2018, ഓഗസ്റ്റ് 26, ഞായറാഴ്‌ച

പ്രളയകഥകൾ/
ശിവപ്രസാദ് പാലോട്



പ്രളയ കഥകൾ/ ശിവപ്രസാദ് പാലോട്

1 രക്ഷ

ആ ഗ്രാമത്തിലെ എല്ലാവരെയും പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തി ബോട്ടിൽക്കയറ്റി തുഴയാനൊരുങ്ങുകയായിരുന്നു.. അപ്പോളാണ് ഒരു നിലവിളി കേട്ടത്

ഞങ്ങളേം കൂടി കൊണ്ടു പോകണേ

അപ്പുറത്തൊരു കെട്ടിടത്തിന്റെ നിലപ്പുറത്തു നിന്നും കൈയുയർത്തി കേഴുകയായിരുന്നു
പല മതത്തിലും പെട്ട ദൈവങ്ങൾ…


2.ഊഴം


ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണത്തിന് വരിനിൽക്കുകയായിരുന്നു ദിനേശൻ. മൂന്നു നില വീടും കാറുകളും പ്രളയത്തിൽ നശിച്ചുപോയതായിരുന്നു. തന്റെ ഊഴമെത്തിയപ്പോളേക്കും ഭക്ഷണപ്പൊതി തീർന്നു പോയെന്ന് ഒരു ഞെട്ടലോടെ ദിനേശൻ തിരിച്ചറിഞ്ഞു.. നാലു നേരമായി വല്ലതും കഴിച്ചിട്ട്…


നിനക്ക് കിട്ടീല അല്ലേ മോനേ... സാരല്യ ഇതു വച്ചോ…


കേട്ടു പരിചയമുള്ള ശബ്ദം.. തൊണ്ട വറ്റി നിന്ന് ദിനേശൻ തിരിച്ചറിഞ്ഞു

താൻ വൃദ്ധസദനത്തിലാക്കിയ അച്ഛൻ..


അപ്പോൾ വിറക്കുന്ന കൈകൾ കൊണ്ട് ഭക്ഷണപ്പൊതി നീട്ടിപ്പിടിച്ച അച്ഛന്റെ കണ്ണുകളിൽ നിന്ന് ഒരു തിളക്കം പ്രളയമായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു..


3.ശേഷം

വെള്ളം കയറിയ വീട്ടിലിരുന്ന് പരമേശ്വരൻ മാഷ് വിയർത്തു...

മക്കളൊക്കെ വിദേശത്താണ്.. പഠിപ്പിച്ചു വിട്ട വിദ്യാർഥികളിൽ പലരും വലിയ ഉദ്യോഗക്കാരാണ്. മാഷ് ഓരോരുത്തരെയായി ഫോണിൽ വിളിച്ചു

ബിസി
ഔട്ട് ഓഫ് റേഞ്ച്
സ്വിച്ച്ഡ് ഓഫ്
ഇപ്പോൾ പ്രതികരിക്കുന്നില്ല...

അപ്പോളാണ് വാതിൽക്കൽ ഒരു മുട്ട്... അരക്കൊപ്പം വെള്ളത്തിൽ വാതിൽ തുറന്നപ്പോൾ ഒരു ചെറുപ്പക്കാരൻ

ഇറങ്ങ് മാഷേ വേഗം... ഞാൻ തോണി കൊണ്ടുവന്നിട്ടുണ്ട്...

മങ്ങിത്തുടങ്ങിയ വെളിച്ചത്തിൽ മാഷ് തിരിച്ചറിഞ്ഞു... കേശു. ക്ലാസിൽ കണക്ക് നോട്ടിന്റെ പേജുകീറി തോണിയുണ്ടാക്കിയതിന് തന്റെ കയ്യിൽ നിന്ന് പൊതിരെ തല്ലു വാങ്ങിയ
ഒന്നിനും കൊള്ളാത്തവൻ.

കേശുവിന്റെ ബലിഷ്ഠമായ കൈകളിൽ പിടിച്ച് തോണിയിൽ കയറിയപ്പോൾ ഓർമ്മകൾ ഒരു കുത്തൊഴുക്കായി മാഷെത്തേടി വന്നു


4.മതം

വള്ളത്തിൽ കയറിയ എല്ലാരോടും
വെള്ളം ചോദിച്ചു

നിങ്ങളുടെ മതം ..ജാതി…?

ഓരോരുത്തരും മറ്റുള്ളവർ പറയട്ടെ എന്നു വച്ച് മിണ്ടാതിരുന്നപ്പോൾ വെള്ളം കണ്ണുരുട്ടി

എല്ലാവരും ഒന്നിച്ചു പറഞ്ഞു

മനുഷ്യൻ... പ്രളയ മതം..

5.ആണത്തം

ആ നാട്ടിൽ ഒരാളുണ്ടായിരുന്നു. പഴയ തറവാട്ടു കാരനാണ്. കടം കേറി കുത്തുപാളയെടുത്തു നടക്കുകയാണ്

ആരെങ്കിലും അറിഞ്ഞ് പത്തോനൂറോ ദാനമായിക്കൊടുത്താൽ മൂപ്പർ വേണ്ടെന്ന് പറയും

പകരം കടം വാങ്ങും. തിരിച്ചു കൊടുക്കയുമില്ല. അതിലൊരാണത്തമുണ്ടത്രെ..



