2020, മേയ് 1, വെള്ളിയാഴ്‌ച

ഇരുട്ടുകുതിര


                         

                 ഞങ്ങൾ   ദിമാകുച്ചിയിലെത്തുമ്പോൾ  വീടിന്റെ
ഉമ്മറപ്പടിയിൽ തന്നെ ഉണ്ടായിരുന്നു ഖദീജ ഖാത്തൂൻ . ഹോളോ ബ്രിക്സ് കൊണ്ട്
പടുത്ത് തകരഷീറ്റ് കൊണ്ട് മേഞ്ഞ ആ കൂരയുടെ ഒരു ഭാഗം കറുത്തു നിന്ന്
അടുക്കളയാണെന്ന് അടയാളം കാണിച്ചു. ഒരു പ്ളാസ്റ്റിക് ഉറയിൽ നിന്നും
വിരിച്ചിട്ട ചാക്കിലേക്ക് കൊട്ടിയ ധാന്യത്തിലെ പ്രാണികളെ
എടുത്തുമാറ്റുകയാരിുന്നു. ഒരു പ്രാണിയെ എടുത്തുമാറ്റുമ്പോൾ അമ്പതെണ്ണം
വേറെ. ധാന്യത്തേക്കാളേറെ പ്രാണികളുണ്ടായിരുന്ന ആ ചാക്കിൽ നിന്നും
കെട്ടുപഴക്കത്തിന്റെ മണം മുറ്റമാകെ അരിച്ചു നടന്നു.
               ആ പണി ഒരു ധ്യാനം പോലെ ചെയ്തിരുന്നതിനാൽ അവർ
ആൾപ്പെരുമാറ്റം അറിഞ്ഞതേയില്ല.മൂകേഷ് മുരടനക്കിയപ്പോൾ അവർ തലയുയർത്തി.
അപരിചിതരെ കണ്ടപ്പോൾ അവർ  ധൃതിയിൽ എഴുന്നേറ്റ് ഉള്ളിലേക്ക് നീങ്ങി.

പാർബതി.......ബിഷാകാ

  അവർ അയൽക്കൂരകളിലേക്ക് ഉറക്കെ വിളിച്ചു.അത് കേട്ട് ആ കൂരകളിൽ നിന്നും
നരച്ച തുണികൾ വാരിച്ചുറ്റിയ രണ്ടു സ്ത്രീകൾ പുറത്തെത്തി..

രണ്ടാളുകൾ വന്നിരിക്കുന്നു.. ആരാണെന്നറിയില്ല...


മൂകേഷ് നാട്ടുഭാഷയിൽ അവരോട് പത്ര പ്രവർത്തകർ ആണെന്നും അവരെ സഹായിക്കാനാണ്
വന്നതെന്നും പറഞ്ഞപ്പോൾ അവർ ഒന്നു ചിരിക്കാൻ ശ്രമിച്ചു.  മൂകേഷിനെത്തന്നെ
കൂടെക്കൂട്ടിയത് നന്നായി. നാട്ടുഭാഷ അറിയുന്ന ഒരു ഫോട്ടോഗ്രാഫറെക്കാൾ
കൂടുതൽ മൂകേഷ് നല്ലൊരു വാർത്താ സഹായിയാണ്. ഒരു പ്രാദേശിക പത്ര
പ്രവർത്തകന് ഗ്രാമങ്ങളിൽ ഇങ്ങിനെ ചില പരിചയങ്ങൾ ഉണ്ടെങ്കിലേ സ്റ്റോറികൾ
കിട്ടൂ..അസം പത്രികയുടെ ദിമാകുച്ചി ലേഖകൻ ആയി നിയമിതനാകുമ്പോൾ തനിക്കീ
നാടിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു.

ചന്ദാ ഭായ്..
മൂകേഷ് ഹിന്ദിയിൽ എന്നോട് രഹസ്യം പറഞ്ഞു..

താങ്കൾ ചോദിക്കാനുള്ളത് ചോദിച്ചുകൊള്ളൂ..അതിനിടയിൽ അവരറിയാതെ ഞാൻ ഫോട്ടോ
എടുത്തുകൊള്ളാം..

അടുത്ത വീട്ടിൽ നിന്നും വന്ന സ്ത്രീകൾ കാവൽക്കാരെപ്പോലെ ഖദീജാ ഖാത്തുന്റെ
ഇടം വലം നിന്നു. അസം പത്രികയിൽ നിന്നാണെന്നും നിങ്ങളെപ്പറ്റി
വാർത്തകൊടുത്താൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നും അറിയാവുന്ന
നാട്ടുഭാഷയിൽ പറഞ്ഞൊപ്പിച്ചു..


ബാബൂ..നിങ്ങൾ പറയുന്നു നിങ്ങൾ സഹായിക്കുകയാണെന്ന്...ഞങ്ങളും
വിശ്വസിച്ചിരുന്നു ആദ്യമാദ്യം..ഇങ്ങനെ എത്ര പേർ
വന്നിരിക്കുന്നു..വരുന്നവരെല്ലാംസഹായിച്ചിരുന്നെങ്കിൽ ഞാനെന്നോ
ഇന്ത്യാക്കാരിയായി മാറുമായിരുന്നു.

