2018, ജൂലൈ 29, ഞായറാഴ്‌ച

അശ്വമേധം



ശാപം കിട്ടിയ കുതിരകൾ
മേഘങ്ങളായും
മേഘങ്ങൾ മനുഷ്യരായുമായിരിക്കണം
പൊക്കിൾക്കൊടിമുറിച്ചത്

കവിത കൊണ്ട് കെട്ടിയ
കുരുക്കുകൊണ്ട്
ഒരു കുതിരയുടെ കഴുത്തിൽ
ഞാൻ കയറിട്ടു പോകുന്നു

ആ കയറിൽ പിടിച്ച്
മുകളിലേക്ക് കയറുമ്പോളൊക്കെ
കുതിര ചിനച്ചു കൊണ്ട് പായുന്നു
തൂങ്ങിക്കിടന്ന്
താഴെ മാമലകളെക്കാണുമ്പോൾ
അവയുടെ നരച്ച മുടിയിൽ
കാടു കൂട്ടിയപേനുകളുടെ
മഹാപ്രസ്ഥാനങ്ങൾ കാണുന്നു
ജട പിടിച്ച മുടിയഴിച്ചിട്ട്
ഭ്രാന്തിയായ ഒരു കാറ്റ്
പട്ടങ്ങളെ മുലയൂട്ടുന്നു.
പക്ഷാഘാതം വന്ന് ചിറി കോടിയ
പുഴ വികൃതമായി
പാടാൻ ശ്രമിക്കുന്നു

തല പോയതെങ്ങുകൾ
ഭൂമിയുടെ ഗർഭപാത്രത്തിലേക്ക്
നീളുന്ന കുഴലുകളാകുന്നു
ശരിക്കും ഭൂമിയാണ് അമ്മ
ഭൂമി പെറ്റിട്ട കുട്ടിയാണാകാശം
ഓരോ മരവും
പൊക്കിൾക്കൊടികളാണ്

നട്ടുച്ചക്ക്
കാണാമറയത്തുള്ള
കുതിരയുടെ കഴുത്തിൽ നിന്നും
തൂങ്ങിക്കിടന്ന്
തലങ്ങും വിലങ്ങും കാഴ്ച കാണുന്നൊരാളെ
എല്ലാ പുസ്തകങ്ങളിലും
ഭ്രാന്തനെന്നേ വരച്ചു വെച്ചിട്ടുണ്ടാകൂ

കാരണം
കടലെന്നാൽ
ഈ കറുമ്പൻ കുതിരകളുടെ
സ്രവങ്ങൾ കെട്ടി നിന്നുണ്ടായതാണ്
ഓരോ തിരയിലും
കരയടുപ്പിക്കാനുള്ള
പല കപ്പലുകളുടെ പ്രേതങ്ങളുണ്ട്

കയറിലൂടെ പിടിച്ചു കയറുന്നതാണ് ചരിത്രം
പിടി വിട്ടാൽ വീണുടയുന്നതാണ്
അതിന്റെ ധനതത്വശാസ്ത്രം

കുതിരയുടെ പുറത്തിരുന്ന്
കടിഞ്ഞാണും ചാട്ടയും
വലിച്ചെറിയുന്നവരാണ് ഭീരുക്കൾ
ഓടിക്കുന്നവന്റെ ഇഷ്ടത്തിന് പായുന്ന കുതിരകളെ അവർക്ക് ഭയമായിരിക്കും..
ഭ്രാന്തൻ കുതിരയുടെ
കുഞ്ചിരോമങ്ങൾ കൊണ്ടാണ്

മഴവില്ല് തുന്നിയുണ്ടാക്കുന്നത്
ഭ്രാന്തില്ലെങ്കിൽ
അതൊരു കഴുത പോലെ
വിധേയനാകും
മഴവില്ലു പോയിട്ട്
തെരുവു വേശ്യയുടെ
വെട്ടിയൊതുക്കിയ പുരികം പോലും
ഉണ്ടാകാനിടയുമില്ല...