6.സൂക്ഷിപ്പ്

പുഴ കൊണ്ടു വന്നിട്ട ബോർഡുകൾ നോക്കി
കടൽ തലതല്ലിച്ചിരിച്ചു

പട്ടിയുണ്ട് സൂക്ഷിക്കുക
അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹം
പരസ്യം പതിക്കരുത്
ഇത് പൊതുവഴിയല്ല..
അന്യർക്ക് പ്രവേശനമില്ല
അനുവാദം കൂടാതെ അകത്തു കടക്കരുത്

7.ക്യാമ്പ്

ദുരിതാശ്വാസ ക്യാമ്പിന് സ്ഥലം തിരഞ്ഞു നടക്കുകയായിരുന്നു

മണിച്ചിത്രതാഴിട്ട് പൂട്ടിയിട്ടുണ്ട് ഇന്റർനാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ

ഇരട്ടത്താഴിട്ട് പൂട്ടിയിട്ടുണ്ട് സിബിഎസ് സി സ്കൂൾ

പൂട്ടാത്ത ഗെയിറ്റും മുറികളും കൊണ്ട് മാടി വിളിച്ചു മനുഷ്യ വിലാസം എൽ പി സ്കൂൾ

8 ബന്ധങ്ങൾ

വെള്ളത്തിൽ നിന്ന് അയാളെ വാരിയെടുത്ത യുവാവിനെ അയാൾക്കറിയില്ലായിരുന്നു.. ക്യാമ്പിൽ പുതപ്പുമായെത്തിയ പെൺകുട്ടി അയാളുടെ ആരുമല്ലായിരുന്നു. മൂന്ന് നേരം ഭക്ഷണവും വെള്ളവുമെത്തിച്ച ആളുകളെയൊന്നും അയാൾക്കറിയില്ലായിരുന്നു.. ചുറ്റും വെള്ളത്തിന്റെ ഇരമ്പൽ കേട്ടിരിക്കുമ്പോൾ കാണുന്ന ഓരോരുത്തരും തന്റെ കൂടെപ്പിറപ്പുകളാണെന്ന് ഉള്ള് അയാളോട് പറഞ്ഞു കൊണ്ടേയിരുന്നു

9 ലാഭം

ഓണം ഓഫർ
ഒരു പട്ടുസാരി വാങ്ങുമ്പോൾ
ഒരു റിവർഫ്രണ്ടേജ് വില്ല സൗജന്യം

10.അവതാരം

പ്രളയത്തിൽ കുറെ അവതാരങ്ങളും വിഗ്രഹങ്ങളും ഒലിച്ചുപോയി.. പ്രളയം കഴിഞ്ഞപ്പോഴോ പുതിയ പുതിയ അവതാരങ്ങളും വിഗ്രഹങ്ങളും ലക്ഷ്യങ്ങളും

11 വഴി

വെള്ളമിറങ്ങിയപ്പോൾ
മടങ്ങിപ്പോകാൻ വഴിയറിയാതെ
കരയുടെ ഭാഷയറിയാത്ത
കുറെ മീനുകൾ
മാർബിൾ തറകളിൽ
ശ്വാസം പിടിച്ച് കിടന്നു


12 ലിപി

എല്ലാരും വീട് ഇട്ടെറിഞ്ഞ് പോയപ്പോൾ വീട്ടിലെ പൂച്ചയും കൂട്ടിലെ തത്തയും ഒറ്റക്കായി

കൂട്ടിലിരുന്ന് താഴെക്ക് നോക്കുമ്പോൾ
ആൾപ്പൊക്കം വെള്ളവും പൂച്ചയും ഒപ്പം
പൊങ്ങി വരുന്നു..

മരണഭയം കൊണ്ട പൂച്ച എങ്ങിനെയോ കൂടിൽ പിടിച്ചു കയറി.. അന്നോളം ആരും ഉപയോഗിക്കാത്ത ലിപിയിൽ തത്തയും പൂച്ചയും സംസാരിച്ചു..
കാണാതെ പഠിച്ച ഭാഷകൾ മറന്ന് അവർ
പുതിയൊരു ഭാഷയുണ്ടാക്കിയപ്പോൾ വെള്ളം താണു തുടങ്ങി


13 ഒരുമ

ദുരിതാശ്വാസ ക്യാമ്പായി മാറിയിരുന്നു ഒഴിഞ്ഞ വീട്ടിലെ പൂജാമുറി..
ഒരെലി
ഒരു പൂച്ച
ഒരു കീരി
ഒരു പാമ്പ്
ഒരു കോഴി
ഒരു കുറുക്കൻ

14.പോര്

വെള്ളത്തിലായിപ്പോയ അവരെ രക്ഷിക്കാൻ ഒരു കയർ ഇട്ടു കൊടുത്താൽ മതിയായിരുന്നു..

പക്ഷെ എന്റെ കയ്യിലുള്ളത് ഒരു നൂലുണ്ടയായിരുന്നു... അപ്പുറത്തെ വീട്ടുകാരൻ കയർ നീട്ടി വിളിക്കുന്നുണ്ട്.. പക്ഷെ വാങ്ങിയാൽ എനിക്കതൊരു കുറച്ചിലാവില്ലേ… പിന്നെ അവൻ അതും പറഞ്ഞ് മേനി നടിക്കും... വേണ്ട

ഞാൻ തട്ടുമ്പുറത്തിട്ട ചകിരിപ്പൊളി തല്ലി
കയറു പിരിക്കാൻ ഓടി..

15 സന്ദേഹം

വെള്ളത്തിൽ മുങ്ങിപ്പൊങ്ങുകയാണ് സുഹൃത്ത്..
രക്ഷിക്കണമെന്നുണ്ട്..