ദീദി കാര്യങ്ങൾ പറഞ്ഞുകൊടുക്കൂ..എപ്പോഴാണ് എങ്ങിനെയാണ് കാര്യങ്ങൾക്ക്
ഒരു മാറ്റമുണ്ടാകുക എന്നറിയില്ലല്ലോ...ചിലപ്പോൾ ഒരു വാർത്ത മതി
നിങ്ങളെല്ലാരും ഇന്ത്യാക്കാരായി മാറാൻ... മൂകേഷ് അവരോട് പറഞ്ഞു.

അവർ പ്രതീക്ഷയോടെ എന്നെ നോക്കിത്തുടങ്ങിയപ്പോൾ അവർ വശപ്പെട്ടു
തുടങ്ങിയെന്ന് മനസ്സിലായി...ഞാനുയർത്തുന്ന ചോദ്യങ്ങളെക്കാൾ അവർ
ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയണമായിരുന്നു. പലതിനും
ഉത്തരമുണ്ടായിരുന്നില്ല. ഉണ്ടെങ്കിലും പറയാൻ സാധിക്കില്ലായിരുന്നു.


ദാ ഞാൻ ഇതേ പോലെ ഇവിടെ ഇരിക്കുകയായിരുന്നു. അടുത്ത ഇടവഴിയിൽ നിന്ന്
പെട്ടന്ന് പോലീസ് ഇരച്ചെത്തി. ഞാൻ പേടിച്ച് ഉള്ളിലേക്ക് മറഞ്ഞു നിന്നു.
പൊലീസ് വീട്ടിൽ വരേണ്ട കാരണം എനിക്ക് മനസ്സിലായില്ല. കള്ളന്മാരെയും
കൊലപാതകികളെയുമാണല്ലോ പൊലീസ് അന്വേഷി്ക്കുക. മക്കളില്ലാതെ ഒറ്റക്ക്
കഴിയുന്ന വിധവ സ്വയം ഒരു കുറ്റമായി മാറിക്കഴിഞ്ഞിട്ടുണ്ടാകുമോ എന്ന്
സംശയിക്കുന്നതിനിടെ ഒാഫീസർ ബോർഡർ പൊലീസ് ആണെന്ന് പരിചയപ്പെടുത്തി,

ഹും പെട്ടെന്ന് വസ്ത്രം മാറി ഞങ്ങളുടെ കൂടെ വരണം...സമ്മതിച്ചില്ലെങ്കിൽ
ഞങ്ങൾക്ക് ബലം പ്രയോഗിക്കേണ്ടി വരും. ...


എന്തിന് എന്തിനാണ് എന്നെ കൊണ്ടു പോകുന്നത്..

പൊലീസുകാർ പരസ്പരം നോക്കിയതല്ലാതെ ഉത്തരമുണ്ടായിരുന്നില്ല. ‌
അതെല്ലാം അവിടെച്ചെന്നു പറയാം..എന്തിനാണ് പേടിക്കുന്നത്..ഞങ്ങൾ പൊലീസാണ്
..കൊള്ളക്കാരല്ല..


നിങ്ങൾ പൊലീസുകാരെക്കാൾ പലപ്പോഴും ഭേദം കൊള്ളക്കാരാണെന്ന്
പറയണമെന്നുണ്ടായിരുന്നു. ഭയം കൊണ്ട് വാക്കുകൾ പുറത്തുവന്നില്ലെങ്കിലും
എന്റെ കണ്ണുകളിൽ നിന്ന് അവർക്കത് വായിച്ചെടുക്കാൻ കഴിഞ്ഞിരിക്കണം.

വസ്ത്രം മാറിക്കൊള്ളാൻ അവർ പറഞ്ഞെങ്കിലും ഞാനുടുത്തിരുന്നത് അന്നു
വീട്ടിലുണ്ടായിരുന്നതിൽ നല്ല വസ്ത്രമായിരുന്നു. ഞാൻ വസ്ത്രം
മാറാതെത്തന്നെ കൂരയുടെ വാതിൽ ചാരി അവരോട് ഒപ്പം നടന്നു. പൊലീസിന്റെ ഒരു
വലയത്തിനുള്ളിൽ ഒരു കുറ്ററവാളിയെപ്പോലെ അവർ എന്നെ നടത്തിക്കൊണ്ടുപോയത്
തൊട്ടുത്ത ഒരു കടയിലേക്കായിരുന്നു. അബൂബക്കർ സിദ്ദീഖിയുടെ ആ
കടയയായിരുന്നു അത്. അവിടെ നിന്നായിരുന്നു ഞങ്ങളെല്ലാം സാധനങ്ങളാ‍
വാങ്ങിയിരുന്നത്. അബൂബക്കറും ഞാനും ഒന്നിച്ചു ചെയ്ത കുറ്റകൃത്യം
എന്താണെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല.