ഇവിടെ എത്രമാത്രം കുതിരകാണെന്നോ
കുളമ്പടികളിൽ നിന്ന്
മിന്നലുണ്ടാക്കി
ഓരോ നിശ്വാസത്തിൽ നിന്നും
വാൽനക്ഷത്രങ്ങളുണ്ടാക്കി
ലഹരിയുടെ കുരുക്ഷേത്രത്തിൽ
തേരുകളെ മറിച്ചിടുന്നത്..

വരൂ
വിശപ്പ് , ദാഹം ,
കെട്ട പ്രണയങ്ങൾ,
വഴുക്കുന്ന കാമം വലിച്ചെറിഞ്ഞ്

നിങ്ങൾക്ക് മാത്രം കഴിയുന്ന
ഈ അശ്വമേധത്തിൽ
ശാപം കിട്ടിയ ഒരു മേഘമാവൂ


*ശിവപ്രസാദ് പാലോട്*

ചിരിക്കാൻ പഠിക്കുന്നവർ



പുതിയ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ  ആദ്യം മനസ്സിൽ
ഒരാന്തലായിരുന്നു. പറിച്ചു നട്ട ചെടിയെപ്പോലെ പുതിയ മണ്ണിനോട്
പാകപ്പെടാത്ത ഒരു വാട്ടം. വീട്ടിൽ നിന്നും ഏറെ ദൂരം. പുതിയസഹപ്രവർത്തകർ.
കുട്ടികൾ.ഇനിസമരസപ്പെടേണ്ട പുതിയ ബെല്ലടികൾ
               പുതിയ ടീച്ചറെ വരവേൽക്കുമ്പോൾ കുട്ടികളുടെ
കുസൃതിക്കണ്ണുകൾ ഗോട്ടികൾ പോലെ തിളങ്ങി. പുതിയ അതിഥിയെ കൂട്ടത്തിൽ
ചേർക്കാനെടുക്കുന്ന അദൃശ്യമായ സമയപുസ്തകം ഒാരോരുത്തരുടെയും
മുഖത്തുണ്ടായിരുന്നു.

ആദ്യ ദിവസം തന്നെ മൂന്നാം ബഞ്ചിലെ അവന്റെ ചിരിവട്ടം  തന്റെ മനസ്സിൽ
പതിഞ്ഞിരുന്നു. എത്രയോകാലെ പരിചയമുള്ള  ഒരു ചിരിയുടെ കുശലാന്വേഷണം പോലെ
എവിടെയോ കണ്ടുമറന്ന ഒരു മുഖം അന്നേ മനസ്സിൽ വരഞ്ഞു കിടന്നു.

അവനോട് എന്തു ചോദിച്ചാലും ചിരിക്കേ ഉള്ളൂ ടീച്ചർ ഒന്നും പറയില്ല

എന്തോ ഒരു ചോദ്യം അവനോടായി ചോദിച്ചപ്പോൾ അടുത്തിരുന്നവന്റെ മറുപടി.
അതെന്താ അങ്ങിനെ എന്ന ഭാവത്തിൽ അവനെ നോക്കിയപ്പോളൊക്കെ
എന്തിനുവേണ്ടിയെന്നറിയാത്ത ഒരു ചിരിതന്നെയായിരുന്നു മറുപടി.
                 പതുക്കെ പതുക്കെ പുതിയ ക്ളാസ് പരിചിതമായി തുടങ്ങി.കളർ
പെൻസിൽ കൊണ്ട് ചുവരുകളിൽ വരച്ചുവച്ച ഗുഹാചിത്രങ്ങളുടെ അർഥങ്ങൾ
പിടികിട്ടിത്തുടങ്ങി.പുതിയ ടീച്ചറോട് അവർ വിശേഷങ്ങൾ പങ്കിടാൻ തുടങ്ങി.
രാവിലെത്തെ ഗുഡ് മോർണിങ്ങിന്റെ യാന്ത്രികത വിട്ട് അതിലേക്ക് ഇത്തിരി
സ്നേഹമൊക്കെ കലരാൻ തുടങ്ങി.
                             പലപ്പോഴും അവനെ ഇണക്കാനായി അടുത്തു ചെന്നു.
വള്ളിയും പുള്ളിയുമില്ലാത്ത ഗൃഹപാഠങ്ങൾ കാണിച്ചു തരുമ്പോൾ അവൻ
ചിരിക്കുകയല്ലാതെ ഒന്നും പറയാറില്ല.വായിക്കാൻ പറഞ്ഞാലും അതേ ചിരി.