പക്ഷെ അവൻ പറയാതെങ്ങിനെ..?


16.സമം

പ്രളയം വന്നപ്പോൾ എല്ലാവർക്കും ആധാരവും ആധാറും നഷ്ടപ്പെട്ടു.
വഴിയാധാരം..

17 തമ്മിൽ ഭേദം

മുങ്ങിത്താഴാൻ നിൽക്കുമ്പോൾ പല കൊടികൾ എനിക്കു നേരെ നിണ്ടുവന്നു

ഇതിൽ പിടിക്കൂ
അതിൽ പിടിക്കരുത്

അവർ തമ്മിൽ അടി..

ഗതികെട്ട് ഞാൻ പറഞ്ഞു

ഒരു കൊടിയും വേണ്ട ഞാൻ മുങ്ങിച്ചത്തോളാം..

18 പ്രതീക്ഷ

പ്രളയത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുകയാണ്

കുട്ടി വീട്ടിലേക്ക് ഓടിക്കയറി

അമ്മേ... ഒന്നും പോയിട്ടില്ല.. ഇത്തിരി നനഞ്ഞിട്ടേയുള്ളൂ...

നിറം കലങ്ങിയ കളർ ബോക്സും സ്കൂൾ ബാഗുമെടുത്ത് അവൻ ഓടി വന്നു

നോക്കമ്മേ ഞാൻ വരച്ച പൂക്കൾക്കൊക്കെ ഒന്നു നിറം മാറിയിട്ടേ യുള്ളൂ.. നമുക്ക് എല്ലാം ശരിയാക്കാം…

കിട്ടിയ ഇത്തിരി സ്ഥലത്ത് എല്ലാമെടുത്ത് അവൻ ഉണക്കാൻ വയ്ക്കുമ്പോൾ എല്ലാം മറന്ന്  കണ്ണിലെ നനവ് അവൻ കാണാതെ തുടച്ച് അമ്മയും പറഞ്ഞു
അതേ... നമുക്കൊന്നും പറ്റിയിട്ടില്ല... എല്ലാം ഒന്നു നനഞ്ഞിട്ടേ യുള്ളൂ... ഒക്കെ നമുക്ക് ശരിയാക്കാം…


19 നടുക്കടലിൽ

ഗ്രാമത്തിലെ എൽ പി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ്. കൊണ്ടുവന്നത് തികഞ്ഞില്ലെന്നും ആരോ കടത്തിയെന്നുമൊക്കെപ്പറഞ്ഞ് ക്യാമ്പിൽ വലിയ ബഹളം അടിപിടി.. ചാനൽപ്പട

മതിലിനു പുറത്ത് എച്ചിൽ ഇലകളിൽ ഉണ്ടു കൊണ്ടിരുന്ന തെരുവുനായ്ക്കൾ പരസ്പരം പറഞ്ഞു
ഈ മനുഷ്യർ എന്നും ഇങ്ങനെയാ.. നടുക്കടലിൽ ചെന്നാലും കലഹിച്ചേ കഴിക്കൂ

20 വാർത്ത

വാതിലടച്ച് വാർത്ത കാണുകയായിരുന്നു. എവിടെയൊക്കെയോ വെള്ളം കയറിയ വീടുകളും മറിഞ്ഞു വീഴുന്ന മരങ്ങളും നീന്തുന്ന കാറുകളും എല്ലാം കണ്ട്
മൂക്കത്ത് വിരൽ വച്ചിരിക്കുമ്പോളാണ്
കാലിൽ ഒരു നനവ് തട്ടി അയാൾ പൊള്ളിയെഴുന്നേറ്റ് ഓടിയത്

21 മലയാളി

ചേട്ടാ
നമ്മുടെ വീട്ടിൽ വെള്ളം കയറി..

എടീ അപ്പുറത്തെ വീട്ടിൽ വിളിച്ചു ചോദിക്ക്

വിളിച്ചു ചേട്ടാ... അവിടെയും കയറിയിട്ടുണ്ട്..

എന്നാ കുഴപ്പമില്ല

22 വാദം

ജലദുരന്തത്തിന്റെ കാരണം പശ്ചിമഘട്ടത്തിലെ അധിനിവേശ പ്രശ്നങ്ങളാ
ണ്..
പരിസ്ഥിതിവാദി

ഓ.. അതാണല്ലേ കാരണം... അപ്പോൾ പശ്ചിമഘട്ടത്തെ മുഴുവനായി പൊട്ടിച്ചു തീർത്താൽ പ്രശ്നം തീരില്ലേ???
വികസനവാദി..

23 ഗതി
പുഴഗതി മാറിയതാണെന്ന് മനുഷ്യൻ
തന്റെ ഗതികേടുകൊണ്ടാണെന്ന് പുഴ
മലയിൽ ഉരുൾപൊട്ടിയതാണ് പ്രശ്നമെന്ന് മനുഷ്യൻ
ഗതികെട്ടാൽ പുലി പുല്ലും തിന്നണമെന്ന് മല

24 കാഴ്ച

മതിലിനും ഗേറ്റിനുമപ്പുറം ലോകമില്ലാതെ
തന്റെ നാലു ചുവരിലും ഫെയ്സ് ബുക്കിലും വാട്സാപ്പിലും ചാറ്റിങ്ങിലും  മുനിഞ്ഞിരുന്ന പലരും എയർ ലിഫ്റ്റിങ്ങിലും തോണി കളിലുമാണ് രാജ്യത്തെക്കണ്ടത്