അബൂബക്കർ സിദ്ദീഖിനോടും പൊലീസ് ഒപ്പം വരുവാൻ ആവശ്യപ്പെട്ടു. താൻ ചെയ്ത
കുറ്റം എന്താണെന്നും തനിക്കെതിരെ എന്ത് തെളിവാണുള്ളതെന്നും സിദ്ദീഖി
പൊലീസിനോട് കയർത്തു.

അതുവരെ ഇല്ലാതിരുന്ന ശബ്ദത്തിൽ പൊലീസ് അയാളെ കഴുത്തിന് പിടിച്ച് കടയുടെ
ചുമരിലേക്ക് ചാരി നിർത്തി..

തെമ്മാടി..വാദിക്കുന്നോ...നിനക്കിവിടെ കഴിയാൻ എന്തവകാശമാണുള്ളത്..നിനക്ക്
തെളിവുവേണം അല്ലേ..ദാ തെളിവു പിടിച്ചോ..

പൊലീസുകാരൻ ഒരു വെള്ളപേപ്പർ അബുബക്കറിന് നേരെ നീട്ടി..

ഇത് നീ സമ്മതിച്ച് ഒപ്പിട്ടു തന്നതല്ലേ...

സാബ്. ഒപ്പിട്ടത് ഞാൻ തന്നെയാണ്.. ആ എഴുതിയിരിക്കുന്നത് എന്താണെന്ന്
പോലും എനിക്കറിയില്ല,,.അത് ഇംഗ്ളീഷിലാണ്..പത്തു ദിവസമെങ്കിലും
മുമ്പായിരിക്കണം അതുമായി നിങ്ങളെപ്പോലെയുള്ള വേറൊരു സംഘം ഇവിടെ വന്നത്.
പേടികൊണ്ട് ഞാൻ അവർ പറഞ്ഞിടത്ത് ഒപ്പിട്ടുകൊടുക്കുകയായിരുന്നു...

കടയുടെ പലകകൾ ചേർത്തുവച്ചടച്ച് അബൂബക്കർ സിദ്ദീഖിയേയും പിടിച്ചുവലിച്ച്
പൊലീസ് നടന്നു തുടങ്ങി.പോകുന്ന വഴി പലരും ഞങ്ങളെ നോക്കിയതല്ലാതെ ആരും
ഒന്നും പറഞ്ഞില്ല. എല്ലാരും വല്ലാതെ ഭയന്നിരുന്നു.ആ യാത്ര അവസാനിച്ചത്
ദിമാഗുച്ചിയിലെ പൊലീസ് സ്റ്റേഷനിലാണ്. കുറെ നേരം ഞങ്ങൾ ആ കെട്ടിടത്തിന്
മുറ്റത്ത് നിന്നു. ദാഹിച്ചപ്പോൾ ടാപ്പിനു താഴെ കുനിഞ്ഞിരുന്ന്
ചുവയ്ക്കുന്ന വെള്ളം ധൃതിപ്പെട്ട് ഇറക്കി,
               അവിടത്തെ പ്രധാന അധികാരിയുടെ മുറിയിലേക്ക് ഞങ്ങളെ
തള്ളിക്കൊണ്ട് പോയി.അയാൾ ഒരു കത്ത് ഉറക്കെ വായിച്ചു. ഭാഗ്യവശാൽ ആ കത്ത്
ആസാമീസിൽ ആയിരുന്നു. ഞങ്ങൾ രണ്ടുപേരുടെയും പിതാക്കന്മാർ ബംഗ്ളാദേശിൽ
നിന്നും കുടിയേറിയവരാണെന്ന് സമ്മതിക്കുന്ന തരത്തിലായിരുന്നു ആ കത്ത്.
ഒപ്പിടാൻ മടിച്ചു നിന്ന സിദ്ദീഖിയെ ലാത്തികൊണ്ട് തല്ലുന്നത് കണ്ടപ്പോൾ
എനിക്ക് കരച്ചിൽ വന്നു.

ഖദീജ ഖാത്തൂൻ തുണിയുടെ തുമ്പുകൊണ്ട് കണ്ണുകൾ തുടച്ചു. ആ നിമിഷം
മൂകേഷിന്റെ ക്യമാറ ഫ്ളാഷ് മിന്നി. തുണിത്തുമ്പുകൊണ്ട് കണ്ണീർ തുടക്കുന്ന
ഖദീജ ഖാത്തൂന്റെ പടം ഈ വാർത്തക്ക് ചേരുമെന്ന് എനിക്ക് തോന്നി.ഞങ്ങൾ
പത്രക്കാരാണെന്ന് ബോധ്യപ്പെട്ടപ്പോൾ പാർബതിയും ബിഷാകായും അവരുടെ
കൂരകളിലേക്ക് മടങ്ങി.

