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം ക്ലാസ്സുകള്‍ എന്ന് വലിയ അക്ഷരത്തില്‍ ..
                                    നടന്നു നടന്നു ധനശ്രീ എന്ന ബോര്‍ഡു വച്ച ഗെറ്റ് കണ്ടു ..എങ്ങിനെ നോക്കിയിട്ടും തുറക്കാന്‍ പറ്റുന്നില്ല ..കുറെ ശ്രമിച്ചപ്പോളാണ് ഗേറ്റിന്റെ നടുവിലെ പാളിയില്‍ ഒരാള്‍ക്ക്‌ കടക്കാന്‍ പാകത്തില്‍ ഒരു ചതുരവും തണ്ടും വേറെ കണ്ടത് ..ഓരോ വീടിനും എന്തെല്ലാം രഹസ്യങ്ങള്‍ ..അത് തുറന്നു .ചരല്‍ വിരിച്ച മുറ്റത്തേക്ക്‌ കടന്നു ..ഒന്ന് രണ്ടു മുരടനക്കി ..എത്തിപ്പാളി നോക്കി ..നായയൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തി ..പണ്ടൊക്കെ വീടുകളില്‍ ചെല്ലുമ്പോള്‍ ഉള്ള ശീലം ആണ് ..വിളിച്ചു ചെന്നില്ലെങ്കില്‍ വളര്‍ത്തുനായുടെ കടി ഉറപ്പാണ് ..ഓരോ വീട്ടിലും കാണും ഒന്നോ രണ്ടോ എണ്ണം ...


            ഗംഭീരന്‍ വീടാണ് ..ഇരുനില .കോളിങ്ങ് ബെല്ലടിച്ചപ്പോൾ ആദ്യം ഒരനക്കവും ഉണ്ടായില്ല ..ആളില്ലേ എന്ന് സംശയിച്ചു പുരക്കു ചുറ്റും ഒരാവൃത്തി നടന്നു ..ജനാലയില്‍ ഒക്കെ ഒന്ന് മുട്ടി നോക്കി ..പിന്നെയും കോളിംഗ് ബെല്‍ അമര്‍ത്തിഅടിച്ചു ...ആളില്ലേ എന്നൊരു ചോദ്യം വെറുതെ എറിഞ്ഞു .കുറച്ചു കഴിഞ്ഞു  ഒരു പെൺകുട്ടി വാതിൽ പാതി  തുറന്നു...

പീതാംബരൻ ഇല്ലേ..?

മുത്തഛനും മുത്തശിയും  പുറത്തു പോയല്ലോ... ഇപ്പൊ വരുമെന്ന് പറഞ്ഞു.

എന്നാൽ ഞാനിവിടെ ഇരുന്നോട്ടെ...? പീതാംബരന്റെ ഒപ്പം ജോലി ചെയ്തയാളാ....... അവൻ വന്ന് കണ്ടിട്ടേ പോകുന്നുള്ളൂ...
ആ സ്വാതന്ത്ര്യത്തോടെ അവളുടെ സമ്മതമില്ലാതെ തന്നെ വാതിലൂടെ കയറി  സോഫയിൽ ഇരുന്നു.. അവൾക്കറിയില്ലല്ലോ പീതാംബരനും ഞാനും തമ്മിലുള്ള ബന്ധം...

വിരാമം പോലെ നിന്നിരുന്ന അവള്‍ വാതിലിന്റെ അടുത്തുനിന്നും മാറി വിസിറ്റിംഗ് റൂമിനെയും ഡൈനിംഗ് ഹാളിനെയും വേര്‍തിരിക്കുന്ന കര്‍ട്ടനുപിറകിലേക്ക്  ചോദ്യചിഹ്നം പോലെ മായാന്‍ ശ്രമിച്ചു .

മോളുടെ പേരെന്താ ?