25 നിരീക്ഷണം

പ്രളയ ദുരിതം കണക്കെടുക്കാൻ വന്ന നിരീക്ഷകൻ  ഹെലിക്കോപ്റ്ററിന്റെ കിളിവാതിലിലൂടെ താഴെ ക്കണ്ടു

വീടുകളെ വളഞ്ഞ് പുഴ
മരങ്ങളെ പുതപ്പിച്ച് വെള്ളം
എവിടെ നോക്കിയാലും തലങ്ങും വിലങ്ങു മോടുന്ന തോണികൾ…

അയാൾ ട്വിറ്ററിൽ കുറിച്ചു
വൗ.. ഫന്റാസ്റ്റിക്.. വ്യൂസ്. ഗോഡ്സ് ഓൺ കൺട്രി

26. ഡയറി

വിശ്വസിച്ച
ധന ആകർഷണഭൈരവ യന്ത്രം ഫലിച്ചില്ല
ഉറക്കും നൂലും വെറുതെയായി
അത്ഭുത സിദ്ധ മോതിരം വെള്ളത്തിൽപ്പോയി
ശാന്തി ധ്യാനവും കൂട്ടപ്രാർത്ഥനയും  ഒറ്റപ്പെട്ടു കിടക്കുകയാണ്
ഡിങ്കനോ മായാവിയോ ബാല വീറോ സഹായത്തിനെത്തിയില്ല…
അതുവരെ ഒട്ടും വിശ്വാസമില്ലാതിരുന്ന അപരിചിതരായ മനുഷ്യർ മാത്രമാണ്
തന്നെ രക്ഷിക്കാനെത്തിയതെന്ന്
ഡയറിയിലെങ്കിലും എഴുതാതെ ഉറക്കം വരുന്നില്ല..

27. ഒഴുക്ക്
പുഴക്കലെ കോവിൽ വൃത്തിയാക്കാൻ വന്നത് ഹൈദ്രോസും  തോമായും കൂട്ടരുംകൂട്ടരും
പാറമ്മലെപ്പള്ളി വൃത്തിയാക്കാൻ വന്നത് സദാശിവനും തോമായും സംഘവും
മലമേലെ പുണ്യാളന്റെ മേട കഴുകിയത് ഹൈദ്രോസിന്റെയും സദാശിവന്റെയും സംഘം. നാട്ടിലെ സ്കൂൾ വൃത്തിയാക്കിയത് എല്ലാരും കൂടിച്ചേർന്ന്.
വെള്ളം കൊണ്ട് കഴുകിയാ ഉണങ്ങാത്ത ഏത് പുതപ്പാ ഉള്ളത്?

28. മംഗല്യം

നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിന്റെ തലേ തലേന്നാളാണ്  മഴ കനത്തതും വെള്ളം പൊങ്ങി നാട്ടുകാർ ക്യാമ്പുകളിലേക്ക് പലായനം ചെയ്തതും…
വരനും വധുവും കുടുംബങ്ങളും ക്യാമ്പിലായി… ക്യാമ്പിൽ കതിർ മണ്ഡപമൊരുങ്ങി. വെള്ളം സാക്ഷിയായി അവനവൾക്ക് മിന്നുകെട്ടി.. ക്യാമ്പിലേക്ക് കൊണ്ടുവന്ന സാധനങ്ങൾ കൊണ്ട് എല്ലാവരും ചേർന്ന് സദ്യയുണ്ടാക്കി. അവൾ കരയുകയായിരുന്നതു കണ്ട് ആങ്ങള മുതുകത്ത് തട്ടി..
പ്രളയമോ... പോയി പണി നോക്കാൻ പറ

29 സ്വാതന്ത്ര്യം
ഒരു നിശ്ചയവുമില്ലാതെ പാതിരാത്രിയിലാണ്
ഡാമുകൾ തുറക്കപ്പെട്ട് വെള്ളത്തിന് സ്വാതന്ത്ര്യം കിട്ടിയത്.. ഇന്ത്യയെപ്പോലെത്തന്നെ..

30, തർക്കം

അന്നമ്മ ചേടത്തിയും യശോദ ചേച്ചിയും എന്നും തർക്കമായിരുന്നു. അതിര് കെട്ടിയ വേലിയെപ്പറ്റി.. അതിരിൽ നിൽക്കുന്ന പുളിമരത്തിലെ പുളിയുടെ അവകാശത്തെപ്പറ്റി…
വെള്ളം കയറിയിറങ്ങിപ്പോയി തിരിച്ചെത്തിയപ്പോൾ അതിരുമില്ല
പുളിമരവുമില്ല..

നാട്ടുകാർ ചിലർ ചോദിച്ചു

അതിര് ഒന്ന് കെട്ടണ്ടായോ??

ഓ... അതിനി ഇങ്ങനെ കിടക്കട്ടെ.. അല്ലെങ്കിലും അതിരിലൊക്കെ എന്നാ ഇരിക്കുന്നു…
അന്നമ്മ ചേടത്തിയും യശോദ ചേച്ചിയും ഒരേ മുറത്തിൽ മുരിങ്ങയില ഊരിയിടുന്നതിനിടയിൽ പറഞ്ഞു.