                          ഞങ്ങളെ കൊണ്ടുപോയത് ആശുപത്രിയിലേക്കാണ്.
അതെന്തിനാണെന്ന് എനിക്കു മനസ്സിലായില്ല. പേടിയല്ലാതെ മറ്റൊരു അസുഖവും
ഞങ്ങൾക്ക് ഇല്ലായിരുന്നു. പേടിക്കുള്ള മരുന്നാകട്ടെ ഒരാശുപത്രിയിലും ഇല്ല
താനും. അതും കഴിഞ്ഞ് ഇപ്പോൾ എത്ര സമയം കഴിഞ്ഞു പോയി. ഇതുവരെയും അതിനൊരു
മരുന്ന് എനിക്ക് കിട്ടിയിട്ടില്ല. അബൂബക്കറിന് കിട്ടി. അതു കൊണ്ടാണല്ലോ
കുറച്ചു ദിവസങ്ങൾക്ക് ശേഷം അയാൾ കടയിൽ തൂങ്ങിമരിച്ചത്...

എന്ത്...?

അതേ..ബാബൂ..നിങ്ങളുടെ പേരന്താണെന്നാ പറഞ്ഞത്..

ബിനോയ് ചന്ദ...

എനിക്കൊരു മകനുണ്ടാവുകയായിരുന്നെങ്കിൽ നിങ്ങളെപ്പോലെ ഇരിക്കുമായിരുന്നു.
പക്ഷേ ഉണ്ടാകാതിരുന്നത് നന്നായി, വലുതായിക്കഴിഞ്ഞ് അവൻ അവന്റെ രാജ്യം
ഏതാണെന്ന് ചോദിച്ചാൽ ഞാൻ വലഞ്ഞുപോകുമായിരുന്നു..

ആശുപത്രിയിൽ കൊണ്ടുപോയി വെറുതെ പരിശോധിച്ചു..തിരിച്ച് പൊലീസ് വണ്ടിയിൽ
കയറുമ്പോൾ വീട്ടിൽ കൊണ്ടു ചെന്നാക്കും എന്ന് കരുതിയത് വെറുതെയായി. വണ്ടി
ചെന്നു നിന്നത് ഉദർഗുരി പൊലീസ് സ്റ്റേഷനിലായിരുന്നു. അപ്പോൾ തന്നെ
ഞങ്ങളെ ലോക്കപ്പിൽ അടച്ചു. തൊട്ടടുത്ത് അഭിമുഖമായ രണ്ടഴിമുറികൾ. അഴികളിൽ
പിടിച്ച് ഞങ്ങൾ പരസ്പരം നോക്കിനിന്നു. സിദ്ദീഖിയുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ
കണ്ടു. എനിക്ക് കരച്ചിൽ വന്നില്ല, എന്റെ കണ്ണുകൾ എന്നേ
വറ്റിപ്പോയിരുന്നു. പതിനാറാം വയസ്സിൽ അമ്പതുകാരനെ വിവാഹം കഴിക്കുകയും
ഇരുപതാം വയസ്സിൽ വിധവയാവുകയും ചെയ്ത ഞാൻ എന്നോ ജീവിതം കരഞ്ഞു തീർത്തതാണ്.
കണ്ണുകൾ രണ്ടു മരുഭൂമിയുടെ കഷണങ്ങൾ ആണ് ബാബൂ..ഒരു ദിവസം ആ മരൂഭൂമികളുടെ
വാതിലൂകൾ ചേർന്നടയും. അപ്പോൾ എന്നെ എന്തു ചെയ്യുമോ ആവോ..?

                        ഏതാണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞു
കാണും.വിവരമറിഞ്ഞ് ബന്ധുക്കളൊക്കെ ഉദർഗുരി സ്റ്റേഷനിലേക്ക് എത്തുമ്പോൾ
ഞങ്ങളെ വീണ്ടു പൊലീസ് വാനിൽ കയറ്റുകയായിരുന്നു. അവരെ ഒന്നു കാണാനോ
സംസാരിക്കാനോ പോലും സമ്മതിക്കാതെ ഞങ്ങളെ കൊക്രജഹാർ ജയിലിലേക്ക് മാറ്റി.
എനിക്ക് കിട്ടിയത് ഒരൊറ്റമുറിയായിരുന്നു. നൂറ്റാണ്ടുകളുടെ മണമുള്ള ആ
മുറിക്കു പോലും എന്നോട് സഹതാപമുണ്ടായിക്കാണണം. കണ്ണീരിന്റെ മണത്തേക്കാൾ
ഉണങ്ങിപ്പിടിച്ച ചോരയുടെ മണം ആ ചുമരിനുണ്ടായിരുന്നു.
                     പിറ്റേന്ന് അബൂബക്കർ സിദ്ദീഖിയുടെ ഒരു ബന്ധു
ജയിലിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. അയാൾ സിദ്ദീഖിയെ കാണുന്ന കൂട്ടത്തിൽ
എന്നെയും വന്നു കണ്ടു. ഞങ്ങൾ രണ്ടു പേരും ബംഗ്ളാദേശിൽ നിന്ന്
കുടിയേറിയവരാണെന്നും ഇന്ത്യൻ പൗരന്മാർ അല്ലെന്നും കാണിച്ച് ഞങ്ങൾക്ക്
പലതവണ നോട്ടീസ് തന്നിട്ടും കാരണങ്ങൾ ബോധിപ്പിക്കാതിരുന്നതിനെത്തുടർന്നാണ്
ജയിലിലടക്കൽ എന്നയാൾ പറഞ്ഞു..അങ്ങിനെ ഒരു നോട്ടീസ് കിട്ടിയതായി എനിക്ക്
അറിയില്ലായിരുന്നു.പുറത്തുപോയി വന്ന ഒരു ദിവസം വാതിലിൽ കൂർത്ത സാധനം
കൊണ്ടാരോ വരഞ്ഞ പാടുണ്ടായിരുന്നത് നോട്ടീസായിരുന്നു എന്നെനിക്ക്
മനസ്സിലായതുമില്ല. സിദ്ദീഖിക്കായി കേസ് കൊടുക്കുന്നുണ്ടെന്നും എന്നെയും
സഹായിക്കാമെന്നുമൊക്കെ പറഞ്ഞ് അയാൾ മടങ്ങി.