    ഒരു ചോദ്യം കൊണ്ട് അവളെ ഞാന്‍ ചേര്‍ത്തു നിര്‍ത്താന്‍ നോക്കി ..
പീതാംബരന്റെ പേരക്കുട്ടിയാകണം ..നേരെത്തെ കണ്ടിട്ടില്ല ..കണ്ടിട്ട് പതിനാറോ പതിനേഴോ ആയിക്കാണും ..മകന്റെ വിവാഹത്തിനു വര്‍ഷങ്ങള്‍ക്കു മുമ്പ് പോയത് ഓര്‍മയില്‍ വന്നു മിന്നി .


പഞ്ചമി പി എസ് നായര്‍ .

ആഹാ നല്ല പേരാട്ടോ ..

      അതിലെ പി പീതാംബരന്‍ ആകും എന്ന് മനസ്സില്‍ ആലോചിച്ചു .പേരുകള്‍ ഒക്കെ എന്തെല്ലാം തരത്തില്‍ മാറുന്നു എന്നൊരു പിടിയും ഇല്ല ..ഈയിടെ മകന്റെ കുട്ടി വീട്ടില്‍ പറയുന്ന കെട്ടു .അവളുടെ ഒരു കൂട്ടുകാരിയുടെ പേര് അചുന എന്നാണത്രേ ..അവളുടെ അച്ഛന്‍ പാര്‍ടിക്കാരന്‍ ആയതു കൊണ്ട് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നതിന്റെ ചുരുക്കം അവള്‍ക്കു പേരിട്ടതാണത്രേ ..

             തിടുക്കപ്പെട്ടു ഉണ്ടാക്കിയ ഒരു ഇളം ചിരിയോടെ അവള്‍ പിന്നെയും ഉള്ളിലേക്ക് പോകാന്‍ ഒരുങ്ങി ..അവളിട്ട ഉടുപ്പ് അവളെ ഒരു പൂമ്പാറ്റയെ പോലെ തോന്നിപ്പിച്ചു ...അനേകം ഞൊറികളും അലുക്കുകളും തൊങ്ങലും ഒക്കെ ഉള്ള എല്ലാ നിറങ്ങളും കൂടി മറിഞ്ഞ ഒരുടുപ്പ്‌ ..

മോളുടെ ഉടുപ്പ് നന്നായിട്ടുണ്ട് ട്ടോ ..മുത്തശന്‍ എടുത്തു തന്നതാണോ ?

അല്ല അച്ചന്‍ എടുത്തു തന്നതാ ..

അവളുടെ കണ്ണുകളിലൂടെ എന്തൊക്കെയോ ഭാവങ്ങള്‍ മുങ്ങിയും മറിഞ്ഞും പോകുന്നു ..ഇപ്പോളത്തെ കുട്ടികള്‍ ഒക്കെ ഇങ്ങിനെയാ ..ഒരു ചോദ്യവും അവര്‍ ശ്രദ്ധിക്കുന്നുണ്ടാവില്ല ...ഉത്തരങ്ങളും അലക്ഷ്യങ്ങള്‍ ആയിരിക്കും ..നല്ല പൊടിപ്പുള്ള കുട്ടി ..നടക്കുമ്പോള്‍ ഒരു താളം അവള്‍ സൂക്ഷിക്കുന്നപോലെ ..

മോള്‍ നൃത്തം പഠിച്ചിട്ടുണ്ടോ

എന്താ അങ്ങിനെ ചോദിച്ചത് ..?

അല്ല നടക്കുന്ന കണ്ടപ്പോള്‍ തോന്നി ..വീട്ടിലെ കുട്ടിയും നൃത്തം ഒക്കെ പടിക്കുന്നുണ്ടേ ..ഗുരുവായൂര്‍ ആയിരുന്നു അരങ്ങേറ്റം ...ഭയങ്കര ചിലവാ ..ഡാന്‍സ് ടീച്ചര്‍ക്ക് ഇരുപത്തയ്യായിരം ..കൂടാതെ കസവ് സാരി തന്നെ ദക്ഷിണ വേണം എന്ന് നിര്‍ബന്ധവും ..പക്ക മേളക്കാര്‍ക്കും മേയ്ക്കപ്പുകാര്‍ക്കും  ദക്ഷിണ വേറെ ..ചെലവു താങ്ങില്ല കുട്ട്യേ ...അരങ്ങേറ്റം കഴിഞ്ഞതോടെ നിര്‍ത്തി ..