31. നിൽപ്പ്

നിങ്ങള് പോയേപ്പിന്നെ ആകെ പേടിപിടിച്ചു... വെള്ളം കണങ്കാലും മുട്ടും നാഭിയും നെഞ്ചും കവിഞ്ഞു.. തണുത്തൂ വിറച്ചു.. ഇരുട്ടും വെള്ളത്തിന്റെ ഇരമ്പവും മാത്രം... ചട്ടീം കലവുമൊക്കെ ഉള്ളിൽ കിടന്നു പിടഞ്ഞു.. ശ്വാസം കിട്ടാൻ ഞാൻ തല പരമാവധി മുകളിലേക്ക് പൊക്കിപ്പിടിച്ചു.. അങ്ങനെ എത്ര ദിവസം ആ നിൽപ്പെന്നറിഞ്ഞുകൂടാ.. ഒരു പോള കണ്ണടച്ചില്ല... ഇപ്പൊ നിങ്ങളെ കണ്ടപ്പളാ ഒരു സമാധാനമായത്..
വീട്  പറഞ്ഞു നിർത്തി

32. രാശി

വീട്ടിൽ നിന്ന് വിട്ടു നിൽക്കാൻ സാധ്യത, ഗൃഹം വാഹനം എന്നിവ പുതുക്കിപ്പണിയും. നാട്ടുകാരിൽ നിന്നും സഹായവും  സർക്കാരിൽ നിന്നും ആനുകൂല്യങ്ങളും ലഭിക്കും. ജലയാത്രക്കും വ്യോമയാത്രക്കും യോഗം കാണുന്നു.. പിണങ്ങി നിൽക്കുന്നവർ അടുക്കാൻ സാധ്യത.
പ്രളയത്തിന്റെ തൊട്ടു മുന്നത്തെ ഞായറാഴ്ച വാരഫലത്തിൽ വന്നതാ... അച്ചട്ടായിരുന്നു

33. പ്രവചനം

വന പര്‍‌വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല. അങ്ങനെ മഴ ലഭിക്കുമെന്ന ധാരണയൊന്നും മന്ത്രിമാര്‍ക്ക് വേണ്ട. അതുകൊണ്ട് വൈദ്യുതി ഉല്പാദനം വിതരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കൊറച്ചൊക്കെ ജാഗരൂഗരായി ഇരിക്കേണ്ടതുണ്ട്.  

പ്രമുഖ ജ്യോത്സ്യന്റെ   വിഷുഫലപ്രവചനം ഗൗനിച്ചതുകൊണ്ടാണോ പ്രമുഖ ഡാമുകളൊക്കെ കുടുമ വരെ നിറയാൻ കാത്തിരുന്നത്.?

കുട്ടിയുടെ ചോദ്യം കേട്ട് രാജാവ് അഴിഞ്ഞു പോയിരുന്ന മുണ്ട് തപ്പിയെടുത്ത് ഉടുത്തു

34. ആഗ്രഹം

മോന് ഭാവിയിൽ ആരാകാനാ ആഗ്രഹം??
ഡോക്ടർ, എഞ്ചിനീയർ, മന്ത്രി???

ദുരിതാശ്വാസ ക്യാമ്പിൽ ഒരു മൂലക്ക് ഒറ്റക്കിരുന്ന് ഓണപ്പരീക്ഷയെ ധ്യാനിക്കുന്ന കുട്ടിക്കു നേരെ ക്യാമറ തിരിച്ച് റിപ്പോർട്ടർ ചോദിച്ചു

വലുതായാൽ എനിക്കൊരു തോണിക്കാരനായാൽ മതി.. എല്ലാരേം രക്ഷപ്പെടുത്തുന്ന ഒരുശിരൻ തോണിക്കാരൻ

35. മാറ്റം

വെള്ളമിറങ്ങി വീട്ടിൽ ചെന്നപ്പോൾ അയാൾ ആദ്യം ചെയ്തത് വാതിൽ മേൽ ഒട്ടിച്ച

എക്സ് ഈ വീടിന്റെ ഐശ്വര്യം

എന്ന സ്റ്റിക്കർ വലിച്ചു പറിച്ചു കളയുകയായിരുന്നു
എന്നിട്ട് ചുമരിൽ  അയാൾ കരിക്കട്ട കൊണ്ട് വലുതാക്കി എഴുതി

സഹോദരൻ വള്ളവും വള്ളക്കാരും ഈ വീടിന്റെ ഐശ്വര്യം

36. ദൈവം
ഒറ്റപ്പെട്ടു കിടക്കവേ അവർ ഓരോരുത്തരും അവരുടെതായ സ്വകാര്യ ദൈവങ്ങളെ വിളിച്ചു പ്രാർഥിച്ചു കൊണ്ടിരുന്നു..

അപ്പോൾ അവരൊരു വഞ്ചി വരുന്നതു കണ്ടു
തലക്കു മുകളിൽ ഒരു ഹെലിക്കോപ്റ്റർ വന്നു നിൽക്കുന്നതു കണ്ടു
വഞ്ചിക്കാർ ഓരോരുത്തരെയായി കൈ പിടിച്ചു കയറ്റി. ഹെലിക്കോപ്റ്ററിൽ നിന്നും ഇറങ്ങി വന്നയാൾ പലരെയും അതിലേക്ക് കയറ്റി

പുരുഷാരം ആർത്തുവിളിച്ചു

ദൈവം... ദൈവം

37. പ്രണയം

ഒരു ദുരിതാശ്വാസ ക്യാമ്പിൽ വച്ചാണ് അവർ ആദ്യം കണ്ടത്.. നീണ്ടു നിന്ന മഴയോടൊപ്പം പ്രണയത്തിന്റെ കുമിളകൾ പൊട്ടി വിടർന്നു