                      എന്നെ അന്വേഷിച്ചുവരാൻ ആരുമുണ്ടായിരുന്നില്ല.
ജയിലിൽ ഒരു വർഷത്തോളം. ഞങ്ങളെപ്പോലെ കുറെ പേർ. എല്ലാവരും ഒരേ കുറ്റക്കാർ.
ഇന്ത്യയിൽ ജനിച്ചു ജീവിച്ചിട്ടും അതിന് തെളിവ് സമ്പാദിച്ചുവക്കാൻ മറന്നു
പോയ കൊടുംപാപം. അബൂബക്കർ സിദ്ദീഖിയുടെ ബന്ധു പിന്നെയും കാണാൻ വന്നു.
എഴുപതിനായിരം രൂപ കെട്ടിവച്ച് ഗുവാഹത്തി ഹൈക്കോടതിയിൽ കേസ്
കൊടുത്തിട്ടുണ്ടെന്ന് പറയാനും ചില കടലാസുകളിൽ ഒപ്പിടുവിക്കാനും.
                                            ജയിലിൽ ഇഷ്ടം പോലെ
പണികളുണ്ടായിരുന്നു. കള്ളനും കൊലപാതകിക്കും എല്ലാം ജോലിക്ക്
കൂലിയുണ്ടായിരുന്നു. പക്ഷേ ജയിൽക്കണക്കിൽ വിദേശികളായിരുന്നതിനാൽ ഞങ്ങൾ
പാപികൾക്ക് കൂലി ഉണ്ടായിരുന്നില്ല..ഹൈക്കോടതിയിലെ കേസ് തള്ളി.
അപ്പോഴേക്കും രണ്ടു ലക്ഷം രൂപ ചിലവായെന്ന് ബന്ധു വന്നു പറഞ്ഞതായി
സീദ്ദീഖി ജയിലിൽ ഭക്ഷണത്തിന് വരി നിൽക്കുന്നതിനിടയിൽ പറഞ്ഞു. ജയിലിൽ
എനിക്ക് ഒരു കൂട്ടുകാരിയെ കിട്ടി. അവൾ കൊലപാതകിയായിരുന്നു.  തന്നെ
മാനഭംഗപ്പെടുത്താൻ വന്ന ഒരാളെ വെട്ടിക്കൊന്ന കേസ്. മാനം പൊയ്ക്കോട്ടെ
എന്നു വിചാരിച്ചാൽ അവൾക്ക് ജയിലിൽ കിടക്കേണ്ടിയിരുന്നില്ല. ബാബൂ ജീവിതം
അങ്ങിനെയല്ലേ..എപ്പോഴും പ്രയാസമുള്ള തീരുമാനങ്ങളേ
എടുപ്പിക്കൂ..കുടുസ്സുമുറിയിൽ ഉറങ്ങാതെ രാത്രി ഇരിക്കുമ്പോൾ മരിക്കാൻ
തോന്നിയിട്ടുണ്ട്. പക്ഷേ ഒപ്പമുള്ളവൾ എത്ര സമാധാനത്തോടെയാണ്
ഉറങ്ങുന്നതെന്നോ..ഇടക്കെപ്പോഴെങ്കിലും അരിച്ചെത്തുന്ന വെളിച്ചത്തിൽ
കണ്ടിട്ടുണ്ട്.  അവളുറങ്ങുന്നത് പുഞ്ചിരിച്ചുകൊണ്ടാണ്.

                      അപ്പോഴേക്കും ആരൊക്കെയോ ഇടപെട്ട് ഞങ്ങളുടെ കേസ്
സുപ്രീം കോടതിയിൽ എത്തിച്ചു. ഇതൊക്കെ സിദ്ദീഖിക്ക് വരുന്ന കത്തുകളിൽ
നിന്നോ കാണാൻ വരുന്ന ബന്ധുക്കളിൽ നിന്നോ അറിയുന്നതാണ്. ഒരു ദിവസം
ഞങ്ങളുടെ നാട്ടുകാരായ ചിലർ വന്നു. ഞങ്ങൾക്ക് ജാമ്യം കിട്ടിയതായി പറഞ്ഞു.
എന്തൊക്കെയോ കുറേ പേപ്പറുകളിൽ ഒപ്പിടുവിച്ച് ഞങ്ങളെ പുറത്തു വിട്ടു.