അവള്‍ ഉടുപ്പ് ഒന്ന് കൂടി പിടിച്ചിട്ടു ശരിയാക്കി ..ഊര്‍ന്നു പോയിരുന്ന ഷാള്‍ എടുത്തു ശരിക്കിട്ടു ..ഡൈനിംഗ് ഹാളിലെ കസേരയില്‍ കര്‍ട്ടനു പിന്നില്‍ പോയി ഇരുന്നു ..

ഞാന്‍ ടീപ്പോയിയുടെ മുകളില്‍ ഇരുന്ന പത്രവും വാരികകളും എല്ലാം അലസമായി മറിച്ചുനോക്കിക്കൊണ്ടിരുന്നു ..പീതാംബരന്‍ എപ്പോള്‍ വരുമോ ആവോ .

മോളെ അച്ഛനും അമ്മയുമൊക്കെ എവിടെ ?

അവര്‍ ഒരു കല്യാണത്തിനു പോയി ..

മോള്‍ ഒറ്റക്കാ വീട്ടില്‍ അല്ലെ ...

അകത്തു നിന്നും ഉത്തരമുണ്ടായില്ല ...പാദസരങ്ങളിട്ട രണ്ടു കാലുകള്‍ മാത്രമാണ് ഇപ്പോള്‍ കാണാന്‍ പറ്റുന്നത് ..

അതെന്താ മോള്‍ പോകാഞ്ഞത് ..?

പോരണ്ട പറഞ്ഞു ...

അതെന്താ അവര്‍ അങ്ങിനെ പറഞ്ഞത് ..?

ഒന്നൂല്യ ..പോയില്ലാന്നു മാത്രം ...

പോകായിരുന്നു മോളെ ...ഇങ്ങിനെ ഒറ്റയ്ക്ക് ഇരിക്കെണ്ടിയിരുന്നില്ലല്ലോ ?

അകത്തു നിന്നും ഒരു മൂളല്‍ മാത്രം  കേട്ടു..ചിലപ്പോള്‍ പറ്റാത്തോണ്ട് ആയിരിക്കും എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു ..ഇപ്പോളെത്തെ കുട്ടികള്‍ ഒക്കെ നേരെത്തെ മുതിരും ...

മോള്‍ എന്തിനാ പഠിക്കുന്നത് ..?

പ്ലസ് ടു

നല്ല മാര്‍ക്കൊക്കെ ഉണ്ടോ ?

ഉം

വീട്ടിലെ കുട്ടി പത്തിലാ ..കണ്ടമാനം പഠിക്കാന്‍ ഉണ്ടാകും അല്ലെ ?

ഉം

അവള്‍ കര്‍ട്ടനു പിറകില്‍ നിന്നും എഴുനേറ്റു വന്നു ..കൈ എത്തിച്ചു ടീപ്പോയിമേല്‍ ഇരുന്ന മൊബൈല്‍ എടുക്കാന്‍ ആഞ്ഞു ...അതവളുടെ കയ്യില്‍ നിന്നും താഴെ വീഴുകയും ചെയ്തു ...ബാറ്ററിയും പുറം കവരും വേര്‍ പിരിഞ്ഞു അത് മൂന്നു കഷണം ആയി മാറിയിരുന്നു ..കവര്‍ വന്നു എന്റെ കാല്‍ച്ചുവട്ടില്‍ വീണു ...

അയ്യോ ഫോണ്‍ കേടായോ മോളെ ..?

അവള്‍ അവളുടെ അരികില്‍ വീണ ബാറ്ററി അടുത്ത കഷണത്തില്‍ ചേര്‍ത്ത് വച്ചു പിന്നെയും അകത്തേക്ക് പോകാന്‍ ഒരുങ്ങി ..