ടീച്ചറേ പഴയ ടീച്ചർ അവനെ നുള്ളീട്ടും കൂടി അവൻ മിണ്ടീട്ടില്ല.. അപ്പളും ചിരിക്കും

അടുത്തിരുന്നവന്റെ മുൻവിധി കലർന്ന വാക്കുകൾ താനെത്രമാത്രം
കേൾക്കുന്നുണ്ടെന്ന് അവനൊരു ചിരിയിലൂടെ അളവെടുക്കുന്നുണ്ടായിരുന്നു.
സ്റ്റാഫ് മുറിയിൽ മറ്റു ടീച്ചർമാരോട് ചോദിച്ചപ്പോഴും  അവനെക്കുറിച്ചുള്ള
സംശയം മാറിയതുമില്ല.

ആകുട്ടി ചെറിയ ക്ളാസ് മുതൽക്കേ അങ്ങിനെയാണ്. പ്രത്യേകിച്ച് ശല്യം
ഒന്നുമില്ല. അല്പ സ്വല്പം എഴുതും വരക്കൂം ഒക്കെ ചെയ്യും. എന്താ ചെയ്യാ
അതിന്റെ അവസ്ഥ അങ്ങിനെയാ..
ഒരെത്തും പിടിയും  തരാത്ത കുട്ടി.
വനജ ടീച്ചറാണ് അത്രയെങ്കിലും പറഞ്ഞത്.

                  അങ്ങനെയിരിക്കെ  ഇന്ന് രാവിലെ വന്ന് ഏറെക്കഴിഞ്ഞ്
നോക്കിയപ്പോൾ അവനുണ്ട് വാടിയ ചിരിയുമായി ഇരിക്കുന്നു, തൊട്ടു
നോക്കിയപ്പോൾ പൊള്ളുന്ന പനി.

എടാ നിനക്ക് നന്നായി പനിക്കുന്നുണ്ടല്ലോ..

ഉത്തരമായി വിറയ്ക്കുന്ന ഒരു ചിരി. ഒാഫീസിൽ പറഞ്ഞപ്പോൾ അവനെ വീട്ടിൽ
കൊണ്ടുപോയി ആക്കാൻ തീരുമാനമായി. അവന്റെ അടുത്തിരിക്കുന്നവനെയും
കൂടെക്കൂട്ടി ഒാട്ടോയിൽ കയറി. ഇത്തിരി ദൂരം പോയപ്പോൾ ഇനി ഒാട്ടോ പോകില്ല.
നടന്നു പോകണം അവന്റെ വീട്ടിലേക്ക്.ഒാട്ടോയിൽ നിന്നും ഇറങ്ങുമ്പോൾ
അപ്രതീക്ഷിതമായി അത് സംഭവിച്ചു.

ടീച്ചർ ഞാനിവിടന്ന് ഒറ്റക്ക് പോയിക്കോളാം..ടീച്ചർ പൊയ്ക്കോ..

അപരിചിതമായ അവന്റെ ശബ്ദം ഏതു കാട്ടുപക്ഷിയുടെതാണെന്ന്
ഒാർത്തുകിട്ടുന്നുണ്ടായിരുന്നില്ല. ആദ്യമായിട്ടല്ലേ അവൻ സംസാരിച്ചു
കേൾക്കുന്നത്.

അല്ല..ഇങ്ങിനെ പനിക്കുന്ന നിന്നെ ഒറ്റക്കു വിടാൻ പറ്റില്ല. അല്ല അപ്പോ
നിനക്ക് മിണ്ടാൻ ഒക്കെ അറിയാം അല്ലേ,,,? അവനോട് അല്പം കയർക്കേണ്ടിയും
വന്നു, കൂടെയുള്ള കുട്ടിക്ക് മുമ്പിലായി അവൻ നടന്നു.