ദീദീ..ഞാനിനി ഒറ്റക്കായി പോകും ..നിങ്ങൾ പോകുകയല്ലേ...സിന്ദൂര കരയുന്നത്
ആദ്യമായി ഞാൻ കണ്ടു. അവളിപ്പോൾ എന്തു ചെയ്യുകയാണാവോ..ബാബൂ..നിങ്ങൾ ജയിലിൽ
പോയി അവളെക്കാണു..തീർച്ചയായും നിങ്ങൾക്ക് നല്ല വാർത്ത
കിട്ടും..ദിമാഗുച്ചിയിൽ തിരച്ചെത്തിയപ്പോൾ സിദ്ദീഖി പൊട്ടിക്കരഞ്ഞു.
അയാളുടെ കടയെല്ലാം കേസ് നടത്തിപ്പിനുവേണ്ട് ബന്ധു മുഖേന വിറ്റിരുന്നു.
തിരിച്ചു വന്ന് മൂന്നാമത്തേതോ നാലമത്തോതോ ദിവസം സിദ്ദീഖി
എന്നെന്നേക്കുമായി പൗരത്വം നേടി ബാബൂ..അയാളുടെ കേസ് അയാൾ തന്നെ
തീർപ്പാക്കി.പക്ഷേ ബാബൂ..നമുക്ക് ജീവൻ തന്നത് പടച്ചവനാണ്. ജീവൻ
എടുക്കാനും അവനേ അനുവാദമുള്ളൂ..അതു കൊണ്ട് എന്റെ കേസ് ഇപ്പോഴും
തീർപ്പാക്കിയിട്ടില്ല. നിങ്ങളെപ്പോലെ എത്രയാൾ വന്ന് ഇതിനകം വിചാരണ ചെയ്തു
ബാബു..എല്ലാ വാദത്തിലും ഞാൻ തോറ്റുപോകുകയാണ്. പാർബതി.......ബിഷാകായും
ഉണ്ടായിരുന്ന കാരണം എന്റെ വീടിന് കേടുപാടുണ്ടായിരുന്നില്ല..
                                                            ഞങ്ങളുടെ
കേസ് പിന്നെ അന്വേഷിച്ചത് സിബിഐ ആണ്. കൊടുംകുറ്റവാളികളുടെ കേസ്
അങ്ങിനെയാണല്ലോ.. അബൂബക്കർ സിദ്ദീഖിയുടെ  പിതാവിന്റെ പേര് പഴയ ഏതോ ഒരു
വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നതായി അവർ കണ്ടെത്തി. . ഉത്തർ പ്രദേശിലെ
ദിയോറിയയിലെ ചാംപിയ എന്ന ഗ്രാമത്തിലായിരുന്നെത്രേ സിദ്ദീഖിയുടെ പിറവി.
പിതാവിന്റെ പേരിലുള്ള സ്ഥലത്തിന്റെ രേഖകൾ, സിദ്ദീഖിയുടെ സ്കൂൾ രേഖകൾ
എല്ലാം സിബിഐ കണ്ടത്തി.ഹാജരാക്കി. അവസാനം അബൂബക്കർ സിദ്ദീഖി ഇന്ത്യൻ
പൗരനാണെന്ന് കോടതി വിധിച്ച രേഖ അയാൾ മരിച്ച് ഏഴുമാസം തികയുമ്പോൾ
ദിമാഗുച്ചിയിലെത്തി. അന്ന പള്ളിയിലെ ബാങ്കിന് വല്ലാത്ത നനവുണ്ടായിരുന്നു
ബാബൂ.

പിന്നെ ബാബൂ..എനിക്ക് വേണ്ടിയും അവർ അന്വേഷിച്ചെത്രെ..എന്റെ ഭ്ര‍ത്താവ്
ഹസ്മത് അലിയുടെ പൗരത്വം തന്നെ പ്രശ്നത്തിലാണെത്രേ..മരിച്ചുപോയതിനാൽ
മാത്രം വെറുതെ വിടുകയാണെന്നാണ് കഴിഞ്ഞ ദിവസം വന്നുപോയ ഉദ്യോഗസ്ഥൻ
പറഞ്ഞത്.  നിയമം മാറുകയാണെങ്കിൽ ചിലപ്പോൾ കബർസ്ഥാനിൽ നിന്ന് ഹസ്മത്
അലിയെയും പൊലീസ് പിടികൂടി ജയിലിലടക്കും. ആത്മാക്കളുടെ ലോകത്ത്
രാജ്യങ്ങളും പൗരത്വ പട്ടികയും ഉണ്ടോ എന്നറിയില്ല ബാബു..എന്താണെങ്കിലും
ഞാൻ ഇന്ത്യാക്കാരിയാണെന്നതിന് സിബിഐക്ക് ഒരു തെളിവും കിട്ടിയില്ല.
ദിമാഗുച്ചിയിൽ തന്നെ ജനിച്ച് വീടിന് അരക്കിലോമീറ്റർ മാത്രം ദൂരെക്ക്
വിവാഹം കഴിച്ചയക്കപ്പെട്ട ഞാൻ ഇന്ത്യാക്കാരിയാണെന്നതിന് ഒരു
തെളിവുമില്ല..എനിക്ക് പത്തുവയസ്സ് പ്രായമുള്ളപ്പോൾ മരിച്ച പിതാവും
പതിനാറു വയസ്സുള്ളപ്പോൾ മരിച്ച മാതാവും ഇന്ത്യാക്കാരല്ലാത്തതിനാൽ പിന്നെ
ഞാനെങ്ങനെ ഇവിടത്തുകാരിയാകും ...