ദാ മോളെ കവര്‍ ..ഞാന്‍ അതെടുത്ത് അവളുടെ അടുത്തേക്ക് നടന്നു ..അവള്‍ അവിടെ നിന്നും എഴുന്നേറ്റു അടുക്കളയുടെ ഭാഗത്തേക്ക് നടന്നു ..അതിനിടയില്‍
അവിടെ വച്ചോളൂ എന്ന് വിളിച്ചു പറഞ്ഞു ..ഞാന്‍ അവള്‍ ഇരുന്ന കസേരയില്‍ കവര്‍ വച്ചു പിന്നെയും  സോഫയില്‍ വന്നിരുന്നു ..കുറെ നേരത്തേക്ക് പിന്നെ ഒച്ചയൊന്നും ഇല്ല ..

വന്ന സമയം ശരിയായില്ല ..പീതാംബരന്‍ എപ്പോള്‍ വരുമോ ആവോ ? ഈ കുട്ടി ഉണ്ടായത് നന്നായി..കാത്തിരിക്കുന്നതിനു ഇടയില്‍ വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാലോ ..അവള്‍ ചിലപ്പോള്‍ അടുക്കളയില്‍ എനിക്കായി എന്തെങ്കിലും വെള്ളം കലക്കുകയായിരിക്കും ..അല്ലെങ്കില്‍ ചായയോ കാപ്പിയോ ...ഇപ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇതൊക്കെ വല്ലതും അറിയുമോ ആവോ ,,..

അകത്തു നിന്നും ആരോടോ ഫോണില്‍ സംസാരിക്കുന്നത്  അവ്യക്തമായി കേട്ടു..അല്ലെങ്കിലും കുറച്ചു ദൂരെ നിന്നുള്ള ചെറിയ ശബ്ദമൊന്നും ഇപ്പോള്‍ കേള്‍ക്കാതായി ..രണ്ടു ചെവിയും അമ്പത് ശതമാനമേ കേള്‍വി ഉള്ളൂ ..മെഷീന്‍ വക്കേണ്ടി വരും എന്നാണു കഴിഞ്ഞ മാസം പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ..പ്രായമായി വരികയല്ലേ ..പതുക്കേ പതുക്കെ ഒന്നും കേള്‍ക്കാതാകുമായിരിക്കും ..


ഒന്ന് വേഗം വരുന്നുണ്ടോ ...? ഞാന്‍ ഇവിടെ ഒറ്റക്കാ എന്നറിയില്ലേ ..എന്നൊക്കെ അവള്‍ കയര്‍ത്തു പറയുന്നുണ്ട് ..പാവം ..താനിപ്പോള്‍ എത്തിയത് ഒരു കണക്കിന് നന്നായി അവള്‍ക്കും ഒരു കൂട്ടായല്ലോ ..അല്ലെങ്കില്‍ അവള്‍ ഒറ്റയ്ക്ക് ഈ വീട്ടില്‍ പേടിച്ചു ഇരിക്കണ്ടേ ..

മോളെ പേടിക്കണ്ടാ ട്ടോ ..ഞാന്‍ മുത്തശന്‍ വന്നിട്ടേ പോകുന്നുള്ളൂ ...ഒറ്റയ്ക്ക് ഇരിക്കണ്ട ..മോള്‍ക്ക്‌ ആയീച്ചാല്‍ ഊണ് കഴിച്ചോ ട്ടോ ..

ഞാന്‍ അകത്തേക്ക് ഒന്ന് നോക്കി പറഞ്ഞു ...

എനിക്ക് പേടിയൊന്നും ഇല്ലല്ലോ അതിനു ..ഞാന്‍ ചെറിയ കുട്ടി ഒന്നും അല്ലല്ലോ ...