ഒറ്റ വരമ്പ് കടന്ന് തോടിനിട്ട തെങ്ങുതടിയിൽ ചവിട്ടി അപ്പുറത്തേക്ക്. ഈ
ദൂരം മുഴുവൻ നടന്നാണല്ലോ ഇവൻ വരുന്നതെന്ന്  മനസ്സിൽ ഒാർത്തപ്പോള്‍ നേരം
വൈകിയതിന്  പുറത്തുനിർത്തിയ കുട്ടികളുടെ മുഖങ്ങൾ അറിയാതെ വന്നുപോയി.
 വരിയൊലിച്ചുണ്ടായ ചാലുപോലെയുള്ള വഴി ചെന്നെത്തിയത് പൊളിഞ്ഞ വീടിന്റെ
ഉമ്മറത്ത്. ഒരു ഭാഗം മുഴുവനായി ഇടിഞ്ഞു വീണിട്ടുണ്ട്. ബാക്കി ഭാഗം മുകളിൽ
ടാർപോളിൻ പൊതിഞ്ഞു കെട്ടിയിരിക്കുന്നു. മുറ്റത്ത് ആൾപ്പെരുമാറ്റം
കേട്ടിട്ടാകണം ഉള്ളിൽ നിന്നും ഒരു ശബ്ദം

ആരാത്..?

അച്ഛാ ഞാനാ..പനി അധികമായപ്പോൾ ടീച്ചർ കൊണ്ടു വന്നതാ..

പൊട്ടിയ ഒാടുകഷണങ്ങൾ പതറിക്കിടന്ന മുറ്റത്ത് അവിടിവിടെ കണ്ണീരുറവപോലെ
കെട്ടിക്കിടക്കുന്ന ഇറവെള്ളം.തൊടിയിൽ ചുവന്നു ചിരിക്കുന്ന
ഭ്രാന്തൻപൂക്കൾ.

വാതിൽ അവൻ ഒന്നു തൊട്ടപ്പോളേക്കും തുറന്നു.

ടീച്ചർ പൊയ്ക്കോളൂ..

പിന്നെയും കാട്ടു പക്ഷിയുടെ ചിലമ്പൽ. അവന്റെ സമ്മതത്തിന് വഴികൊടുക്കാതെ
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ അസ്ഥി പഞ്ജരമായി ഒരു മനുഷ്യൻ പായിൽ
കിടക്കുന്നു.


അഛ്ചനാ..തെങ്ങിൽ നിന്നും  വീണതാ..

അതു പറയുമ്പോൾ അവന്റെ ചിരി മാഞ്ഞുപോയിരുന്നു.

പനിച്ചുകിടന്നാലും നോക്കാൻ ആരുമില്ല. ടീച്ചറേ അതാ സ്കൂളിൽ വിട്ടത്.

പായിൽ നിന്നും ശബ്ദം വിറച്ചു പൊന്തി.

അമ്മ..അമ്മയെവിടെ..?

അവള് എനിക്കും ഇവനും മരുന്നു വാങ്ങാൻ പോയിരിക്കുകയാണ്.

ഈ സമയം അവന്‍ ബാഗ് മൂലക്ക് ചാരി വച്ചു. മണ്ണടർന്ന നിലത്ത് പലയിടത്തും
കുഴികളിൽ നനവുണ്ടായിരുന്നു.

എന്നാ ടീച്ചറ് പൊയ്ക്കോളൂ..

അവന്റെ ശബ്ദത്തിൽ എന്തോ ഒരു നിർബന്ധത്തിന്റെ കനം. പടിക്കലെത്തിയപ്പോൾ
പിറകില്‍ നിന്ന് ഒരു വിളി കേട്ടു..

ടീച്ചറേ..

ടീച്ചർ ചോദിക്കാറില്ലേ എന്നാ ഒരു ചോദ്യത്തിനും
ഉത്തരമില്ലാത്തെതെന്ന്..എന്തിനാ എപ്പളും  ചിരിക്കണേ എന്ന്..?