ബാബൂ...നാലു ദിവസം കൂടി കഴിഞ്ഞാൽ എന്റെ ജാമ്യക്കാലം കഴിയും . വീണ്ടും
ജയിലിലേക്ക് തന്നെ . ഉദർഗുരിയിലേക്കോ, കൊക്രാ ജഹാറിലേക്കോ അറിയില്ല. ഇനി
ചിലപ്പോൾ പുറത്തുവരുമ്പോഴേക്കും എന്റെ കേസിൽ തീരുമാനമാകും ബാബൂ.
ഹസ്മതിനെപ്പോലെ, സിദ്ദീഖിയെപ്പോലെ. മരിച്ചവർക്ക്  പൗരത്വ പ്രശ്നം
ഉണ്ടാകില്ലല്ലോ ബാബു..പക്ഷേ ബാബൂ എനിക്ക് ജനിക്കാതെ പോയ കുറേ
കുട്ടികളുണ്ട്. ആണും പെണ്ണുമായി...പലയിടങ്ങളിൽ..അവരെയൊക്കെ നിങ്ങൾ എന്തു
ചെയ്യും ബാബു..ഒാ ജനിക്കാതിരുന്നത് കൊണ്ട് അവർക്ക് കേസുണ്ടാവില്ലല്ലോ
അല്ലേ..ജനിക്കുകയേ ചെയ്യാത്തവരെ എങ്ങിനെ ജയിലിലടക്കാനാണ്.. രണ്ടിലും
കെട്ടവർക്കാണ് പ്രശ്നം ബാബു..മരിച്ചു ജീവിക്കുന്നവർ.
 അപ്പോൾ താങ്കൾ പറയണം അവരോട് എന്നെ ഈ മണ്ണിൽ തന്നെ അടക്കാൻ. എന്റെ
കബറിടത്തിൽ താങ്കൾ എഴുതി വക്കണം. ഖദീജ റാത്തൂൻ, ഇന്ത്യ..ഇവിടെ
ജനിച്ചു..പക്ഷേ തെളിവില്ല..തെളിവുതെണ്ടികളിൽ ഒരാൾ.

    അവർ ഉള്ളിലേക്ക് നടന്നു..അകത്തെേതോ ഇരുമ്പുപെട്ടി തുറന്നടയുന്ന
ശബ്ടം. പിന്നെ നിറം മങ്ങിയ ഒരു തൊപ്പിയുമായും മറ്റൊരു പൊതിയുമായി അവർ
തിരികെ വന്നു.

ബാബൂ...എന്റെ കയ്യിലുള്ള തെളിവുകൾ കാണിക്കാം..എന്റെ ഭർത്താവ് ഒരു
കുതിരക്കാരനായിരുന്നു. അദ്ദേഹം ഇട്ടിരുന്ന ജപ്പിയാണിത്.

മുളകൊണ്ട് നിർമ്മിച്ച പൊടിഞ്ഞുപോകാറായ ആ തൊപ്പി അവർ എന്റെ നേരെ
നീട്ടി. ഞാനത് തിരിച്ചും മറിച്ചും നോക്കി. വർഷങ്ങളുടെ മാറാല
ചുറ്റി്ക്കിടന്ന ആ ജപ്പിയിലൂടെ ഞാൻ വെറുതെ വിരലോടിച്ചു..അവർ ശ്രദ്ധാപൂർവം
ആ പൊതി അഴിക്കുകയായിരുന്നു.