അവളുടെ ഉത്തരത്തില്‍ നേരെത്തെ ഇല്ലാത്ത കനം.പെണ്‍കുട്ടികളായാലും വേണം ധൈര്യം ..ഭാവിയില്‍ ഒരു വീട് കൊണ്ട് നടക്കേണ്ടതല്ലേ ..വീട്ടിലും ഇങ്ങിനെയൊക്കെ തന്നെ ആയിരുന്നില്ലേ ..നാല്പതാം വയസ്സില്‍ ആയിരുന്നു തന്റെ കല്യാണം ..വീടോ ആളൊഴിഞ്ഞ ഒരു പാടത്തിന്‍ വക്കത്ത് ..താന്‍ ജോലി കഴിഞ്ഞു വരും വരെ ദേവകി എങ്ങിനെ പേടിക്കാതെ ഒറ്റയ്ക്ക് ഇരുന്നു കാണും ? അന്ന് ഇന്നത്തെ പോലെ ടി വി യും ഫോണും ഒന്നും ഇല്ലാത്ത കാലം ..

അവള്‍ പിന്നെയും  ഫോണില്‍ വിളിക്കുന്നുണ്ട് ..വേഗം വരില്ലേ ..എന്നൊക്കെത്തന്നെ ചോദ്യങ്ങള്‍ ..അവള്‍ പിന്നെയും കര്‍ട്ടനു പിറകിലെ കസേരയില്‍ വന്നിരുന്നു ..കര്‍ട്ടന്‍ ചെറുതായി നീക്കി .ഇപ്പോള്‍ എനിക്കവളെ മുഴുവനായും കാണാം .അവള്‍ ഇടയ്ക്കിടെ എന്നെ പാളി നോക്കുന്നുണ്ട് ..ചിലപ്പോള്‍ പീതാംബരന്‍ വരുന്നുണ്ടോ എന്ന് നോക്കുകയാവണം.വീട്ടിലെ കുട്ടിയും ഇങ്ങിനെയാ ..പെന്‍ഷന്‍ വാങ്ങി ചെല്ലുമ്പോള്‍ എപ്പോളും ഒരു പൊതി കയ്യില്‍ കരുതും .അത് അവള്‍ക്കുള്ളതാണ് ..കുട്ടികള്‍ക്ക് അതൊക്കെ അല്ലെ ഒരു സന്തോഷം ..അച്ഛന് ഇപ്പോളും അവള്‍ ഇള്ളക്കുട്ടി ആണെന്നാ വിചാരം എന്നൊക്കെ മകന്‍ തന്നെ കളിയാക്കും ..എന്നാലും പുറത്ത് പോയി വരുമ്പോള്‍ പതിവ് മുടക്കിയിട്ടില്ല ഇതു വരെ .

മോള്‍ക്ക്‌ കോളേജില്‍ കൂട്ടുകാരൊക്കെ ഇല്ലേ ?

പിന്നെ ഒത്തിരി പേരുണ്ട് ..എന്റെ ഫ്രണ്ടിന്റെ പപ്പയാ ഇവിടത്തെ എസ് ഐ .
പിന്നെ വേറെ ഒരാളുടെ മമ്മിയാ പഞ്ചായത്ത് പ്രസിഡന്റ്റ്..ഇവിടെന്നു നാലാമത്തെ വീടുകളാ ..

നന്നായി മോളെ ..കൂട്ടുകാര്‍ ധാരാളം വേണം ..മോള്‍ടെ മുത്തശനും ഞാനും അങ്ങിനെ ആയിരുന്നു ..ഒരു പാത്രത്തില്‍ നിന്നായിരുന്നു ഊണ്..ലവനും കുശനും എന്നൊക്കെ ആയിരുന്നു ഞങ്ങളെ ഓഫീസില്‍ കളിയാക്കിയിരുന്നത് ..ഒക്കെ ഒരു കാലം ..എങ്ങിനെ കഴിഞ്ഞിരുന്ന ആളുകളാ ...ഇപ്പൊ കണ്ട കാലം മറന്നു ..

മോള്‍ടെ കഴുത്തിലെ മാല എത്ര പവനാ ? അച്ചന്‍ വാങ്ങി തന്നതാവും ല്ലേ ..ഞങ്ങളുടെ ഒക്കെ ചെറുപ്പത്തില്‍ സ്വര്‍ണത്തിന് ഒക്കെ ഇന്നത്തെ അപേക്ഷിച്ച് നിസാര വിലയെ ഉള്ളൂ .അന്ന് ശമ്പളവും അങ്ങിനെയാ ട്ടോ ..കുവായിരുന്നു .അന്നത്തെ ഒരു പതിനായിരത്തിനു ഇന്നത്തെ ഒരു ലക്ഷത്തിന്റെ മേല്‍ വിലയുണ്ടാകും ..