ഈ കുട്ടി എന്താണിങ്ങനെ പെട്ടെന്ന് ചോദിക്കുന്നത് എന്ന ഭാവത്തോടെ ഞാനും
ഒപ്പം വന്ന കുട്ടിയും ഒന്ന് പിറകിലേക്ക് നിന്നു.

ടീച്ചറേ ഞാനെന്തിനാ ടീച്ചറേ ചിരിക്കുന്നത്..? ടീച്ചർ കണ്ടില്ലേ
കരഞ്ഞിട്ടെന്താ കാര്യം ടീച്ചറേ..
അവന്റെ ചോദ്യത്തിന്  പെട്ടൊന്നൊരു ഉത്തരം പറയാൻ കഴിയാത്തതിനാൽ ഞാൻ അവനെ
നോക്കി ചിരിച്ചു. ഒന്നിനും ഒരുതീർപ്പുമില്ലാത്ത വെറും ചിരി. അപ്പോൾ അവനും
ചിരിക്കുന്നണ്ടായിരുന്നു. മടക്കയാത്രയിൽ  കൂടെ വന്ന കൂട്ടിയെ ഞാൻ വല്ലാതെ
ചേർത്തുപിടിച്ചു. അവനും ചിരിക്കുന്നുണ്ടായിരുന്നോ..?


ശിവപ്രസാദ് പാലോട്

2018, ജൂലൈ 25, ബുധനാഴ്‌ച

മൂന്ന് സത്യ കഥകൾ




*അയിഷാബിയുടെ*
*ഏഴുറുപ്പിക*


ഗ്രാമത്തിലെ ആ എൽ പി സ്കൂളിൽ നിന്നും പ്രമേഷൻ ലഭിച്ച്   പോയി പിന്നെ ഒന്നരക്കൊല്ലം കഴിഞ്ഞാണ് ദിനേശൻ മാഷ് മറ്റൊരാവശ്യത്തിനായി സ്കൂളിലേക്ക് ഒന്നു വന്നത്.

അപ്പോൾ ഇന്റർവെൽ ആയിരുന്നു.. സ്കൂൾ മുറ്റത്ത് കലപില കൂട്ടി നടന്ന കുട്ടികൾ മാഷിന്റെ നിഴൽ വെട്ടം കണ്ടതോടെ ഓടി വന്ന് വട്ടം പിടിച്ചപ്പോൾ ദിനേശൻ മാഷിന്റെ ഉള്ളം കുതിർന്നു.. കുട്ടികൾ തന്നെ ഇപ്പോളും ഓർക്കുന്നുണ്ടല്ലോ..


        അവരോടൊക്കെ വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴേക്കും ബെല്ലടിച്ചു. എല്ലാ കുട്ടികളും ക്ലാസിൽ കയറിയപ്പോഴും ഒരു കുട്ടി മാത്രം ദിനേശൻ മാഷിന്റെ ഒപ്പം നടന്നു..


മാഷ് ഓഫീസ് മുറിയിലേക്ക് കയറിയപ്പോൾ അവൾ താഴ്മയോടെ പുറത്തു കാത്തു നിന്നു.. മാഷ് പഴയ സഹാധ്യാപകരെ കാണാൻ ഓരോ ക്ലാസിലേക്കും നടന്നപ്പോൾ അവൾ മൗനമായി മാഷെ അനുഗമിച്ചു…

  ഒരു കുട്ടി തന്നെ പിന്തുടർന്ന് നടക്കുന്നത് കണ്ടപ്പോൾ ദിനേശൻ മാഷ്ക്ക് മനസ് തളിർത്തു.. എന്തൊരു സ്നേഹമാണ് കുട്ടികൾക്ക് തന്നോട്..

... മോൾടെ പേരെന്താ??

... അപ്പോ മാഷ്ക്ക് ന്നെ ഓർമ്മല്ലെ??