അവർ സ്വപ്നം കാണാൻ തുടങ്ങി
വീടിനൊരു പേരിടണം  പ്രളയഭവനം
കടിഞ്ഞൂൽ കുട്ടി ആണാണെങ്കിൽ പ്രളയൻ
പെണ്ണാണെങ്കിൽ പ്രളയ

വയസ്സന്തിയാകുമ്പോൾ നമുക്കൊരു ജീവിത കഥ എഴുതണം
പ്രളയകാലത്തെ പ്രണയം

38. ചോദ്യം

പരീക്ഷക്ക് ഒരു ചോദ്യമുണ്ടായിരുന്നു.
നിങ്ങളുടെ പ്രദേശത്ത് പ്രളയത്തെത്തുടർന്നുണ്ടായ കെടുതികളെക്കുറിച്ച് ഒരു ഉപന്യാസം എഴുതുക
കുട്ടികൾ എഴുത്തു തുടങ്ങി... പരീക്ഷ കഴിഞ്ഞുള്ള സമയം കഴിഞ്ഞിട്ടും ഉത്തരപേപ്പറുകൾ കഴിഞ്ഞിട്ടും കുട്ടികൾ എഴുത്തു തന്നെ..

അധ്യാപകർ പിന്നെയും സമയം നൽകി.കടലാസ് നൽകി. കൊടുത്തു കൊടുത്ത് സമയം മൊത്തം കഴിഞ്ഞു...

എഴുത്തു നിർത്തിൻ... എഴുത്തു നിർത്താൻ

ലോകത്തിലിനി സമയമോ കടലാസോ ബാക്കിയില്ലാതെയായി.. സമയം എന്നൊരു സംഗതിയേ കിട്ടാതായപ്പോൾ ലോകമാകെ താളം തെറ്റി.. കുട്ടികൾ അപ്പോഴും മഷി വറ്റാതെ എഴുതിക്കൊണ്ടേയിരുന്നു.. പ്രളയം പ്രളയം പ്രളയം

39.പിറ്റേന്ന്

പ്രളയത്തലേന്ന് അവർ രഹസ്യമായി യോഗം ചേർന്നു.. പ്രധാന നേതാവ് വിഷയം അവതരിപ്പിച്ചു
പ്രളയമാണ് വരുന്നത്...നന്നായി കലങ്ങും
കലക്കു വെള്ളത്തിൽ നന്നായി മീൻ പിടിക്കാം
ആരും ഇറങ്ങുന്നതിന് മുമ്പ് നമുക്ക് പിടിക്കണം
വലയെടുക്കുവിൽ
ചൂണ്ടയെടുക്കുവിൻ..
അനുയായികൾ കലവറയിലേക്ക് പാഞ്ഞു

40 യാത്ര

ശിഷ്യൻ.
ഗുരോ പുര കത്തുമ്പോൾ വാഴവെട്ടണമെന്നല്ലേ..?

ഗുരു.
അതേ... നാടു കത്തുമ്പോൾ വീണ വായിക്കണം

ശിഷ്യൻ:
ഗുരോ അപ്പാൾ പുര മുങ്ങുമ്പോഴോ??

ഗുരു:
അതെപ്പറ്റി ഗവേഷണം നടത്തുന്ന ഒരു സർവ്വകലാശാലയുണ്ട് .. ഒത്തിരി ദൂരെയാണ്.. വിദേശത്താണ്..

ശിഷ്യൻ:
എങ്കിൽ ഞാനിതാ പുറപ്പെട്ടു കഴിഞ്ഞു. ഗുരോ
അനുഗ്രഹിച്ചാലും …

41. ശരി
എന്റെമ്മേടെ ജിമിക്കിക്കമ്മൽ
എന്റെമ്മ ഊരി ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു.
എന്റച്ഛൻ ബ്രാണ്ടി നിർത്തി ആ പൈസയും ദുരിതാശ്വാസ നിധിക്ക് നൽകി
മുത്തശീടെ വാർധക്യകാല പെൻഷനും
എന്റെ ഹുണ്ടിക പൊട്ടിച്ചതും
ദുരിതാശ്വാസ നിധിക്ക് നൽകി
എല്ലാം ശരിയാവട്ടെ..

42.. കൗതുകം
ക്യാമ്പിൽ ഭക്ഷണപ്പൊതിയുടെ മേൽ ഒരു അടയാളമുണ്ടായിരുന്നു

തരുന്നയാൾ ഇളിച്ചു കൊണ്ട് കണ്ണുകൾ കൊണ്ട് പറഞ്ഞു..
നമ്മുടെ ചിഹ്നം മറക്കണ്ട…

വെള്ളക്കുപ്പിയുടെ പുറത്ത് ഒരാളുടെ ചിരിക്കുന്ന ചിത്രം
തരുന്നയാൾ ശ്വാസം കൊണ്ടു പറഞ്ഞു
നമ്മുടെ സ്ഥാനാർഥി മറക്കണ്ട

തുണി കൊടുക്കുന്നയാൾ ഹൃദയം കൊണ്ട് പറയുന്നുണ്ടായിരുന്നു
നിങ്ങളുടെ വിലപ്പെട്ട
ഓരോ വോട്ടും…

ഞാൻ നിൽക്കുന്നത് പ്രളയകാലത്തോ പ്രചരണ കാലത്തോ
ആകെ സംശയമായല്ലോ..

43.സ്കൂപ്പ്

ന്യൂസ് ഡെസ്കിൽ നിന്ന് ദ്രോണർ ചോദിച്ചു..
ഏകലവ്യൻ... എന്താണവിടത്തെ ഇപ്പോഴത്തെ സ്ഥിതി..?