             ഇതൊരു കടിഞ്ഞാണാണ്..ഹസ്മത് അലിയുടെ ചെമ്പൻകുതിരയുടെ
കടിഞ്ഞാൺ, കുതിര ആദ്യം ചത്തുപോയി,പിന്നെ കുതിരക്കാരനും. നേരെ നന്നായി
രാത്രിയാകുമ്പോൾ ഞാൻ ഈ ജപ്പി തലയിൽ വച്ച് കടിഞ്ഞാൺ ദാ ഉങ്ങിനെ
ഇരുട്ടിലേക്ക് വീശി എറിയും . അപ്പോൾ ചത്തുപോയ ചെമ്പൻ കുതിര അതിന്റെ
തലപ്പത്ത് വന്ന് കുടുങ്ങും. ഞാനതിന്റെ പുറത്ത് ജീനിയിൽ
ഇരിക്കും..എന്നിട്ട് പിറകിലേക്ക് പിറകിലേക്ക് ഹസ്മത്ത് അലിയെ കടന്ന്
അയാളുടെ ബാപ്പ അബു അലിയെ കടന്ന്, അലിയുടെ ബാപ്പ ജഹാംഗിർ അലിയെയും കടന്ന്
ഖദീജ റാത്തൂനിൽ നിന്ന് ഇബ്രാഹിം റാത്തൂനിലേക്കും കിസ്മതിലേക്കും കടന്ന്
അങ്ങിനെ പിറകിലേക്ക്  അതിലെ പറപ്പിക്കും. തേയിലത്തോട്ടങ്ങൾക്ക് ഇടയിലൂടെ,
ബ്രഹ്മപുത്രക്ക് മുകളിലൂടെ, ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ രാജ്യമായ
കാസിരംഗയിലൂടെ പായും. രാവു മുഴുവൻ. വെളിച്ചം കണ്ടാൽ ചെമ്പൻകുതിര
അപ്രത്യക്ഷമാകും. ഞാൻ താഴെ വീഴും..കടിഞ്ഞാൺ ഒരു ചത്ത പാമ്പായി എന്റെ
അരികിൽ കിടക്കും.

              പേനയിലെ മഷി വറ്റിപ്പോയിരുന്നു. ഞാനത് നീട്ടി
വലിച്ചെറിഞ്ഞു. അപ്പുറത്തെ കൂരയുടെ തകരത്തിൽ പോയി വീണ് അത് അതിന്
പറ്റാവുന്നത്ര ഒച്ചയുണ്ടാക്കി മണ്ണിലേക്ക് വീണുകാണണം.

ജിവിതത്തിലെ വേദനകളെ എങ്ങിനെ നേരിടുന്നു? ഞാൻ അവസാന ചോദ്യത്തിലേക്ക് കടന്നു

വേദനകളെ ഞങ്ങൾ ചിത്രം വരച്ച് നേരിടും..സിന്ദൂര പഠിപ്പിച്ചതാ..അവരുടെ
കണ്ണുകളിൽ കാറ്റത്ത് കെടാത്ത രണ്ടു വിളക്കുകളുണ്ടായി.

അതിനുത്തരം പറയുന്ന പോലെ അവർ വീടിന്റെ തകരഷീറ്റിന്റെ വിടവിൽ തിരുകി വച്ച
കാപ്പിനിറത്തിലുള്ള ഒരു വസ്തു പുറത്തെടുത്തു. അതൊരു ബ്ളേഡ്
കഷണമായിരുന്നു. വാതിൽപ്പടിയിൽ ഇരുന്ന് വലതുകാലിലെ വസ്ത്രം അവർ മുട്ടുവരെ
ഉയർത്തി. മുട്ടുമുതൽ പാദം വരെ ഉണങ്ങിയതും തെളിഞ്ഞതുമായ കുറെ വരകൾ. ഒരു
വൃത്തിയുമില്ലാത്ത കണങ്കാലിലേക്ക് മൂകേഷിന്റെ ക്യാമറ ഒളിഞ്ഞു നോക്കുന്നത്
ഞാൻ കണ്ണുകൊണ്ട് വിലക്കി. കല്ലെടുത്താൽ ഒാടുന്ന തെരുവുപട്ടിയെപ്പോലെ
പുറത്തേക്കിറങ്ങി വന്ന അതിന്റെ സൂമിങ്ങ് ലെൻസ് ഉള്ളിലേക്ക് കയറിപ്പോയി.
അവരുടെ കാലുകളിലേക്ക് നോക്കി മൂകേഷ് അസം നാട്ടുഭാഷയിൽ വായിച്ചു..

ഇന്ത്യ

           ഖദീജ റാത്തൂൻ ചിത്രം വരക്കാൻ തുടങ്ങിയിരുന്നു. ചോര
മടിച്ചുമടിച്ച് മണ്ണിലേക്ക് ഇറ്റാൻ തുടങ്ങയപ്പോൾ ചൂണ്ടുവിരൽകൊണ്ട്
അതിലൊന്ന് തൊട്ട് അവർ നാവിൽ വച്ച് രുചിച്ചു. ജപ്പി തലയിൽ വച്ച്
കടിഞ്ഞാൺ വെളിച്ചത്തിലേക്ക് വലിച്ചെറിഞ്ഞ് ഖദീജ റാത്തുൻ ചിരിക്കാൻ
തുടങ്ങി.



ശിവപ്രസാദ് പാലോട്

കുണ്ടൂർക്കുന്ന് പിഒ8
മണ്ണാർക്കാട് കോളേജ്
പാലക്കാട് 678583
9249857148