  ഇത് ഫാന്‍സിയാ ...അവള്‍ ഉടുപ്പിന്റെ ഷാള്‍ മാല കാണാത്ത വിധം മറച്ചിട്ടു ഇടതു കൈയ്യിലെ വളകള്‍ക്ക് മേല്‍ വലതു കൈ അമര്‍ത്തി വച്ചു .


മുത്തശന്‍ ഒരു പൈസ വെറുതെ കളയില്ല ട്ടോ ..നല്ലപോലെ പണം ഉണ്ടാകും അവന്റെ ബാഗില്‍ ഇപ്പോളും ..അല്ലെ മോളെ ..ഞങ്ങള്‍ ഒക്കെ അങ്ങിനെ വളര്‍ന്നവരാ ..ചെലവക്കുന്നെടത്ത് എന്തിനായാലും ഒരു കണക്കുണ്ടാകും ..

അറിയില്ല ..അതൊക്കെ അവര്‍ക്കന്നെ അറിയൂ ..അവള്‍ പറഞ്ഞു ..ശരിയാ

കുട്ടിക്ക് എങ്ങിനെ അറിയാനാ ..?അതും പെണ്‍കുട്ടി അല്ലെ ...അവര്‍  വരട്ടെ .വീടൊക്കെ ഒന്ന് നടന്നു കാണണം ..

മുത്തശന്‍ ഇപ്പോള്‍ വരും ന്നാ പറഞ്ഞത് ..അച്ഛനും വരും ..എന്റെ ഫ്രണ്ട് പറഞ്ഞില്ലേ എസ് ഐ യുടെ മോന്‍ ..അവനു എന്റെ നോട്ട് എഴുതിയെടുക്കാന്‍ വേണമെത്രേ ..അവനും ഇപ്പോള്‍ വരും ...അവള്‍ ധൃതിയില്‍ പറഞ്ഞു നിര്‍ത്തി ..

മോളേ ഇത്തിരി വെള്ളം കുടിക്കാൻ വേണം..നല്ല ദാഹം .ഉച്ചക്ക് ഒരു ഗുളിക കഴിക്കാനും ഉണ്ട് ..

ഞാന്‍ ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ ഭാവിച്ചു ..
അവൾ ഒന്നു തറപ്പിച്ചു നോക്കി .. ഇടക്കിടെ തിരിഞ്ഞു നോക്കി ഉള്ളിലേക്ക് പോയി.......

. ദാ വെള്ളം

ഇടം കൈ കൊണ്ട് അവൾ ഗ്ലാസ് നീട്ടി... അവൾ ഇട്ടിരുന്ന ഉടുപ്പിന്റെ ഞൊറികൾക്കിടയിൽ വലതു കൈ കൊണ്ട് ഒരു മായാജാലക്കാരന്റെ കയ്യടക്കത്തോടെ അവൾ ഒളിപ്പിച്ചു പിടിച്ച വസ്തു കണ്ട് ഇറക്കുകയായിരുന്ന വെള്ളം എന്റെ തൊണ്ടയിൽ തടഞ്ഞു...അതിന്റെ മിന്നുന്ന വായ്ത്തല എന്നെ നോക്കി അസാമാന്യ ആത്മവിശ്വാസത്തോടെ ചിരിക്കുണ്ടായിരുന്നു..അവളും  ..

കണ്ണും കാതും
-----------------


അച്ചാ
ഇതിലെ ഒരു വണ്ട്‌  ഉംഉംഉം എന്നു ഒച്ചയുണ്ടാക്കി പറന്നു പോയത്
അച്ചന്‍ കണ്ടോ ?