ദ്രോണർ ഇവിടെ കഴുത്തിനൊപ്പം വെള്ളത്തിലാണ് ഞാൻ നിൽക്കുന്നത്…
ഇനി ഇവിടെ നിൽക്കാൻ കഴിയില്ല... വെള്ളം പൊങ്ങിക്കൊണ്ടേയിരിക്കുന്നു…

ഏകലവ്യൻ മൂക്കറ്റം വരെ പിടിച്ചു നിൽക്കൂ... ആർക്കും കിട്ടാത്ത ദൃശ്യങ്ങൾ നമുക്ക് കിട്ടണം... ഏകലവ്യൻ.. ഏകലവ്യൻ ….

ക്ഷമിക്കണം ഏകലവ്യനിലേക്ക് നമുക്ക് അല്പസമയത്തിനകം മടങ്ങിയെത്താം.. ഇപ്പോൾ ശകുനി നമ്മളോടൊപ്പം ചേരുന്നു…

ഹലോ... ശകുനി... കേൾക്കാമോ…??

44. പൂക്കട

പ്രളയമാണെന്ന് കണ്ടപ്പോൾത്തന്നെ പുഷ്പചക്രങ്ങൾ അനേകം തന്നെ തയ്യാറാക്കി വച്ചു ആ പൂക്കടക്കാരൻ

എന്നാൽ പിറ്റേന്നു മുതൽ ആളുകൾ ചോദിച്ചു വന്നത് മുഴുവൻ പൂച്ചെണ്ടുകളായിരുന്നു…

പുഷ്പചക്രങ്ങൾ എല്ലാം അഴിച്ച് പൂച്ചെണ്ടുകളാക്കി മാറ്റാൻ തുടങ്ങി ആ പൂക്കടക്കാരൻ

45. പാഠം ഒന്ന്

ഭൂമിയിൽ   മനുഷ്യനൊഴിച്ച്   എല്ലാ ജീവികൾക്കും ജന്മനാ തന്നെ
നീന്താനറിയാം.. ഉറുമ്പിനും ആനയ്ക്കും വരെ.
.. പരിണാമത്തിന്റെ ഏത് മരുഭൂമിയിൽ വച്ചാണ് മനുഷ്യനത് നഷ്ടപ്പെട്ടത്.. തിരഞ്ഞു നോക്കണം ഈ പെരുവെള്ളത്തിൽ.

46. ഉത്തരവ്

ഛെ.. ഈ പ്രളയത്തിനിടക്കാണോ നിങ്ങൾ കഥയെഴുതുന്നത്… എ ചോദിച്ചു
ഈ ദുരിതത്തിന് നടുവിലിരുന്ന് നിങ്ങൾക്കെങ്ങനെ കവിതയെഴുതാനായി..? ബി. ചോദിച്ചു
എയോടും ബിയോടുമായി സി ചോദിച്ചു
അപ്പോ നിങ്ങളീ പരസ്പരം തർക്കിക്കുന്നതോ.. ഇങ്ങനെ തമ്മിൽ ചളി വാരിയെറിയുന്നതോ??

എ യും ബിയും ഉത്തരം മുട്ടി നിന്നു.പിന്നെ വിക്കി വിക്കിപ്പറഞ്ഞു..

അതേയ്.. അതേയ്.. അതിപ്പോ ..ഞങ്ങളീ നവകേരളം സൃഷ്ടിക്കാൻ വേണ്ടി... അതുപോലാണോ കഥയും കവിതയുമൊക്കെ..??
47.ദുരന്തം

ഭർത്താവിന്റെ ബുള്ളറ്റിലാണ് സുഗന്ധി ടീച്ചർ ആഗസ്റ്റ് 15 ന് സ്കൂളിലെത്തുന്നത്. അവധി ദിവസങ്ങളിൽ മാത്രം പുറത്തെടുക്കാറുള്ള പച്ച ചുരിദാറും മാച്ചിങ്ങ് ഓർണമെന്റ്സും സർവ്വോപരി കഴിഞ്ഞ ദിവസം പാർലറിൽ പോയതിന്റെ തിള തിളപ്പും..

സ്റ്റാഫ് മുറിയിൽ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിക്ക് നൽകാനുള്ള തീരുമാനമെടുപ്പാണ്..

സുഗന്ധി ടീച്ചറേ... ടീച്ചർക്ക് 1756 ആണ് വരുന്നത്.. എഴുതുകയല്ലേ???

സ്റ്റാഫ് സെക്രട്ടറി തലയുയർത്തി

ആയിരം രൂപ എഴുതിയാ മതി..

ഇത്രേം വല്യ പ്രശ്നല്ലേ ടീച്ചറേ... എല്ലാരും രണ്ടു ദിവസത്തെ എഴുതിട്ടുണ്ട്

കഴിഞ്ഞ ആഴ്ച വാങ്ങിയ ആറു പവൻ മാലയുടെ പതക്കം മാറിലേക്ക് ഒന്നുകൂടി പിടിച്ചിട്ട് സുഗന്ധിട്ടീച്ചർ കട്ടായം പറഞ്ഞു..

അതേയ്... എന്റെ ആയിരം എഴുതിയാ മതിന്ന് പറഞ്ഞില്ലേ... പ്രളയത്തെക്കാൾ വലിയ ദുരിതമാണ് എന്റെ വീട്ടിൽ..

കസേരയിൽ നിന്നും എഴുന്നേറ്റ് ഒരു കൊടുങ്കാറ്റ് പോലെ സുഗന്ധി ടീച്ചർ സ്റ്റാഫ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി..