ഞാൻ അയിഷാബിയാ… മാഷിന്റെ മൂന്നാം ക്ലാസിൽ.. ഇപ്പ ഞാൻ നാലിലാ...


മോള് ഇനി ക്ലാസിൽ കയറിക്കോ.. ടീച്ചർ ചീത്ത പറയും ട്ടോ... നല്ലോണം പഠിച്ച് വല്യ ആളാവണം... മാഷ് ഇപ്പൊ പോവും.. പിന്നെ കാണാം..


മാഷെ... മാഷ് പോകുമ്പോ സ്റ്റാമ്പിന് പത്തുറുപ്പിക തന്നേന്റെ ബാക്കി

ഏഴുറുപ്പിക എനിക്ക് തരാന്ണ്ട്... അത് കിട്ടാഞ്ഞിട്ട് വീട്ടിൽ നിന്ന് എത്ര ചീത്ത കേട്ടൂ ന്നറിയ്യോ... ഇന്ന് മാഷെക്കണ്ടപ്പോൾ അത് വാങ്ങാനാ ഞാൻ പിന്നാലെ വന്നത്… മാഷെ ന്റെ ഏഴുറുപ്പിക മാഷ് മറന്നോ???


         പോക്കറ്റിലേക്ക് കയ്യിട്ട് പൈസ തിരഞ്ഞു കൊടുക്കുമ്പോൾ അയിഷാബി തന്റെ പിറകേ നടന്നതിന്റെ കാരണം പിടികിട്ടി ദിനേശൻ മാഷ് സ്വയം വെളുക്കെ ചിരിച്ചു.




*ശിഷ്ടം കൂട്ടുന്ന പ്രഭാകരൻ*


പഠിത്തം കഴിഞ്ഞ് ജോലി കിട്ടാതെ വന്നപ്പോൾ ഓട്ടോ ഓടിച്ചു കഴിയുകയായിരുന്നു... ഒരിക്കൽ ശീകൃഷ്ണപുരത്തേക്ക് ഓട്ടം പോയി മടങ്ങി വരുമ്പോൾ തിരുവാഴിയോട്ടുനിന്നും പാൻറും ഷർട്ടും ബാഗുമൊക്കെയായി ഒരു ചെറുപ്പക്കാരൻ കൈ കാണിച്ചു…


വണ്ടിയിൽ കയറിയിരുന്ന ആളെ പെട്ടെന്നു പിടി കിട്ടി.. പ്രഭാകരൻ.. ഹൈസ്കൂളിൽ ഒപ്പം പഠിച്ചവൻ.. അവന് തന്നെയും മനസിലായി


എടാ ശിവാ.. നീയെന്താ ഓട്ടോയുമായി.. കണക്കൊക്കെ നല്ലവണ്ണം പഠിച്ചിരുന്ന നീയൊക്കെ വല്ല ഡോക്ടറും ആയിപ്പോയിട്ടുണ്ടാകുമെന്നാ ഞാൻ കരുതിയത്


അവന്റെ ചോദ്യത്തിൽ അമ്പരപ്പിന്റെ ഒരു പരപ്പ്.


പ്രഭാകരാ നീയിപ്പോ എന്തു ചെയ്യുന്നു…


ഞാനിപ്പോ മൂവാറ്റുപുഴയിൽ ബാറിൽ നിൽക്കാണ്


ബാറിലോ?? ശമ്പളമൊക്കെ എങ്ങനെ??


ശമ്പളമൊക്കെ കുറവാ... ടിപ്പ് കിട്ടും.. പിന്നെ ശിഷ്ടം കൂട്ടി ഞാൻ ദിവസേന പത്തഞ്ഞൂറ് ഉണ്ടാക്കും... അതോണ്ട് ഒന്നര ഏക്കർ റബ്ബർ വാങ്ങിയിട്ടു..


ശിഷ്ടം കൂട്ടീട്ട് റബ്ബറോ??