മോബൈലിലെ ചാറ്റ് മുറിഞ്ഞു പോകുന്നതിന്റെ രസക്കേടില്‍
ഇല്ലല്ലോ ...ഞാന്‍ കണ്ടില്ല എന്ന മറുപടിയോടെ ഞാന്‍ അവനെ നോക്കി


അതേയ് അച്ചാ അച്ഛന്റെ കണ്ണും ചെവിയും  വലുതല്ലേ ..അതാ ചെറുതൊന്നും  കാണുകയും കേള്‍ക്കുകയും ചെയ്യാത്തത് ..എന്റെ കണ്ണും ചെവിയും ചെറുതല്ലേ ..അതാ എനിക്കതൊക്കെ കാണാനും കേള്‍ക്കാനും പറ്റണത്...


ഞാന്‍ എന്റെ കണ്ണും ചെവിയും ഒന്ന് തപ്പി നോക്കി .ശരിയാ അവന്റെതിനേക്കാള്‍ വലുതാണ്‌ ..കണ്ണും ചെവിയും വലുതായി പോയത് കൊണ്ട് എനിക്ക് നഷ്ടപ്പെട്ട കാഴ്ചകളുടെയും  ശബ്ദങ്ങളുടെയും ഒരു കണക്ക്  മനസ്സിലൂടെ എഞ്ചുവടി പട്ടിക പോലെ പാഞ്ഞു പോയി .

2017, ഏപ്രിൽ 30, ഞായറാഴ്‌ച

കണ്ടുപിടുത്തങ്ങള്‍


അടുക്കളയില്‍
അമ്മ ഒളിപ്പിച്ച
മിഠായിഭരണി

അച്ഛന്‍ എടുത്തുവച്ച
പുതിയ
കളര്‍ പെന്‍സില്‍

എന്തിനേറെ
മുത്തച്ഛന്റെ
കാണാതായ കണ്ണടയും
മുത്തശിയുടെ
തുന്നല്‍ സൂചിയും

ടീച്ചറുടെ പേനയുടെ
അടപ്പും
കൂട്ടുകാരിയുടെ
ഊരിപ്പോയ
കമ്മലും

കിണറ്റിലെ പൊന്മാന്‍,
മരത്തിലെ അണ്ണാന്‍ കൂടും
ചേമ്പിലയിലെ വെള്ളത്തുള്ളിയും
കുലുക്കിത്തുപ്പിയപ്പോള്‍
മഴവില്ലുണ്ടായതും

അയലോക്കത്തെ
രമണി ചേച്ചിയുടെ
കണ്ണിലെ കരടു പോലും
കണ്ടു പിടിച്ചത് ഈ ഞാനാ

എന്നിട്ടോ
ക്വിസ് ബുക്കില്‍
ഒരു ചോദ്യം പോലുമില്ല
എന്നെപ്പറ്റി
എന്റെ കണ്ടുപിടുത്തങ്ങളെപ്പറ്റി

വെച്ചിട്ടുണ്ട് ഞാന്‍
ഇനി ഒറ്റ സാധനം
കണ്ടു പിടിക്കില്ല

അനുഭവിക്കട്ടെ എല്ലാരും ..

2017, മാർച്ച് 30, വ്യാഴാഴ്‌ച

ജല കഥകള്‍

ജല ദിനം


 സഹ്യപർവ്വതം മുതൽ അറബിക്കടലു വരെ നീണ്ട വലിയ കുഴി തോണ്ടി പുഴയെ മറചെയ്ത് നമ്മൾ വർഷാവർഷം ജലദിനം എന്ന് ശ്രാദ്ധ മുട്ടുന്നു 


മറവി
.
അയ്യോ കിണർ പൂട്ടാൻ മറന്നല്ലോ എന്ന നിലവിളിയോടെ അയാൾ ബസ് സ്റ്റോപ്പിൽ നിന്നും വീട്ടിലേക്ക് ഓട്ടോ പിടിച്ച് പാഞ്ഞു


ബാക്കി
.

 ഷവറിൽ നിന്നും രണ്ടു തുള്ളി. അയാളുടെ നെറുകയിൽ വീണു കുളിമുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒരു തേങ്ങൽ പ്രതിധ്വനിച്ചു മകനേ ഇതേ ബാക്കിയുള്ളൂ.