സ്റ്റാഫ് റൂമിൽ ഒരു മൗനം കുറെ നേരം പരുങ്ങി നിന്ന് ആരുമറിയാതെ ഊർന്നിറങ്ങി.


48.
ജീൻസും ടോപ്പുമിട്ട് കയ്യിൽ മൊബൈൽ ഫോണും അതിൽ നിന്ന് കാതിലേക്ക് ഇയർ ഫോണും തിരുകിയാണ് അവർ രക്ഷാപ്രവർത്തകരെ കാത്തിരുന്നത്

ഹിയർ ഹെവി ഫ്ലഡ് ബ്രോ
ഐ ആം വെയിറ്റിങ്ങ്
റസ്ക്യൂ ടീം

അകലെയുള്ള സുഹൃത്തിന് ഒരു സന്ദേശമയച്ചു.. അപ്പോളാണ് വീടിനു മുമ്പിൽ ഒരു തോണി വന്നു നിന്നത്.. രക്ഷാപ്രവർത്തകരാണ്.. ഷർടിടാതെ മുഷിഞ്ഞ വേഷവുമായി വന്ന അവരെക്കണ്ട് അവൾ മൊബൈലിൽ ഫോട്ടോയെടുത്ത് അടിക്കുറിപ്പ് എഴുതി…

കൺട്രി ഫിഷർമെൻ ബ്രോ.. ആൾ ആർ അഗ്ലി ഏൻഡ് ഹാഫ് നേക്കഡ്... ഫീലിങ്ങ് അഷേമ്ഡ്

വല്ല വിവിധത്തിലും അവൾ തോണിയിൽ കയറി. അറപ്പോടെ അവൾ തോണിപ്പടിയിലിരുന്നു. പെട്ടെന്ന് എന്തി ലോ ഇടിച്ചതോണി മറിഞ്ഞ് അവൾ വെള്ളത്തിലേക്ക് വീണ് മുങ്ങിപ്പൊങ്ങി

അങ്കിൾ പ്ലീസ് സേവ് മി…

അപ്പോൾ അതേ കറുത്ത കൈകൾ അവളെ നീന്തിയെടുത്തു. ആ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ മാലാഖയെക്കണ്ടു.


49.ഓണം

ഇക്കുറി മാവേലി എങ്ങനെയാ നമ്മുടെ വീട്ടിലേക്ക് വര്വാ.. നെറെ വെള്ളക്കെട്ടും ചളിയുമല്ലേ…?
കുഞ്ഞുമോൾ മുത്തശിയോട് ചോദിച്ചു

അപ്പോഴാണ് കയ്യിൽ ഓണത്തിനുള്ള അരിയും കുഞ്ഞുടുപ്പുമൊക്കെയായി അപരിചിതനായ ഒരാൾ മുറ്റത്തേക്കെത്തിയത്..

ഹായ്... മാവേലി... മുത്തശീ ദേ... മാവേലി..

അയാൾ കുഞ്ഞുമോളെ നോക്കിച്ചിരിച്ചു. കുഞ്ഞുമോളും.. അപ്പോളത്തെ ആകാശത്തിന് വലിയ ഒരു പൂക്കളത്തിന്റെ ഭംഗിയുണ്ടായിരുന്നു

50. വാലുകൾ

ദുരിതാശ്വാസ ക്യാമ്പിൽ നിന്നും രാത്രിയുടെ മറവിൽ സാധനങ്ങൾ
കടത്തുകയായിരുന്നു ഒരു സംഘം. പുറത്ത് ആഹാരത്തിന്റെ എച്ചിൽ
കാത്തിരിക്കുകയായിരുന്ന തെരുവുനായ്ക്കൾ അവരെ നോക്കി അർഥഗർഭമായി കുരച്ചു.
ഒരു നായ മറ്റൊരു നായയോടു പറഞ്ഞു.
എത്ര കൊല്ലം കുഴലിലിട്ടാലും മനുഷ്യരുടെ വാലുകൾ നിവരില്ലെത്രെ.

51. ചിറ
എന്താടോ താൻ ചിറ നിറയെ വെള്ളം കെട്ടി നിർത്തി രാത്രി ആരോടും പറയാതെ തുറന്നു വിട്ടെന്നും പറഞ്ഞ് കുടിയാന്മാർ ഇവിടെ വന്ന് പരാതി പറഞ്ഞല്ലോ..

ജന്മി കാര്യസ്ഥനോട് ചോദിച്ചു

അതിപ്പോ... വരും കൊല്ലത്തെ കൃഷിക്ക് വേണ്ടി വെള്ളം കെട്ടി നിർത്തിയതാ പ്രഭോ... ചിറ പൊട്ടും എന്നായപ്പോളാ തുറന്നു വിട്ടത്.

ഓഹോ... ഭേഷായി.. അവറ്റകളുടെ കൂര പോയതിന് ഖജനാവിൽ വല്ലതും കൊടുക്കാനുണ്ടോ.?

ഖജനാവ് കാലിയാ പ്രഭോ

എന്നാൽ നാട്ടിലെ എല്ലാ കുടിയാൻമാരോടും പിരിവെടുക്കാൻ കരക്കമ്പി കൊടുത്തോ.. നീയിനി അവറ്റകളോട് വല്ലാതെ ഇടയാൻ പോവണ്ട.. പഴയ കാലല്ല.

ശരി പ്രഭോ.

ശിവപ്രസാദ് പാലോട്