അതേ ടാ.. ബാറിൽ കുടിച്ചിറങ്ങുന്നോർക്ക് വല്യബോധം ഒന്നും ഉണ്ടാവില്ല ബില്ല് കൂട്ടി എഴുതുമ്പോൾ എട്ടും എട്ടും പതിനാറിന് 1 ശിഷ്ടം ആറ് എന്ന് വച്ചാ കൂട്ടുക.. ഒറ്റ ബില്ലിൽ അറുപത് ഇങ്ങോട്ട് പോരും. ഇനി അഥവാ ആരെങ്കിലും ചോദിച്ചാ ശിഷ്ടം കൂട്ടിയപ്പോ തെറ്റിതാ ചേട്ടാ എന്ന് പറഞ്ഞ് തലയൂരും… നീയും വേണങ്കി പോര്...ഓട്ടോ ഓടിച്ച് എന്ത് കിട്ടാനാ…?


  എട്ടിന്റെ ഗുണന പട്ടിക കാണാതെ പറയാൻ അറിയാഞ്ഞ് വിജയൻ മാഷെ പേടിച്ച് സ്കൂളിൽ വരാതെ മുങ്ങി നടന്ന പഴയ പ്രഭാകരനെ ഓർമ്മ വന്നപ്പോൾ ഞാൻ വണ്ടി ഓരം ചേർത്തു നിർത്തി അന്തം വിട്ട് അവനെ നോക്കി.



*ബാബുവിന്റെ മട്ടം*


ബാബുവിനെ ഞാൻ പഠിപ്പിച്ചതാണ്. പഠിക്കാൻ മഹാമടിയനായിരുന്നതിനാൽ എട്ടിൽ വച്ച് അവൻ പഠിപ്പു നിർത്തിപ്പോയയാണ്.. പൈതഗോറസ് സിദ്ധാന്തം എത്ര പറഞ്ഞാലും തലയിൽ കയറാത്തവൻ..


പുതിയ വീടിന് തറപ്പണിയെടുക്കാൻ കരാർ കൊടുത്ത രാമകൃഷ്ണേട്ടന്റെ കൂടെ സഹായിയായി വന്നതാണ് അവൻ


ഒഴിവു ദിവസമായതിനാൽ പണി നോക്കി നിൽക്കുകയായിരുന്നു.ബാബു പടവിന് മൂലക്കല്ലു വയ്ക്കുന്നു.. മൂന്നടി ഒരു വശത്തും രണ്ടടി അപ്പുറപ്പത്തും വച്ച് രണ്ടിനേയും ചരടു കൊണ്ട് യോജിപ്പിക്കുമ്പോൾ ഒരു ത്രികോണം കിട്ടുന്നു... കല്ലുകളുടെ സ്ഥാനം അങ്ങോട്ടും ഇങ്ങോട്ടും അല്പസ്വൽപം മാറ്റി ശരിയാക്കുന്നു…


ആഹാ... താൻ പഠിപ്പിച്ച പൈതഗോറസ് സിദ്ധാന്തം.. വച്ചാണ് അവൻ പാദവും ലംബവും വച്ച് കർണം കണക്കുകൂട്ടി മൂല ശരിയാക്കുന്നത്…


ടാ ബാബൂ... ഇതല്ലേടാ അന്ന് ഞാൻ നിന്നെ ക്ലാസിൽ പഠിപ്പിച്ചത്... പൈതഗോറസ് സിദ്ധാന്തം.. ഇത് പഠിക്കാഞ്ഞല്ലേ നീ ചീത്ത കേട്ടത്…??


ഇത് മാഷ് പഠിപ്പിച്ചതൊന്നുമല്ല... രാമഷ്ണേട്ടൻ പഠിപ്പിച്ചതാ... മട്ടം നോക്കാനും വാട്ടർ ലെവൽ നോക്കാനും, കട്ടയും നൂലും പിടിക്കാനുമൊക്കെ…


പാഠപുസ്തകവും ജീവിതവും തമ്മിലുള്ള കോൺ ആലോചിച്ച് ചിന്തയുടെ മട്ടം തെറ്റി

ഞാനവനെ വല്ലാതെ തുറിച്ചു നോക്കി.



*ശിവപ്രസാദ് പാലോട്*